പൂർവവേദങ്ങളിൽ പറഞ്ഞ കാര്യങ്ങൾ കടമെടുത്താണ് മുഹമ്മദ് നബി(സ്വ) ഖുർആൻ രചിച്ചതെന്നത് ജൂത-ക്രൈസ്തവരും ഓറിയന്റലിസ്റ്റുകളും ഉന്നയിക്കുന്ന പ്രധാന ആരോപണമാണ്. ഈ വാദത്തിനടിസ്ഥാനമായി അവർ പറയുന്നത് പൂർവവേദ ജ്ഞാനമുള്ള വരുമായി നബി(സ്വ)ക്ക് ബന്ധമുണ്ടായിരുന്നു എന്നതാണ്. തിരുദൂതർക്ക് പൂർവവേദങ്ങളിലെ കാര്യങ്ങൾ പറഞ്ഞുകൊടുത്തുവെന്ന് അവർ ആരോപിക്കുന്ന വ്യക്തികളാരൊക്കെ എന്നു പരിശോധിക്കാം.
1. നബി(സ്വ)യുടെ പത്‌നി ഖദീജാ ബീവി(റ)യുടെ ബന്ധു വറഖതുബ്‌നു നൗഫൽ.
2. നബി(സ്വ)യുടെ അനുചരൻ സൽമാനുൽ ഫാരിസി(റ).
3. നബിപത്‌നി സ്വഫിയ്യ ബീവി(റ).
4 പ്രവാചകരുടെ അടിമ മാരിയതുൽ ഖിബ്തിയ്യ(റ).
5. മറ്റു യഹൂദ-ക്രൈസ്തവ സുഹൃത്തുക്കൾ.
റസൂൽ(സ്വ)യുടെ ആദ്യപത്‌നി ഖദീജ ബിൻതു ഖുവൈലിദി(റ)ന്റെ പിതാവിന്റെ സഹോദര പുത്രനാണ് വറഖതുബ്‌നു നൗഫൽ. നബി(സ്വ)ക്ക് അല്ലാഹുവിൽ നിന്ന് ദിവ്യബോധനം (വഹ്‌യ്) ലഭിച്ച സംഭവം വിശദീകരിക്കുന്ന സ്വഹീഹുൽ ബുഖാരിയിലെ ഹദീസാണ് ക്രൈസ്തവരുടെ ഈ വിമർശനത്തിന്റെ ആധാരം. വഹ്‌യ് ലഭിച്ചയുടനെ ഖദീജ(റ) നബി(സ്വ)യെ കൂട്ടി തന്റെ ബന്ധുവായ വറഖതുബ്‌നു നൗഫലിന്റെ അടുത്തേക്കാണ് പോയത്. ആ സംഭവം ഇങ്ങനെ: മഹതി നബി(സ്വ) യെ കൂട്ടി വറഖതുബ്‌നു നൗഫലിനെ സമീപിച്ചു. ബീവിയുടെ പിതൃസഹോദര പുത്രനാണദ്ദേഹം. ഇസ്‌ലാമിന് മുമ്പ് അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. ഹീബ്രു ഭാഷ എഴുതാനറിയുന്ന അദ്ദേഹം ഇഞ്ചീലിൽ നിന്ന് ചിലതൊക്കെ ഹീബ്രുവിൽ എഴുതുമായിരുന്നു. കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ട വൃദ്ധനായിരുന്നു അദ്ദേഹം. ഖദീജ(റ) അദ്ദേഹത്തോട് ഇപ്രകാരം പറഞ്ഞു: താങ്കളുടെ സഹോദര പുത്രന് പറയാനുള്ളത് കേട്ടാലും, അപ്പോൾ വറഖത് എന്താണ് നിങ്ങൾ കണ്ടതെന്ന് നബി(സ്വ)യോട് ചോദിച്ചു. താൻ കണ്ട കാര്യം നബി(സ്വ) വിവരിച്ചു കൊടുത്തപ്പോൾ അദ്ദേഹം പറഞ്ഞു: ‘മൂസാ നബി(അ)യുടെ മേൽ അവതരിച്ച മലക്ക് തന്നെയാണിത്. ഞാനന്ന് യുവാവായിരുന്നെങ്കിൽ നന്നായിരുന്നേനെ. താങ്കളുടെ ജനങ്ങൾ അങ്ങയെ പുറത്താക്കുമ്പോൾ ഞാൻ ജീവിച്ചിരുന്നുവെങ്കിൽ നന്നായിരുന്നേനെ.’ അപ്പോൾ നബി(സ്വ) തിരിച്ചു ചോദിച്ചു: എന്നെ അവർ പുറത്താക്കുമോ? വറഖത്ത് പ്രതിവചിച്ചു: അതേ, താങ്കൾ കൊണ്ടുവരുന്ന ആദർശവുമായെത്തുന്ന എതൊരാൾക്കും ശത്രു ഉണ്ടാകും. താങ്കളുടെ ദിവസം എന്നെ എത്തിക്കുകയാണെങ്കിൽ അങ്ങയെ ശക്തമായി ഞാൻ സഹായിക്കും. പക്ഷേ, താമസിയാതെ വറഖത് മരണപ്പെട്ടു. തുടർന്ന് വഹ്‌യ് താൽകാലികമായി നിലച്ചുപോയി (ബുഖാരി ഹദീസ് നമ്പർ 3).
1. പ്രസ്തുത വിവർത്തനത്തിൽ പൂർവവേദത്തിൽ പരാമർശിച്ച ചരിത്രങ്ങളോ മറ്റു വിവരണങ്ങളോ ഒന്നും വറഖത് നബി(സ്വ)യോട് പങ്കുവെക്കുന്നതായി കാണുന്നില്ല.
2. ഈ കൂടിക്കാഴ്ചയിലല്ലാതെ മറ്റെപ്പോഴെങ്കിലും നബി(സ്വ)യുമായി വറഖത് സംവദിച്ചതായി യാതൊരു രേഖയുമില്ല.
3. ഈ കൂടിക്കാഴ്ച നടക്കുമ്പോൾ വറഖത് വാർധക്യം മൂലം കാഴ്ച നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു. ഇതു കഴിഞ്ഞ് അൽപ കാലത്തിനു ശേഷം അദ്ദേഹം മരണപ്പെടുകയുമുണ്ടായി. പൂർവ പ്രവാചക ചരിത്രങ്ങൾ ഖുർആനിൽ അവതരിക്കുന്ന കാലത്ത് വറഖത് ജീവിച്ചിരുന്നില്ല എന്നതാണ് യാഥാർത്ഥ്യം.
4. ഖുർആനിന്റെ അവതരണം ഓരോ സന്ദർഭത്തിനനുസരിച്ച് ഘട്ടംഘട്ടമായായിരുന്നു. ആ സന്ദർഭത്തിനനുയോജ്യമായ പൂർവ പ്രവാചക ചരിത്രവും വിശദീകരിക്കും. ഇങ്ങനത്തെ സന്ദർഭങ്ങളിലൊന്നും വറഖത് നബി(സ്വ)യുടെ കൂടെയുണ്ടായിരുന്നതിന് യാതൊരു തെളിവുമില്ല.
5. ഉദ്ധൃത സംഭവത്തിൽ തിരുനബി(സ്വ)യുടെ അടുക്കൽ വന്നത് മൂസാ (മോശെ) പ്രവാചകന്റെ അടുക്കൽ വന്ന ദൈവദൂതൻ തന്നെയാണെന്നും ജനങ്ങൾ നബി(സ്വ)യെ പുറത്താക്കുമെന്നും ആ സന്ദർഭത്തിൽ താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ പ്രവാചകരെ ശക്തമായി പിന്തുണക്കുമെന്നും വറഖത് പറയുന്നതായി കാണാം. താൻ പറഞ്ഞുകൊടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മുഹമ്മദ്(സ്വ) ഖുർആൻ രചിച്ചതെങ്കിൽ എങ്ങനെയാണ് വറഖത് നബി(സ്വ)യെ പിന്തുണക്കുക? അതുകൊണ്ട് തന്നെ വറഖത് പറഞ്ഞുകൊടുത്തു എന്ന വാദം യുക്തിസഹമല്ല.
സൽമാനുൽ ഫാരിസി(റ)
പേർഷ്യയിലെ ഇസ്ബഹാനിലെ ജയ്യ് പ്രദേശത്തുകാരനാണ് സൽമാനുൽ ഫാരിസി(റ). അബൂഅബ്ദില്ല എന്നാണ് അപര നാമം. സൽമാൻ(റ) ഇസ്‌ലാം സ്വീകരിക്കാനുണ്ടായ കാരണം പ്രസിദ്ധം. അദ്ദേഹത്തിന്റെ പിതാവ് അഗ്‌നിയാരാധകനായിരുന്നു. വീട്ടിൽ നിന്ന് ഒളിച്ചോടിയ അദ്ദേഹം ക്രിസ്തുമതം സ്വീകരിച്ചു. പല പുരോഹിതന്മാരുമായും സഹവസിച്ചു. അതിലൂടെ പൂർവവേദങ്ങളെ കുറിച്ച് പഠിക്കുകയും അതിൽ പരാമർശിച്ച വരാനിരിക്കുന്ന അന്ത്യപ്രവാചകന്റെ വിശേഷണങ്ങൾ മനസ്സിലാക്കുകയും ചെയ്തു. തുടർന്ന് മദീനയിൽ വെച്ച് ഈ വിശേഷണങ്ങൾ ഒത്തിണങ്ങിയ അന്ത്യപ്രവാചകരെ കണ്ടുമുട്ടുകയും ഇസ്‌ലാം ആശ്ലേഷിക്കുകയും ചെയ്തു. പൂർവവേദങ്ങളിൽ ജ്ഞാനമുണ്ടായിരുന്ന സൽമാനുൽ ഫാരിസ്(റ) പറഞ്ഞുകൊടുത്തതിന്റെ അടിസ്ഥാനത്തിലാണ് നബി(സ്വ) ഖുർആൻ രചിച്ചതെന്നതാണ് വിമർശകരുടെ വാദം. വളരെ ബാലിശമാണീ വാദം. കാരണം പരിശോധിക്കാം:
1. ഖുർആൻ അവതരണമാരംഭിച്ച് പതിമൂന്ന് വർഷം കഴിഞ്ഞ് നബി(സ്വ) മദീനയിലേക്ക് പലായനം നടത്തിയ ശേഷമാണ് സൽമാൻ(റ) മുസ്‌ലിമാകുന്നത്. പൂർവവേദ കഥകളോട് സാമ്യമുണ്ടെന്ന് പറയപ്പെടുന്ന നബിചരിത്രങ്ങളിൽ സിംഹഭാഗവും അവതരിച്ചത് മക്കയിൽ വെച്ചാണ്. മദീനയിൽ അവതരിച്ച ഇസ്‌റാഈല്യരുമായി ബന്ധമുള്ള സൂക്തങ്ങൾ മക്കയിൽ വെച്ച് അവതരിച്ചവയുടെ സന്ദർഭോചിത ആവർത്തനങ്ങളാണ്താനും. ഹിജ്‌റ(പലായനം)ക്കു മുമ്പ് അവതരിച്ചതിന്റെ സ്രോതസ്സ് ഹിജ്‌റക്കു ശേഷം മുസ്‌ലിമായ സൽമാൻ(റ) ആവുന്നതിന്റെ യുക്തിഹീനത ബുദ്ധിയുള്ള ആർക്കും ബോധ്യപ്പെടും. പുറമെ വിവിധ ആദർശങ്ങൾ പഠിച്ചും പരീക്ഷിച്ചും തൃപ്തനാവാതെയാണ് സൽമാൻ(റ) പൂർവ വേദങ്ങൾ പ്രവചിച്ച മുഹമ്മദ് നബി(സ്വ)യെ കണിഠാധ്വാനം ചെയ്ത് കണ്ടെത്തുന്നതും വിശ്വസിക്കുന്നതും. താൻ പറഞ്ഞുകൊടുത്തത് ഏറ്റു പറയുന്ന ആളായിരുന്നു നബി(സ്വ)യെങ്കിൽ അദ്ദേഹം നബി(സ്വ)യെ ഉൾകൊള്ളുമായിരുന്നോ?
സ്വഫിയ്യ ബീവി(റ)
മൂസാ നബി(അ)ന്റെ സഹോദരൻ ഹാറൂൻ (അ)ന്റെ സന്താന പരമ്പരയിൽ പെട്ട മഹതിയാണ് സ്വഫിയ്യ(റ). ഹുയയ്യുബ്‌നു അഖ്ത്വബാണ് പിതാവ്. ബനൂഖുറൈള ഗോത്രത്തിൽ പെട്ട ശംവീലിന്റെ പുത്രൻ ബർറത്താണ് മാതാവ്. ബനൂ ഖുറൈളയിൽപെട്ട സല്ലാമുബ്‌നു മുശ്കിമായിരുന്നു ബീവിയുടെ പ്രഥമ ഭർത്താവ്. അദ്ദേഹത്തിന്റെ വിയോഗത്തിനു ശേഷം ബനൂ നളീർ ഗോത്രത്തിൽ പെട്ട കിനാനതുബ്‌നു റബീഅ് വിവാഹം കഴിച്ചു. ഖൈബർ യുദ്ധത്തിൽ ബീവിയുടെ പിതാവും ഭർത്താവും വധിക്കപ്പെട്ടു. നബി(സ്വ) അവർക്ക് സ്വാതന്ത്ര്യം നൽകിയപ്പോൾ അവർ ഇസ്‌ലാമിനെ തിരഞ്ഞെടുത്തു. തുടർന്ന് നബി(സ്വ) മഹതിയെ മോചിപ്പിക്കുകയും വിവാഹം നടത്തുകയും ചെയ്തു. ഹിജ്‌റ ഏഴാം വർഷമാണ് ഈ വിവാഹം നടക്കുന്നത്. സൽമാൻ(റ)ന്റെ വിഷയത്തിൽ സൂചിപ്പിച്ച വിരോധാഭാസം ഇവിടെയും കാണാം.
മാരിയതുൽ ഖിബ്തിയ്യ(റ)
ബൈസെന്റൈൻ ചക്രവർത്തി മുഖൗഖിസ് നബി(സ്വ)ക്ക് സമ്മാനിച്ച അടിമയാണ് മാരിയതുൽ ഖിബ്തിയ്യ. ഇവരെ നബി(സ്വ)ക്കു പാരിതോഷികമായി ലഭിച്ചതും ഹിജ്‌റ ഏഴാം വർഷത്തിലാണ്. ഹിജ്‌റ ഏഴാം കൊല്ലം മദീനയിൽ വെച്ച് നബി(സ്വ)യുടെ ജീവിതത്തിലേക്ക് കടന്നുവന്ന പത്‌നി സ്വഫിയ്യ ബീവി(റ)യും അടിമയായ മാരിയതുൽ ഖിബ്തിയ്യ(റ)യും എങ്ങനെയാണ് മക്കയിൽ അവതരിച്ച ഖുർആനിന്റെ സ്രോതസ്സാകുന്നത്?
യഹൂദ-ക്രൈസ്തവ സുഹൃത്തുക്കൾ
മറ്റു യഹൂദ-ക്രൈസ്തവ സുഹൃത്തുക്കളുടെ കാര്യവും ഇതുപോലെ അടിസ്ഥാനരഹിതമാണ്. അതിലൊരാളാണ് ബനൂ അബ്ദുദ്ദാർ ഗോത്രക്കാരുടെ അടിമയായിരുന്ന ജബർ എന്ന ജൂതൻ. ഇദ്ദേഹവുമായി ആശയവിനിമയം നടത്തി മുഹമ്മദ്(സ്വ) പൂർവവേദ ആശയങ്ങൾ ഖുർആനിൽ എഴുതിച്ചേർത്തുവെന്നാണ് വിമർശനം. ഇദ്ദേഹം പിൽക്കാലത്ത് ഇസ്‌ലാം ആശ്ലേഷിച്ചുവെന്നത് ചരിത്ര സത്യമാണ്. അതിന്റെ പേരിൽ ഒരുപാട് പീഡനങ്ങൾ അദ്ദേഹം സഹിക്കുകയും ചെയ്തിട്ടുണ്ട്. താൻ പറഞ്ഞുകൊടുത്ത കഥകൾ എഴുതിച്ചേർത്താണ് തിരുദൂതർ(സ്വ) ഖുർആൻ രചിച്ചതെങ്കിൽ ആ ഗ്രന്ഥത്തിലും ദൂതനിലും ജബർ വിശ്വസിക്കുമോ? അതിന്റെ പേരിൽ ക്രൂരമായ പീഡനങ്ങൾ ഏറ്റുവാങ്ങാൻ സന്നദ്ധനാകുമോ? ഇല്ലെന്നുറപ്പാണ്.
ചുരുക്കത്തിൽ, തിരുദൂതർ(സ്വ)ക്ക് പൂർവവേദ ആശയങ്ങൾ പറഞ്ഞുകൊടുത്തുവെന്ന് വിമർശകർ ആരോപിക്കുന്ന വ്യക്തികൾ അത്തരം പ്രവർത്തനം നടത്തിയതിന് ചരിത്രപരമോ യുക്തിപരമോ ആയ യാതൊരു തെളിവുമില്ലെന്ന് വ്യക്തം.
ജുനൈദ് ഖലീൽ നൂറാനി