ആത്മാവ്, ശരീരം എന്നിവയുടെ സംയുക്തമാണ് മനുഷ്യന്‍. ബുദ്ധി മനുഷ്യന്റെ അനിവാര്യ വിശേഷഗുണവും. ജനിക്കുക, മരിക്കുക, പുനര്‍ജനിക്കുക എന്നതൊക്കെ ശരീരവുമാണ് ബന്ധിക്കുന്നത്. ശരീരം ആത്മാവിന്റെ വാഹനമാണ്. വാഹനം, സഞ്ചാരി എന്നിവയില്‍ കൂടുതല്‍ പ്രാധാന്യവും ശ്രദ്ധയും സഞ്ചാരിയുടെ സുരക്ഷിതത്വത്തിനും ക്ഷേമത്തിനുമെന്ന പ്രകാരം ആത്മാവിന്റെ ക്ഷേമത്തിനും സുരക്ഷിതത്വത്തിനുമാണ് പ്രഥമസ്ഥാനം. ബീജം ഭ്രൂണമായി വളര്‍ന്ന് നാല് മാസ കാലാവധി പിന്നിടുമ്പോഴാണ് ശരീരത്തില്‍ ആത്മാവിനെ പ്രവേശിപ്പിക്കുന്നത്. മനുഷ്യന്റെ ആത്മാവിന് ധര്‍മം, അധര്‍മം എന്നിവയില്‍ ഒന്നിനോട് താല്‍പര്യമുണ്ടാവുന്നു.
ചില ഖുറൈശികളും ജൂതന്മാരും ആത്മാവിനെക്കുറിച്ച് തിരുനബി(സ്വ)യോട് അന്വേഷിച്ചു. സത്യപ്രവാചകനാണ് മുഹമ്മദ് നബി(സ്വ) എങ്കില്‍ ശരിയായ മറുപടി പറയുമെന്ന അവരുടെ വിശ്വാസമായിരുന്നു അവര്‍ക്ക് പ്രചോദനം. അല്ലാഹുവിന്റെ ആജ്ഞയും അറിയിപ്പും അനുസരിച്ച് മാത്രം സംസാരിക്കുന്ന നബി(സ്വ) വഹ്യ് പ്രതീക്ഷിച്ചു. വിശുദ്ധ ഖുര്‍ആന്‍ മറുപടിയായി അവതരിച്ചു: “”അവര്‍ ആത്മാവിനെക്കുറിച്ച് ചോദിക്കുന്നു, ആത്മാവിനെക്കുറിച്ചുള്ള വിശദവിവരം അല്ലാഹുവിന്റെ പ്രത്യേകതയാണെന്നും അല്ലാഹുവിന്റെ വിജ്ഞാനത്തിന്റെ അല്പം മാത്രമേ നിങ്ങള്‍ക്ക് നല്‍കപ്പെട്ടിട്ടുള്ളൂ എന്നും അവരോട് പറയുക”“ (17/85).
ആത്മാവിനെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അല്ലാഹു പൊതുജനങ്ങള്‍ക്ക് പരസ്യപ്പെടുത്താറില്ല എന്ന പരാമര്‍ശം തന്നെയാണ് ജൂതരുടെ വേദഗ്രന്ഥമായ തൗറാത്തിലുമുള്ളത്. അതിനാല്‍ പുണ്യനബി(സ്വ)യുടെ മറുപടി അല്ലാഹുവില്‍ നിന്നാണെന്നും അവിടുന്ന് സത്യപ്രവാചകനാണെന്നും അവര്‍ക്ക് ബോധ്യപ്പെടുകയും ചെയ്തു.
മനുഷ്യാത്മാവിനെ ധര്‍മത്തിന്റെ പാതയില്‍ വഴിനടത്തുക എന്നതാണ് ഓരോ മനുഷ്യന്റെയും പ്രഥമ ബാധ്യത. സൂര്യന്‍, ചന്ദ്രന്‍, പകല്‍, രാത്രി, ആകാശം, ഭൂമി, ഇച്ഛാശക്തിയുള്ള ആത്മാവ് എന്നിവയെക്കൊണ്ട് സത്യം ചെയ്ത് അല്ലാഹു പറയുന്നു: “”ധര്‍മവും അധര്‍മവും മനസ്സിന് അല്ലാഹു വിശദീകരിച്ചു കൊടുത്തിട്ടുണ്ട്. ഇച്ഛ(നഫ്സ്)യെ ശുദ്ധീകരിച്ച് ധര്‍മം അവലംബിച്ചവന്‍ വിജയിച്ചു. ധര്‍മ്മത്തെ അവഗണിച്ച് നഫ്സിനെ തരം താഴ്ത്തിയവന്‍ പരാജയപ്പെടുകയും ചെയ്തു”“ (വി.ഖു. 91/810). അല്ലാഹു വീണ്ടും പറയുന്നു: “”അധര്‍മവും അക്രമവും ചെയ്ത് അല്ലാഹുവിനെ ധിക്കരിക്കുകയും പരലോക വിജയത്തേക്കാള്‍ ഭൗതികനേട്ടങ്ങള്‍ തെരഞ്ഞെടുക്കുകയും ചെയ്തവന് നരകമാണ് അഭയം. അല്ലാഹുവിന്റെ വിചാരണയും വിധിയും ഭയപ്പെട്ട് അധര്‍മത്തില്‍ നിന്നും ദുരാഗ്രഹത്തില്‍ നിന്നും സ്വന്തത്തെ വിലക്കിയവന് സ്വര്‍ഗമാണ് അഭയം”“. (വി.ഖു. 79/3741)
ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ മറ്റാരുമില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും വിശ്വസിക്കുകയാണ് നഫ്സിനെ സംസ്കരിക്കുകയെന്നതിന്റെ തുടക്കം. മുആദ്(റ)വിനെ ഇസ്‌ലാമിക പ്രബോധനത്തിനായി യമനിലേക്കയച്ച തിരുനബി(സ്വ) പ്രബോധന ദൗത്യം വിശദീകരിച്ചു കൊണ്ട് പറഞ്ഞു: “”അല്ലാഹു അല്ലാതെ ആരാധനക്കര്‍ഹന്‍ ഇല്ലെന്നും ഞാന്‍ അല്ലാഹുവിന്റെ പ്രവാചകനാണെന്നുമുള്ള വിശ്വാസത്തിലേക്ക് യമന്‍കാരെ നീ ക്ഷണിക്കുക”“ (ബുഖാരി/1395).
ഏകദൈവവിശ്വാസം അടിസ്ഥാനപരമായി ആറുകാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണല്ലോ. ഏകദൈവവിശ്വാസം എന്താണെന്ന് ജിബ്രീല്‍(അ) നബി(സ്വ)യോട് ചോദിച്ചു. “”അല്ലാഹു, അവന്റെ മലക്കുകള്‍, ഗ്രന്ഥങ്ങള്‍, ദൂതന്‍മാര്‍, അന്ത്യദിനം എന്നിവയെക്കൊണ്ടും നന്‍മയും തിന്‍മയുമായ എല്ലാകാര്യങ്ങളും അല്ലാഹുവില്‍ നിന്നുള്ളതാണെന്നും വിശ്വസിക്കുന്നതാണ് ഏകദൈവവിശ്വാസമെന്ന് തിരുനബി(സ്വ) വിശദീകരിച്ചു”“(മുസ്‌ലിം/അധ്യായം: ഈമാന്‍).
സംസ്കരണത്തിന്റെ രണ്ടാം ഭാഗം കര്‍മ്മങ്ങളുടേതാണ്. യമനിലേക്ക് നിയോഗിക്കപ്പെട്ട മുആദ്(റ)വിനോടുള്ള നിര്‍ദേശത്തില്‍ ഇത് സ്പഷ്ടമാണ്. തിരുനബി(സ) പറഞ്ഞു: “യമന്‍കാര്‍ വിശ്വാസ കാര്യങ്ങള്‍ അംഗീകരിച്ചാല്‍ അല്ലാഹു ദൈനം ദിനം അഞ്ച് നേരം നിസ്കാരം നിര്‍ബന്ധമാക്കിയിട്ടുണ്ടെന്ന് അവരെ അറിയിക്കുക” (ബുഖാരി/1395). കര്‍മങ്ങളില്‍ പ്രധാനമായും അഞ്ച് അടിത്തറയാണുള്ളത്. ഇസ്‌ലാമിലെ അടിസ്ഥാന കര്‍മങ്ങളെക്കുറിച്ച് ചോദിച്ച ജബ്രീല്‍(അ)നോട് തിരുനബി(സ്വ) പറഞ്ഞു: “”ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുര്‍ റസൂലുല്ലാഹ് എന്ന്(ഏകദൈവവിശ്വാസ വചനം) നാവ് കൊണ്ട് വെളിവാക്കി പറയണം, നിസ്കാരം നിലനിര്‍ത്തണം, സക്കാത്ത് കൊടുക്കണം, റമളാനില്‍ നോമ്പ് അനുഷ്ഠിക്കണം, കഴിവുള്ളവര്‍ ഹജ്ജ് ചെയ്യണം”“(മുസ്‌ലിം). വിശ്വാസത്തെയും കര്‍മങ്ങളെയും ജീവസ്സുറ്റതും ചൈതന്യവുമാക്കുക എന്നതാണ് മൂന്നാമത്തേത്. ഇഹ്സാന്‍ എന്നതാണ് പ്രസ്തുത കര്‍ത്തവ്യം.
നഫ്സിനെ സംസ്കരിക്കുന്നതിന്റെയും സ്വന്തത്തോടുള്ള കടപ്പാടുകളുടെയും ആത്മാവാണ് ഇഹ്സാന്‍. വിശ്വാസം, വിചാരം, വികാരം, കര്‍മം, സംസ്കാരം, സ്വഭാവം തുടങ്ങിയവയില്‍ വിവേകം ഉത്ഭവിപ്പിക്കാനും ആത്മാര്‍ത്ഥത സാക്ഷാത്കരിക്കാനും ഹേതുവാണ് ഇഹ്സാന്‍. ജിബ്രീല്‍(അ) ഇഹ്സാനെക്കുറിച്ച് ചോദിച്ചപ്പോള്‍ തിരുനബി(സ്വ) വിശദീകരിച്ചു: “”അല്ലാഹുവിനെ നേരില്‍ കണ്ടുകൊണ്ടെന്ന വിധം (വിശ്വാസം, കര്‍മം, സംസ്കാരം തുടങ്ങി മുഴുവന്‍ കാര്യങ്ങളിലും) നീ അല്ലാഹുവിനെ ആരാധിക്കുക. അല്ലാഹുവിനെ നിനക്ക് കാണാന്‍ കഴിയുന്നില്ലെങ്കില്‍ അല്ലാഹു നിന്നെ കാണുന്നുണ്ടെന്ന ബോധത്തോടെ അവനെ ആരാധിക്കുക”“(മുസ്‌ലിം).
ഇഹ്സാനിന്റെ വിവിധഘട്ടങ്ങളില്‍ വിജയം കൈവരിച്ച നഫ്സിന് ഇഹപര ലോകങ്ങളില്‍ പൂര്‍ണസമാധാനമാണ്. സമാധാനം പ്രാപിച്ചത് (മുത്വമഇന്ന) എന്നാണ് അതിനെ വിശുദ്ധ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്. “സമാധാനം പ്രാപിച്ച ആത്മാവേ, നിന്റെ രക്ഷിതാവിലേക്ക് മടങ്ങുക, നീ അല്ലാഹുവിനെ തൃപ്തിപ്പെട്ടവനാണ്. നിന്നെ അല്ലാഹുവും തൃപ്തിപ്പെട്ടിരിക്കുന്നു. നീ എന്റെ ഇഷ്ട ദാസന്‍മാരുടെ കൂട്ടത്തിലേക്ക് പോവുക. സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ച് കൊള്ളുക” (വി.ഖു) എന്ന് പറഞ്ഞ് നഫ്സിനെ അല്ലാഹു ആശീര്‍വദിക്കുന്നതാണ്.
അല്ലാഹുവിനെയും അവന്റെ റസൂല്‍(സ)യേയും അനുസരിക്കലാണ് ഇഹ്സാനിന്റെ വഴി. ദുര്‍മാര്‍ഗത്തെ പ്രോത്സാഹിപ്പിക്കുന്ന മനസ്സിനെ ഘട്ടംഘട്ടമായി ഇഹ്സാനിന്റെ വഴിയില്‍ പാകപ്പെടുത്തണം. അതിനു ചില മാര്‍ഗങ്ങള്‍ ശീലിക്കാം.
1. പശ്ചാത്തപിക്കുക.
2. ശരീരേച്ഛകള്‍ ത്യജിക്കുക.
3. ആരാധനാ കര്‍മങ്ങള്‍ വര്‍ധിപ്പിക്കുക.
4. ജനങ്ങള്‍ക്ക് ഉപദ്രവം ഉണ്ടാകാതിരിക്കാന്‍ ഏകാന്തവാസം നടത്തുക.
5. അസാന്മാര്‍ഗികതയ്ക്ക് ഹേതുവാകുന്ന കാര്യങ്ങള്‍ ഉപേക്ഷിക്കുക.
6. അവിഹിത സ്വത്ത് കലരാന്‍ സാധ്യതയുള്ള ഭക്ഷണവും സ്വത്തും മറ്റു വസ്തുക്കളും ഉപേക്ഷിക്കുക.
7. ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെടാതിരിക്കുക.
8. ഭൗതിക ആനന്ദങ്ങള്‍ ഉപേക്ഷിക്കുക.
9. നല്ലത് സംസാരിക്കുക അല്ലെങ്കില്‍ മൗനം അവലംബിക്കുക.
10. അല്ലാഹുവിന്റെ കാരുണ്യത്തില്‍ പ്രതീക്ഷയര്‍പ്പിക്കുക.
11 അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് ഭയമുണ്ടായിരിക്കുക.
12. ആയുസ്സിന്റെ അവസാനത്തില്‍ സന്മാര്‍ഗത്തില്‍ നിന്നും വ്യതിചലിച്ച് പിഴച്ച് പോകുമോ എന്ന് ഭയപ്പെടുക.
13. ദുരാഗ്രഹങ്ങള്‍ ഉപേക്ഷിക്കുകയും വിശപ്പ് സഹിക്കുകയും ചെയ്യുക.
14. സ്വന്തം പ്രവര്‍ത്തനങ്ങളുടെയും മനസ്സിന്റെയും ന്യൂനതകള്‍ ആലോചിച്ച് അതിനെ തിരുത്തുക.
15. ഭക്തിയും വിനയവും അവലംബിക്കുക.
16. സൃഷ്ടികളില്‍ ആരേയും ഭയപ്പെടാതിരിക്കുക.
17. ശത്രുവിനെക്കുറിച്ച് പോലും ഇഷ്ടമില്ലാത്തത് പറയാതിരിക്കുക.
18. വസ്ത്രം, പാര്‍പ്പിടം, ഭക്ഷണം തുടങ്ങി ജീവിതാവശ്യവസ്തുക്കളില്‍ കുറഞ്ഞതുകൊണ്ട് തൃപ്തിപ്പെടുക.
19. മുഴുവന്‍ കാര്യങ്ങളിലും അല്ലാഹുവിനെ ഭരമേല്‍പിക്കുക.
20. അനുഗ്രഹങ്ങള്‍ക്കു നന്ദി പ്രകാശിപ്പിക്കുക.
21. വിശ്വാസം അചഞ്ചലമാക്കുക.
22. സഹനശീലനാവുക.
23. തന്റെ മനസ്സും ചിന്തയും പ്രവര്‍ത്തനങ്ങളും അല്ലാഹുവിന്റെ നിരീക്ഷണത്തിലാണെന്ന് ബോധമുണ്ടാവുക.
24. അനുഗ്രഹമായാലും ആപത്തായാലും അല്ലാഹുവിന്റെ പ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ തൃപ്തനായിരിക്കുക.
25. അല്ലാഹുവിനോട് പൂര്‍ണ അടിമത്വം പ്രകടിപ്പിക്കുക.
26. നിഷ്കളങ്കനാവുക.
27. സത്യസന്ധനാവുക.
28. നന്മ ചെയ്യാനും തിന്മ ഉപേക്ഷിക്കാനും പ്രചോദനമാകുന്ന ഉള്‍പ്രേരണ ഉണ്ടാക്കിയെടുക്കുക.
29. സൃഷ്ടികള്‍ക്ക് അടിമപ്പെടാതിരിക്കുക.
30. അല്ലാഹുവിന്റെ ദിക്റ് നില നിര്‍ത്തുക.
31. മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കുകയും അവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക.
32. ആരോടും തര്‍ക്കിക്കാതിരിക്കുക.
33. സല്‍സ്വഭാവിയാവുക.
34. മനഃസംതൃപ്തിയോടു കൂടി ദാനധര്‍മം വര്‍ധിപ്പിക്കുക.
35. മര്യാദക്കാരനാവുക.
36. മുതിര്‍ന്നവരെ സേവിക്കുക.
37. ചെറിയവരോട് കരുണ കാണിക്കുക.
38. അല്ലാഹുവിനെക്കുറിച്ചും അവന്റെ ദാസനെക്കുറിച്ചും അവന്റെ വിശേഷണങ്ങളെക്കുറിച്ചുമുള്ള വിജ്ഞാനം സമ്പാദിക്കുക.
39. ഗുരുനാഥന്‍മാരെ വിമര്‍ശിക്കാതിരിക്കുക.
40. അനുസരണാശീലനാവുക(വിശദീകരണത്തിന് രിസാലത്തുല്‍ ഖുശൈരിയ്യ നോക്കുക).
ഇതെല്ലാം മനസ്സിനെ പാകപ്പെടുത്തുന്നതിന് അനിവാര്യമാണ്. അമൂര്‍ത്ത നഫ്സാകുന്ന ആത്മാവിന്റെ പ്രസ്തുത കടപ്പാടുകള്‍ നിറവേറ്റുമ്പോള്‍ ജഡികമായ നഫ്സാകുന്ന ശരീരത്തിന്റെ കടപ്പാടുകള്‍ അവഗണിക്കപ്പെടരുതെന്നാണ് വിശുദ്ധ ഖുര്‍ആനിന്റെയും തിരുനബി(സ)യുടെയും നിര്‍ദേശം. “”സത്യവിശ്വാസികളേ, വെള്ളിയാഴ്ച ജുമുഅക്ക് വാങ്ക് വിളിച്ചാല്‍ കച്ചവടവും തൊഴിലുകളും മറ്റും നിര്‍ത്തിവെച്ച് ഉടന്‍ ഖുത്വുബ കേള്‍ക്കാനും നിസ്കരിക്കുവാനും പോവുക. നിങ്ങള്‍ ഗ്രഹിക്കുന്നുവെങ്കില്‍ അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിസ്കാരം കഴിഞ്ഞാല്‍ ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് പിരിഞ്ഞ് പോകാവുന്നതും ജീവിതാവശ്യങ്ങള്‍ക്കു വേണ്ടി അധ്വാനിക്കാവുന്നതുമാണ്. ഭൗതികജീവിതത്തിനു വേണ്ടി അധ്വാനിക്കുന്ന സമയത്ത് അല്ലാഹുവിന്റെ നിയമങ്ങള്‍ കണിശമായി അനുസരിച്ചു കൊണ്ട് അവനെ ആരാധിക്കണം. എങ്കില്‍ നിങ്ങള്‍ക്ക് വിജയിക്കാം. ജുമുഅ ഖുതുബക്ക് ഹാജരാവാതെ വ്യാപാര കാര്യങ്ങളിലോ മറ്റ് ഭൗതിക ആനന്ദ പ്രവര്‍ത്തനങ്ങളിലോ ഏര്‍പ്പെടുന്നവരോട് അതിനേക്കാള്‍ ഉത്തമം അല്ലാഹുവിന്റെ പ്രതിഫലമാണെന്ന് പറയുക. ജീവിതാവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നവരില്‍ ഉത്തമന്‍ അല്ലാഹുവാണ്”“ (62/911). ഈ വിശുദ്ധ ഖുര്‍ആന്‍ അധ്യാപനം അടിസ്ഥാന മാനദണ്ഡമായി പരിഗണിക്കാം. ആത്മാവിന്റെ ഉന്നമനത്തിന് അനിവാര്യമായ ആരാധനാ കര്‍മങ്ങള്‍ വീഴ്ചയില്ലാതെ കണിശമായി യഥാസമയത്ത് നിര്‍വഹിക്കുകയും ഇസ്‌ലാമിക നിയമങ്ങള്‍ അനുവര്‍ത്തിച്ച് കൊണ്ട് മാത്രം തനിക്കും കുടുംബത്തിനും അനിവാര്യമായ അളവ് ധനം സമ്പാദിക്കുകയും ചെയ്യുക എന്നാണതിന്റെ സാരം. ആത്മീയ രംഗത്തെ പുരോഗതിക്കൊപ്പം ശരീരത്തിന്റെ അവകാശങ്ങള്‍ സംരക്ഷിക്കാനും മതം പറയുന്നുണ്ട്.
(തുടരും)

ഹദീസ്പാഠം/എഎ ഹകീം സഅദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ