ഇസ്ലാമിക ചരിത്രത്തില്‍ ചിരപ്രതിഷ്ഠ നേടിയ മഹിളാ രത്നങ്ങളില്‍ ഒരാളാണ് ഉമ്മു സുലൈം എന്നറിയപ്പെട്ട ഗുമൈസ്വാഅ്/റുമൈസ്വാഅ്(റ). ഖസ്റജ് ഗോത്രക്കാരനായ മില്‍ഹാന്‍(റ)വാണ് ബീവിയുടെ പിതാവ്. ഇസ്ലാമിനു വേണ്ടി ജീവന് ബലിയര്‍പ്പിച്ച ശഹീദാണദ്ദേഹം.
മാലികുബ്നു നള്റിന്റെയും ഉമ്മു സുലൈമിന്റെയും ദാമ്പത്യത്തില്‍ പിറന്ന പൊന്നോമനയാണ് അനസ്(റ). ഇസ്ലാമിന്റെ വെള്ളി വെളിച്ചം ജനങ്ങള്‍ക്ക് പുതുജീവിതം നല്കിയ സന്ദര്‍ഭത്തില്‍ ഉമ്മു സുലൈമിന് അതില്‍ നിന്ന് പുറം തിരിഞ്ഞുനില്ക്കാനായില്ല. അവര്‍ ഇസ്ലാം സ്വീകരിച്ചു. പക്ഷേ, ഇക്കാര്യം പ്രിയതമന് മാലികില്‍ നിന്നു മറച്ചുവെച്ചു. മാലികിനത് ഇഷ്ടമാകില്ലെന്ന് കരുതിയായിരുന്നു ഇത്.
ഒരു ദിവസം മാലിക് വീട്ടില്‍ വന്നപ്പോള്‍ ഉമ്മു സുലൈം നിസ്കരിക്കുന്നത് കണ്ടു. മാലികിന് അതത്ര പിടിച്ചില്ല. അദ്ദേഹം ചോദിച്ചു: ‘നിനക്കും വന്നുപെട്ടോ ഈ അസുഖം?’ ‘അസുഖമോ? എനിക്കൊരസുഖവുമില്ല. ഞാന്‍ സത്യമതം സ്വീകരിച്ചതാണ്.’ അവരുടെ മറുപടി ദൃഢമായിരുന്നു. മാലികിന് അത് തീരെ ഇഷ്ടപ്പെട്ടില്ല. ‘വഴിതെറ്റിയ’ ഭാര്യയെ പിന്തിരിപ്പിക്കാന് കിണഞ്ഞു ശ്രമിച്ചുനോക്കി. അല്ലാഹുവിലും റസൂലിലും വിശ്വസിച്ചതല്ലാതെ തനിക്കൊരു മാര്‍ഗഭ്രംശവും വന്നിട്ടില്ല എന്നവര്‍ ഭര്‍ത്താവിനോട് തീര്‍ത്തു പറഞ്ഞു.
ആദര്‍ശപ്പൊരുത്തമില്ലാത്ത ഭര്‍ത്താവിനു കീഴില്‍ ജീവിക്കുന്നതില്‍ ഉമ്മു സുലൈം(റ) ദു:ഖിതയായി. മകന് അനസ് വര്‍ത്തമാനം പറയുന്ന പ്രായമായപ്പോള്‍ അവന് സത്യവാക്യം ചൊല്ലിക്കൊടുത്തു അവര്‍. ഇതും മാലികിന് രസിച്ചില്ല. ‘നീ അവനെ കൂടി നശിപ്പിക്കല്ലേ’- മാലിക് ശാസിച്ചു. ഉമ്മുസുലൈം(റ) വിട്ടുകൊടുത്തില്ല. ‘ഞാനവനെ നന്നാക്കുകയാണ്, അല്ലാതെ നശിപ്പിക്കുകയല്ല.’ മാലിക് ഭാര്യയെ ആദ്യം ഗുണദോഷിച്ചു, പിന്നെ ഭീഷണിപ്പെടുത്തി, ഒടുവില്‍ പ്രലോഭിപ്പിച്ചു. എന്നിട്ടും ഉമ്മു സുലൈം(റ) പിന്തിരിഞ്ഞില്ല.
കോപാകുലനായ അയാള്‍ ഭാര്യയെയും കുഞ്ഞിനെയും ഉപേക്ഷിച്ചു സിറിയയിലേക്ക് പോയി. അവിടെ വെച്ച് ഒരു ശത്രുവുമായി ഏറ്റുമുട്ടി. അതില്‍ വധിക്കപ്പെട്ടു. വിവരം അറിഞ്ഞപ്പോള്‍ ഉമ്മുസുലൈം(റ) ഏറെ ദു:ഖിച്ചു. ‘എന്റെ മോനെ സംരക്ഷിച്ചു ഞാന്‍ കഴിയും. അവന് വളര്‍ന്നു വലുതായി എനിക്ക് സമ്മതം തരുന്നത് വരെ പുനര്‍വിവാഹം ചെയ്യില്ല.’ അവര്‍ ആത്മഗതം ചെയ്തു. വിധവയായ അവര്‍ പുത്രനു വേണ്ടി ജീവിച്ചു. അനസ് വളര്‍ന്നു.
ഒരു ദിവസം ഉമ്മുസുലൈം(റ) അനസി(റ)നെ കൂട്ടി തിരുദൂതരുടെ സവിധത്തിലെത്തി. ഭവ്യതയോടെ അവര്‍ പറഞ്ഞു: ‘യാ റസൂലല്ലാഹ്, അങ്ങേക്കിതാ ഒരു ഭൃത്യന്. ആവശ്യമായ ഖിദ്മത്തുകള്‍ ഇവനെ കൊണ്ട് ചെയ്യിപ്പിക്കാം. ഇവന് ഇവിടെ നിന്നോട്ടെ. ബാപ്പ മരിച്ചുപോയ യതീമാണിവന്.’ മകനെ റസൂലിനെയേല്പിച്ച് ഉമ്മുസുലൈം(റ) തിരിച്ചുപോന്നു. അന്ന് അനസി(റ)ന് പത്ത് വയസ്സായിരുന്നു പ്രായം.
തിരുദൂതര്‍(സ്വ) അനസി(റ)നെ സ്വീകരിച്ചു. നെറുകയില്‍ ചുംബിച്ചു. അവനു വേണ്ടി പ്രാര്‍ത്ഥിച്ചു. അന്നു മുതല്‍ അനസ്(റ) റസൂലിന്റെ പരിചാരകനായി. തിരുദൂതര്ക്കാവശ്യമായ എല്ലാ സേവനങ്ങളും ചെയ്തുകൊടുക്കുന്ന അനുസരണയുള്ള കുട്ടിയായി. നാട്ടിലും വീട്ടിലും മറുനാട്ടിലും ഊണിലും ഉറക്കിലും സന്തോഷത്തിലും സന്താപത്തിലും റസൂലിന്റെ ഇഷ്ടത്തിനും പൊരുത്തത്തിനുമൊത്തുനില്ക്കാന് അനസിന് കഴിഞ്ഞു. റസൂലിന്റെ സര്‍വ ചലനങ്ങളും ആ ബാലന് ഒപ്പിയെടുത്തു. തന്റെ പൊന്നോമന തിരുദൂതരുടെ ഉത്തമശിഷ്യനായി വളരുന്നത് കണ്ട് ആ മാതൃഹൃത്തടം അത്യധികം സന്തോഷിച്ചു. ഒരിക്കല്‍ ഉമ്മയുടെ അഭ്യര്‍ത്ഥന പ്രകാരം തന്റെ സേവകനായ അനസിന് വേണ്ടി തിരുദൂതര്‍ പ്രാര്‍ത്ഥിച്ചു: ‘നാഥാ, അനസിന് നീ സമ്പത്തും സന്താനങ്ങളും ദീര്‍ഘായുസ്സും നല്കി അനുഗ്രഹിക്കുകയും അവനെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്യേണമേ.’
റസൂലിന്റെ പ്രാര്‍ത്ഥന അനസുബ്നു മാലിക്(റ)ന്റെ പില്ക്കാല ജീവിതത്തില്‍ പ്രതിഫലിച്ചു. സമ്പല്‍സമൃദ്ധിയും ദീര്‍ഘായുസ്സും സന്താന സൗഭാഗ്യവും നേടി ഒരു നൂറ്റാണ്ടിലേറെ കാലം അദ്ദേഹം ജീവിച്ചു. വൈജ്ഞാനിക മേഖലയില്‍ ഇസ്ലാമിക ചക്രവാളത്തിന്റെ തേജസ്സുറ്റ താരകമായി മാറി. അദ്ദേഹം പറയുന്നു: ‘തിരുദൂതരുടെ പ്രാര്‍ത്ഥന നിമിത്തം അന്‍സ്വാരികളില്‍ വലിയ ധനവാനായി ഞാന്‍. നിരവധി സന്താനങ്ങളും പിറന്നു. തിരുനബി(സ്വ) പ്രാര്‍ത്ഥിച്ച മൂന്ന് കാര്യങ്ങളും എന്റെ ജീവിതത്തില്‍ പുലര്‍ന്നു. ഇനി നാലാമത്തെ കാര്യമായ സ്വര്‍ഗപ്രവേശം കൂടി സാധിച്ചുകിട്ടിയാല്‍ മതി.’
ഇഹലോകവാസം വെടിയുന്നതിനു മുമ്പ് തന്റെ കുടുംബത്തിലെ നൂറോളം പേരുടെ മരണാനന്തര ക്രിയകള്‍ക്ക് അദ്ദേഹം കാര്‍മികത്വം വഹിച്ചിരുന്നുവെന്ന് ചരിത്രം. ആടുകളും മാടുകളുമായി അനസ്(റ)ന്റെ സമ്പാദ്യം വളരെ വിപുലമായിരുന്നുവെന്ന് മാത്രമല്ല തിരുനബി(സ്വ)യുടെ സ്വഹാബാക്കളില് അവസാനം പരലോകം പൂകിയവരിലൊരാളുമായിരുന്നു അദ്ദേഹം.
ഒരു പതിറ്റാണ്ടുകാലം തിരുദൂതരെ സേവിക്കാന്‍ മഹാഭാഗ്യമുണ്ടായ അനസ്(റ) അനുഗൃഹീത സ്വഹാബി പണ്ഡിതരില്‍ സ്ഥാനം പിടിച്ചത് നുബുവ്വത്തിന്റെ മടിത്തട്ടില്‍ നിന്ന് ജീവിതശിക്ഷണം ലഭിച്ചതുകൊണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭവനം വിജ്ഞാന ദാഹികളുടെ അഭയകേന്ദ്രമായി പരിലസിച്ചു. അബൂഹുറൈറ(റ), ആഇശ(റ), ഇബ്നു അബ്ബാസ്(റ) തുടങ്ങിയവരെ പോലെ ഹദീസ് നിവേദകരില്‍ അനസുബ്നു മാലിക്(റ) മുന്‍നിരയില്‍ തന്നെ നില്ക്കുന്നു.
അനസ്(റ)ന് ഒരു ജ്യേഷ്ഠ സഹോദരനുണ്ടായിരുന്നു. ഇസ്ലാമിന്റെ മുന്നണി പോരാളിയും ഉമര്‍(റ)ന്റെ കാലത്തു നടന്ന തുസ്തര്‍ യുദ്ധത്തില്‍ രക്തസാക്ഷിയുമായ ബറാഉബ്നു മാലിക്(റ). സഹോദരന് ബറാഉമൊന്നിച്ച് അനസ്(റ) പല ധര്‍മസമരങ്ങളിലും സംബന്ധിച്ചിട്ടുണ്ട്. ഒരിക്കല്‍ ഇറാഖില്‍ വച്ചുള്ള യുദ്ധത്തില്‍ മുസ്ലിം പോരാളികള്‍ ശത്രുസൈന്യത്തിന്റെ കോട്ട വളഞ്ഞു. കോട്ടക്കുള്ളില്‍ നിന്ന് ശത്രുക്കള്‍ ചുട്ടുപഴുപ്പിച്ച ചങ്ങലയില്‍ ഘടിപ്പിച്ച ഇരുമ്പ് വളയം താഴോട്ട് എറിയുകയും അതില്‍ കുരുങ്ങുന്ന മുസ്ലിംകളെ മേലോട്ട് പൊക്കിയെടുത്ത് വധിക്കുകയും ചെയ്തുകൊണ്ടിരുന്നു. അനസ്(റ) ആ കുരുക്കില്‍പെട്ടു രക്ഷപ്പെടാന്‍ കഴിയാതെ മേലോട്ട് പൊങ്ങിപ്പോവുകയായിരുന്നു. ഇതു കണ്ട ബറാഅ്(റ) നൊടിയിടയില്‍ അനസ്(റ)നെ ചാടിപ്പിടിച്ചു. സാഹസികമായി ചങ്ങലക്കുരുക്കഴിച്ച് സഹോദരനെ രക്ഷപ്പെടുത്തി. ചുട്ടുപഴുത്ത ചങ്ങലയില്‍ പിടിച്ചതു നിമിത്തം ബറാഅ്(റ)ന്റെ കൈപ്പത്തിയിലെ മാംസം വെന്ത് കരിഞ്ഞുതൂങ്ങി.
ബറാഅ്(റ) സംബന്ധിച്ച അവസാന യുദ്ധമായ തുസ്തറിലും അനസ്(റ) കൂടെയുണ്ടായിരുന്നു. എപ്പോഴും രക്തസാക്ഷിത്വ പദവിക്കായി കൊതിക്കുകയും പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുകയും ചെയ്തിരുന്ന ബറാഅ്(റ) അവസാന യുദ്ധക്കളത്തിലേക്കിറങ്ങിയപ്പോള് അനസ്(റ)നോട് യാത്ര പറഞ്ഞു. ബറാഇ(റ)ന്റെ ചേതനയറ്റ ശരീരം തുസ്തറിന്റെ മണ്ണില്‍ മറവ് ചെയ്താണ് അനസ്(റ) മടങ്ങിയത്.
പ്രിയതമന് മാലികിന്റെ വിയോഗാനന്തരം കുഞ്ഞുമക്കളുടെ സംതൃപ്തി മാത്രം ലക്ഷ്യം വച്ചു ജീവിക്കുകയായിരുന്നല്ലോ അനസ്(റ)ന്റെ മാതാവ് ഉമ്മു സുലൈം(റ). അതിനിടയില്‍ ഒരു ദിനം അബൂത്വല്‍ഹ ഉമ്മുസുലൈമിന്റെ വീട്ടിലെത്തി. അവരെ വിവാഹം കഴിക്കാനുള്ള ആഗ്രഹമറിയിച്ചു: ‘നമുക്ക് വിവാഹം ചെയ്ത് ഒന്നിച്ചു ജീവിച്ചുകൂടേ?’
‘എനിക്ക് തടസ്സങ്ങളുണ്ട്. അത് നീങ്ങാതെ പറ്റില്ല.’
‘എന്ത് തടസ്സം?’
‘മറ്റൊന്നുമല്ല, അനസ് വലുതാകണം. ഞാന്‍ പുനര്‍വിവാഹം ചെയ്താല്‍ അവനെ ആരു നോക്കും? ഉപ്പയില്ലാത്ത കുട്ടിയല്ലേ. ഉമ്മ എന്റെ കാര്യം ഓര്‍ത്തില്ലെന്ന് പിന്നീടവന് പറയില്ലേ?’
മറുപടിക്കു മുമ്പില്‍ അബൂത്വല്‍ഹ നിശ്ശബ്ദനായി. നല്ല ചിന്ത, മനക്കരുത്ത്, തന്റേടി, ശുഭപ്രതീക്ഷ, ഉറച്ച വിശ്വാസം. ഇവളെ തന്നെയല്ലേ തനിക്ക് കിട്ടേണ്ടത്. ഇവളെ ഞാന്‍ ജീവിത പങ്കാളിയാക്കും. അദ്ദേഹം മനസാ പറഞ്ഞു. ‘ശരി, ഞാന്‍ കാത്തിരിക്കാം…’ അബൂത്വല്‍ഹ തല്ക്കാലം പിന്മാറി. അബൂത്വല്‍ഹയെ ഉമ്മുസുലൈമിനും ഇഷ്ടമായിരുന്നു. യോഗ്യനും കൊള്ളാവുന്നവനുമാണദ്ദേഹം. പക്ഷേ, ഒരു വിഗ്രഹാരാധകനെ ഭര്‍ത്താവായി സ്വീകരിക്കാന്‍ മഹതി ഇഷ്ടപ്പെട്ടില്ല.
വര്‍ഷങ്ങള്‍ കടന്നുപോയി. അബൂത്വല്‍ഹ വീണ്ടും ഉമ്മുസുലൈമി(റ)ന്റെ വീട്ടുപടിക്കലെത്തി വിളിച്ചു: ‘ഉമ്മുസുലൈം’. മഹതി ആളെ തിരിച്ചറിഞ്ഞു വാതില്ക്കല് വന്നുനിന്നു. അയാള്‍ പറഞ്ഞു: അനസിപ്പോള്‍ വലുതായി. സദസ്സുകളിലും വേദികളിലും തിളങ്ങിത്തുടങ്ങിയില്ലേ മോന്? നമുക്കിനി ഒന്നിക്കാം.’
ഉമ്മുസുലൈം മനസ്സു തുറന്നു: ‘എനിക്ക് നിങ്ങളുമായി വിവാഹബന്ധത്തിലേര്പ്പെടുന്നതില് സന്തോഷമേയുള്ളൂ. എങ്കിലും നിങ്ങളൊരു വിഗ്രഹാരാധകനായി നിലകൊള്ളുന്നതില്‍ എനിക്ക് വിഷമമുണ്ട്. ഏതോ ശില്പി നിര്‍മിച്ച വിഗ്രഹത്തിന് ഒരിക്കലും ഒരാള്‍ക്കും ഉപദ്രവമോ ഉപകാരമോ ചെയ്യാനാവില്ലെന്നിരിക്കെ അവയെ ആരാധിക്കുന്നതെങ്ങനെ? ബുദ്ധിഹീനമായ പ്രവര്‍ത്തിയല്ലേ അത്? യഥാര്‍ത്ഥ ദൈവം അല്ലാഹു മാത്രമാണ്. അല്ലാഹുവിലും റസൂലിലും വിശ്വാസമര്‍പ്പിക്കാന്‍ താങ്കള്‍ തയ്യാറാണെങ്കില്‍ നമുക്കൊരുമിക്കാം. എനിക്ക് മഹ്റായി നിങ്ങളുടെ ഇസ്ലാമാശ്ലേഷം മാത്രം മതി. മറ്റൊരു ദ്രവ്യവും വേണ്ട. ആ ആഗ്രഹം മാത്രമേ എനിക്കുള്ളൂ. താങ്കള്‍ മുസ്ലിമായാലും…’
എല്ലാം ശ്രദ്ധയോടെ കേട്ട അബൂത്വല്‍ഹ മറുത്തൊന്നും പറയാതെ മടങ്ങി. ഇനി അയാള്‍ വരില്ലെന്ന് തന്നെ ഉമ്മുസുലൈം(റ) ഉറപ്പിച്ചു. ചിന്താനിമഗ്നനായി അയാള്‍ നടന്നു. ഉമ്മുസുലൈമിനെ ജീവിത പങ്കാളിയാക്കാന്‍ ഏറെ ആശിച്ചതാണ്. കാത്തിരിപ്പ് തുടങ്ങിട്ട് എത്രയായി! എന്ത് ത്യാഗം സഹിച്ചും സ്വന്തമാക്കണമെന്ന് തീരുമാനിച്ചിരുന്നതാണ്. എന്നിട്ടിപ്പോള്‍? പരമ്പരാഗതമായ വിശ്വാസത്തില്‍ തുടരണോ, അതോ അവളെ സ്വന്തമാക്കണോ? പുതുവിശ്വാസം സ്വീകരിച്ചാല്‍ ഇതുവരെയുണ്ടായിരുന്ന പലതും തനിക്കു നഷ്ടപ്പെടും. കുടുംബം, സുഹൃത്തുക്കള്‍, സമ്പാദ്യം… സത്യമതം നിരസിച്ചാല്‍ നല്ലൊരു ജീവിത പങ്കാളിയെ മാത്രമല്ല, ഇത്രകാലം താലോലിച്ചിരുന്ന സ്വപ്നങ്ങളെല്ലാം വൃഥാവിലാകും. ഏതിനു മുന്‍ഗണന നല്‍കും? ഏറെ നീണ്ട കൂട്ടിക്കിഴിക്കലുകള്‍ക്കൊടുവില്‍ അയാളുറപ്പിച്ചു; ഇസ്ലാം സ്വീകരിക്കണം. അല്ലാഹു ഒരുവനാണെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും അംഗീകരിക്കണം. പക്ഷേ, ഉമ്മുസുലൈമിനെ സ്വന്തമാക്കാന്‍ വേണ്ടിയുള്ള മതംമാറ്റം അത്ര ശരിയോ? പിന്നെ അതായി ചിന്ത. പുതുജീവിതത്തിന്റെ കാരണക്കാരി ഉമ്മുസുലൈമായിപ്പോയി എന്നു കരുതിയാല്‍ പോരേ?! അങ്ങനെ അദ്ദേഹം മനസ്സിനെ പാകപ്പെടുത്തിയെടുത്തു. അവള് വഴി തന്റെ ജീവിതത്തില്‍ വലിയ വഴിത്തിരിവുകളും വിജയങ്ങളും വന്നേക്കാം. അതേ, ഈ നിമിഷം ഞാനാ സത്യമംഗീകരിക്കുന്നു. പ്രപഞ്ച സ്രഷ്ടാവിന്റെ അടിമകളില്‍ ഒരാളാണ് ഞാനും. അശ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹ്…
അബൂത്വല്‍ഹ പുതിയ മനുഷ്യനായി ഉമ്മു സുലൈമിനെ സമീപിച്ചു പറഞ്ഞു: ‘ഞാന്‍ മുസ്ലിമായിരിക്കുന്നു. ഇനി നമുക്കൊന്നായി ജീവിക്കാം.’ നാണത്തോടെയും ആശ്വാസത്തോടെയും മഹതി പ്രതിവചിച്ചു: ‘താങ്കളുടെ ഇസ്ലാം മഹ്റായി ഞാന്‍ സ്വീകരിച്ചുകഴിഞ്ഞു.’ അങ്ങനെ അവര്‍ വിവാഹിതരായി. സ്വന്തം പിതാവിനെ ഓര്‍മയില്ലാത്ത അനസിന് അബൂത്വല്‍ഹ(റ)യെന്ന ഉപ്പയെ കിട്ടി. വത്സലനായ പിതാവിനെ പോലെ അബൂത്വല്‍ഹ(റ) അനസിനോട് പെരുമാറി.
ഒരിക്കല്‍ അനസ് വീട്ടില്‍ ചെന്നപ്പോള്‍ ഉമ്മയുടെ മുഖത്ത് വല്ലാത്തൊരു സന്തോഷം. കണ്ടപാടെ മകനെ ചേര്‍ത്തുപിടിച്ച് അവര്‍ പറഞ്ഞു: ‘അനസ്, നിനക്കൊരു കുഞ്ഞനുജന് പിറക്കാന്‍ പോകുന്നു.’ അനസിന് സന്തോഷമായി. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഉമ്മുസുലൈം ഒരാണ്കുഞ്ഞിന് ജന്മം നല്കി. ‘അബൂഉമൈര്‍’ എന്നവന് പേരിട്ടു. എല്ലാവരും അവനെ ലാളിച്ചും സ്നേഹിച്ചും വീര്‍പ്പുമുട്ടിച്ചുകൊണ്ടിരുന്നു. ഒരു ദിവസം കുഞ്ഞിന് അസുഖമായി. അബൂത്വല്‍ഹ യാത്ര പോയതോടെ രോഗം മൂര്‍ച്ഛിച്ചു. അല്പം കഴിഞ്ഞപ്പോള്‍ കുഞ്ഞ് മിണ്ടാതായി. ശ്വാസം നിലച്ചപോലെ. ഉമ്മുസുലൈം(റ) അവനെ തുണി കൊണ്ട് മൂടി.
വീട്ടില്‍ വന്ന അനസ്(റ)ന് അബൂഉമൈറിന്റെ കിടപ്പ് സഹിച്ചില്ല. ‘അബൂഉമൈര്‍ എന്താണ് ഒന്നും മിണ്ടാത്തതുമ്മാ?’ അനസി(റ)ന്റെ ചോദ്യത്തിന് മാതാവിന്റെ മറുപടി: ‘അവന് ഉറങ്ങുകയാണ് കുഞ്ഞേ. ഉപ്പ വരുമ്പോള്‍ നീയൊന്നും പറയേണ്ട. ഞാന്‍ തന്നെ പറഞ്ഞോളാം’
അബൂത്വല്‍ഹ(റ)യുടെ ആദ്യ കണ്മണിയാണ് അബൂഉമൈര്‍. അവന് വല്ലതും പറ്റുന്നത് അദ്ദേഹത്തിന് സഹിക്കാന്‍ കഴിഞ്ഞെന്നുവരില്ല. ഒരിക്കലും ഉണരാത്ത ഉറക്കത്തിലാണവന്‍. ഉമ്മയുടെ ധൈര്യം അനസ്(റ) കണ്മുന്നിലനുഭവിക്കുകയായിരുന്നു. ജീവിതത്തില്‍ എന്തെല്ലാം പരീക്ഷണങ്ങള്‍ ഇതിനോടകം അവര്‍ നീന്തിക്കയറി. ദൃഢവിശ്വാസം ഒരു പെണ്ണിന് നല്കുന്ന കരുത്താണത്. ദു:ഖമോ കരച്ചിലോ ഉമ്മയില്‍ കാണുന്നില്ല. വീട്ടുപണികളൊതുക്കി മയ്യിത്ത് കുളിപ്പിച്ചു കഫന്‍ ചെയ്തു റൂമില്‍ കിടത്തി.
ഏറെ വൈകിയാണ് അബൂത്വല്‍ഹ(റ) വീട്ടിലെത്തിയത്. വന്നപാടെ ഭക്ഷണം വിളമ്പി. കഴിച്ചുകൊണ്ടിരിക്കെ അബൂത്വല്‍ഹ(റ) കുഞ്ഞിന്റെ വിവരമാരാഞ്ഞു. നിങ്ങള്‍ ഭക്ഷണം കഴിക്കൂ, അവനവിടെ കിടപ്പുണ്ട്. അദ്ദേഹം പിന്നെയൊന്നും ചോദിച്ചില്ല. ഭക്ഷണാനന്തരം അവര്‍ ശാരീരിക ബന്ധം പുലര്‍ത്തുകയുമുണ്ടായി. വിശ്രമിച്ചു കിടക്കെ ഉമ്മുസുലൈം(റ) തിരക്കി: ‘ഞാനൊന്നു ചോദിച്ചോട്ടേ, നാം ഒരു വീട്ടുകാരോട് വല്ലതും വായ്പ വാങ്ങി. സമയമായപ്പോള്‍ അവരത് തിരിച്ചുചോദിച്ചാല്‍ കൊടുക്കണ്ടേ?’
‘പിന്നെ? വാങ്ങിയത് മടക്കിക്കൊടുക്കണം.’
‘എങ്കില്‍ അങ്ങ് ക്ഷമ കൈകൊള്ളുക. അല്ലാഹു നമ്മെ ഏല്പിച്ച സമ്പത്തായിരുന്നു പൊന്നുമോന് അബൂഉമൈര്‍. അല്ലാഹു അവനെ തിരിച്ചുവിളിച്ചിട്ടുണ്ട്…’
ഇടിവെട്ടേറ്റ പോലെയായി അബൂത്വല്‍ഹ(റ). പരിഭ്രാന്തനായ അദ്ദേഹം തിരുദൂതരുടെ ചാരത്തേക്കോടി. നടന്ന സംഭവങ്ങളൊക്കെ റസൂലിനോട് വിവരിച്ചു. ഉമ്മുസുലൈമിനെ തിരുനബി(സ്വ) പ്രശംസിച്ചു. നന്മക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. ‘നിങ്ങളുടെ ആ രാത്രിയില്‍ അല്ലാഹു ബറകത്ത് പ്രദാനം ചെയ്യട്ടെ.’
റസൂലിന്റെ തേട്ടം റബ്ബ് കേട്ടു. മാസങ്ങള്‍ കഴിഞ്ഞു. മഹതിയുടെ വയറ്റില്‍ വീണ്ടും ജീവന്റെ തുടിപ്പ്. അനസിന്റെ മനം കുളിര്‍ത്തു. ഉമ്മയുടെ പ്രസവം അടുക്കുന്നത് താല്പര്യപൂര്വം കാത്തിരുന്നു. ആ വീട്ടില്‍ വീണ്ടുമൊരു കുഞ്ഞിക്കരച്ചില്‍ ഉയര്‍ന്നു. രാത്രിയാണ് മഹതി പ്രസവിച്ചത്. നേരം വെളുത്തപ്പോള്‍ നവജാത ശിശുവിനെ അനസ്(റ)ന്റെ കൈയ്യില്‍ വച്ചു ഉമ്മ പറഞ്ഞു: ‘മോനേ, നീ ഈ കുഞ്ഞിനെ തിരുസന്നിധിയില്‍ കൊണ്ടുചെന്ന് മധുരം നല്കാന് അപേക്ഷിക്കുക.’
അനസ്(റ) വിവരിക്കുന്നു: ‘ഞാന്‍ കൈക്കുഞ്ഞുമായി തിരുസവിധത്തിലെത്തി. റസൂല്‍(സ്വ) കാരക്ക ചവച്ചു കുഞ്ഞിന്റെ വായില്‍ വച്ചുകൊടുത്തു. കുഞ്ഞത് നുണഞ്ഞുകൊണ്ടിരുന്നു. അബ്ദുല്ലാഹ് എന്ന് അവിടുന്ന് പേരു വിളിച്ചു.’
സ്വര്‍ഗത്തില്‍ വച്ചു റുമൈസ്വാഅ്(റ)യെ കാണുകയുണ്ടായെന്ന് തിരുനബി(സ്വ) പറഞ്ഞത് ബുഖാരി ഉദ്ധരിച്ചിട്ടുണ്ട്. പ്രവാചകര്‍ക്ക് വിവാഹ ബന്ധം നിഷിദ്ധമായ അടുത്ത ബന്ധുവായിരുന്ന ബീവിയെ അവിടുന്ന് പലപ്പോഴും സന്ദര്‍ശിച്ചു ക്ഷേമമന്വേഷിക്കുകയും പ്രത്യേക പരിഗണന നല്‍കുകയും ചെയ്തിരുന്നു.
‘അനസ്(റ)നെ പോലെ നബി(സ്വ)യുടെ നിസ്കാരത്തെ അനുകരിച്ചു നിസ്കരിക്കുന്ന മറ്റൊരാളെയും ഞാന്‍ കണ്ടിട്ടില്ല. റസൂലിന്റെ ഉപദേശനിര്‍ദേശങ്ങളും ശിക്ഷണവും നിമിത്തം അദ്ദേഹം തിരുജീവിതം മാതൃകയാക്കി മാറ്റുകയായിരുന്നു.’ അബൂഹുറൈറ(റ)വിന്റേതാണ് ഈ സാക്ഷ്യപത്രം.
അനസ്(റ) പറയുകയുണ്ടായി: ‘ഞാന്‍ പത്ത് വര്‍ഷം റസൂലിനെ പരിചരിച്ചു. ഒരിക്കല്‍ പോലും എന്തിനത് ചെയ്തുവെന്നോ അല്ലെങ്കില്‍ ചെയ്തില്ലയെന്നോ അവിടുന്ന് എന്നോട് ചോദിച്ചിട്ടില്ല. വല്ലപ്പോഴും വീട്ടുകാര്‍ എന്നെ ശകാരിക്കുന്നത് കേട്ടാല്‍ അവിടുന്ന് തടയുമായിരുന്നു.’
തിരുദൂതരുടെ വഫാത്തിനു ശേഷം റസൂലൊത്തുള്ള മധുര സ്മരണകള്‍ അയവിറക്കി അദ്ദേഹം ജീവിച്ചു. മുത്ത് റസൂലിനെ കനവില്‍ കാണാത്ത ഒരു രാത്രി പോലും എനിക്കുണ്ടായിട്ടില്ലെന്ന് ഈറനണിഞ്ഞ നയനങ്ങളോടെ അനസുബ്നു മാലിക്(റ) പറയുമായിരുന്നു. ‘മുഹമ്മദുര്‍റസൂലുല്ലാഹ്’ എന്ന് കൊത്തിയ ഒരു മോതിരമുണ്ടായിരുന്നു അദ്ദേഹത്തിന്റെ വിരലില്‍. മലമൂത്ര വിസര്‍ജന സമയത്ത് അത് അഴിച്ചുവെക്കുമായിരുന്നു അദ്ദേഹം. റസൂലിന്റെ വേര്‍പാടിനു ശേഷം എണ്‍പതില്‍ കൂടുതല്‍ വര്‍ഷം മഹാന് ജീവിച്ചു.
തിരുശഫാഅത്ത് അതിയായി ആഗ്രഹിച്ച അനസ്(റ) എപ്പോഴും പറയും: അന്ത്യനാളില്‍ പ്രവാചകരെ കണ്ടുമുട്ടാന്‍ ഞാന്‍ അതിയായി ആഗ്രഹിക്കുന്നു. അന്ന് ഞാനിങ്ങനെ പരിചയപ്പെടുത്തും: ‘യാ റസൂലല്ലാഹ്, അങ്ങയുടെ പരിചാരകന് കൊച്ചു അനസാണ് ഞാന്‍.’
(അല്‍ഇസ്വാബ: 1/71, ഉസുദുല്‍ ഗാബ 1/258, സ്വഫ്വതുസ്സ്വഫ്വ 1/298, താരീഖുല്‍ ഇസ്ലാം ലിദ്ദഹബി 3/329, സുവറുന്‍ മിന് ഹയാത്തിസ്വഹാബ: 9-16).