ലോകമൊന്നാകെ ഭീതിയോടെ നോക്കുന്ന മഹാമാരിയാണ് എയ്ഡ്സ്. മനുഷ്യചരിത്രത്തിലെ ഏറ്റവും ദാരുണമായ പകര്‍ച്ചവ്യാധി. ഇന്നുവരെ അറിയപ്പെട്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും ഭീകരനാണ് മരുന്ന് കണ്ട്പിടിക്കപ്പെട്ടിട്ടില്ലാത്ത ഈ രോഗം. ആളെക്കൊല്ലികളായ അസംഖ്യം രോഗങ്ങളെ അടിച്ചമര്‍ത്താന്‍ ആധുനിക വ്യൈ ശാസ്ത്രത്തിന് കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ 21ാം നൂറ്റാണ്ടിലെ സകല ഉത്ഥാനത്തേയും തകിടം മറിച്ച് ആര്‍ക്കും പിടുകൊടുക്കാതെ അതിശീഘ്രം മുന്നോട്ട് പോവുകയാണ് എയ്ഡ്സ്.
ലോകത്താകെ മുപ്പത്തിയഞ്ച് ദശലക്ഷത്തിലധികം എയ്ഡ്സ് രോഗികളുണ്ടെന്നാണ് കണക്ക്. ശക്തമായ ബോധവല്‍ക്കരണ പരിപാടികളും ആരോഗ്യ പരിഷ്കരണ സംവിധാനങ്ങളുണ്ടായിട്ടും പ്രതിവര്‍ഷം 20 ലക്ഷം പേര്‍ക്കെങ്കിലും പുതുതായി രോഗം ബാധിക്കുന്നു. യു എന്‍ പുറത്ത് വിട്ട ഈ കണക്കുകള്‍ മാത്രം മതി എയ്ഡ്സ് ദുരന്തത്തിന്റെ ആഴവും പരപ്പും മനസ്സിലാക്കാന്‍.
ശരീരത്തിന്റെ രോഗപ്രതിരോധ ശക്തിയെ ദുര്‍ബലമാക്കി സമ്പൂര്‍ണമായി നശിപ്പിക്കുകയാണ് എയ്ഡ്സ് ചെയ്യുന്നത്. സാധാരണഗതിയില്‍ ഒരാളുടെ ശരീരത്തിന് വൈറസ് ബാധയുണ്ടായാല്‍ ശരീരത്തില്‍ ഉടന്‍ തന്നെ ആന്റിബോഡികള്‍ ഉല്‍പ്പാദിപ്പിക്കപ്പെടും. എന്നാല്‍ എച് ഐ വി ബാധയുണ്ടാകുമ്പോള്‍ നിര്‍മിക്കപ്പെടുന്ന ആന്റിബോഡികള്‍ക്ക് വൈറസിനെതിരെ പൊരുതി അവയെ നിര്‍ജീവമാക്കുവാന്‍ സാധ്യമല്ല. ഈ അവസ്ഥയിലാണ് ഒരാള്‍ എയ്ഡ്സിന് കാരണമായ എച് ഐ വി പോസറ്റീവ് ആണെന്ന് പറയുന്നത്. അയാളുടെ ശരീരത്തില്‍ എച് ഐ വി ഉണ്ടെന്നര്‍ത്ഥം.
അണുബാധയുടെ ആദ്യ ഘട്ടങ്ങളില്‍ രോഗബാധിതര്‍ക്ക് സാധാരണയിലും വ്യത്യസ്തമായി ഒന്നും അനുഭവപ്പെടുകയില്ല. ക്രമേണ അഞ്ചോ പത്തോ വര്‍ഷം കൊണ്ട് പ്രതിരോധ വ്യവസ്ഥ തീര്‍ത്തും ദുര്‍ബലമാകുന്നു. ഈ ഘട്ടമാവുമ്പോഴേക്കും നിസ്സാര രോഗങ്ങളെ പോലും പ്രതിരോധിക്കാനുള്ള കഴിവ് ശരീരത്തിന് നഷ്ടപ്പെട്ടിരിക്കും. ചെറിയൊരു പനി വന്നാല്‍ പോലും മാറാത്ത അവസ്ഥ. എച് ഐ വി ബാധിതനായ ഒരാള്‍ക്ക് ഈ ഘട്ടത്തില്‍ ശരീരഭാരം കുറഞ്ഞ് വരും. വയറിളക്കം, പനി, ചര്‍മ്മ രോഗങ്ങള്‍, വായിലെ വൃണങ്ങള്‍, ലിംഫ് ഗ്രന്ഥികളുലെ വീക്കം തുടങ്ങിയ പലതും ഇടക്കിടെ പിടിപെടും. എറ്റവും ശക്തി കൂടിയ മരുന്നുകള്‍ പോലും ഫലവത്താവില്ല. രോഗം എന്തുമാകാം. അന്ത്യം മരണം മാത്രം. ഇതാണ് എയ്ഡ്സ്.
എയ്ഡ്സിന് കാരണമായ എച് ഐ വി വൈറസിന്റെ ഉല്ഭവത്തെ കുറിച്ച് വിശ്വാസയോഗ്യമായ അറിവുകള്‍ ഇന്നുവരേ ഉണ്ടായിട്ടില്ല. എല്ലാം നിഗമനങ്ങളും അനുമാനങ്ങളും മാത്രം. നൂറ്റാണ്ടുകളായി ഈ വൈറസ് നമുക്കിടയിലുണ്ടെന്നും ഇപ്പോള്‍ അത് അപകടകാരിയായിത്തീര്ന്നെന്നുമാണ് ശാസ്ത്രം പറയുന്നത്. ചില ആഫ്രിക്കന്‍ രാജ്യങ്ങളിലും കരീബിയന്‍ ദ്വീപുകളിലും 1950 കളില്‍ തന്നെ എയ്ഡ്സ് രോഗമുള്ളതായി കണ്ടെത്തപ്പെട്ടിരുന്നു. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ നിവാസിയായ ഒരു നാവികന്റെ വിവരങ്ങള്‍ 1990ല്‍ ആ രാജ്യം പ്രസിദ്ധപ്പെടുത്തുകയുണ്ടായി. രോഗപ്രതിരോധ ശേഷിയുടെ തകര്‍ച്ച മൂലം 1959ലാണ് അയാള്‍ മരിച്ചത്. പഠനത്തിനായി സൂക്ഷിക്കപ്പെട്ട അയാളുടെ രക്തം 1990ല്‍ പരിശോധന വിധേയമാക്കിയപ്പോള്‍ അയാളെ എയ്ഡ്സ് ബാധിച്ചിരുന്നെന്ന് മനസ്സിലായി.
1981ല്‍ അമേരിക്കയിലെ ലോസ് ഏജന്‍സിയില്‍ സ്വവര്‍ഗരതിക്കാരായ അഞ്ച് യുവാക്കളിലാണ് എയ്ഡ്സ് കണ്ടെത്തുന്നത്. അധികം താമസിയാതെ യൂറോപ്പിലും ആഫ്രിക്കയിലും ആസ്ത്രേലിയയിലും അത്പോലുള്ള രോഗികളെ കണ്ടെത്തി. 1986ല്‍ ഇന്ത്യയിലും എയ്ഡ്സ് സ്ഥിരീകരിക്കപ്പെട്ടു.
ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ എയ്ഡ്സ് രോഗികളുള്ള രണ്ടാമത്തെ രാജ്യം ഇന്ത്യയാണ്. ഒന്നാം സ്ഥാനം ദക്ഷിണാഫ്രിക്കക്കാണ്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ഇന്ത്യയില്‍ ദിനം പ്രതി പതിനായിരം പേര് മരിക്കുന്ന ദിനം വരാനിരിക്കുന്നുവത്രെ. ഇന്ത്യക്കാരുടെ ആയുര്‍ദൈര്‍ഘ്യം 50ല്‍ നിന്ന് 47 വയസ്സായി കുറയുന്നുവെന്നും അവര്‍ മുന്നറിയിപ്പ് നല്കുന്നു. വര്‍ഷം തോറും മൂന്ന് ലക്ഷം പേരാണത്രെ ഇന്ത്യയില്‍ എയ്ഡ്സ് മൂലം മരണപ്പെടുന്നത്.
കേരളത്തിലും എയ്ഡ്സ് രോഗികളുടെ എണ്ണം കൂടി വരികയാണ്. 1992ല്‍ കൊല്ലം ജില്ലയിലാണ് കേരളത്തിലെ ആദ്യ എയ്ഡ്സ് രോഗിയെ കണ്ടെത്തിയത്. ഇപ്പോള്‍ രോഗികളുടെ എണ്ണം ലക്ഷത്തിനുമേല്‍ എത്തി നില്ക്കുന്നു. കോഴിക്കോട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ എയ്ഡ്സ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
എയ്ഡ്സിനെ കുറിച്ച് നാം കേട്ട്കൊണ്ടിരിക്കുന്നത് നടുക്കുന്ന വാര്‍ത്തകളാണ്. പാശ്ചാത്യ നാടുകളില്‍നിന്ന് കുടിയേറി ഇന്ന് ലോകം മുഴുവന്‍ ഇതിന്റെ വ്യാപനം വര്‍ദ്ധിത തോതില്‍ എത്തിനില്‍ക്കുന്നു. എയ്ഡ്സ് നിവാരണയത്നങ്ങള്ക്കും ഗവേഷണങ്ങള്‍ക്കുമായി കോടികള്‍ ചെലവഴിക്കുന്നുവെങ്കിലും വ്യാപന നിയന്ത്രണം എങ്ങുമെത്തിയില്ലെന്നു വേണം പറയാന്‍. 2001 ഡിസംബറിലെ കണക്കനുസരിച്ച് ദക്ഷിണാഫ്രിക്കയില്‍ 50,00,000 എയ്ഡ്സ് രോഗികളുണ്ട്. അവിടെ 3,60,000 പേര് എയ്ഡ്സ് മൂലം മരിച്ച് കഴിഞ്ഞു. 6,00,000 കുട്ടികള്‍ എയ്ഡ്സ് മൂലം അനാഥരാക്കപ്പെട്ടു. നാലര കോടിയില്‍ താഴെയാണ് അവിടെ ജനസംഖ്യ. ബോട്സ്വാനയിന് ജനതയുടെ മൂന്നിലൊന്ന് എച് ഐ വി ബാധിതരാണ്. മുതിര്‍ന്നവരുടെ 38.8 ശതമാനവും എച് ഐ വി രോഗികളാണ്. സ്വിറ്റ്സര്‍ലാന്റില്‍ ഇത് 33.4 ശതമാനവും സിംബാബ്വെയില് 33.7 ശതമാനവുമാണ്. കെനിയയില്‍ 25 ലക്ഷം രോഗികളുണ്ട്. നൈജീരിയയില്‍ 35 ലക്ഷവും ചൈനയില്‍ 5,50,000 വും എച് ഐ വി ബാധിതരുണ്ട്. 2001ല്‍ മാത്രം ലോകത്തെമ്പാടും 50ലക്ഷം പേര്‍ക്ക് എച് ഐ വി ബാധയുണ്ടായി. (മാതൃഭൂമി ആരോഗ്യ മാസിക 2002 ഡിസംബര്‍).
2005ലെ യു എന്‍ കണക്കനുസരിച്ച് ലോകത്ത് പ്രായപൂര്‍ത്തിയായവരില്‍ ഏകദേശം 05.73 കോടിയിലധികം എയ്ഡ്സ് രോഗികളുണ്ട്. 22 ലക്ഷത്തിലധികം കുട്ടികളും എയ്ഡ്സ് ബാധിതരാണ്. ഇന്ത്യയില്‍ 1,11,608 പേര് എയ്ഡ്സ് ബാധിതരാണ്. ഏറ്റവും ഒടുവിലത്തെ കണക്കുകളും വ്യക്തമാകുന്നു. (മാതൃഭൂമി അരോഗ്യ മാസിക 2005 ഡിസംബര്‍)
കുത്തഴിഞ്ഞ ലൈംഗികതയാണ് എയ്ഡ്സ് വ്യാപനത്തിന്റെ പ്രധാന ഹേതു. പുരുഷനും സ്ത്രീയും തമ്മിലാണെങ്കിലും ഒരേ ലിംഗക്കാര്‍ തമ്മിലാണെങ്കിലും രോഗവ്യാപനത്തിന്റെ കാര്യത്തില്‍ വ്യത്യാസമില്ല. ഏതെങ്കിലും ഒരു പങ്കാളിക്ക് ലൈംഗിക രോഗമുണ്ടെങ്കില്‍ എയ്ഡ്സ് വൈറസിന്റെ വഴി എളുപ്പമായി. ഇതാണ് 80 ശതമാനം പകര്ച്ചക്കും കാരണം. രോഗി ഉപയോഗിച്ച സിറിഞ്ച് ഉപയോഗിക്കല്‍, രോഗ ബാധിതരുടെ രക്തം, വൃക്ക മുതലായവ സ്വീകരിക്കല്‍, അണുബാധയുള്ള അമ്മയില്‍ നിന്ന് മുലപ്പാല്‍ കുടിക്കല്‍ എന്നിവയും പകരാന്‍ കാരണമാകാറുണ്ട്. മയക്കുമരുന്ന് കുത്തിവെപ്പിലൂടെയും രോഗം പകരാറുണ്ട്. മയക്ക് മരുന്ന് കുത്തി വെക്കുന്നതിലൂടെ ഒരു സിറിഞ്ച് മറ്റൊരാള്‍ ഉപയോഗിക്കുമ്പോള്‍ അല്പം രക്തമെങ്കിലും ഇതിലൂടെ അകത്തേക്ക് കയറും. ആദ്യത്തെയാള്‍ എച് ഐ വി പോസറ്റീവ് ആണെങ്കില്‍ രണ്ടാമത്തെ ആള്‍ക്ക് ഇങ്ങനെ വൈറസ് ബാധ ഏല്ക്കുന്നു.
എന്നാല്‍ എയ്ഡ്സ് പകര്‍ച്ച സംബന്ധിച്ച് സമൂഹത്തില്‍ ചില തെറ്റായ ധാരണകളുണ്ട്. അതിനാലാണ് ഒരാള്‍ എയ്ഡ്സ് രോഗിയാണെന്നറിഞ്ഞാല്‍ അയാളെ ബഹിഷ്കരിക്കുവാനും ഒറ്റപ്പെടുത്തുവാനും പലരും തയ്യാറാവുന്നത്. വായുവിലൂടെയോ വെള്ളത്തിലൂടെയോ എയ്ഡ്സ് പകരില്ല. രോഗിയുടെ പ്ലൈറ്റുകള്‍, കപ്പുകള്‍, പാത്രങ്ങള്‍ എന്നിവയും നീന്തല്‍ കുളങ്ങളും പൊതു കക്കൂസുകളും ഉപയോഗിക്കുമ്പോഴോ മിതമായ ചുംബനം, ചുമ, തുമ്മല്‍, തുപ്പല് കൊതുക് എന്നിവ വഴിയോ എച് ഐ വി പകരില്ല. മുന്കരുതലെടുത്താല് എച് ഐ വി ബാധിതരെ ഭക്ഷണം കഴിക്കാനും, വസ്ത്രം ധരിക്കാനും, കുളിക്കാനുമെല്ലാം സഹായിക്കാം. അണുബാധ പകരില്ലതന്നെ.
നാം ഗൗരവത്തോടെ കാണേണ്ട ചില വസ്തുതകളുണ്ടിവിടെ. എയ്ഡ്സ് വരുത്തിവെക്കുന്ന ദുരന്തത്തെ നേരിടാനും പ്രതിരോധിക്കാനും ഔഷധം കൊണ്ട് കാര്യമായ പ്രയോജനമില്ലെന്ന് ലോകം മുഴുവന്‍ സമ്മതിച്ചു കഴിഞ്ഞതാണ്. പ്രത്യുത കൃത്യവും ധാര്‍മ്മികവുമായ ജീവിതമാണാവശ്യം. എന്നാല്‍ എയ്ഡ്സ് ബോധവല്‍ക്കരണത്തിന്റെ ഭാഗമായി സര്‍ക്കാര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ നിഷ്ഫലവും ഏറേ അപകടകരവുമാണ്. ഉറ ഉപയോഗിച്ചാല്‍ മതി; വിവാഹേതര ലൈഗിക ബന്ധങ്ങള്‍ കൊണ്ട് തകരാറില്ല.” എന്ന സന്ദേശം വൃത്തികെട്ട ലൈംഗികതയില്‍ നിന്ന് മാറി നില്‍ക്കാനല്ല. യഥേഷ്ടം തുടരാനാണ് പ്രേരിപ്പിക്കുക. ഇത്തരം ഒരു സമൂഹത്തില്‍ നിന്നും നാമെന്താണ് പ്രതീക്ഷിക്കുക.
എയ്ഡ്സ് ബാധ തടയാനും നിര്‍മാര്‍ജനം ചെയ്യാനുമുള്ള പ്രധാന മാര്‍ഗം ലൈംഗിക സദാചാരമാണ്. ലൈംഗിക കാര്യങ്ങളില്‍ ആരോഗ്യകരമായ നിയന്ത്രണവും സാമൂഹികമായ കാഴ്ചപ്പാടുമുണ്ടാകാന് ഈ അറിവ് അത്യന്താപേക്ഷിതമാണ്. മനുഷ്യനെ നന്മയിലേക്കും ധര്‍മത്തിലേക്കും നയിക്കുന്ന സന്ദേശങ്ങള്‍ക്കും ഉല്‍ബോധനങ്ങള്‍ക്കും ഏറെ പ്രസക്തിയുണ്ട്. ഇസ്ലാമിക സന്ദേശങ്ങള്‍ ശ്രദ്ധേയമാകുന്നതിവിടെയാണ്. വ്യഭിചരിക്കരുതെന്നല്ല. വ്യഭിചാരത്തിലേക്ക് നിങ്ങള്‍ അടുക്കുക പോലും ചെയ്യരുതെന്ന ഖുര്‍ആനിക വചനം ഈ സന്ദേശമാണ് നല്‍കുന്നത്. വിശ്വാസിയായിരിക്കേ ഒരാള്‍ക്ക് വ്യഭിചരിക്കാന്‍ സാധിക്കില്ല എന്ന നബി (സ്വ) യുടെ പ്രഖ്യാപനവും മറ്റൊന്നല്ല പഠിപ്പിക്കുന്നത്.
മുസ്തഫ സഖാഫി കാടാമ്പുഴ