അറബ് രാഷ്ട്രങ്ങൾ ഇന്നത്തെ സാമ്പത്തിക പ്രതിസന്ധി അതിജീവിക്കുമെന്ന് തന്നെയാണ് സുനിശ്ചിതമായ ഉത്തരം. മരുഭൂമിയുടെ കാർക്കശ്യത്തെ എണ്ണയുടെ അഹങ്കാരമില്ലാത്ത കാലത്ത് അതിജീവിച്ചവരാണ് അവർ. പുതിയ സംഭവവികാസങ്ങളെ വളരെ യാഥാർഥ്യ ബോധത്തോടെ അവർ വീക്ഷിക്കുന്നു. പൗരൻമാരെ ചെലവ് ചുരുക്കാൻ പരിശീലിപ്പിക്കുകയാണ് ആദ്യം ചെയ്യുന്നത്. അങ്ങനെ ചെയ്യുമ്പോഴും സൂക്ഷ്മത പാലിക്കുന്നുമുണ്ട്. പൗരൻമാർക്കിടയിൽ അതൃപ്തി പടർന്ന് കലാപമാകാതെയും നോക്കണമല്ലോ. ഗൾഫിൽ നടക്കുന്ന ഉച്ചകോടികൾക്കൊന്നും പഴയ ആർഭാടമില്ലത്രേ. പണം പുറത്തേക്കൊഴുകുന്നത് പരമാവധി തടയുകയെന്ന തന്ത്രവും പയറ്റുന്നുണ്ട്. ഫാമിലി വിസകൾ മുമ്പൊരിക്കലുമില്ലാത്ത വിധം പ്രോത്സാഹിപ്പിക്കുന്നത് ഇതിന്റെ ഭാഗമാണ്.
യു എ ഇ ഒഴികെയുള്ള ഗൾഫ് നാടുകളിൽ ഈ വർഷം അവതരിപ്പിച്ചിട്ടുള്ളത് കമ്മി ബജറ്റുകളാണ്. സഊദിയിൽ 367 ബില്യൻ റിയാലിന്റെതാണ് (97.6 ബില്യൻ ഡോളർ) കമ്മി. താരതമ്യേന ചെറിയ രാജ്യമായ ഖത്വറിൽ 46.5 ബില്യൻ റിയാലാണ് കമ്മി (12.77 ബില്യൻ ഡോളർ). ഒമാൻ 3.3 ബില്യൻ ഒമാൻ റിയാലിന്റെ (8.57 ബില്യൻ ഡോളർ) കമ്മി രേഖപ്പെടുത്തുന്നു. ബഹ്റൈനിൽ 2016-ലേക്കു വേണ്ടി നേരത്തെ അവതരിപ്പിച്ച ബജറ്റിൽ 1.505 ബില്യൻ ദിനാറാണ് കമ്മി (3.99 ബില്യൻ ഡോളർ). മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇവിടങ്ങളിലെല്ലാം ബജറ്റ് ചെലവ് നന്നായി കുറഞ്ഞിട്ടുണ്ട്. എന്നിട്ടും കമ്മി ഉയർന്നു എന്നതാണ് ഗൾഫ് ധനത്തിൽ എണ്ണ സൃഷ്ടിച്ച ആഘാതം വ്യക്തമാക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾക്കു വേണ്ടി നീക്കിവെക്കുന്ന തുകകളിൽ നീക്കുപോക്കുണ്ടാക്കില്ല എന്നു ഗവൺമെന്റുകൾ പറയുമ്പോഴും പുതിയ പദ്ധതികളെയെങ്കിലും അതു ബാധിക്കുമെന്നാണ് നിരീക്ഷണങ്ങൾ. സഊദിയിലും ഖത്വറിലും യു എ ഇയിലും നടന്നു വരുന്ന റെയിൽ പദ്ധതികളും ഖത്വറിലെ ലോകകപ്പ് 2022-നു വേണ്ടിയുള്ള തയ്യാറെടുപ്പുകളും തടസ്സമില്ലാതെ മുന്നോട്ടു പോകുമെന്ന് സർക്കാറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സൗജന്യങ്ങൾ കുറക്കുക എന്നതാണ് ഗൾഫ് ഭരണകൂടങ്ങൾ പൊതുവായി മുന്നോട്ടു വെച്ചിട്ടുള്ള ആശയം. ഇതിന്റെ ഭാഗമായാണ് ആഭ്യന്തര വിപണിയിൽ എണ്ണ വില ഉയർത്തിയത്. സഊദി അറേബ്യയുടെ ബജറ്റ് പ്രഖ്യാപനം വന്ന ദിവസം തന്നെ എണ്ണവില ഉയർന്നു. സബ്സിഡികൾ ഇല്ലാതാകുന്നത് എണ്ണയിൽ മാത്രമായിരിക്കില്ല, വെള്ളം, വൈദ്യുതി, ഗ്യാസ്, ഭക്ഷ്യോത്പന്നങ്ങൾ എന്നിവയിലെല്ലാമായിരിക്കും. ഇത് ഫലത്തിൽ നിത്യജീവിത ചെലവ് ഉയർത്തും. പ്രവാസികൾക്കാണ് അധികച്ചെലവിന്റെ അസഹ്യത കൂടുതലായുണ്ടാകുക.
നിരവധി സാമ്പത്തിക പരിഷ്കാരങ്ങൾക്ക് അവർ തുടക്കം കുറിച്ചു. മൂല്യ വർധിത നികുതി ഏർപ്പെടുത്താൻ ഗൾഫ് രാജ്യങ്ങളുടെ സംയുക്ത സഹകരണ വേദിയായ ജി സി സി (ഗൾഫ് കോ ഓപറേഷൻ കൗൺസിൽ) തീരുമാനമെടുക്കുകയും ചെയ്തിരിക്കുന്നു. ഈ വർഷം മധ്യത്തോടെ യാഥാർഥ്യമാക്കാൻ റിയാദ് ജി സി സി ഉച്ചകോടി തീരുമാനിച്ച ഗൾഫ് കസ്റ്റംസ് യൂണിയനും നേരത്തേ ഗൾഫ് രാജ്യങ്ങളുടെ പരിഗണനയിലുള്ള ഗൾഫ് മോണിറ്ററി ഫണ്ടും പ്രാബല്യത്തിൽ വരുന്നതോടെ ഗൾഫ് സമ്പദ്വ്യവസ്ഥയിൽ ഐക്യവും ശക്തിയും വർധിക്കും. ഗൾഫ് ഏകീകൃത കറൻസി നിർദേശവും പരിഗണനയിലുണ്ട്. എണ്ണയിതര വരുമാന മാർഗങ്ങൾ ആരായുന്നുവെന്നതാണ് ശ്രദ്ധേയമായ മാറ്റൊരു കാര്യം. വിനോദസഞ്ചാരത്തെ വ്യാവസായികമായി വളർത്താനുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. വിദ്യാഭ്യാസം, കായികം, റിയൽ എസ്റ്റേറ്റ് തുടങ്ങിയ നിക്ഷേപ സാധ്യതകളുടെ കേന്ദ്രമായി ഗൾഫിനെ പരിവർത്തിപ്പിക്കാനുള്ള ശ്രമം വിജയം കാണുന്നുണ്ട്. ഇന്ത്യ, ചൈന എന്നിവയുമായി വിവിധ ഗൾഫ് രാഷ്ട്രങ്ങൾ ഈയടുത്ത് ഒപ്പുവെച്ച കരാറുകൾ പരിശോധിച്ചാൽ ഈ ചുവടുമാറ്റം വ്യക്തമാകും.
മൂല്യവർധിത നികുതിയും സ്വദേശികളെ തൊഴിൽ സേനയിൽ കൂടുതലായി ഉപയോഗിക്കാനുള്ള തീരുമാനവും പ്രവാസി സമൂഹത്തെ ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. എന്നാൽ അത് ദീർഘകാല ആശങ്കയായി കാണുന്നതിൽ അർഥമില്ല. പുതിയ സാഹചര്യങ്ങളോട് പ്രവാസി സമൂഹത്തിന് ഇണങ്ങി പോകാൻ കഴിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കേണ്ടത്. വാറ്റ് വരുന്നത് പുതിയ സംരംഭങ്ങൾ തുടങ്ങാനിരിക്കുന്ന പ്രവാസികളെ കുഴക്കും. യു എ ഇയിൽ അടുത്ത വർഷം തന്നെ വാറ്റ് വരുമെന്നാണ് കേൾക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം, ഭക്ഷ്യ വിഭവങ്ങൾ തുടങ്ങിയവയെ വാറ്റിൽ നിന്ന് ഒഴിവാക്കും. എന്നുവെച്ചാൽ സംരംഭങ്ങൾ തുടങ്ങുന്നതിൽ തിരഞ്ഞെടുപ്പ് പ്രധാനമാകും എന്ന് തന്നെ. അഞ്ച് ശതമാനം വാറ്റ് ചുമത്തിയാൽ മതിയെന്ന നിലപാടിലാണ് ഗൾഫ് ഭരണകൂടങ്ങൾ. എന്നാൽ ഐ എം എഫ് നിർദേശിക്കുന്നത് പത്ത് ശതമാനമാണ്. സ്വദേശികളെ തൊഴിലിലേക്ക് ആകർഷിക്കുകയെന്നത് നയമാകുമ്പോൾ സർക്കാർ, അർധ സർക്കാർ മേഖലയിൽ പ്രവാസികൾക്ക് പകരമായി സ്വദേശികളെ ഉപയോഗിക്കുന്ന സ്ഥിതിയുണ്ടാകും. ഈ സ്ഥിതിവിശേഷം ചൂണ്ടിക്കാട്ടിയാണ് ഗൾഫിന്റെ കാലം കഴിഞ്ഞുവെന്ന് ചിലർ നെടുവീർപ്പിടുന്നത്. കുവൈത്ത് ആക്രമണ സമയത്തും 2008-ലെ മാന്ദ്യ സമയത്തും ഇതേ മുറവിളി കേട്ടതാണ്. ഗൾഫിലെ സ്ഥിതിയൊക്കെ എങ്ങനെയാ? എന്ന് ചോദിക്കുന്നവരോട് എല്ലാ കാലത്തും ‘ആ സ്വപ്നം കഴിഞ്ഞു’വെന്ന മറുപടി ഉണ്ടായിട്ടുണ്ട്. എന്നാൽ അപ്പോഴെല്ലാം പുതിയ മരുപ്പച്ചകൾ ഉണ്ടായിട്ടുമുണ്ട്. (ഇവിടെ ഒരു കാര്യം കൂടി പ്രസക്തമാണ്. മലയാളി വേദനാപൂർണമായ പുറപ്പാടുകൾക്ക് തയ്യാറായത് പൊതുവെ അന്നത്തിനായോ നാണം മറക്കാനുള്ള ഉടുപ്പിനോ അല്ല. മറിച്ച് ജീവിത സൗകര്യങ്ങൾക്ക് വേണ്ടിയാണ്. പുതിയ പ്രതിസന്ധികൾ രൂക്ഷമായാൽ പ്രവാസത്തിന്റെ അനുഭവ സമ്പത്തുമായി മലയാളി മറ്റിടങ്ങളിലേക്ക് ചേക്കേറിയേക്കാം. പ്രവാസം അവസാനിക്കുകയല്ല, ദിശ മാറുകയാണ് ചെയ്യുക)
ഈ പരിവർത്തന ഘട്ടത്തിൽ ഗൾഫ് ഭരണകൂടങ്ങൾ പ്രവാസികളുടെ മാനവവിഭവ ശേഷി വേണ്ടെന്നു വെക്കുകയല്ല ഫലപ്രദമായി ഉപയോഗിക്കുകയാകും ചെയ്യുക. വിദേശ ജനസഞ്ചയത്തെ സമ്പൂർണമായി നിരാകരിച്ചു കൊണ്ട് ഒരടി മുന്നോട്ട് നീങ്ങാൻ ഈ സമ്പദ്വ്യവസ്ഥകൾക്ക് സാധ്യമല്ല. സമ്പത്ത് കാലത്ത് തങ്ങളെ ചേർത്ത് പിടിച്ച ഈ ഭൂമികയെ ആപത്ത് കാലത്ത് സഹായിക്കാനുള്ള ബാധ്യത പ്രവാസികൾക്കുണ്ട്. പാശ്ചാത്യർ അടിച്ചു വിടുന്ന നെഗറ്റീവ് പ്രൊപ്പഗാന്റയല്ല, ഗൾഫിന്റെ അതിജീവനത്തിന്റെ ഗാഥകളാണ് പ്രവാസികൾ ഏറ്റുപാടേണ്ടത്. സമ്പത്തിന്റെ ബുദ്ധിപൂർവമായ ഉപയോഗമെന്ന തത്ത്വമാണ് ഗൾഫ് ഭരണകർത്താക്കൾ മുന്നോട്ട് വെക്കുന്നത്. ഇത് തങ്ങൾക്കു കൂടിയുള്ള സന്ദേശമാണെന്ന് പ്രവാസികളും അവരുടെ കുടുംബങ്ങളും തിരിച്ചറിയേണ്ടതുണ്ട്.
സ്റ്റോപ് പ്രസ്സ്: സംഗതി ഇങ്ങനെയൊക്കെയാണെങ്കിലും ഇന്നും ഗൾഫ് രാജ്യങ്ങൾക്ക് ബുദ്ധിയുപദേശിക്കുന്നത് പാശ്ചാത്യ വിദഗ്ധർ തന്നെയാണ്. പണ്ട് ധൂർത്തിന്റെ പാഠം പഠിപ്പിച്ചതിന് അവർ ലക്ഷക്കണക്കിന് ഡോളർ ശമ്പളമായും സമ്മാനമായും കൈപ്പറ്റി. ഇന്ന് കഷ്ടകാലത്ത് മറുബുദ്ധി ഉപദേശിച്ചും പണം കൊയ്യുന്നു!