മതപ്രഭാഷണം, രാഷ്ട്രീയ പ്രസംഗം, അനുമോദന പ്രസംഗം, അനുശോചന പ്രസംഗം, അനുഗ്രഹ പ്രഭാഷണം, അനുസ്മരണ പ്രഭാഷണം എന്നിങ്ങനെ പലതുണ്ട് പ്രഭാഷണങ്ങള്‍. പുറമെ ഒരു പരിപാടിയില്‍ തന്നെ വിവിധയിനം പ്രസംഗങ്ങളുണ്ടാവും. സ്വാഗത പ്രസംഗം, ആമുഖ പ്രഭാഷണം, ഉപക്രമം, ഉദ്ഘാടനം, വിഷയാവതരണം, ആശംസ, ഉപസംഹാരം, നന്ദി….

ഇതില്‍ ഓരോന്നിനും അതിന്‍റേതായ രീതിയും സമയവുമുണ്ട്. ഇതറിയാത്ത ഒരാളെങ്കിലും ക്ഷണിക്കപ്പെട്ടവരിലുണ്ടായാല്‍ പരിപാടി തന്നെ താളംതെറ്റും. ഒരു പ്രോഗ്രാം വിജയിപ്പിക്കുന്നതിനും പരാജയപ്പെടുത്തുന്നതിനും സ്വാഗത പ്രസംഗം തന്നെ കാരണമാകാറുണ്ട്.

പരിപാടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങളെ സംബന്ധിച്ച് സദസ്സിനെയും അതിഥികളെയും ഹ്രസ്വമായി പരിചയപ്പെടുത്തുക. പ്രഭാഷകരെയും ശ്രോതാക്കളെയും സ്വാഗതം ചെയ്യുക എന്നിവയാണ് സ്വാഗതപ്രസംഗത്തില്‍ ഉണ്ടാവേണ്ടത്. എതിരാളികളെ നിശിതമായി വിമര്‍ശിക്കാനും വെല്ലുവിളിക്കാനും സ്വാഗതഭാഷകന്‍ മുതിര്‍ന്നാല്‍ ആ പരിപാടി ലക്ഷ്യം കാണുകയില്ല. നിഷ്പക്ഷമതികള്‍ പോലും മുന്‍വിധിയോടെയായിരിക്കും പിന്നെ പരിപാടി വീക്ഷിക്കുക. എത്ര പ്രകോപനപരമായ സാഹചര്യമുണ്ടെങ്കിലും സ്നേഹത്തിന്റെയും എ്യെത്തിന്റെയും ഭാഷ മാത്രമേ സ്വാഗതഭാഷകന്‍ ഉപയോഗിക്കാവൂ.

മതവേദികളില്‍ രാഷ്ട്രീയ പ്രോട്ടോകോള്‍ പരിഗണിക്കേണ്ടതില്ല. ചിലപ്പോള്‍ അധ്യക്ഷന്‍, ഉദ്ഘാടകന്‍, മുഖ്യാതിഥി എന്നിവരേക്കാള്‍ ആദരിക്കപ്പെടേണ്ടവര്‍ സ്റ്റേജിലുണ്ടാവും. അവര്‍ക്കാണ് ആദ്യം സ്വാഗതം പറയേണ്ടത്. മുഖസ്തുതി പറയുന്നത് മതപരമായി തെറ്റായതുകൊണ്ട് സ്വാഗതഭാഷകന്‍ അതിനു മുതിരരുത്. തൊട്ടടുത്തുനിന്നു വന്നയാളെപ്പോലും “വളരെ ത്യാഗം സഹിച്ചു എത്തിച്ചേര്‍ന്നു” എന്നു പരിചയപ്പെടുത്തി കളവു പറയുകയുമരുത്. “എന്റെ സ്വന്തം പേരിലും സംഘടനയുടെ പേരിലും…” ഇങ്ങനെ വലിച്ചുനീട്ടി സ്വാഗതം പറയുന്നത് അരോചകമാണ്. പരിപാടിയില്‍ മുഖ്യപ്രഭാഷകന്‍ എത്തുകയില്ലെന്നറിഞ്ഞാല്‍ സ്വാഗതഭാഷകന്‍ കൂടുതല്‍ ഉത്തരവാദിത്വബോധം കാണിക്കണം.

മുഖ്യാതിഥിക്ക് പകരം വന്നയാളെ സദസ്സിനു നന്നായി പരിചയപ്പെടുത്തണം. അതോടെ പ്രധാന പ്രഭാഷകന്‍ വരാതിരുന്നതിന്റെ നിരാശ അവസാനിക്കും. ഇതിനു പകരം പല സ്വാഗത പ്രസംഗകരും മുഖ്യാതിഥി വരാത്തതിന് ഞങ്ങള്‍ ഉത്തരവാദികളല്ല എന്നു തെളിയിക്കാനാണ് സമയം ചെലവഴിക്കാറുള്ളത്. ഇത് മതിയായ കാരണത്താല്‍ വരാന്‍ സാധിക്കാതിരുന്ന സമുന്നത നേതാക്കളെപ്പോലും സംശയത്തിന്റെ നിഴലില്‍ നിറുത്താന്‍ കാരണമാകും.

അധ്യക്ഷപ്രസംഗവും ഉദ്ഘാടന പ്രസംഗവും മുഖ്യ പ്രഭാഷണമാവാതിരിക്കാന്‍ ശ്രമിക്കണം. ആശംസാ പ്രസംഗം ഒരിക്കലും നീണ്ടുപോകരുത്. കൂടുതല്‍ പ്രഭാഷകരുള്ള വേദിയില്‍ വിഷയത്തില്‍ വൈവിധ്യമുണ്ടാകാന്‍ ശ്രദ്ധിക്കണം. ഒരേ വിഷയം ആവര്‍ത്തിക്കരുത്.

ന്യൂനതകള്‍ കണ്ടെത്താം

പ്രഭാഷണം മെച്ചപ്പെടുത്താന്‍ ന്യൂനതകള്‍ സ്വയം കണ്ടെത്താന്‍ ശ്രമിക്കണം. മറ്റുള്ളവരുടെ പോരായ്മകള്‍ നാം പെട്ടെന്നു തിരിച്ചറിയും. ഉടനെ അതു തന്നിലുമുണ്ടോ എന്നു ചിന്തിക്കണം. സ്വന്തം പ്രസംഗത്തിന്റെ റെക്കോഡുണ്ടെങ്കില്‍ കേള്‍ക്കണം. അക്ഷരത്തെറ്റുകള്‍, മോശം പരാമര്‍ശങ്ങള്‍, ആഭാസകരമായ ആംഗ്യവിക്ഷേപങ്ങള്‍ തുടങ്ങിയവയില്‍ തിരുത്തുകള്‍ ആവശ്യമുണ്ടെങ്കില്‍ അതിനു തയ്യാറാവണം. ആത്മസുഹൃത്തുക്കളോട് തന്റെ ന്യൂനതകള്‍ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെടുന്നതും മറ്റുള്ളവരുടെ വിമര്‍ശനത്തില്‍ കഴമ്പുണ്ടോ എന്ന് ചിന്തിക്കുന്നതും നല്ലതാണ്.

ഇനി പ്രഭാഷകരില്‍ സാധാരണ കാണപ്പെടുന്നതും സദസ്സ് ശ്രദ്ധിക്കുന്നതുമായ ചില ന്യൂനതകള്‍ നോക്കാം. ഒരേ പോലെയുള്ള നിരവധി അക്ഷരങ്ങളുണ്ട് മലയാള ഭാഷയില്‍. എഴുത്തിലും ഉച്ചാരണത്തിലും ഇതു പരസ്പരം മാറിപ്പോവും. എഴുത്തിന് എഡിറ്റിംഗ് ഉള്ളതുകൊണ്ട് തിരുത്തപ്പെടും. പ്രഭാഷണത്തില്‍ ഇതില്ലല്ലോ. അതിനാല്‍ അക്ഷരങ്ങളുടെ ഉച്ചാരണം ശരിയായ വിധത്തില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തണം. വിദഗ്ധര്‍ക്ക് തന്റെ പ്രസംഗ സിഡി നല്‍കി തെറ്റായ ഉച്ചാരണങ്ങള്‍ ചൂണ്ടിക്കാണിക്കാന്‍ ആവശ്യപ്പെടാം. അതുപോലെ വാര്‍ത്തകള്‍ വായിക്കുന്നത് ശ്രദ്ധിച്ചും സാഹിത്യകാരന്മാരുടെ പ്രഭാഷണങ്ങള്‍ കേട്ടും ശരിയായ ഉച്ചാരണം മനസ്സിലാക്കാം.

ചില പ്രഭാഷണങ്ങളില്‍ പ്രത്യേക വാക്കുകളുടെ ആവര്‍ത്തനപ്പെരുമഴ തന്നെയുണ്ടാവും. വാസ്തവത്തില്‍, നമുക്കറിയാം, സഹോദരന്മാരേ, ചുരുക്കത്തില്‍ തുടങ്ങിയ പ്രയോഗങ്ങളുടെ ആധിക്യം സദസ്സിനെ അലോസരപ്പെടുത്തും. ചില ശ്രോതാക്കള്‍ ആവര്‍ത്തിക്കുന്ന വാക്കുകള്‍ എണ്ണാനും തുടങ്ങും. വഅളുകളില്‍ ഖാലല്ലാഹു, ഖാല റസൂലില്ലാഹി തുടങ്ങിയ വാക്കുകള്‍ അസ്ഥാനത്തു പ്രയോഗിക്കരുത്.

കോര്‍ത്തിണക്കിയ ചില പ്രത്യേക പദങ്ങള്‍ ചൊല്ലിപ്പഠിച്ച് പറയുന്നവരുണ്ട്. കേട്ടുതുടങ്ങുമ്പോള്‍ ഇയാളാരാ, സുകുമാര്‍ അഴീക്കോടോ? എന്നു തോന്നിപ്പോകും. ഇത് ഉപേക്ഷിച്ച് ജനങ്ങളുടെ ഭാഷയില്‍ സംസാരിക്കുക. സദസ്സിലേക്ക് നോക്കാന്‍ കഴിയാതെ അനന്തതയിലേക്കോ അന്തരീക്ഷത്തിലേക്കോ നോക്കുന്നതും ഒരു പ്രമുഖനെ കാണുന്നതോടെ നിന്നു പരുങ്ങുന്നതും മാറ്റിയെടുക്കാന്‍ ശ്രമിക്കണം.

പ്രഭാഷണത്തിന്റെ ആമുഖത്തില്‍ “ഞാന്‍ നിങ്ങളോട് പ്രസംഗിക്കാന്‍ അര്‍ഹനല്ല, അതിനുള്ള വിവരവും എനിക്കില്ല” എന്നു പറഞ്ഞ് അമിത വിനയാന്വിതരാകുന്നവരുണ്ട്. ഇത് സദസ്സിനു പ്രഭാഷകനോടുള്ള മതിപ്പ് കുറക്കുമോ എന്നു ചിന്തിക്കണം. വിനയം ഹൃദയത്തിലും പെരുമാറ്റത്തിലുമാണ് വേണ്ടതെന്നോര്‍ക്കുക. അയോഗ്യനായ ഒരാളുടെ പ്രഭാഷണം ഞാനെന്തിനു കേള്‍ക്കണം എന്ന് ചിലരെങ്കിലും ചിന്തിച്ചേക്കും.

പ്രസംഗകല3/റഹ്മതുല്ലാഹ് സഖാഫി എളമരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ