മദ്റസകള്‍, ദര്‍സുകള്‍, ശരീഅത്തു കോളേജുകള്‍ പോലുള്ള ദീനീ പഠന കേന്ദ്രങ്ങള്‍ റമളാന്‍ അവധിക്കുശേഷം വീണ്ടും സജീവമായി. ഇനി മതപരിശീലനത്തിന്റെ ഒരു വിദ്യാഭ്യാസ വര്‍ഷം. കേരളം ഇതര സംസ്ഥാനങ്ങളെക്കാളും എന്നല്ല, മറ്റു പല രാജ്യങ്ങളേക്കാളുമൊക്കെ മതരംഗത്ത് ഉണര്‍വ് നിലനിര്‍ത്തുന്നത് തീര്‍ച്ചയായും ഈ വ്യവസ്ഥാപിത പഠന സൗകര്യങ്ങളുടെ മികവിലാണ്. അതുകൊണ്ടുതന്നെ ഇവയും ദഅവാ കോളേജുകള്‍ പോലുള്ള ഇതര വിദ്യാഭ്യാസ കേന്ദ്രങ്ങളും ആത്മാവുപോലെ സംരക്ഷിക്കാന്‍ വിശ്വാസികള്‍ ബാധ്യസ്ഥരാണ്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഈ രംഗത്ത് ഏറെ ഉദ്ബുദ്ധരാണ് കേരളീയ സമൂഹം. മതസ്ഥാപനങ്ങളുടെ പുരോഗതിക്കായി അവര്‍ ആത്മാര്‍പ്പണം നടത്തുന്നുണ്ട്.
ആധുനികതയുടെ സമ്മര്‍ദം എല്ലായിടത്തും ദൃശ്യമായൊരു സാഹചര്യത്തിലാണ് നാം. പണമാണ് എവിടെയും മുഖ്യ വിധികര്‍ത്താവ്. പെറ്റുമ്മയുടെ കൈ തല്ലിയൊടിക്കുന്ന മകനും പിതാവിനെ ക്ലോറോഫോം ഉപയോഗിച്ചു കൊല ചെയ്യുന്ന മക്കള്‍ക്കും ആവശ്യം പണം തന്നെ. കോടതി വിധികള്‍ക്കുള്ളില്‍ വരെ മണികിലുക്കം സ്വാധീനിക്കുന്ന ദുഃഖസത്യമാണ് ചില ജഡ്ജിമാര്‍ വിളിച്ചുപറയുന്നത്.
ഈയൊരു പണാധിപത്യം പഠനത്തെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. വിദ്യ ആത്മാവിനു വേണ്ടിയല്ലാതെ ജോലിക്കുള്ള പരിശീലനമായ സാഹചര്യത്തിന്റെ സ്വാഭാവിക പരിണതിയാണിത്. കൂടുതല്‍ ധനാഗമനത്തിനുള്ള സാധ്യതയാണ് കോഴ്സുകളുടെ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ പരിഗണിച്ചു വരുന്നത്. ഇവിടെ മതപഠനം പ്രത്യേകിച്ചും അവഗണിക്കപ്പെടുന്നു. പരലോക വിജയത്തിനെയാണിത് ഏറെ ബാധിക്കുക. അവധാനതാ പൂര്‍വം നാം കൈകാര്യം ചെയ്യേണ്ട, എന്നല്ല നേരിട്ടു തോല്‍പ്പിക്കേണ്ട പ്രവണതയാണിത്. പാരമ്പര്യത്തനിമയോടെയുള്ള ദീന്‍ പഠനത്തിനായി കഠിനമായ ശ്രമങ്ങള്‍ തുടരുക തന്നെ വേണമെന്നു സാരം. സംഘടനാ പ്രവര്‍ത്തനത്തിന്റെ അനുബന്ധമായല്ലാതെ, ജൈവ ഘടകം തന്നെയായി പ്രവര്‍ത്തകര്‍ നെഞ്ചേറ്റേണ്ടതാണിക്കാര്യം. നവയുഗത്തില്‍ മതത്തിനായി നമുക്ക് ചെയ്യാനാവുന്ന പ്രധാന ജിഹാദും ഇതുതന്നെയാണ്.

You May Also Like

കസേര നിസ്കാരം: ശരിയും തെറ്റും

നിര്‍ബന്ധ നിസ്കാരത്തില്‍ നില്‍ക്കാന്‍ കഴിയുന്നവന്‍ നിന്നുതന്നെ നിസ്കരിക്കണമെന്നത് നിബന്ധനയാണ്. നിന്നു നിസ്കരിക്കാന്‍ കഴിയാത്തവന് ഇരുന്ന് നിസ്കാരം…

ജൂതായിസം പാരമ്പര്യവും വര്ത്തവമാനവും

ബനീ ഇസ്രാഈല്‍ സത്യാദര്‍ശം സ്വീകരിച്ച ഒരു ജനവിഭാഗമാണ്. യഅ്ഖൂബ്(അ) എന്ന പൂര്‍വപ്രവാചകന്റെ സന്താന പരമ്പരയിലാണ് വംശത്തുടക്കം.…

ജ്ഞാനാന്വേഷണ യാത്രകള്‍

നരകാഗ്നിയില്‍ നിന്നും അല്ലാഹു വിമുക്തമാക്കിയ വരെ നേരില്‍ കാണണമെന്നുണ്ടെങ്കില്‍ മുതഅല്ലിംകളെ നോക്കുവീന്‍; അല്ലാഹു സത്യം! ഒരു…