നിർവചിക്കാനാവാത്തൊരു വികാരമാണ് പ്രണയം. വിവരണാതീതമായ അനുഭവങ്ങളാണ് ഓരോ അനുരാഗിയുടെയും ഉള്ളിൽ അലയടിക്കുക. പ്രേമഭാജനത്തെ കുറിച്ചുള്ള സ്മരണ അവന്റെ നിത്യജീവിതത്തിലും വ്യക്തിത്വത്തിലും പ്രതിഫലിക്കുന്നതായി അനുഭവപ്പെടും. പ്രണേതാവിനെ പുൽകാനുള്ള അടക്കിനിർത്താനാവാത്ത മോഹം സ്വന്തത്തെ അവഗണിക്കാൻ ഹേതുവാകുകയും തന്റേതായ അഭിലാഷങ്ങളും ആഗ്രഹങ്ങളും പൂർണമായി കൈവെടിയുകയും ചെയ്യും. ഭക്ഷിക്കുക, പാനം ചെയ്യുക തുടങ്ങി ജീവിത നിലനിൽപ്പിനാവശ്യമായവയിൽ പോലും അവൻ അപാകം വരുത്തും. കൺമുന്നിൽ കാണുന്നതൊക്കെയും പ്രേയസിയുടെ സ്മരണ തൊട്ടുണർത്തുന്നതായി കരുതും. ഈ സ്മരണ മാത്രമാകില്ല അവനെ ഉന്മത്തനാക്കുന്നത്, പ്രേമഭാജനം നടന്നുപോയ ഊടുവഴികളും സ്പർശിച്ച ഇടങ്ങളും ധരിച്ച വസ്ത്രങ്ങളും തുടങ്ങി അദ്ദേഹത്തെ/അവരെ തലോടിയ കാറ്റിന്റെ ഗന്ധം പോലും അവനിൽ വൈകാരിക വിക്ഷോഭം സൃഷ്ടിച്ചേക്കാം. ഒരിക്കലും അടക്കി നിർത്താനാവാത്ത ഈ പ്രണയദാഹം ഹൃദയാന്തരങ്ങൾക്ക് ഭാരം നൽകുകയും അത് അവനെ കരയിക്കുകയും ചെയ്യും. യഥാർത്ഥ അനുരാഗിയുടെ വിശേഷങ്ങളാണിവയെല്ലാം.
എന്നാൽ ഇവയൊക്കെയും തന്നിൽ പ്രകടമായാലും പ്രണയത്തെ സാധ്യമാവുന്ന വിധത്തിൽ മറച്ചുവെക്കാനും ശക്തമായി നിഷേധിക്കാനുമാണ് അവൻ വ്യഗ്രത കാണിക്കുക. അതിനു പക്ഷേ ഒരു പരിധിക്കപ്പുറം അവൻ അശക്തനാവും. അങ്ങനെ, അനുരാഗതൃഷ്ണ അടക്കിനിർത്താനാവാതെ പുറത്തേക്കൊഴുകും. ഇത് പ്രണയത്തിന്റെ പൊതുസ്വഭാവമാണ്. ഈ സ്വഭാവത്തെ അനുപമമായ കാവ്യഭംഗിയോടെ അവതരിപ്പിക്കുകയാണ് ഖസ്വീദത്തുൽ ബുർദയുടെ ആദ്യ അധ്യായത്തിൽ ഇമാം ബൂസ്വീരി(റ) ചെയ്യുന്നത്.
പ്രവാചക പ്രകീർത്തന കാവ്യങ്ങൾ പലതും ആരംഭിക്കുന്നത് പ്രണയം ഇതിവൃത്തമായാണ്. തിരുനബി(സ്വ)യുടെ ജീവിതകാലത്ത് വിരചിതമായ കഅ്ബ് ബ്‌നു സുഹൈർ(റ)വിന്റെ ബാനത് സുആദ ആരംഭിക്കുന്നതും ഒരു പ്രണയിനിയെ വർണിച്ചുകൊണ്ടാണ്. ഈ കാവ്യത്തെ തിരുനബി(സ്വ) അംഗീകരിച്ചതും അദ്ദേഹത്തെ ആദരിച്ചതും പ്രസിദ്ധം. പ്രണയമെന്നത് തിരുദൂതരെ സർവാത്മനാ അംഗീകരിക്കാനും അവിടത്തെ അധ്യാപനങ്ങളെ സമ്പൂർണമായി ഉൾക്കൊള്ളാനും ചര്യകളെ അനുകരിക്കാനും സത്യസന്ധമായി തിരുദൂതരെ പ്രകീർത്തിക്കാനും അനുധാവനം ചെയ്യാനും അനിവാര്യമായ ഘടകമാണ്. ഒരു വ്യക്തിയോട് താൽപര്യമുണ്ടാകുമ്പോഴാണ് അദ്ദേഹത്തെ ആത്മാർത്ഥമായി പിന്തുടരാൻ സാധിക്കുക. പ്രവാചക പ്രകീർത്തന കാവ്യങ്ങളിൽ പ്രണയം പ്രഥമ ഘടകമായി വരുന്നതിനു പിന്നിലെ ഒരു രഹസ്യമിതാണ്. തിരുപ്രണയമാണ് സർവതിന്റെയും അടിസ്ഥാനമെന്ന് അനുവാചകർക്ക് സൂചന നൽകുക കൂടിയാണ് പ്രകീർത്തകർ ചെയ്യുന്നത്.
ദീസലമിലെ സ്‌നേഹിതനെ ഓർത്തിട്ടോ?
ഇമാം ബൂസ്വീരി(റ) കാവ്യം ആരംഭിക്കുന്നത് സ്വത്വത്തിൽ അപരനെ രൂപപ്പെടുത്തി ആ വ്യക്തിയോട് സംഭാഷണം നടത്തികൊണ്ടാണ്. അറബി സാഹിത്യത്തിൽ തജ്‌രീദ് എന്ന് പറയപ്പെടുന്ന ഈ സാഹിത്യ രീതി പല പ്രണയ-വിരഹ കാവ്യങ്ങളിലും കാണാം. അർഹിക്കുന്ന രൂപത്തിൽ തിരുനബി(സ്വ)യെ സ്‌നേഹിക്കാൻ ആർക്കും സാധ്യമാവത്തതുകൊണ്ട് കൂടിയാണ് അവിടെ ഒരു സാങ്കൽപിക വ്യക്തിയെ നിർത്തിയിരിക്കുന്നതെന്ന് വ്യാഖ്യാന ഗ്രന്ഥങ്ങൾ രേഖപ്പെടുത്തുന്നു. ആ വ്യക്തിയോട് തന്റെ അടക്കിനിർത്താനാവാത്ത തേങ്ങലിന്റെ കാരണമന്വേഷിക്കുകയാണ് കവി. കാര്യമറിയുക എന്ന ഉദ്ദേശ്യത്തിലല്ല ഈ അന്വേഷണം. നിഷേധിക്കുന്ന അനുരാഗിക്ക് മുന്നിൽ ഇത് പ്രണയബാഷ്പമാണെന്ന് സമർത്ഥിക്കുകയാണ് ലക്ഷ്യം. കരച്ചിലിന്റെ ആധിക്യം കാരണം അത് രക്തവുമായി കലർന്നിരിക്കുകയാണ്. കവി ചോദിക്കുന്നു: ദീസലമിലുള്ള നിന്റെ അയൽക്കാരനെ ഓർത്തിട്ടാണോ നീ നിന്റെ നയനങ്ങളിൽ നിന്നൊഴുകുന്ന ബാഷ്പങ്ങളെ രക്തവുമായി കലർത്തിയത്?
ഇവിടെ കവി നടത്തിയ ചില പ്രയോഗങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എത്ര സൂക്ഷ്മതയോടെയാണ് ഓരോ പദവും ഉപയോഗിച്ചതും വിന്യസിച്ചതുമെന്ന് അപ്പോൾ നമ്മുക്ക് ബോധ്യപ്പെടും. ഓർക്കുക എന്നതിന് കവി ഉപയോഗിച്ചത് തദക്കുർ എന്ന പദമാണ്. അത് ദുക്ർ എന്നതിൽ നിന്നോ ദിക്ർ എന്നതിൽ നിന്നോ നിഷ്പന്നമായതാണ്. ദുക്ർ എന്നാൽ ഹൃദയം കൊണ്ടുള്ള സ്മരണ എന്നും ദിക്ർ എന്നാൽ ഓർമ കാരണം നാവുകൊണ്ടുള്ള ജപം എന്നുമാണ് വിവക്ഷ. ഇവ രണ്ടിൽ നിന്ന് ഒന്നിനെ തിരഞ്ഞെടുക്കാതെ രണ്ടിനെയും കൂടി ഉൾപ്പെടുത്തുന്ന പദമാണ് കവി ഉപയോഗിച്ചത്. അപ്പോൾ അതിന് ആശയവിശാലത കൈവരികയും ചെയ്തു.
‘ജീറാൻ’ എന്നത് ‘ജാർ’ എന്ന പദത്തിന്റെ ബഹുവചനമാണ്. അയൽവാസി എന്നാണ് നേരർത്ഥം. പക്ഷേ സ്‌നേഹിതൻ എന്നാണ് കവി ഇവിടെ ഉദ്ദേശിച്ചത്. നിരന്തരമായ ഇടപഴകൽ മുഖേനയും അണമുറിയാത്ത മാനസിക സഹവാസംകൊണ്ടും പ്രേമഭാജനം അയൽവാസിയെ പോലെയായി എന്ന് അറിയിക്കുന്നു ഈ പ്രയോഗം. സ്‌നേഹിതൻ ഒരാളാണെങ്കിലും ആദരസൂചകമായിട്ടാണ് ഇവിടെ ബഹുവചനം ഉപയോഗിച്ചിരിക്കുന്നത്.
മസ്ജ്, ഖൽത്ത് എന്നീ രണ്ടു പ്രയോഗങ്ങൾ കലർത്തുക എന്ന ആശയത്തിനാണ് പൊതുവിൽ ഉപയോഗിക്കാറുള്ളത്. എന്നാൽ ഇവ തമ്മിൽ നേരിയ വ്യത്യാസമുണ്ട്. വേർതിരിക്കാനാവാത്ത ഒറ്റ സ്വത്വമായ വിധത്തിൽ കലരുന്നതിനാണ് മസ്ജ് എന്ന് പ്രയോഗിക്കുന്നത്. തേനും എണ്ണയും പരസ്പരം കലരുംപോലെയെന്നാണ് ഭാഷപണ്ഡിതന്മാർ അതിന് വിശദീകരണം നൽകിയത്. ഖൽത്ത് എന്നത് എല്ലാവിധ കലരലുകൾക്കും പ്രയോഗിക്കും. ഇവിടെ അനുരാഗി രക്തത്തെ കണ്ണീരിനോട് കലർത്തിയത് ആദ്യം പറഞ്ഞ കലർത്തൽ തന്നെയാണെന്ന് ആണയിടുകയാണ് ഇമാം ബൂസ്വീരി(റ).
പ്രണയം അതിതീവ്രമാണെന്ന് സ്പഷ്ടമാക്കാനാണ് ഈ പദം തന്നെ പ്രയോഗിച്ചത്. ഇവിടെ മിൻ എന്ന അവ്യയം തുടക്കത്തിൽ ഉപയോഗിച്ചതുകൊണ്ട് സ്‌നേഹിതനെ ഓർത്തതുകൊണ്ട് മാത്രമാണ് അനുരാഗി കരയുന്നത് എന്ന ധ്വനിയുണ്ടാവുന്നു. ഇപ്രകാരം ഓരോ പദവും ഉദ്ദേശിക്കപ്പെടുന്ന ആശയങ്ങളും ഭാവനാത്മകതയും സമ്പൂർണമായും ഉൾവഹിക്കുന്ന രൂപത്തിലാണ് പ്രയോഗിക്കുകയും വിന്യസിക്കുകയും ചെയ്തിട്ടുള്ളത്.
മക്കയുടെയും മദീനയുടെയും ഇടയിലെ മലഞ്ചെരുവിലുള്ള പ്രത്യേക വൃക്ഷത്തിന്റെ പേരാണ് സലം എന്നത്. തന്റെ സ്‌നേഹിതൻ പലായനം ചെയ്യുകയും മറ്റു ആവശ്യങ്ങൾക്ക് വേണ്ടി നിരന്തരം യാത്ര നടത്തുകയും ചെയ്ത വഴികളിലുള്ള ഈ വൃക്ഷം അദ്ദേഹത്തിന് തണലൊരുക്കിക്കൊടുക്കയും വിശ്രമ സാങ്കേതമാവുകയും ചെയ്തിട്ടുണ്ട്. അത് ആ സ്‌നേഹിതന്റെ സാന്നിധ്യം ആവോളം ആസ്വദിച്ചിട്ടുണ്ടാവണം. ഈ വൃക്ഷത്തെ കുറിച്ചുള്ള സ്മരണ സ്‌നേഹിതന്റെ സ്മരണകളെ തൊട്ടുണർത്തുമെന്ന് തീർച്ചയാണ്. പ്രേമഭാജനവുമായി ഇടപഴകുന്നവയൊക്കെ അനുരാഗിയുടെ മനസ്സിൽ വൈകാരിക വിക്ഷോഭം സൃഷ്ടിക്കുമല്ലോ.
സലം കൊണ്ടുള്ള ഉദ്ദേശ്യം ദാറുസ്സലാം എന്ന സ്വർഗമാണെന്നും അതിനെ തിരുറൗളയുമായി സാദൃശ്യപ്പെടുത്തിയതാണെന്നും അങ്ങനെയാണ് തിരുദൂതരെ സലംവാസി എന്ന് വിശേഷിപ്പിച്ചത് എന്നും ചില വ്യാഖ്യാനങ്ങളിൽ കാണാം. സലം എന്നത് പാപങ്ങളിൽ നിന്നുള്ള സംരക്ഷണത്തെ കുറിക്കുന്നതാണെന്ന് പറഞ്ഞവരുമുണ്ട്. അങ്ങനെയാവുമ്പോൾ പാപസുരക്ഷിതരെന്ന വിശേഷണമാണ് കവി തിരുദൂതർക്ക് നൽകിയിട്ടുള്ളത്.
കണ്ണുനീര് രക്തത്തോടു കലരുന്നതെങ്ങനെയാവും? കരച്ചിൽ പന്ത്രണ്ട് രൂപത്തിലുണ്ടാവുമെന്ന് ഫത്ഹുൽ ഫത്താഹ് എന്ന ഗ്രന്ഥത്തിൽ പറയുന്നു. ദു:ഖത്താലും സന്തോഷത്താലും കണ്ണീർ പൊഴിക്കും. സന്തോഷത്തിന്റെ ബാഷ്പകണങ്ങൾ കുളിർമയുള്ളതായിരിക്കും, ദു:ഖത്തിന്റേത് ചൂടുള്ളതും. തന്റെ സ്‌നേഹിതനെ പുൽകാനാവാത്ത വിഷമത്തിലാണ് അനുരാഗി കണ്ണുനീരൊഴുക്കുന്നത്. ഈ ബാഷ്പകണങ്ങളുടെ ചൂട് അതിശക്തമാണ്. കാരണം പ്രണയവും അതിശക്തമാണ്. ഇത് നയനങ്ങളുടെ ഉഷ്ണം വർധിപ്പിക്കുകയും അത് നിമിത്തം നേത്രങ്ങളിൽ നിന്ന് രക്തം പ്രവഹിക്കുകയും ചെയ്യുന്നു. എത്ര തീവ്രമായ, ഹൃദ്യമായ പ്രണയമാണ് ഇവിടെ അതിമനോഹരമായി ആവിഷ്‌കരിച്ചിരിക്കുന്നത്!
കാളിമയിലെ കാറ്റും
‘ഇളമി’ലെ മിന്നൽപിണറും
അനുരാഗിയുടെ നയനങ്ങളിൽ നിന്ന് ബാഷ്പകണങ്ങൾ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങുകയാണ്. അത് ഗോപ്യമാക്കിവെച്ച പ്രണയാതുരതയുടെയും ഹൃദയത്തിലൊളിപ്പിച്ച വൈകാരികതയുടെയും മറകൾ വകഞ്ഞുമാറ്റി കൊണ്ടിരിക്കുകയാണ്. അപ്പോഴും തന്റെ പ്രണയത്തെ സംബന്ധിച്ച് ചോദിക്കുന്നവരോട് അനുരാഗി നിഷേധാത്മകമായാണ് പ്രതികരിക്കുന്നത്. ആത്മജ്ഞാനികളുടെ ചര്യയാണിത്. അവരൊരിക്കലും സ്‌നേഹത്തെ പ്രഹസനമാക്കാറില്ല. കാരണം അവരുടെ സ്‌നേഹം ആത്മാർത്ഥമാണ്. സ്‌നേഹം ഹൃദയത്തിൽ മറച്ചുവെക്കുമ്പോഴെല്ലാം അത് വർധിച്ചുകൊണ്ടേയിരിക്കുമെന്നാണ് അവരുടെ നിലപാട്. പക്ഷേ, ചോദ്യകർത്താവിന് വെറുതെ വിടാനുള്ള ഭാവമില്ല, പ്രണയത്തിന്റെ രാജകുമാരൻ നിന്റെ ഹൃദയമാകുന്ന പട്ടണത്തിലുണ്ട് എന്ന് സ്ഥിരപ്പെടുത്താൻ ശ്രമിച്ചുകൊണ്ടേയിരിക്കുകയാണ് അദ്ദേഹം. പിന്നെയും ചോദിക്കുന്നു: അതോ ‘കാളിമ’യിൽ നിന്ന് അടിച്ചുവീശുന്ന കാറ്റോ നിന്റെ അടങ്ങാത്ത കരച്ചിലിന്റെ നിദാനം.’
മദീനയുടെ മറ്റൊരു നാമമാണ് കാളിമ എന്നത്. ദേഷ്യം അടക്കി ശാന്തനാവുക എന്നാണ് കള്മ് എന്ന പദത്തിനർത്ഥം. മദീനാവാസികൾ ദേഷ്യത്തെ അടക്കിനിർത്തി ശാന്തത കൈകൊള്ളുന്നവരായതുകൊണ്ടാണ് മദീനക്ക് ഈ നാമം ലഭിച്ചതെന്ന് അഖ്തർ റിളാഖാൻ(റ) അൽഫർദ ഫീ ശർഹി ഖസീദതിൽ ബുർദ എന്ന കൃതിയിൽ രേഖപ്പെടുത്തുന്നു. മക്കയിലേക്കുള്ള പാതയിലെ ഒരു ജലസ്രോതസ്സാണ് കാളിമയെന്നും അറബികളുടെ കവിതകളിൽ ഇത് വ്യാപകമായി കടന്നുവരാറുണ്ടെന്നും ശർഹുൽ മുതവസ്വിതയിൽ പരാമർശിക്കുന്നു. കാളിമ മദീനക്ക് സമീപമുള്ള പ്രദേശമാണെന്നും തിരുനബി(സ്വ)യുടെ ഹുജ്‌റത്തു ശരീഫയാണ് ഈ പദം കൊണ്ടുള്ള ഉദ്ദേശ്യം എന്നും വ്യത്യസ്താഭിപ്രായങ്ങളുണ്ട്. ഉദ്ദേശ്യമേതായാലും റസൂലുമായി ബന്ധമുള്ള ഒന്നാണ് ഇത്.
ആ കാളിമയിൽ നിന്ന് അടിച്ചുവീശുന്ന കാറ്റിന്റെ സുഗന്ധം അനുരാഗിയുടെ പ്രണയത്തെ ഇളക്കി വിടുകയാണ്. തിരുദൂതരുടെ ഉന്നതമായ സവിശേഷതകളും ഉൽകൃഷ്ട സ്വഭാവവുമാണ് ‘രീഹ്’ എന്നതുകൊണ്ടുള്ള താൽപര്യമെന്നും അതിനെ കുറിച്ചുള്ള സ്മരണയാണ് അനുരാഗിയിൽ പ്രണയത്തിന്റെ അലയൊലികൾ സൃഷ്ടിക്കുന്നതെന്നും അസീദത്തു ശുഹ്ദയിൽ കാണാം.
പ്രണയത്തെ നിരന്തരം നിഷേധിക്കുമ്പോഴും അനുരാഗിയെ വിടാതെ പിന്തുടരുന്നു ചോദ്യകർത്താവ്: ‘തമസുറ്റ രാത്രിയിൽ ഇളമിൽ നിന്ന് ജ്വലിക്കുന്ന മിന്നൽ പിണറാണോ ഈ രോദനത്തിന്റെ ഉത്തരവാദി?’
മദീനക്കടുത്തുള്ള ഒരു മലയാണ് ഇളം. മുഹമ്മദ് നബി(സ്വ) ഈ മലയിലേക്ക് പോവുകയും അവിടെ ഏറെ സമയം ചെലവഴിക്കുകയും ചെയ്യാറുണ്ടായിരുന്നു. അവിടെയാണ് തിളങ്ങുന്ന മിന്നൽ പിണർ അനുരാഗിയുടെ സ്‌നേഹം തിളക്കമുള്ളതാക്കുന്നത്. അത് സ്‌നേഹത്തിന്റെ സ്‌നിഗ്ധത സൃഷ്ടിക്കുന്നുണ്ട്. മിന്നൽ പിണർ തിരുപ്രകാശമാണെന്നും വ്യാഖ്യാനങ്ങളുണ്ട്. ഇരുട്ടുള്ള രാത്രിയിൽ വഴിയാത്രക്കാരൻ പരിഭ്രാന്തനാവുകയും ആശയക്കുഴപ്പത്തിലാവുകയും ചെയ്യുന്ന സമയത്ത് അവന് അഭയം നൽകുന്നത് പ്രകാശമായിരിക്കും. അതുപോലെ പ്രണയത്തിന്റെ പ്രാരംഭ ഘട്ടത്തിൽ സംഭ്രാന്തനും ആശങ്കാകുലനുമായിരുന്ന നിന്റെ പ്രണയത്തെ ഉടനടി സ്വീകരിച്ച പ്രേമഭാജനത്തെ സ്മരിച്ചാണോ നീ കരയുന്നത്. ഈയൊരുദ്ദേശ്യവും ഈ വരിക്ക് കൽപ്പിക്കാൻ സാധിക്കും.
എന്തുകൊണ്ട് നിയന്ത്രിക്കാനാവുന്നില്ല?
തെളിവുകളനേകം നിരത്തിയെങ്കിലും പ്രണയാതുരനാണ് താനെന്ന് സമ്മതിക്കാൻ അനുരാഗി തയ്യാറാവുന്നില്ല. പക്ഷേ, മറച്ചുവെക്കുമ്പോഴും സ്‌നേഹം അറിയാതെ പുറത്തേക്ക് നിർഗളിക്കുന്നുണ്ട്. അത് നിയന്ത്രിക്കാൻ അനുരാഗിക്ക് സാധിക്കുന്നുമില്ല. എങ്ങനെ സാധിക്കാനാണ്! സ്‌നേഹം നമ്മുടെ നിയന്ത്രണ പരിധിയില്ലല്ലോ. ഒന്ന് അടങ്ങൂ എന്ന് ബോധമനസ്സ് ആവശ്യപ്പെടുമ്പോഴും അത് പൂർവാധികം ശക്തിപ്രാപിക്കുകയാണ്. ഈയൊരു സന്ദർഭത്തെ പ്രണയം സ്ഥിരപ്പെടുത്താനുള്ള അവസരമായി ഉപയോഗപ്പെടുത്തുന്നു ചോദ്യകർത്താവ്: ‘പിന്നെന്തു കൊണ്ടാണ് നിൽക്കൂ എന്ന് പറയുമ്പോഴും നിന്റെ നേത്രങ്ങളിൽ നിന്ന് കണ്ണുനീർ ചാലിട്ടൊഴുകുന്നത്? അടങ്ങൂ എന്ന് കൽപ്പിക്കുമ്പോഴും ഹൃദയം പ്രകമ്പനം കൊള്ളുന്നത്!’
ദൂസലമിലെ സ്‌നേഹിതനെ ഓർത്തുകൊണ്ടോ കാളിമയിലെ കാറ്റടിച്ചു വീശിയതുകൊണ്ടോ ഇളമിലെ മിന്നൽപിണർ തിളങ്ങിയതുകൊണ്ടോ അല്ല നീ കരയുന്നതെങ്കിൽ, അഥവാ ഇത് പ്രേമകരച്ചിലല്ലെങ്കിൽ നിനക്കത് നിയന്ത്രിക്കാൻ സാധിക്കുമായിരുന്നു. കാരണം പ്രണയത്തിന് മുന്നിൽ മാത്രമാണ് ഏതൊരാളും ശിശുവാകുന്നത്. പക്ഷേ നിനക്കിപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ടുപോയിരിക്കുന്നു. അതിനാൽ തീർച്ച, ഇത് പ്രേമക്കരച്ചിൽ തന്നെ.
ഈ വരികൾക്ക് വ്യത്യസ്തങ്ങളായ പല വ്യാഖ്യാനങ്ങളും പണ്ഡിതർ കൽപിച്ചിട്ടുണ്ട്. കവിതകൾ അങ്ങനെയാണല്ലോ. കവിയുടെ തൂലികയിൽ നിന്ന് സ്വതന്ത്രമായാൽ ആ കാവ്യത്തിന്റെ അടിസ്ഥാന ലക്ഷ്യത്തോട് യോജിക്കുന്ന ഏതു വിധത്തിലും ആസ്വാദകന് വ്യാഖ്യാനിക്കാം. അത് ചിലപ്പോൾ കവി ഉദ്ദേശിച്ചതിനേക്കാൾ മനോഹരമായിരിക്കും. വരികൾക്കു കൈവരുന്ന വ്യാഖ്യാന സാധ്യതകൾ കവിയുടെ അപാരമായ കാവ്യബോധത്തെയാണ് സാക്ഷ്യപ്പെടുത്തുന്നത്. അതിനാണ് സാഹിത്യത്തിൽ ‘ഡെത്ത് ഓഫ് ഓതർ’ എന്ന് പറയാറുള്ളത്. ഖസീദത്തുൽ ബുർദയിലെ വരികൾക്ക് വളരെ മനോഹരമായ പല വിശദീകരണങ്ങളും ഗ്രന്ഥങ്ങളിൽ കാണാനാവും. പ്രത്യേകിച്ചും ഒന്നാം അധ്യായത്തിൽ അനേകം ഭാഷാപരവും സാഹിത്യപരവും ബൗദ്ധികവുമായ ചർച്ചകൾ വ്യാഖ്യാതാക്കൾ രേഖപ്പെടുത്തിയിട്ടുണ്ട്. അവയൊക്കെയും സാധാരണ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിച്ചുകൊള്ളണമെന്നില്ലെങ്കിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിൽ പരിജ്ഞാനമുള്ളവർക്ക് ഉൾക്കൊള്ളാൻ കഴിയും. കാവ്യത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന സൂക്ഷ്മ വിജ്ഞാനങ്ങളുടെ ബാഹുല്യമാണത്.
ആലാപന നേട്ടം
ഖസീദതുൽ ബുർദ സാഹിത്യരംഗത്ത് ഉത്തുംഗത കൈവരിച്ചിട്ടുണ്ടെങ്കിലും സാധാരണ ജനങ്ങൾ ബുർദയെ നെഞ്ചോടു ചേർക്കാനുള്ള കാരണങ്ങൾ അതൊന്നുമല്ല. അത് സമ്മാനിക്കുന്ന ആത്മീയോൽകർഷവും ജീവിതനേട്ടങ്ങളുമാണ്. ബുർദയിലെ ഓരോ വരിയും വ്യത്യസ്ത നേട്ടങ്ങൾക്കുള്ള ഹേതുകവും പ്രശ്‌നങ്ങൾക്കുള്ള പരിഹാരവുമായിരിക്കും. അവയുടെ ഫലങ്ങൾ പണ്ഡിതർ രേഖപ്പെടുത്തിയിട്ടുണ്ട്. ബുർദ പ്രശ്‌നങ്ങൾക്കു പരിഹാരവും ആഗ്രഹസാഫല്യത്തിന് നിദാനവുമാണെങ്കിലും ഓരോ വരിക്കും പ്രത്യേകമായ ചില ഗുണങ്ങളുണ്ട്. അവയെക്കാൾ ബുർദ നൽകുന്ന ആത്മീയാനുഭൂതിയാണ് വിശ്വാസി ഹൃദയങ്ങളിൽ ഈ കവിതയെ സ്ഥിര പ്രതിഷ്ഠമാക്കിയത്.
മിസ്അബ് മുസ്തഫ തളിപ്പറമ്പ്