തിരുനബി(സ്വ) പറഞ്ഞു: അഞ്ച് കാര്യങ്ങളെ/അവസ്ഥകളെ, അഞ്ച് കാര്യങ്ങൾ/അവസ്ഥകൾ എത്തുന്നതിന് മുമ്പ് ഉപകാരപ്പെടുത്തുക. യൗവനത്തെ വാർധക്യമെത്തും മുമ്പ്, ആരോഗ്യത്തെ രോഗമെത്തും മുമ്പ്, ഐശ്വര്യത്തെ ദാരിദ്ര്യമെത്തും മുമ്പ്, ഒഴിവ് സമയത്തെ തിരക്കാകും മുമ്പ്, ജീവിതത്തെ മരണത്തിന് മുമ്പ് (ഹാകിം).
ജീവിത യാത്രയിൽ ലഭ്യമാവുന്നതും അഭിമുഖീകരിക്കുന്നതുമായ ഏതുതരം സൗകര്യങ്ങളും അമൂല്യങ്ങളായ അവസരങ്ങൾ കൂടിയാണ്. അവ സ്ഥിരമായി നിലനിൽക്കണമെന്നില്ല. നഷ്ടപ്പെടുകയോ മാറ്റമുണ്ടാകുകയോ ചെയ്യുന്നതിന് മുമ്പ് ഉപയോഗപ്പെടുത്തി ഫലപ്രദമാക്കണം. ഈ ഹദീസിൽ നബി(സ്വ) ഉണർത്തുന്നത് അവസരങ്ങൾ പാഴാക്കാതെ ഉപയോഗപ്പെടുത്തുന്നതിനെ കുറിച്ചാണ്. ഏതു നിമിഷവും നഷ്ടപ്പെടാവുന്ന അഞ്ച് കാര്യങ്ങളെ കുറിച്ച് ഓർമിപ്പിക്കുന്നു. അവസാനമായി ജീവിതത്തെ മൊത്തത്തിൽ മരണമെത്തും മുമ്പായി ഉപയോഗപ്പെടുത്താനും നിർദേശിച്ചു. ജീവിതമെന്ന യാഥാർഥ്യത്തെ അവസാനിപ്പിക്കുന്ന മരണമെന്ന മഹായാഥാർഥ്യത്തിന്റെ ആഗമന സമയം നമുക്കജ്ഞാതമാണ്. യൗവനം, വാർധക്യം, ആരോഗ്യം, അനാരോഗ്യം, ഐശ്വര്യം, ദാരിദ്ര്യം, ഒഴിവ്, തിരക്ക് എന്നിത്യാദി അവസ്ഥകളൊന്നും അതിന് തടസ്സമോ വൈകിക്കാനോ നേരത്തെയാകാനോ നിദാനമല്ല. അതിനാൽ ആയുസ്സ് ഉപയോഗപ്പെടുത്തുന്ന കാര്യത്തിൽ ശുഷ്‌കാന്തി വേണ്ടതുണ്ട്.
യൗവനവും വാർധക്യവും ജീവിതത്തിലെ പ്രധാന ഘട്ടങ്ങളാണ്. രണ്ടും ഒരു പോലെയല്ല. വാർധക്യത്തിന് യൗവനകാലത്തെ അപേക്ഷിച്ച് ചില പരിമിതികളുണ്ട്. യൗവനത്തിൽ സാധിച്ചതെല്ലാം വാർധക്യത്തിൽ പറ്റണമെന്നില്ല. ആരോഗ്യവും കർമശേഷിയും ശാരീരിക വഴക്കവുമുള്ള കാലമായ യൗവനത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി അടിസ്ഥാനപരമായ കർമാനുഷ്ഠാനങ്ങൾ നിർവഹിക്കുന്നതോടൊപ്പം സേവന പ്രവർത്തനങ്ങളും ഐച്ഛികമായ സുകൃതങ്ങളും ശീലമാക്കണം. അപ്പോഴാണ് ഉപയോഗപ്പെടുത്തൽ ശരിയായി നടക്കുക. അവസരങ്ങൾ തേടിപ്പിടിക്കണം. അമിതാവേശത്തിൽ വഴിവിട്ട ഇടപെടലുകളില്ലാതെ സ്വയം അച്ചടക്കം സ്വീകരിക്കുകയും വേണം. ആസ്വാദനത്തിലും ആഡംബരത്തിലും അഭിരമിക്കുമ്പോൾ ആത്മീയ നഷ്ടമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ട് തന്നെ ജാഗ്രത അനിവാര്യം.
സൗകര്യങ്ങൾ പലപ്പോഴും അസൗകര്യങ്ങളെ കുറിച്ച് ചിന്തിപ്പിക്കില്ല. എന്നാൽ അസൗകര്യങ്ങൾ നേരെ മറിച്ചാണ്. നഷ്ടമായതോ ലഭിക്കാത്തതോ ആയ സൗകര്യങ്ങൾ ആഗ്രഹിക്കുകയും അതിനായി പ്രവർത്തിക്കുകയും ചെയ്യും. റസൂൽ(സ്വ) മനുഷ്യ പ്രകൃതമാണ് എടുത്ത് കാണിച്ചിരിക്കുന്നത്. യൗവനത്തിൽ തന്നെ വാർധക്യത്തെ കുറിച്ച് വിചാരമുണ്ടാകുന്നത് പ്രചോദനകരമാണ്. യൗവനത്തിന്റെ ശക്തി, സൗകര്യങ്ങൾ ശാശ്വതമല്ല. വാർധക്യം തൊട്ടു മുന്നിലുണ്ട്. അന്ന് ആലോചന വരും, ആഗ്രഹങ്ങളുണ്ടാകും. പക്ഷേ, ആഗ്രഹം പോലെ നടക്കണമെന്നില്ല. ഇപ്പോൾ സാധിക്കുന്ന കാലത്ത് നന്മകളും ഗുണങ്ങളും ചെയ്താൽ വാർധക്യത്തിൽ മന:സമാധാനം നേടാം, നഷ്ടബോധമൊഴിവാക്കാം. ഭൂതകാല ജീവിതത്തിലെ കറുത്ത പാടുകൾ ഖേദത്തിനും നിരാശക്കുമാണ് കാരണമാകുക.
യൗവനമെത്ര, വാർധക്യമെത്ര എന്ന തിട്ടം നമുക്കാർക്കുമില്ല. എല്ലാ യുവാക്കളും വാർധക്യത്തിലേക്കെത്തുന്നില്ല. വിവിധ ശാസ്ത്രശാഖകൾ യൗവനത്തിന്റെ കാലപരിധിയും ശേഷിയോഗ്യതകളും ശക്തി ദൗർബല്യങ്ങളും വിശദീകരിച്ചിട്ടുള്ളതാണ്. എന്നാൽ, അവയിൽ ആർക്ക്, എന്ത്, എത്ര എന്നൊന്നും നമുക്ക് നിശ്ചയമില്ല. അതിനാൽ ശേഷമുള്ള കാലത്തും അവസ്ഥയിലും പൂർവകാലത്തിന്റെ നല്ല ഓർമകൾ അയവിറക്കാനും അനുഭവിക്കാനും കഴിയുന്ന സാഹചര്യമുണ്ടാകാൻ ഇപ്പോഴാണ് പരിശ്രമിക്കേണ്ടത്. നബി(സ്വ) നമുക്ക് ഇന്നത്തേക്കാൾ നല്ല നാളെയെയാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് അശ്രദ്ധയിലകപ്പെടാൻ സാധ്യതയുള്ളവയെ ചിന്തയിലും ജീവിതത്തിലും സജീവമാക്കുന്ന ഉപദേശരീതി സ്വീകരിച്ചത്.
ആരോഗ്യ കാലത്ത് രോഗവിചാരമുണ്ടാകണമെന്നില്ല. യൗവന-വാർധക്യങ്ങളെ പോലെ കാലഗണനയൊന്നും രോഗാരോഗ്യ വിഷയത്തിലില്ല. രോഗിയാകാൻ പ്രത്യേക കാരണങ്ങൾ വേണമെന്നുമില്ല. അല്ലാഹു നൽകുന്ന അമൂല്യമായ അനുഗ്രഹമാണ് ആരോഗ്യം. പക്ഷേ, അതിന്റെ മൂല്യം ബോധ്യപ്പെടുക ശയ്യാവലംബിയാകുമ്പോഴായിരിക്കും. ആരോഗ്യത്തിന്റെയും ശാരീരിക കരുത്തിന്റെയും പിൻബലത്തിൽ തന്നിഷ്ടം പ്രവർത്തിക്കുന്നവരെ കാണാം. അത് വിശ്വാസിക്ക് കരണീയമല്ല. ആരോഗ്യമുള്ളപ്പോൾ വൃത്തിയിലും ഉന്മേഷത്തിലും ആരാധനകൾ നിർവഹിക്കാനാകും. രോഗാവസ്ഥയിൽ അതിന്റേതായ പ്രയാസങ്ങൾ സ്വാഭാവികം. പല കാര്യങ്ങളും ചെയ്യാൻ തന്നെ സാധിക്കണമെന്നില്ല.
ആരോഗ്യാവസ്ഥയിൽ ഉണ്ടാകാനിടയുള്ള അനർഥങ്ങൾ മനസ്സിലാക്കി ഒഴിവാക്കാനും ആരോഗ്യം ക്ഷയിച്ചാൽ ആയാസകരമായിത്തീരുന്ന കാര്യങ്ങൾ ആവേശ പൂർവം ചെയ്യാനും തയ്യാറാകേണ്ടതുണ്ട്.
സാമ്പത്തികമായ കഴിവും കഴിവില്ലായ്മയും ജീവിതത്തിൽ സ്വാഭാവികം. സമ്പത്തുകൊണ്ട് സാധ്യമാകുന്ന നന്മകളുടെ ലോകം വളരെ വിശാലമാണ്. സമ്പത്തില്ലാതെ അവ നടക്കില്ല. അതിനാൽ തന്നെ സാമ്പത്തിക നന്മകൾ സാധിക്കുന്നത്ര ചെയ്യണം. സമ്പത്തിന്റെ പ്രാധാന്യവും അനിവാര്യതയും ഭൗതികാവശ്യങ്ങളുമായി മാത്രം ബന്ധപ്പെട്ടതല്ല. ആത്മീയ പ്രാധാന്യവും അതിനുണ്ട്. നിർബന്ധവും ഐച്ഛികവും അവസരോചിതവുമായ നന്മകളും ബാധ്യതകളും സാമ്പത്തികമായി ഉണ്ട്. അവ മുതലെടുത്ത് പുണ്യം നേടാൻ വിശ്വാസി പരിശ്രമിക്കണം. ദാരിദ്ര്യമെത്തി അപരരെ ആശ്രയിക്കേണ്ടി വരുന്ന സമയമെത്തും മുമ്പ് തനിക്കായി സ്ഥിരനിക്ഷേപമെന്ന നിലയിൽ സമ്പത്ത് വിനിയോഗിക്കാൻ സാധിക്കുന്നത് മഹാഭാഗ്യമാണ്.
ഒഴിവു സമയമില്ലെന്നു പറഞ്ഞാലും ഉണ്ടാവുമെന്നതാണ് യാഥാർഥ്യം. ഒഴിവ് സമയത്ത് കർമങ്ങളും ബാധ്യതകളും വൃത്തിയിലും കൃത്യമായും സമാധാനത്തിലും നിർവഹിക്കാനാവും. ജീവിതത്തിൽ തിരക്കേറിയാൽ കടമ നിർവഹണം എന്നതിലേക്ക് എല്ലാം ചുരുങ്ങും. ആത്മീയമായി അത് നഷ്ടമാണല്ലോ. അല്ലാഹു നൽകുന്ന ഏത് അനുഗ്രഹങ്ങളും അമൂല്യങ്ങളാണ്. അവ ഓരോന്നും തുറന്നുതരുന്ന നന്മയുടെ കവാടങ്ങൾ വിശ്വാസി കാണാതെ പോകരുത്.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ