വംശഹത്യയെന്ന പദം പ്രയോഗ ആവർത്തനത്താൽ കനം കുറഞ്ഞുപോയ ഒന്നാണ്. മനുഷ്യരെ കൊന്നുതള്ളുന്നു എന്ന അർഥത്തിലാണ് അത് പലപ്പോഴും പ്രയോഗിച്ചു കണ്ടിട്ടുള്ളത്. മലബാർ വിപ്ലവത്തിന്റെ പശ്ചാത്തലത്തിൽ ആ പദം ഉപയോഗിക്കുന്നത് ഹിന്ദുത്വവാദികളാണ്. ഹിന്ദു വംശഹത്യയാണ് അക്കാലത്ത് നടന്നതെന്ന് വിപ്ലവത്തിൽ പ്രവർത്തിച്ച ഹിംസയെ മുൻനിർത്തി അവർ പ്രചരിപ്പിക്കുന്നു. സ്റ്റേറ്റിന്റെ പിൻബലത്തോടെ നടപ്പാക്കിയ ഗുജറാത്ത് വംശഹത്യയുടെ വിപരീതത്തിൽ അതിനെ നിർത്തുകയും ചെയ്യുന്നു. സത്യത്തിൽ മാപ്പിളമാരും ദലിതുകളും ഭൂരഹിതരും അടങ്ങുന്ന കീഴാള ജനതക്ക് നേരെ നടന്ന വംശഹത്യാ ശ്രമങ്ങളോടുള്ള പ്രതികരണമായിരുന്നു മലബാർ വിപ്ലവം. ആ വംശഹത്യാ ശ്രമത്തിന് നേതൃത്വം നൽകിയത് ഭരണാധികാരം കൈയാളിയ ബ്രിട്ടീഷുകാരായിരുന്നെങ്കിൽ അതിന് സഹായം ചെയ്തത് വരേണ്യ വിഭാഗമായിരുന്നു. വരേണ്യ വിഭാഗമെന്ന് പറയുമ്പോൾ അത് ഏതെങ്കിലും മതത്തിൽ പെട്ടവരോ സമുദായത്തിൽ പെട്ടവരോ അല്ല. അധികാരത്തോട് ചേർന്നുനിന്ന എല്ലാ വിഭാഗത്തിലും പെട്ടവർ എന്നാണ് പറയേണ്ടത്. ഇരകളെ സാമൂഹിക ഘടനയിൽ നിന്നും സാമ്പത്തിക മണ്ഡലത്തിൽ നിന്നും സാംസ്കാരിക മണ്ഡലത്തിൽ നിന്നും സമ്പൂർണമായി ആട്ടിയോടിക്കാൻ തന്നെയാണ് മുതിർന്നത്.
വംശഹത്യയെന്നത് ശാരീരിക ഉന്മൂലനം നടക്കുകയെന്നത് മാത്രമല്ലെന്നും അതിലേക്കുള്ള ഘട്ടംഘട്ടമായ ചുവടുവെപ്പു കൂടിയാണ് എന്നു മനസ്സിലാക്കിയാൽ ഇത് വ്യക്തമാകും. ഇന്നും തുടരുന്ന പ്രക്രിയയാണ് അതെന്ന് ഏറ്റവും പുതിയ ഹലാൽ, ലൗ ജിഹാദ്, നാർക്കോട്ടിക് ജിഹാദ് വാദങ്ങൾ സാക്ഷ്യം നിൽക്കുന്നു. പ്രമുഖ ജിനോസൈഡ് ഗവേഷകൻ പ്രഫ. ഡാനിയൽ ഫിയർസ്റ്റീൻ 2014ൽ മുന്നോട്ടുവെച്ച വംശഹത്യയുടെ സാമൂഹിക പ്രയോഗം എന്ന ആശയത്തെ ആധാരമാക്കി ഇക്കാര്യം വിശദീകരിക്കാമെന്ന് തോന്നുന്നു. ഒരു സമൂഹത്തെ അപ്പടി ഉന്മൂലനം ചെയ്യാനുള്ള ആസൂത്രിത ശ്രമമെന്ന നിലയിൽ വംശഹത്യക്ക് ആറ് ഘട്ടങ്ങളുണ്ടെന്ന് ഫിയർസ്റ്റീൻ വിശദീകരിക്കുന്നു. ഈ ആറ് ഘട്ടങ്ങൾ കൃത്യമായി അതിർത്തി വെച്ച്, കാലം വെച്ച് ഒന്നിന് പിറകെ ഒന്നായി അരങ്ങേറുന്നുവെന്നല്ല. ചില ഘട്ടങ്ങൾ മറ്റൊന്നിലേക്ക് കടന്നുവരുന്നുണ്ടാകാം. പക്ഷേ ഈ പ്രക്രിയയിലൂടെയാണ് വംശഹത്യ വളരുന്നതെന്ന് അദ്ദേഹം സിദ്ധാന്തിക്കുന്നു. വംശഹത്യയുടെ അന്തിമ പ്രയോഗത്തേക്കാൾ അതിലേക്കുള്ള വഴികളാണ് പ്രധാനമെന്നും ഈ പഠനം സമർഥിക്കുന്നു. റോഹിംഗ്യൻ മുസ്ലിംകൾക്കെതിരായ വംശഹത്യയെ ഈ സങ്കേതങ്ങൾ ഉപയോഗിച്ചാണ് ലണ്ടൻ ക്യൂൻ മേരി സർവകലാശാലയുടെ ഭാഗമായുള്ള ഇന്റർനാഷണൽ സ്റ്റേറ്റ് ക്രൈം ഇനീഷ്യേറ്റീവ് (ISCI) വിശകലനം ചെയ്തിട്ടുള്ളത്. ഏതൊക്കെയാണ് ആ ആറ് ഘട്ടങ്ങളെന്ന് നോക്കാം. എന്നിട്ട് മലബാറിലേക്ക് തിരിച്ചു വരാം.
1. വെറുപ്പു സൃഷ്ടിക്കലും മനുഷ്യരേയല്ലെന്ന് ചിത്രീകരിക്കലും.
പല കോണിൽ നിന്ന് ഒരു സമൂഹത്തെ ഉന്നംവെച്ചുള്ള ആസൂത്രിത പ്രവർത്തനങ്ങൾ നടക്കുക എന്നതാണ് ഇത്. സാമൂഹിക സാഹചര്യത്തിൽ പൊറുപ്പിക്കാനാകാത്ത വിധം ഈ സമൂഹത്തിന് നേരെ വെറുപ്പ് പടർത്തുകയാണ് ചെയ്യുക. ശക്തമായ വിദ്വേഷ പ്രചാരണം നടക്കും. അറപ്പുളവാക്കുന്ന ജീവിതമാണ് അവർക്കുള്ളതെന്ന് വരുത്തിത്തീർക്കും. ഭക്ഷണം, വസ്ത്രം, സംസ്കാരം, ജീവിതരീതി, ഭാഷാപ്രയോഗങ്ങൾ എല്ലാം ഈ ഘട്ടത്തിൽ പ്രശ്നവൽക്കരിക്കും. അധികാര കേന്ദ്രങ്ങൾ മാത്രമല്ല ഈ പ്രക്രിയയിൽ പങ്കെടുക്കുക. പലപ്പോഴും അധികാര കേന്ദ്രങ്ങൾ ഇത്തരത്തിലുള്ള ഒരു സൂചനയേ നൽകേണ്ടതുള്ളൂ. ആ ബോധത്തിൽ അഭിരമിക്കുന്ന ജനക്കൂട്ടം അത് ചെയ്തുകൊള്ളും. നെഗറ്റീവ് അദർ സൃഷ്ടിക്കുകയാണ് ചെയ്യുക. വളരെ നിശ്ശബ്ദമായ പ്രചാരണങ്ങൾ സംഭവിച്ചുകൊണ്ടിരിക്കും. നേരിട്ട് പ്രതിരോധിക്കാനാകാത്ത വിധം ഗോപ്യമായിരിക്കും അത്. ആരെയാണോ വംശഹത്യക്ക് വിധേയമാക്കേണ്ടത് അവരെ സാമൂഹിക വിരുദ്ധരെന്നും ദേശവിരുദ്ധരെന്നും മുദ്ര പതിപ്പിക്കുകയെന്നതാണ് ഈ പ്രചാരണങ്ങളുടെ ആത്യന്തിക പരിണതി. നാട്ടിലെ സകല പ്രശ്നങ്ങളുടെയും അടിസ്ഥാന ഹേതുവായി ഇരകൾ അടയാളപ്പെടും. ഈ ഘട്ടത്തിന്റെ ഒടുവിൽ സംഭവിക്കുന്നത് വംശഹത്യക്ക് വിധേയപ്പെടുന്ന മനുഷ്യർ മനുഷ്യ പ്രതിനിധാനത്തിന് പോലും അർഹതയില്ലാത്തവരായിത്തീരുന്നുവെന്നതാണ്.
2. പീഡനവും അക്രമവും ഭീകരതയും.
ആദ്യഘട്ടം പിന്നിടുമ്പോൾ വംശഹത്യക്ക് വിധേയമാകുന്ന മനുഷ്യരെ അക്രമിക്കുകയെന്നത് ഒരു പ്രശ്നമല്ലാതായി മാറും. ക്രൂരമായ പീഡനങ്ങൾ അരങ്ങേറും. അത്തരം ആക്രമണങ്ങൾക്ക് ഭരണകൂടം തന്നെ പ്രേരണ നൽകും. ആദ്യഘട്ടം സോഷ്യൽ എൻജിനീയറിംഗിന്റേതായിരുന്നെങ്കിൽ രണ്ടാംഘട്ടം ശാരീരികമായ അക്രമത്തിന്റേത് തന്നെയാണ്. സ്റ്റേറ്റ് നിരന്തരം ഭീകരാക്രമണങ്ങൾ നടത്തിക്കൊണ്ടിരിക്കും. ഓരോ ആക്രമണവും ഭയത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുന്നതിൽ വിജയിക്കും. ഈ ആക്രമണങ്ങൾ നടത്തുന്നവർ വീരന്മാരായി വാഴ്ത്തപ്പെടും. പുരുഷാധിപത്യത്തിന്റെ ആവിഷ്കാരം കൂടിയാവും ഇവ. കുടിവെള്ളം നിഷേധിക്കുക, വീടുകൾ തകർക്കുക, സ്ത്രീകളെ ശല്യം ചെയ്യുക, ഉപജീവന മാർഗങ്ങളിൽ തടസ്സം സൃഷ്ടിക്കുക തുടങ്ങിയ അലോസരങ്ങളായിരിക്കും ആദ്യമുണ്ടാവുക. ഇത് പീഡന സമൂഹത്തെ നിശ്ശബ്ദരും അപകർഷതയുള്ളവരുമാക്കി മാറ്റും. ഇരകൾക്കകത്ത് നിന്ന് തീവ്രവാദ പ്രവണതകൾ രൂപപ്പെട്ടേക്കാം. ഈ പ്രവണതകളെ ചൂണ്ടിക്കാണിച്ച് മറുപക്ഷം കൂടുതൽ അക്രമങ്ങൾ അഴിച്ചുവിടുകയാണ് ചെയ്യുക. ചെറുപലായനങ്ങളും ഈ ഘട്ടത്തിൽ സംഭവിക്കും.
3. ഒറ്റപ്പെടുത്തലും അകറ്റി നിർത്തലും.
നേരത്തെയുള്ള രണ്ട് ഘട്ടവും നടക്കുമ്പോൾ ഇരകൾ സാമൂഹിക സംവിധാനത്തിന്റെ ഭാഗമായി തന്നെയാണ് നിലകൊള്ളുന്നത്. എന്നാൽ മൂന്നാം ഘട്ടത്തിൽ അവർ അകറ്റി നിർത്തപ്പെടും. പൊതു ഇടങ്ങളിൽ അവർ പ്രത്യക്ഷപ്പെടുന്നതിനുള്ള സാധ്യതകൾ പരമാവധി കുറക്കും. കോൺസൺട്രേഷൻ ക്യാമ്പുകളിലും ഇന്റേണലി ഡിസ്പ്ലേസ്ഡ് ക്യാമ്പുകളിലും അവർ പാർപ്പിക്കപ്പെടും. നഗരത്തിൽ നിന്ന് ഗ്രാമത്തിലേക്കും ഗ്രാമത്തിലെ തന്നെ പുറമ്പോക്കിലേക്കും അവർ ആട്ടിയോടിക്കപ്പെടും. ഈ ഘട്ടത്തിലാണ് അഭയാർഥികളുടെ ഒഴുക്ക് ആരംഭിക്കുക. സാമൂഹികാഘോഷങ്ങളിൽ ഇരകളെ പ്രവേശിപ്പിക്കില്ല. അയിത്തത്തിന്റെ തീവ്രമായ നിലയാകും ഉണ്ടാവുക. പൊതുവായി ആഘോഷിക്കപ്പെടുന്ന ഉത്സവങ്ങളിലേക്ക് വരേണ്യരുടെ മതസാംസ്കാരിക ചിഹ്നങ്ങൾ കടന്നുവരും. അതോടെ ഇരകൾക്ക് ആ സ്പേസ് പങ്കിടാൻ പറ്റാതാകും. കേരളത്തിൽ ജാതിശ്രേണിയിൽ താഴ്ന്നവരെന്ന് മുദ്രകുത്തപ്പെട്ട മനുഷ്യർ അനുഭവിച്ചത് ഈ ആട്ടിയോടിക്കലായിരുന്നല്ലോ. ഭാഷയിൽ നിന്നുപോലും അവരെ ഇറക്കിവിട്ടു. ഉപ്പ് തരിൻ എന്ന് ഉച്ചരിച്ചതിന് ഒരു മനുഷ്യനെ അടിച്ചുകൊന്നു. അവൻ പുളിക്കുന്നത് തരിൻ എന്ന് പറയണമായിരുന്നു.
4. ക്രമാനുഗതമായ ക്ഷയിപ്പിക്കൽ
വംശഹത്യക്ക് വിധേയമാകുന്ന സമൂഹത്തിന്റെ വരുംതലമുറയെക്കൂടി ദുർബലമാക്കുന്ന അങ്ങേയറ്റം അപകടകരമായ ഘട്ടമാണിത്. ഈ സമൂഹം ഉപജീവന മാർഗങ്ങളിൽ നിന്ന് പൂർണമായും അകലും. പകർച്ചവ്യാധികളും അകാലമരണങ്ങളും അവരെ വേട്ടയാടും. ഇത് ജനിതക പ്രശ്നങ്ങൾക്ക് തന്നെ കാരണമാകും. വിദ്യാഭ്യാസം നിഷേധിക്കുക വഴി പുതിയ തലമുറയെ ഇരുട്ടിലേക്ക് തള്ളിവിടും. മുഖ്യധാരയിലേക്ക് എന്നെങ്കിലും തിരിച്ചുവരാനുള്ള സാധ്യതയെക്കൂടി അടക്കാൻ വേണ്ടിയാണിത്.
5. കൂട്ട ഉന്മൂലനം.
ഈ ഘട്ടം മാത്രമാണ് സാമാന്യേന വംശഹത്യയെക്കുറിച്ചുള്ള ചർച്ചകളിൽ കടന്നുവരാറുള്ളത്. ഇത് കൂട്ടക്കൊല തന്നെയാണ്. നേരത്തെയുള്ള ഘട്ടങ്ങളിൽ സോഷ്യൽ എൻജിനീയറിംഗിൽ പങ്കെടുത്ത മുഴുവൻ വിഭാഗങ്ങളും ഈ വേട്ടയാടലിലും പങ്കെടുക്കും. ദീർഘകാലമായും വ്യവസ്ഥാപിതമായും ആർജിച്ചിട്ടുള്ള കായിക ശക്തി വിനിയോഗിക്കുകയാണ് ചെയ്യുക. ഭരണത്തിന്റെ നേരിട്ടുള്ള പങ്കാളിത്തം ഇതിൽ ഉണ്ടാകാതെ തരമില്ല.
6. ചരിത്രത്തിൽ നിന്നുള്ള ഉന്മൂലനം.
വംശഹത്യക്ക് വിധേയമായ സമൂഹത്തിന്റെ ഓർമകൾ നിലനിൽക്കാനുള്ള സാധ്യതകൾക്കൂടി ഹനിക്കുക എന്നതാണ് ഈ ഘട്ടം. ഇരയുടെ സ്വത്വം സമ്പൂർണമായി കുഴിച്ചു മൂടപ്പെടുകയും വേട്ടക്കാരുടെ സ്വത്വം സ്ഥാപിക്കപ്പെടുകയും ചെയ്യുന്നു. ഇങ്ങനെയൊരു കൂട്ടം മനുഷ്യർ ഇവിടെ ജീവിച്ചിരുന്നുവെന്നതിന് തെളിവേ ഇല്ലാതാക്കുന്നു. ചരിത്ര പാഠങ്ങളിൽ നിന്ന് അവരെ പുറത്തു നിർത്തും. ചരിത്ര ശേഷിപ്പുകൾ മുഴുവൻ നശിപ്പിക്കുകയോ ഭൂരിപക്ഷത്തിന്റെ ചിഹ്നങ്ങളായി പരിവർത്തിപ്പിക്കുകയോ ചെയ്യും. മിത്തുകളെയും നാട്ടുവഴക്കങ്ങളെയും നിയമപരമായി തന്നെ ഉന്മൂലനം ചെയ്യും. ചില പദങ്ങൾ പ്രയോഗിക്കുന്നത് നിയമപരമായി കുറ്റമാണെന്ന് പ്രഖ്യാപിക്കപ്പെടും. ചില പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് വിലക്കപ്പെടും. ഓർമകളെ കുഴിച്ചുമൂടാൻ വേണ്ടിയാണിത്.
ഇതിന്റെയടിസ്ഥാനത്തിൽ വേണം മലബാറിനെ വിശകലനം ചെയ്യാൻ. മലബാറിലെ മുസ്ലിംകളെ ബ്രിട്ടീഷുകാർ വിശേഷിപ്പിച്ചിരുന്നത് ‘ജംഗിൾ മാപ്പിളാസ്’ എന്നായിരുന്നു. മാപ്പിളമാരും മതസ്വീകരണം നടത്തിയ കീഴാളരും അവരുടെ ആഖ്യാനങ്ങളിലുടനീളം വിദ്യാവിഹീനരും മതഭ്രാന്തന്മാരും എടുത്തു ചാട്ടക്കാരും അപരിഷ്കൃതരുമായാണ് ചിത്രീകരിക്കപ്പെട്ടത്. മുസ്ലിം സമൂഹം അവരുടെ മതപരമായ ബോധ്യങ്ങളിൽ തന്നെ അധിനിവേശ വിരുദ്ധരാണെന്നിരിക്കെ വംശഹത്യയുടെ ആദ്യഘട്ടം പ്രയോഗിക്കുകയാണ് ബ്രിട്ടീഷുകാർ ചെയ്തത്. തങ്ങളെ പിന്തുണക്കുന്ന വരേണ്യ വിഭാഗം ശാന്തരും ദുർബലരുമാണെന്നും മാപ്പിളമാരും ദലിതുകളും ക്രൂരന്മാരും ശാരീരികമായി കരുത്തരുമാണെന്ന പ്രതീതി അവർ സൃഷ്ടിച്ചു. ഒരു നിലക്കും ഒരുമിച്ചുകൂട്ടാനാകാത്ത വിധം ചൂടന്മാരാണ് മാപ്പിളമാരെന്ന ബ്രിട്ടീഷ് വ്യാഖ്യാനം അക്കാലത്തെ ദേശീയ നേതാക്കൾ വരെ ആവർത്തിക്കുന്നത് കാണാം. പേടിപ്പെടുത്തുന്ന സാന്നിധ്യമായി മാപ്പിള മാറുന്നു. മാപ്പിള ഓട്ട്റേജസ് ആക്ട് എന്നായിരുന്നല്ലോ നിയമത്തിന്റെ പേര്. ഫനാറ്റിക് എന്ന് മുസ്ലിംകളെ വിളിക്കുന്നതിന് പിന്നിൽ കൊളോണിയൽ ശക്തികളുടെ മതഭ്രാന്താണ് എന്ന് ആരുമധികം ചർച്ച ചെയ്തില്ല. അധിനിവേശത്തിന്റെ മതം, ഭീകരവിരുദ്ധ യുദ്ധത്തിന്റെ മതം തുടങ്ങിയവ വിശദമായ പഠനത്തിന് വിധേയമാക്കേണ്ടതാണ്.
മലബാർ വിപ്ലവം നടക്കുന്ന കാലത്ത് ഈ മാപ്പിളപ്പേടി പരമാവധി ജ്വലിപ്പിച്ച് നിർത്താൻ പാകത്തിലാണ് സൈനിക തന്ത്രങ്ങൾ വരെ ആവിഷ്കരിച്ചത്. സിവിലിയൻ പ്രക്ഷോഭം നടക്കുന്ന ഇടങ്ങളിലെല്ലാം ഉയർന്നുവരാറുള്ള സാമൂഹിക ദ്രോഹികളെ നേരിടാൻ വിപ്ലവകാരികൾ പലയിടത്തും ശ്രമിച്ചപ്പോൾ അവരെ അഴിഞ്ഞാടാൻ വിടുകയാണ് ബ്രിട്ടീഷ് അധികാരികൾ ചെയ്തത്. ഇത്തരത്തിലുള്ള ആഖ്യാനങ്ങളെ പൊലിപ്പിച്ചെടുക്കാനുള്ള വസ്തുനിഷ്ഠ സാഹചര്യമായിരുന്നല്ലോ അവർക്ക് വേണ്ടിയിരുന്നത്.
വാരിയൻ കുന്നത്ത് കുഞ്ഞഹമദ് ഹാജിയുടെ യഥാർഥ ചിത്രം കണ്ടെടുത്തുവെന്ന് പറയുന്ന ഫ്രഞ്ച് മാഗസിനിലെ ലേഖനം തന്നെ ജംഗിൾ മാപ്പിള ആഖ്യാനത്തിന്റെ ഏറ്റവും നല്ല നിദർശനമാണ്. ഇവിടെ മാത്രമല്ല, ലോകത്തുടനീളം വംശഹത്യാപരമായ രാക്ഷസവൽക്കരണത്തിന് അധിനിവേശകർ ശ്രമിച്ചുവെന്നാണല്ലോ ഇത് വ്യക്തമാക്കുന്നത്. മാപ്പിളമാർ ബ്രിട്ടീഷുകാരെ മാത്രമല്ല, ഹിന്ദുക്കളെയും ശത്രുവായി കണ്ടുവെന്നാണ് സയൻസെറ്റ് മാഗസിൻ പറയുന്നത്. ഹിച്ച്കോക്കും സി ഗോപാലൻ നായരും മാധവൻ നായരുമൊക്കെ ഇതേ ചാലിലാണ് വിത്തിട്ടത്. ഈ രാക്ഷസവൽക്കരണം മാപ്പിളമാരെയും കീഴാളരെയും കൂടുതൽ അന്യവൽക്കരിക്കുകയാണ് ചെയ്തത്. ജന്മിമാരായ സവർണർ ബ്രിട്ടീഷുകാരുമായി കൈകോർത്ത് ഈ പ്രചാരവേലയിൽ മുഴുകിയപ്പോഴാണ് രൂക്ഷമായ പ്രതികരണത്തിന് വിപ്ലവകാരികൾ മുതിർന്നത്. ബ്രിട്ടീഷുകാരുടെ അധികാരമില്ലാത്ത ഒരു ഭരണ സംവിധാനത്തിലേക്ക് അത് വളർന്നു.
മലബാർ വിപ്ലവത്തിന്റെ ഘട്ടത്തിൽ തന്നെ മുസ്ലിംകൾക്കിടയിൽ ഉയർന്നുവന്ന പരിഷ്കരണവാദികൾ മറ്റൊരർഥത്തിൽ ജംഗിൾ മാപ്പിള പ്രയോഗത്തിന്റെ ലൗഡ്സ്പീക്കറുകളായി എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പരിഷ്കരിക്കേണ്ടവരാണെന്ന അപകർഷബോധം മുസ്ലിംകളിൽ പടർത്താനാണ് അവർ ശ്രമിച്ചത്. ഇതിന് ബ്രിട്ടീഷ് അധികാരികളുടെ പിന്തുണയുമുണ്ടായിരുന്നു.
1792ലെ മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തെ തുടർന്നുണ്ടായ ശ്രീരംഗപട്ടണം സന്ധിയനുസരിച്ച് മലബാർ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിലായി. ഇതോടെ മലബാറിൽ നടപ്പിലാക്കിയിരുന്ന സാമ്പത്തിക-സാമൂഹിക പരിഷ്കാരങ്ങൾ നിലച്ചു. മാത്രമല്ല, പരമ്പരാഗത ജന്മികൾക്കും വരേണ്യജാതികൾക്കും ഭൂവുടമസ്ഥതയും അധികാരവും ലഭിക്കുന്ന തരത്തിൽ ബ്രിട്ടീഷ് നിയമ സംരക്ഷണമുള്ള നിയമ ഭൂസ്വാമി വ്യവസ്ഥ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി തിരിച്ചുകൊണ്ടുവന്നു. ജന്മിമാർക്ക് ഭൂമിയിലുണ്ടായിരുന്ന കുത്തകാവകാശം പുന:സ്ഥാപിക്കപ്പെട്ടു. പരമ്പരാഗത ജാതി ജന്മിത്വവും ചൂഷണവും ബ്രിട്ടീഷ് കമ്പനി ഭരണത്തിൽ തിരിച്ചെത്തി. വെറും പാട്ടക്കുടിയാന്മാരായ കർഷകരെ കൃഷിഭൂമിയിൽ നിന്ന് കുടിയൊഴിപ്പിക്കാൻ ജന്മിമാർക്കും ഇടനിലക്കാർക്കും ബ്രിട്ടീഷ് നിയമങ്ങളുടെ പിന്തുണ ലഭിച്ചു. ജന്മിമാരും സവർണ ഭൂവുടമകളും സ്വകാര്യ സേനകളെയും കോൽക്കാർ പോലുള്ള മർദക സംഘങ്ങളെയും നിലനിർത്തി പാട്ടക്കുടിയാന്മാരെ അടിച്ചമർത്തി. സ്വന്തം ഉപജീവന ഉപാധികളിൽ നിന്നും സാമ്പത്തിക അസ്തിത്വത്തിൽ നിന്നും മാപ്പിളമാരെയും കീഴാള ജനതയെയും പറിച്ചെറിയലായിരുന്നു ഇത്.
ഇതിനെതിരെ നിരവധി പ്രതികരണങ്ങൾ ഉയർന്നു. മലബാർ സമരത്തിന് മണ്ണൊരുക്കിയ നിരവധി പ്രക്ഷോഭങ്ങൾ. ക്രൂരമായ അടിച്ചമർത്തലും അക്രമവുമാണ് ഇതിനെതിരെ നടന്നത്. നാടുകടത്തലുകൾ, പീഡനങ്ങൾ, കള്ളക്കേസുകൾ, വധം, മാനഭംഗം, ഉപരോധം, ഊരുവിലക്ക് എല്ലാം അരങ്ങേറി. വംശഹത്യയുടെ രണ്ടും മൂന്നും നാലും ഘട്ടങ്ങളായിരുന്നു അവ.
പിൽകാലത്ത് മലപ്പുറത്തെ മുൻനിർത്തി നടത്തുന്ന വിദ്വേഷ പ്രചാരണങ്ങളിലും വംശഹത്യാപരമായ പ്രോപ്പഗാണ്ട കാണാം. മുസ്ലിംകൾ ഭൂരിപക്ഷമുള്ള ഈ ജില്ല തീവ്രവാദത്തിന്റെ വിളനിലമാണെന്നും ഇവിടെ മലപ്പുറം കത്തി മുതൽ ബോംബുകൾ വരെ മാരകായുധങ്ങൾ സുലഭമാണെന്നും ഇവിടത്തുകാരുടെ മുഖ്യ ആഹാരം ബീഫാണെന്നും ഇവിടത്തെ സ്ത്രീകൾ പന്നികളെപ്പോലെ പെറ്റുകൂട്ടുന്നവരാണെന്നും തിരഞ്ഞെടുപ്പു വന്നാൽ ഉടനടി ധ്രുവീകരിക്കാൻ കാത്തുനിൽക്കുകയാണ് ഇവിടത്തുകാരെന്നും ഈ അവതരണങ്ങളിൽ കാണാം. നോമ്പ് കാലത്ത് ഇവിടത്തെ അമുസ്ലിംകൾക്ക് പകൽ ഭക്ഷണം ദുഷ്കരമാണെന്നും ഇക്കാലങ്ങളിൽ ഒരു കലാവിഷ്കാരവും ഇവിടെ സാധ്യമല്ലെന്നും പ്രചരിപ്പിക്കുന്നു. സിനിമയിലും നാടകത്തിലും സാഹിത്യത്തിലും ചാനലിലും പത്രങ്ങളിലും സർക്കാർ ഓഫീസുകളിലും നാട്ടുവർത്തമാനങ്ങളിലും രാഷ്ട്രീയത്തിലുമൊക്കെ ഇത്തരം പൊതുബോധ നിർമിതികൾ നടക്കുന്നു. മലപ്പുറത്തിന്റെ സ്വാഭാവികമായ ക്ഷോഭങ്ങളും സംഘടിത പ്രതികരണങ്ങളും വലിയ പാതകങ്ങളായി പരിണമിക്കുന്നു. എക്കാലത്തും ഇത്തരം അധിക്ഷേപപ്പാട്ടുകൾ തുടർന്നുകൊണ്ടേയിരിക്കുന്നു. പൊതുബോധത്തിന്റെ സ്ഥിരം ഇരകളായ ചിലർ ഗൗരവം ഒട്ടും ഉൾകൊള്ളാതെ ഈ കോറസിൽ കൂട്ടപ്പാട്ടുകാരാവുന്നു. ഈ പാട്ടിൽ മലപ്പുറത്തിന്റെ ഭാഷക്ക് ഒരു മാറ്റവുമില്ല. ‘മുൻഷി’യിലെ ഹാജിയാരെപ്പോലെ വേഷത്തിലുമില്ല മാറ്റം. ‘എം 80 മൂസ’യിലെ മീൻകാരൻ പൊട്ടപ്പോഴത്തക്കാരനാണ്. ‘തനി മലപ്പുറം കാക്ക’ എന്ന് ഒരാളെ പറയുന്നത് എതെങ്കിലും നന്മയുടെ പേരിലല്ല, അധമനെന്ന നിലയിലാണ്. കേരളത്തിലാകെ സർവാംഗീകൃതമായ ഒരു സംസ്കാര വിശേഷമുണ്ടെന്നും അതിൽ നിന്ന് തെറിച്ചുനിൽക്കുന്ന ഇടമാണ് മലപ്പുറമെന്നും ആണയിട്ടുറപ്പിക്കുന്നു. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ നടന്ന ചെറുത്തുനിൽപ്പുകളെയും എടുത്തുചാട്ടങ്ങളെയും ഒരേ നുകത്തിൽ കെട്ടി ക്രൂരനായ മാപ്പിളയുടെ ചിത്രം സൃഷ്ടിക്കാൻ ചരിത്രത്തെ കൂട്ടുപിടിക്കുന്നു. ആശാൻ ഈ ചരിത്ര നിർമിതിയെയാണല്ലോ കാവ്യാലങ്കാരമണിയിച്ചത്.
മുസ്ലിംകൾ ഭൂരിപക്ഷമായാൽ ഒരു പ്രദേശത്ത് എന്താണ് സംഭവിക്കുക എന്നതിന് തെളിവായി നുണകൾ ആവർത്തിക്കപ്പെടുന്നു. മലപ്പുറവുമായി താരതമ്യത്തിന് സ്വാത് താഴ്വരയെ വരെ ഉപയോഗിക്കുന്നു. മലപ്പുറത്ത് നടക്കുന്ന ഏത് കുറ്റകൃത്യത്തിനും തീവ്ര പ്രവണതകൾക്കും വലിയ ധ്വനി കൈവരുന്നു. അവിടെ നടക്കുന്ന വിദ്യാഭ്യാസ, സാമൂഹിക മാറ്റങ്ങളും വികസനങ്ങളും പോലും ഈ പ്രചാരണത്തിന് എരിവ് പകരുന്നു. ഈ പ്രചാരണം ഏറ്റവും ക്രൂരമായി നടക്കുന്നത് കേരളത്തിന് പുറത്താണെന്ന് മനസ്സിലാക്കണം. മലപ്പുറത്ത് അഫ്സ്പ പ്രയോഗിക്കണമെന്നും ജില്ലയിൽ പട്ടാളത്തെ വിന്യസിക്കണമെന്നും ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി പ്രസ്താവിക്കുന്നത് കേട്ടാൽ കേരളീയർക്കാകെ ചിരി വരും. എന്നാൽ ഡൽഹിയിലും ലക്നൗവിലും അഹ്മദാബാദിലുമൊക്കെ ഇത് തമാശയല്ല. മലപ്പുറം എന്നൊരു നാടുണ്ടെന്നും അവിടെ വലിയ ഗുണ്ടായിസമാണ് നടക്കുന്നതെന്നും നിയമവാഴ്ചക്ക് പുറത്താണ് ഈ പ്രദേശമെന്നുമുള്ള പ്രതീതി തന്നെയാണ് പുറം ദേശക്കാരന് മുന്നിലെത്തുക.’ഓർഗനൈസർ’ പ്രസിദ്ധീകരിച്ച ലേഖനത്തിൽ മലപ്പുറം ഗോഹത്യയുടെ കേന്ദ്രമാണ്. എല്ലാ വീടുകളിലും പശുക്കളെ കൊല്ലുന്നു. ഓരോ മുക്കിലും മൂലയിലും കശാപ്പുശാലകളുണ്ട്. ഹിന്ദുക്കളെ ഇവിടന്ന് സാവകാശം ആട്ടിയോടിച്ചു കൊണ്ടിരിക്കുകയാണ്. ഇവിടെ തുകൽ വ്യവസായങ്ങൾ നിരനിരയായുണ്ട്. ഹിന്ദുക്കളുടെ ഭൂമി മുഴുവൻ മുസ്ലിംകൾ വാങ്ങിച്ചു കൂട്ടുകയാണ്. മുസ്ലിംകളുടെ ഭൂമിയാകട്ടെ, അവർ മുസ്ലിംകൾക്ക് മാത്രമേ വിൽക്കൂ. മതപരിവർത്തനത്തിന് സഊദിയിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് ഇങ്ങോട്ട് ഒഴുകുന്നത് എന്നെല്ലാം ഓർഗനൈസർ തട്ടിവിടുന്നു.
കേരളത്തിന്റെ ഹിന്ദുത്വവൽകരണത്തിന് പ്രധാന തടസ്സം മലപ്പുറമാണെന്ന് ഇവർ നിരന്തരം വാദിക്കുന്നു. മലപ്പുറത്ത് നിന്ന് ജയിച്ചു കയറുന്ന എംഎൽഎമാരുടെ സാന്നിധ്യമാണ് നിയമസഭയെ ന്യൂനപക്ഷത്തേക്ക് ചായ്ച്ചു കളയുന്നതത്രെ. വടക്ക്, തെക്ക് ഹൈന്ദവ കേരളത്തെ മലപ്പുറം ഇടക്ക് മുറിച്ചു കളഞ്ഞുവെന്ന് കണ്ടെത്തുന്നവർ വരെയുണ്ട് സൈബർ പടയാളികൾക്കിടയിൽ. ‘മുസ്ലിം ഭീകരരിൽ നിന്ന് കടുത്ത ഭീഷണി നേരിടുന്ന മലപ്പുറത്തെ ഹിന്ദുക്കളുടെ സംരക്ഷണത്തിനായി’ ഇന്ത്യയിലെ മഹാനഗരങ്ങളിൽ വ്യാപകമായ പണപ്പിരിവ് നടക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഹിന്ദു വോയ്സ് വെബ്സൈറ്റ് പ്രസിദ്ധീകരിച്ച ലേഖനത്തിൽ ടിപ്പുവും ഹൈദരലിയും ഹിന്ദുക്കളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചവരാണെന്നും അതിന്റെ ആധുനിക രൂപമാണ് ഗൾഫ് പണം ഉപയോഗിച്ച് മലപ്പുറത്ത് ഇപ്പോൾ നടക്കുന്നതെന്നും പറയുന്നു.
ഇപ്പോൾ നടക്കുന്ന ഹലാൽ വിവാദവും അപര നിർമിതിയും Stigmatization and dehumanisation ന്റെ ഭാഗമാണെന്ന് തിരിച്ചറിയണം. ഒരർഥത്തിൽ ഇത്തരം വിഡ്ഢിത്തങ്ങൾക്കെതിരായ പ്രതികരണങ്ങൾ പോലും ഈ പ്രചാരവേലകൾക്ക് വിറകാവുകയാണ് ചെയ്യുന്നത്. സമരോത്സുകമായ സ്വന്തം പാരമ്പര്യം ഉയർത്തിപ്പിടിക്കാനും ആഘോഷിക്കാനും ശ്രമിച്ചാൽ അതും ഡീ ഹ്യൂമനൈസേഷന്റെയും മതഭ്രാന്ത് മുദ്രയടിയുടെയും ഉപകരണമായി മാറുന്നു. അതുകൊണ്ട് ഒരേസമയം മലബാർ സ്മൃതി ഉയർത്തിപ്പിടിക്കുകയും എന്നാൽ ആ സ്വത്വക്കെണിയിൽ വീഴാതിരിക്കുകയുമാണ് വേണ്ടത്. അതിന്, വാരിയൻ കുന്നനെ സുൽത്താൻ വാരിയൻ കുന്നനെന്ന് വിളിക്കാതിരിക്കുകയാകും നല്ലത്.
വംശഹത്യയുടെ അവസാന ഘട്ടം ചരിത്രത്തിൽ നിന്നുള്ള ഉന്മൂലനമാണല്ലോ. അതാണ് ഇപ്പോൾ നടക്കുന്നത്. ചരിത്ര ഗവേഷണ കൗൺസിലിന്റെ പട്ടികയിൽ നിന്ന് രക്തസാക്ഷികൾ പുറത്താകുന്നത് അങ്ങനെയാണ്. ചരിത്രം മാറ്റുകയാണ്. ഒരു ജനതയുടെ പോരാട്ട സ്മൃതികൾ കുഴിച്ചു മൂടുകയാണ്. ഈ വംശഹത്യാ ശ്രമങ്ങൾ സമ്പൂർണ ഉന്മൂലനത്തിലേക്ക് വളരാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം ഇവിടെ ഉയരും. തീർച്ചയായും അതിൽ മുസ്ലിം പണ്ഡിത നേതൃത്വത്തിന്റെ ശക്തമായ ഇടപെടലുണ്ട്. പിൽകാലത്ത് ഈ സമൂഹം പുറത്തേക്ക് നടത്തിയ യാത്രകളുണ്ട്. വിദ്യാഭ്യാസ-സാമൂഹിക മുന്നേറ്റങ്ങളുണ്ട്. കീഴാള സമൂഹത്തിലുണ്ടായ ഉണർവുകളുണ്ട്. ഇവയുടെ തുടർച്ചയാണ് ഉണ്ടാകേണ്ടത്. വൈകാരികതയോ സ്വത്വപരമായ അമിതോത്കണ്ഠയോ ഒറ്റപ്പെടലോ അല്ല, പരമാവധി സോഷ്യലൈസേഷനാണ് വംശഹത്യാ ഇരകളുടെ പോംവഴി.
മുസ്തഫ പി എറയ്ക്കൽ