ORU VISHWASAM -MALAYALAM

ഉമർ(റ) സ്വഹാബികളിൽ ഖിലാഫത്തിലും മഹത്ത്വത്തിലും രണ്ടാമനാണ്. അസാമാന്യ ധീരതയും ഇച്ഛാശക്തിയും പ്രകടിപ്പിച്ച പൂർവകാല ജീവിതം ഇസ്‌ലാമാശ്ലേഷണത്തിന് ശേഷവും അത്യുജ്വലമായി നിലനിന്നു. അത്തരത്തിലൊരാൾ മുസ്‌ലിംകളിൽ ഉണ്ടാവേണ്ടതനിവാര്യമായ കാലത്താണ് ഉമർ(റ) ഇസ്‌ലാമിലെത്തുന്നത്. ധീരനായി ജീവിച്ച ഉമർ(റ) ധീരനായിത്തന്നെയാണ് ഇസ്‌ലാമിലേക്ക് കടന്നുവന്നതും. മക്കയിലെ സാമൂഹികവും സാംസ്‌കാരികവുമായ സാഹചര്യത്തിന്റെ ഒരു പരുക്കൻ പ്രതിരൂപമായിരുന്നു അദ്ദേഹം. അതുകൊണ്ട് തന്നെ സ്വന്തം സഹോദരിയുടെ ഇസ്‌ലാം മത പ്രവേശം അദ്ദേഹത്തെ ക്രൂദ്ധനാക്കിയത് സ്വാഭാവികം.

അല്ലാഹു നിശ്ചയിച്ച ഇസ്‌ലാം ചൈതന്യം അദ്ദേഹത്തിന്റെ മനസ്സിൽ മുമ്പുതന്നെ മറഞ്ഞുകിടന്നിരുന്നുവെന്ന് മനസ്സിലാക്കാം. ഉദ്ദിഷ്ട കാര്യങ്ങൾ താമസംവിനാ സാധിക്കുന്നതിന് തടസ്സങ്ങളൊന്നുമില്ലാതിരുന്നിട്ടും അദ്ദേഹം നബി(സ്വ)യെ ദേഹോപദ്രവമേൽപ്പിച്ചതായോ സ്വഹാബികളെ പീഡിപ്പിച്ചതായോ റിപ്പോർട്ടുകളില്ല. ഇസ്‌ലാം സ്വീകരിക്കുന്നതിലേക്ക് കാര്യങ്ങളെത്തിച്ചേർന്നപ്പോൾ നബി(സ്വ)യുടെ അടുത്തേക്ക് ആരെയും കൂസാതെ, ഭയപ്പെടാതെ നേരിട്ട് കടന്നുചെല്ലുകയായിരുന്നു.

ആദ്യകാലത്ത് സമൂഹത്തിൽ അവരോടിണങ്ങിയ സംസ്‌കാരത്തിലും നിലപാടിലും ജീവിച്ചു. സത്യം മനസ്സിലാക്കിയപ്പോൾ നിവർന്നുനിന്നുതന്നെ അത് സ്വീകരിച്ചു. മുഅ്മിനായ ശേഷം ഇസ്‌ലാമിക പ്രചാരണാർത്ഥം പരസ്യമായി രംഗത്തിറങ്ങാൻ നബി(സ്വ)യോട് ആവശ്യപ്പെടുകയാണ് ഉമർ(റ) ആദ്യം ചെയ്തത്. അന്ന് കേവലം 39 ആളുകളാണ് ഇസ്‌ലാമിക പക്ഷത്തുണ്ടായിരുന്നത് എന്നു കൂടി തിരിച്ചറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ധീരത മനസ്സിലാക്കാനാകുന്നത്.

ഉമർ(റ)വിന്റെ ഇസ്‌ലാമാശ്ലേഷണം സ്വഹാബികൾക്ക് വലിയ ആത്മവിശ്വാസമാണ് നൽകിയത്. ഇസ്‌ലാം പ്രത്യക്ഷത്തിൽ പ്രകടമായത് ഉമർ(റ) ഇസ്‌ലാം സ്വീകരിച്ചപ്പോഴായിരുന്നു. ഞങ്ങൾ കഅ്ബത്തിങ്ങൽ പോയി കൂട്ടമായി ഇരിക്കാനും ത്വവാഫ് ചെയ്യാനും ഇങ്ങോട്ട് എന്തെങ്കിലും പറയുന്നവരോട് പ്രതികരിക്കാനും തുടങ്ങിയത് അതിനു ശേഷമാണെന്ന് സുഹൈബ്(റ) പറഞ്ഞിട്ടുണ്ട്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) പറയുന്നു: ഉമർ(റ) വിശ്വസിച്ചതു മുതൽ ഞങ്ങൾക്ക് പ്രതാപം കൈവന്നു തുടങ്ങി. മുഹമ്മദ് ബ്‌നു ഉബൈദ്(റ)ന്റെ വിവരണത്തിൽ ഇങ്ങനെ കാണാം: ‘ഉമർ(റ) വിശ്വസിക്കുന്നത് വരെ ഞങ്ങൾക്ക് കഅ്ബത്തിങ്ങൽ ചെന്ന് ആരാധനകൾ നിർവഹിക്കാൻ സാധിക്കില്ലായിരുന്നു. അദ്ദേഹം ഇസ്‌ലാം സ്വീകരിച്ചപ്പോൾ അദ്ദേഹം ശത്രുക്കളെ പ്രതിരോധിച്ച് നിൽക്കുകയും ഞങ്ങൾ നിസ്‌കരിക്കുകയും ചെയ്യും’.

ഉമർ(റ)വിന്റെ ഇസ്‌ലാമാശ്ലേഷണം നബി(സ്വ) പ്രാർത്ഥിച്ച് വാങ്ങിയതായിരുന്നു. ദീനിനും വിശ്വാസികൾക്കും അദ്ദേഹം ഉപകാരപ്രദമായിരിക്കുമെന്നതുകൊണ്ടാണല്ലോ ഈ താൽപര്യം. ഉമർ(റ) നബി(സ്വ)യെ സമീപിച്ച് ഇസ്‌ലാം സ്വീകരിച്ചപ്പോൾ അവിടുത്തെ തിരുകരം കൊണ്ട് അദ്ദേഹത്തിന്റെ മാറിടത്തിൽ തടവുകയും സ്ഥൈര്യത്തിനായി പ്രാർത്ഥിക്കുകയും ചെയ്തു. ഇസ്‌ലാമിലേക്ക് കടന്നുവരാനും ശേഷം അതിന്റെ സുസ്ഥിരതക്കും വേണ്ടി നബി(സ്വ) നടത്തിയ പ്രാർത്ഥന ഉമർ(റ)വിന്റെ വ്യക്തിത്വത്തിന്റെ അധികപ്രകാശത്തിന് കാരണമായിയെന്നാണ് ചരിത്രം ബോധ്യപ്പെടുത്തുന്നത്. പ്രതികൂലങ്ങളായിത്തോന്നുന്ന എല്ലാം നിഷ്്രപഭമാണെന്ന് സ്വയം ബോധ്യപ്പെടുത്തിയും ശത്രുക്കളെയും മിത്രങ്ങളെയും മനസ്സിലാക്കിയുമായിരുന്നു ആദ്യ നിലപാടുകൾ തന്നെ.

ഉമർ(റ) ആദ്യമായി പോയത് തന്റെ മാതൃസഹോദരന്റെ വീട്ടിലേക്കായിരുന്നു. അദ്ദേഹം തന്നെ പറയുന്നു: ‘ഞാൻ ചെന്നു വാതിലിൽ മുട്ടി. അപ്പോൾ അകത്ത് നിന്നും ആരാണെന്ന് ചോദിച്ചു. ഞാൻ ഖത്താബിന്റെ മകൻ ഉമറാണെന്ന് പറഞ്ഞപ്പോൾ അമ്മാവൻ വാതിൽ തുറന്ന് പുറത്തുവന്നു. ഞാനദ്ദേഹത്തോട് ചോദിച്ചു: ‘ഞാൻ മതം മാറിയ വിവരം നിങ്ങളറിഞ്ഞോ?’

അമ്മാവൻ: ‘നീ അതു ചെയ്‌തോ?’

ഞാൻ പറഞ്ഞു: ‘അതേ.’

അമ്മാവൻ: ‘നീ അങ്ങനെ ചെയ്യരുത്.’ എന്നിട്ടദ്ദേഹം അകത്ത് കടന്നു എന്നെ പുറത്ത് നിർത്തി വാതിലടച്ചു. ഞാനപ്പോൾ പറഞ്ഞു: ‘ഇതൊരു സംഗതിയേ അല്ല’ ഉമർ(റ) തുടരുന്നു:

ഒരാൾ എന്നോടിങ്ങനെ ചോദിച്ചു; നീ ഇസ്‌ലാമായ വിവരം നമ്മുടെ ആളുകളെ അറിയിക്കാൻ ധൈര്യമുണ്ടോ?

ഞാൻ പറഞ്ഞു: ‘അതേ.’

അങ്ങനെ മക്കക്കാരിലെ പ്രമുഖർ പതിവ് പ്രകാരം കഅ്ബയുടെ സമീപത്ത് ഹിജ്‌റ് ഇസ്മാഈലിൽ ഇരിക്കുന്ന സന്ദർഭം. ഞാൻ പ്രസ്തുത മനുഷ്യനെ സമീപിച്ച് അവന്റെ അടുത്തിരുന്ന് പറഞ്ഞു: ‘ഞാൻ മതം മാറിയ വിവരം നിനക്കറിയില്ലേ.’

അപരൻ: ‘നീ അങ്ങനെ ചെയ്‌തോ?’

ഞാൻ ‘അതേ’ എന്ന് പറഞ്ഞു.

അപ്പോൾ അയാൾ ഉറക്കെ പറഞ്ഞു: ‘ഖത്താബിന്റെ മകൻ മതം മാറിയിരിക്കുന്നു.’ അതോടെ ജനങ്ങൾ എനിക്ക് മേൽ ചാടി വീണു. അവരെന്നെ തല്ലിക്കൊണ്ടിരുന്നു. ഞാനവരെയും തല്ലി.

ബഹളം കേട്ട് അവിടേക്ക് കടന്നുവന്ന എന്റെ അമ്മാവൻ ചോദിച്ചു: ‘എന്താണീ ആൾക്കൂട്ടം?’

‘ഖത്താബിന്റെ മകൻ ഉമർ മതം മാറിയിരിക്കുന്നു’ ഇത് കേട്ട അദ്ദേഹം ഹിജ്‌റിൽ കയറിനിന്ന് തന്റെ കൈ ഉയർത്തി പ്രഖ്യാപിച്ചു: ‘എന്റെ സഹോദരീ പുത്രന് ഞാൻ അഭയം നൽകിയിരിക്കുന്നു.’

അതുകേട്ട ജനങ്ങൾ എന്നിൽ നിന്നും അകന്നു. പിന്നീട് മുസ്‌ലിംകളായ ചിലർ ആക്രമിക്കപ്പെടുന്നത് ഞാൻ കാണുന്നു. എന്നെ ആരും അക്രമിക്കുന്നില്ലതാനും. അപ്പോൾ ഞാനലോചിച്ചു: ‘മുസ്‌ലിംകൾക്ക് ഏൽക്കേണ്ടി വരുന്ന പീഡനങ്ങൾ എനിക്ക് ഏൽക്കാതിരിക്കുകയോ? അങ്ങനെ ഞാൻ കാത്തിരുന്നു. പതിവ് പോലെ പ്രമുഖർ ഹിജ്‌റിൽ വന്നിരുന്നു. ഞാനെന്റെ അമ്മാവനെ സമീപിച്ച് പറഞ്ഞു: ഞാൻ പറയുന്നതൊന്ന് കേൾക്കുക, താങ്കളുടെ അഭയം പിൻവലിക്കുക. എനിക്കതു വേണ്ട, അമ്മാവൻ പറഞ്ഞു: ‘എന്റെ സഹോദരി പുത്രാ, നീ അങ്ങനെ ചെയ്യരുത്.

ഞാൻ പറഞ്ഞു: ഞാനത് തിരിച്ചു തന്നിരിക്കുന്നു.

അമ്മാവൻ പറഞ്ഞു: ‘എന്നാൽ നീ വിചാരിച്ചതുപോലെ ചെയ്‌തോ.’

പിന്നെ അവരെന്നെ മർദ്ദിക്കും. ഞാൻ തിരിച്ചടിക്കും. അങ്ങനെ വിശുദ്ധ ഇസ്‌ലാമിന്റെ പ്രതാപം അല്ലാഹു വെളിവാക്കി. ഉസാമത്തുബ്‌നു സൈദ്(റ) വഴി ഉദ്ധരിക്കപ്പെട്ടതാണീ സംഭവം.

ആഇശ(റ)വിൽ നിന്നു നിവേദനം: നബി(സ്വ) ഒരു ബുധനാഴ്ച ഉമർ(റ)വിന് വേണ്ടി പ്രാർത്ഥിച്ചു. വ്യാഴാഴ്ച ഉമർ(റ) വിശ്വസിച്ചു. അദ്ദേഹം വിശ്വാസം പ്രഖ്യാപിച്ചപ്പോൾ നബി(സ്വ)യും പരിസരത്തുണ്ടായിരുന്നവരും തക്ബീർ ചൊല്ലി. ഉമർ(റ) നബി(സ്വ)യോട് ചോദിച്ചു: നാമെന്തിനാണ് റസൂലേ നമ്മുടെ ദീനിനെ ഇങ്ങനെ രഹസ്യമാക്കി വെക്കുന്നത്. നാം സത്യത്തിലും അവർ അസത്യത്തിലുമല്ലേ?’

നബി(സ്വ) പറഞ്ഞു: ‘നാം കുറച്ചാളുകളല്ലേ ഉള്ളൂ.’

ഉമർ(റ) പറഞ്ഞു: ‘അല്ലാഹുവാണെ, നിഷേധിയായിരിക്കെ ഞാനിരിക്കാറുണ്ടായിരുന്ന എല്ലാ സദസ്സുകളിലും സത്യവിശ്വാസം പ്രകടിപ്പിച്ച് ഞാനിരിക്കും.’ ശേഷം ഉമർ(റ) പുറത്തിറങ്ങി കഅ്ബയെ ത്വവാഫ് ചെയ്തു. ഖുറൈശികളിരിക്കുന്ന ഭാഗത്ത് കൂടി നടന്നു. അവരദ്ദേഹത്തെ ശ്രദ്ധിച്ചുകൊണ്ടിരുന്നു.

അബൂജഹ്ൽ ഉറക്കെ ചോദിച്ചു: നിങ്ങൾ മതം മാറിയിരിക്കുന്നുവെന്ന് ചിലർ പറയുന്നുണ്ടല്ലോ. ഇതു കേട്ട ഉമർ(റ) സധീരം ശഹാദത്ത് പ്രഖ്യാപിച്ചു.

ഇതുകേട്ട മക്കക്കാർ അദ്ദേഹത്തിന് നേരെ ചാടി. ഉമർ(റ)വും അടങ്ങിയിരുന്നില്ല. തനിക്കു നേരെ വന്ന ഉത്ബത്തിനെ തള്ളിത്താഴെയിട്ട് മുകളിൽ കയറിയിരുന്ന് അടിക്കുകയും തന്റെ കൈവിരലുകൾ കണ്ണിൽ കടത്തുകയും ചെയ്തു. ഉത്ബത്ത് വേദന കൊണ്ട് അലറി. ഇതു കണ്ടപ്പോൾ ഉമർ(റ)വിൽ നിന്ന് അവരെല്ലാം അകന്നുനിന്നു. തന്നോടടുക്കുന്ന ഓരോരുത്തരെയും മഹാൻ നേരിട്ടുകൊണ്ടിരുന്നു. അങ്ങനെ എല്ലാവരും ഉമർ(റ)വിന്റെ സമീപത്തു നിന്ന് ദൂരേക്ക് മാറി.

നബി(സ്വ)യോടു വാക്കു കൊടുത്തതുപോലെ പൂർവകാല സദസ്സുകളിലും സഹവാസ കേന്ദ്രങ്ങളിലുമെല്ലാം അദ്ദേഹം കടന്നുചെന്ന് സത്യവിശ്വാസം ഉറക്കെ പ്രഖ്യാപിച്ചു. ഉമർ(റ) ഖുറൈശികൾക്കു മേൽ പ്രകടമായ വിജയം നേടിയ അവസ്ഥ നിലവിൽ വന്നു. എന്നിട്ട് അവിടുന്ന് പ്രിയ നായകരോട് അപേക്ഷിച്ചു.

‘റസൂലേ, എന്താണിനിയും അങ്ങേക്ക് തടസ്സമാവുന്നത്? എന്റെ സർവസ്വവും ഞാനങ്ങേക്ക് സമർപ്പിക്കുന്നു. അല്ലാഹു തന്നെ സത്യം, സത്യവിശ്വാസിയാകും മുമ്പ് ഞാനിരിക്കാറുണ്ടായിരുന്ന എല്ലായിടങ്ങളിലും യാതൊരു ഭയവും ആശങ്കയുമില്ലാതെ കടന്നുചെന്നിട്ടുണ്ട്.

അങ്ങനെ നബി(സ്വ)ക്കു മുന്നിൽ ഉമർ(റ)വും ഹംസ(റ)വും നിന്ന് അവർ കഅ്ബയുടെ അടുത്തേക്ക് നീങ്ങി. പരസ്യമായി നിസ്‌കാരം നിർവഹിച്ചു. ശേഷം നബി(സ്വ) ദാറുൽ അർഖമിലേക്ക് പോയി.

ഇനി മുതൽ നാം രഹസ്യമായിട്ടല്ല ഇബാദത്തെടുക്കുക എന്നതായിരുന്നു ഉമർ(റ)വിന്റെ നിലപാട്. ഈ സന്ദർഭത്തിലാണ് നബിയേ, അങ്ങേക്ക് അല്ലാഹുവും അങ്ങയെ പിന്തുടർന്ന സത്യവിശ്വാസികളും മതി’ (അൽഅൻഫാൽ: 64) എന്ന ആയത്ത് അവതരിപ്പിക്കപ്പെട്ടത്. ഈ സൂക്തത്തിലൂടെയാണ് സ്വഹാബത്തിനെ ‘മുഅ്മിനുകൾ’ എന്ന് വിശേഷിപ്പിച്ചുതുടങ്ങിയത്. അലി(റ) പറയുന്നു: ‘ഉമർ(റ) ഇസ്‌ലാം സ്വീകരിക്കുന്നതു വരെ ഞങ്ങൾ മുഅ്മിനീങ്ങളെന്ന് അറിയപ്പെട്ടിരുന്നില്ല.

ഉമർ(റ)വിന്റെ ധീരമായ നേതൃത്വത്തിന്റെയും ശക്തമായ ചുവടുവെയ്പ്പുകളുടെയും ഫലമായി മുസ്‌ലിംകൾക്ക് ചെറുതല്ലാത്ത ആത്മവിശ്വാസവും ധൈര്യവുമുണ്ടായി എന്നത് ചരിത്രം. ഇബ്‌നു അബ്ബാസ്(റ) പറയുന്നു: ‘ഉമർ(റ) ഇസ്‌ലാം സ്വീകരിച്ചപ്പോൾ വാനലോകത്തുള്ളവരും സന്തോഷം പ്രകടിപ്പിച്ച കാര്യം ജിബ്‌രീൽ(അ) നബി(സ്വ)യെ അറിയിച്ചു.

ഇബ്‌നു മസ്ഊദ്(റ) ഉമർ(റ)വിന്റെ ജീവിതത്തിലെ സുപ്രധാന ഘട്ടങ്ങളെ വിലയിരുത്തുന്നതിങ്ങനെയാണ്: ഉമർ(റ)വിന്റെ ഇസ്‌ലാം സ്വീകരിക്കൽ വിജയമായിരുന്നു. അദ്ദേഹത്തിന്റെ ഹിജ്‌റ ഒരു സഹായമായിരുന്നു. അദ്ദേഹത്തിന്റെ ഭരണം ഒരു കാരുണ്യമായിരുന്നു.

മഹാനായ ഉമർ(റ) തന്റെ ഇച്ഛാശക്തിയും ധീരതയും ഇസ്‌ലാമിലേക്കുള്ള പ്രവേശനം മുതൽ ഇസ്‌ലാമിനും മുസ്‌ലിംകൾക്കും അനുഗുണമായി വിനിയോഗിക്കുന്നതിൽ വിജയിക്കുകയുണ്ടായി. തിരുനബി(സ്വ)യും സമകാലികരും ചരിത്രവും ഇത് ഉറക്കെ പറയുന്നുണ്ട്.

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ