ഇസ്ലാമിക പരിപ്രേക്ഷ്യത്തില്‍ കുടുംബം എന്നത് ഒരു കൂട്ടുസംരംഭമാണ്. അവിടെ മേധാവിത്വ പ്രശ്നമില്ല. കൂട്ടുത്തരവാദിത്വമാണ് കുടുംബത്തെ ഇമ്പമുള്ളതാക്കുക. പ്രായ, പദവികളുടെ വ്യത്യാസമനുസരിച്ച് ചുമതലകള്‍ വിഭജിക്കപ്പെട്ടിട്ടുണ്ട്. ബാധ്യതകള്‍ നിറവേറ്റി ഓരോ അംഗവും ഈ കൂട്ടുസംരംഭത്തിന്റെ ഭാഗമാകുമ്പോള്‍ കുടുംബം ഭൂമിയിലെ സ്വര്‍ഗമായി മാറും.

ഭാര്യയും ഭര്‍ത്താവുമാണ് ഒരു കുടുംബത്തിന്റെ അടിത്തറ. പിന്നീട് മക്കളും മരുമക്കളുമുണ്ടാകുമ്പോള്‍ ഇവര്‍ക്ക് ഉപ്പ, ഉമ്മ, അമ്മോശന്‍, അമ്മായിയുമ്മ തുടങ്ങിയ പദവികള്‍ ലഭിക്കുന്നു. പേരമക്കള്‍ ജനിക്കുന്നതോടെ വല്യുപ്പയായും വല്യുമ്മയായും ഉയരുന്നു. ഇതിനെ തുടര്‍ന്ന് മരുമകന്‍, മരുമക്കള്‍, നാത്തൂന്‍, എളയച്ചന്‍, മൂത്തച്ചന്‍… തുടങ്ങിയ പല തസ്തികകളും ഉണ്ടാവുന്നു.

കുടുംബ സംവിധാനത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളായി ഇസ്ലാം ചില കാര്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വ്യവസ്ഥാപിത മാര്‍ഗത്തില്‍ മനുഷ്യന്റെ വംശ നിലനില്‍പില്‍ പങ്കാളികളാവുക എന്നതാണ് അതിലൊന്ന്. ഇതോടൊപ്പം ജീവിതത്തിന് നിരവധി നിയന്ത്രണങ്ങളുള്ള മനുഷ്യന് പ്രതിസന്ധികള്‍ക്കിടയിലും സമാധാനപരമായ ജീവിതം നയിക്കാനുള്ള വേദിയൊരുക്കുക എന്നതാണ് മുഖ്യലക്ഷ്യം. കുടുംബ ജീവിതം കലഹിക്കാനും കലാപമുണ്ടാക്കാനും ഒരു പുതിയ പോര്‍മുഖം സൃഷ്ടിക്കാനുമുള്ളതല്ല. ജീവിതത്തില്‍ ശാന്തിയും സമാധാനവും സന്തോഷവും ഉണ്ടാക്കിയെടുക്കാനുള്ളതാണ്.

ഈയര്‍ത്ഥത്തിലുള്ള കുടുംബാന്തരീക്ഷം സൃഷ്ടിച്ചെടുക്കാന്‍ ഇസ്ലാം ചില പെരുമാറ്റച്ചട്ടങ്ങളും മാര്‍ഗനിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇസ്ലാമിക കര്‍മശാസ്ത്രത്തിന്റെ നാലില്‍ ഒരു ഭാഗം കുടുംബ സംവിധാനത്തെ സമഗ്രമായി ചര്‍ച്ച ചെയ്യാനാണ് ഉപയോഗിച്ചിട്ടുള്ളത്.

ലക്ഷ്യബോധം

വിവാഹിതരാവാനുദ്ദേശിക്കുന്ന പുരുഷനും സ്ത്രീക്കും ചില ലക്ഷ്യങ്ങളുണ്ടായിരിക്കണം. വീട്ടുകാര്‍ക്കു വേണ്ടി ഒരു കല്യാണം, അല്ലെങ്കില്‍ വിസ കിട്ടാന്‍, പെങ്ങളെ കെട്ടിക്കാന്‍, വീടുപണിക്ക് ഫണ്ട് കണ്ടെത്താന്‍… ഇത്തരം ലക്ഷ്യങ്ങള്‍ക്കു വേണ്ടി വിവാഹിതരാകുന്നവര്‍ക്കു സമാധാനപരമായ കുടുംബ ജീവിതം അപ്രാപ്യമായിരിക്കും. പ്രധാനമായും നാലു നിയ്യത്തുകളാണ് ഉണ്ടാകേണ്ടത്. ഒന്ന്, തിരുനബി(സ്വ)യുടെ സുന്നത്തെടുക്കാന്‍ വേണ്ടി ഞാന്‍ വിവാഹിതനാവുന്നു എന്ന കരുതലാണ്. ഭര്‍ത്താവ് കുടുംബത്തിനു അധ്വാനിക്കുന്നതും, ഭാര്യ മക്കളെ വളര്‍ത്താന്‍ വേണ്ടി കഷ്ടപ്പെടുന്നതുമെല്ലാം പുണ്യകര്‍മങ്ങളായി മാറണമെങ്കില്‍ ഈ കരുത്ത് ആവശ്യമാണ്.

സ്വാലിഹീങ്ങളായ മക്കളുണ്ടാവുക എന്നതാണ് രണ്ടാമത്തെ ലക്ഷ്യം. ഒരാള്‍ ജീവിച്ചു എന്നതിന്റെ മുഖ്യ രേഖകളില്‍ ഒന്ന് അയാളുടെ പരമ്പര ഇവിടെ നിലനില്‍ക്കുന്നു എന്നതാണല്ലോ. ഇതിനുമപ്പുറം ഒരാള്‍ക്ക് തന്റെ പ്രവര്‍ത്തനത്തിന്റെ ഫലം മരണാനന്തരവും ലഭിക്കുന്നത് മൂന്നു കാര്യങ്ങളില്‍ നിന്നാണ്. അതിലൊന്ന് സ്വാലിഹുകളായ സന്താനങ്ങളാണ്. നല്ല മക്കള്‍ ചെയ്യുന്ന പുണ്യങ്ങളുടെ ഒരു പങ്ക് അവരുടെ മാതാപിതാക്കള്‍ക്ക് മരണാനന്തരവും ലഭിക്കും. സന്താന പരമ്പര വികസിക്കുന്നതിനനുസരിച്ച് ഈ പുണ്യങ്ങളുടെ വരവും വര്‍ധിക്കും.

സദാചാര നിഷ്ഠ കാത്തുസൂക്ഷിക്കുക എന്നതാണ് വിവാഹത്തിന്റെ മൂന്നാമത്തെ മുഖ്യലക്ഷ്യം. ‘ഒരാള്‍ വിവാഹിതനായാല്‍ ദീനിന്റെ മൂന്നില്‍ രണ്ടു ഭാഗം സുരക്ഷിതമായി’ എന്ന നബിവചനം ശ്രദ്ധേയമാണ്. യുവത്വത്തിന്റെ പ്രസരിപ്പില്‍ ലൈംഗികദാഹം തീര്‍ക്കാന്‍ അവിഹിത മാര്‍ഗം തേടുന്നതില്‍ നിന്ന് വിവാഹം സുരക്ഷയൊരുക്കും. നബി(സ്വ) പറഞ്ഞു: ‘യുവത്വമേ നിങ്ങള്‍ വിവാഹിതരാവുക, അതു നിങ്ങളെ (മറ്റു സ്ത്രീകളെ തൊട്ട്) കണ്ണടപ്പിക്കുകയും നിങ്ങള്‍ക്ക് ലൈംഗികശുദ്ധി ലഭ്യമാക്കുകയും ചെയ്യും.’ വിവാഹിതനാകുന്നതോടെ ഉത്തരവാദിത്വ ബോധം വര്‍ധിക്കുകയും തന്റെ സമയത്തിനും സമ്പാദ്യത്തിനും വിലയുണ്ടെന്ന് തിരിച്ചറിയുകയും ചെയ്യും. ഇതോടെ സാമ്പത്തിക നിയമത്തിലും സമയക്രമീകരണത്തിലും വിവാഹിതന്‍ പക്വതയാര്‍ജിക്കുന്നു.

നാലാമത്തെ ലക്ഷ്യം അല്ലാഹു അനുവദിച്ച ആനന്ദം ആസ്വദിക്കുക എന്നതാണ്. വിവാഹം ചെയ്തു സ്വര്‍ഗം നേടാനാണ് പ്രകൃതിമതമായ ഇസ്ലാമിന്റെ നിര്‍ദേശം; ബ്രഹ്മചര്യം പാലിക്കാനല്ല.

ഒരുമയുള്ള കുടുംബം രൂപപ്പെടുന്നതില്‍ വിവാഹ ചടങ്ങുകള്‍ക്ക് വലിയ പങ്കുണ്ട്. മാതാപിതാക്കള്‍ക്കു കൂടി ഇഷ്ടമുള്ളതും കുടുംബത്തിന്റെയും സമുദായത്തിന്റെയും പിന്തുണയുള്ളതും മതത്തിന്റെ അംഗീകാരമുള്ളതുമായ കുടുംബത്തിലേ സംതൃപ്തി നിലനില്‍ക്കുകയുള്ളൂ. ഓടിപ്പോയും ചാടിച്ചു കൊണ്ടുവന്നും കുടുംബ ജീവിതമാരംഭിക്കുന്നവര്‍ പിന്നീട് കൈപ്പുനീര്‍ കുടിക്കേണ്ടി വരും.

കുടുംബ ഭരണം

കൂട്ടു സംരംഭമാണ് കുടുംബമെന്ന് പറഞ്ഞല്ലോ. ഏതൊരു കൂട്ടുസംരംഭവും സുഖമായി മുന്നോട്ടു കൊണ്ടുപോകണമെങ്കില്‍ അതിനൊരു നേതൃത്വം ആവശ്യമാണ്. എല്ലാവരും തുല്യ അധികാരവും സ്ഥാനവുമുള്ളവരായാല്‍ നിശ്ചലാവസ്ഥയായിരിക്കും ഫലം. ഈ പ്രകൃതിനിയമം എവിടെയും നമുക്ക് കാണാം. ത്രിതല പഞ്ചായത്തുകളിലേക്ക് മെമ്പര്‍മാരായാണ് മത്സരിച്ച് അധികാരം ലഭിച്ചവര്‍ ചേര്‍ന്ന് ഒരാളെ പ്രസിഡന്‍റായി തെരഞ്ഞെടുക്കുന്നു. നിയമസഭയിലും പാര്‍ലമെന്‍റിലും ഇങ്ങനെ മേധാവിയെ അവരോധിക്കുന്നു. സ്കൂളുകളില്‍ ഒരു ഹെഡ്മാസ്റ്റര്‍ നേതൃത്വം നല്‍കുമ്പോള്‍ പള്ളിക്കമ്മിറ്റികളിലും സംഘടനകളിലുമെല്ലാം ഒരാള്‍ക്ക് നേതൃപദവി നല്‍കുന്നു. ഇതേ മാനദണ്ഡമനുസരിച്ച് കുടുംബത്തിനും ഒരു നാഥനുണ്ടാകണം. പ്രകൃതിപരമായ പല കാരണങ്ങളാല്‍ ആ പദവി പുരുഷനാണ്.

കുടുംബത്തിനു വേണ്ടി അധ്വാനിക്കുന്ന, അവര്‍ക്ക് ഭക്ഷണവും പാര്‍പ്പിടവും ഒരുക്കി സുരക്ഷിത ജീവിതമൊരുക്കുന്ന പുരുഷന് ഈ നേതൃപദവി അംഗീകരിച്ചു കൊടുത്തുകൊണ്ട് അച്ചടക്കമുള്ള കുടുംബത്തെ സൃഷ്ടിക്കാനാണ് ഇസ്ലാം നിര്‍ദേശിക്കുന്നത്. മറിച്ചായാല്‍ നിയന്ത്രണമില്ലാത്ത, ചോദിക്കാനാളില്ലാത്ത കുത്തഴിഞ്ഞ ഒരു തലമുറയാവും കുടുംബങ്ങളില്‍ നിന്നും പുറത്തിറങ്ങുക.

ബാധ്യതകള്‍

നേതൃത്വം പുരുഷനാണെങ്കിലും ഓരോരുത്തര്‍ക്കും വ്യത്യസ്ത ചുമതലകളുണ്ട്. അത് പരസ്പരം സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ പ്രേരണയേകുന്നതാണ്. കുടുംബനാഥന്‍ എന്ന പദവി തന്റെ ഏതു താല്‍പര്യവും അടിച്ചേല്‍പ്പിക്കാനുള്ള അവകാശമായി പുരുഷന്‍ കരുതരുത്. മറിച്ച് തന്റെ കുഞ്ഞിനെ ഗര്‍ഭം ചുമന്ന് നൊന്തു പ്രസവിച്ച്, രണ്ടു കൊല്ലം മുലയൂട്ടുകയും പോറ്റിവളര്‍ത്തുകയും ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളില്‍ തനിക്ക് പിന്തുണ നല്‍കി സാന്ത്വനം പകരുകയും ചെയ്ത് സന്തോഷിപ്പിക്കുന്ന പ്രിയതമക്ക് എല്ലാ സംരക്ഷണങ്ങളും ഉറപ്പാക്കുക എന്ന ബാധ്യതയാണ് കുടുംബ നാഥനുള്ളത്. മക്കളെ നല്ലവരാക്കി വളര്‍ത്തിയെടുക്കുകയും അതിനു പാകത്തില്‍ ഗൃഹാന്തരീക്ഷം ക്രമപ്പെടുത്തുകയും ചെയ്തുകൊണ്ട് നല്ലൊരു തലമുറയെ സൃഷ്ടിച്ചെടുക്കുക എന്നതാണ് ഭാര്യയുടെ പ്രധാന ചുമതല. ചുരുക്കത്തില്‍ ഭാര്യ വീടു കേന്ദ്രീകരിച്ച് സേവനം ചെയ്യുമ്പോള്‍ ഭര്‍ത്താവ് പൊതുരംഗത്തിറങ്ങി ബാധ്യത നിര്‍വഹിക്കുന്നതോടൊപ്പം, കുടുംബത്തിനു എല്ലാ അര്‍ത്ഥത്തിലും സംരക്ഷണം നല്‍കുന്നു.

കുടുംബ ബന്ധം

അലി(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ‘ആര്‍ക്കെങ്കിലും തന്റെ ആയുസ്സ് ദീര്‍ഘിച്ചു കിട്ടുന്നതിലും സാമ്പത്തികാഭിവൃദ്ധി ലഭിക്കുന്നതിലും ദുര്‍മരണം സംഭവിക്കാതിരിക്കുന്നതിലും സന്തോഷം തോന്നുന്നുവെങ്കില്‍ അവന്‍ അല്ലാഹുവിനെ ഭയന്നു ജീവിക്കുകയും കുടുംബ ബന്ധം ചേര്‍ക്കുകയും ചെയ്യട്ടെ’ (അഹ്മദ്).

താന്‍ കാരണമായി കുടുംബ ബന്ധം തകരാന്‍ പാടില്ലെന്ന് ഓരോ അംഗവും ചിന്തിക്കണം. ഏതെങ്കിലും ദുര്‍ബല നിമിഷത്തില്‍ വല്ല വിള്ളലുകളും സംഭവിച്ചാല്‍ അതിനെ വിളക്കിച്ചേര്‍ക്കാന്‍ മുന്‍കൈ എടുക്കണം. അതിനായി വിട്ടുവീഴ്ചകള്‍ ചെയ്യുന്നതും പ്രതിഫലമുള്ളതാണ്. കൂടുതല്‍ വൃണപ്പെടുത്താന്‍ മുതിരരുത്.

നബി(സ്വ) പറഞ്ഞു: ‘കുടുംബ ബന്ധം അല്ലാഹുവിന്റെ അര്‍ശില്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. അത് എന്നും അല്ലാഹുവോട് ഇപ്രകാരം പ്രാര്‍ത്ഥിക്കുന്നു: എന്നെ ചേര്‍ക്കുന്നവന്റെ എല്ലാ കാര്യങ്ങളും നീ ചേര്‍ത്തു കൊടുക്കേണമേ. എന്നെ മുറിച്ചു കളയുന്നവന്റെ എല്ലാ കാര്യങ്ങളും നീ തകര്‍ത്തുകളയേണമേ…’ (ബുഖാരി).

റഹ്മതുല്ലാഹ് സഖാഫി എളമരം

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ