10കണ്ണില്ലാ പാവത്തെ കണ്ടില്ലെന്ന് നടിക്കല്ലേ…!
സ്റ്റാന്‍റില്‍ നിര്‍ത്തിയിട്ട ബസ്സിലേക്ക് തപ്പിപ്പിടിച്ച് കയറിയ ഒരു അന്ധന്റെ വേദനയാണ് ഈ ഈരടി. അല്ലാഹു മനുഷ്യന് നല്‍കിയ അനുഗ്രഹങ്ങളില്‍ സുപ്രധാനമത്രെ കണ്ണ്. അതില്ലാത്തവന് പ്രകൃതി രമണീയത ആസ്വദിക്കാന്‍ കഴിയില്ല. ദൈനംദിന ജീവിതത്തിലെ മുഴുവനാവശ്യങ്ങള്‍ സ്വയം നിര്‍വഹിക്കാനുമാവില്ല. ബന്ധുക്കളുടെ മുഖംപോലും അയാളുടെ മനസ്സില്‍ ഇരുട്ടായിരിക്കും. ഒരാള്‍ അന്ധനായത് അയാളുടെ കുറ്റം കാരണമല്ല. ഒരാള്‍ക്ക് കാഴ്ച ശക്തിയുണ്ടായത് അയാള്‍ ചെയ്ത വല്ല നന്മയുടെ പേരിലുമല്ല. അതൊക്കെ അല്ലാഹുവിന്റെ വിവേചനാധികാരത്തില്‍ പെട്ടതാണ്. അവനുദ്ദേശിച്ചവര്‍ക്ക് കാഴ്ച നല്‍കുന്നു. ഉദ്ദേശിച്ചവരില്‍ നിന്ന് അത് എടുത്തുകളയുന്നു.
കാഴ്ചയുടെ കാര്യത്തില്‍ മാത്രമല്ല ഈ വിവേചനാധികാരം അല്ലാഹുവിനുള്ളത്. കേള്‍വിയില്ലായ്മയും ഇങ്ങനെതന്നെ. സമൂഹത്തില്‍ അവന്റെ ജീവിതം ദുഷ്കരമാണ്. ആംഗ്യത്തിലൂടെയാണ് അത്തരക്കാര്‍ ആശയവിനിമയം നടത്തുന്നത്. കാണുന്നവര്‍ക്ക് കൗതുകമാണെങ്കിലും അതിലെ സങ്കീര്‍ണതയെക്കുറിച്ച് ചിന്തിക്കുമ്പോഴാണ് സംസാരശേഷിയുടെ മേന്മ നമുക്ക് മനസ്സിലാവുക.
മനുഷ്യന്റെ ആന്തരാവയവങ്ങളില്‍ ഗണനീയമായ ഒന്നാണ് വൃക്ക. ശരീരത്തിലുള്ള ഞരമ്പുകള്‍ ചേര്‍ത്തുവെച്ചാല്‍ കിലോമീറ്ററുകള്‍ ഉണ്ടാവുമെന്നാണ് പറയാറുള്ളത്. എന്നാല്‍ അത്രയും നീളത്തില്‍ പ്രവഹിക്കുന്ന രക്തം ശുചീകരിക്കലാണ് കിഡ്നിയുടെ ദൗത്യം. വൃക്ക തകരാറിലായാല്‍ അത് ആരോഗ്യത്തെ ഗുരുതരമായി ബാധിക്കും. രണ്ടു കിഡ്നിയും പ്രവര്‍ത്തന രഹിതമായവരില്‍ ഡയാലിസ് എന്ന കൃത്രിമമായ രക്ത ശുദ്ധീകരണമാണ് നടത്താറുള്ളത്. ഏറെ സാമ്പത്തികമായ ബാധ്യതയുള്ള ചികിത്സാ രീതിയാണിത്. ലക്ഷക്കണക്കിന് രൂപ ചെലവഴിച്ച് കിഡ്നി മാറ്റിവെച്ചാലും യഥാര്‍ത്ഥ കിഡ്നിയുടെ ഫലം ചെയ്തുകൊള്ളണമെന്നുമില്ല. മറ്റൊരു പ്രധാന അവയവമായ ഹൃദയത്തിന്റെ കഥയും തഥൈവ. ഓരോ നിമിഷവുമുള്ള അതിന്റെ മിടിപ്പ് അല്‍പനേരം നിലച്ചുപോയാല്‍….
ഇങ്ങനെ എണ്ണിയാലൊതുങ്ങാത്ത അനുഗ്രഹങ്ങള്‍ അല്ലാഹു മനുഷ്യന് ഉദാരമായി നല്‍കിയിട്ടുണ്ട്. ഈ അനുഗ്രഹങ്ങള്‍ ലഭിച്ചിട്ടില്ലാത്ത, ലഭിച്ചെങ്കിലും അല്‍പകാലം കൊണ്ട് അതു നഷ്ടപ്പെട്ടവരെക്കുറിച്ച്, ആഴത്തില്‍ ചിന്തിക്കുമ്പോള്‍ മാത്രമാണ് അവനവന്‍ അനുഭവിക്കുന്ന ഇത്തരം നിഅ്മത്തുകളുടെ മഹത്ത്വവും വലുപ്പവും അറിയുക.
അല്ലാഹുവിന്റെ പരീക്ഷണ വിധേയന്‍ കണ്‍മുമ്പിലൂടെ കടന്നുപോവുമ്പോള്‍ ജീവിതത്തില്‍ റബ്ബിന്റെ അനുഗ്രഹങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന മനുഷ്യന്‍ ഗുണപാഠമുള്‍ക്കൊള്ളുകയാണ് വേണ്ടത്, അനുഗ്രഹത്തിന് നന്ദി രേഖപ്പെടുത്തുകയും. തന്നിലുള്ള അനുഗ്രഹങ്ങളൊക്കെ തനിക്ക് അര്‍ഹതപ്പെട്ടതും അവകാശപ്പെട്ടതും താനത് ആസ്വദിക്കാന്‍ യോഗ്യനുമാണ് എന്ന വിചാരവും ആപത്താണ്. അല്ലാഹു ഉദ്ദേശിക്കുമ്പോള്‍ അവന്‍ അവ എടുത്തുകളയുന്നു. അങ്ങനെ അഹങ്കാരിയും ധിക്കാരിയുമായ മനുഷ്യനെ അല്ലാഹു പാഠം പഠിപ്പിക്കുന്നു. അനുഗ്രഹങ്ങളുടെ പറുദീസയില്‍ ഒരു കാലത്ത് വിരാചിച്ച ശേഷം ഉന്നതങ്ങളുടെ ഗിരിശിഖരത്തില്‍ നിന്ന് പരാജയത്തിന്റെ ഗര്‍ത്തത്തിലേക്ക് ആപതിച്ചവര്‍ ധാരാളം കഴിഞ്ഞുപോയിട്ടുണ്ട്. പില്‍ക്കാല അനുഭവങ്ങളില്‍ നിന്ന് പാഠമുള്‍ക്കൊണ്ട് സച്ചരിതരുടെ പാത പിമ്പറ്റി സുകൃതരായവരും കുറവല്ല.
അനുഗ്രഹങ്ങള്‍ ധാരാളം നല്‍കി അല്ലാഹു പരീക്ഷിക്കുന്നു. ഉള്ള അനുഗ്രഹങ്ങള്‍ എടുത്തുകളഞ്ഞും അവന്‍ പരീക്ഷിക്കുന്നു. എങ്ങനെ പരീക്ഷിച്ചാലും വിജയിക്കാനാവുകയെന്നതാണ് ഒരു സത്യവിശ്വാസിയുടെ ഭാഗ്യം. പ്രകൃതി ദൃശ്യങ്ങളില്‍ നിന്നും പരുപരുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്നും അതിനു പരിശീലനം നേടുകയാണ് നാം ചെയ്യേണ്ടത്.
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദിചെയ്ത് തീര്‍ക്കാന്‍ മനുഷ്യന് സാധ്യമല്ല. ഇലാഹീ അനുഗ്രഹങ്ങളുടെ ഘടന അങ്ങനെയാണ്. ഒന്നിനുമേല്‍ മറ്റൊന്നായി അനുഗ്രഹങ്ങളുടെ കൂന്പാരമാണ് നമുക്കവന്‍ നല്‍കിയിട്ടുള്ളത്. അവക്ക് പകരം നന്ദിചെയ്ത് തീര്‍ക്കുക അസാധ്യവും. എങ്കിലും പരമാവധി നന്ദി ചെയ്യേണ്ടത് നമ്മുടെ കടമയാണ്. റബ്ബിന്റെ കല്‍പനകള്‍ അക്ഷരംപ്രതി പാലിക്കുകയും നിരോധങ്ങള്‍ ഒന്നൊഴിയാതെ വര്‍ജിക്കുകയുമാണ് വേണ്ടത്. അങ്ങനെ സ്രഷ്ടാവിനോട് നന്ദിയുള്ള അടിമകളായി മാറാന്‍ നമുക്കാവണം.

ബഷീര്‍ അബ്ദുല്‍കരീം സഖാഫി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ