മുസ്‌ലിംകൾ പരസ്പരം പാലിച്ചിരിക്കേണ്ട മര്യാദകളിൽ പ്രധാനമാണ് ജനാസ സംസ്‌കരണവുമായി ബന്ധപ്പെട്ട ചിട്ടകൾ. ജനാസയെ അനുഗമിക്കുന്നത് വലിയ പുണ്യമാണ്. തിരുനബി(സ്വ) അരുളി: ഒരാൾ ജനാസയെ അനുഗമിച്ചാൽ ഒരു ഖീറാത്ത് പ്രതിഫലം ലഭിക്കും. മറവ് ചെയ്യും വരെ നിൽക്കുന്നുവെങ്കിൽ രണ്ട് ഖീറാത്ത് സ്വന്തമാക്കുന്നു (ബുഖാരി, മുസ്‌ലിം). ഒരു ഖീറാത്ത് ഉഹുദ് പർവതത്തിനു സമമാണെന്ന് മുസ്‌ലിം(റ) ഉദ്ധരിച്ച ഹദീസിലുണ്ട്.
ജനാസയെ അനുഗമിക്കുന്നത് പാരത്രിക ചിന്ത ഉണർത്താൻ നല്ലതാണ്. ഒരു ജനാസ കണ്ടാൽ മക്ഹൂലുദ്ദിമശ്ഖി പറയുമായിരുന്നു: നിങ്ങൾ പോകൂ, ഞങ്ങൾ പിറകെ വരുന്നുണ്ട്!
മാലിക് ബ്‌നു ദീനാർ(റ) തന്റെ സഹോദരന്റെ ജനാസയെ അനുഗമിക്കുമ്പോൾ ഗദ്ഗദത്തോടെ പറഞ്ഞു: എന്റെ നേത്രങ്ങൾ കുളിരണിയാൻ പോകുന്നില്ല; നീ എത്തിച്ചേരുന്ന ഇടം ഏതാണെന്നറിയാതെ.
അഅ്മശ് പറയുന്നു: ഞങ്ങൾ ഒരു ജനാസ സംസ്‌കരണത്തിന് ചെന്നാൽ ആരെയാണ് അനുശോചനമറിയിക്കേണ്ടത് എന്ന് പിടുത്തം കിട്ടുമായിരുന്നില്ല. കാരണം എല്ലാവരുടെയും മുഖത്ത് ദു:ഖം നിലീനമായിരിക്കും.
ഒരു മയ്യിത്തിനടുക്കൽ വേപഥുപ്പെട്ടിരിക്കുന്നവരെ കണ്ട് ഇബ്‌റാഹീമുസ്സയ്യാത്ത് പറഞ്ഞു: നിങ്ങൾ സ്വന്തത്തിന്റെ മേൽ സങ്കടപ്പെടുന്നതാണ് ഇതിനെക്കാൾ ഉചിതം. ഇദ്ദേഹം ഏതായാലും മൂന്ന് ഭയാനക രംഗങ്ങളിൽ നിന്ന് മുക്തി പ്രാപിച്ചിരിക്കുന്നു. താൻ കണ്ട മരണത്തിന്റെ മാലാഖയുടെ മുഖത്തിൽ നിന്ന്, താൻ രുചിച്ച മരണത്തിന്റെ കൈപുനീരിൽ നിന്ന്, ഭയപ്പെടുത്തുന്ന ചീത്ത അന്ത്യത്തിൽ നിന്നും.
റസൂൽ(സ്വ) പറയുകയുണ്ടായി: മയ്യിത്തിനെ മൂന്ന് സംഗതികൾ അനുഗമിക്കുന്നതാണ്. അവയിൽ രണ്ടെണ്ണം തിരിച്ചുപോരും. ഒന്നു മാത്രം ബാക്കിയാവും. ബന്ധുക്കൾ, സമ്പത്ത്, ജീവിത കർമങ്ങൾ എന്നീ മൂന്നു കാര്യങ്ങളാണ് അനുഗമിക്കുക. ഇതിൽ കർമങ്ങൾ മാത്രം അവന്റെ കൂടെ നിൽക്കുകയും ബാക്കി രണ്ടും മടങ്ങുകയും ചെയ്യും (മുസ്‌ലിം).

ഖബർ സന്ദർശനം

മുസ്‌ലിം സമൂഹത്തിന്റെ മര്യാദയിൽ പെട്ട മറ്റൊന്നാണ് ഖബർ സന്ദർശനം. നബിചര്യയാണിത്. പ്രാർഥന, പാത്രിക ചിന്ത, മാനസിക നൈർമല്യം എന്നിവ സിയാറത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളിൽ പ്രധാനം. പ്രവാചകർ(സ്വ) പറഞ്ഞു: ഖബറിനെക്കാൾ ഭയാനകമായി മറ്റൊന്നിനെയും ഞാൻ കാണുന്നില്ല (തിർമിദി, ഇബ്‌നു മാജ, ഹാകിം).
ഉമർ(റ) ഒരു ഖബറിനരികിലെത്തിയാൽ താടി രോമങ്ങൾ നനഞ്ഞു കുതിരുന്നത് വരെ കരയുമായിരുന്നു. അദ്ദേഹം പറയും: തിരുദൂതർ ഇങ്ങനെ പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: പാരത്രിക ലോകത്തേക്കുള്ള പ്രഥമ കവാടമാണ് ഖബർ. അവിടെ രക്ഷപ്പെട്ടവന് ബാക്കിയെല്ലാം എളുപ്പമാണ്. അവിടെ കുടുങ്ങിയവന് ബാക്കിയെല്ലാം കഠിനവും (തിർമിദി, ഇബ്‌നു മാജ).
മുജാഹിദ്(റ) പറയുന്നു: ഖബർ മനുഷ്യരോട് ആദ്യമായി പറയുന്നത് ഇതായിരിക്കും: ഞാൻ പുഴുക്കളുടെ ഭവനമാണ്. അന്ധകാരത്തിന്റെയും ഏകാന്തതയുടെയും അന്യതയുടെയും വീടും. ഇതൊക്കെയാണ് നിനക്ക് ഞാൻ ഒരുക്കിവെച്ചിട്ടിള്ളത്. ഇനി ചോദിക്കട്ടെ, നീ എന്തൊക്കെയാണ് സജ്ജീകരിച്ചിട്ടിള്ളത്?
അബൂദർ(റ) പറയുമായിരുന്നു: എന്റെ ദരിദ്രതയുടെ ദിനത്തെ പറ്റി ഞാൻ നിങ്ങളോട് പറയാം. എന്നെ ഖബറിൽ വെക്കുന്ന ദിവസമാണത്. അബുദ്ദർദാഅ്(റ) പല സമയത്തും മഖ്ബറയിൽ ചെന്നിരിക്കുമായിരുന്നു. ഇതിനെപ്പറ്റി തിരക്കിയവരോട് അദ്ദേഹം പ്രതികരിച്ചു: എന്റെ അന്ത്യയാത്രയെ കുറിച്ച് ഓർമിപ്പിക്കുന്ന ഒരു കൂട്ടരാണിത്. മാത്രമല്ല, ഞാൻ എഴുന്നേറ്റ് പോയാൽ ഇവർ എന്നെപ്പറ്റി ദൂഷണം പറയുകയുമില്ല.
ഹാതിം(റ) പറയുന്നു: ശ്മശാനത്തിലൂടെ നടക്കാനിടയായ ഒരാൾ സ്വന്തത്തെ കുറിച്ചു ചിന്തിക്കുകയും ഖബറാളികൾക്കായി പ്രാർഥനാ നിരതരാവുകയും ചെയ്തില്ലെങ്കിൽ സ്വന്തത്തെയും ഖബറാളികളെയും വഞ്ചിച്ചവനായി.
സുഫ്‌യാൻ(റ) പറഞ്ഞു: മരണ സ്മരണ വർധിപ്പിക്കുന്നവൻ സ്വർഗത്തോപ്പിൽ നിന്നൊന്ന് കരസ്ഥമാക്കി. മരണ ചിന്തയിൽ നിന്ന് അലസനായവൻ നരകക്കുണ്ടിൽ നിന്നൊന്ന് സ്വന്തമാക്കി.
റബീഉബ്‌നു ഖൈസം സ്വന്തം വീട്ടുവളപ്പിൽ ഒരു ഖബർ കുഴിച്ചുവെച്ചിരുന്നു. ഖൽബിൽ കഠിനത വന്നുവെന്നു തോന്നിയാൽ ആ ഖബറിൽ ഇറങ്ങി കുറച്ചു സമയം കിടക്കും. എന്നിട്ടിങ്ങനെ പറയും: നാഥാ, എന്റെ ദുൻയാവിലേക്ക് തന്നെ എന്നെ മടക്കൂ, ഞാൻ ഉപേക്ഷ വരുത്തിയ നല്ല കർമങ്ങൾ ഇനി മുതൽ ചെയ്തുകൊള്ളാം (അൽമുഅ്മിനൂൻ 99, 100). അനന്തരം ഖബറിൽ നിന്നെണീറ്റ് ആത്മഗതം ചെയ്യും: റബീഅ്, നീ ഇതാ മടക്കപ്പെട്ടിരിക്കുന്നു. ഇനി കർമനിരതനാവുക. മടക്കപ്പെടാത്ത ഒരു ദിനം വരാനിരിക്കുന്നുണ്ട്.
മയ്മൂനുബ്ൻ മിഹ്‌റാൻ വിവരിക്കുന്നു: ഞാനൊരിക്കൽ ഉമറുബ്‌നു അബ്ദിൽ അസീസിനൊപ്പം മഖ്ബറയിലെത്തി. ഖബറുകൾ കണ്ണിൽ പെട്ടതും മഹാൻ കരയാൻ തുടങ്ങി. പിന്നെ പറഞ്ഞു: മയ്മൂനേ, ഈ ഖബറുകൾ ബനൂ ഉമയ്യയിലെ എന്റെ പ്രപിതാക്കന്മാരുടേതാണ്. അവർ ജീവിച്ചിരുന്ന കാലത്ത് സ്വന്തം സുഖഭോഗങ്ങളിൽ ആരെയും പങ്കുപറ്റാനനുവദിക്കാതെ നിലകൊണ്ടവരായിരുന്നു. ഇന്നിതാ അവർ ചിന്നഭിന്നമായിരിക്കുന്നു. അവരുടെ ദേഹങ്ങൾ പുഴുവരിക്കുന്നു.
കണ്ണീരോടെ അദ്ദേഹം തുടർന്നു: അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് മോചിതനായി ഈ ഖബറിടത്തിലേക്കെത്തിയവനാരോ അവനേക്കാൾ വലിയ അനുഗൃഹീതനെ എനിക്കറിയില്ല.
അത്യാഹിതം പിണഞ്ഞവനെ അനുശോചിക്കാനിറങ്ങുന്നവൻ ദയാവായ്പ് കാണിക്കുകയും ദു:ഖഭാവം പ്രകടിപ്പിക്കുകയും സംസാരവും പുഞ്ചിരിയും ഒഴിവാക്കുകയും വേണം.

അനുഗമന മര്യാദകൾ

മയ്യിത്തിനെ അനുഗമിക്കുന്നവർ പാലിച്ചിരിക്കേണ്ട ചില പൊതുമര്യാദകൾ പറയാം. ഭയഭക്തി കാണിക്കുക, സംസാരം ഒഴിവാക്കുക, മയ്യിത്തിനെ ഗൗനിക്കുക, മരണത്തെ പറ്റി ഓർക്കുക, മരണത്തിനായി സജ്ജനാവുക, ജനസയോട് ചേർന്ന് മുന്നിലായി നടക്കുക, ജനാസയുമായി പെട്ടെന്ന് തന്നെ നീങ്ങുക, അധികം ശബ്ദമുയർത്താതെ ദിക്ർ ചൊല്ലുക എന്നിവയെല്ലാം സുന്നത്താകുന്നു.
അനുഗമന സമയത്ത് ജീവിച്ചിരിക്കുന്നവരും മരിച്ചവരുമായ ആരെയും ചെറുതായി കാണാതിരിക്കുക എന്നത് പ്രധാനമാണ്. തന്നെക്കാൾ ഉത്തമൻ അവനാകാമെന്നത് തന്നെ കാരണം. അവൻ ബാഹ്യമായി ഒരധർമിയാണെങ്കിൽ പോലും സദ്മരണം കൊണ്ട് അനുഗൃഹീതനായേക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലല്ലോ.
അതുപോലെ, ഭൗതികതയുടെ പേരിൽ ആരെയും ആദരണീയനായി ഗണിക്കരുത്. ദുൻയാവ് അല്ലാഹുവിനരികിൽ അതീവ നിന്ദ്യമാണെന്നാണ് പ്രമാണം. നീ ദുൻയാവിനെ വലുതായി കാണുമ്പോൾ റബ്ബ് നിന്നെ ചെറുതായി കാണും. ഏതായിരുന്നാലും ദീനിനെ ദുൻയാവിന് പകരമാക്കരുത്. അവസാനം ദീനും ദുൻയാവുമില്ലാത്ത ഗതി വന്നുചേരും. എന്നു കരുതി ഭൗതിക പ്രേമികളോട് ശത്രുത വെക്കാൻ നിൽക്കരുത്. അത് കാലം പോകെപ്പോകെ നിന്റെ ദീനും നീ കാരണം അവരുടെ ഉള്ള ദീനും നശിക്കാനേ ഉതകൂ. മറിച്ച് നീ ചെയ്യേണ്ടത് അവരിൽ നിന്ന് കാണാനിട വരുന്ന തെറ്റായ സംഗതികളെ സ്‌നേഹബുദ്ധ്യാ തിരുത്തിക്കൊടുക്കുകയാണ്.

സയ്യിദ് സ്വലാഹുദ്ദീൻ ബുഖാരി

 

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ