മുസ്ലിം നവോത്ഥാനത്തിന്റെ കേരളീയ പരിസരം എന്ന പ്രമേയത്തിൽ മാർച്ച് 3,4,5 തിയ്യതികളിൽ തൃശൂർ താജുൽ ഉലമാ നഗറിൽ നടന്ന സമസ്ത ഉലമാ സമ്മേളനത്തിന്റെ ഭാഗമായി സാംസ്കാരിക ജില്ലയുടെ മുക്കുമൂലകൾ സ്പർശിച്ചുള്ള എസ് വൈ എസ് ദഅ്വാ സംഘമായ ഖാഫിലത്തുദഅ്വ നടത്തിയ പര്യടനം പുതിയ അനുഭവമായി. മലപ്പുറം ജില്ലയിലെ ഏതാനും ദഅ്വ കോളേജുകളിലെ നിപുണരായ വിദ്യാർത്ഥികൾ 125 സ്ക്വാഡുകളായി സമ്മേളനത്തോടടുത്ത ആറു ദിവസങ്ങളിൽ തൃശൂരിലെ മുന്നൂറ്റി അമ്പതോളം മഹല്ലുകൾ കയറിയിറങ്ങി ദഅ്വത്ത് നിർവഹിക്കുകയുണ്ടായി. പ്രഗത്ഭരുടെ ദഅ്വ കോച്ചിങ്ങിൽ പങ്കെടുത്ത് ആവശ്യമായ പരിശീലനങ്ങൾ നേടിയെടുത്ത ഖാഫിലക്കൂട്ടം കൊടുങ്ങല്ലൂർ സോണിൽ നിന്നാണ് പ്രയാണത്തിന് പ്രാരംഭം കുറിച്ചത്.
ഇന്ത്യയിൽ തന്നെ ഇസ്ലാമിന്റെ വെള്ളിവെളിച്ചം ആദ്യമായി അനുഭവിച്ച കൊടുങ്ങല്ലൂരിന്റെ മണ്ണിൽ ആശാവഹമായ പ്രവർത്തനങ്ങളാണ് ഖാഫിലക്കൂട്ടം കാഴ്ച്ചവെച്ചത്. ദീനിസ്ഥാപനങ്ങൾ ഏറെയുള്ള നാടാണെങ്കിലും ഇസ്ലാമിക സാംസ്കാരികത്തനിമ തൃശൂരിൽ ഇനിയും മെച്ചപ്പെടേണ്ടതുണ്ട്.
ശൈഖ് രിഫാഈ(റ) സാധിച്ച ദീനി ദഅ്വ എത്രത്തോളം പ്രായോഗികമായിരുന്നുവെന്ന് രണ്ടാം ദിവസത്തെ കൈപ്പമംഗലം സോണിലെ ദഅ്വത്ത് ഖാഫിലക്കൂട്ടത്തെ ബോധ്യപ്പെടുത്തി. കാൻസർ ബാധിച്ച് താടിയും മുടിയും മുഴുവൻ നഷ്ടപ്പെട്ട, തിരുവനന്തപുരം ആർ.സി.സിയിൽ നിന്നും മടക്കി അയച്ച, മരണത്തെ കാത്തിരിക്കുന്ന ഒരു സഹോദരന്റെ സമീപത്തുചെന്ന് ദാഇകൾ സലാം ചൊല്ലിയപ്പോൾ പ്രതീക്ഷയുടെ മിന്നലാട്ടം അയാളിൽ ദൃശ്യമായി. മറ്റൊരു വീട്ടിലെത്തിയപ്പോൾ അവിടെ കിടപ്പിലായ ഒരു ഉപ്പയും ഉമ്മയുമുണ്ടെന്ന് പ്രവർത്തകർ പറഞ്ഞു. ബെല്ലടികേട്ട് പുറത്തുവന്ന പേരക്കുട്ടിയുടെ സമ്മതപ്രകാരം ഉള്ളിൽ കയറിയപ്പോൾ ഇരു കാലുകൾക്കും കാൻസർ ബാധിച്ച് മുറിക്കപ്പെട്ട ആ ഉപ്പ ബോധമറ്റു കിടക്കുന്നതാണ് കണ്ടത്. തൊലിയെല്ലാം പൊട്ടിയിട്ടുമുണ്ട്. തൊട്ടടുത്തുള്ള കട്ടിലിൽ ഉമ്മ ഇരിക്കുന്നു. അവരോട് സുഖവിവരം ആരാഞ്ഞപ്പോൾ ആവലാതിയുടെ കെട്ടഴിച്ചു. ആ ഭർത്താവാണ് ഉമ്മയുടെ വേദന. ആവശ്യപ്പെട്ടത് പ്രകാരം ഞങ്ങൾ മന്ത്രിച്ച് കൊടുത്തു. ഉമ്മാക്ക് അത് മതിയായില്ല. അവിടെ വെച്ച് തന്നെ ദുആ ചെയ്ത് തരണമെന്ന് അവർ കേണു. ദുആ കഴിഞ്ഞപ്പോൾ അവരുടെ മനവും കരളും മാത്രമല്ല, കണ്ണും നിറഞ്ഞിരുന്നു.
സൽക്കാര പ്രിയയെങ്കിലും എഴുന്നേറ്റ് നിൽക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണവർ. അതിനാൽ, പേരക്കുട്ടിയെ ഉറക്കെ വിളിച്ചെങ്കിലും റൂമിന്റെ പുറത്തു തന്നെ നിൽക്കുന്ന അവൻ പ്രതികരിക്കാതിരിക്കുന്നതിൽ നിന്ന് ഏകദേശ കുടുംബചിത്രം ഞങ്ങൾക്കു കിട്ടി. കേൾവിക്കുറവുള്ള അവർ അവന്റെ സംസാരം കേൾക്കുന്നുണ്ടായിരുന്നില്ല. അവൻ കൊണ്ടു തന്ന ശീതള പാനീയം ഞങ്ങൾ കുടിച്ചപ്പോൾ നിറഞ്ഞത് ആ ഉമ്മയുടെ മനസ്സാണ്.
മറ്റൊരിടത്ത്, ശയ്യാവലംബിയായ പഴയകാല പ്രമാണിയായ ഒരു ഹാജിയാരെ കണ്ടു. ഭാര്യയോട് സമ്മതം ചോദിച്ച് അകത്തു കയറി. തളർന്നുകിടക്കുന്ന ഹാജിക്കയോട് സലാം പറഞ്ഞപ്പോൾ തന്നെ അദ്ദേഹത്തിന്റെ മനംനിറഞ്ഞപോലെ. കരംകവർന്നുകൊണ്ട് സുഖവിവരങ്ങളന്വേഷിച്ച ദാഇകൾക്ക് മുന്നിൽ ഒരുപാട് വേദനകൾ അദ്ദേഹം ഇറക്കിവെച്ചു. പിരിയാൻനേരം ഒന്നു മന്ത്രിച്ചുതരണമെന്നായി. കൂട്ടത്തിലൊരാൾ മന്ത്രിച്ചപ്പോൾ തന്റെ പ്രശ്നങ്ങളും രോഗങ്ങളുമെല്ലാം അകന്നതുപോലെ അയാളുടെ മുഖം പ്രകാശിതമായി.
മൂന്നാമത്തെ ദിവസം സാംസ്കാരിക ജില്ലയുടെ നടുമുറ്റത്ത് ഖാഫിലക്കൂട്ടം കർമഗോഥയിലിറങ്ങിയപ്പോൾ തീർത്തും വ്യത്യസ്തമായിരുന്നു അനുഭവം. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്ത് മുസ്ലിംവീടുകൾ താരതമ്യേന കുറവാണ്. താമസക്കാർ വിദ്യാസമ്പന്നരെങ്കിലും മതബോധം കുറവ്.
മദ്രസയിൽ പോകാത്ത ഒരു കുട്ടിയുടെ രക്ഷിതാവിനെ കണ്ടു. അവൻ നിസ്കാരവും മറ്റും പഠിക്കുന്നത് സ്വന്തം വായനകളിലൂടെ ആണത്രെ. ഒരു മതപണ്ഡിതനിൽ നിന്നു കണ്ടും കേട്ടും പഠിക്കൽ അനിവാര്യമായ കാര്യങ്ങളെ ഇത്രയും നിസ്സാരമായിട്ടാണ് ചിലർ കാണുന്നത്. ഖുർആനോ ഫാത്തിഹയോ അറബി പദങ്ങൾ പോലുമോ അറിയാതെയാണ് ഇത്തരം തലമുറ വളർന്നു വരുന്നത്. അതേ സമയം നിത്യവും 40 രൂപ ഓട്ടോറിക്ഷക്കു കൊടുത്ത് മകനെ മദ്രസയിലേക്ക് അയക്കുന്ന ഉമ്മയെയും തൃശൂരിൽ തന്നെ ഞങ്ങൾ കണ്ടു. മിക്ക മദ്രസകളിലും ഏഴാം ക്ലാസ് വരെ മാത്രമേ ഉള്ളൂ. അഞ്ചാം ക്ലാസിലും ആറാം ക്ലാസിലുമെല്ലാം സ്കൂൾ പഠനത്തിന്റെ പേരു പറഞ്ഞ് മതപഠനം നിർത്തിയവർ ധാരാളം. എങ്കിലും ഇൽമിന്റെ അഹ്ലുകാരായ ഉസ്താദുമാരെ അകമഴിഞ്ഞു സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യുന്നു.
ചിലയിടങ്ങളിൽ മുസ്ലിം സഹോദരിമാരുടെ വേഷവിധാനങ്ങൾക്ക് ഇതര മതസ്ഥരിൽ നിന്നു കാര്യമായ വ്യത്യാസമില്ല. പരിഷ്കൃത നാടിന്റെ അസ്വസ്ഥതകളും കാണാം.
തൊട്ടുതൊട്ടു വീടുകളുണ്ടെങ്കിലും പലർക്കും അയൽക്കാരെ അറിയാത്ത അവസ്ഥയാണ് നഗര പരിസരത്തുള്ളത്. പരിചയമുള്ളവർ തമ്മിൽ തന്നെ പരസ്പരം ചിരിക്കുന്നതും സംസാരിക്കുന്നതും ദുർലഭം.
അടുത്ത ദിവസം ചേലക്കര സോണിലെ മങ്ങാട് എന്ന ഗ്രാമത്തിലേക്കാണ് ദാഇകൾ കടന്നു ചെന്നത്. വേറിട്ട കാഴ്ചകളായിരുന്നു ഇവിടെ. ആഡംബരം കൊണ്ടും ആധുനികത കൊണ്ടും വിശ്രുതമായ തൃശൂരിൽ ഇത്തരമൊരു പ്രദേശം ദാഇകൾ പ്രതീക്ഷിച്ചിരുന്നില്ല. പാലക്കാടൻ ദഅ്വാ അനുഭവങ്ങളിൽ മാത്രം പരിചയിച്ച കട്ടപ്പാടങ്ങളും ഒറ്റയടി മരപ്പാലങ്ങളും കുന്നും മലയും കാടും മേടും താണ്ടി കൂരകളിൽ നിന്നു കൂരകളിലേക്കായിരുന്നു അന്നത്തെ ദഅ്വത്ത്. ചുട്ടുപഴുത്ത വെയിലിൽ പാടവരമ്പത്തുകൂടെ നാലഞ്ചു എസ്.എസ്.എഫ്കാർക്കൊപ്പമായിരുന്നു യാത്ര. ഈ ഉൾഗ്രാമത്തിൽ പ്രവർത്തിക്കുന്ന ഏകാധ്യാപക മദ്രസയിൽ 53 വിദ്യാർത്ഥികൾ പഠനം നടത്തുന്നു. ഐഹിക താൽപര്യങ്ങൾ പാടെ വെടിഞ്ഞ് ദീനിനുവേണ്ടി ഒരു വർഷത്തോളമായി പ്രവർത്തിക്കുന്ന അവരുടെ അവസാന വാക്കായ ഉസ്താദിനെ ഓർക്കുമ്പോൾ ഹൃദയം നിറയുന്നു. കുട്ടികൾക്ക് ഖുർആൻ ഹിഫ്ളാക്കുന്നതിന് വേണ്ടിയുള്ള വലിയൊരു ഉദ്യമം ഇദ്ദേഹം ഈയിടെ തുടങ്ങിയിട്ടുണ്ട്. കൂരകളിൽ താമസിക്കുന്ന ഇവർ മണ്ണിന്റെ മക്കളാണെന്നു പറയാം. കച്ചവടമോ മറ്റു ജോലികളോ ചെയ്യുന്നവർ വളരെ കുറവ്. മിക്കപേരും കൃഷി ചെയ്തും റബർ വെട്ടിയും ആടുമാടുകളെ വളർത്തിയും ജീവിക്കുന്നു.
സംഭാവനക്കല്ലാതെയുള്ള ഗൃഹസന്ദർശനം വേറിട്ട അനുഭവമായിട്ടാണ് തൃശൂരുകാർക്ക് അനുഭവപ്പെട്ടതത്രെ. സംഘടനകളുടേയും ക്ലബ്ബുകളുടേയും ആഭിമുഖ്യത്തിൽ ഗൃഹസന്ദർശനം നടക്കാറുണ്ടെങ്കിലും എല്ലാം സംഭാവനലക്ഷ്യമിട്ടായിരിക്കുമെന്ന് നാട്ടുകാർ. എന്നാൽ, സംഭാവന ആവശ്യപ്പെടാതെയും തന്നാലും മടക്കി നൽകിക്കൊണ്ടുമാണ് ഖാഫിലക്കൂട്ടം തൃശൂരിനെ കയ്യിലെടുത്തത്. മറക്കാനാവാത്ത ഒരനുഭവം ചേലക്കര സോണിൽ വെച്ചുണ്ടായി. സമ്മേളനത്തിന്റെ ആവശ്യകത പറയുകയും ക്ഷണിക്കുകയും സുഖവിവരങ്ങൾ അന്വേഷിക്കുകയും ചെയ്ത് മടങ്ങാൻ നേരം സലാം പറഞ്ഞ് ഹസ്തദാനം നൽകിയ ദാഇകളുടെ കൈകളിൽ, മടിക്കുത്തിൽ നിന്നെടുത്തു തന്ന പൈസ തിരിച്ചേൽപിച്ച് ഞങ്ങൾ പറഞ്ഞു: ‘സംഭാവനയല്ല, നിങ്ങളെയാണ് സമ്മേളനത്തിനാവശ്യം’. തേങ്ങയിട്ടും അടക്കപറിച്ചും സമ്പാദിച്ചതിൽ നിന്നു നൽകിയ സംഖ്യ തിരിച്ചു നൽകിയപ്പോൾ അയാളുടെ കണ്ണുകളിൽ അൽഭുതം. ‘പുഴക്കൽ പാടത്ത് ഞാനുമുണ്ടാകുമെന്ന്’ പറഞ്ഞു, അയാൾ.
അടുത്ത ദിവസം ചാവക്കാട് പരിസരത്തെയാണ് ഖാഫിലക്കൂട്ടം കീഴടക്കിയത്. നവീന വാദികൾക്ക് സ്വാധീനമുള്ള പ്രദേശമാണ്. സുന്നികളും സുശക്തം. ഒരു ജമാഅത്തെ ഇസ്ലാമി നേതാവിന്റെ വീട്ടിൽ കയറി. സുന്നി പണ്ഡിതൻമാരെയും നേതാക്കളെയും നിശിതമായി വിമർശിക്കുന്നതായി ‘ആതിഥ്യമര്യാദ’.
സമാപന ദിവസം കുന്ദംകുളം സോണിലായിരുന്നു ഖാഫിലക്കൂട്ടം. ഞമനേങ്ങാട് ഏനിക്കുട്ടി മുസ്ലിയാരുടെ മണ്ണിൽ നിന്നുണ്ടായ അവിസ്മരണീയാനുഭവങ്ങളേറെ. ഖാഫിലത്തുദ്ദഅ്വയുടെ സമാപനം ഒരു വൃദ്ധസദനത്തിൽ വെച്ചാണ് നടന്നത്. പഴയ ഒരു വീട്ടിൽ പ്രവർത്തിക്കുന്ന സദനത്തിലേക്ക് അൽപ്പം ശങ്കയോടെ ഞങ്ങൾ കടന്നു ചെന്നു. കൂടെ പ്രദേശവാസികളായ നാല് പ്രവർത്തകരുണ്ടെങ്കിലും അവരാരും ഇതേവരെ അവിടേക്ക് പോയിരുന്നില്ല. വൃദ്ധസദനമാണെന്ന് തിരിച്ചറിയുന്നതിനുള്ള ബോർഡോ മറ്റോ ഉണ്ടായിരുന്നുമില്ല. അവിടത്തെ പരിചാരകനായ അമുസ്ലിം സഹോദരൻ ഞങ്ങളെ വരവേറ്റു. സന്ദർശനാനുമതി ചോദിച്ചപ്പോൾ അയാൾ ഞങ്ങളെ ആ വലിയ വീട്ടിലേക്ക് ആനയിച്ചു. അടുക്കളയിൽ വൈകുന്നേര ചായക്കായി മേശക്ക് ചുറ്റുമിരിക്കുന്ന അന്തേവാസികൾക്കരികിലേക്ക് ഖാഫിലക്കൂട്ടം ചെന്നു. വൃദ്ധരോ മാനസികനില
തെറ്റിയവരോ ആയ ഇരുപതോളം വരുന്ന അന്തേവാസികൾക്കൊപ്പം അൽപ സമയം ഞങ്ങൾ ചെലവഴിച്ചു. കേരളത്തിനു പുറത്ത് നിന്നുള്ളവരും കൂട്ടത്തിലുണ്ട്. വാഹനമിടിച്ച് ഇടതുഭാഗം തകർന്ന രജേന്ദ്രൻ., മരുമകന്റെ മർദനവും പീഡനവും മൂലം വീടും നാടും വിട്ടുപോന്ന തൃച്ചിക്കാരൻ അബൂബക്കർ, ഭാര്യയും കുടുംബവും ഉപേക്ഷിച്ച ബീഹാറുകാരൻ, എൺപതുകാരൻ രാജേട്ടൻ. ഇങ്ങനെ ഒരുപാട് മനുഷ്യക്കോലങ്ങൾ. ഗുരുവായൂർ അമ്പലനടയിൽ അലഞ്ഞു തിരിയുന്നവരെയും മെഡിക്കൽ കോളേജിൽ ഉപേക്ഷിക്കപ്പെട്ടവരെയും തെരുവിൽ മാലിന്യം ഭക്ഷിച്ച് നടന്നവരെയുമെല്ലാം
പോലീസും മറ്റുമാണ് ഇവിടെ എത്തിച്ചത്. മുസ്ലിംകളും ഇവിടെയുണ്ടെന്നത് പ്രബുദ്ധ സമൂഹത്തെ തൊട്ടുണർത്തേണ്ടതാണ്. ഇവരെ പരിപാലിക്കുന്നത് ഫോർട്ടു കൊച്ചിക്കാരൻ. സ്ഥാപന നടത്തിപ്പിന് മുസ്ലിംകളും സംഭാവന നൽകുന്നുണ്ടെങ്കിലും ക്രിസ്ത്യൻ മിഷണറിയുടെ അജണ്ട വായിച്ചെടുക്കാൻ ഓരോ മുറിയിലും പ്രതിഷ്ഠിക്കപ്പെട്ട ചിത്രങ്ങൾ ധാരാളം. നിസ്കരിക്കാനും പള്ളിയിൽ പോകുവാനുമുള്ള അബൂബക്കർക്കായുടെ ആഗ്രഹം സാധിപ്പിക്കാമെന്ന് എസ്എസ്എഫ് യൂണിറ്റ് പ്രസിഡന്റ് അടക്കമുള്ളവർ ഏറ്റു.
കടലോരപ്രദേശത്തെ ഒരു ചെറ്റക്കുടിലിലെ കണ്ണീർ കഥ ഒരു ദാഇ പങ്കുവെക്കുകയുണ്ടായി. ശാരീരിക അവശതകൾ മൂലം ദുരിത ജീവിതം നയിക്കുന്ന കുടുംബനാഥൻ പരിഭവം പറഞ്ഞ് പൊട്ടിക്കരഞ്ഞത് തന്റെ വേദനകൾ ഇറക്കിവെക്കാൻ ഒരാളെ കിട്ടിയ ആശ്വാസത്തിലാണ്.
ഖാഫിലക്കൂട്ടം ഒരിക്കൽ പോലും ഒറ്റപ്പെട്ടില്ല. സംഘത്തെ രാപ്പകൽ ഭേദമന്യേ പരിചരിക്കാനും വഴികാട്ടാനും തൃശൂരിലെ സംഘകുടുംബം സജീവമായിരുന്നു. സംഘടനാ പ്രവർത്തകർ ദാഇകളുടെ സേവനം ഹൃദയം കൊണ്ടാണ് സ്വീകരിച്ചത്. ഏതു വീട്ടിലും സംഘടനാ ശബ്ദം എങ്ങനെയെത്തിക്കാമെന്ന് അവർ ദാഇകളിൽനിന്നുൾക്കൊണ്ടു. മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ എസ് ബി എസുകാരൻ മുതൽ ആശുപത്രിക്കിടക്ക വിട്ടുവന്ന വയോധികൻ വരെ ഞങ്ങളുടെ വഴികാട്ടികളായി. മണിക്കൂറുകൾ നടന്നിട്ടും യാതൊരു ക്ഷീണവും അറിഞ്ഞില്ലെന്ന് അവർ പങ്കുവെക്കുന്നു. വെറുപ്പോടെയും അറപ്പോടെയും മാത്രം കണ്ടിരുന്ന പുത്തനാശയക്കാരുടെ മുന്നിലേക്ക് പോലും കടന്നു ചെല്ലാൻ ദാഇകളുടെ സാന്നിധ്യം ഊർജ്ജം പകർന്നതായി ഒരു സഹയാത്രികൻ. രുചിയൂറുന്ന വിഭവങ്ങളുമായി കാത്തിരുന്ന ഉമ്മമാർ ധാരാളം. ഹർത്താൽ ദിനത്തിൽ ഊടുവഴികളിലൂടെയും മറ്റും ദാഇകളെ ഉൾപ്രദേശങ്ങളിലേക്ക് എത്തിക്കാൻ പാടുപെട്ട പ്രവർത്തകരെ മറക്കാൻ കഴിയില്ല.
ദാഇകളുടെ ഇത്തരം പ്രവർത്തനങ്ങൾ തൃശൂർ ജില്ലയിൽ നിശ്ശബ്ദ വിപ്ലവം തീർത്തു. തങ്ങളുടെ മക്കളെയും ദീനിനു നൽകാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ട് രക്ഷിതാക്കൾ സമീപിക്കുകയുണ്ടായി. ജമാഅത്തുകാരുടെയും മറ്റു നവീന വാദികളുടെയും കുതന്ത്രങ്ങളെക്കുറിച്ച് നല്ല അവബോധം നൽകാൻ ഈ പ്രയാണത്തിനിടെ ദാഇകൾ ശ്രമിച്ചിട്ടുണ്ട്. ഇന്നു വരെ സുന്നി സമ്മേളനങ്ങൾക്ക് ഇതുപോലൊരു പ്രചാരണം തൃശൂർ കണ്ടിട്ടേയില്ല എന്ന് സർവരും അംഗീകരിക്കുന്നു. അംഗുലീപരിമിത ദിവസങ്ങൾ കൊണ്ട് വിപ്ലവാത്മക മുന്നേറ്റം സൃഷ്ടിക്കാൻ ഖാഫിലക്കൂട്ടത്തിനായി. കള്ളത്വരീഖത്തുകാരന്റെ വീട്ടിലും സമസ്തയുടെയും ഉലമാ സമ്മേളനത്തിന്റെയും സന്ദേശമെത്തിക്കാൻ സാധിച്ചു. തൃശൂരിലെ മുസ്ലിം സമൂഹത്തിനിടയിൽ സമസ്ത സമ്മേളനം നവ്യാനുഭവമായത് ഇങ്ങനെയെല്ലാമാണ്. ചേളാരി സിലബസ് പ്രകാരം നടക്കുന്ന മദ്രസകളിലെ ഉസ്താദുമാർ പോലും സംഘത്തെ ഹൃദ്യമായി വരവേറ്റത് ശ്രദ്ധേയം.
മാറ്റം ആഗ്രഹിക്കുന്ന സമൂഹത്തിൽ ഓരോ ഘടകവും ശക്തമായി ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്. പ്രാഥമിക മദ്റസാപഠനത്തിന് ശേഷം യാതൊരുവിധ ഗൈഡൻസും ലഭിക്കാത്ത സ്ത്രീകൾ അപകടങ്ങളിൽപെട്ടുപോകുന്നത് ഇവിടങ്ങളിൽ ചുരുക്കമല്ല. ഇതിനു തടയിടാൻ മഹല്ലുകൾ തോറും വനിതാ പഠന ക്ലാസുകൾ നടക്കേണ്ടതുണ്ട്. വിദ്യാർത്ഥി സമൂഹത്തിനെ സംഘപാതയിലേക്ക് നയിക്കാൻ ആവശ്യമായ ചടുലനീക്കങ്ങളും വേണം. സമ്മേളനാനന്തര ചുവടുകൾ അത്തരത്തിലുള്ളതാകട്ടെ. ഒത്തുപിടിച്ചാൽ തൃശൂരും പോരും!