സലഫിസത്തിന്റെ കപടമുഖം കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. വഹാബിസം പടിഞ്ഞാറിന്റെ സൃഷ്ടിയാണെന്ന് മുസ്ലിം പണ്ഡിതരും ബുദ്ധിജീവികളും നേരത്തെ തിരിച്ചറിഞ്ഞതും മുന്നറിയിപ്പ് നൽകിയതുമാണെങ്കിലും കള്ള പ്രചാരണത്തിലൂടെ ഇവരുടെ പാശ്ചാത്യ ബന്ധം മൂടിവെക്കപ്പെടുകയായിരുന്നു. ഏറ്റവുമൊടുവിൽ 2018 മാർച്ച് 22ന് സഊദീ കിരിടാവകാശി മുഹമ്മദുബ്നു സൽമാൻ വാഷിംഗ്ടൻ പോസ്റ്റുമായി നടത്തിയ അഭിമുഖത്തിൽ പാശ്ചാത്യ രാജ്യങ്ങളുടെ ആവശ്യപ്രകാരമാണ് തങ്ങൾ വഹാബിസം പ്രചരിപ്പിച്ചതെന്ന് തുറന്നു സമ്മതിച്ചിരിക്കുകയാണ്.
മുമ്പ് ബിൻലാദനെ സൃഷ്ടിച്ചെടുത്ത് സോവിയറ്റ് യൂനിയനെതിരെ ഉപയോഗിച്ച അമേരിക്കക്ക് അതേ ബിൻലാദൻ തന്നെ ഭീഷണിയായതു പോലെ പാശ്ചാത്യർ പാലൂട്ടി വളർത്തിയ വഹാബിസം അവർക്കുതന്നെ വിനയായിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് സഊദി കിരീടാവകാശിയുടെ ഈ തുറന്നുപറച്ചിൽ എന്നത് ശ്രദ്ധേയമാണ്. സലഫിസ്റ്റുകളുടെ പടിഞ്ഞാറുമായുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ സംബന്ധിച്ചുള്ള ചർച്ച ഈ സാഹചര്യത്തിൽ പ്രസക്തമാവുകയാണ്.
ചോരച്ചാലുകൾ തീർത്ത ഒന്നാം വഹാബീ ഭരണത്തെ 1818 സപ്തംബറിൽ ഖലീഫ സുൽത്വാൻ മുഹമ്മദ് ഖാൻ തകർത്തെറിയുകയായിരുന്നു. പിന്നീട് ഒരു നൂറ്റാണ്ടോളം പതുങ്ങിക്കഴിഞ്ഞ വഹാബികളെ ഒന്നാം ലോക മഹായുദ്ധകാലത്ത് വളർത്തിയെടുത്തത് ബ്രിട്ടീഷുകാരാണ്. തുർക്കി കേന്ദ്രീകരിച്ചുള്ള ഇസ്ലാമിക ഖിലാഫത്ത് ബ്രിട്ടനെതിരെ യുദ്ധത്തിൽ അണി നിരന്നപ്പോൾ മുസ്ലിംകൾക്കിടയിൽ നിന്നുതന്നെ ഒരു വിഭാഗത്തെ ഉപയോഗിച്ചുകൊണ്ട് തമ്മിലടിപ്പിച്ചും ആഭ്യന്തര കലാപങ്ങളുണ്ടാക്കിയും ശക്തി ക്ഷയിപ്പിച്ച് കീഴ്പ്പെടുത്തുക എന്ന തന്ത്രമാണിവർ സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായി തുർക്കിക്കെതിരെ ‘അറബ് ദേശീയത’ എന്ന ആശയം ഉയർത്തിക്കൊണ്ടുവന്നു. അറബികൾ തുർക്കിയുടെ കീഴിൽ ഭരിക്കപ്പെടേണ്ടവരല്ലെന്നും സ്വന്തമായിത്തന്നെ ഒരു ഭരണസംവിധാനം കയ്യാളേണ്ടവരാണെന്നും പ്രചരിപ്പിച്ച് ഖിലാഫത്തിനെതിരെ ജനങ്ങളെ ഇളക്കിവിട്ടു. ഇതിനു പിന്നിൽ പ്രവർത്തിച്ചത് ബ്രിട്ടീഷ് ഏജന്റായ ടി.ഇ.ലോറൻസ് എന്ന സൈനികനായിരുന്നു. ഇതേക്കുറിച്ച് നഹ്റു എഴുതുന്നതു കാണുക: ”അറേബ്യയിൽ നിലവിലുണ്ടായിരുന്ന ദേശീയ ബോധത്തെ ബ്രിട്ടൺ ഉപയോഗപ്പെടുത്തുകയും പണവും സമ്പാദ്യങ്ങളും ഉദാരമായി കൈക്കൂലി കൊടുത്ത് തുർക്കിക്കെതിരായി അറബികളുടെ ഒരു ലഹള സംഘടിപ്പിക്കുകയുമുണ്ടായി. അറേബ്യയിലെ ഒരു ബ്രിട്ടീഷ് ഏജന്റായ ടി.ഇ. ലോറൺസായിരുന്നു ഈ ലഹളയുടെ പ്രണേതാവ്. ഏഷ്യയിലെ പല പ്രസ്ഥാനങ്ങളുടെയും തിരശ്ശീലകൾക്കു പിന്നിൽ ചലിച്ചുകൊണ്ടിരിക്കുന്ന ഒരു നിഗൂഢ വ്യക്തിയെന്ന ഒരു വിശ്രുതി തന്നെ ഇയാൾ പിന്നീട് ആർജിച്ചിട്ടുണ്ട് (വിശ്വചരിത്രാവലോകനം 2/867).
കേരളാ വഹാബികൾ തന്നെ ഈ അവിശുദ്ധ ബന്ധത്തെ തുറന്നു സമ്മതിച്ചിട്ടുണ്ട്. ഡോ. ഷൗക്കത്തലി എഴുതുന്നു: ”അറബ് ഗോത്രങ്ങളെ സംബന്ധിച്ച് തങ്ങളുടെ നഷ്ടപ്പെട്ട ഭരണം തിരിച്ചുപിടിക്കാൻ ശ്രമം നടത്തിയിരുന്ന സഊദ് ഭരണകൂടം കേണൽ ലോറൻസിന്റെ സഹായം തേടി. സഊദി സൈനികർക്കദ്ദേഹം യുദ്ധ പരിശീലനം നൽകി. അറബികൾക്കിടയിൽ ‘ഡയനാമൈറ്റ് അമീർ’ എന്ന പേരിൽ അറിയപ്പെട്ടിരുന്ന കേണൽ ലോറൻസിനെ ഒരു ചാരനെന്നു വിളിക്കാമോ എന്നു സംശയമാണ്” (ഹംഫർ എന്ന ബ്രിട്ടീഷ് ചാരൻ പേ: 76).
ബ്രിട്ടീഷ് പട്ടാളം പരിശീലിപ്പിച്ച വഹാബി സൈന്യം പടയോട്ടം ആരംഭിച്ചു. ആദ്യം നജ്ദ് പ്രദേശത്തെ ഖിലാഫത്തിൽ നിന്നും വേർപ്പെടുത്തി ഒരു സ്വതന്ത്ര രാജ്യമായി പ്രഖ്യാപിച്ചു. ബ്രിട്ടൺ അവരെ ഒരു രാജ്യമായി അംഗീകരിക്കുകയും ഖിലാഫത്തിനെ തകർക്കാൻ വേണ്ടി ആളും അർത്ഥവും നൽകി സഹായിക്കുകയും ചെയ്തു. നഹ്റു തന്നെ പറയട്ടെ:
”ലോക യുദ്ധകാലത്ത് അറേബ്യ, ബ്രിട്ടീഷ് ഗൂഢ തന്ത്രത്തിന്റെ കൂത്തരംഗായിത്തീർന്നു. വിവിധ അറബി പ്രധാനികളെ കോഴ കൊടുത്തു സ്വാധീനിക്കുന്നതിനു വേണ്ടി ബ്രിട്ടീഷ് ധനവും ഇന്ത്യൻ ധനവും അവിടെ ലോഭം കൂടാതെ ചെലവഴിക്കപ്പെട്ടു. അവർക്ക് എല്ലാതരം വാഗ്ദാനങ്ങളും നൽകി. തുർക്കിക്കെതിരായി ലഹളക്കൊരുങ്ങാൻ അവർ നിരന്തരം പ്രേരിപ്പിക്കപ്പെട്ടു…
ഇബ്നുസുഊദ് കൂടുതൽ സമർത്ഥനായിരുന്നു. ഒരു സ്വതന്ത്ര രാജാവെന്ന തന്റെ നില അദ്ദേഹം ബ്രിട്ടീഷുകാരെ കൊണ്ടംഗീകരിപ്പിച്ചു. മാസത്തിൽ 5000 പവൻ (70,000 ക) അവരിൽ നിന്നും വാങ്ങി നിഷ്പക്ഷനായിരിക്കാനും അദ്ദേഹം സമ്മതിച്ചു. അങ്ങനെ മറ്റുള്ള ആളുകൾ അന്യോന്യം യുദ്ധം ചെയ്തുകൊണ്ടിരിക്കെ ഇബ്നുസുഊദ് ബ്രിട്ടീഷ് സ്വർണ്ണം കൊണ്ട് തന്റെ നില കൂടുതൽ ഭദ്രമാക്കി.” (വിശ്വചരിത്രാവലോകനം 2/1060)
പടിഞ്ഞാറുക്കാരുടെ എച്ചിലനക്കി ലോക ചരിത്രത്തെ തിരുത്തി എഴുതിയ മഹത്തായ ഒരു ഭരണ സംവിധാനത്തെ തകർക്കുക മാത്രമല്ല, ഒരു മതത്തിന്റെ ചിഹ്നങ്ങളും ചരിത്രശേഷിപ്പുകളും കൂടി ഇല്ലായ്മ ചെയ്യാനുള്ള വഹാബിസത്തിന്റെ തിടുക്കവും ബ്രിട്ടീഷ് താൽപര്യത്തിന്റെ ഭാഗം തന്നെയായിരുന്നു. ത്യാഗോജ്വല ജീവിതം നയിച്ച മുൻഗാമികളുടെ ഓർമകളാണ് ഏതൊരു പ്രസ്ഥാനത്തിനും ഊർജം പകരുന്നത് എന്ന സത്യം മറ്റാരേക്കാളും അറിയുന്ന സാമ്രാജ്യത്വ ശക്തികൾ മുസ്ലിംകളെ നശിപ്പിക്കാനുള്ള എളുപ്പവഴി ഈ ഓർമകളെയും ഛിഹ്നങ്ങളെയും നശിപ്പിക്കലാണെന്നു മനസ്സിലാക്കി. ആ ദൗത്യവും ഇതേ സലഫിസ്റ്റുകളിലൂടെ നിർവഹിക്കപ്പടുകയായിരുന്നു.
ഇങ്ങ് മലബാറിൽപ്പോലും ബ്രിട്ടീഷുകാരുടെ പേടി സ്വപ്നമായിരുന്ന മമ്പുറം തങ്ങളുടെ മഖാം തകർക്കാൻ ഇവർ ഗൂഢാലോചന നടത്തിയിരുന്നു. 1855 ഒക്ടോബർ 23 ന് മലബാർ മജിസ്ട്രേറ്റായിരുന്ന ടി.ക്ലാർക്ക് ഗവൺമന്റ് സെക്രട്ടറി ജെഡി ബോർഡില്ലന് എഴുതിയതായി ഡോ. സി.കെ. കരീം ഉദ്ധരിക്കുന്നു:
‘മാപ്പിളമാർ ഏത് കൃത്യം ചെയ്യുന്നതിനുമുമ്പും തറമ്മൽ ജാറത്തിൽ പ്രാർത്ഥന നടത്താറുണ്ടെന്നും ഈ ജാറം അങ്ങനെ ഏതു കലാപത്തിനും മുന്നോടിയായി വർത്തിക്കാറുണ്ടെന്നും തന്മൂലം ഈ ജാറം നശിപ്പിക്കുകയും അവിടെ അടക്കം ചെയ്തിട്ടുള്ള സയ്യിദ് അലവി തങ്ങളുടെ ഭൗതികാവശിഷ്ടങ്ങൾ അവിടെ നിന്ന് നീക്കം ചെയ്ത് അറേബ്യയിലേക്ക് കൊണ്ടുപോയി അവിടെ സംസ്കരിക്കുകയും വേണം. തങ്ങളുടെ ഇവിടെയുള്ള കുടുംബക്കാർ കൈവശം വെച്ചുകൊണ്ടിരിക്കുന്ന സ്ഥലങ്ങൾ മുഴുക്കെ വിലയ്ക്കു വാങ്ങി അവരെയെല്ലാം നാട്ടിൽ നിന്നും പറഞ്ഞയക്കുകയും ചെയ്താൽ തറമ്മൽ തങ്ങന്മാരെയും അവരുടെ ജാറത്തെയും പറ്റിയുള്ള ഓർമ കാലക്രമേണ തേഞ്ഞുമാഞ്ഞുപോകുന്നതാണ്’ (കേരള മുസ്ലിം ഡയരക്ടറി, ഡോ.സി.െക.കരീം).
പടിഞ്ഞാറുകാരുടെ ഈ ഗൂഢലക്ഷ്യമാണ് അവരുടെ കോടാലിപ്പിടികളായി വർത്തിച്ച വഹാബികൾ, മഹാന്മാരുടെ മഖ്ബറകളും തിരുശേഷിപ്പുകളും ചരിത്ര സൗധങ്ങളും തകർത്തതിലൂടെ നടപ്പാക്കിക്കൊടുത്തത്. ശിർക്ക്, ബിദ്അത്ത് തുടങ്ങിയ മുദ്രകൾ ചാർത്തി ചരിത്രശേഷിപ്പുകൾ മുഴുവനും തച്ചുടച്ചുകളഞ്ഞ ഇവർ, അവശേഷിക്കുന്ന സ്ഥലങ്ങളിലേക്കുള്ള സന്ദർശനങ്ങൾ കൂടി തടയാനുള്ള ശ്രമത്തിലാണെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം തന്നെ ജസീറത്തുൽ അറബിലേക്ക് ബിംബാരാധന തിരിച്ചുകൊണ്ടുവരാനുള്ള ശ്രമവും കള്ളും കുരിശും സിനിമയുമെല്ലാം നടപ്പാക്കാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ടത്രെ. അനാചാരങ്ങളെന്നു പറഞ്ഞു ഇസ്ലാമിന്റെ എല്ലാ സ്മരണകളും അവസാനിപ്പിച്ച് പകരം കൊണ്ടുവരുന്ന കാര്യങ്ങളൊക്കെയും പടിഞ്ഞാറിനു താൽപര്യമുള്ളവയാണെന്നത് ആ അവിശുദ്ധ ബന്ധത്തിന്റെ ആഴത്തെയാണ് സൂചിപ്പിക്കുന്നത്.
സലഫി തീവ്രവാദം തങ്ങളെ തിരിഞ്ഞുകൊത്തുന്നു എന്ന പരാതി സാമ്രാജ്യത്വശക്തികൾ സഊദിയുമായി പങ്കുവെക്കുകയും അവരെ രഹസ്യമായി ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യം ഉപയോഗിച്ചുകൊണ്ട് പാശ്ചാത്യ സംസ്കാരങ്ങൾ സഊദിയുട മണ്ണിൽ കെട്ടിയിറക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇപ്പോൾ അവിടെ നടപ്പാക്കപ്പെട്ടുകൊണ്ടിരിക്കുന്ന പരിഷ്കാരങ്ങൾ എന്ന നിഗമനവും തെറ്റുവാൻ സാധ്യതയില്ല. അത്രമേൽ ആഴത്തിലുള്ളതാണ് പടിഞ്ഞാറിന്റെയും വഹാബിസത്തിന്റെയും പൊക്കിൾകൊടി ബന്ധം.
ഇന്ത്യൻ വഹാബികളും ബ്രിട്ടീഷുകാരും
കേരളാ വഹാബികൾ എഴുതുന്നു: ‘ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ ഇസ്ലാഹി ആദർശം കരുത്തോടെ വളരുമ്പോൾ ഇന്ത്യ മുൻനിരയിൽ തന്നെ നിലയുറപ്പിച്ചു ഉദ്ധാരണ പ്രവർത്തനത്തിലൂടെ മുന്നോട്ടു നീങ്ങുകയായിരുന്നു. ഇന്ത്യയിൽ മുസ്ലിം വിദ്യാഭ്യാസ നവോത്ഥാനത്തിന്റെ വിഷയത്തിൽ അലീഗർ മുസ്ലിം യൂനിവേഴ്സിറ്റി വഹിച്ച പങ്ക് അനിഷേധ്യമത്രെ. എന്നാൽ അതിന്റെ സ്ഥാപകനായ സർ സയ്യിദ് അഹ്മദ് ഖാൻ 1822 ൽ ഹജ്ജ് കർമ്മത്തിനു പോയപ്പോൾ മക്കയിൽ നിന്നാണ് ഉൽബുദ്ധതയുടെ ആവേശം ലഭിച്ചത്. ലണ്ടനിൽ വെച്ച് അദ്ദേഹവുമായി കണ്ടുമുട്ടിയ അമീർഅലിയും അബ്ദുൽ വഹാബിന്റെ ചിന്താധാരയിൽ ആകൃഷ്ടനാവുകയും ‘സ്പിരിറ്റ് ഓഫ് ഇസ്ലാം’ എന്ന ലോക പ്രസിദ്ധമായ ഗ്രന്ഥം രചിക്കുന്നതിലേക്ക് അതുവഴി തെളിയിക്കുകയും ചെയ്തു’ (ഇസ്ലാഹി പ്രസ്ഥാന ചരിത്രത്തിനൊരാമുഖം – മുജാഹിദ് സെന്റർ, കോഴിക്കോട് പേ: 17-19).
മക്കയിലും ലണ്ടനിലും ചെന്ന് വഹാബിസം സ്വീകരിച്ച് സർ സയ്യിദ് അഹ്മദ്ഖാൻ ബ്രിട്ടീഷുകാരുടെ ഏജന്റായി പ്രവർത്തിക്കുകയാണ് പിന്നീട്. ജമാഅത്തെ ഇസ്ലാമി നേതാവ്
ശൈഖ് മുഹമ്മദ് കാരക്കുന്ന് പറയട്ടെ:
‘സർ സയ്യിദ് അഹ്മദ് ഖാൻ ബ്രിട്ടീഷ് അനുകൂല നിലപാടാണ് സ്വീകരിച്ചിരുന്നത്. കോൺഗ്രസ് മുസ്ലിംകൾക്ക് ഗുണം ചെയ്യില്ലെന്ന് വിശ്വസിച്ച അദ്ദേഹം കോൺഗ്രസിൽ ചേരരുതെന്ന് മുസ്ലിംകളെ ഉപദേശിച്ചു. മതനവീകരണ ചിന്താഗതിക്കാരനായ സർ സയ്യിദ് ഖിലാഫത്ത് പ്രസ്ഥാനത്തിലും സ്വാതന്ത്ര്യ സമരത്തിലും മുസ്ലിംകൾ പങ്കെടുക്കുന്നതിനെ എതിർത്തു…
പിൽകാലത്ത് അലീഗർ മുസ്ലിം സർവകലാശാലയായി മാറിയ പ്രസ്തുത സ്ഥാപനം പാശ്ചാത്യ പ്രചാരണ കേന്ദ്രമായി. അക്കാലത്ത് അലീഗർ പുറത്തുവിട്ട പലരും മിസ്റ്റർമാരുടെയും മിസീസുമാരുടെയും ഒരു ആംഗ്ലോ ഇന്ത്യൻ വർഗമായിരുന്നു. 1930 കളിലും 40 കളിലും സമുദായത്തിന്റെ ഉപരിതലം കയ്യടക്കിയ വരേണ്യ വിഭാഗം വെച്ചുപുലർത്തിയിരുന്ന ചിന്തയെയാണ് പ്രതിനിധാനം ചെയ്തത്. അത് തീർത്തും പാശ്ചാത്യവും ഭൗതികവുമായിരുന്നു. പടിഞ്ഞാറൻ വിചാര വൈകൃതങ്ങളും സാംസ്കാരിക മാലിന്യങ്ങളും സമുദായത്തിൽ പടർന്നുകയറാനിതു കാരണമായി’ (ജമാഅത്തെ ഇസ്ലാമി ഒരു ലഘുപരിചയം പേ: 21,22).
ഇ. മൊയ്തു മൗലവി കൂടി സർസയ്യിദിനെക്കുറിച്ച് പറയുന്നത് വായിക്കുക: ‘പരേതനായ സർ സയ്യിദ് അഹ്മദ് ഖാൻ മുസ്ലിംകൾക്ക് ഇംഗ്ലീഷുകാരുടെ നേരെയുണ്ടായിരുന്ന അറപ്പും വെറുപ്പും അകറ്റാനും അവരെ ബ്രിട്ടീഷ് ഭരണാനുകൂലികളാക്കാനും നന്നേ പണിപ്പെട്ടു. അദ്ദേഹം അക്കാര്യത്തിൽ ഏതാണ്ട് വിജയിക്കുക തന്നെ ചെയ്തു’ (ഇന്ത്യൻ മുസ്ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും പേ: 261).
പടിഞ്ഞാറുകാരനു വേണ്ടി പാദ സേവ ചെയ്ത ഇവർ തന്നെയാണ് ഇന്ത്യൻ സ്വാതന്ത്ര്യത്തിനു വേണ്ടി പടപൊരുതിയിരുന്നതെന്ന് പച്ച നുണ പറയാനും ഈ വഹാബികൾക്ക് മടിയില്ല.
കേരളാ സലഫികളും അതിഗൂഢമായി ബ്രിട്ടീഷുകാരുമായി കൈകോർത്തു പ്രവർത്തിച്ചവരാണ്. വഹാബിസത്തിന്റെ ആദ്യരൂപമായ ഐക്യസംഘവുമായി അറിയാതെ സഹകരിച്ചു പ്രവർത്തിച്ചയാളായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്. പിന്നീട് ഇവരുടെ ബ്രിട്ടീഷ് അനുകൂല നിലപാടും ദീനീ വിരുദ്ധ കാഴ്ചപാടുകളും തിരിച്ചറിഞ്ഞപ്പോൾ ഒഴിഞ്ഞുപോരുകയായിരുന്നു.
ചരിത്രകാരനായ എം. റശീദ് ‘മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്’ എന്ന ഗ്രന്ഥത്തിൽ എഴുതി: ‘1924 ൽ ഐക്യസംഘത്തിന്റെ രണ്ടാം വാർഷിക സമ്മേളനം ആലുവയിൽ ചേർന്നപ്പോൾ ഖിലാഫത്ത് പ്രശ്നത്തിൽ മുസ്ലിംകളോട് വാഗ്ദാന ലംഘനം നടത്തിയ ബ്രിട്ടീഷ് സാമ്രാജ്യത്തെ അപലപിക്കുന്ന ഒരു പ്രമേയം അവതരിപ്പിച്ചുകൊണ്ട് അബ്ദുറഹ്മാൻ സാഹിബ് ഉജ്ജ്വലമായി പ്രസംഗിച്ചു. സ്നേഹപൂർവമായ സമ്മർദ്ധം വഴി തങ്ങളുടെ ‘കുഞ്ഞുമുഹമ്മദി’നെ (അബ്ദുറഹ്മാൻ സാഹിബിനെ വിളിച്ചിരുന്നത് അങ്ങനെയാണ്) കൊണ്ട് ഈ പ്രേമയം പിൻവലിപ്പിക്കാൻ കഴിയുമെന്ന് കുഞ്ഞി കൊച്ചു ഹാജിയും മണപ്പാടനും മറ്റും കരുതി. അതു നടക്കുകയില്ലെന്ന് ഉറപ്പായപ്പോൾ, സാഹിബ് ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരെതിർപ്പുണ്ടായി. ഉറ്റ സുഹൃത്തും നിതാന്ത സഹചാരിയുമായ മൊയ്തു മൗലവി പ്രമേയത്തെ ശക്തിയായി എതിർത്തുകൊണ്ട് പ്രസംഗിച്ചു. അതിനുശേഷം പ്രമേയം വോട്ടിനിട്ടപ്പോൾ എതിരാളികൾക്ക് നേരിയ ഭൂരിപക്ഷം ലഭിച്ചു. ഈ തോൽവി വ്യക്തിപരമായി കരുതാതെ സാഹിബ് ഐക്യസംഘവുമായുള്ള ബന്ധം തുടർന്നുവെങ്കിലും അധികം താമസിയാതെ തുറന്നെതിർക്കേണ്ട സാഹചര്യമുണ്ടായി (മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് പേ: 70,71).
ഖിലാഫത്തിനെ തകർക്കാൻ ബ്രിട്ടീഷുകാരോടൊപ്പം പ്രവർത്തിച്ചവർക്ക് എങ്ങനെയാണ് ആ വിഷയത്തിൽ അവർക്കെതിരെ പ്രമേയവതരിപ്പിക്കാൻ കഴിയുക. പാവം അബ്ദുറഹ്മാൻ സാഹിബിന് പിന്നീടാണ് ഇവരുടെ കള്ളക്കളി ബോധ്യപ്പെട്ടത്.
മലബാറിലെ മാപ്പിളമാരുടെ ഈമാനിക ആവേശവും സമര വീര്യവും അനുഭവിച്ചറിഞ്ഞ ബ്രിട്ടീഷുകാർ വഹാബിസത്തിലേക്ക് അവരെ റിക്രൂട്ട് ചെയ്യാൻ പാരമ്പര്യ മതഗ്രന്ഥങ്ങളെയും മാപ്പിള സാഹിത്യങ്ങളെയും കണ്ടുകെട്ടി മലയാള ഭാഷയിൽ പുതിയ മതഗ്രന്ഥങ്ങൾ ഉണ്ടാക്കി പ്രചരിപ്പിക്കുക എന്ന കുതന്ത്രം ആവിഷ്കരിച്ചു. ഇതു സംബന്ധമായി സി.എൻ. അഹ്മദ് മൗലവി മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം എന്ന പുസ്തകത്തിൽ എഴുതുന്നത് കാണുക: ”ബ്രിട്ടീഷുകാർക്ക് എന്തൊക്കെ ദോഷങ്ങളുണ്ടെങ്കിലും അവർ മികച്ച ഭരണ തന്ത്രജ്ഞരായിരുന്നു. അവർ സംഗതിയുടെ മർമസ്ഥാനം സൂക്ഷിച്ചും മനസ്സിലാക്കി. ഈ അറബി ഗ്രന്ഥങ്ങളും അറബി ലിപിയിലെഴുതിയ ഗ്രന്ഥങ്ങളുമാണ് മാപ്പിളമാർ ഇത്രയധികം ആവേശം കൊള്ളിക്കുന്നതെന്ന് അവർ ഗ്രഹിച്ചു. പക്ഷേ, അതു തടയാനോഅതിനെതിരിൽ ശബ്ദമുയർത്താനോ അവർ നിന്നില്ല. അതു കൂടുതൽ അപകടകരമാണെന്ന് ആ ഭരണതന്ത്രജ്ഞന്മാർക്കറിയാമായിരുന്നു. അവർ സൂത്രത്തിൽ മറ്റൊരു വഴിക്ക് പ്ലാനിട്ടു പ്രവർത്തിക്കാൻ ഗൂഢമായി തീരുമാനിച്ചു’ (പേ: 75).
പിന്നീട് ഈ ഗുഢ തീരുമാനമെന്തായിരുന്നുവെന്ന് സലഫി നേതാവായ സി.എൻ. അഹ്മദ് മൗലവി തന്നെ എഴുതിയതു വായിക്കുക: ‘ഒടുവിൽ അടിയന്തിരമായി ചില തീരുമാനങ്ങളെടുത്തു. (1) മാപ്പിളമാർക്ക് സ്കൂളിൽ വെച്ച് മതം പഠിപ്പിക്കുക. അതു മലയാള ലിപിയിലൂടെ ആയിരിക്കുക. അതിനുവേണ്ട പുസ്തകങ്ങൾ വിദഗ്ധന്മാരെ കൊണ്ട് തയ്യാർ ചെയ്യിക്കുക’ (പേ: 75).
നോക്കുക; മുസ്ലിംകൾക്ക് മതം പഠിക്കാൻ പുസ്തകം തയ്യാറാക്കുന്നത് ബ്രിട്ടീഷുകാർ. അതിനു തെരഞ്ഞെടുത്ത ഭാഷ നിലവിൽ മുസ്ലിംകൾ കൈകാര്യം ചെയ്തുവരുന്ന അറബിയും അറബി മലയാളവും അവഗണിച്ച് പുതിയ മലയാള ഭാഷ. ഒരു സമൂഹത്തിന്റെ സംസ്കാരവും മതപാരമ്പര്യവും അട്ടിമറിക്കാൻ വേണ്ടിയുള്ള ഈ ഗൂഢാലോചനയിൽ പങ്കെടുത്തതും പ്രയോഗവൽകരിച്ചതും കേരളാ സലഫിസ്റ്റുകളും!
സി.എൻ. മൗലവി തന്നെ പറയട്ടെ: ”ഈ പുസ്തകങ്ങൾ തയ്യാർ ചെയ്തു പ്രസിദ്ധീകരിച്ച അതേ കൊല്ലം തന്നെ മറ്റൊരു പ്ലാൻ കൂടി ഗവൺമെന്റ് തയ്യാരാക്കി. ‘ശരിയായ മതം’ മലയാള ലിപിയിലൂടെ പഠിപ്പിക്കാൻ കഴിവുള്ള ഒരു മുസ്ലിം പണ്ഡിതനെ കണ്ടുപിടിക്കുക. അവസാനം കണ്ടുപിടിച്ചു. മികച്ച പണ്ഡിതനും പ്രസിദ്ധ വാഗ്മിയുമായിരുന്ന പിഎൻ. മുഹമ്മദ് മൗലവിയെ (പുളിക്കൽ). എന്നിട്ട് മുസ്ലിം അധ്യാപകന്മാർക്ക് പരിശീലനം നൽകിപ്പോന്ന മലപ്പുറം ട്രെയ്നിംഗ് സ്കൂളിൽ അദ്ദേഹത്തെ നിയമിച്ചു (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ: 76).
എന്നാൽ ഈ വഹാബി മൗലവിയുടെ ട്രെയ്നിംഗ് കൊണ്ട് കാര്യമായ നേട്ടമൊന്നും ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയ ബ്രിട്ടീഷ് സർക്കാർ സുന്നി പണ്ഡിതന്മാരെ മാത്രം സംഘടിപ്പിച്ച് മലപ്പുറം ട്രെയ്നിംഗ് സ്കൂളിൽ വെച്ച് പ്രത്യേക ക്ലാസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു. അതിനു നേതൃത്വം കൊടുക്കാൻ മറ്റൊരു വഹാബിയെ ചുമതലപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരം സി.എൻ. തന്നെ പറയട്ടെ: ”മലബാറിലെ മുസ്ലിയാന്മാരെ സംഘടിപ്പിച്ചുകൊണ്ട് മലപ്പുറം ട്രെയ്നിംഗ് സ്കൂളിൽ ഒരു പ്രത്യേക ക്ലാസ് നടത്തുക. എന്നിട്ട് അവർക്ക് ‘ശരിയായ മതം’ പഠിപ്പിക്കുക. അതിനു പറ്റിയ ഒരാളെ അധ്യാപകനായി നിയമിക്കുക. ചുരുക്കത്തിൽ എന്നെയാണ് ആ പോസ്റ്റിൽ നിയമിച്ചത്’ (മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം പേ: 76).
സലഫിസ്റ്റുകളെ ഉപയോഗിച്ച് പാരമ്പര്യ ഇസ്ലാമിനെയും മുസ്ലിംകളെയും നശിപ്പിക്കാനും അവരുടെ സാംസ്കാരിക, രാഷ്ട്രീയ സ്വത്വം തകർക്കാനും പാശ്ചാത്യ ശക്തികൾ കാണിച്ച ഗൂഢതന്ത്രങ്ങൾ ഞെട്ടലുളവാക്കുന്നതാണ്. മുസ്ലിം ലോകമിന്നനുഭവിക്കുന്ന എല്ലാ ദുരിതങ്ങളുടെയും ഒരു മുഖ്യ കാരണം പടിഞ്ഞാറുകാരുടെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ച ഈ വഹാബി ഒറ്റുകാരുടെ നീച നീക്കങ്ങളാണ്. പുതിയ സാഹചര്യത്തിൽ ലോക മുസ്ലിംകൾ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തെ തിരിച്ചറിയുകയും ജാഗ്രത കൈകൊള്ളുകയും ചെയ്യേണ്ടിയിരിക്കുന്നു. രാഷ്ട്രീയ കവചം കൊണ്ട് ഇക്കൂട്ടർക്ക് സംരക്ഷണമൊരുക്കുന്നത് മുസ്ലിം ഉമ്മത്തിനോട് ചെയ്യുന്ന കൊടും വഞ്ചനയായി ചരിത്രം രേഖപ്പെടുത്തുക തന്നെ ചെയ്യും.