ദാനധർമത്തിന് വലിയ മഹത്ത്വം കൽപിക്കുന്നുണ്ട് വിശുദ്ധ ഇസ്‌ലാം. വിശ്വാസിയുടെ ഇഹപര വിജയത്തിന് നിദാനമാണ് അതെന്ന് ഉദ്‌ഘോഷിക്കുന്ന മതം അക്കാര്യത്തിൽ വലിയ പ്രോത്സാഹനം തന്നെ നൽകി. ഇസ്‌ലാം പരിചയപ്പെടുത്തുന്ന വിവിധയിനം ധർമങ്ങളിൽ സുപ്രധാനമാണ് വഖ്ഫ്. വസ്തു നിലനിർത്തിക്കൊണ്ട് തന്നെ പ്രയോജനം നേടാവുന്ന ധനം അനുവദനീയമായ മാർഗത്തിൽ മാറ്റി വെക്കുന്നതാണ് വഖ്ഫ്. മരണാനന്തരവും പ്രതിഫലം ലഭിച്ചുകൊണ്ടേയിരിക്കുന്ന കർമമായിട്ടാണ് വഖ്ഫിനെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. തിരുനബി(സ്വ) പറഞ്ഞു: ‘മനുഷ്യന്റെ മരണത്തോടെ മൂന്ന് വഴികളിലൂടെയുള്ളതല്ലാത്ത പ്രവർത്തന ഫലങ്ങളെല്ലാം ഇല്ലാതെയാകും; സ്ഥായിയായ ധർമം, ഉപകാരപ്രദമായ അറിവ്, അവനു വേണ്ടി പ്രാർഥിക്കുന്ന സദ്‌വൃത്തനായ സന്താനം’ (മുസ്‌ലിം). ഹദീസിലെ സ്ഥായിയായ ധർമം എന്നതിന്റെ വിവക്ഷ വഖ്ഫാണെന്ന് പണ്ഡിതലോകം വ്യക്തമാക്കുന്നു.
വഖ്ഫ് ചെയ്യുന്നതിന് മുസ്‌ലിംലോകം വലിയ പ്രാധാന്യം കൽപ്പിച്ചതായി ചരിത്രം സാക്ഷ്യപ്പെടുത്തിയുണ്ട്. സ്വഹാബിമാരിൽ സാമ്പത്തികശേഷിയുള്ള എല്ലാവരും വഖ്ഫ് ചെയ്യുകയുണ്ടായി (തുഹ്ഫ 6: 236). അൻസാറുകളായ എൺപത് പേർ വഖ്ഫ് ചെയ്തിരുന്നതായി ഇമാം ശാഫിഈ(റ) രേഖപ്പെടുത്തുന്നു. ഇസ്‌ലാമിലെ ആദ്യ വഖ്ഫ് ഉമർ(റ)ന്റേതാണ്. ഖൈബർ യുദ്ധത്തിൽ ഗനീമത്തായി ലഭിച്ച വിഹിതമാണ് അദ്ദേഹം വഖ്ഫ് ചെയ്തത്. യുദ്ധാനന്തരം തിരുനബി(സ്വ)യെ സമീപിച്ച് തനിക്ക് ഖൈബറിൽ ഏറെ മൂല്യമുള്ള കുറച്ച് സ്ഥലം കിട്ടിയെന്നും അതെന്ത് ചെയ്യണമെന്നും ഉമർ(റ) ചോദിച്ചു. താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വസ്തു നിലനിർത്തിക്കൊണ്ട് തന്നെ ധർമം ചെയ്യാമല്ലോ എന്നായിരുന്നു നബി(സ്വ)യുടെ മറുപടി. ഉടനെ ഉമർ(റ) ആ സ്ഥലം മുഴുവൻ വഖ്ഫ് ചെയ്തതായി പ്രഖ്യാപിച്ചു. പിന്നീട് പറഞ്ഞു: ഈ ഭൂമി വിൽക്കാനോ ദാനം ചെയ്യാനോ അനന്തരമായി നൽകാനോ പാടില്ല. അതിൽ നിന്ന് ലഭിക്കുന്ന വരുമാനം ദരിദ്രർ, കുടുംബ ബന്ധുക്കൾ, മോചനം ആഗ്രഹിക്കുന്ന അടിമകൾ, യോദ്ധാക്കൾ, യാത്രക്കാർ, അതിഥികൾ എന്നിവർക്ക് നൽകണം (ബുഖാരി, മുസ്‌ലിം).
ഇസ്‌ലാമിലെ ആദ്യ വഖ്ഫിനെ സംബന്ധിച്ച പ്രസ്തുത ഹദീസ് വഖ്ഫ് നിയമങ്ങളുടെ അടിസ്ഥാനമാണ് (ഫത്ഹുൽ ബാരി 5: 402).
മദീനയിൽ ശുദ്ധജല ദൗർലഭ്യം നേരിട്ടപ്പോൾ ഉസ്മാൻ(റ) മുപ്പത്തി അയ്യായിരം ദിർഹം ചെലവഴിച്ച് ബിഅ്ർ റൂമാ എന്ന കിണർ വാങ്ങി വഖ്ഫ് ചെയ്തതും ചരിത്രത്തിൽ കാണാം.
ഇസ്‌ലാമിക സമൂഹത്തിന്റെ ആത്മീയവും ഭൗതികവുമായ പുരോഗതിയിൽ വഖ്ഫ് സമ്പ്രദായം വലിയ പങ്കുവഹിച്ചിട്ടുണ്ട്. ആത്മീയ കേന്ദ്രങ്ങളായ മസ്ജിദുകൾ പണിയുന്നതിന് മാത്രമല്ല; മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളായ ഭക്ഷണം, വെള്ളം, പാർപ്പിടം, വസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയവക്ക് വേണ്ടി വഖ്ഫ് ചെയ്യുന്നതിലുടെ സമ്പത്തിന്റെ വികേന്ദ്രീകരണവും തൽഫലമായി ദാരിദ്ര്യ നിർമാർജനവുമാണ് സാധ്യമാവുന്നത്. പഴയ കാലത്തെ മിക്കവാറും വഖ്ഫുകൾ മസ്ജിദുകൾക്ക് വേണ്ടിയും അവ കേന്ദ്രീകരിച്ച് നിലനിന്നിരുന്ന വൈജ്ഞാനിക കേന്ദ്രങ്ങൾക്ക് വേണ്ടിയുമായിരുന്നുവെന്ന് മനസ്സിലാക്കാനാവും. ഇത് ഇസ്‌ലാമിക സമൂഹത്തിന്റെ വൈജ്ഞാനിക പുരോഗതിക്ക് വലിയ സഹായകമായി.
വഖ്ഫിന്റെ നിബന്ധനകൾ
സുപ്രധാനമായൊരു ആരാധനയെന്ന നിലയിൽ വഖ്ഫ് സാധുവാകുന്നതിന് ചില നിബന്ധനകൾ ഇസ്‌ലാം മുന്നോട്ടുവെക്കുന്നുണ്ട്. വഖ്ഫിന്റെ സാധുതക്കും ഫലപ്രാപ്തിക്കും അനിവാര്യമായതാണവയത്രയും. ഒന്ന്. ദാതാവ് സൗജന്യ ദാനം ചെയ്യാൻ അർഹതയുള്ളവനായിരിക്കുക. അതുകൊണ്ടുതന്നെ പ്രായപൂർത്തിയാകാത്ത കുട്ടി, ഭ്രാന്തന്മാർ എന്നിവരുടെ വഖ്ഫ് സ്വീകാര്യമാകില്ല.
വഖ്ഫ് ചെയ്യുന്ന വസ്തു നിർണിതവും ദാതാവിന് ഉടമാവകാശമുള്ളതും വസ്തു നശിപ്പിക്കപ്പെടാതെ പ്രയോജനം നൽകുന്നതുമായിരിക്കുക എന്നതാണ് രണ്ടാമത്തേത്. താമസിക്കാനായി വീടും കുടിവെള്ളത്തിനായി കിണറും വഖ്ഫ് ചെയ്യാം. എന്നാൽ ഭക്ഷണ സാധനങ്ങളോ മെഴുകുതിരി പോലോത്തവയോ വഖ്ഫ് ചെയ്യാവുന്നതല്ല. വസ്തു നിലനിർത്തിക്കൊണ്ട് തന്നെയുള്ള പ്രയോജനം നൽകാത്തതാണ് കാരണം. സ്വന്തം ഉടമസ്ഥതയിലുള്ള വസ്തുവകകൾ മാത്രമേ വഖ്ഫ് ചെയ്യാനാകൂ. വഖ്ഫ് ചെയ്യുന്ന വസ്തു എന്താണെന്നും ആർക്കാണ് വഖ്ഫ് ചെയ്യുന്നതെന്നും കൃത്യമായി നിർണയിച്ചിരിക്കണം. തന്റെ രണ്ടാലൊരു ഭൂസ്വത്ത് വഖ്ഫ് ചെയ്തു എന്ന് പറഞ്ഞാലും രണ്ട് പള്ളികളിൽ ഒന്നിന് വേണ്ടി എന്ന് പറഞ്ഞ് വഖ്ഫ് ചെയ്താലും സ്വീകാര്യത നഷ്ടമാകും. ആദ്യത്തേതിൽ വഖ്ഫ് സ്വത്തിനെയും രണ്ടാമത്തേതിൽ ഗുണഭോക്താവിനെയും കൃത്യമായി നിർണയിച്ചില്ലെന്നതാണ് കാരണം. എന്തിന് വേണ്ടിയാണോ വഖ്ഫ് ചെയ്യുന്നത് അത് നിലവിലുണ്ടാകണമെന്നത് നിബന്ധനയാണ്. നിർമിക്കാനുദ്ദേശിക്കുന്ന പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യാവതല്ല.
വഖ്ഫിന്റെ ഗുണഭോക്താക്കൾ വ്യക്തികളോ സ്ഥാപനങ്ങളോ ആവാം. കൃത്യമായി നിർണയിച്ചവർക്കെന്നതു പോലെ ഒരു പൊതുവിഭാഗത്തിൽ പെട്ടവർക്ക് മൊത്തമായും വഖ്ഫ് ചെയ്യാവുന്നതാണ്. അഗതികൾക്കും അനാഥകൾക്കും വേണ്ടിയുള്ള വഖ്ഫുകൾ ഈയിനത്തിലാണ് ഉൾപെടുക.
വഖ്ഫ് ചെയ്യുന്നത് അനുവദനീയമായ കാര്യങ്ങൾക്ക് വേണ്ടിയാവുക എന്നതാണ് മൂന്നാമത്തെ നിബന്ധന. മതവീക്ഷണത്തിൽ കുറ്റകരമായവക്ക് വേണ്ടി വഖ്ഫ് ചെയ്യാവുന്നതല്ല. അതിനാൽ ശരീഅത്തിന് വിരുദ്ധമായ കാര്യങ്ങൾ പരിശീലിപ്പിക്കുന്ന സ്ഥാപനങ്ങൾ, ബഹുദൈവാരാധക കേന്ദ്രങ്ങൾ തുടങ്ങിയവക്ക് വഖ്ഫ് ചെയ്യാൻ പാടില്ല. നാലാമത്തേത് വഖ്ഫ് ചെയ്യുന്നതിൽ ഉപാധികളില്ലാതിരിക്കുക എന്നതാണ്. സമയപരിധി വെച്ചു കൊണ്ടോ മറ്റ് ഉപാധികളോട് കൂടിയോ വഖ്ഫ് ചെയ്യൽ അസാധുവാണ്. എന്റെ വീട് ഒരു വർഷത്തേക്ക് വഖ്ഫ് ചെയ്തു എന്നോ അടുത്ത വർഷം മുതൽ വഖ്ഫാക്കി എന്നോ പറഞ്ഞാൽ അത് സ്വീകാര്യമാകില്ല. സമയം നിശ്ചയിച്ചതും ഉപാധി വെച്ചതുമാണ് കാരണം. എന്നാൽ മരണത്തോട് ബന്ധിപ്പിച്ചുകൊണ്ട് വഖ്ഫ് ചെയ്യാവുന്നതാണ്. എന്റെ വീട് എന്റെ മരണ ശേഷം വഖ്ഫാണെന്ന് പറഞ്ഞാൽ അത് സാധുവാകുന്നതും വസ്വിയ്യത്തിന്റെ വിധി ബാധകമാകുന്നതുമാണ്. എന്നാൽ അനന്തരാവകാശികളുടെ സമ്മതമില്ലെങ്കിൽ മൂന്നിലൊന്ന് ഭാഗം മാത്രമേ വഖ്ഫാകൂ.
വഖ്ഫിന്റെ ഉടമാവകാശവും ക്രയവിക്രയവും
ഒരു വസ്തുവിനെ ദാതാവ് ഉദ്ദേശിക്കുന്നവർക്ക് വഖ്ഫ് ചെയ്യുന്നതോടെ അതിന്റെ ഉടമസ്ഥാവകാശം പൂർണമായും അല്ലാഹുവിലേക്ക് നീങ്ങുന്നു. വഖ്ഫ് ചെയ്തവർക്കോ അതിന്റെ അവകാശികൾക്കോ പിന്നീട് അതിൽ ഉടമസ്ഥതയില്ല. അതിന്റെ ആദായം വഖ്ഫ് ചെയ്ത മാർഗത്തിൽ ചെലവഴിക്കുകയും നാശം സംഭവിക്കാത്ത രൂപത്തിൽ പ്രയോജനപ്പെടുത്തുകയുമാവാം. എന്നാൽ വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല. ഇസ്‌ലാമിലെ ആദ്യ വഖ്ഫിൽ തന്നെ ഇക്കാര്യം വ്യക്തമാക്കിയത് ഹദീസിൽ നിന്ന് ഗ്രഹിക്കാം.
വാഖിഫി(വഖ്ഫ് ചെയ്യുന്നയാൾ)ന്റെ താൽപര്യങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണ്. വഖ്ഫ് ചെയ്യുന്നവരുടെ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസരിച്ച് മാത്രമേ സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ പാടുള്ളൂ. ഖുർആൻ പഠിപ്പിക്കുന്നതിന് വഖ്ഫ് ചെയ്ത വസ്തു മറ്റു കാര്യങ്ങൾക്ക് വേണ്ടിയോ കുടിവെള്ളമായി വഖ്ഫ് ചെയ്തതിനെ മറ്റാവശ്യങ്ങൾക്ക് വേണ്ടിയോ ഉപയോഗിക്കാവുന്നതല്ല. ഒരു പ്രത്യേക വിഭാഗത്തിന് മാത്രമായി വഖ്ഫ് ചെയ്തതിനെ മറ്റുള്ളവർ ഉപയോഗിക്കുന്നതും ഹറാമാണ്. എന്നാൽ വഖ്ഫ് സ്വത്തുക്കൾ പൊതുമുതലാണെന്നും അത് എല്ലാ പൊതു ആവശ്യങ്ങൾക്കും പ്രയോജനപ്പെടുത്താമെന്നു മാണ് ചിലരുടെ ധാരണ. വഖ്ഫ് സ്വത്തുക്കൾ കയ്യേറി ഹോസ്പിറ്റൽ സ്ഥാപിക്കുന്നതും വിവാഹമോചിതയെ സംരക്ഷിക്കാൻ അടുത്ത ബന്ധുക്കൾ ആരുമില്ലെങ്കിൽ അവരെ സംരക്ഷിക്കേണ്ട ചുമതല വഖ്ഫ് ബോർഡിനാണെന്ന് പറയുന്നതും ഇത്തരം തെറ്റിദ്ധാരണകൾ കൊണ്ടാണ്. പ്രത്യേകമായി ഉപാധിവെച്ചിട്ടില്ലെങ്കിൽ വാഖിഫിന്റെ കാലത്തെ സാർവത്രിക കീഴ്‌വഴക്കമാണ് പരിഗണിക്കേണ്ടത്.
എന്നാൽ അനിവാര്യ ഘട്ടങ്ങളിൽ വാഖിഫിന്റെ നിബന്ധനകൾ തിരസ്‌കരിക്കാവുന്നതാണ്. ഉദാഹരണമായി, ഒരു വ്യക്തിക്ക് ഒരു വർഷത്തേക്ക് മാത്രമേ വാടകക്ക് നൽകാവൂ എന്ന നിബന്ധനയിൽ ഒരു കെട്ടിടം വഖ്ഫ് ചെയ്യുന്നു. എന്നാൽ അടുത്ത വർഷം മറ്റൊരാൾ വാടകക്ക് വാങ്ങുന്നില്ലെങ്കിൽ ആദ്യത്തെയാൾക്ക് തന്നെ രണ്ടാം വർഷവും വാടകക്ക് നൽകാവുന്നതാണ്. കാരണം, തന്റെ വഖ്ഫ് സ്വത്ത് ഉപയോഗശൂന്യമായി കിടക്കുന്നത് വാഖിഫ് ഇഷ്ടപ്പെടില്ലല്ലോ. കൃഷിക്കു വേണ്ടി വഖ്ഫ് ചെയ്ത ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ ആ ഭൂമിയിൽ കെട്ടിടം പോലുള്ളത് പണിയാനോ പാടില്ല. എന്നാൽ കൃഷി ചെയ്യാൻ സാധിക്കാത്ത സാഹചര്യങ്ങളിൽ മറ്റ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് കുറ്റകരമല്ല.
മുതവല്ലിയുടെ ചുമതല
വഖ്ഫ് സ്വത്തിന്റെ കാര്യദർശിയാണ് മുതവല്ലി. അദ്ദേഹമാണ് വഖ്ഫ് സ്വത്തിന്റെ മേൽനോട്ടം നിർവഹിക്കേണ്ടതും അത് കൈകാര്യം ചെയ്യേണ്ടതും. വാഖിഫ് നിശ്ചയിക്കുന്ന ആളായിരിക്കുമദ്ദേഹം. മുതവല്ലിമാർ മതനിഷ്ഠയുള്ളവരും വഖ്ഫ് സ്വത്ത് കൈകാര്യം ചെയ്യാൻ പ്രാപ്തിയുള്ളവരുമായിരിക്കണം. വാഖിഫ് ആരെയും നിശ്ചയിക്കാത്തപക്ഷം ഖാളിക്കായിരിക്കും അധികാരം. വഖ്ഫ് സ്വത്ത് സംരക്ഷിക്കുക, അതിൽ നിന്ന് വരുമാനം കണ്ടെത്തുക, അത് അവകാശികൾക്ക് വിതരണം ചെയ്യുക എന്നിവയെല്ലാം മുതവല്ലിയുടെ ഉത്തരവാദിത്തങ്ങളാണ്.
ഒരു പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്ത ഭൂമിയിലെ വരുമാനം അതിന്റെ തന്നെ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കണം. വഖ്ഫ് മുതലിൽ നിന്നുള്ള വരുമാനം ഏതു ഭാഗത്തേക്കുള്ളതാണെന്ന് പറയാതെ ‘നിരുപാധികം വഖ്ഫാക്കി’ എന്നു മാത്രം പറഞ്ഞാൽ വഖ്ഫ് അസാധുവാകും. ‘പള്ളിയുടെ ആവശ്യങ്ങൾക്ക് ശേഷം ബാക്കിയായ വരുമാനം കൊണ്ട് ഭൂസ്വത്ത് വാങ്ങി പള്ളിക്ക് വേണ്ടി വഖ്ഫ് ചെയ്യേണ്ടതാണ് (തുഹ്ഫ 6: 284).
പള്ളി നശിച്ചുപോവുകയും പുനർനിർമാണം നടത്തുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അതിന്റെ വരുമാനം സൂക്ഷിച്ചുവെക്കുകയും പുനർനിർമാണ ശേഷം പ്രസ്തുത പള്ളിക്ക് തന്നെ ഉപയോഗിക്കുകയും ചെയ്യേണ്ടതാണ്. പുനർനിർമിക്കുമെന്ന പ്രതീക്ഷയില്ലെങ്കിൽ ആ വരുമാനം അടുത്തുള്ള പള്ളിക്ക് നൽകുകയാണ് വേണ്ടത്.
വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ട് പോകാതിരിക്കാനും വഖ്ഫിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കനുസരിച്ച് ചെലവഴിക്കാനും മുസ്‌ലിം സമൂഹം ജാഗ്രത പാലിക്കേണ്ടതാണ്.
മുഹ്‌യിദ്ദീൻ സഖാഫി കാവനൂർ