m1 (1)പരീക്ഷയ്ക്ക് പഠിക്കുന്നു എന്ന ചിന്ത മാറ്റുക.,പരീക്ഷയെ ആത്മവിശ്വാസത്തോടും സന്തോഷത്തോടും സ്വീകരിക്കുക. പരീക്ഷയെക്കുറിച്ച് അനാവശ്യഭീതി മനസ്സില്‍ വളര്‍ത്താതിരിക്കുക. മുമ്പ് പരീക്ഷ എഴുതിയവരോട് അനുഭവങ്ങള്‍ ചോദിച്ചറിയുക. പഴയ ചോദ്യപേപ്പറുകള്‍ ശേഖരിക്കുക. മുന്‍വര്‍ഷങ്ങളിലെ ചോദ്യഘടനയുടെ അടിസ്ഥാനത്തില്‍ ഓരോ ചോദ്യോത്തരവുമെഴുതിത്തീര്‍ക്കാനുള്ള സമയം മുന്‍കൂട്ടി നിശ്ചയിക്കുക. പരീക്ഷയുടെ തലേദിവസം രാത്രി വൈകിയും പരീക്ഷാ ദിവസം പുലര്‍ച്ചയും ഏറെ നേരം വായിക്കരുത്. ഉന്മേഷം നഷ്ടപ്പെടും. പരീക്ഷയുടെ തലേ ദിവസം ഉറക്കമൊഴിച്ച് പഠിക്കരുത്. നേരത്തെ ഉറങ്ങുക. വേവലാതിപ്പെടാതെ, വെപ്രാളം പിടിക്കാതെ മനസ്സില്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് പരീക്ഷയ്ക്ക് തയ്യാറാകുക. പരീക്ഷയ്ക്ക് വേണ്ട വസ്തുക്കള്‍ (പേന, റബ്ബര്‍, ഹാള്‍ടിക്കറ്റ്) തലേ ദിവസം എടുത്ത് വയ്ക്കുക. വീട്ടില്‍ നിന്നും പരീക്ഷാകേന്ദ്രത്തിലേക്ക് പുറപ്പെടുന്നതിനുമുമ്പ് പരീക്ഷയ്ക്കാവശ്യമുള്ള സാധനസാമഗ്രികള്‍കൈവശമുണ്ടോ എന്ന് പരിശോധിക്കുക. പരീക്ഷ സമയത്ത് അമിതമായി വിയര്‍ക്കാതിരിക്കുന്നതിനായി കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക.
തലച്ചോറിന്റെ പ്രവര്‍ത്തനശേഷി കുറയാതിരിക്കുന്നതിനായി കഴിയുന്നതും പരീക്ഷയ്ക്ക് മൂന്നു മണിക്കൂര്‍ മുമ്പ് മാത്രം ഭക്ഷണം കഴിക്കുക. സമയാധിഷ്ഠിതമായി പരീക്ഷയെഴുതുവാനായി വാച്ച് ഉപയോഗിക്കുക. അധ്യാപകരോടോ മറ്റോ ചോദിച്ച് സംശയങ്ങള്‍ തീര്‍ക്കുക. വീട്ടില്‍ നിന്ന് നേരത്തെ പുറപ്പെടുക. എങ്കില്‍ വഴിയില്‍ അപ്രതീക്ഷിതമായി നേരിടാവുന്ന താമസം അലോസരപ്പെടുത്തുകയില്ല. പരീക്ഷയ്ക്ക് തൊട്ടുമുമ്പ് പുതിയതായി എന്തെങ്കിലും പഠിക്കുന്നതിനേക്കാളുപരിയായി, പഠിച്ച പാഠഭാഗങ്ങളിലെ പോയിന്‍റുകള്‍ മാത്രം ഓടിച്ചു നോക്കുക.
നന്നായി പഠിച്ചിട്ടുള്ള സഹപാഠികളുമായി ഒത്തുച്ചേര്‍ന്ന് പഠിച്ച കാര്യങ്ങള്‍ പരസ്പരം ചോദിച്ചറിയുക, ചര്‍ച്ച ചെയ്യുക. ചോദ്യപേപ്പര്‍ പ്രയാസമുള്ള കടമ്പയാണെന്ന് കരുതി പരിഭ്രമചിത്തരാകരുത്. ശാന്തമായി വായിക്കുക. പ്രതീക്ഷിച്ച ചോദ്യം തന്നെയായിരിക്കാം വളച്ചു തിരിച്ചു ചോദിച്ചിരിക്കുന്നത് ചോദ്യത്തിലെ അവ്യക്തതകളും സംശയങ്ങളും പരീക്ഷാഹാളില്‍ ജോലിയിലുള്ള അധ്യാപകനോട് ചോദിക്കുക. ചോദ്യപേപ്പറിലെ നിര്‍ദേശാനുസരണം ഉത്തരമെഴുതാന്‍ ശ്രമിക്കുക. ഒന്നര പേജില്‍ എഴുതേണ്ട ഉത്തരം മൂന്നും നാലും പേജില്‍ എഴുതുന്നത് അഭികാമ്യമല്ല. ഉത്തരം കാടുകയറരുത്. പരസ്പരബന്ധമില്ലാത്തതും ആശയപ്പൊരുത്തമില്ലാത്തതുമായ സംഗതികളോ സംഭവങ്ങളോ കുത്തിനിറയ്ക്കരുത്. ഉത്തരക്കടലാസ് കൊടുക്കുന്നതിനുമുമ്പ് ആകെയൊന്ന് വായിച്ചു നോക്കുക. വിട്ടുപോയത് കൂട്ടിച്ചേര്‍ക്കുക. അക്ഷരപിശക് തിരുത്തുക. ഓരോ പരീക്ഷ കഴിയുമ്പോഴും സഹപാഠികളും വീട്ടുകാരുമായുള്ള വിശകലനം ഒഴിവാക്കണം. ആത്മവിശ്വാസം തകരാനിടയാകും. നിരാശയ്ക്ക് കാരണമാകും. എല്ലാ പരീക്ഷയും കഴിഞ്ഞുമതി വിശകലനം.
പരീക്ഷയ്ക്ക് നേരത്തെ എത്താന്‍ ശ്രമിക്കുക. പരീക്ഷാ ഹാളില്‍ കയറുമ്പോള്‍ ധൃതിയില്‍ പുസ്തകം വായിക്കരുത്. പഠിക്കാന്‍ കഴിഞ്ഞില്ലയെന്ന ചിന്ത മാറ്റുക. നിശ്ചിത സമയം ദിവസവും പഠനത്തിന് നീക്കിവെക്കുക. പഠനം തുടങ്ങുമ്പോള്‍ പ്രാര്‍ഥിക്കുക. ശ്രദ്ധ തെറ്റിക്കുന്നവ മാറ്റി വെക്കുക. പഠിച്ചാലുള്ള നേട്ടം ചിന്തിക്കുക. അര മണിക്കൂര്‍ കഴിയുമ്പോള്‍ 5 മിനിറ്റ് വിശ്രമിക്കുക. പ്രയാസമുള്ളവ ആദ്യം പഠിക്കുക. ശാന്തമായ അന്തരീക്ഷത്തില്‍ വെച്ചാവുക. പഠനം നീട്ടിവെക്കാതിരിക്കുക. രാവിലെയും വൈകുന്നേരവും കുളിക്കുക. സമയം ആസൂത്രണം ചെയ്യുക.
പരീക്ഷ അടുക്കുമ്പോള്‍ അപകട സാധ്യതയുള്ള കളികളില്‍ നിന്ന് മാറി നില്‍ക്കുക. അമിത ആഹാരം ഒഴിവാക്കുക. പാഠഭാഗം വായിക്കുമ്പോള്‍ ചോദ്യം വരാന്‍ സാധ്യതയുള്ളതിനെ കുറിച്ച് ചിന്തിക്കുക. ടെന്‍ഷനുണ്ടാവുന്ന കാര്യം ചെയ്യരുത്. 12 ഗ്ലാസ് വെള്ളം നിത്യം കുടിക്കുക. പത്ര മാസികകളില്‍ വരുന്ന പഠന സഹായികളും പരീക്ഷാ നിര്‍ദേശങ്ങളും ശേഖരിക്കുക. ഹാള്‍ടിക്കറ്റ് നേരത്തെ വാങ്ങി നിര്‍ദ്ദേശങ്ങള്‍ വായിക്കുക. പരീക്ഷാ പേടി മനസ്സില്‍ നിന്ന് മാറ്റുക. മാതാപിതാക്കള്‍, മുതിര്‍ന്നവര്‍ എന്നിവരുടെ അനുഗ്രഹം വാങ്ങുക. പരീക്ഷക്കിരിക്കും മുമ്പ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വ്വഹിക്കുക. പരീക്ഷ തുടങ്ങും മുമ്പ് തര്‍ക്കത്തിലേര്‍പ്പെടരുത്. പരീക്ഷയെ ആത്മധൈര്യത്തോടെ നേരിടുക.
പ്രാര്‍ത്ഥിക്കുക 
നാം പഠിക്കുന്നത് നല്ല ഉദ്ദേശ്യത്തോടെ ആവുക. പരീക്ഷയ്ക്ക് തയ്യാറാകുന്നതിനും അവ സുഗമമാകുന്നതിനുമുള്ള ആത്മശക്തി പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് സ്രഷ്ടാവ് നല്‍കുന്നു. ഹൃദയത്തില്‍ നിന്നും പ്രാര്‍ത്ഥന ഉണ്ടാവണം. ഹൃദയ സാന്നിധ്യമില്ലാത്ത പ്രാര്‍ത്ഥന കൊണ്ട് ഫലമുണ്ടാവില്ല.
നിങ്ങള്‍ എന്നോട് പ്രാര്‍ത്ഥിക്കൂ ഞാന്‍ മറുപടി നല്‍കുന്നതാണ് (ഖുര്‍ആന്‍). പ്രാര്‍ത്ഥിക്കുക, പ്രവര്‍ത്തിക്കുക. പഠിച്ചതുകൊണ്ട് മാത്രം വിജയം ലഭിക്കില്ല. കാരണം എല്ലാം സ്രഷ്ടാവിന്റെ കയ്യിലാണ്. നാം എത്ര ശ്രമിച്ചാലും നാഥന്റെ അനുഗ്രഹമില്ലെങ്കില്‍ എല്ലാം നിഷ്ഫലമാകും. സ്റ്റഡി ലീവിനോ പരീക്ഷാ ദിവസങ്ങളിലോ അസുഖമുണ്ടായാല്‍ മതി സ്വപ്നങ്ങള്‍ തകരും, പ്ലാനുകള്‍ തെറ്റും, അസ്വസ്ഥരാകും. പരീക്ഷയ്ക്ക് പോകുന്ന വഴിയില്‍ വെച്ച് അപകടം സംഭവിച്ചാല്‍ നമ്മുടെ ലക്ഷ്യങ്ങളെല്ലാം തെറ്റും. നേടിയതെല്ലാം നഷ്ടമാകും. സ്രഷ്ടാവിന്റെ അനുഗ്രഹമില്ലാതെ ഒന്നും നേടാമെന്ന് വിചാരിക്കരുത്. അവനില്‍ ഭരമേല്പിച്ച് പ്രവര്‍ത്തിക്കുക കൂടി ചെയ്താല്‍ വിജയം തീര്‍ച്ച.
വിത്ത് വിതയ്ക്കാതെ പ്രാര്‍ത്ഥിച്ചത് കൊണ്ട് മാത്രം വിളവ് ലഭിക്കില്ലല്ലോ. വിത്ത് വിതയ്ക്കുക, പ്രാര്‍ത്ഥിക്കുക. പഠിക്കുക, പ്രാര്‍ത്ഥിക്കുക. എന്നാല്‍ വിജയം നിങ്ങളുടെ കൈപിടിയില്‍ വരും. ഓട്ടമത്സരത്തില്‍ പകുതി ഓടിയിട്ട് ബാക്കി പ്രാര്‍ത്ഥനയുമായി ഇരുന്നാല്‍ തോല്‍ക്കും. ഓട്ടത്തിന് മുമ്പ് പ്രാര്‍ത്ഥിക്കുക. അറ്റം വരെ ഓടുക. കളി കഷായമായും പഠനം പാല്‍പ്പായസവുമായി കാണുക.

ഡോ. അബ്ദുസ്സലാം സഖാഫി

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ