അല്ലാഹു ആകാശ ഭൂമികളെയും അതിലുള്ളവയെയും സൃഷ്ടിച്ചപ്പോൾ ഭൂമിയിൽ നിന്ന് ആദ്യമായി പ്രത്യക്ഷപ്പെടുന്നത് വിശുദ്ധ മക്ക എന്ന് അറിയപ്പെട്ട പ്രദേശമാണ്. രണ്ടാമതായി പുണ്യ മദീനയും. ശേഷം ബൈത്തുൽ മുഖദ്ദസും പ്രത്യക്ഷപ്പെട്ടു.
അടിസ്ഥാന സൗകര്യങ്ങൾ മാത്രമുള്ള ഭൂമിയോടും ആകാശത്തോടും ഇഷ്ടാനുസരണമായാലും അനിഷ്ടത്തോടെയായാലും തന്റെ കൽപനക്ക് വിധേയമാകണമെന്ന് അല്ലാഹുവിന്റെ ആജ്ഞയുണ്ടായി. പരിപൂർണ അനുസരണ മനോഭാവത്തോടെ നിന്റെ കൽപനക്ക് വിധേയരായി ഞങ്ങൾ ഇതാ വന്നിരിക്കുന്നു എന്ന് ആകാശ ഭൂമികൾ അല്ലാഹുവിന് പ്രത്യുത്തരം നൽകി (വി.ഖു.41:9).
പരിശുദ്ധ മക്കയിൽ പുണ്യ കഅ്ബ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്നാണ് ഭൂമിയുടെ ഈ ഉത്തരം വാചക രൂപത്തിൽ പുറത്തുവന്നത്. വിശുദ്ധ കഅ്ബയുടെ നേരെ മുകളിലായി സ്ഥിതി ചെയ്യുന്നതും മലക്കുകൾ ത്വവാഫ് ചെയ്യുന്നതും ബൈത്തുൽ മഅ്മൂർ സ്ഥിതി ചെയ്യുന്നതുമായ ഭാഗത്ത് നിന്നാണ് ആകാശത്തിന്റെ മറുപടി മുഴങ്ങിക്കേട്ടത്. ഹറം, മക്ക, കഅ്ബ, ബൈത്തുൽ മഅ്മൂർ എ
ന്നിവയുടെ അതിവിശുദ്ധിയുടെ അടിസ്ഥാന കാരണങ്ങളിൽ ഒന്ന് അല്ലാഹുവിന്റെ ആജ്ഞക്ക് ഇഷ്ടാനുസരണം വിധേയപ്പെട്ടുകൊണ്ടുള്ള ഈ പ്രത്യുത്തരമാണ്.
അർശിന് പുറമേ ജലം മാത്രമുണ്ടായിരുന്ന അവസ്ഥയിൽ പ്രസ്തുത ജലത്തിൽ ഒരു കുമിളയായിട്ട് വിശുദ്ധ കഅ്ബ നിലനിന്നിരുന്നു. പ്രസ്തുത കുമിളയുടെ താഴ്ഭാഗത്തായിട്ടെന്ന പോലെ അതിൽ നിന്നാണ് ഭൂമിയുടെ ഭാഗങ്ങളും അടിസ്ഥാന സൗകര്യങ്ങളും അല്ലാഹു സൃഷ്ടിച്ചത്. ഭൂമിക്ക് ആണിയായി നിലകൊള്ളുന്ന പർവതങ്ങളിൽ മക്കയിലെ അബൂഖുബൈസ് പർവതത്തെയാണ് നാഥൻ ആദ്യമായി സൃഷ്ടിച്ചത്.
ഇമാം അസ്റഖി(റ) നിവേദനം ചെയ്യുന്ന ഹദീസിൽ പറയുന്നു: ‘വിശുദ്ധ കഅ്ബ പതിനഞ്ച് ഭവനങ്ങളിൽ ഒന്നാണ്. അവയിൽ ഏഴെണ്ണം ആകാശത്തും ഏഴെണ്ണം ഭൂമിയുടെ ഉൾഭാഗങ്ങളിലുമാണ്. അവയിൽ ഏറ്റവും മുകളിൽ ഉള്ളതും അർശിന്റെ താഴെ സ്ഥിതി ചെയ്യുന്നതുമായ ഭവനമാണ് ബൈത്തുൽ മഅ്മൂർ. വിശുദ്ധ കഅ്ബക്ക് ചുറ്റുമുള്ള പുണ്യഹറമിന് തുല്യമായ ഹറം ഈ പതിനാല് ഭവനങ്ങൾക്കുമുണ്ട്. അവയിൽ ഒന്ന് താഴേക്ക് വീണാൽ അതിന്റെ അടിയിലുള്ള ഭവനത്തിന്റെയും ഹറമിന്റെയും മേൽ കൃത്യമായി വീഴുന്ന രീതിയിലാണ് അവ സ്ഥിതി ചെയ്യുന്നത്. സദാസമയവും കഅ്ബയെ ത്വവാഫ് ചെയ്ത് അതിനെ പരിപാലിക്കുന്നത് പോലെ പ്രസ്തുത ഭവനങ്ങളെയെല്ലാം ത്വവാഫ് ചെയ്ത് പരിപാലിക്കുന്നവർ അവിടെയൊക്കെയുണ്ട്.’
ഹുസൈൻ(റ)വിന്റെ മകൻ അലി(റ)വിനോട് വിശുദ്ധ കഅ്ബ ത്വവാഫ് ചെയ്യുന്നതിന്റെ ആരംഭത്തെക്കുറിച്ച് ഒരാൾ അന്വേഷിച്ചു. അദ്ദേഹം പറഞ്ഞു: ‘ഭൂമിയിൽ പ്രതിനിധിയെ നിശ്ചയിക്കാൻ തീരുമാനിച്ചിരിക്കുന്നു’ എന്ന് അല്ലാഹു മലക്കുകളോട് പറഞ്ഞു. ‘ഞങ്ങൾ അല്ലാത്ത മറ്റൊരു പ്രതിനിധിയോ? അവർ ഭൂമിയിൽ കുഴപ്പവും രക്തച്ചൊരിച്ചിലുമുണ്ടാക്കും. പരസ്പരം പക വെക്കുകയും അസൂയപ്പെടുകയും ചെയ്യും. അതിനാൽ മലക്കുകളായ ഞങ്ങളിൽ നിന്ന് പ്രതിനിധിയെ തിരഞ്ഞെടുക്കണം. ഞങ്ങൾ ഭൂമിയിൽ കുഴപ്പമുണ്ടാക്കുകയോ രക്തച്ചൊരിച്ചിൽ ഉണ്ടാക്കുകയോ പരസ്പരം പകയോ അസൂയയോ വെച്ചു പുലർത്തുകയോ അക്രമിക്കുകയോ ഇല്ല. ഞങ്ങൾ നിനക്ക് തസ്ബീഹ് ചൊല്ലുകയും നിന്നെ അനുസരിക്കുകയും ചെയ്യാം. നിന്നോട് അനുസരണക്കേട് കാണിക്കുകയേ ഇല്ല.’ മലക്കുകളുടെ ആ മറുപടി കേട്ട അല്ലാഹു അവരോട് പറഞ്ഞു: ‘നിങ്ങൾക്ക് അറിയാത്ത പലതും എനിക്ക് അറിയാം’. അല്ലാഹുവിന്റെ തീരുമാനത്തിനോട് എതിര് പറഞ്ഞത് അബദ്ധമായോ എന്ന് മലക്കുകൾ ആശങ്കപ്പെട്ടു. അവർ അർശിൽ അഭയം പ്രാപിച്ച് തലയും കൈകളും ഉയർത്തി പ്രാർത്ഥിച്ചു. അല്ലാഹുവിനോട് വിനയം പ്രകടിപ്പിച്ച് വാവിട്ടു കരഞ്ഞു. ഏറെ സമയം അവർ അർശിനെ ത്വവാഫ് ചെയ്തു. അല്ലാഹു കാരുണ്യം കൊണ്ട് അവരെ പൊതിഞ്ഞു. ശേഷം അർശിന്റെ കൃത്യം താഴെ നാല് തൂണുകളിലായി ഒരു ഭവനം സൃഷ്ടിച്ചു. വിവിധതരം രത്നങ്ങൾ കൊണ്ടാണ് ആ ഭവനത്തിന്റെ നിർമിതി. പ്രസ്തുത ഭവനത്തിന് പ്രത്യേക നാമവും നൽകി. ഇനി അർശിനെ ത്വവാഫ് ചെയ്യേണ്ടതില്ലെന്നും പകരം അതിന്റെ താഴെയായി പണി കഴിപ്പിച്ച പുതിയ ഭവനം ത്വവാഫ് ചെയ്യാനും അല്ലാഹു മലക്കുകളോട് നിർദേശിച്ചു. അത് മുതൽ ബൈത്തുൽ മഅ്മൂർ എന്ന് വിശേഷണമുള്ള ബൈത്തുള്ളുറാഹ് എന്ന പ്രസ്തുത ഭവനം മലക്കുകൾ ത്വവാഫ് ചെയ്തു തുടങ്ങി. അളവിലും രൂപത്തിലും ഈ ഭവനത്തിന് തുല്യമായി ഭൂമിയിൽ ഒരു ഭവനം നിർമിക്കാൻ അല്ലാഹു മലക്കുകൾക്ക് നിർദേശം നൽകി. അതനുസരിച്ച് അവർ വിശുദ്ധ കഅ്ബ പണിതു. നാഥന്റെ കൽപനയനുസരിച്ച് ഭൂനിവാസികൾ വിശുദ്ധ കഅ്ബ ത്വവാഫ് ചെയ്തു തുടങ്ങി. എന്റെ കോപത്തിന് കാരണമായ തിന്മകൾ ചെയ്യുന്നവർ ഈ ഭവനത്തിൽ അഭയം പ്രാപിച്ച് അതിനെ ത്വവാഫ് ചെയ്താൽ നിങ്ങൾക്ക് ഞാൻ കാരുണ്യം നൽകിയ പ്രകാരം അവർക്കും പാപമോചനവും മോക്ഷവും നൽകുന്നതാണെന്ന് അല്ലാഹു മലക്കുകളെ അറിയിക്കുകയും ചെയ്തു.
ആദം നബി(അ)നെ അല്ലാഹു ഭൂമിയിലേക്ക് ഇറക്കിയപ്പോൾ മലക്കുകളുടെ ചലനങ്ങളും ശബ്ദവും കേൾക്കാതെയായി. അല്ലാഹുവിനോട് ഇതേക്കുറിച്ച് ആദം(അ) പരാതി ബോധിപ്പിച്ചു. ഭൂമിയിൽ ഒരു ഭവനം ഉണ്ടാക്കി മലക്കുകൾ എന്റെ അർശിനെ ത്വവാഫ് ചെയ്യുന്നത് കണ്ടതുപോലെ ആ ഭവനത്തെ ത്വവാഫ് ചെയ്യുക എന്നായിരുന്നു അല്ലാഹുവിന്റെ മറുപടി. ഈ നിർദേശമനുസരിച്ച് ആദം(അ) ഇന്ത്യയിൽ നിന്ന് വിശുദ്ധ മക്കയിലെത്തി. ജിബ്രീൽ(അ) ആദം(അ)നെ സഹായിക്കാനായി അവിടെ പ്രത്യക്ഷപ്പെട്ടു. ജിബ്രീൽ(അ) തന്റെ ചിറക് കൊണ്ട് ഭൂമിയിൽ അടിച്ചപ്പോൾ ഭൂമിയുടെ ഉള്ളിൽ മറഞ്ഞുകിടന്ന കഅ്ബയുടെ അടിത്തറ തെളിഞ്ഞുവന്നു. ഏകദേശം മുപ്പത് പേർക്ക് ഉയർത്താൻ കഴിയുന്ന രീതിയിലുള്ള ഭീമൻ കല്ലുകൾ മലക്കുകൾ തന്നെ വിവിധ പർവതങ്ങളിൽ നിന്ന് എത്തിച്ചുകൊടുത്തു. ആദം(അ) കഅ്ബയുടെ പണി പൂർത്തിയാക്കി. ആദ്യമായി കഅ്ബ കെട്ടിപ്പൊക്കി അതിനുള്ളിൽ നിസ്കരിക്കുകയും ത്വവാഫ് നിർവഹിക്കുകയും ചെയ്തത് ആദം(അ) ആണ്. നൂഹ് നബി(അ)ന്റെ കാലത്തുണ്ടായ ജലപ്രളയത്തിൽ ആദം(അ) പടുത്തുയർത്തിയ ഭവനത്തിന് നാശനഷ്ടങ്ങൾ സംഭവിക്കുകയും അതിന്റെ അടിത്തറ ഭൂമിക്കടിയിൽ അവശേഷിക്കുകയും ചെയ്തു.
അല്ലാഹുവിന്റെ നിർദേശപ്രകാരം കഅ്ബ നിർമിക്കുന്നതിനായി വിശുദ്ധ മക്കയിലെത്തിയ ആദം(അ)നെ സ്വർഗത്തിൽ നിന്ന് ഒരു കൂടാരം ഇറക്കിക്കൊടുത്ത് നാഥൻ ആശ്വസിപ്പിക്കുകയും ആദരിക്കുകയും ചെയ്തു. സ്വർഗീയ ലോഹങ്ങൾ കൊണ്ട് നിർമിച്ച മൂന്ന് വിളക്കുകളും ആദം(അ)ന് ഇരിക്കാനുള്ള ഒരു കസേരയുമുണ്ടായിരുന്ന ആ കൂടാരം സ്വർഗീയ രത്നങ്ങളാൽ നിർമിച്ചതായിരുന്നു. വിശുദ്ധ മക്കയിൽ താമസിച്ച കാലമത്രയും ആദം(അ)യെയും കൂടാരത്തെയും അല്ലാഹു മലക്കുകളെ കൊണ്ട് സംരക്ഷിച്ചിരുന്നു. ജിന്നുകളും പിശാചുക്കളുമായിരുന്നു അക്കാലത്തെ ഭൂനിവാസികൾ. ആദം(അ)ന്റെ കൂടാരം ദൂരെ നിന്ന് കാണാൻ പോലും അവരെ അനുവദിച്ചിരുന്നില്ല. സ്വർഗത്തിലെ എന്തെങ്കിലും ഒരു വസ്തു കണ്ടവർക്ക് സ്വർഗപ്രവേശനം നിർബന്ധമാകുമെന്ന കാരണത്തലായിരുന്നു ഈ നിരോധനം. വിശുദ്ധ ഹറമിന്റെ അതിർത്തിയിൽ അണിയായി നിന്ന് കൊണ്ടാണ് മലക്കുകൾ ആദം(അ)നും കൂടാരത്തിനും സംരക്ഷണം ഏർപ്പെടുത്തിയത്. ഹറം അതിർത്തിക്ക് ഉള്ളിലേക്ക് കടക്കാൻ ഒരു ജിന്നിനെയോ പിശാചിനെയോ അവർ അനുവദിച്ചില്ല. മലക്കുകൾ അണിയായി നിന്ന ഭാഗം ഹറമിന്റെ അതിർത്തിയായി അല്ലാഹു പിന്നീട് നിശ്ചയിക്കുകയായിരുന്നു. മലക്കുകളുടെ ആ സംരക്ഷണ വലയത്തെ അടിസ്ഥാനമാക്കിയാണ് ഹറമിനെ സുരക്ഷിത സംരക്ഷണ മേഖലയായി അവൻ പിന്നീട് നിശ്ചയിച്ചതും. ആദം നബി(അ) വഫാത്താകുന്നത് വരെ ഈ കൂടാരം വിശുദ്ധ മക്കയിൽ അല്ലാഹു നിലനിർത്തുകയും ശേഷം അത് ഉയർത്തുകയുമായിരുന്നു. മലക്കുകളുടെ സഹായത്തോടെ ആദം(അ) പടുത്തുയർത്തിയ വിശുദ്ധ കഅ്ബയുടെ മേൽക്കൂരയായിരുന്നു ആദം(അ)ന്റെ കൂടാരം. ഇത് അല്ലാഹു ഉയർത്തിയപ്പോൾ ആദം(അ)ന്റെ സന്താനങ്ങൾ കല്ലും മണ്ണും ഉപയോഗിച്ച് കഅ്ബയുടെ അടിത്തറയ്ക്ക് മുകളിൽ പടുത്തുയർത്തുകയായിരുന്നു.
വിശുദ്ധ കഅ്ബയുടെ നിർമാണം പൂർത്തീകരിച്ചപ്പോൾ ഒരു മലക്ക് ആദം(അ)നെ അറഫയിലേക്ക് കൂട്ടി കൊണ്ടുപോയി. ഇന്ന് മുസ്ലിംകൾ നിർവഹിക്കുന്ന രീതിയിൽ ഹജ്ജിന്റെ മുഴുവൻ കർമങ്ങളും പഠിപ്പിച്ചുകൊടുത്തു. അതനുസരിച്ച് ആദം(അ) ഹജ്ജ് കർമം പൂർത്തീകരിക്കുകയും ഒരാഴ്ചക്കാലം മക്കയിൽ താമസിച്ച് കഅ്ബ ത്വവാഫ് ചെയ്യുകയുമുണ്ടായി. പിന്നീട് വാസസ്ഥലമായ ഇന്ത്യയിലേക്ക് മടങ്ങി. ആദം നബി(അ) മുതൽ മുഹമ്മദ് നബി(സ്വ) വരെയുള്ള മുഴുവൻ പ്രവാചകന്മാരും ഹജ്ജ് കർമം നിർവഹിച്ചിട്ടുണ്ട്.
ഇബ്നുഅബ്ബാസ്(റ)വിൽ നിന്ന് നിവേദനം: ‘ആദം(അ) ഹജ്ജ് കർമം നിർവഹിക്കുന്നതിന്റെ ഭാഗമായി ഏഴ് തവണ കഅ്ബ ത്വവാഫ് ചെയ്തു. ത്വഫാഫിനിടയിൽ വെച്ച് മലക്കുകൾ ആദം(അ)നെ കാണാനിടയായി. ആദമേ, അങ്ങയുടെ ഹജ്ജ് മബ്റൂർ ആകട്ടെ എന്ന് അവർ ആശംസിച്ചു. അങ്ങേക്ക് മുമ്പ് രണ്ടായിരം വർഷം മുതൽ തന്നെ ഞങ്ങൾ ഹജ്ജ് നിർവഹിക്കുന്നുണ്ട് എന്നും അവർ ആദം(അ)നെ അറിയിച്ചു. ത്വവാഫിന്റെ വേളയിൽ നിങ്ങൾ എന്താണ് ചൊല്ലാറുള്ളതെന്ന് ആദം(അ) അവരോട് ആരാഞ്ഞു: ‘സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹി വലാ ഇലാഹ ഇല്ലല്ലാഹു വല്ലാഹു അക്ബർ’ എന്നാണ് ചൊല്ലുന്നത് എന്ന് പറഞ്ഞ മലക്കുകളോട് ‘വലാ ഹൗല വലാ ഖുവ്വത ഇല്ലാബില്ലാഹി’ എന്ന് കൂടി വർധിപ്പിക്കണമെന്ന് ആദം(അ) നിർദേശിച്ചു. അന്ന് മുതൽ മലക്കുകൾ അതുകൂടി വർധിപ്പിച്ചു. പിന്നീട് ഇബ്റാഹീം നബി(അ) ഹജ്ജ് കർമത്തിനെത്തി. ത്വവാഫ് നിർവഹിക്കുന്നതിനിടെ മലക്കുകൾ ഇബ്റാഹീം നബി(അ)യെ സമീപിച്ച് സലാം പറഞ്ഞു. ത്വവാഫിൽ എന്താണ് ചൊല്ലാറുള്ളതെന്ന് നബി അവരോട് അന്വേഷിച്ചു. ആദം(അ)ന് മുമ്പ് ചൊല്ലിയിരുന്നതും ആദം(അ) വർധിപ്പിക്കാൻ പറഞ്ഞതുമൊക്കെ അവർ ഇബ്റാഹീം(അ)മിനോട് പങ്കുവെച്ചു. ബില്ലാഹി എന്നതിന് ശേഷം ‘അൽ അലിയ്യിൽ അള്വീം’ എന്ന് കൂടി വർധിപ്പിക്കണമെന്ന് ഇബ്റാഹീം(അ) അവരോട് നിർദേശിച്ചു. അന്ന് മുതൽ ഈ ദിക്റ് പൂർണമായി ത്വവാഫിൽ നിർവഹിച്ച് വരുന്നു.
വഹ്ബുബ്നു മുനബ്ബിഹ്(റ)വിൽ നിന്ന് നിവേദനം: ‘ഭൂമിയിലേക്ക് ഇറങ്ങിയ ആദം(അ) അല്ലാഹുവിനോട് ചോദിച്ചു: റബ്ബേ, ഈ ഭൂമിയെ പരിപാലിക്കുകയും നിനക്ക് ദിക്റും തസ്ബീഹും നിർവഹിക്കുകയും ചെയ്യുന്ന ആരും ഈ ഭൂമിയിലില്ലേ? എനിക്ക് ദിക്റും തസ്ബീഹും നിർവഹിക്കുന്നവരെ താങ്കളുടെ സന്താന പരമ്പരയിൽ നിന്ന് നിശ്ചയിക്കാനാണ് എന്റെ തീരുമാനം. എനിക്ക് ദിക്റ് നിർവഹിക്കാനായി നാം കുറേ ഭവനങ്ങളും ഭൂമിയിൽ പണി കഴിപ്പിക്കും. അക്കൂട്ടത്തിൽ എന്റെ ആദരവ് കൊണ്ട് പ്രത്യേകമാക്കുന്ന ഭൂമിയിലെ മറ്റേതു ഭവനത്തെക്കാളും ശ്രേഷ്ഠമായ, എനിക്ക് വേണ്ടി തിരഞ്ഞെടുത്തിട്ടുള്ള ഒരു ഭവനത്തിൽ താങ്കളെ ഞാൻ പാർപ്പിക്കും. എനിക്ക് ദിക്റ് ചൊല്ലാൻ ഭൂമിയിലെ ഭവനങ്ങളിൽ (പള്ളികളിൽ) വെച്ച് ഏറ്റവും അർഹതയുള്ളത് ആ ഭവനത്തിനാണ്. ആകാശ ഭൂമികളെ സൃഷ്ടിച്ച അന്ന് തന്നെ ഈ ഭവനത്തിന്റെ സ്ഥാനം നാം നിർണയിച്ചിട്ടുണ്ട്. ആ സ്ഥാനം ഞാൻ എനിക്ക് വേണ്ടി തിരഞ്ഞെടുത്തതാണ്. അത് എന്റെ ഭവനമാണ്. പക്ഷേ, ഞാൻ ആരാധനാലയങ്ങളിൽ അവതരിക്കുന്നതിനെ തൊട്ട് പരിശുദ്ധനാണ്.
ആ ഭവനം താങ്കൾക്കും താങ്കളുടെ സന്താന പരമ്പരക്കും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്ന പ്രദേശമാണ്. അവിടെ ഞാൻ വിലക്കിയ കാര്യങ്ങൾ ഉപേക്ഷിക്കുന്നവർ എന്നെ ആദരിച്ചവനും വിലക്കുകൾ ലംഘിക്കുന്നവൻ എന്നെ നിസ്സാരപ്പെടുത്തുന്നവനുമാണ്. അവിടുത്തെ നിവാസികൾക്ക് സംരക്ഷണം നൽകിയവന് ഞാൻ സംരക്ഷണം നൽകും. അവർക്ക് ഭീഷണിയായവർ എന്റെ കരാർ ലംഘിച്ച ചതിയന്മാരാണ്. രാജകൊട്ടാരങ്ങൾക്ക് ചുറ്റുമുള്ള നിരോധിത മേഖലപോലെ വിശുദ്ധ മക്ക എന്റെ നിരോധിത മേഖലയാണ്. എന്റെ ഭവനത്തിന്റെ അയൽക്കാരും പരിചാരകരും എന്റെ സംഘവും അതിഥികളുമാണ്. ഭൂമിയിൽ പ്രഥമമായി നിർമിക്കപ്പെടുന്നത് ഈ ഭവനമാണ്. ആകാശ ഭൂമികളിലെ വാസക്കാരെ കൊണ്ട് ഞാൻ അത് പരിപാലിക്കും. അവർ വളരെ വിദൂര ദിക്കുകളിൽ നിന്ന് പോലും അവിടെ എത്തും. സംഘങ്ങളായി മൊലിഞ്ഞൊട്ടിയ ഒട്ടകപ്പുറത്ത് വരെ അവർ വരും. ദീർഘയാത്ര നിമിത്തം പൊടിപിടിച്ച വസ്ത്രങ്ങളും പാറിപ്പറന്ന മുടികളുമായിട്ടാണ് അവർ വരിക. അത്യുച്ചത്തിൽ അവർ തക്ബീർ മുഴക്കും. ഏങ്ങലടിച്ച് തേങ്ങിക്കരയുന്നവരാണവർ. പൂർണ ആത്മാർത്ഥതയോടെ എന്നെ മാത്രം ലക്ഷ്യം വെച്ച് ആ ഭവനം സന്ദർശിച്ചവൻ എന്നെ സന്ദർശിച്ചവനും അതിഥി സൽകാരം ലഭിച്ചവനുമാണ്. എന്റെ അതിഥിയായവന് ആദരവ് നൽകാൻ എനിക്ക് കടമയുണ്ട്. അതിഥികളെയും ദൗത്യ സംഘങ്ങളെയും ആദരിക്കൽ മാന്യന്മാരുടെ പതിവാണ്. ഞാൻ അവരുടെ മുഴുവൻ ആവശ്യങ്ങളും പൂർത്തിയാക്കി കൊടുക്കും. ആയതിനാൽ താങ്കൾ ജീവിച്ചിരിക്കുന്ന കാലത്തോളം ആ ഭവനത്തെ പരിപാലിക്കണം. താങ്കൾക്ക് ശേഷം മറ്റു സമുദായങ്ങളും അവരുടെ പ്രവാചകന്മാരും അത് നിർവഹിക്കും. അങ്ങയുടെ സന്താന പരമ്പരയിൽ അന്ത്യപ്രവാചകനായിരിക്കും അവസാനം അതിനെ പരിചരിക്കുന്ന നബി.’
തിരുനബി(സ്വ)യെയും ഉമ്മത്തിനെയും കുറിച്ചുള്ള സുവാർത്ത കൂടി ഈ വചനത്തിലുണ്ട്. ഇന്ന് ലോകവിശ്വാസി സമൂഹം മക്കയുടെ മണലാരണ്യത്തിൽ ഹജ്ജിനും ഉംറക്കുമെത്തുമ്പോൾ ആ സുവിശേഷമാണ് പുലർന്നുകൊണ്ടിരിക്കുന്നത്.