വിശ്വാസികളുടെ സർവമേഖലയിലുമുള്ള മാതൃക തിരുനബി(സ്വ)യാണ്. ജനനം മുതൽ മരണം വരെയും ശേഷവുമെല്ലാം ജീവിതമെങ്ങനെയാവണമെന്ന് അവിടന്ന് പഠിപ്പിച്ചിട്ടുണ്ട്. അതാണല്ലോ വിശുദ്ധ ഇസ്ലാം. അതുകൊണ്ടു തന്നെ ലോകത്ത് പിറവിയെടുത്ത ഏറ്റവും നല്ല സൃഷ്ടി തിരുദൂതരാണ്. ലോകം കണ്ട ഏറ്റവും നല്ല അധ്യാപകനും അവിടന്നു തന്നെ. 1400 വർഷങ്ങൾ കഴിഞ്ഞിട്ടും അക്ഷരം പ്രതി തന്റെ അനുശാസനകളും കൽപനകളും കൃത്യമായി ജീവിതത്തിൽ പകർത്താൻ ബദ്ധശ്രദ്ധരായ കോടിക്കണക്കിന് അനുയായികളുള്ള നേതാവാണ് റസൂൽ(സ്വ). തിരുനബി(സ്വ) ജീവിതകാലത്ത് അധ്യാപനം നടത്തിയതെങ്ങനെയായിരുന്നുവെന്ന ചരിത്രപാഠങ്ങൾ നമ്മുടെ മുന്നിലുണ്ട്. ‘എന്റെ അനുചരന്മാർ നക്ഷത്ര സമന്മാരാണ്. അവരെ പിൻപറ്റിയവർ സന്മാർഗം സിദ്ധിക്കും.’ ലക്ഷക്കണക്കിന് അനുചരന്മാരുള്ള ഒരു നേതാവിന് തന്റെ അനുയായികളെ കുറിച്ച് ഇങ്ങനെയൊരു പ്രഖ്യാപനവും സാക്ഷ്യപത്രവും സാധിക്കുകയെന്നത് എത്ര വിസ്മയകരമാണ്. കാരണം ഈ ലക്ഷത്തിലൊന്നുപോലും പേടില്ലെന്ന അംഗീകാരമാണത്.
പള്ളിയിലേക്ക് പുറപ്പെട്ട തിരുനബി(സ്വ) വഴിമധ്യേ നുരുമ്പിയ വസ്ത്രം ധരിച്ച് വിതുമ്പിക്കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞുമോന്റെ അരികിൽ ചെന്ന് ചോദിച്ചു: മോനെന്തിനാണ് കരയുന്നത്? തന്റെ മുമ്പിലൂടെ പുതുവസ്ത്രങ്ങളണിഞ്ഞ് ഉല്ലസിക്കുന്ന സമപ്രായക്കാരിലേക്ക് നോക്കി ആ പിഞ്ചുബാലൻ, മുമ്പിൽ നിൽക്കുന്നത് തിരുദൂതരാണെന്നറിയാതെ ഗദ്ഗദപ്പെട്ടു: എന്റെ ഉപ്പ മരണപ്പെട്ടു. ഉമ്മ വേറെ വിവാഹം കഴിച്ചു. പല കാരണങ്ങൾ കൊണ്ടും ഞാനാവീട്ടിൽ നിന്ന് പുറത്താക്കപ്പെട്ടു. ഇന്നെനിക്ക് വസ്ത്രമില്ല, വീടില്ല, ആഹാരമില്ല. എന്റെ കൂട്ടുകാരെല്ലാം പുതുവസ്ത്രങ്ങളണിഞ്ഞ് കളിച്ചു രസിച്ച് ഉപ്പമാരുടെ കൈ പിടിച്ച് പള്ളിയിലേക്ക് പോകുന്നത് കണ്ടപ്പോൾ എന്റെ പിതാവിനെക്കുറിച്ച് ആലോചിച്ചുപോയതാണ്…
ഇതു കേൾക്കേണ്ട താമസം അവന്റെ കൈ പിടിച്ച് തിരുദൂതർ ചോദിച്ചു: ഞാൻ നിന്റെ ഉപ്പയും ആഇശ നിന്റെ ഉമ്മയും ഹസൻ, ഹുസൈൻ നിന്റെ സഹോദരങ്ങളും ഫാത്തിമ നിന്റെ സാഹോദരിയുമാകുന്നത് നീ ഇഷ്ടപ്പെടുന്നുവോ? അവന് സമ്മതമായിരുന്നു. ലോകത്ത് കിട്ടുന്നതിൽ വെച്ച് ഏറ്റവും വലിയ സൗഭാഗ്യത്തെ ആവേശത്തോടെ അവൻ സ്വീകരിച്ചു.
അവിടന്ന് സമൂഹത്തിലിടപെട്ടത് ഇത്രമേൽ ഗുണകാംക്ഷയോടെയായിരുന്നു. റസൂൽ(സ്വ) ജീവിതത്തിൽ പ്രാവർത്തികമാക്കിയിരുന്ന മറ്റൊന്നാണ് അനുചരന്മാരിൽ നിന്ന് തെറ്റുകൾ കണ്ടാൽ ആവശ്യമായ ഉപദേശങ്ങളും നിർദേശങ്ങളും നൽകി മാപ്പേകി ആ സംഭവം മനസ്സിൽ വെക്കാതെ മറന്ന് കളയുകയെന്നത്.
മറ്റുള്ളവർ തന്നോട് ചെയ്ത പാതകത്തിന് പ്രതികാരം ചെയ്യാൻ വേണ്ടി മാത്രം ഒരായുസ്സ് മുഴുവൻ മാറ്റിവെക്കുന്ന എത്ര ഉദാഹരണങ്ങളുണ്ട് നമ്മുടെ പരിസരങ്ങളിൽ. മാപ്പ് നൽകിയാലും വിട്ടുവീഴ്ച ചെയ്താലും പരിഹരിക്കാവുന്ന തരത്തിലുള്ള പ്രശ്നങ്ങളേ തമ്മിലൂണ്ടാകൂ. പക്ഷേ അതിനു സന്നദ്ധമാകുന്ന മനസ്സ് ഇല്ലാതെ പോകുന്നുവെന്നതാണ് പ്രതിസന്ധി.
മാപ്പ് നൽകിയതിന് ശേഷം തിരുനബി(സ്വ) അവർക്ക് വേണ്ടി പൊറുക്കലിനെ തേടുമായിരുന്നു. എന്ത് കാര്യം ചെയ്യുമ്പോഴും ആ വിഷയത്തിൽ പ്രാഗത്ഭ്യമുള്ളവരുമായി കൂടിയാലോചന(മുശാവറ) നടത്തുമായിരുന്നു പ്രവാചകർ(സ്വ). ഒരു വിഷയത്തിൽ തീരുമാനമെടുത്താൽ പൂർണമായും അല്ലാഹുവിൽ ഭരമേൽപ്പിക്കുക എന്നതും അവിടത്തെ ശീലമായിരുന്നു. എല്ലാവരെയും പരിഗണിച്ചും ഒന്നിച്ചു ലക്ഷ്യങ്ങളിലേക്ക് നയിച്ചും ഒരു നേതാവിന് എങ്ങനെ വിജയിക്കാൻ സാധിക്കുമെന്നും ഒരനുയായി എങ്ങനെ ജീവിക്കണമെന്നും തിരുനബി(സ്വ) മാതൃകാപരമായി ലോകത്തെ പഠിപ്പിച്ചു..
സയ്യിദ് ഇബ്റാഹീം ഖലീൽ അൽബുഖാരി