മൂന്ന് നാലു ദിവസങ്ങൾക്ക് മുമ്പാണ് കോഴിക്കോട് നിന്നുള്ള ഒരു വാർത്ത ശ്രദ്ധയിൽ പെട്ടത്. സങ്കടവും എന്നാൽ കൗതുകവും സന്തോഷവും നൽകുന്നതായിരുന്നു ആ വാർത്ത. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമിൽ തീവണ്ടി കാത്തിരിക്കുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് ഒരാൾ മാല പൊട്ടിച്ച് ഓടുന്നു. ജനങ്ങൾ ഒച്ചവെക്കുന്നു. ബഹളം കേട്ട പൊലീസുകാരൻ ആളെ പിടികൂടുന്നു. കള്ളന്റെ വൈദഗ്ധ്യവും കൗശലവും ഒന്നുമില്ലാത്ത ആളായതിനാൽ പിടികൂടുന്നതിലും ചോദ്യം ചെയ്യുന്നതിലും കുറ്റം സമ്മതിക്കുന്നതിലുമൊന്നും ഒട്ടും കാലതാമസമുണ്ടായില്ല.

തന്റെ ഭാര്യ ഓപ്പറേഷന് വിധേയയായി നഗരത്തിലെ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നും ഡിസ്ചാർജ് ബില്ലടക്കാൻ കഴിയാത്തതിനാൽ രണ്ടു ദിവസം ഹോസ്പിറ്റലിൽ തന്നെ കഴിയേണ്ടി വന്നെന്നും നിവൃത്തിയില്ലാത്തതിനാലാണ് ഞാനീ കടുംകൈ ചെയ്തതെന്നും കുറ്റസമ്മതത്തിനിടെ അയാൾ പറഞ്ഞു. മാന്യതയും മനുഷ്യത്വവുമുള്ള പോലീസുകാരൻ സത്യാവസ്ഥ അറിയാനായി ഭാര്യയെ വിളിക്കുന്നു. തന്റെ ഭർത്താവ് പോലീസ് പിടിയിലാണെന്ന് പറഞ്ഞപ്പോഴാണ് ആ കാര്യം കൂടുതൽ ഉറപ്പായത്. ഭർത്താവ് നിരപരാധിയാണെന്നും ബില്ലടക്കാൻ കാശില്ലാത്തതിനാൽ രണ്ടു ദിവസമായി കാത്തിരിക്കുകയാണെന്നും റെയിൽവേ സ്റ്റേഷനിൽ പണവുമായി ഒരാൾ വരുന്നുണ്ട്, വാങ്ങിക്കൊണ്ടുവരാം എന്നു പറഞ്ഞാണ് ഇവിടുന്ന് പോയിട്ടുള്ളതെന്നും ഭർത്താവിനെ വിട്ടയക്കണമെന്നും ഭാര്യ കേണപേക്ഷിക്കുന്നു. പോലീസുകാരൻ നല്ല നിലയിൽ തന്നെ തന്റെ മനുഷ്യത്വപരമായ ദൗത്യം നിർവഹിക്കുകയാണിവിടെ ചെയ്തത്. തുടർന്ന് അയാൾ ഹോസ്പിറ്റലിലെ പ്രധാന ഡോക്ടറെ വിളിച്ച് വിഷയം അന്വേഷിക്കുന്നു. കാര്യം ബോധ്യപ്പെട്ട ഡോക്ടർ പരോപകാരിയായ മറ്റൊരാളെ വിളിച്ച് അദ്ദേഹത്തിന്റെ സഹായത്തോടെ ബില്ലടച്ചു രോഗിയെ ഡിസ്ചാർജ് ചെയ്യുന്നു.

കള്ളനെന്ന നിലയിൽ പിടികൂടിയ ആ പാവം ഭർത്താവിനെ പോലീസുകാരൻ നിരപരാധിയായി കുറ്റം ചുമത്താതെ യാതൊരു ശിക്ഷയും നൽകാതെ വിട്ടയക്കുന്നു. മനുഷ്യർ ഇങ്ങനെയാണ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ സാഹചര്യം നോക്കി വേണം അയാളെ കുറ്റക്കാരനെന്നു തീർപ്പാക്കാൻ. പെട്ടെന്നൊരു വേള അരുതാത്തത് എന്തെങ്കിലും ചെയ്തതിനാൽ നാം ആരെയും മോശം ചാപ്പ കുത്തരുത്. മനസ്സ് എവിടെ നിൽക്കുന്നുവെന്ന് അറിയാൻ ശ്രമിക്കണം.
മനുഷ്യരുടെ മുഖം നോക്കുക, മനസ്സിലുള്ളത് മുഖത്ത് പ്രകടമാകുമെന്നാണല്ലോ. നമ്മളെന്നും കാണുന്നവരുടെ മുഖഭാവത്തിൽ മാറ്റങ്ങൾ ദൃശ്യമായാൽ കാര്യങ്ങൾ അന്വേഷിക്കുകയും അവരുടെ മാനസികാവസ്ഥയെ കുറിച്ച് അറിയാൻ ശ്രമിക്കുകയും ചെയ്യുകയെന്നത് വലിയൊരു ദഅ്‌വാ പ്രവർത്തനമാണ്. ഒരുപക്ഷേ ആത്മഹത്യാ മുനമ്പിലേക്ക്, അല്ലെങ്കിൽ മറ്റെന്തെങ്കിലും സാമൂഹിക ദുഷ്പ്രവണതകളിലേക്ക് ഒരാൾ നടന്നുപോവുന്നതിൽ നിന്ന് പിന്തിരിപ്പിക്കാൻ അദ്ദേഹത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെയും ആവശ്യമെങ്കിൽ സ്വൽപനേരം സംസാരിക്കുന്നതിലൂടെയും സാധിക്കുമെന്നതിന് ധാരാളം അനുഭവങ്ങൾ പലരുടെയും ജീവിതത്തിലുണ്ടാവും.

എത്രയോ ആളുകൾ ആത്മാർഥമായ സ്‌നേഹത്തിന്റെയും സഹകരണത്തിന്റെയും സാമീപ്യം അനുഭവിച്ചതിന്റെ പേരിൽ വലിയ അപകടങ്ങളിൽ നിന്ന് മാറിനിന്നത്, ദുരന്തങ്ങളിൽ നിന്ന് ഒഴിഞ്ഞുനിന്നത് സ്വന്തം ജീവിത പരിസരങ്ങളിൽ നിന്ന് തന്നെ പലർക്കും പറയാനുണ്ടാവും. ബുദ്ധിയും തന്റേടവും കാഴ്ചപ്പാടുമുള്ള നാം നമ്മുടെ സഹജീവികളുടെ വേദനകളറിയുകയും അവർ പ്രത്യേക സാഹചര്യത്തിലെങ്കിലും സാമൂഹികമായ തെറ്റുകളിലേക്ക് നടന്നടുക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കുകയും ഒരു ചെറുപുഞ്ചിരി കൊണ്ടോ നല്ല വാക്ക് കൊണ്ടോ അവർക്ക് ആശ്വാസം നൽകുകയും വേണം. നല്ല വാക്ക് വലിയ ധർമമാണ് എന്ന പരിശുദ്ധ ഖുർആന്റെ ഉദ്‌ബോധനം നമ്മൾ ശ്രദ്ധിക്കേണ്ടതാണ്. ചുരുക്കത്തിൽ, കുറ്റവാളികളായിത്തീർന്നു എന്ന് നമ്മൾ കരുതുന്ന പലരും ഇങ്ങനെ കരുതിക്കൂട്ടി കുറ്റക്കാരായതല്ലെന്നും ഒരു വാക്കുകൊണ്ടോ ഇടപെടൽ കൊണ്ടോ അവരെ പിന്തിരിപ്പിക്കാൻ കഴിഞ്ഞേനെ എന്നും അന്വേഷിക്കുമ്പോൾ നമുക്ക് ബോധ്യപ്പെടും. ആ ഒരു ദൗത്യം ഏറ്റെടുത്താൽ മികച്ച ദഅ്‌വത്ത് നിർവഹിക്കാൻ നമുക്ക് സാധിക്കുമെന്നതാണ് ഈ സംഭവം അറിയിക്കുന്നത്.

ഹാദി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ