അന്നത്തെ പ്രമുഖ ചരിത്രകാരന്മാരായിരുന്ന വാഖിദി, മസ്ഊദി, ഇബ്‌നു ത്വബാ ത്വബ തുടങ്ങിയ പലരും കടുത്ത ശീഈ പക്ഷപാതികളായിരുന്നുവെന്ന് പറഞ്ഞല്ലോ. വ്യാജമായി ചരിത്രം നിർമിക്കാനും ചരിത്ര രേഖകളിൽ അവ കുത്തിക്കയറ്റാനും യാതൊരു മന:സാക്ഷിക്കുത്തും അവർക്കുണ്ടായിരുന്നില്ല. തഖിയ്യ അഥവാ കളവു പറയൽ ആദർശത്തിന്റെ ഭാഗമായി അനുവദനീയമാണെന്ന് വിശ്വസിക്കുന്നവരാണ് ഇക്കൂട്ടർ. ഇവർ രേഖപ്പെടുത്തിവെച്ചവയാണ് പല പ്രഭാഷകരും അവലംബമാക്കാറുള്ളതെന്നത് കഷ്ടമാണ്. അറബിയേതര ഭാഷയിൽ ഇസ്‌ലാമിക ചരിത്ര പഠനം നടത്തുന്ന പലർക്കും ലഭിക്കുന്നത് ഇവർ എഴുതിവെച്ച നിർമിത കഥകളാണെന്നതാണ് വസ്തുത. ആ വ്യാജങ്ങൾ വസ്തുതകളായി ആഘോഷിക്കപ്പെടുന്നു!

ഒന്നാം നൂറ്റാണ്ടിലെ 60 വർഷവും രണ്ടാം നൂറ്റാണ്ടിന്റെ ആദ്യ ഘട്ടത്തിലെ 30 വർഷവും, അഥവാ ഹിജ്‌റ ഒന്നും രണ്ടും നൂറ്റാണ്ടുകളുടെ പ്രധാന ഭാഗവും മോശം കാലഘട്ടമായിരുന്നു എന്നും അന്നത്തെ മുസ്‌ലിം ഭരണാധികൾ വളരെയധികം മോശപ്പെട്ടവരും ചോരക്കൊതിയന്മാരുമായിരുന്നുവെന്നും ലോക ജനതയെ വിശ്വസിപ്പിച്ച് ഇസ്‌ലാമിനെ വികലമാക്കാനുള്ള ഗൂഢശ്രമങ്ങളാണ് ഈ സംഘം നടത്തിയത്. അതിൽ പ്രധാനപ്പെട്ടതാണ് കർബല, ഹർറ തുടങ്ങിയ സംഭവങ്ങൾ. ഇവയെ കുറിച്ചുള്ള ഇവരുടെ രേഖകളിൽ എത്രത്തോളം സത്യമുണ്ടെന്നത് പണ്ഡിത വിചാരണക്ക് വിധേയമാണ്.

മുസ്‌ലിം വിരുദ്ധർ ഇസ്‌ലാമിനെ ലോകത്തിന് മുമ്പിൽ വികലപ്പെടുത്താൻ ശ്രമിക്കുന്ന ഇക്കാലത്ത് ശരിയായ ചരിത്ര പഠനത്തിന് ഏറെ പ്രാധാന്യമുണ്ട്. സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതർ കൃത്യമായി രേഖപ്പെടുത്തിയ ചരിത്രമാണ് അവലംബിക്കേണ്ടത്. ഉമവികൾ ദീനിനു വേണ്ടി ചെയ്ത കാര്യങ്ങൾ തമസ്‌കരിക്കുകയും പകരം ആ കാലത്തുണ്ടായ ചില ദുരനുഭവങ്ങൾ പൊലിപ്പിക്കുകയുമാണ് പലപ്പോഴും. ഈ സാഹചര്യത്തിലാണ് സുന്നത്ത് ജമാഅത്തിന്റെ പണ്ഡിതരുടെ ചരിത്ര വിശകലനങ്ങൾ ചർച്ചയർഹിക്കുന്നത്.

ഇസ്‌ലാമിന് വേണ്ടി ജീവനർപ്പിച്ചവർ

റോമാ സാമ്രാജ്യത്തെ വിറപ്പിച്ച മുസ്‌ലിം പടനായകരിൽ 90 ശതമാനവും ഉമവികളായിരുന്നു. മുആവിയ(റ) അടക്കമുള്ള ഇവർക്ക് അതിനുള്ള കവാടം തുറന്നിട്ടു കൊടുത്തത് ഉസ്മാൻ(റ)വാണ്. ഭൗതിക നേട്ടത്തിനപ്പുറം ഇസ്‌ലാമിന്റെ ഉന്നമനത്തിനായി ജീവൻ ബലിയർപ്പിക്കുകയായിരുന്നു അവർ.
അബൂസുഫ്‌യാൻ-ഹിന്ദ്(റ) ബന്ധത്തിൽ പിറന്ന മുആവിയ(റ) ജന്മനാ രാജയോഗമുള്ളയാളായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ പ്രഥമ രാജാവും മുസ്‌ലിംകളിലെ ഏറ്റവും നല്ല ചക്രവർത്തിയും മുആവിയ(റ)വാണെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. ഹസൻ(റ)വാണ് അവസാനത്തെ ഖലീഫ. അദ്ദേഹം അധികാരത്തിൽ നിന്ന് വിട്ടുനിന്നതോടെ ഖിലാഫത്തിന് അന്ത്യം കുറിക്കപ്പെട്ടു. ‘പിന്നീട് രാജാധികാരമായിരിക്കും ഉണ്ടാവുക’ എന്ന് നബി(സ്വ) പ്രവചിച്ചിരുന്നതായി കാണാം.

ഉമർ(റ)വിന്റെ തനിപ്പകർപ്പായിരുന്ന ഉമറു ബ്‌നു അബ്ദുൽ അസീസ്(റ)വാണോ മുആവിയ(റ)വാണോ കൂടുതൽ മഹത്ത്വമുള്ളയാളെന്ന ചോദ്യത്തിന് ഹസനുൽ ബസ്വരി(റ) മറുപടി നൽകിയത് ‘തിരുനബി(സ്വ)യോടൊപ്പം മുആവിയ(റ) യാത്ര ചെയ്യുമ്പോൾ പൊടിക്കാറ്റടിച്ച് അദ്ദേഹത്തിന്റെ ഒട്ടകത്തിന്റെ മൂക്കിൽ കയറിയ പൊടിപടലത്തിന് നൂറ് ഉമറുബ്‌നുൽ അസീസിനെക്കാൾ ശ്രേഷ്ഠതയുണ്ട്’ എന്നാണ്. കാരണം അദ്ദേഹം സ്വഹാബിയാണ്.

ഈ സ്ത്രീയിൽ രാജാവ് പിറക്കും

ഉഹുദ് യുദ്ധത്തിൽ ഹംസ(റ)വിന്റെ കരൾ പറിച്ചെടുത്ത് ചവച്ച സമയത്ത് ആ പുണ്യ ശരീരത്തിൽ നിന്നുള്ള അൽപം രക്തം ഹിന്ദിന്റെ വയറ്റിലെത്തിയിരുന്നു. ചവച്ചരച്ച കരൾ ഭക്ഷിക്കാൻ കഴിയാതെ ഒടുവിൽ തുപ്പിക്കളയേണ്ടി വന്നെങ്കിലും രക്താംശം ഉള്ളിലെത്തിയതിന്റെ ഫലമായി കരിമ്പാറയെക്കാൾ കഠിനമായ ഹിന്ദിന്റെ ഹൃദയത്തിൽ അല്ലാഹു ഈമാനിക പ്രഭ ചൊരിഞ്ഞു കൊടുത്തു. പിൽക്കാലത്ത് ഇസ്‌ലാമിലേക്ക് കടന്നുവന്ന അവരുടെ പിതാവ് മക്കയിലെ പ്രമുഖനും സമ്പന്നനും തറവാടിയുമായിരുന്ന ഉത്ബതാണ്. ഹിന്ദിനെ അബൂസുഫ്‌യാൻ വിവാഹം ചെയ്യുന്നതിന് മുമ്പ് വിവാഹം ചെയ്തിരുന്നത് വലിയ ധർമിഷ്ഠനും അറബി പ്രമുഖനുമായ ഫാകിഹ് ബ്‌നു മുഗീറയാണ്. തന്റെ വീടിനു മുന്നിൽ വലിയൊരു സത്രം നിർമിച്ച് ദിവസവും നൂറുകണക്കിനാളുകൾക്ക് ഭക്ഷണം നൽകിയിരുന്നു ഇദ്ദേഹം. ആർക്കും അവിടെ വന്ന് ഭക്ഷണം കഴിക്കാമായിരുന്നു. ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പാണ് ഈ സംഭവം.
ഒരു ദിവസം സത്രത്തിലേക്കാരും ഭക്ഷണം കഴിക്കാൻ വന്നില്ല. ഫാകിഹ് ബ്‌നു മുഗീറ എന്തോ ആവശ്യത്തിനായി പുറത്തു പോയിരുന്നു. ആരും വരാത്തതിനാൽ സത്രത്തിന്റെ ഒരു ഭാഗത്ത് കിടന്ന് ഹിന്ദ് ഉച്ചമയക്കത്തിലായി. ആർക്കും എപ്പോഴും വരാൻ പറ്റിയ സത്രമായിരുന്നതിനാൽ ഒരാൾ ഭക്ഷണം പ്രതീക്ഷിച്ച് അവിടേക്ക് വന്നു. അന്നു പക്ഷേ, ഭക്ഷണം കഴിക്കാനായി ആരുമവിടെ വന്നതായി കാണാത്തതിനാലും മുതലാളിയുടെ പത്‌നി ഒരു ഭാഗത്ത് ഉറങ്ങുന്നതിനാലും തെറ്റിദ്ധാരണക്കിടവരാതിരിക്കാൻ അയാൾ വേഗം വെളിയിലിറങ്ങി. തിരിച്ചിറങ്ങുന്ന അയാൾ കണ്ടത് ഫാകിഹ് തന്റെ വീട്ടിലേക്ക് മടങ്ങി വരുന്നതാണ്. ഉടനെ തന്നെ അയാൾ സ്ഥലം കാലിയാക്കി.
സത്രത്തിലേക്ക് കയറിവന്ന ഫാകിഹ് ബ്‌നു മുഗീറ കണ്ടതാകട്ടെ തന്റെ ഭാര്യ സത്രത്തിൽ കിടക്കുന്നതാണ്. സംശയം തോന്നിയ അദ്ദേഹം ഹിന്ദിനെ ഉണർത്തി അന്വേഷിച്ചു: ആരാണ് ഇപ്പോൾ ഇവിടെ നിന്ന് ഇറങ്ങിപ്പോയത്?
അവർ പറഞ്ഞു: ‘എനിക്കറിയില്ല. ഇവിടെ ആരുമില്ലായിരുന്നു. ക്ഷീണം വന്നപ്പോൾ ഞാൻ ഇവിടെ കിടന്നതാണ്’. എന്നാൽ ഭർത്താവ് അതംഗീകരിച്ചില്ല. തർക്കം രൂക്ഷമായി. വലിയ കുടുംബ വഴക്കായി അതു വികസിച്ചു.

മക്കയിലെ പ്രമുഖ ഗോത്രമായ ഉമ്മയ്യത്തിൽപ്പെട്ട ഉത്ബത്തിന്റെ മകൾ അന്യപുരുഷനെ സ്വീകരിച്ചുവെന്ന പ്രചാരണം ആ കുടുംബത്തിന് വലിയ നാണക്കേടുണ്ടാക്കി. മക്കയിൽ തലയുയർത്തി നടക്കാൻ കഴിയാതെയായി. ഉത്ബത് മകളെ വിളിച്ച് കാര്യമന്വേഷിച്ചു: ‘മോളേ, നീ പേടിക്കേണ്ട. എന്തെങ്കിലും അബദ്ധം സംഭവിച്ചിട്ടുണ്ടെങ്കിൽ തുറന്ന് പറഞ്ഞോളൂ. ഒരു നിമിഷം കൊണ്ട് ഞാനവന്റെ ശിരസ്സറുത്ത് മാറ്റാം. അവന്റെ ശല്യം ഇനിയൊരിക്കലും ഈ ഭൂമുഖത്തുണ്ടാകില്ല’.
‘അങ്ങനത്തെ ഒരു ചിന്തപോലും എന്നിൽ നിന്നുണ്ടായിട്ടില്ല. ജീവിതത്തിൽ ഇതുവരെ ഒരന്യപുരുഷനോടൊപ്പം ഞാൻ കിടക്ക പങ്കിട്ടിട്ടുമില്ല. ആ സമയത്ത് ഞാൻ ഉറങ്ങുകയായിരുന്നു. ആരെങ്കിലും അവിടെ വരികയോ പോവുകയോ ചെയ്തതായി എനിക്കറിയില്ല.’ ഹിന്ദ് വ്യക്തമാക്കി.
ഉത്ബത്ത് ചോദിച്ചു: നീ പറയുന്നത് വസ്തുതയാണോ? അതേ എന്ന് മകൾ.
ജ്യോത്സ്യന്മാരുടെ അടുത്തേക്കാണ് ഇത്തരം വിഷയങ്ങളിൽ തീർപ്പു ലഭിക്കാൻ അന്ന് ആളുകൾ പോയിരുന്നത്. ശാമിലെ അദ്‌രിഅത്ത് പ്രദേശത്ത് ഒരു പ്രഗത്ഭ സേവക്കാരനുണ്ടെന്ന് ഉത്ബയുടെ കുടുംബത്തിന് വിവരം ലഭിച്ചു. അദ്ദേഹം അദൃശ്യമായ കാര്യങ്ങൾ പോലും പറയുമത്രെ. അങ്ങനെ, ഇരു ഗോത്രത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടവരും ഹിന്ദും ഭർത്താവ് ഫാകിഹ് ബ്‌നു മുഗീറയും പിതാവ് ഉത്ബയും അദ്‌രിഅത്തിലേക്ക് പുറപ്പെട്ടു. ഏതാണ്ട് ശാമിനടുത്തെത്തിയപ്പോൾ ഹിന്ദ് ആകെ വിഷമിക്കുകയും മുഖം വിളറുകയും ചെയ്തു. ഇത് കണ്ട് പിതാവ് പറഞ്ഞു: ‘മോളേ, എന്തെങ്കിലും അരുതാത്തത് സംഭവിച്ചിട്ടുണ്ടെങ്കിൽ ഇപ്പോഴെങ്കിലും പറഞ്ഞോളൂ. ഇവിടെ വെച്ചു പ്രശ്‌നം പരിഹരിക്കാം.’
ഒന്നുമില്ല എന്നായിരുന്നു ഹിന്ദിന്റെ പ്രത്യുത്തരം.
‘പിന്നെന്താ നിനക്കൊരു പരവേശം?’
‘പ്രത്യേകിച്ചൊന്നുമില്ല. നമ്മൾ ഒരു മനുഷ്യന്റെ അടുത്തേക്കല്ലേ ഇതിന്റെ സത്യാവസ്ഥ അറിയാൻ പോകുന്നത്. ആ മനുഷ്യന് തെറ്റു പറ്റാമല്ലോ? ഞാൻ തെറ്റു ചെയ്തിട്ടുണ്ട് എന്നെങ്ങാനും അബദ്ധത്തിൽ അയാൾ പറഞ്ഞാൽ നമ്മുടെ ഗോത്രം എന്നന്നേക്കുമായി മാനം കെടുമല്ലോ’.
ഉത്ബത് സമാധാനിപ്പിച്ചു: ‘അതിന്റെ പേരിൽ നീ ബേജാറാകേണ്ട. ആ ജ്യോത്സ്യന് അദൃശ്യമായത് പറയാൻ സാധിക്കുമോ എന്ന് പരിശോധിച്ച് ബോധ്യപ്പെട്ട ശേഷമേ ഈ വിഷയം ചോദിക്കൂ.
അങ്ങനെ ഒരു ആൺ ഒട്ടകത്തിന്റെ വിസർജനാവയവത്തിൽ സ്വകാര്യമായി ഒരു ഗോതമ്പു മണി വെച്ചശേഷം സേവ ചെയ്യുന്ന ആളുടെ അടുത്തു ചെന്ന് ആഗമനോദ്ദേശ്യം അറിയിച്ചു. എന്നിട്ട് ഉത്ബ പറഞ്ഞു: ‘പിന്നെ, നിങ്ങളുടെ പ്രവചനം ശരിയാണോ എന്ന് പരീക്ഷിക്കാനായി ഞങ്ങൾ ഒരു കാര്യം മറച്ചുവെച്ചിട്ടുണ്ട്. അത് കൃത്യമായി പറഞ്ഞാൽ നിങ്ങൾ ഈ വിഷയത്തിൽ പ്രഖ്യാപിക്കുന്നത് ശരിയാണോ എന്ന് എനിക്കു ബോധ്യപ്പെടും.’
ഉടനെ ജ്യോത്സ്യൻ പറഞ്ഞു: ‘വിസർജനാവയവത്തിൽ ഒരു ധാന്യമണി വെച്ചിട്ടുണ്ട്.’
അങ്ങനെ പറഞ്ഞാൽ പോരാ, കൃത്യമായി പറയണമെന്നായി ഉത്ബ. അപ്പോൾ ജ്യോത്സ്യൻ വിശദീകരിച്ചു: ‘നിങ്ങൾ ഒരു ആൺ ഒട്ടകത്തിന്റെ ഗുദത്തിൽ ഒരു ഗോതമ്പു മണി ഒളിപ്പിച്ചുവെച്ചിട്ടുണ്ട്.’
അതു കേട്ടപ്പോൾ ഇയാൾക്ക് കൃത്യമായി പ്രവചിക്കാനാവും എന്ന് സംഘത്തിന് ബോധ്യപ്പെട്ടു. തുടർന്ന്, മുഖമടക്കം ശരീരം പൂർണമായി മറച്ച് ഒരേ പ്രായത്തിലുള്ള കുറേ പെൺകുട്ടികളെ വരിവരിയായി ഇരുത്തിയ ശേഷം ഉത്ബ ജ്യോത്സ്യനോട് നിർദേശിച്ചു: ‘ഈ പെൺകുട്ടികളെ കുറിച്ച് നിങ്ങൾ പ്രവചനം നടത്തണം. അതിനാണ് ഞങ്ങൾ നിങ്ങളുടെയടുത്തു വന്നത്.’
ജ്യോത്സ്യൻ ഓരോ സ്ത്രീയെയും നോക്കി ഭർത്താവുണ്ടോ, മക്കളുണ്ടോ, ഏതു തറവാട്ടുകാരി തുടങ്ങിയ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരുന്നു. ഒടുവിൽ ഹിന്ദിന്റെ അടുത്തെത്തിയപ്പോൾ ‘എല്ലാ അർഥത്തിലും വിശുദ്ധയായ തറവാടിത്തമുള്ള സ്ത്രീയാണിതെന്നും ഇവളൊരു രാജാവിനെ പ്രസവിക്കു’മെന്നും പ്രവചിച്ചു.
ഇത് കേട്ട് ഭർത്താവിനും കുടുംബത്തിനും വളരെയധികം സന്തോഷമായി. ഫാകിഹ് ആഹ്ലാദ പൂർവം ഭാര്യയുടെ അടുത്തേക്ക് ചെന്നപ്പോൾ കൈ തട്ടിമാറ്റിക്കൊണ്ട് ഹിന്ദ് പറഞ്ഞു: ‘ഇനി നിന്നെ എനിക്ക് ഭർത്താവായി ആവശ്യമില്ല. കേവലം തെറ്റിദ്ധാരണയുടെ പേരിൽ എന്നെ മാനം കെടുത്തിയ താങ്കളിൽ നിന്ന് ഒരു കുട്ടിയെ പ്രസവിച്ച് രാജാവായി കാണാൻ ഞാനാഗ്രഹിക്കുന്നില്ല. ആ കുട്ടി മാന്യനായ ഒരാളിൽ നിന്ന് ജനിക്കട്ടെ.’

ആ നിമിഷം ഹിന്ദ് ഭർത്താവിനെ ഒഴിവാക്കി. അങ്ങനെ ഹിന്ദും അബൂസുഫ്‌യാനും തമ്മിലുള്ള വിവാഹം നടന്നു. ആ ബന്ധത്തിൽ പിറന്ന മുആവിയ(റ) മുഖം ചുവന്നു തുടുത്ത വെളുത്ത കുട്ടിയായിരുന്നു. ആരും ആ മുഖത്തേക്ക് ഒന്നു നോക്കി നിന്നുപോകും. അദ്ദേഹത്തിന്റെ സംസാരം കേട്ടിരുന്നുപോകും. മക്കയിൽ എത്തിച്ചേർന്ന ലക്ഷണം നോക്കുന്ന പലരും മുആവിയ(റ)വിനെ കുറിച്ച് പറഞ്ഞത് ഈ കുട്ടിക്ക് ദീർഘായുസ്സ് ലഭിക്കുകയാണെങ്കിൽ ഈ ജനതയുടെ നേതാവാകുമെന്നാണ്. ഇത് കേൾക്കുമ്പോൾ ഹിന്ദ് കൂട്ടിച്ചേർക്കും: ‘എന്റെ ജനതയുടെ നേതാവല്ല. ഈ ലോകത്തിന്റെ തന്നെ ചക്രവർത്തിയായി ഇവൻ മാറും’.

ഭരണ രംഗത്തേക്ക്

മക്കയിലെ പ്രമാണി കുടുംബത്തിൽ മാതാപിതാക്കളുടെ ശിക്ഷണത്തിൽ വളർന്ന് ഒടുവിൽ പിതാവിനേക്കാൾ മുമ്പ് ഇസ്‌ലാമിലേക്ക് കടന്നുവന്നു മുആവിയ(റ). വിശ്വാസിയായതു മുതൽ റസൂൽ(സ്വ)യുടെ വഫാത്ത് വരെ അവിടത്തെ സേവകനും വഹ്‌യ് എഴുത്തുകാരനുമായിരുന്നു.

പ്രവാചകരുടെ വഫാത്തിന് ശേഷം ഖലീഫയായ സിദ്ദീഖ്(റ) ശാമിലേക്കയച്ച നാല് സൈന്യാധിപർ അബൂ ഉബൈദത്ത് ബ്‌നുൽ ജർറാഹ്(റ), അംറുബ്‌നുൽ ആസ്വ്(റ), മുസന്ന ബ്‌നു ഹാരിസത്തു ശൈബാനി(റ), യസീദ് ബ്‌നു അബീ സുഫ്‌യാൻ(റ) എന്നിവരാണ്. ഇവരിൽ യസീദി(റ)നൊപ്പം യോദ്ധാവായി മുആവിയ(റ)യുമുണ്ടായിരുന്നു.

ഡമസ്‌കസ് ഇസ്‌ലാമിക സാമ്രാജ്യത്തിനു കീഴിലായ സമയത്ത് രണ്ടാം ഖലീഫ ഉമർ(റ) ആ നാടിന്റെ ഗവർണറായി നിയമിച്ചത് യസീദ് ബ്‌നു അബീസുഫ്‌യാ(റ)നെയായിരുന്നു. ഡമസ്‌കസിന്റെ പരിസര പ്രദേശങ്ങളിൽ സൈനിക നീക്കം നടത്താനും ഇസ്‌ലാമിക പ്രചാരണത്തിനും അദ്ദേഹം പല പ്രമുഖരെയും അയക്കുകയുണ്ടായി. ഉർദുനി(ജോർദാൻ)ലേക്ക് സൈന്യാധിപനായി അയച്ചത് മുആവിയ(റ)യെയാണ്. ജോർദാനെ ഇസ്‌ലാമിക ഭൂപടത്തിലേക്ക് ചേർത്ത മുആവിയ(റ)നെ ഉമർ(റ) അവിടെ ഗവർണറായി നിയമിച്ചു. അദ്ദേഹം ഭരണ രംഗത്തേക്കെത്തുന്നത് അങ്ങനെയാണ്.
അതിനിടെ, ശാമിൽ പ്ലേഗ് വ്യാപിക്കുകയും പ്രമുഖ സൈന്യാധിപന്മാരായ സ്വഹാബികളടക്കം ധാരാളമാളുകൾ മരണപ്പെടുകയുമുണ്ടായി. ഡമസ്‌കസ് ഗവർണർ യസീദ് ബ്‌നു അബീസുഫ്‌യാ(റ)നും അതിൽ മരണപ്പെട്ടു. തുടർന്ന് ഡമസ്‌കസിന്റെ കൂടി ചുമതല ഖലീഫ മുആവിയ(റ)ക്ക് നൽകി. ഡമസ്‌കസ് കേന്ദ്രമായി ഭരിക്കുന്ന സമയത്ത് അദ്ദേഹം നിർമിച്ചതാണ് അൽഖുബ്ബതുൽ ഖള്‌റാഅ് എന്ന ശാമിന്റെ ഭരണ സിരാ കേന്ദ്രം. ഈ ഗവർണറേറ്റ് കേന്ദ്രമായി 40 വർഷം മുആവിയ(റ) ഭരണം നടത്തി. 20 വർഷം ഗവർണറായും 20 വർഷം ഖലീഫയായും.

മൂന്ന് വിഭാഗം മുസ്‌ലിംകൾ

മുആവിയ(റ) ഭരണമേറ്റെടുക്കുന്ന സമയത്ത് മുസ്‌ലിംകൾ മൂന്ന് വിഭാഗമായി. തലസ്ഥാനമായ ശാമിന് കീഴിലുള്ള ഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങളിലുമുള്ള ശീഅത്തു മുആവിയ ആണ് ഒരു വിഭാഗം (മുആവിയയെ നേതാവായി അംഗീകരിക്കുന്ന ഇവർക്ക് അന്ന് ആശയപരമായി വ്യതിയാനം സംഭവിച്ചിരുന്നില്ല). മറ്റൊന്ന് ഇറാഖ്, വിശിഷ്യാ കൂഫ കേന്ദ്രമായുള്ള ശീഅത്ത് അലി എന്ന വിഭാഗം. ഈജിപ്തിലും യമനിലും ഈ ആശയക്കാരായ കുറച്ചാളുകളുണ്ടായിരുന്നു. ഈ രണ്ടു വിഭാഗവും ആദ്യ ഘട്ടത്തിൽ സുന്നികളായിരുന്നു. വിശ്വാസ ശാസ്ത്രത്തിലോ കർമശാസ്ത്രത്തിലോ ഒരു വ്യത്യാസവും അന്നവർക്കിടയിലുണ്ടായിരുന്നില്ല. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമാണ് ഇവരെ രണ്ടു വിഭാഗമാക്കിയത്. എന്നാൽ പിൽക്കാലത്ത് ശീഅത്തു മുആവിയക്ക് ആശയ വ്യതിയാനം സംഭവിക്കുകയും അഹ്‌ലുസ്സുന്നയിൽ നിന്ന് വ്യതിചലിച്ച് പുതിയൊരു ആദർശ പ്രസ്ഥാനമാവുകയും ഒടുവിൽ കുറ്റിയറ്റു പോവുകയും ചെയ്തു.
മൂന്നാമത്തെ വിഭാഗമാണ് ഖവാരിജുകൾ. തീവ്ര ചിന്താഗതിക്കാരായ ഇവരുടെ തുടക്കം അലി(റ)വിന്റെ ഭരണകാലത്താണ്. നോമ്പ് അനുഷ്ഠിക്കൽ നിഷിദ്ധമായ അഞ്ച് ദിവസമൊഴികെ വർഷം മുഴുവൻ നോമ്പെടുക്കുന്നവരായിരുന്നു ഇവർ. രാത്രി മുഴുവൻ തഹജ്ജുദിലും മറ്റ് ആരാധനകളിലും മുഴുകും. ഖുർആൻ പൂർണമായും ഹൃദിസ്ഥമാക്കിയവരുമാണ്. പക്ഷേ, ഇവർ മുസ്‌ലിംകളോട് യുദ്ധം ചെയ്യുമായിരുന്നു. സമുദായത്തിൽ കുഴപ്പങ്ങളുണ്ടാക്കുന്നതിൽ മുഴുകുകയും ചെയ്തു. ഭീകരവാദങ്ങളിൽ ആകൃഷ്ടരാവുകയും ഇസ്‌ലാമിന്റെ ചട്ടക്കൂടിൽ നിന്ന് അതിരുവിട്ട് പുറത്തുകടക്കുകയും ചെയ്തു ഇവരിൽ പലരും. ഈയൊരു വിഭാഗത്തെ പറ്റി നബി(സ്വ) മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവർ മുസ്‌ലിംകളല്ലെന്നാണ് പണ്ഡിത നിലപാട്.

സുലൈമാൻ ഫൈസി കിഴിശ്ശേരി

കേട്ടെഴുത്ത്: സയ്യിദ് സൽമാൻ അദനി കരിപ്പൂർ

 

 

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

ആഇശ(റ) : നിരുപമ പാണ്ഡിത്യം

വനിതകളുടെ ഇസ്‌ലാമിലെ ഇടത്തെക്കുറിച്ചും വിദ്യാഭ്യാസത്തിനുള്ള അവകാശത്തെക്കുറിച്ചും വാദപ്രതിവാദങ്ങളുയരുമ്പോള്‍ ഉമ്മുല്‍ മുഅ്മിനീന്‍ ബീവി ആഇശ(റ)യുടെ ജീവിതവും വിജ്ഞാനവും…

ഖുര്ആന്‍: അവതരണം, ക്രോഡീകരണം

ഒന്നാം ആകാശത്തിലേക്ക് വിശുദ്ധ ഖുര്‍ആന്‍ ഒറ്റത്തവണയായി അവതരിപ്പിക്കപ്പെട്ടു. പിന്നീട് അല്ലാഹു അവയെ ഭാഗങ്ങളാക്കി ക്രമേണ നബി(സ്വ)ക്ക്…