പുതിയ അധ്യയന വർഷത്തേക്കുള്ള ഒരുക്കത്തിന്റെ സമയമാണിത്. എസ്എസ്എൽസിയും പ്ലസ്ടുവും ഡിഗ്രിയുമൊക്കെ കഴിഞ്ഞവർക്ക് തിരഞ്ഞെടുപ്പിന്റെ സമയവുമാണ്. മുന്നിൽ നിരവധി വഴികളാണുള്ളത്. ആ വഴികളുടെ തിരഞ്ഞെടുപ്പ് വളരെ പ്രധാനമാണ്. ഒന്ന് പിഴച്ചാൽ ചിലപ്പോൾ തിരിച്ചുവരവുതന്നെ പ്രയാസമാകും. അല്ലെങ്കിൽ ഒരു വർഷമെങ്കിലും നഷ്ടപ്പെടും. അതോടെ പഠന ജീവിതത്തിന്റെ ഒഴുക്ക് നിലച്ചേക്കാം.
പല കോഴ്സുകളും എടുത്തു കുടുങ്ങിയവർ നാടുനീളെ കാണാം. എന്തൊക്കെയോ ആകുമായിരുന്ന അവർ മറ്റെന്തൊക്കെയോ ആകാൻ ശ്രമിക്കുകയും എവിടെയുമെത്താതെ ഉഴറുകയും ചെയ്യുകയാണ്. ഓരോരുത്തരുടെയും കഴിവും കഴിവുകേടും കണക്കിലെടുക്കാതെയുള്ള തിരഞ്ഞെടുപ്പാണ് പ്രശ്‌നമായത്.
പത്താം ക്ലാസാണ് ഒരു നിർണായക ഘട്ടം. നഴ്‌സറി മുതൽ പത്താം ക്ലാസ് വരെയുള്ള പഠനം ഏറെക്കുറെ ഒരൊഴുക്കാണ്. എന്നാൽ, അതിനു ശേഷമുള്ള ഹയർ സെക്കൻഡറി മുതൽ തിരഞ്ഞെടുപ്പുകളുടെ വലിയ ലോകം ആരംഭിക്കുന്നു. അഞ്ചാം ക്ലാസിലേക്ക് കടക്കുമ്പോൾ രണ്ടാം ഭാഷ തിരഞ്ഞെടുക്കാറുണ്ട്. എന്നാൽ, അത്ര ചില്ലറ കാര്യമല്ല പ്ലസ് വണ്ണിൽ സയൻസും കോമേഴ്‌സും ഹ്യൂമാനിറ്റീസും, അതല്ല വിഎച്ച്എസ്ഇയുമൊക്കെ തിരഞ്ഞെടുക്കൽ. തുടർന്നുള്ള പഠനവും കരിയറുമെല്ലാം ആസ്പദമാക്കിയിരിക്കുന്നത് പ്ലസ്ടു പഠനത്തെയാണ്. മിക്ക ഡിഗ്രി കോഴ്‌സുകളും ഹയർ സെക്കൻഡറിയിൽ എടുക്കുന്ന ഗ്രൂപ്പിന്റെ തുടച്ചയാണ്.
എന്നാൽ, ഇവിടെ വ്യാപകമായി നടക്കുന്നത് തെറ്റോ ശരിയോ എന്നറിയാത്ത അനുകരണമാണ്. സഹപാഠിയെയോ കുടുംബത്തിലെയും പരിചയത്തിലെയും മുതിർന്നവരെയോ ഒക്കെ അനുകരിച്ചുകൊണ്ടാണ് കുട്ടികൾ പലരും ഗ്രൂപ്പ് എടുക്കുന്നത്. മറ്റൊരു വശത്ത് രക്ഷിതാക്കളാണ് കുട്ടികളുടെ ഗ്രൂപ്പ് നിർണയിക്കുന്നത്. ഇതും തെറ്റായ പ്രവണതയാണ്. ഓരോരുത്തരുടെയും കഴിവും അഭിരുചിയും വ്യത്യസ്തമായിരിക്കും. അതിനനുസരിച്ചുള്ള തിരഞ്ഞെടുപ്പുകൾ സാധ്യമാകണം. അത് രക്ഷിതാവ് ഒറ്റക്കല്ല തീരുമാനിക്കേണ്ടത്. കുട്ടികൾക്ക് വഴികാട്ടിയായി, അല്ലെങ്കിൽ സഹായിയായി പ്രവർത്തിക്കുകയാണ് വേണ്ടത്. പല രക്ഷിതാക്കളും ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചോ കുട്ടിയുടെ അഭിരുചിയെ കുറിച്ചോ വലിയ കാഴ്ചപ്പാടുള്ളവരാകണമെന്നില്ല. അതുകൊണ്ടുതന്നെ ആരോടെങ്കിലും അഭിപ്രായം തേടണം.
എന്നാൽ, അഭിപ്രായം തേടുന്ന ആളെ തിരഞ്ഞെടുക്കുന്നിടത്തും ശ്രദ്ധിക്കേണ്ടതുണ്ട്. നന്മ കാംക്ഷിച്ചുകൊണ്ടും സ്വാർത്ഥ താൽപര്യങ്ങളില്ലാതെയും തന്റെ കുട്ടിയുടെ ഭാവി നിർണയിക്കാൻ കഴിവും പ്രാപ്തിയുമുള്ള ആളോടാകണം അഭിപ്രായം തേടൽ. അതിലപ്പുറം, തന്നോട് ആരെങ്കിലും അഭിപ്രായമാരാഞ്ഞാൽ ആ കുട്ടിയുടെ കഴിവും കഴിവുകേടും പരിശോധിച്ച് അവരെ വഴിനടത്തുകയും വേണം. അല്ലാതെ റിക്രൂട്ട്‌മെന്റ് നടത്തുന്നത് തീർത്തും തെറ്റാണ്. താൻ പഠിച്ച കോഴ്‌സും സ്ഥാപനവും വളരെ മികച്ചതാണെന്ന് തോന്നിപ്പിക്കുന്നതിന് വേണ്ടി റിക്രൂട്ട്മെന്റ് ചെയ്യുന്നത് വളരെ തെറ്റായ പ്രവണതയാണ്. ഭിന്നശേഷിയും ഭിന്നപരിമിതിയും എല്ലാം മനുഷ്യ സഹജമാണ്. എല്ലാവരും തുല്യരല്ലല്ലോ, പലരും പല അവസ്ഥയിലും നിലയിലുമാണ്. അതിനനുസരിച്ചുള്ള തിരഞ്ഞെടുപ്പാണ് നടക്കേണ്ടത്.

സയൻസ് എടുക്കുന്നതിലെ ഔന്നത്യം

സയൻസാണ് നല്ല ഗ്രൂപ്പ് എന്നൊരു തോന്നൽ വ്യാപകമാണ്. എസ്എസ്എൽസിക്ക് നല്ല മാർക്കുള്ളവർക്ക് മാത്രമേ സയൻസ് ഗ്രൂപ്പിന് അഡ്മിഷൻ ലഭിക്കുകയുള്ളൂ എന്നത് ശരിയാണ്. എന്നാൽ, മികവുള്ളവർക്ക് സയൻസ് ഗ്രൂപ്പ് മാത്രമാണ് നല്ലതെന്നത് തെറ്റായ ധാരണയാണ്. സിവിൽ സർവീസ് ഉൾപ്പെടെയുള്ള ഉന്നത മേഖലകളിലെത്തിയ പലരും ഹ്യൂമാനിറ്റീസും കൊമേഴ്‌സുമൊക്കെ പഠിച്ചവരാണ്.
മെഡിക്കൽ, എൻജിനീയറിംഗ്, എയറോനോട്ടിക്കൽ പോലുള്ള മേഖലകളിലെ കരിയർ സ്വപ്നം കാണുന്നവർ സയൻസ് തന്നെ പഠിച്ചിരിക്കണം. അക്കൗണ്ടിംഗ് പോലുള്ള മേഖലകളിലെ ജോലികൾ സ്വപ്നം കാണുന്നവർക്ക് കൊമേഴ്‌സ് ഗ്രൂപ്പാണ് അഭികാമ്യം. അതേസമയം, ചരിത്രം ഉൾപ്പെടെയുള്ള സാമൂഹ്യശാസ്ത്ര വിഷയങ്ങൾ പഠിക്കാനും ഗവേഷണം നടത്താനും താൽപര്യമുള്ളവർക്ക് ഹ്യൂമാനിറ്റീസ് നല്ല ഒപ്ഷനാണ്. വിഎച്ച്എസ്ഇ പോലുള്ളവ തിരഞ്ഞെടുക്കുന്നവർക്ക് ഏതെങ്കിലുമൊരു തൊഴിൽ മേഖലയിൽ നൈപുണ്യം ലഭിക്കുന്നതാണ്.
ചില വിദ്യാലയ നടത്തിപ്പുകാർ ക്രൂരമായ സ്വാർത്ഥതയാണ് നടപ്പാക്കുന്നത്. സീറ്റ് തികച്ച് ഡിവിഷൻ നിലനിർത്താൻ വേണ്ടി യാതൊരു കഴിവുമില്ലാത്ത കുട്ടിയെ സയൻസ് ക്ലാസിൽ വരെ കയറ്റിയിരുത്താറുണ്ട്. അധ്യാപകരുടെയും മാനേജ്‌മെന്റിന്റെയും അത്തരം പ്രവർത്തനങ്ങൾ മഹാചതിയാണ്. നിങ്ങളെ വിശ്വസിച്ച ആ രക്ഷിതാവിനെ നിങ്ങളുടെ സ്വാർത്ഥതക്ക് വേണ്ടി ‘കുളിപ്പിച്ചു കിടത്തുകയാണ്’ നിങ്ങൾ.
സ്വാധീനം ഉപയോഗിച്ചും പണമെറിഞ്ഞും മാനേജ്‌മെന്റ് ക്വാട്ടയിൽ രക്ഷിതാക്കൾ വിലയ്ക്ക് വാങ്ങുന്ന സീറ്റുകൾ കുട്ടികൾക്ക് ഊരാക്കുടുക്കായി മാറാറുണ്ട്. ഡിഗ്രിക്ക് ബിഎ ഇംഗ്ലീഷ് എടുക്കുന്നതിലും ഒരുതരം ദുരഭിമാനം കാണാറുണ്ട്. പ്ലസ്ടുവിന് സയൻസ് എടുക്കുന്നതുപോലെ തന്നെ വയ്യാവേലിയാണ് പലർക്കും ബിഎ ഇംഗ്ലീഷ്.
നേരത്തെ, മാർക്കോ എ പ്ലസിന്റെ എണ്ണമോ ഒക്കെ നോക്കി തുടർപഠന പാത തിരഞ്ഞെടുക്കാൻ സൗകര്യമുണ്ടായിരുന്നു. ഇപ്പോൾ ഫുൾ എ പ്ലസ് നേടുന്നവരുടെ എണ്ണം വർധിച്ചതുകൊണ്ട് തന്നെ അത്തരമൊരു തിരഞ്ഞെടുപ്പ് അസാധ്യമാണ്. ഫുൾ എ പ്ലസുകാർ പോലും ഉദ്ദേശിച്ച സ്‌കൂളുകളിൽ/ കോഴ്‌സിന് പ്രവേശനം ലഭിക്കാതെ പ്രയാസപ്പെടുന്നു. ഈ സാഹചര്യത്തിൽ കുട്ടിക്ക് അനുയോജ്യമായ ഗ്രൂപ്പ് ഏതാണെന്ന് കണ്ടെത്തുന്നതിന് കൃത്യമായ ഗൈഡൻസ് ലഭിക്കേണ്ടതുണ്ട്.

കരിയർ ഗൈഡൻസിന്റെ ‘അവസ്ഥ’

സ്‌കൂൾ അധികൃതരും വിദ്യാർത്ഥി സംഘടനകളും അയൽക്കൂട്ടങ്ങളും ക്ലബ്ബുകളുമെല്ലാം പലയിടത്തും കരിയർ ഗൈഡൻസ് ക്ലാസുകൾ നടത്താറുണ്ട്. എന്നാൽ, ഇതിന്റെ ഫലം പലപ്പോഴും ലക്ഷ്യത്തിലെത്തുന്നില്ല. ഒരു കാരണം കുട്ടികളുടെ പ്രാതിനിധ്യമാണ്. ഗൗരവത്തോടെ ഇത്തരം ക്ലാസുകളിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ കുറവാണ്. ഉപയോഗപ്പെടുത്തുന്നവർക്ക് ജീവിതത്തിൽ എവിടെയെങ്കിലും എത്താൻ പറ്റാറുമുണ്ട്.
കുട്ടികൾക്ക് മാത്രമല്ല രക്ഷിതാക്കൾക്കും കൃത്യമായ ഗൈഡൻസ് ലഭിക്കേണ്ടതുണ്ട്. കുട്ടി എന്താണ് പഠിക്കുന്നത്, അവന്റെ കഴിവ് എന്താണ്, ആഗ്രഹമെന്താണ്, അവന്റെ ലക്ഷ്യമെന്താണ്, അതിനുള്ള വഴിയെന്താണ്, അത് തനിക്ക് എങ്ങനെ സാധ്യമാക്കാം തുടങ്ങിയ കാര്യങ്ങളിൽ ഓരോ രക്ഷിതാവിനും കൃത്യമായ ധാരണയുണ്ടാകേണ്ടതുണ്ട്. ചിലയിടത്ത് രക്ഷിതാക്കൾ തങ്ങളുടെ ആഗ്രഹം മക്കളുടെ മേൽ അടിച്ചേൽപിക്കുകയാണ് ചെയ്യുന്നത്. ഇവിടെയും അനുകരണങ്ങളാണ് വില്ലൻ.

ഇന്നത്തെ ട്രെൻഡല്ല,
നാളത്തേത് പഠിക്കണം

വസ്ത്രങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ മോഡലുകളും ട്രെൻഡും മാറുന്നത് പോലെ അനുനിമിഷം മാറിക്കൊണ്ടിരിക്കുന്നതാണ് ഉന്നത പഠനത്തിലെ ട്രെൻഡുകൾ. നേരത്തെ ഹാർഡ് വെയർ എഞ്ചിനീയർമാർക്ക് വലിയ ഡിമാന്റുണ്ടായിരുന്ന സമയത്ത് നാട്ടിൽ പലരും ഹാർഡ് വെയർ പഠിക്കാൻ പോയി. എന്നാൽ, അവർ പഠനം പൂർത്തീകരിച്ചപ്പോഴേക്ക് സോഫ്റ്റ് വെയർ എഞ്ചിനീയർമാരുടെ സുവർണ കാലമായിമാറി. ഇടക്കാലത്ത് ചാർട്ടേഡ് എക്കൗണ്ടന്റ്മാരുടെ കാലമായി. ഇത് എവിടെയെത്തുമെന്നറിയില്ല. ചാറ്റ് ജിപിടിയും ആർടിഫിഷ്യൽ ഇന്റലിജൻസുമെല്ലാമാണ് ഇന്നത്തെ ട്രെൻഡ്.
ട്രെൻഡിന്റെ കാര്യം പലപ്പോഴും പ്രവചനാതീതമാണെങ്കിലും ഏത് ഫീൽഡിലും മികച്ചവർക്ക് അവസരമുണ്ടെന്നതാണ് വസ്തുത. ഞാനും ഒരു എഞ്ചിനീയറാണെന്ന തരത്തിൽ ബി ടെക്ക് കഴിഞ്ഞ പലരും തൊഴിൽ രഹിതരായി നടക്കുമ്പോൾ തന്നെ ലക്ഷങ്ങളുടെ വരുമാനമുള്ളവരും നാട്ടിലുണ്ട്. ഒഴുക്കിനൊത്ത് നീങ്ങുന്നതിന് പകരം കൂടുതലായി പലതും സ്വായത്തമാക്കിയവർക്കാണ് മികച്ച അവസരങ്ങളുണ്ടാവുക.

വ്യാജന്മാരുടെ
കെണിവലകളെ കരുതുക

വിദ്യാഭ്യാസ മേഖല ഇന്ന് വ്യാജന്മാരുടെ കൂത്തരങ്ങാണ്. യാതൊരുവിധ അംഗീകാരവുമില്ലാത്ത യൂണിവേഴ്സിറ്റികളുടെയും കോഴ്‌സുകളുടെയും പെരുമഴ കാണാം. അൽപം പണം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ ഡോക്ടറേറ്റ് വരെ വിപണിയിൽ സുലഭമായ അവസ്ഥയാണ്. ഈ ലക്ഷ്യത്തോടെ തുറന്നുവെച്ച ‘ഒറ്റ മുറി യൂണിവേഴ്‌സിറ്റികൾ’ അനേകം!
പിഎസ്‌സിയുടെയോ യുജിസിയുടെയോ അംഗീകാരമില്ലാത്ത ഇതര സംസ്ഥാന- വിദേശ യൂണിവേഴ്സിറ്റികളിൽ നിന്നാണ് യഥേഷ്ടം ഡിഗ്രിയും പിജിയും ഡോക്ടറേറ്റും നൽകുന്നത്. എംബിബിഎസും എംബിഎയുമൊക്കെ വിദേശത്ത് പോയി പഠിക്കുന്നവരിലും ഇത്തരം കെണിവലകളിൽ വീണവരുണ്ട്. അതിലപ്പുറം, ഇവരൊക്കെ കുറിച്ചുതരുന്ന മരുന്ന് കഴിക്കേണ്ടിവരുന്നവരുടെ അവസ്ഥയാണ് ഭീതിതം.
പ്രവാചക വൈദ്യം, ഖുർആൻ ചികിത്സ മുതൽ ലോകമാകെ അംഗീകരിക്കപ്പെട്ട മഹത്തുക്കളുടെ പേരിൽ വരെ വ്യാജ യൂണിവേഴ്സിറ്റികളുണ്ട്. അധ്വാനമൊന്നുമില്ലാതെ ഡോ.യും മറ്റും പേരിനൊപ്പം ചേർക്കാമെന്ന് കേൾക്കുമ്പോൾ വീണുപോകുന്നത് നിരവധി പേരാണ്. അതിനായി മാളുകളിലും മറ്റും പെട്ടിപ്പീടിക തുറന്നുവെച്ച് ഏജന്റുമാരും നാടുനീളെയുണ്ട്.
സനദ് ദാനമെന്ന പേരിൽ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ ഉന്നതരെ ആരെയെങ്കിലും വിളിച്ചുവരുത്തി കൊട്ടിഘോഷിച്ച് സർട്ടിഫിക്കറ്റെന്ന കടലാസ് നന്നായി ലാമിനേറ്റ് ചെയ്ത് സമ്മാനിക്കും. പ്രൗഢിയുള്ള കോട്ടും തൊപ്പിയുമൊക്കെ നൽകി ഫോട്ടോയുമെടുത്ത് തന്ന് സന്തോഷിപ്പിക്കുകയും ചെയ്യും. പലരുടെയും ‘കൺവെക്കേഷനുകൾ’ പോലും വാടക ഓഡിറ്റോറിയത്തിലായിരിക്കും. ഇത്തരം പല യൂണിവേഴ്‌സിറ്റികളുടെയും ക്യാമ്പസ് അന്വേഷിച്ചു ചെന്നാൽ പരമ രസമാണ്. ഒരു അക്ഷയ സെന്ററിന്റെ സൗകര്യം പോലുമില്ലാത്ത കേന്ദ്രങ്ങളാണ് യൂണിവേഴ്സിറ്റികളുടെ ബോർഡും വെച്ചിരിക്കുന്നത്.
വർഷങ്ങൾ നീണ്ട ഗവേഷണങ്ങളും നിരീക്ഷണങ്ങളും നടത്തി തിസീസുൾപ്പെടെയുള്ള കടമ്പകൾ താണ്ടി ഡോക്ടറേറ്റെടുക്കുന്നവരാണ് ഇവിടെ യഥാർത്ഥത്തിൽ പുച്ഛിക്കപ്പെടുന്നത്. കൃത്യമായ അന്വേഷണം നടത്തി മാത്രം യൂണിവേഴ്‌സിറ്റികളും കോഴ്‌സുകളും തിരഞ്ഞെടുക്കാൻ നാം പഠിക്കേണ്ടിയിരിക്കുന്നു. അദാനി നിർമിച്ചതായി ഹിൻഡൻബർഗ് കണ്ടെത്തിയ ഷെൽ കമ്പനികളെന്ന പോലെ കടലാസു സർവകലാശാലകൾക്ക് യാതൊരു പഞ്ഞവുമില്ല. യൂണിവേഴ്‌സിറ്റികളുടെ പേരുപോലും കൃത്യമായി പരിശോധിച്ചാവണം പ്രവേശനം നേടുന്നത്. സാമ്യതകൾ വെച്ചാണ് ചിലരുടെ കളിയെന്നതു തന്നെ കാരണം.
അതോടൊപ്പം, ഡോക്ടറേറ്റും മറ്റും നേടിയെന്നവകാശവാദമുന്നയിക്കുന്നവർക്ക് പൗരസ്വീകരണവും അഭിനന്ദന വേദികളുമൊരുക്കുന്നതിൽ സംഘടനകളും നാട്ടുകാരും അൽപം ജാഗ്രത പുലർത്തണം.

ഉന്നത മതപഠനം

മതപഠനം ഏറെ മഹത്ത്വമുള്ളതും പ്രതിഫലാർഹവുമാണ്. പ്രാഥമിക മതപഠനം ഓരോ വിശ്വാസിക്കും അനിവാര്യം. കർമപരവും വിശ്വാസപരവും ആത്മീയവുമായ കാര്യങ്ങളിലെ പ്രാഥമിക പാഠമാണ് മദ്‌റസകളിൽ നടക്കുന്നത്. അതിലപ്പുറമുള്ള ഉന്നത പഠനം നടക്കുന്നത് ദർസുകളിലും ദഅ്‌വാ കോളേജുകളിലും ശരീഅത്ത് കോളേജുകളിലുമാണ്. എന്നാൽ, എല്ലാവർക്കും ഇത് പ്രാപ്യമാണോ എന്നത് ചർച്ചയാവേണ്ടതുണ്ട്.
മുമ്പൊരു കുട്ടിയെ പരിചയപ്പെടുകയുണ്ടായി. ഉമ്മയുടെ മരണാസന്ന സമയത്തെ ആഗ്രഹ പ്രകാരമാണ് അവൻ മതപഠനം തിരഞ്ഞെടുത്തത്. എന്നാൽ, കുട്ടി മദ്‌റസാ പഠനം പോലും വേണ്ടപോലെ പൂർത്തിയാക്കിയിരുന്നില്ല. മാത്രമല്ല, ഉന്നത മതപഠനത്തിൽ താൽപര്യമുള്ള ആളുമായിരുന്നില്ല. സയൻസും ബിഎ ഇംഗ്ലീഷുമൊക്കെ എടുത്ത് കുടുങ്ങിയവരെപ്പോലെ തന്നെ ഉന്നത മതപഠനം തിരഞ്ഞെടുത്ത് കുടുങ്ങിയ ഒരു കക്ഷി! പരിതാപകരമാണീ അവസ്ഥ.
നല്ല ബുദ്ധിയും യുക്തിയും ഓർമശക്തിയും ആവശ്യമായ മേഖലയാണ് മതപഠനം. അത്തരക്കാരെ മതപഠന മേഖലയിലെത്തിക്കാനാണ് ശ്രമങ്ങളുണ്ടാവേണ്ടത്. കർമശാസ്ത്രത്തിനും വിശ്വാസശാസ്ത്രത്തിനും ഭാഷാ പഠനത്തിനുമപ്പുറം തർക്കശാസ്ത്രവും ഗോളശാസ്ത്രവും ജ്യോതിശാസ്ത്രവും വരെ പഠനവിധേയമാക്കുന്നതാണ് ദർസ്, ദഅ്വ, ശരീഅത്ത് സിലബസുകൾ. ഇതൊക്കെ പഠിച്ചെടുത്ത മികച്ച നേതൃപാടവമുള്ളവരെയാണ് സമൂഹത്തിനാവശ്യം. ഒഴുക്കിനൊത്ത് നീന്തി ‘കോഴ്സ്’ പൂർത്തീകരിക്കുന്നതിനപ്പുറം മൾട്ടി ടാലന്റഡായ പണ്ഡിതരെയാണ് വളർത്തിയെടുക്കേണ്ടത്.

 

മൻസൂർ എ ഖാദിർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ