കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന നഗരമാണ് ആലപ്പുഴ. ബ്രിട്ടീഷ് ഭരണകാലത്ത് ‘ആലപ്പി’ എന്നായിരുന്നു പേര്. വാണിജ്യ നഗരമെന്ന നിലക്ക് ആലപ്പുഴയുടെ ഖ്യാതി വിദേശ നാടുകളിലും പരന്നു. പടിഞ്ഞാറ് അറബിക്കടലും കിഴക്ക് വേമ്പനാട്ടുകായലും നഗരത്തിന് അതിരിടുന്നു. കടലും കായലുമായി ബന്ധിപ്പിക്കുന്ന കനാലുകളും തോടുകളും നഗരത്തെ മനോഹരമാക്കുന്നു. മലഞ്ചരക്ക് വിപണനത്തിന്റെ പ്രൗഢകാലത്ത് ഇവ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്നു.
ആലപ്പുഴയുടെ വ്യാപാര പ്രസിദ്ധിക്കും സാംസ്‌കാരിക സമൃദ്ധിക്കും പ്രധാന കാരണം അറബികളായിരുന്നു. അറേബ്യൻ പായ്ക്കപ്പലുകൾ ഇവിടെ വന്നും പോയുമിരുന്നു. പല അറബികളും സ്ഥിരതാമസമാക്കി. തൊഴിലും വിപണിയും തേടി കച്ചിമേമന്മാരും മറ്റു ഗുജറാത്തി മുസ്‌ലിംകളും പഠാണികളും ഇവിടെയെത്തി. ദിവാൻ മുൻകൈയെടുത്ത് ബോംബെയിൽ നിന്നും ഗുജറാത്തി മുസ്‌ലിം കുടുംബങ്ങളെ കൊണ്ടുവന്ന് പാർപ്പിച്ചു. വിപണി വിപുലീകരണം ലക്ഷ്യം വെച്ച് കനാലിന്റെ ഇരുവശത്തും പള്ളികൾ നിർമിക്കാൻ ദിവാൻ മുസ്‌ലിംകൾക്ക് അനുമതി നൽകി. പത്തൊമ്പതാം നൂറ്റാണ്ടിലുടനീളം ആലപ്പുഴ പട്ടണത്തിനുള്ളിലെ പ്രധാന സമുദായം മുസ്‌ലിംകളായിരുന്നു.
വാണിജ്യ ബന്ധങ്ങൾക്കിടയിൽ നടന്ന സാംസ്‌കാരിക ആദാനപ്രദാനങ്ങളാണ് ആലപ്പുഴ നഗരത്തിൽ മുസ്‌ലിം അധിവാസത്തിന് ആക്കം കൂട്ടിയത്. എന്നാൽ ആധുനിക ആലപ്പുഴ രൂപപ്പെടുന്നതിന് മുമ്പേ അവിടെ മുസ്‌ലിംകളുണ്ടായിരുന്നു. മാലിക് ദീനാറിന്റെ അനുയായികളാണ് ആലപ്പുഴയിലും ഇസ്‌ലാം മത പ്രചാരണത്തിനു നേതൃത്വം നൽകിയത്. അവർ പിൽകാലത്ത് പണിത നാൽപ്പതു പള്ളികളിൽ രണ്ടെണ്ണമാണ് ആലപ്പുഴ കിഴക്കേ പള്ളിയും പടിഞ്ഞാറേ പള്ളിയും എന്നനുമാനിക്കപ്പെടുന്നു.
ശാഫിഈ മസ്ജിദ്;
മുസ്‌ലിം സിരാകേന്ദ്രം
നഗരത്തിലും പരിസരങ്ങളിലും ഇസ്‌ലാമിക തുടിപ്പുകൾക്ക് ഊർജ പ്രവാഹമേകിയ പ്രധാന കേന്ദ്രമാണ് പടിഞ്ഞാറേ ശാഫിഈ പള്ളി. തിരുവിതാംകൂർ മഹാരാജാവ് നിശ്ചയിച്ച മുതവല്ലിക്കായിരുന്നു പള്ളിയുടെ മേൽനോട്ട ചുമതല. രാജാവ് മുതവല്ലിക്ക് മജിസ്‌ട്രേറ്റിന്റെ പദവി നൽകിയിരുന്നു. യമനിൽ നിന്നെത്തിയ അബൂയാഫിഈ ആയിരുന്നു ദീർഘകാലം ഇതിന്റെ മുതവല്ലി.
പള്ളിയുടെ പരിസരം ആത്മീയ ഗുരുക്കന്മാരാൽ സമ്പന്നമായിരുന്നു. ആറ് ഏക്കറിലായി പരന്നുകിടക്കുന്ന ഖബർസ്ഥാനിൽ സയ്യിദ് ഹാശിം തങ്ങൾ, സയ്യിദ് മുത്തലിബ് തങ്ങൾ, മണ്ണടി തങ്ങൾ, പോക്കർ മസ്താൻ, പല്ലന ഉസ്താദ് എന്ന പേരിൽ പ്രസിദ്ധനായ അമ്പലപ്പുഴ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാർ എന്നിവരുടെ മഖ്ബറകൾ സ്ഥിതി ചെയ്യുന്നു. പ്രാചീന ശിൽപചാരുതക്ക് മങ്ങലേൽപിക്കാതെ ഈ പള്ളി ഇന്നും സംരക്ഷിച്ചുപോരുന്നു. പുതിയ കോൺഗ്രീറ്റു നിർമിതികൾ പള്ളിക്കു ചുറ്റുമാണ് തീർത്തിരിക്കുന്നത്.
മുഹമ്മദിയ്യ, ഹാശിമിയ്യ മദ്‌റസകൾ
ആലപ്പുഴയിലെ ഇസ്‌ലാമിക സ്പന്ദനങ്ങൾക്ക് വേഗം കൂട്ടിയ രണ്ടു സ്ഥാപനങ്ങളാണ് മദ്‌റസത്തുൽ മുഹമ്മദിയ്യ, മദ്‌റസത്തുൽ ഹാശിമിയ്യ എന്നിവ. പ്രഗത്ഭമതികളായ ഈജിപ്ഷ്യൻ പണ്ഡിതന്മാർ ഇവിടെ അധ്യാപനം നടത്തിയിരുന്നു. ഈജിപ്തിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ പ്രസിദ്ധീകരണങ്ങൾ പോലും മദ്‌റസതുൽ മുഹമ്മദിയ്യയിൽ എത്തിയിരുന്നു. മതപ്രതിബദ്ധത കുറഞ്ഞ മുതവല്ലിമാരുടെ കരങ്ങളിൽ ഞെരിഞ്ഞമർന്ന് പ്രസ്തുത സ്ഥാപനങ്ങൾ നാമാവശേഷമായി. വിദേശ പണ്ഡിതന്മാർ നാടുവിട്ടു. വിലപ്പെട്ട പല ഗ്രന്ഥങ്ങളും ആദർശ വിരോധികൾ വിലയ്‌ക്കെടുത്ത് കടത്തിക്കൊണ്ടുപോയി.
തലശ്ശേരി മാതൃകയിൽ കിഴക്കേ പള്ളി
നഗരത്തിലെ ചരിത്ര പ്രധാനമായ മറ്റൊരു പള്ളിയാണ് കിഴക്കേ ശാഫിഈ പള്ളി. മസ്താൻ പള്ളി എന്നാണിതറിയപ്പെടുന്നത്. നിലവിലെ പള്ളിക്ക് 230 വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. തലശ്ശേരിയിലെ കേയിമാരിൽ പെട്ട ഒരു കുടുംബമാണത്രെ ഇതിന്റെ നിർമാണത്തിന് നേതൃത്വം നൽകിയത്. തലശ്ശേരിയിൽ കേയിമാർ സ്ഥാപിച്ച മാതൃക ഇവിടെയും പിന്തുടരാൻ ശ്രമിച്ചിട്ടുണ്ട്.
പള്ളിക്കു ചാരെ അന്തിയുറങ്ങുന്ന ശൈഖ് അബ്ദുല്ല മസ്താൻ എന്ന പുണ്യപുരുഷനെ അനുസ്മരിച്ചാണ് മസ്താൻ പള്ളി എന്ന പേരുണ്ടായത്. മഹാൻ ജദ്ബ് അവസ്ഥയിൽ പലതും ഉച്ചത്തിൽ പാടി നടക്കുമായിരുന്നു. ഒരിക്കൽ പുറക്കാട് രാജാവ് അദ്ദേഹത്തെ തുറങ്കിലടച്ചു. തടവിലിട്ടപ്പോൾ അദ്ദേഹം രാജാവിനോട് പറഞ്ഞു: ‘പുറക്കാട് കാടും ആലപ്പുഴ ബന്ധറും’. പുറക്കാട് അപ്രസക്തമാവുകയും ആലപ്പുഴ പട്ടണ(ബന്ധർ)മായി വികസിക്കുകയും ചെയ്തത് പിൽകാല ചരിത്രം.
മഹ്ദലി മഖാം പള്ളി
സയ്യിദ് അഹ്‌മദ് മഹ്ദലി തങ്ങളുടെ ആത്മീയ സാന്നിധ്യം കൊണ്ട് ജനശ്രദ്ധയാകർഷിക്കുന്ന പള്ളിയാണ് ആലപ്പുഴ മഖാം പള്ളി. പ്രാദേശിക ഭാഷയിൽ മുഹാം പള്ളി എന്നും വിളിക്കുന്നു. സിവിൽ സ്റ്റേഷൻ വാർഡിലെ വാടക്കനലിനു സമീപമാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഹി. 1225ലാണ് അദ്ദേഹം മരണപ്പെട്ടത്. ആധുനിക ആലപ്പുഴ നഗരം സ്ഥാപിതമാകുന്നതിന് മുമ്പേ അദ്ദേഹത്തിന്റെ സാന്നിധ്യം ആലപ്പുഴയിലുണ്ടായിരുന്നു. കഷ്ടിച്ച് ഇരുന്നൂറു പേർക്ക് നിസ്‌കരിക്കാവുന്ന ഈ പള്ളി പ്രാചീന തനിമയോടെ ഇന്നും നിലനിൽക്കുന്നു. പഴയ വാങ്കുവിളി മാളിക പള്ളിയെ ആകർഷകമാക്കുന്നു.
ശ്രദ്ധേയമായ മറ്റു രണ്ടു പള്ളികളാണ് മുഹ്‌യദ്ദീൻ പള്ളിയും ശൗക്കാർ പള്ളിയും. പഴക്കം കൊണ്ട് നാലാമത്തെ പള്ളിയാണ് മുഹ്‌യദ്ദീൻ സെൻട്രൽ ജുമാ മസ്ജിദ്. 1200 വർഷമാണ് ഇതിനു കണക്കാക്കപ്പെടുന്ന പഴക്കം. കൊല്ല വർഷം 17/4/109ൽ സ്ഥാപിച്ചതാണ് ശൗക്കാർ പള്ളി. പട്ടണത്തിലെ പ്രധാന കനാലിന്റെ കരയിൽ ഈ പള്ളി പണിയാൻ നേതൃത്വം നൽകിയത് ഹാലായീസ് മേമൻ എന്ന ഗുജറാത്തി കുടിയേറ്റ കുടുംബമാണ്. പേരിലും കാഴ്ചയിലും ശൗക്കാർ പള്ളി വേറിട്ടുനിൽക്കുന്നു.
ഹനഫികളുടെ
നൂറാനീ കച്ചിപ്പള്ളി
വാണിജ്യാവശ്യാർഥം ഇവിടെയെത്തിയ ഹാലായ്-കച്ച് മേമന്മാരും സേട്ടുമാരും ആലപ്പുഴയിൽ എണ്ണം പറഞ്ഞ പള്ളികൾ പണിതിട്ടുണ്ട്. നഗര ശിൽപി രാജാ കേശവദാസാണ് അവർക്ക് കനാൽ കരകളിൽ പള്ളികൾ നിർമിക്കാൻ അനുവാദം കൊടുത്തത്. നഗരത്തിൽ മുസ്‌ലിം മുദ്രകളായി ഉയർന്നു നിൽക്കുന്ന അബ്ബാസ് പള്ളി, കറുവത്ത് പള്ളി, പുത്തനങ്ങായി പള്ളി, മക്കിടുഷാ പള്ളി, ശൗക്കാർ പള്ളി മുതലായവ മേമന്മാർ കൈയൊപ്പു ചാർത്തിയതാണ്. ഈ ഗണത്തിലെ ആദ്യ പള്ളിയാണ് നൂറാനിപ്പള്ളി.
നഗരത്തിലെ മൂന്നാമത്തെ പള്ളിയായ ഇതിന് രണ്ടു നൂറ്റാണ്ടോളം പഴക്കമുണ്ട്. നൂറാനി കുടുംബമാണ് സ്ഥാപിച്ചത്. ഹനഫീ കർമസരണി പിന്തുടരുന്ന ഇവർ ഗുജറാത്തിലെ കച്ചിൽ നിന്നാണ് കേരളത്തിലെത്തിയത്. മുസാഫർഖാനയും വാങ്കു വിളിക്കാനുള്ള ഗോപുരവും കുളവും കുളിപ്പുരയുമെല്ലാം ചേർന്ന പള്ളി ഇന്നും നഗരത്തിലെ പ്രധാന സാംസ്‌കാരിക ചിഹ്നമായി നിലകൊള്ളുന്നു.
ഹാലായി-കച്ചി മേമന്മാർ
മേമൻ എന്നത് കുടുംബനാമമാണ്. ഹാലായ്, കച്ച് എന്നിവ സ്ഥലനാമങ്ങളും. ‘മുഅ്മിൻ’ എന്നതിന്റെ മൊഴിവ്യതിയാനമത്രെ മേമൻ. അതിന്റെ പിന്നിലൊരു കഥയുണ്ട്. ശൈഖ് ജീലാനി(റ)യുടെ അഞ്ചാം തലമുറക്കാരനായ സയ്യിദ് പീർ യൂസുഫുദ്ദീൻ അബൂസകരിയ്യ യഹ്‌യ ഹി. 824ൽ പാകിസ്ഥാനിലെ സിന്ധിലെത്തി. അദ്ദേഹത്തിന്റെ പ്രബോധന ഫലമായി അവിടത്തെ ഡപ്യൂട്ടി ഗവർണർ മുറാഖബ്ഖാന്റെ ഉപദേഷ്ടാക്കളും ലഹന വൈശ്യ ബ്രാഹ്‌മണരുമായ ഏതാനും പേരും ഇസ്‌ലാം സ്വീകരിച്ചു. അവർക്കു പിന്നാലെ ധാരാളം കുടുംബങ്ങളും മുസ്‌ലിംകളായി. അവരുടെ വിശ്വാസദൃഢതയിൽ സന്തുഷ്ടനായ പീർ യൂസുഫുദ്ദീൻ അവരെ ‘മുഅ്മിനെ’ന്നു വിളിച്ചു.
അവർ പിന്നീട് പല ദേശങ്ങളിലേക്കും പലായനം ചെയ്തു. സ്ഥലനാമങ്ങൾ ചേർത്ത് സിന്ധി മേമൻ, സൂറത്തി മേമൻ എന്നിങ്ങനെ അവർ വിളിക്കപ്പെട്ടു. കത്യാവാറിലെ ഹാലായിലും ഗുജറാത്തിനും സിന്ധിനുമിടയിൽ കച്ചിലും താമസമാക്കിയവരാണ് ഹാലായ് മേമന്മാരും കച്ചി മേമന്മാരും. എ.ഡി 1815ലാണ് അവർ കേരളത്തിലെത്തിയത്. കച്ചിലെ ഗ്രാമങ്ങളായ നൂറാണി, സിങ്കേരി, കടുവാണി തുടങ്ങിയവയും അവർ മേമന്റെ കൂടെ ചേർത്തിരുന്നു. തൊഴിലടിസ്ഥാനത്തിൽ സൂയി(തയ്യൽക്കാർ), സീലാട്ട്(കൽപണിക്കാർ), കോറായി(നെയ്ത്തുകാർ) എന്നിങ്ങനെയുള്ള കുലപ്പേരുകളുമുണ്ട്.
മേമന്മാരുടെ വ്യാപാരവൈഭവം മനസ്സിലാക്കിയ ദിവാൻ കേശവദാസാണ് അവരെ ബോംബെയിൽ നിന്ന് ആലപ്പുഴയിലെത്തിച്ചത്. വ്യാപാര രംഗത്തെ മേമന്മാരുടെ മികവാണ് അവർക്കു സേട്ടുമാർ എന്ന പേരു നേടിക്കൊടുത്തത്. സംസ്‌കൃതപദമായ ‘ശ്രേഷ്ഠി’യുടെ പരിണിത രൂപമത്രെ സേട്ടു. ആലപ്പുഴയുടെ മത, സാംസ്‌കാരിക മണ്ഡലങ്ങളിൽ മേമന്മാർക്ക് അഗണ്യമായ സ്വാധീനമുണ്ട്. കേരളത്തിൽ മതതിരുത്തൽവാദങ്ങൾക്ക് വളമിട്ടുകൊടുക്കുന്നതിലും ചില സേട്ടുമാർക്ക് ചെറുതല്ലാത്ത പങ്കുണ്ട്. 1886ൽ ആലപ്പുഴയിൽ സ്ഥാപിച്ച അമീറുൽ ഇസ്‌ലാം ലിത്തോ പ്രസ്സും 1891 മുതൽ അറബിമലയാളത്തിൽ പ്രസിദ്ധീകരിച്ച ‘മണിവിളക്ക്’ ദ്വൈവാരികയും സേട്ടുമാരുടെ സൃഷ്ടിയായിരുന്നു. (അവലംബം: കേരളത്തിലെ ഭാഷാന്യൂനപക്ഷങ്ങൾ- മാതൃഭൂമി ബുക്‌സ്, ഇസ്‌ലാമിക വിജ്ഞാന കോശം).
തിരുവിതാംകൂറിൽ നിന്ന് കൂടിയേറിയ ഒരു വിഭാഗമാണ് റാവുത്തർമാർ. തമിഴ്‌നാട്ടിലെ തഞ്ചാവൂരാണ് ഇവരുടെ പൂർവദേശം. വസ്ത്രവ്യാപാരമായിരുന്നു റാവുത്തർമാരുടെ മുഖ്യതൊഴിൽ. ആലപ്പുഴയിലും ഇവർക്ക് ധാരാളം വസ്ത്രവ്യാപാര ശാലകളുണ്ടായിരുന്നു.
ലജ്‌നത്തുൽ മുഹമ്മദിയ്യ
ആലപ്പുഴയുടെ മുസ്‌ലിം ചരിത്രഖണ്ഡത്തിൽ ലജ്‌നത്തിന്റെ പ്രവർത്തനങ്ങൾ പ്രത്യേകം രേഖപ്പെടുത്തേണ്ടതാണ്. കേരളത്തിൽ നബിസ്‌നേഹികളെ അണിനിരത്തി ആദ്യമായി നബിദിന റാലി നടത്തിയത് ഒരുപക്ഷേ, ലജ്‌നത്തുൽ മുഹമ്മദിയ്യയായിരിക്കും. ഇന്ത്യയിലെ പ്രസിദ്ധ പ്രഭാഷകരെല്ലാം ലജ്‌നത്തിന്റെ ക്ഷണം സ്വീകരിച്ച് പ്രഭാഷണത്തിനെത്തിയിട്ടുണ്ട്. തെക്കൻ കേരളത്തിൽ സുൽത്താനുൽ ഉലമ കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ ആദ്യപ്രഭാഷണത്തിന് വേദിയൊരുക്കിയതും ലജ്‌നത്തായിരുന്നു. മൂന്നു പതിറ്റാണ്ടു മുമ്പ് നബിദിനത്തോടനുബന്ധിച്ചുണ്ടായ വെടിവെപ്പ് ലജ്‌നത്തിന്റെ പ്രവർത്തനങ്ങൾക്ക് മങ്ങലേൽപിച്ചു.
വടുതലയുടെ
വൈജ്ഞാനികപ്പൊലിമ
തിരുവിതാംകൂറിലെ പ്രധാന വൈജ്ഞാനിക പ്രസരണ കേന്ദ്രമായിരുന്നു വടുതല. മൂന്നുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട പ്രദേശമാണ് ഇത്. കിഴക്ക് ഭാഗത്തുള്ള കാട്ടുപുറം പള്ളിയും പടിഞ്ഞാറുള്ള കോട്ടൂർ പള്ളിയുമാണ് വടുതലയുടെ ശ്രദ്ധാകേന്ദ്രം. കൈതപ്പുഴ കായൽക്കരയിൽ സ്ഥിതി ചെയ്യുന്ന കാട്ടുപുറം പള്ളിക്ക് മൂന്നു നൂറ്റാണ്ടിലധികം പാരമ്പര്യമുണ്ട്. കൊച്ചിയിൽ നിന്നു കുടിയേറിയ മാനംകുറിച്ചി കുടുംബം ഹി. 1114 (എ.ഡി 1702)ൽ അവിടെ ഒരു തക്യാവ് (തൈക്കാവ്-നിസ്‌കാരപ്പള്ളി) പണിതു. അതായിരുന്നു തുടക്കം. ഹി. 1275ൽ സയ്യിദ് അബൂബക്കർ ശാത്വിരി(റ)യുടെ നിർദേശപ്രകാരം അമ്മുക്കാരി എന്നവർ പള്ളി പുനർനിർമിച്ച് ജുമാമസ്ജിദാക്കി. പ്രസിദ്ധ പണ്ഡിതൻ മാപ്പിള ലബ്ബ സാഹിബായിരുന്നു ഉദ്ഘാടകൻ. പാരമ്പര്യ പ്രൗഢിയിൽ തിളങ്ങി ഇന്നും ഈ പുരാതന പള്ളി നിലകൊള്ളുന്നു.
കണ്ണൂർ സിറ്റിയിൽ മറപെട്ടുകിടക്കുന്ന സയ്യിദ് മൗലൽ ബുഖാരിയാണ് കോട്ടൂർ പള്ളി നിർമിക്കാൻ നേതൃത്വം നൽകിയത്. കണ്ണവേലി എന്ന അമുസ്‌ലിം കുടുംബത്തിലെ കാരണവർക്ക് രോഗമുക്തി ലഭിച്ചതിന് പാരിതോഷികമായി കൊടുത്ത ഭൂമിയിലാണ് മൗല(റ) പള്ളി പണിതത്. കാട്ടുപുറം പള്ളിയെ അപേക്ഷിച്ച് അൽപം ചെറുതാണെങ്കിലും മാതൃക ഒന്നാണ്. രണ്ടു പള്ളികൾക്കും മേൽനോട്ടം വഹിക്കുന്നത് ‘കോട്ടൂർ-കാട്ടുപുറം ജമാഅ’ത്താണ്.
കാട്ടുപുറം പള്ളി ദർസ് ചരിത്ര പ്രസിദ്ധം. രണ്ടാം പൊന്നാനി എന്നറിയപ്പെടുന്ന വടുതലയിൽ പ്രഗത്ഭ പണ്ഡിതന്മാർ ദർസ് നടത്തിയിരുന്നു. മുഹമ്മദുബ്‌നു അഹ്‌മദ് മുസ്‌ലിയാർ പൊന്നാനിയാണ് ആദ്യ മുദരിസ് (ഹി.1275-1304). പ്രസിദ്ധമായ ബദ്ർ മൗലിദിന്റെ രചയിതാവ് വളപ്പിൽ അബ്ദുൽ അസീസ് മുസ്‌ലിയാർ (ഹി. 1304-1321), തെക്കേ കണ്ണന്തറ അമ്മുക്കാരി മുസ്‌ലിയാർ, മുഹമ്മദലി മുസ്‌ലിയാർ പാടൂർ എന്നിവർ വടുതലയിൽ ദർസ് നടത്തിയവരിൽ ചിലരാണ്. ഇവിടെ മുദരിസായിരുന്ന വടുതല മൂസ മുസ്‌ലിയാർ രചിച്ച ബദ്ർ കാവ്യം ഏറെ ശ്രദ്ധേയം.
ശാത്വിരി പ്രഭ
നിരവധി ഹള്‌റമീ സാദാത്തുക്കൾ അധിവസിക്കുന്ന കേന്ദ്രം കൂടിയാണ് വടുതല. ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ സാദാത്ത് മഖാം സ്ഥിതി ചെയ്യുന്നത് കാട്ടുപുറം പള്ളിയുടെ ചാരത്താണ്. പഴയ മാളിയേക്കൽ, പുതിയ മാളിയേക്കൽ, പറമ്പിൽ എന്നീ തറവാട്ടു നാമങ്ങളിൽ ഇവർ അറിയപ്പെടുന്നു. സയ്യിദ് അബൂബക്കർ ശാത്വിരി(റ)യാണ് ഇവിടെ ആദ്യമെത്തിയത്. അദ്ദേഹത്തിന്റെ പിന്മുറക്കാരാണ് ഇന്നും അരൂർ-കാട്ടുപുറം ഖാളിസ്ഥാനം വഹിക്കുന്നത്. സയ്യിദ് അലി ശാത്വിരി, സയ്യിദ് മുഹമ്മദ് പൂക്കോയ തങ്ങൾ, സയ്യിദ് അബ്ദുല്ലാഹി ശാത്വിരി തുടങ്ങിയ ഒട്ടേറെ പ്രഗത്ഭർ വടുതലയെ ആത്മീയ സമ്പന്നമാക്കി.
കെടാവിളക്കുകൾ
കായംകുളം, ചന്തിരൂർ, പാണാവള്ളി, ചേർത്തല, പുളിമൂട്, കുന്നുംപുറം, പഴവങ്ങാട്, ആദികാട്ടുകുളങ്ങര തുടങ്ങി ഒട്ടേറെ പ്രദേശങ്ങൾ ഇസ്‌ലാമിക മുദ്രകൾ പതിഞ്ഞ മണ്ണാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ അനേകം പുണ്യപുരുഷന്മാർ കെടാവിളക്കുകളായി ആത്മീയ വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു.
പുറക്കാട് അറബിതങ്ങൾ, ആദിക്കാട്ടുകുളങ്ങര ശൈഖ് മുഹ്‌യിദ്ദീൻ ഖാദിരി(റ) മഖ്ബറ, കായംകുളം ശഹീദാർ പള്ളി മഖാം, കൊച്ചാഞ്ഞിലമൂട് ഖാദിർ വലിയുല്ലാഹി മഖാം, ചേർത്തലയിലെ ശുഹദാ മഖാം, പൊന്നാംവെളി പുത്തൻകാവ് പള്ളി മഖാം, പുളിമൂട് ജുമാമസ്ജിദ് മഖാം, നീർക്കുന്നം മാവുങ്കൽ മഖാം, പഴയവങ്ങാടി ശുഹദാ മഖാം, കരുവാറ്റ സാദാത്ത് മഖാം എന്നിവ ആലപ്പുഴ ജില്ലയിലെ പ്രധാന തീർഥാടന കേന്ദ്രങ്ങളാണ്.
അലി സഖാഫി പുൽപറ്റ