തിരുനബി(സ്വ) പറഞ്ഞു: നിങ്ങളുടേതായ (ജീവിത) കാലത്ത് (ഓരോ നിമിഷവും) നിങ്ങൾ നല്ലത് പ്രവർത്തിക്കുക. അല്ലാഹുവിന്റെ കാരുണാ കടാക്ഷങ്ങൾക്ക് അർഹരായിത്തീരുക. തന്റെ ദാസന്മാരിൽ നിന്ന് അല്ലാഹു ഉദ്ദേശിക്കുന്നവർക്ക് നൽകുന്ന ചില പ്രത്യേകാനുഗ്രഹങ്ങൾ അവനുണ്ട്. നിങ്ങളുടെ ന്യൂനതകൾക്കു മറയിടാനും ഭയാശങ്കകളിൽ നിന്ന് നിർഭയത്വം നൽകാനും നിങ്ങൾ അവനോട് പ്രാർത്ഥിക്കുക (ത്വബ്‌റാനി).
അറബി കലണ്ടറനുസരിച്ച് ഒരു പുതുവർഷപ്പുലരി കൂടി കടന്നുവരികയാണ്. ജീവിതത്തിലെ സുഖദുഃഖങ്ങളുടെയും സന്തോഷ സന്താപങ്ങളുടെയും ദൃക്‌സാക്ഷിയായ വർഷം വിട്ടുപിരിയുകയും ചെയ്യുന്നു. നമ്മുടെ ഗുണത്തിനു വേണ്ടി അല്ലാഹു ഏകിയ പലതും അനുഭവിക്കാനും ആസ്വദിക്കാനും പോയ വർഷം നമുക്കവസരമുണ്ടായി. എല്ലാറ്റിനും മൂകസാക്ഷിയും സഹകാരിയുമായി കാലം കൂടെ നിന്നു.
നമ്മോടൊപ്പം സഞ്ചരിക്കുന്ന കാലമാണ് നമ്മുടെ ആയുസ്സ്. കാലത്തിന് മാറ്റങ്ങളില്ല. കാലത്തിലാണ് പരിവർത്തനങ്ങളും പുതുമകളുമുണ്ടാവുക. അവയെ കൃത്യമായൊരു തിയ്യതിയിൽ ക്ലിപ്തപ്പെടുത്തി ഓർത്തെടുക്കാൻ അല്ലാഹു നൽകിയ സന്ദർഭമാണ് കാലം. സൂര്യനും ചന്ദ്രനുമാണ് കാലത്തെ കണക്ക് കൂട്ടാൻ നമ്മെ സഹായിക്കുന്നത്. കാലം നമുക്കൊരവസരം കൂടി നൽകിയിരിക്കുന്നു. ഒരു ഘട്ടത്തിൽ നമ്മെ ഉപേക്ഷിച്ച് അത് പ്രയാണം തുടരും. ഭൂതം, വർത്തമാനം, ഭാവി എന്നീ കാലത്രയങ്ങളിൽ വർത്തമാനം മാത്രമാണ് നമ്മെ ആവരണം ചെയ്യുന്നത്. ഭൂതകാലം കഴിഞ്ഞു പോയി. ഭാവി അനുഭവവേദ്യമായി നമുക്കുണ്ടാകുമോ എന്നത് അജ്ഞാതമാണുതാനും. വർത്തമാനമാണ് നമുക്കനുഭവിക്കാനും പ്രവർത്തിക്കാനുമാവുക.
കാലത്തിലെ ചെറിയൊരംശവും വിശ്വാസിയെ സംബന്ധിച്ചിടത്തോളം അവസരമാണ്, ഗുണത്തിനാണ്. സുഖദുഃഖ വൈവിധ്യങ്ങളിലും രാപ്പകൽ വൈജാത്യങ്ങളിലും നാഥൻ നമുക്ക് നന്മകളുടെ സാധ്യതകളാണ് ഒരുക്കിയിരിക്കുന്നത്. ഓരോ നിമിഷവും അതിവേഗത്തിലാണ് സഞ്ചരിക്കുന്നത്. നന്മയുടെ സവിശേഷ സാധ്യതകളും സൗകര്യങ്ങളും അടുക്കിവെച്ച പേടകമാണ് സമയം. മനുഷ്യനുമായി ബന്ധപ്പെട്ട ഏതൊന്നിലും ഇലാഹീ കാരുണ്യത്തിന്റെ നിക്ഷേപങ്ങളുണ്ട്. കൃത്യമായി അറിഞ്ഞും അളന്നും മൂല്യവും ഗുണവും ഗണിച്ചെടുക്കാനാകാത്ത സൗഭാഗ്യാവസരങ്ങളാണ് കാലത്തിന്റെ ഏതൊരു ബിന്ദുവിലുമുള്ളതെന്ന് ഉപരി ഹദീസ് വിളംബരപ്പെടുത്തുന്നു. അവ പാഴാക്കുന്നതു നഷ്ടമാണ്.
വർത്തമാനത്തിലെ അവസരങ്ങളെ വാരിപ്പുണരണമെന്ന നിശ്ചയം നമുക്കുണ്ടാകണം. തിരിച്ചുവരാത്ത വിധം യാത്രയാകുന്ന ഓരോ ദിവസവും നഷ്ടത്തിന്റെ കണക്കിൽ പെടാതിരിക്കാൻ അറിവും ജാഗ്രതയും അനിവാര്യമാണ്.
താബിഈ പ്രമുഖൻ ഹസനുൽ ബസ്വരി(റ) പറയുന്നു: പിറവിയെടുക്കുന്ന ഓരോ ദിനവും ഇങ്ങനെ വിളിച്ചുപറയും; മനുഷ്യരേ, ഞാനൊരു പുത്തൻ ദിനമാണ്, ഞാനുള്ളപ്പോൾ എന്നിൽ പ്രവർത്തിക്കുന്നതിനെല്ലാം ഞാൻ അനുകൂല/പ്രതികൂല സാക്ഷിയായിരിക്കും. ഇന്നത്തെ അസ്തമയത്തിന് ശേഷം അന്ത്യനാൾ വരെ ഞാൻ നിങ്ങളിലേക്ക് മടങ്ങി വരില്ല (അസ്സുഹദ്).
ചരിത്രത്തിലേക്ക് മാറിപ്പോകുന്ന ഓരോ നിമിഷത്തോടും നന്മയെ ചേർത്തുവെക്കാനുള്ള ആഹ്വാനമാണ് കാലം നടത്തിക്കൊണ്ടിരിക്കുന്നത്. ജീവിതത്തിലെ ഓരോ നിമിഷവും നമ്മുടെ സമീപനത്തിന്റെ സ്വഭാവം നന്നായാൽ മഹത്ത്വമുള്ളതായിത്തീരും. നന്മകൾ നിറഞ്ഞതും തിന്മകളില്ലാത്തതുമായ അവസ്ഥയിൽ ഓരോ ദിനത്തെയും യാത്രയാക്കുക എന്നതായിരിക്കണം വിശ്വാസിയുടെ നിലപാട്.
രാപ്പകലുകൾ മാറിമാറിയാണ് കാലത്തിന്റെ സഞ്ചാരം. ഓരോ രാവും പകലും ധാരാളം നന്മതിന്മകൾ സംഭരിച്ചുവെക്കാൻ പറ്റിയ ഭണ്ഡാരങ്ങളാണ്. ഈസാ നബി(അ) വിവരിച്ചു: രാവും പകലും രണ്ടു ഭണ്ഡാരങ്ങളാണ്. അവയിൽ എന്തു ചെയ്യണമെന്ന് നിങ്ങൾ ചിന്തിക്കുക. രാത്രിയെ എന്തിനുവേണ്ടി സൃഷ്ടിച്ചുവോ അത് നിങ്ങൾ രാവിൽ പ്രവർത്തിക്കുക, പകൽ സൃഷ്ടിക്കപ്പെട്ട ലക്ഷ്യത്തിനായി പകലിലും അധ്വാനിക്കുക (ലത്വാഇഫുൽ മആരിഫ്).
സാധിക്കുന്നത്ര നന്മകൾ വർധിപ്പിച്ച് നമ്മുടെ നിക്ഷേപം സദ്ഗുണങ്ങളുടേതാക്കുകയും ദുർഗുണങ്ങളുടേതും ദുർവൃത്തികളുടേതും അല്ലാതാക്കുകയും ചെയ്യുക എന്നതാണ് വിജയത്തിനുള്ള മാർഗം. നമ്മുടെ ആയുസ്സിലെ ദിവസങ്ങളത്രയും നന്മതിന്മകളുടെ രണ്ട് ഭണ്ഡാരങ്ങളായി മാറുമ്പോഴുള്ള അവസ്ഥയെന്തായിരിക്കും. ഏതിനായിരിക്കും മുൻതൂക്കമുണ്ടാവുക?
ഇന്നലെകൾ ഓർത്തെടുക്കാനാവണം. കുറവുകളുണ്ടാവുക സ്വാഭാവികമാണ്. പക്ഷേ, അത് ശീലവും രീതിയുമാക്കരുത്. പരിഹരിക്കാനായി പടച്ചവനേർപ്പെടുത്തിയ പശ്ചാത്താപത്തിലൂടെ രക്ഷപ്രാപിക്കാൻ സാധിക്കും. ഒരു വർഷത്തിന്റെ പോക്കും മറ്റൊന്നിന്റെ വരവും സംഭവിക്കുന്ന നിമിഷം സ്വജീവിതത്തെ അവലോകനത്തിന് വിധേയമാക്കേണ്ട സന്ദർഭമാണ്. നന്മകൾ വർധിപ്പിക്കാൻ ശ്രമിക്കുകയും തിന്മകൾ തിരുത്തുകയും വീഴ്ചകൾ പരിഹരിക്കുകയും ചെയ്യാൻ നിർദേശിച്ച വഴികൾ അവലംബിക്കണം. ചെയ്ത നന്മകൾക്ക് സ്വീകാര്യതയുണ്ടാവാനും പ്രതിഫലവും സുരക്ഷിതത്വവും നഷ്ടപ്പെടാതിരിക്കാനും പുണ്യങ്ങൾ പാഴാകാതിരിക്കാനും നാം ജാഗ്രത്താകണം. ഭാവിജീവിതത്തിന് കൃത്യവും ആത്മീയബന്ധുരവുമായ സഞ്ചാരപഥം ഉറപ്പാക്കി മുന്നേറാൻ പ്രതിജ്ഞാബദ്ധരാവുകയെന്നതാണ് ഇക്കാലത്തെ വലിയ ത്യാഗം. വർഷാവർഷങ്ങളിലെ കലണ്ടറുകളുടെ മാറ്റം അതാണ് നമ്മെ ഓർമിപ്പിക്കുന്നത്.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ