അല്ലാഹുവിന്റെ പ്രതിനിധിയായാണ് മനുഷ്യൻ ഭൂമിയിലേക്ക് നിയുക്തനായത്. സ്രഷ്ടാവിന്റെ കൃത്യവും വ്യക്തവുമായ ആസൂത്രണത്തോടെയും ലക്ഷ്യത്തോടെയുമായിരുന്നു ആ നിയോഗം. അതുകൊണ്ടുതന്നെ ജീവിതം അലക്ഷ്യമായി തള്ളിനീക്കാനുള്ളതല്ല. പ്രത്യുത സ്രഷ്ടാവിന്റെ വിധിവിലക്കുകൾക്കും ഉദ്ദേശ്യ ലക്ഷ്യങ്ങൾക്കുമനുസരിച്ച് മാത്രം തുഴഞ്ഞുനീങ്ങി മറുകരയെത്താനുള്ള നൗകയാണ് മനുഷ്യജീവിതം.
മനുഷ്യ സൃഷ്ടിപ്പിന്റെ മുന്നോടിയായി മലക്കുകളുമായി അല്ലാഹു നടത്തുന്ന സംഭാഷണം മനുഷ്യരുടെ പ്രാതിനിധ്യം വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത രംഗം ഖുർആൻ വരച്ചിടുന്നത് ഇങ്ങനെ: അങ്ങയുടെ രക്ഷിതാവ് മലക്കുകളോട് പറഞ്ഞ സന്ദർഭം സ്മരിക്കുക. നിശ്ചയം ഞാൻ ഭൂമിയിൽ പ്രതിനിധിയെ നിശ്ചയിക്കുകയാണ് (അൽബഖറ 30). അനസുബ്‌നു മാലിക്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ റസൂൽ(സ്വ) പറയുന്നു: നിശ്ചയം ഇഹലോകം ഹരിതാഭവും മാധുര്യമുള്ളതുമാണ്. അല്ലാഹു ദുൻയാവിൽ നിങ്ങളെ പ്രതിനിധികളാക്കിയിരിക്കുന്നു. നിങ്ങളുടെ പ്രവർത്തനങ്ങൾ അവൻ നിരീക്ഷിക്കുന്നു. നിങ്ങൾ ദുനിയാവിനെയും സ്ത്രീകളെയും സൂക്ഷിക്കുക’ (മുസ്‌ലിം 2742).
അല്ലാഹുവിന്റെ പ്രതിനിധിയായ മനുഷ്യൻ നന്മയുടെ വ്യാപനത്തിനും തിന്മയുടെ വിപാടനത്തിനും വേണ്ടി പരിശ്രമിക്കണം. അവന്റെ അനുമതിയുള്ളവ പ്രവൃത്തിപഥത്തിൽ കൊണ്ടുവരികയും അവൻ വിരോധിച്ചവ വർജിക്കുകയും വേണം. മേൽ സൂക്തത്തിന്റെ വിശദീകരണത്തിൽ ഇബ്‌നുകസീർ വിവരിക്കുന്നു: അല്ലാഹുവിന്റെ ചോദ്യത്തിൽ നിന്ന് മലക്കുകൾ ഇപ്രകാരം മനസ്സിലാക്കി: ഖലീഫ (പ്രതിനിധി) എന്നാൽ ജനങ്ങൾക്കിടയിൽ വിധി നടപ്പാക്കുകയും അതിക്രമങ്ങളിൽ നിന്ന് സംരക്ഷിക്കുകയും തെറ്റുകുറ്റങ്ങളിൽ നിന്ന് വിമോചിപ്പിക്കുകയും ചെയ്യുന്നവനാണ് (തഫ്‌സീർ ഇബ്‌നുകസീർ). അതുകൊണ്ടുതന്നെ തന്റെ നിയോഗകൃത്യം നിർവഹിക്കാതിരുന്നാൽ രക്ഷിതാവിന്റെ വിചാരണയും ശിക്ഷയും നേരിടേണ്ടിവരും.
ഭൗതിക ലോകം ഒരിക്കലും അവഗണനീയമല്ല. മറിച്ച്, മനുഷ്യജീവിതത്തിന്റെ ആത്യന്തിക ലക്ഷ്യമായ പാരത്രിക വിജയത്തിന് വഴിയൊരുക്കേണ്ട വീടാണത്. അതിനാൽ ദുനിയാവിനെ കൃത്യമായി ഉപയോഗപ്പെടുത്തേണ്ടതുണ്ട്. എന്നാൽ ആ ലക്ഷ്യനിർവഹണത്തിന്റെ പാതയിൽ നിരവധി തടസ്സങ്ങളും പ്രതിബന്ധങ്ങളും മറികടക്കേണ്ടതായി വരും. ‘ദുൻയാവ് മധുരതരവും ഹരിതാഭവുമാണെ’ന്ന ഹദീസ് ഭാഗവും ‘നിങ്ങൾ ദുൻയാവിനെയും സ്ത്രീകളെയും സൂക്ഷിക്കുക’യെന്ന വചനവും അതിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ക്ഷണികമാണ് ദുൻയാവ്

ഐഹിക സുഖങ്ങളും ആർഭാടങ്ങളുമെല്ലാം നശ്വരമാണെന്നതിൽ സംശയമില്ല. തൊണ്ടയിൽ നിന്നിറങ്ങുന്നതോടെ ഭക്ഷണത്തിന്റെ രുചിയും അസ്തമിക്കുന്നു. ഏത് ആഡംബര വസ്ത്രവും അൽപം കഴിഞ്ഞാൽ മാറ്റ് കുറയുന്നു. യുവത്വം നശിക്കുന്നു, വാർധക്യം ചോദിക്കാതെ കടന്നുവരുന്നു. ജീവിതം അവസാനിക്കുന്നു. ക്ഷണിക്കാത്ത അതിഥിയായി മരണത്തിന്റെ ദൂതനെത്തുന്നു. രാവും പകലും ഋതുഭേദങ്ങളും അവസ്ഥാന്തരങ്ങളും പ്രപഞ്ചത്തിന്റെ മുഖച്ഛായ മാറ്റിക്കൊണ്ടിരിക്കുന്നു. സദാ മാറ്റങ്ങൾക്ക് വിധേയമായ പ്രപഞ്ചത്തിന്റെ നശ്വര സുഖങ്ങളിൽ അഭിരമിക്കുന്നത് തികച്ചും വിഡ്ഢിത്തമാണ്. എന്നാൽ മനുഷ്യൻ തന്റെ കൺമുന്നിൽ കാണുന്നതിനെയും നേരിട്ടനുഭവിക്കുന്നതിനെയും ആത്യന്തിക ലക്ഷ്യമായി കാണുന്നു. അതിനപ്പുറമുള്ളവയെ കുറിച്ച് ചിന്തിക്കാൻ അവന് പലപ്പോഴും സാധിക്കില്ല. അതിനാൽ വിശുദ്ധ ഖുർആൻ പലയിടത്തായി ഈ യാഥാർഥ്യം ഉദ്‌ബോധിപ്പിക്കുന്നുണ്ട്: എല്ലാ ശരീരവും മരണത്തിന്റെ രുചിയറിയുകതന്നെ ചെയ്യും. അന്ത്യദിനത്തിൽ ഓരോരുത്തർക്കുമുള്ള പ്രതിഫലങ്ങൾ പൂർണമായി നൽകപ്പെടും. നരകത്തിൽ നിന്ന് വിദൂരത്താവുകയും സ്വർഗത്തിൽ പ്രവേശിക്കുകയും ചെയ്യുന്നവരാണ് വിജയികൾ. ഐഹിക ജീവിതം ഒരു സുഖഭോഗവസ്തു മാത്രമാണ് (സൂറത്ത് ആലുഇംറാൻ 185). നിങ്ങൾ അറിയുക, നിശ്ചയം ഐഹിക ജീവിതം കേവലം കളിതമാശകളും പരസ്പരമുള്ള പൊങ്ങച്ച പ്രകടനവും സമ്പത്തിലും സന്താനങ്ങളിലും വർധനവുണ്ടാവാനുള്ള ആഗ്രഹവും മാത്രമാണ്. നിഷേധികളെ അതിശയപ്പെടുത്തും വിധം സസ്യങ്ങളെ മുളപ്പിക്കുന്ന പേമാരിയെ പോലെയാണ് ഭൗതിക സുഖങ്ങൾ. ആ സസ്യങ്ങൾ ഉണങ്ങിക്കരിഞ്ഞ് മഞ്ഞ നിറം പ്രാപിച്ച് ധൂളികളായി മാറുന്നു. പരലോകത്ത് കഠിനമായ ശിക്ഷയും അല്ലാഹുവിന്റെ പാപമോചനവും തൃപ്തിയുമുണ്ട്. ഐഹിക ജീവിതം വഞ്ചന നിറഞ്ഞ ഒരു ഭോഗവസ്തു മാത്രമാണ് (അൽഹദീദ് 20). അല്ലാഹു അവനുദ്ദേശിച്ചവർക്ക് ജീവിതോപാധി ധാരാളമായി നൽകും. മറ്റു ചിലർക്ക് അവൻ അൽപം മാത്രം നൽകും. അവിശ്വാസികൾ ഐഹിക ജീവിതം കാരണമായി സന്തോഷിച്ചിരിക്കുന്നു. ഈ ലോക ജീവിതം നിസ്സാരമായ സുഖാസ്വാദന വസ്തു മാത്രമത്രെ (റഅദ് 26).
ദുനിയാവിന്റെ ക്ഷണികതയും ആഖിറത്തിന്റെ അനശ്വരതയുമറിഞ്ഞ ആത്മജ്ഞാനികൾ ഐഹിക ലോകത്തെ അർഹിക്കുന്ന അവജ്ഞയോടെ കണ്ടു. കവി പാടി: തീർച്ചയായും അല്ലാഹുവിന് ചില ബുദ്ധിശാലികളായ അടികളുണ്ട്. അവർ നാശം പേടിച്ച് ദുനിയാവിനെ വിവാഹമോചനം നടത്തിയിരിക്കുന്നു.

ആകർഷണീയ ലോകം

ദുനിയാവിന്റെ സുഖങ്ങളിൽ മുഴുകാനാണ് മനുഷ്യന്റെ ഇച്ഛ താൽപര്യപ്പെടുന്നത്. ശാരീരികേച്ഛകൾക്കൊത്ത് ജീവിക്കുന്നവർ ഈയൊരു ആകർഷണീയതയിൽ വീണുപോവുകതന്നെ ചെയ്യും. സൈനുദ്ദീൻ മഖ്ദൂം പറഞ്ഞത് അനുസ്മരണീയം: അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നതാണ് സർവ വിജയത്തിന്റെയും അടിസ്ഥാനം. ഇച്ഛകളെ അനുഗമിക്കുന്നത് പൈശാചിക കെണിവലകളിൽ അതിപ്രധാനമാണ് (അദ്കിയ). അല്ലാഹുവിനെ സൂക്ഷിച്ച് ജീവിക്കുന്നവർക്ക് ദുനിയാവിന്റെ സുഖശീതളിമയിൽ അഭിമരിക്കാൻ സാധിക്കില്ല. നബി(സ്വ) പറയുന്നു: നിങ്ങൾ അല്ലാഹുവിനെ പ്രതി വേണ്ടവിധം ലജ്ജയുള്ളവരായിരിക്കണം. അപ്പോൾ സ്വഹാബത്ത് പ്രതിവചിച്ചു: പ്രവാചകരേ, ഞങ്ങൾ അല്ലാഹുവിനെ പറ്റി ലജ്ജയുള്ളവരാണല്ലോ.
തിരുദൂതർ പറഞ്ഞു: അതല്ല ഞാനുദ്ദേശിച്ചത്, അല്ലാഹുവിനെക്കുറിച്ച് വേണ്ടവിധം ലജ്ജയുള്ളവർ അവന്റെ ശിരസ്സും ശിരസ്സിലെ മറ്റവയവങ്ങളും സൂക്ഷിക്കട്ടെ. അവന്റെ ചുറ്റുഭാഗങ്ങളും (ഭക്ഷണത്തിൽ നിന്ന്) സംരക്ഷിക്കട്ടെ. അവന്റെ മരണവും ശരീരം നുരുമ്പുന്നതും ഓർത്തുകൊള്ളട്ടെ. പാരത്രിക വിജയം ലക്ഷ്യംവെക്കുന്നവർ ദുനിയാവിന്റെ ഭംഗി ഉപേക്ഷിച്ചുകൊള്ളട്ടെ. ഇപ്രകാരം പ്രവർത്തിച്ചവരാണ് വേണ്ടവിധം ലജ്ജയുള്ളവർ (അഹ്‌മദ്, തുർമുദി, മിശ്കാത്ത് 1603). ഈ ഹദീസിന്റെ വിശദീകരണത്തിൽ മുല്ലാ അലിയ്യുൽ ഖാരി(റ) കുറിച്ചു: ദുനിയാവും ആഖിറവും സംയോജിപ്പിച്ചു മുന്നോട്ടു പോകാൻ അതീവ മനഃശക്തിയുള്ളവർക്കേ സാധിക്കൂ (മിർഖാത്ത്: 3/1161).
ദുൻയാവിനോടുള്ള സ്‌നേഹം എല്ലാ തിന്മകളുടെയും നേതാവാണ് (മിർഖാത് 1/144). ഭൗതിക പ്രമത്തത കൂടിയവരുടെ പാണ്ഡിത്യത്തിനു പോലും വിലയില്ല. നബി(സ്വ) പറഞ്ഞു: ഉദാരനായ പാമരനാണ് ലുബ്ധനായ പണ്ഡിതനേക്കാൾ അല്ലാഹുവിന് ഇഷ്ടമുള്ളവൻ’ (തുർമുദി, മിശ്കാത്ത് 1369). സമ്പത്തും സന്താനങ്ങളും ഐഹിക ജീവിതത്തിന്റെ ഭംഗി മാത്രമാണ്. അല്ലാഹുവിന്റെയടുക്കൽ ഉത്തമമായത് ശേഷിക്കുന്ന സൽകർമങ്ങൾ മാത്രമാണ്. വർണാഭവും സുന്ദരവുമായ ദുനിയാവ് മനുഷ്യനെ വഴിതെറ്റിക്കാൻ തക്കം പാർത്തിരിക്കുന്നു.

നഫ്‌സും ശൈത്വാനും

ദുനിയാവിലെ മനുഷ്യന്റെ രണ്ട് പ്രധാന ശത്രുക്കളാണ് സ്വന്തം നഫ്‌സും(ശരീരം) പിശാചും. ഇമാം ബൂസ്വീരി(റ) ഖസീദത്തുൽ ബുർദയിൽ ഈ ആശയം കുറിച്ചിടുന്നതു കാണാം: നഫ്‌സിനോടും പിശാചിനോടും നീ എതിരു പ്രവർത്തിക്കുക. അവയുടെ കൽപനക്ക് വിരുദ്ധമായി നീ ചരിക്കുക. അവരിരുവരും സദുപദേശ രൂപേണ വല്ലതും പറഞ്ഞാൽ പോലും നീ അവരെ സൂക്ഷിക്കുക.
ശാരീരികേച്ഛകളോട് പടവെട്ടിയാണ് മനുഷ്യൻ ജീവിക്കേണ്ടത്. അല്ലാത്തപക്ഷം അവൻ പരാജയത്തിന്റെ പടുകുഴിയിൽ പതിക്കും. ഇമാം ബൂസ്വീരി(റ) രേഖപ്പെടുത്തിയല്ലോ: നഫ്‌സ് ഒരു കുഞ്ഞിനെപ്പോലെയാണ്. വേണ്ടവിധം പരിപാലിച്ചില്ലെങ്കിൽ യുവത്വത്തിലും അത് മുലകുടിയോട് പ്രതിപത്തി കാണിക്കും. നഫ്‌സിനെ നിയന്ത്രിക്കാനാവത്തവർ ഇച്ഛകളുടെ വലയത്തിൽ പെട്ടുപോകും.
ശാരീരികേച്ഛകൾ മനുഷ്യനെ തെറ്റുകളോട് അടുപ്പിക്കുകയാണ് ചെയ്യുക. ‘തീർച്ചയായും ശരീരം തിന്മ ചെയ്യാൻ കൂടുതലായി കൽപിക്കുകതന്നെ ചെയ്യും’ (സൂറത്ത് യൂസുഫ് 53). ശരീരത്തിന്റെ ദുഷ്‌പ്രേരണകൾ സന്മാർഗത്തിൽ നിന്ന് വ്യതിചലിക്കാൻ വരെ കാരണമാകും. ഇത്തരം മനസ്സുകളോട് പടവെട്ടിയാണ് മഹാത്മാക്കൾ വിജയം വരിച്ചത്. ഇമാം സുഫ്‌യാനുസ്സൗരി(റ) സുഹ്ദ് അഥവാ ഭൗതിക പരിത്യാഗത്തെ നിർവചിച്ചത് ‘ഭൗതിക മോഹങ്ങൾ ചുരുക്കുക’ എന്നാണ് (അദ്കിയ).
പിശാചിന്റെ ദുർബോധനങ്ങൾ മനുഷ്യ ജീവിതത്തെ ലക്ഷ്യത്തിൽ നിന്നകറ്റുന്നു. അനസ്(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറഞ്ഞു: തീർച്ചയായും പിശാച് മനുഷ്യ ശരീരത്തിൽ രക്തപ്രവാഹമുള്ളിടത്തെല്ലാം സഞ്ചരിക്കും (മിശ്കാത്ത്: 63). ഇബ്‌നു മസ്ഊദ്(റ) ഉദ്ധരിക്കുന്നു: നബി(സ്വ) പറഞ്ഞു: ജിന്നുകളിലും മലക്കുകളിലും പെട്ട ഓരോ സഹയാത്രികർ നിങ്ങളിൽ എല്ലാവരുടെയും കൂടെയുണ്ട് (മിശ്കാത്ത് 67). മറ്റൊരു നിവേദനത്തിൽ ഇബ്‌നു മസ്ഊദ്(റ) ഉദ്ധരിച്ചു: പിശാചിനും മാലാഖമാർക്കും മനുഷ്യരിൽ ആധിപത്യമുണ്ട്. പിശാച് തന്റെ സ്വാധീനം ഉപേയോഗിക്കുന്നത് തിന്മ ചെയ്യാൻ കൽപിക്കാനും സത്യത്തെ കളവാക്കാനുമാണ്. മലക്കുകളുടെ ആധിപത്യമാവട്ടെ, നന്മ ചെയ്യാൻ കൽപിക്കാനും സത്യത്തെ സത്യമായി അവതരിപ്പിക്കാനുമാകുന്നു’ (മിശ്കാത്ത് 74). ജാബിർ(റ) നിവേദനം ചെയ്യുന്നു: ‘ഇബ്‌ലീസ് സമുദ്രത്തിനു മീതെ അവന്റെ സിംഹാസനം സ്ഥാപിക്കും. എന്നിട്ട് ജനങ്ങളെ നാശത്തിലകപ്പെടുത്താനായി തന്റെ അണികളെ നിയോഗിക്കും. വർധിച്ച നാശമുണ്ടാക്കുന്നവരാണ് ഇബ്‌ലീസിനോട് കൂടുതൽ സാമീപ്യമുള്ളവർ’ (മിശ്കാത്ത്). ഇപ്രകാരം സ്വന്തം ഇച്ഛകളുടെയും പൈശാചിക ദുർബോധനങ്ങളുടെയും നടുവിലാണ് മനുഷ്യജീവിതം.

ഹൃദയ രോഗങ്ങൾ

ശാരീരികവും മാനസികവുമായ രോഗങ്ങളെക്കാളേറെ മനുഷ്യന്റെ വൈയക്തിക-സാമൂഹ്യ ജീവിതത്തെ ബാധിക്കുന്ന ഘടകങ്ങളാണ് ഹൃദയത്തെ കീഴ്‌പ്പെടുത്തുന്ന രോഗങ്ങൾ. അവ മാനസിക സമാധാനം നശിപ്പിക്കുന്നതോടൊപ്പം വ്യക്തിയുടെ കുടുംബ- സാമൂഹിക ഇടങ്ങളിലും പ്രതിഫലനങ്ങൾ സൃഷ്ടിക്കും. അസൂയ, ഉൾനാട്യം, ലോകമാന്യം മുതലായ രോഗങ്ങൾ പരലോക ജീവിതത്തെയും ബാധിക്കും. കർമങ്ങളിലെ ആത്മാർഥത നശിപ്പിക്കും. നുഅ്മാനുബ്‌നു ബശീർ(റ) നിവേദനം ചെയ്യുന്ന ഹദീസിൽ നബി(സ്വ) പറഞ്ഞു: അറിയുക, ശരീരത്തിൽ ഒരു മാംസപിണ്ഡമുണ്ട്. അതു നന്നായാൽ ശരീരം മുഴുവൻ നന്നായി. അതു കേടായാൽ ശരീരം മുഴുവൻ കേടായി. അറിയണം, അതാണ് ഹൃദയം (ബുഖാരി, മുസ്‌ലിം, മിശ്കാത്ത് 2762).
അത്തരം രോഗങ്ങൾ വരുന്നത് ദീനിന്റെ നാശത്തിന് കാരണമാകുമെന്ന് നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സുബൈർ(റ) നിവേദനം ചെയ്യുന്നു. നബി(സ്വ) അരുളി: മുൻ സമുദായങ്ങൾക്കുണ്ടായ രോഗം നിങ്ങളിലേക്കും കടന്നുവരും. അസൂയ, കോപം മുതലായവയാണ് ആ രോഗങ്ങൾ. അവ ദീനിനെ നശിപ്പിക്കും (അഹ്‌മദ്, തുർമുദി, മിശ്കാത്ത് 5038).
സൽകർമങ്ങളെ നശിപ്പിക്കാൻ ശേഷിയുള്ള പാപമാണ് അസൂയ. അബൂഹുറൈറ(റ) നിവേദനം. റസൂൽ(സ്വ) പറയുകയുണ്ടായി: നിങ്ങൾ അസൂയയെ സൂക്ഷിക്കുക. കാരണം അസൂയ സൽകർമങ്ങളെ നശിപ്പിക്കും. തീ വിറകിനെ നശിപ്പിക്കുന്നതു പോലെ (അബൂദാവൂദ്, മിശ്കാത്ത് 5039). നിങ്ങൾ മോശമായ ബന്ധങ്ങളും ബന്ധപ്പെടലുകളും സൂക്ഷിക്കുക. കാരണം അത് ദീനിനെ നശിപ്പിക്കും (മിശ്കാത്ത് 5040).
മറ്റുള്ളവരെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ വിശ്വാസിയുടെ ഇടപെടലുകളിൽ സ്വാധീനം ചെലുത്തും. അല്ലാഹു പറയുന്നു: നിങ്ങൾ ധാരണകളിൽ അധികവും വർജിക്കുക. കാരണം അവയിൽ ചിലത് കുറ്റകരമാണ് (അൽഹുജുറാത്ത് 12). അഹങ്കാരമില്ലാത്ത മനസ്സുകൾക്കാണ് സ്വർഗപ്രവേശന യോഗ്യത. നബി(സ്വ) പറയുകയുണ്ടായി: അഹങ്കാരം, വഞ്ചന, കടം എന്നിവയിൽ നിന്ന് മുക്തനായി ഒരാൾ മരണം വരിച്ചാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കും (തുർമുദി, ഇബ്‌നുമാജ, മിശ്കാത്ത് 2921). മാത്രമല്ല, ഇത്തരം ഹൃദയവൈകല്യങ്ങൾ സമൂഹത്തിലും കുടുംബ ജീവിതത്തിലും പ്രശ്‌നങ്ങളും പ്രതിസന്ധികളും സൃഷ്ടിക്കും.

സാമൂഹ്യ ഇടപെടലുകൾ

സാമൂഹ്യ ജീവിയായതിനാൽ മറ്റുള്ളവരുമായി നിരന്തരം ബന്ധപ്പെട്ടു മാത്രമേ മനുഷ്യന്റെ ജീവിതം തള്ളിനീക്കാനാവൂ. ഭൗതിക ജീവിതത്തിലെ ഇത്തരം ബന്ധങ്ങളിൽ വ്യക്തികളുടെ സ്വഭാവ വൈകല്യങ്ങൾ പലപ്പോഴും കല്ലുകടിയാവാറുണ്ട്. തിരുമൊഴികളിൽ പലയിടത്തായി ദുഃസ്വഭാവങ്ങൾ വർജിക്കാൻ കൽപന വന്നിട്ടുണ്ട്. അവിടന്ന് പറഞ്ഞു: ലജ്ജ ഈമാനിൽ പെട്ടതാണ്. ഈമാൻ സ്വർഗത്തിലുമാണ്. ദുഷിച്ച സ്വഭാവങ്ങൾ കഠിനഹൃദയത്തിൽ നിന്നാണ് ഉത്ഭവിക്കുന്നത്. കഠിനഹൃദയം നരകത്തിലുമാണ് (അഹ്‌മദ്, തുർമുദി, മിശ്കാത്ത് 5076).
ആഇശ(റ) നിവേദനം. നബി(സ്വ) പറഞ്ഞു: ഒരാൾക്ക് മൃദുലമായ സ്വഭാവം തടയപ്പെട്ടാൽ ദുനിയാവിലെയും ആഖിറത്തിലെയും നന്മയിൽ നിന്ന് അവന്റെ വിഹിതം തടയപ്പെട്ടു (ശർഹുസ്സുന്ന, മിശ്കാത്ത് 5075). നബിയേ, അങ്ങ് ദുഷിച്ച സ്വഭാവക്കാരനും കഠിനഹൃദയനുമായിരുന്നെങ്കിൽ അവർ അങ്ങയുടെ സമീപത്തുനിന്ന് പിന്തിരിഞ്ഞു പോകുമായിരുന്നു (ആലുഇംറാൻ 159).

പരദൂഷണവും ഏഷണിയും വ്യക്തിബന്ധങ്ങളിൽ വിള്ളലുകളുണ്ടാക്കും. നബി(സ്വ) ചോദിച്ചു: നിങ്ങൾക്ക് പരദൂഷണം എന്താണെന്നറിയുമോ?
സ്വഹാബത്ത് പറഞ്ഞു: അല്ലാഹുവും അവന്റെ ദൂതരുമാണ് ഏറ്റവും വിവരമുള്ളവർ.
അപ്പോൾ നബി(സ്വ) പറഞ്ഞു: നീ നിന്റെ സഹോദരനെ കുറിച്ച് അവൻ വെറുക്കുന്ന കാര്യം പറയലാണ്.
അവർ വീണ്ടും: അവൻ പറയുന്ന കാര്യം തന്റെ സഹോദരനിൽ ഉണ്ടെങ്കിലോ?
തിരുനബി(സ്വ)യുടെ പ്രതികരണം: പറഞ്ഞ കാര്യം അവനിലുണ്ടെങ്കിൽ നീ അവനെക്കുറിച്ച് പരദൂഷണം പറഞ്ഞു. അവനിൽ ഇല്ലാത്ത കാര്യമാണ് പറഞ്ഞതെങ്കിൽ നീ അവനെക്കുറിച്ചു കളവും പറഞ്ഞു (മുസ്‌ലിം, മിശ്കാത്ത് 4829).
ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി കളവു പറയുന്നതു നിഷിദ്ധമാണ്. നബി(സ്വ) അരുളി: ജനങ്ങളെ ചിരിപ്പിക്കാൻ വേണ്ടി സംസാരിക്കുമ്പോൾ കളവു പറയുന്നവന് നാശം, നാശം, നാശം (അഹ്‌മദ്, തിർമുദി, അബൂദാവൂദ്). ഇബ്‌നു ഉമർ(റ) ഉദ്ധരിച്ചു: ഒരടിമ കളവു പറഞ്ഞാൽ അവനിൽ നിന്ന് ഉത്ഭവിക്കുന്ന ദുർഗന്ധം കാരണമായി മലക്കുകൾ ഒരു മൈൽ ദൂരെ മാറിനിൽക്കുന്നതാണ് (തുർമുദി, മിശ്കാത്ത് 4844).
മറ്റുള്ളവരെ ശപിക്കുന്നതും മുസ്‌ലിമിന് യോജിച്ചതല്ല. നബി(സ്വ) പറഞ്ഞു: സത്യവിശ്വാസി ശപിക്കുന്നവനവനല്ല (മിശ്കാത്ത് 4848).

ദിവ്യപാശം മുറുകെ പിടിക്കുക

പ്രയാസങ്ങളുടെയും വെല്ലുവിളികളുടെയും മഹാമേരുക്കൾ താണ്ടിയാണ് മനുഷ്യൻ ലക്ഷ്യത്തിലേക്ക് സഞ്ചരിക്കേണ്ടത്. വിജയകരമായ ജീവിതമാണ് സകലരുടെയും ലക്ഷ്യം. ദുനിയാവിന്റെ ആകർഷണീയതയും ശരീരേച്ഛകളും പൈശാചിക സ്വാധീനവും ഹൃദയ രോഗങ്ങളും ഇതര വ്യക്തികളുമായുള്ള ഇടപെടലുകൾ വരുത്തിത്തീർക്കാവുന്ന ആഘാതങ്ങളും ജീവിതത്തിൽ പ്രതിസന്ധികൾ സൃഷ്ടിക്കും. അവയെല്ലാം മറികടന്നു മുന്നേറാൻ അല്ലാഹു പകർന്നുതന്ന ദിവ്യപാശം അഥവാ ഖുർആൻ മുറുകെ പിടിക്കണം. ‘നിങ്ങൾ അല്ലാഹുവിന്റെ പാശം മുറുകെ പിടിക്കുക. നിങ്ങൾ പരസ്പരം ഭിന്നിക്കരുത്’ (ആലുഇംറാൻ 103).
ഇഖ്‌ലാസോടെയുള്ള ജീവിതവും ആത്മാർഥത നിറഞ്ഞ കർമങ്ങളുമാണ് മനുഷ്യജീവിതത്തെ മഹത്തരമാക്കുക. അല്ലാഹു പറയുന്നു: അല്ലാഹുവിന് ആത്മാർഥമായി ആരാധന നിർവഹിക്കാനും മുറപോലെ നിസ്‌കാരം നിർവഹിക്കാനും സകാത്ത് നൽകാനുമല്ലാതെ അവൻ കൽപിക്കപ്പെട്ടിട്ടില്ല (അൽബയ്യിന 5). ആത്മാർഥത നിറഞ്ഞ ഹൃദയങ്ങൾ ദുഷ്ചിന്തകളിൽ നിന്നും പൈശാചിക പ്രേരണകളിൽ നിന്നും അകലും. ഖുർആന്റെ സാക്ഷ്യം: സമ്പത്തും സന്താനങ്ങളും ഉപകാരപ്പെടാത്ത അന്ത്യനാളിൽ ശുദ്ധഹൃദയവുമായി അല്ലാഹുവിനെ സമീപിക്കുന്നവരല്ലാതെ രക്ഷ പ്രാപിക്കില്ല (ശുഅറാഅ് 88,89).
മറ്റുള്ളവർ ചെയ്യുന്ന തെറ്റുകൾ പരസ്യപ്പെടുത്തി അവരെ ജനമധ്യത്തിൽ നിസ്സാരമാക്കുന്നതു നിഷിദ്ധമാണ്. ഖാലിദുബ്‌നു മഅ്ദാൻ(റ) നബി(സ്വ)യെ ഉദ്ധരിക്കുന്നു: തന്റെ സഹോദരൻ ചെയ്യുന്ന ഒരു ദോഷം ചൂണ്ടിക്കാണിച്ച് ഒരാൾ അവനെ നിന്ദ്യനാക്കിയാൽ ആ ദോഷം ചെയ്യുന്നതുവരെ ഇവൻ മരിക്കുകയില്ല (മിശ്കാത്ത് 4855).
മറ്റുള്ളവർക്കുണ്ടാവുന്ന ദുരിതങ്ങൾ ഒരു സത്യവിശ്വാസിയിൽ അനുതാപമുണ്ടാക്കും. നബി(സ്വ) പറയുന്നു: നിന്റെ സഹോദരന് സംഭവിച്ച ദുരിതങ്ങളിൽ നീ സന്തോഷിക്കരുത്. അല്ലാഹു അവന് കാരുണ്യം ചൊരിയുകയും നിന്നെ പരീക്ഷിക്കുകയും ചെയ്‌തേക്കാം (തുർമുദി, മിശ്ഖാത്ത് 4856).
ജനങ്ങൾക്കിടയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തോടെ അവരുടെ വാക്കുകൾ പരസ്പരം കൈമാറ്റം ചെയ്യുന്ന ദുഷ്പ്രവൃത്തിയാണ് ഏഷണി. ഹുദൈഫത്തുബ്‌നുൽ യമാൻ(റ) നിവേദനം: ഏഷണി പറയുന്നവൻ സ്വർഗത്തിൽ പ്രവേശിക്കുകയില്ല (മുസ്‌ലിം 105). ഇബ്‌നു ഉമർ(റ)വിൽ നിന്ന് നിവേദനം: ഏഷണി പറയുന്നതും അത് കേൾക്കുന്നതും നബി(സ്വ) വിരോധിച്ചിട്ടുണ്ട് (മുഅ്ജമു ത്വബ്‌റാനി 3/36).
ഐഹിക ജീവിതത്തിൽ ഇത്തരം സ്വഭാവദൂഷ്യങ്ങൾ അസ്വാരസ്യങ്ങൾ സൃഷ്ടിക്കുന്നത് സ്വാഭാവികമാണ്. ഒരു വ്യക്തി ശുദ്ധനാണെങ്കിലും മറ്റുള്ളവരിൽ നിന്നുണ്ടാവുന്ന ദുഷിച്ച പെരുമാറ്റങ്ങൾ അവനെ ബാധിക്കാനിടയുണ്ട്. ഹൃദയം ഇലാഹീ തൃപ്തിയിൽ മാത്രം കേന്ദ്രീകരിക്കുന്നതോടെ വിശ്വാസിക്ക് അന്യചിന്തകളിൽ നിന്ന് രക്ഷപ്പെടാനാവും. ഇഹലോകത്തിന്റെ നാശങ്ങളിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കാനും പാരത്രിക വിജയം കരസ്ഥമാക്കാനും സാധിക്കും.

 

മുഹമ്മദ് ആസിഫ് കാവനൂർ

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

രാഷ്ട്രീയ ഫത്‌വകളും ലിബറൽ യുക്തികളും മലയാളി ജീവിതത്തിന് വേലി കെട്ടുമ്പോൾ

സാധാരണവും സവിശേഷവുമായ ജീവിതാവസ്ഥകളെ കൃത്യതയോടെ സംബോധന ചെയ്യുന്നു എന്നതാണ് ഇസ്‌ലാമിനെ സമ്പൂർണ ജീവിതപദ്ധതിയാക്കി മാറ്റുന്ന മുഖ്യഘടകം.…

● മുഹമ്മദലി കിനാലൂർ

മുആവിയ(റ)യുടെ ഭരണവും ചരിത്രത്തിലെ അപനിർമിതികളും

അന്നത്തെ പ്രമുഖ ചരിത്രകാരന്മാരായിരുന്ന വാഖിദി, മസ്ഊദി, ഇബ്‌നു ത്വബാ ത്വബ തുടങ്ങിയ പലരും കടുത്ത ശീഈ…

● സുലൈമാൻ ഫൈസി കിഴിശ്ശേരി

ശീഇസത്തിലെ ഉൾപിരിവുകൾ

ലോക മുസ്‌ലിംകൾക്കിടയിൽ അസഹിഷ്ണുതയും ഛിദ്രതയുമുണ്ടാക്കിയ മതവിരുദ്ധതയുടെ ആൾക്കൂട്ടമാണ് ശീഇസം. ജൂതനായ അബ്ദുല്ലാഹിബ്‌നു സബഇൽ നിന്നാരംഭിച്ച ഈ…

● ജുനൈദ് ഖലീൽ നൂറാനി