ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇസ്‌ലാം പ്രചരിപ്പിച്ചവരിൽ ഉന്നത സ്ഥാനീയനാണ് ഖാജാ മുഈനുദ്ദീൻ ചിശ്തി(റ). അജ്മീർ കേന്ദ്രമാക്കി ദീനീ ദഅ്‌വത്ത് നടത്തിയ അദ്ദേഹം ഗരീബേ നവാസ്, സുൽത്വാനുൽ ഹിന്ദ് എന്നെല്ലാം വിശ്രുതനായി. ഇന്നും അനേകരുടെ ആശ്രയവും അഭയവുമായി മഹാൻ പരിലസിക്കുന്നു. ആലംബഹീനർ ആശ്വാസം തേടി ആ സവിധത്തിലെത്തുന്നു. അവലംബനീയമായ ചരിത്രങ്ങളിൽ നിലനിൽക്കുന്ന ഖാജയെ ഹ്രസ്വമായി പരിചയപ്പെടാം.
വഴിത്തിരിവ്
പിതാവും മാതാവും മരണപ്പെട്ട പതിനാലു കാരനാണ് മുഈനുദ്ദീൻ. തനിക്ക് പിതൃ സ്വത്തായി ലഭിച്ച മുന്തിരിത്തോട്ടത്തിൽ കൃഷി നടത്തി ജീവിച്ചു. ഒരു ദിവസം തോട്ടത്തിലേക്ക് ഒരാൾ കടന്നുവന്നു. ആത്മീയത സ്ഫുരിക്കുന്ന മുഖം. അയാൾ നേരെ മുഈനുദ്ദീൻ നിൽക്കുന്നിടത്തേക്ക് വന്ന് സലാം പറഞ്ഞു. സാത്വികനായ ശൈഖ് ഇബ്‌റാഹീം(റ) എന്നവരായിരുന്നു അത്. മുഈനുദ്ദീൻ ആദരപൂർവം സ്വീകരിച്ചു. പഴുത്തു പാകമായ ഒരു മുന്തിരിക്കുല പറിച്ച് അദ്ദേഹത്തിന് നൽകി. ആഗതൻ അത് കഴിച്ച് സന്തുഷ്ടനായി. തന്റെ വായിൽ നിന്നെടുത്ത അൽപം ഭക്ഷണം മുഈനുദ്ദീന് വായിൽ വെച്ച് കൊടുത്തു. ‘അനിഷ്ടം കാണിക്കാതെ ചവച്ചു കഴിച്ചോളൂ’ എന്നു പറഞ്ഞു. മുഈനുദ്ദീൻ മടിയൊന്നുമില്ലാതെ അത് കഴിച്ചു. ആത്മീയതയുടെ മധുരാനുഭവ വിചാരങ്ങൾ മുഈനുദീന്റ ഹൃദയത്തിൽ അലയടിച്ചു. ഇലാഹീ സ്‌നേഹം മനസ്സിലുറച്ചു. മുഈനുദ്ദീന് തോട്ടവും കൃഷിയും മടുത്തു. എല്ലാം വിറ്റ് ദാനം ചെയ്തു. വിജ്ഞാനവും ഗുരുക്കളെയും തേടി യാത്ര തുടങ്ങി.
ആത്മീയഗുരു
വിവിധ വിജ്ഞാനങ്ങൾ നേടിയെങ്കിലും ആത്മീയ ദാഹത്തിന് ശമനമുണ്ടായില്ല. മഹാഗുരുക്കളുടെ പരിചരണ സൗഭാഗ്യത്തിനായി കൊതിച്ചു. അതിനായുള്ള അന്വേഷണം ശൈഖ് ഉസ്മാനുൽ ഹാറൂനി(റ)യിലെത്തി. പണ്ഡിതനും സാത്വികനുമായ ആത്മീയ ഗുരുവര്യരാണദ്ദേഹം. മുഈനുദ്ദീൻ(റ)ക്ക് സന്തോഷമായി. 20 വർഷം അദ്ദേഹത്തിന്റെ സേവകനും ശിഷ്യനുമായി കഴിഞ്ഞു. ശിഷ്യനിൽ ആത്മീയ വളർച്ചയുടെയും മഹത്ത്വത്തിന്റെയും അടയാളങ്ങൾ ഗുരുവിന് ദർശിക്കാനായി. അതിന്റെ പൂർത്തീകരണത്തിനായി മഹാഗുരുക്കളുടെ പർണശാലയിലേക്ക് അദ്ദേഹത്തെ കൂട്ടിക്കൊണ്ടുപോയി. അവിടത്തെ മര്യാദകളും ചിട്ടകളും പൂർണമായി പാലിച്ച് പ്രവേശനം നേടി. അവിടെ വെച്ച് ശൈഖ് ഹാറൂനീ(റ) തന്റെ ശിഷ്യനെ ബൈഅത്ത് ചെയ്തു. അഥവാ ശിഷ്യന്റെ ഗുരുപദവി തന്റെ ഗുരു തന്നെ ആദ്യം അംഗീകരിച്ചു. ആത്മീയ ലോകത്തെ രീതി അങ്ങനെയാണ്. മഹത്ത്വവും പദവിയും അംഗീകരിക്കാനാർക്കും ഒരു മന:പ്രയാസവുമുണ്ടാവില്ല. ഗുരു ശിഷ്യനും, ശിഷ്യൻ ഗുരുവുമാകാം.
മനം കുളിർത്ത അനുഭവം
ശൈഖ് ഉസ്മാനുൽ ഹാറൂനീ(റ) ശിഷ്യൻ മുഈനുദ്ദീനുമൊപ്പം ഹജ്ജിന് പോയി. അക്കാലത്തെ ആദരണീയ ആത്മീയഗുരുവായിരുന്നു ശൈഖ് ഹാറൂൻ(റ). അവർ മക്കയിലെത്തി ഹജ്ജിന്റെ അമലുകൾ പൂർത്തിയാക്കി. മക്കയിൽ നിന്ന് യാത്രയാവാൻ ഒരുങ്ങുകയാണ്. ഗുരു ശിഷ്യനെയും കൂട്ടി കഅ്ബയുടെ സമീപത്ത് ചെന്നു. പ്രാർത്ഥനക്ക് ഉത്തരം കിട്ടുന്ന സ്ഥലമാണ് കഅ്ബയുടെ മുകളിലെ വെള്ളം ഒഴുകുന്ന പാത്തിയുടെ താഴ്ഭാഗം. ഗുരു അവിടെ വെച്ച് ശിഷ്യനായി പ്രാർത്ഥിച്ചു: നാഥാ, എന്റെ ഈ അരുമ ശിഷ്യനെ സംതൃപ്തിയോടെ നീ സ്വീകരിക്കേണമേ. പ്രാർത്ഥന അവസാനിക്കും മുമ്പു തന്നെ ഒരശരീരി കേട്ടു: മുഈനുദ്ദീനെ നാം സംതൃപ്തിയോടെ സ്വീകരിച്ചിരിക്കുന്നു. ഗുരുവിനും ശിഷ്യനും സന്തോഷമായി.
മദീനാ മലർവനിയിൽ
ഗുരുവിൽ നിന്ന് ലഭിച്ച ആശീർവാദവും അനുവാദവും അനുസരിച്ച് മുഈനുദീൻ ജീവിച്ചുവന്നു. അങ്ങനെയിരിക്കെ മക്കയിലും മദീനയിലും സിയാറത്ത് നടത്താൻ കലശലായ മോഹം. പിന്നെ താമസിച്ചില്ല, അടുത്ത സീസണിൽ തന്നെ യാത്രയായി. ഹജ്ജിന്റെ അമലുകൾ പൂർത്തിയാക്കി മദീനയിലേക്ക് യാത്രയായി. മസ്ജിദുന്നബവിയിലെത്തി. ആത്മീയ ധന്യമായ നിമിഷങ്ങൾ. റൗളയിൽ ആരാധനാ നിരതനായി കഴിഞ്ഞു. അപ്പോൾ ഒരശരീരി: മുഈനുദ്ദീൻ, നീ അല്ലാഹുവിന്റെ ദീനിന്റെ സഹായി തന്നെയാണ്. അല്ലാഹുവിൽ നിന്നുള്ള ദാനമായി നിന്നെ ഞാൻ ഇന്ത്യയുടെ ചുമതലയേൽപിക്കുന്നു. അവിടെ ധാരാളം നിഷേധികളുണ്ട്. സൻമാർഗദർശിയായി, വഴികാട്ടിയായി നീ അവിടെ ചെല്ലണം. അജ്മീരിൽ താമസിക്കണം. ധാരാളമാളുകൾ നീ മുഖേന സത്യത്തിലേക്ക് കടന്നുവരും. മുഈനുദ്ദീൻ(റ)യുടെ മനസ്സിൽ ഒരു കുളിർ തെന്നൽ. തന്റെ നിയോഗവും നിയോഗ കേന്ദ്രവും പിതാമഹനിൽ നിന്നു തന്നെ അറിവായല്ലോ. അങ്ങനെ ഖാജാ മുഈനുദ്ദീനുൽ ചിശ്തി(റ) അജ്മീരിലേക്ക് പുറപ്പെടാൻ ഉറച്ചു.
തിരുദർശനം
പേർഷ്യക്കാരനായ മുഈനുദ്ദീൻ(റ)ക്ക് അജ്മീറിലേക്ക് പോകണം. പക്ഷേ വഴിയറിയില്ല. അദ്ദേഹം ആകുലപ്പെട്ടു. എങ്ങനെ അജ്മീറിലെത്തും. ഈ ചിന്തയോടെയാണ് അന്നു രാത്രി കിടന്നുറങ്ങിയത്. സ്വപ്നത്തിലതാ തിരുനബി(സ്വ) എത്തുന്നു. സന്തോഷ വാർത്തയറിയിച്ച് ഒരു ഉറുമാൻ പഴം നൽകി. സഞ്ചരിക്കാനും താമസിക്കാനുമുള്ള ഇടങ്ങളെല്ലാം അവിടന്ന് കാണിച്ചുകൊടുത്തു. അടുത്ത പ്രഭാതത്തിൽ ഉണർന്നെണീറ്റത് വലിയ സന്തോഷത്തോടെ. ഇനി ഇന്ത്യയിലേക്ക് പുറപ്പെടണം. അജ്മീറിലെത്തണം. റൗളയിൽ ചെന്നു. റസൂൽ(സ്വ)ക്ക് സലാം അർപ്പിച്ചു. മദീനയോട് യാത്ര പറഞ്ഞു.
ഉപദേശത്തിന്റെ സ്വാധീനം
അജ്മീറിലേക്കുള്ള യാത്ര വെറുമൊരു പര്യടനമായിരുന്നില്ല. പലയിടങ്ങളിലൂടെ ഒരു പ്രബോധന പ്രയാണമായിരുന്നു. അവിശ്വാസികൾ, നൂതന വാദികൾ, ഭൗതിക വാദികൾ, ദുർവൃത്തർ അങ്ങനെ വ്യത്യസ്ത തുറകളിലുള്ളവർ ഖാജയുടെ പ്രബോധന മാധുര്യം അനുഭവിച്ചു.
ഇസ്ഫഹാനിനടുത്തൊരിടം. അവിടത്തുകാർ അഗ്‌നിയാരാധകരായിരുന്നു. മുഈനുദ്ദീൻ(റ)യുടെ യാത്ര അവിടെയെത്തി. ഒരിടത്ത് കുറെ ആളുകൾ കൂട്ടം കൂടി നിൽക്കുന്നു. ഒരു വലിയ തീ കുണ്ഡത്തിനടുത്തായിരുന്നു അത്. ഖാജ തന്റെ സഹയാത്രികനെ അവരുടെ അടുത്തേക്ക് വിട്ടു. അവരദ്ദേഹത്തെ ശകാരിച്ചു. ചീത്തവിളിച്ചു. വളരെ മോശമായി പെരുമാറുന്നത് കണ്ടപ്പോൾ ഖാജ തന്നെ അവരുടെ അടുത്തേക്ക് ചെന്നു. അവരെ സൗമ്യമായി ഉപദേശിച്ചു. അനുസരിക്കാനാവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഇളിഭ്യരാവേണ്ടിവരുമെന്നറിയിച്ചു. ഖാജയുടെ ശബ്ദം അവരെ ഭയപ്പെടുത്തി. അവർ വിനയാന്വിതരായി പറഞ്ഞു: ഈ അഗ്നിയെ ഞങ്ങൾ ആരാധിച്ചാൽ നരകത്തീയിൽ നിന്ന് ഞങ്ങളെ ഇത് രക്ഷപ്പെടുത്തും. അതാണ് ഞങ്ങളിതിനെ ആരാധിക്കാൻ കാരണം. ഖാജ പറഞ്ഞു: ഈ തീ നിങ്ങളെത്തന്നെ കരിച്ചു കളയുമല്ലോ, പിന്നെങ്ങനെയാണ് നരകത്തിൽ നിന്ന് നിങ്ങളെ ഇത് രക്ഷിക്കുക. അതിനാൽ എന്റെയും നിങ്ങളുടെയും നാഥനായ അല്ലാഹുവിൽ നിങ്ങൾ വിശ്വസിക്കുക, അവനെ മാത്രം ആരാധിക്കുക. എങ്കിൽ അവൻ ഈ തീയിൽ നിന്നും നരകത്തീയിൽ നിന്നും നിങ്ങളെ രക്ഷിക്കും. ഈ ഉപദേശം അവരുടെ മനസ്സിൽ തറച്ചു. ഖാജയുടെ വാക്കും നോക്കും നീക്കവും അവരെ പാടേ മാറ്റിമറിച്ചു. ഭവ്യതയോടെയാണവർ പിന്നീട് അദ്ദേഹത്തിനു മുന്നിൽ നിന്നത്.
കരിക്കാത്ത അഗ്‌നി
ഖാജ അവരെ കൂടുതൽ അടുപ്പിക്കാനായി ഒരു സംഗതി ചെയ്തു. അവരുടെ മൂപ്പന്റെ മകനെ അന്വേഷിച്ചു. അവൻ മുന്നോട്ടുവന്നു. ഖാജ അവന്റെ കൈപിടിച്ചു തീ കുണ്ഡത്തിൽ ഇറങ്ങി. ‘നാം പറഞ്ഞു: തീയേ, നീ ഇബ്‌റാഹീമിന് തണുപ്പും രക്ഷയുമാവുക (അൽഅമ്പിയാഅ് 69) എന്ന ആശയമുള്ള ഖുർആൻ ആയത്ത് ഓതിക്കൊണ്ടാണ് മഹാൻ തീയിലേക്കിറങ്ങിയത്. അത്ഭുതം, ഇരുവർക്കും ഒരു പോറലും ഏറ്റില്ല. ഒരു രോമം പോലും കരിഞ്ഞില്ല. ഖാജയും കുട്ടിയും തീയിൽ നിന്ന് കരകയറി. കുട്ടി തനിക്കുണ്ടായ അത്ഭുതാനുഭവങ്ങൾ നാട്ടുകാരോട് വിവരിച്ചു. പിന്നെ അവർ അമാന്തിച്ചില്ല. എല്ലാവരും ശഹാദത്ത് കലിമ ഉച്ചരിച്ച് സത്യമതം സ്വീകരിച്ചു. തന്റെ കൂടെ തീയിൽ ഇറങ്ങിയ കുട്ടിക്ക് ഇബ്‌റാഹീം എന്നും അവന്റെ പിതാവിന് അബ്ദുല്ല എന്നും ഖാജ പേരിട്ടു.
ശൈഖ് ജീലാനി(റ)യോടൊപ്പം
നബി(സ്വ)യുടെ നിർദേശമനുസരിച്ച് മുഈനുദ്ദീൻ(റ) ബഗ്ദാദിലെത്തി ശൈഖ് ജീലാനി(റ)യെ സന്ധിച്ചു. ജീലാനി(റ) ഖാജ(റ)യെ സ്വീകരിച്ചാശീർവദിച്ചു: ‘സ്വാഗതം, അല്ലാഹുവിന്റെ ദൂതരുടെ ദാനമേ സ്വാഗതം’. അതിഥിയെ സസന്തോഷം മഹാൻ സൽക്കരിച്ചു. യഥാർത്ഥത്തിൽ ജീലാനി(റ) ഖാജയുടെ വരവ് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പർണശാലയിൽ അഞ്ച് മാസത്തിലധികം ശിഷ്യനും സേവകനുമായി ഖാജ കഴിഞ്ഞു. ആത്മീയാനുഭൂതിയുടെയും ആനന്ദത്തിന്റെയും നാളുകളായിരുന്നു അത്. തന്റെ നിയോഗത്തെ കുറിച്ചും വിജയങ്ങളെ കുറിച്ചും സന്തോഷ വാർത്തകൾ ലഭിച്ചു. താൻ മുഖേന നടക്കാൻ പോകുന്ന ആത്മീയ മാറ്റങ്ങൾ, ഇന്ത്യയിലെ നേതൃത്വം, ജനസ്വീകാര്യതയും നേട്ടങ്ങളുമെല്ലാം അറിയിപ്പായി ലഭിച്ചു.
നാട്ടുമൂപ്പൻ സേവകനായി
സബ്‌സാവാർ നിവാസികൾ നവീനവാദികളാണ്. സ്വഹാബികളെ അധിക്ഷേപിക്കുന്നവരും. അവരുടെ നേതാവ് വലിയ സമ്പന്നനും ധൂർത്തനും ദുർവൃത്തനുമായിരുന്നു. ഒരു ദിവസം അവർ നേതാവിനൊപ്പം അയാളുടെ തോട്ടത്തിൽ ഒരുമിച്ചുകൂടി. കുടിച്ചു കൂത്താടാനും മദിച്ചുല്ലസിക്കാനുമായിരുന്നു അത്. അതു വഴിയായിരുന്നു ഖാജയുടെ യാത്ര. ആൾക്കൂട്ടം കണ്ടപ്പോൾ മഹാൻ അവരുടെ അടുത്തേക്ക് ചെന്നു. ഖുർആൻ ഓതിക്കൊണ്ടാണ് ഖാജ നടന്നത്. ഇത് കണ്ട കാര്യസ്ഥൻ അദ്ദേഹത്തെ തടയാൻ ശ്രമിച്ചു. ഖുർആൻ പാരായണം നിർത്താൻ ആജ്ഞാപിച്ചു. ഖാജ വഴങ്ങിയില്ല. അവസാനം നേതാവ് തന്നെ ഇടപെട്ടു. ഖാജ വഴങ്ങാതെ ഓത്ത് തുടർന്നു. അവരെ ശരിയായ വിശ്വാസത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു. ആത്മീയത പ്രസരിക്കുന്ന ദൃഷ്ടിയാൽ അവരെ നോക്കി. തൽക്ഷണം അവരെല്ലാം ബോധരഹിതരായി. ഖാജ അവർക്കു മേൽ വെള്ളം തളിക്കാനാവശ്യപ്പെട്ടു. കൂടെയുള്ളവർ വെള്ളം തളിച്ചപ്പോൾ അവർക്കെല്ലാം ബോധം തിരിച്ചുകിട്ടി. ഖാജ(റ)യുടെ മുമ്പിൽ വെച്ച് അവർ പശ്ചാത്തപിച്ചു. പിഴച്ച വാദങ്ങളിൽ നിന്ന് പിന്മാറി. സത്യവിശ്വാസത്തിലേക്ക് വന്നു. ആ നേതാവ് സമ്പത്തെല്ലാം ഉപേക്ഷിച്ച് ഖാജയുടെ സേവകനായിത്തീർന്നു.
തത്ത്വശാസ്ത്രജ്ഞന്റെ പശ്ചാത്താപം
ബൽഖ് എന്ന നാട്ടിൽ വലിയൊരു തത്ത്വശാസ്ത്രജ്ഞനുണ്ടായിരുന്നു- ളിയാഉദ്ദീൻ. പ്രദേശത്തെ അധ്യാപകനായിരുന്നു അദ്ദേഹം. തത്ത്വശാസ്ത്രം തലക്കുപിടിച്ച അദ്ദേഹം ആത്മീയതയെയും സാത്വികരെയും പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുമായിരുന്നു. ഖാജ(റ) സഞ്ചാരത്തിനിടയിൽ ബൽഖിലെത്തിയപ്പോൾ അയാളുടെ സമീപത്തു ചെന്നു. അയാൾ കാണും വിധത്തിൽ ഒരു പറവയെ പിടിച്ച് സേവകനെ ഏൽപ്പിച്ചു. മാംസം പാകം ചെയ്യാൻ നിർദേശിച്ചു. എന്നിട്ട് നിസ്‌കരിക്കാൻ നിന്നു. ഇതെല്ലാം കണ്ട് ളിയാഉദ്ദീനിൽ അമർഷം ആളിക്കത്തി. അയാൾ സേവകനെ സമീപിച്ച് ഇദ്ദേഹം ആരാണെന്നന്വേഷിച്ചു. നിസ്സാരമാക്കി സംസാരിച്ചു. നിന്ദ്യതയോടെ നോക്കി. നിസ്‌കാരം കഴിഞ്ഞ ശേഷം ഖാജ തന്റെ ആത്മദൃഷ്ടി അയാളിലേക്ക് തിരിച്ചു. ഉടൻ അയാൾ ബോധരഹിതനായി വീണു. ഖാജ തിരുകരം അദ്ദേഹത്തിന്റെ മാറിൽ വെച്ചു. അപ്പോൾ അയാൾ ബോധമുണർന്ന് മഹാന്റെ കാൽക്കൽ വീണ് മാപ്പിരന്നു. ഖാജ തന്റെ വായിലുണ്ടായിരുന്ന ഭക്ഷണത്തിൽ നിന്ന് അൽപം ശൈഖ് അദ്ദേഹത്തിനു നൽകി. അയാൾ സവിനയം അതു സ്വീകരിച്ചു. അതോടെ അയാൾ ആകെ പരിവർത്തിതനായി. ഖാജയുടെ ശിഷ്യനും സേവകനുമായി ശിഷ്ടകാലം ജീവിച്ചു.
അലവിക്കുട്ടി ഫൈസി എടക്കര