റമളാൻ കഴിഞ്ഞാൽ പുണ്യകർമങ്ങളുടെ പെരുമഴക്കാലമാണ് ദുൽഹജ്ജ്. ആബാലവൃദ്ധം ജനങ്ങളും പങ്കെടുക്കുന്ന ആഗോള മുസ്‌ലിം സംഗമമായ ഹജ്ജ് കർമവും അവരോട് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള അറഫാ നോമ്പും സ്മരണകളിരമ്പുന്ന ബലിദാനവും ബലിപെരുന്നാൾ നിസ്‌കാരവുമെല്ലാം നിറഞ്ഞ് വിശ്വാസികൾക്ക് ആവേശം പകരുന്ന ദിനരാത്രങ്ങളാണ് ഈ മാസം സമ്മാനിക്കുന്നത്. ഒപ്പം യുദ്ധം നിഷിദ്ധമായ പവിത്ര മാസങ്ങളിലൊന്നുമാണ് ദുൽഹിജ്ജ.
സാമ്പത്തിക, ശാരീരിക, യാത്രാ സൗകര്യങ്ങൾ ഒത്തുവന്നാൽ ജീവിതത്തിൽ ഒരിക്കലെങ്കിലും മക്കയിലെ കഅ്ബയിലെത്തി നിർവഹിക്കേണ്ട ഒരു കർമമാണ് ഹജ്ജ്. ഓരോ നാട്ടിൽ നിന്നും ആ നാട്ടുകാരുടെ പ്രതിനിധികളായാണ് അല്ലാഹുവിന്റെ അതിഥികൾ കഅ്ബാ മന്ദിരത്തിലേക്കു പ്രവഹിക്കുന്നത്. അവരെ യാത്രയാക്കിയും അവർക്കായി പ്രാർത്ഥിച്ചും അവരോട് ദുആവസ്വിയ്യത്ത് നടത്തിയും വിശ്വാസികളൊന്നടങ്കം ഹജ്ജാജിമാരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നു.
ദുൽഹിജ്ജ പിറക്കുന്നതോടെ ബലിമൃഗങ്ങളുടെ ശബ്ദം കേട്ടാലും അവയെ കണ്ടാലും തക്ബീർ ചൊല്ലൽ സുന്നത്തുണ്ട്. ഇബ്‌റാഹീം(അ)ന്റെയും കുടുംബത്തിന്റെയും പ്രോജ്ജ്വലിക്കുന്ന ഓർമകളാണ് തക്ബീറിന്റെ മധുരധ്വനിയിലൂടെ പ്രകടമാകുന്നത്. ഉള്ഹിയ്യത്ത് ഉദ്ദേശിക്കുന്നവരാണെങ്കിൽ നഖവും മുടിയുമെല്ലാം നീക്കുന്നത് ബലിയറുക്കുന്നതു വരെ പിന്തിക്കണം.
ദുൽഹിജ്ജ ഒമ്പത് ഹജ്ജിന്റെ മുഖ്യഘടകമായ അറഫയിൽ നിൽക്കുന്ന ദിവസമാണ്. ഭൂമിയിൽ അല്ലാഹു ഏറ്റവും ഇഷ്ടപ്പെടുന്ന സദസ്സാണ് അറഫ. വിശ്വാസിലോകത്തിന്റെ ഹൃദയങ്ങൾ അവരോടൊപ്പം ചേരുന്ന അനുഗൃഹീത മജ്‌ലിസ്. തിരുനബി(സ്വ) പറഞ്ഞു: ബദ്ർദിനം കഴിഞ്ഞാൽ അല്ലാഹുവിന്റെ ശത്രുവായ ഇബ്‌ലീസ് ഇത്രയും നിന്ദ്യനും നിരാശനും കോപിഷ്ഠനുമായി കാണപ്പെടുന്ന മറ്റൊരു ദിവസമില്ല.’
ഹജ്ജിന്റെ സ്മരണകളയവിറക്കിയും ഹാജിമാരുടെ പ്രാർത്ഥനയിലെ പങ്കാളിത്തം പ്രതീക്ഷിച്ചും ഹാജിമാരല്ലാത്തവർ അറഫാദിനത്തിൽ നോമ്പെടുക്കൽ ശക്തമായ സുന്നത്താണ്. അതാതു നാടുകളിൽ എന്നാണോ മാസനിർണയമനുസരിച്ച് ഒമ്പതാകുന്നത് അന്നാണ് നോമ്പെടുക്കേണ്ടത്. ഹാജിമാർ അറഫയിൽ നിൽക്കുന്ന അതേ സമയത്തുതന്നെ നാം നോമ്പുകാരായിരിക്കണമെന്ന് മതപരിഷ്‌കരണവാദികൾ ജൽപിക്കാറുണ്ട്. ഇത് ഭൂമിശാസ്ത്രമറിയാതെയുള്ള വീൺവാക്കാണ്. അറഫയിൽ നിൽക്കുന്നതും നോമ്പെടുക്കുന്നതും ഒരേ സമയത്താവുകയെന്നത് ലക്ഷ്യമല്ല. ഇനി അങ്ങനെയാകണമെന്നു വന്നാൽ ളുഹ്ർ മുതൽക്കാണല്ലോ അറഫാ സംഗമം തുടങ്ങുന്നത്. നോമ്പ് സുബ്ഹി മുതൽക്കുമാണ്. ഒപ്പമാകാൻ നോമ്പും ളുഹ്ർ മുതൽക്കാക്കണമെന്ന് വാദിക്കേണ്ടിവരും.
ഇതുപോലെ അറേബ്യയുടെ ഏറെ കിഴക്ക് സ്ഥിതി ചെയ്യുന്ന ഓസ്‌ട്രേലിയക്കാർ മക്കയിൽ ദുൽഹജ്ജ് ഒമ്പതായതു പരിഗണിച്ചു നോമ്പെടുത്താൽ അവർ നോമ്പു തുറന്നതിനു ശേഷമായിരിക്കും അറഫാ സംഗമം തുടങ്ങുക. ഹാജിമാർ അറഫയിൽ നിൽക്കുമ്പോൾ തന്നെ നോമ്പു വേണമെന്നു വാദിച്ചാൽ അമേരിക്കക്കാർ രാത്രി നോമ്പെടുക്കേണ്ടിവരും. ഇത്തരം അബദ്ധവാദങ്ങൾ തള്ളി, പ്രായോഗിക രീതിയായ നാം പണ്ടുമുതലേ തുടർന്നു വരുന്നതു പ്രകാരം ദുൽഹജ്ജ് ഒമ്പതിനു തന്നെ നോമ്പെടുക്കുക. വർഷത്തിലെ ഏറ്റവും ശ്രേഷ്ഠതയുള്ള ദിവസങ്ങളിലൊന്നാണ് അറഫാദിനം.
ദുൽഹിജ്ജ പത്ത് പെരുന്നാൾ ദിനമാണ്. സന്തോഷത്തിന്റെയും പ്രകീർത്തനത്തിന്റെയും ദിനം. അന്ന് സൂര്യാസ്തമയം മുതൽ പെരുന്നാൾ നിസ്‌കാരത്തിന് തക്ബീറതുൽ ഇഹ്‌റാം കെട്ടുന്നതു വരെ ഇടതടവില്ലാതെ തക്ബീർ മുഴക്കൽ സുന്നത്താണ്. പള്ളികൾ, വീടുകൾ, പൊതുസ്ഥലങ്ങളെല്ലാം തക്ബീർ ധ്വനികളാൽ മുഖരിതമാകണം. സ്ത്രീകൾ അന്യപുരുഷന്മാർ കേൾക്കുന്ന സ്ഥലത്തുവെച്ചാണെങ്കിൽ പതുക്കെ മാത്രം തക്ബീർ ചൊല്ലുക.
ഇതിനു പുറമെ, അറഫാ ദിവസത്തിന്റെ സുബ്ഹി മുതൽ അയ്യാമുത്തശ്‌രീഖിന്റെ അവസാന ദിനമായ ദുൽഹിജ്ജ പതിമൂന്നിന് അസ്വറുവരെയുള്ള എല്ലാ നിസ്‌കാരങ്ങൾക്ക് ശേഷവും തക്ബീർ മുഴക്കൽ സുന്നത്താണ്. സുന്നത്ത് നിസ്‌കാരത്തിന് പിറകെയും മറ്റുള്ള നിസ്‌കാരത്തിനുശേഷവും ഈ തക്ബീർ പുണ്യകരം തന്നെയാണ്. നിസ്‌കാരം കഴിഞ്ഞാൽ മറ്റുള്ള ദിക്‌റുകളിലേക്ക് കടക്കുന്നതിനുമുമ്പാണിത് ചൊല്ലേണ്ടത്.
പെരുന്നാൾ ദിനത്തിലെ പുണ്യകർമങ്ങളിലൊന്നാണ് കുളി. പെരുന്നാളിന്റെ സുന്നത്തായ കുളി ഞാൻ നിർവഹിക്കുന്നു എന്ന നിയ്യത്തോടെ സുബ്ഹിക്കു ശേഷമാണിതുവേണ്ടത്. മറ്റു വൃത്തികൾ വരുത്തുന്നതും പുതിയതും ഉള്ളതിൽ വിലപിടിപ്പുള്ളതുമായ വസ്ത്രം ധരിക്കുന്നതും സുന്നത്താണ്. ബലിപെരുന്നാൾ നിസ്‌കാരം സൂര്യനുദിച്ചു കഴിഞ്ഞാൽ ഏറെ വൈകാതെ നിർവഹിക്കലാണ് കൂടുതൽ ഉത്തമം. നിസ്‌കാര ശേഷം ഉള്ഹിയ്യത്ത് അറുക്കാനുള്ളത് പരിഗണിച്ചാണിത്.
ഭക്ഷണം നിസ്‌കാരാനന്തരം കഴിക്കുന്നതാണ് ബലിപെരുന്നാളിന് ഉത്തമം. എന്നാൽ ഈദുൽ ഫിത്വർ ദിനത്തിൽ നിസ്‌കാരത്തിന് മുമ്പ് അൽപമെങ്കിലും ഭക്ഷണം കഴിക്കുന്നതും അതിൽ ഈത്തപ്പഴം ഉൾപ്പെടുത്തി നോമ്പു മുറിച്ച സൂചന പ്രകടിപ്പിക്കുന്നതും സുന്നത്താണ്. നിസ്‌കാരത്തിനു പുരുഷൻമാർ പള്ളിയിലേക്ക് പോവുക, പ്രയാസമില്ലെങ്കിൽ കാൽ നടയായി പോവുക, പോക്കുവരവ് വ്യത്യസ്ത വഴികളിലൂടെയാക്കുക എന്നിവ ഉത്തമം.
സ്ത്രീകൾ പെരുന്നാൾ നിസ്‌കാരം വീട്ടിൽവെച്ച് ജമാഅത്തായി തന്നെ നിസ്‌കരിക്കാൻ ശ്രദ്ധിക്കുക. ആദ്യ റക്അത്തിൽ വജ്ജഹ്തുവിനു ശേഷം ഏഴും രണ്ടാം റക്അത്തിൽ ഫാത്തിഹക്ക് മുമ്പായി അഞ്ചും തക്ബീറുകൾ ചൊല്ലണം. ഇത് മഅ്മൂമുകളും ഒറ്റക്ക് നിസ്‌കരിക്കുന്നവനുമടക്കം അൽപം ഉറക്കെയാക്കൽ സുന്നത്താണ്. ഇത് പെരുന്നാളിന്റെ ശിആറാണ് (ചിഹ്നം) എന്നതാണ് കാരണം. എന്നാൽ ഇവക്കിടയിലുള്ള ദിക്ർ പതുക്കെ ചൊല്ലലാണ് എല്ലാവർക്കും സുന്നത്ത്.
നിസ്‌കാരാനന്തരം പുരുഷന്മാർക്ക് രണ്ട് ഖുതുബ ഓതൽ സുന്നത്തുണ്ട്. സ്ത്രീകൾക്ക് ഖുതുബ സുന്നത്തില്ല. അല്ലാഹു വിശ്വാസികൾക്ക് മാപ്പു നൽകുകയും സ്വർഗം നൽകുകയും ചെയ്യുന്ന ഈ ദിവസം പിശാച് ഏറെ ദു:ഖിതനും നിരാശനുമായി കാണപ്പെടും. അന്ന് അല്ലാഹു പൊരുത്തപ്പെടാത്ത ഒരു സ്ഥലത്തും നമ്മെ അവൻ കാണരുതെന്ന ചിന്ത നമുക്കുണ്ടാകണം. പരമാവധി അവനിഷ്ടപ്പെടുന്ന കുടുംബ ബന്ധം പുലർത്തുക, ദാനധർമങ്ങൾ വർധിപ്പിക്കുക, പാപമോചനം തേടുക, ഉറ്റവരെയും സ്‌നേഹ ജനങ്ങളെയും സന്ദർശിക്കുക, ഖബർ സിയാറത്ത് നടത്തുക തുടങ്ങിയ കാര്യങ്ങളിൽ മാത്രം വ്യാപൃതരാവുക. അല്ലാഹു ആദരിച്ചതിനെ നിന്ദിക്കുന്നവനോടുള്ള അവന്റെ കോപം അതികഠിനമാണെന്നോർക്കുക.