കുറഞ്ഞ കാലത്തിനുള്ളിൽ കൂടുതൽ ഗ്രന്ഥങ്ങൾ രചിച്ച് ചരിത്രം കുറിച്ച മഹാനാണ് ഇമാം ശാഫിഈ(റ). ഇമാം നവവി(റ)യെ പോലുള്ള വളരെ കുറച്ചു പേർക്കു മാത്രമേ ഇത്തരം അനുഗ്രഹങ്ങൾ ലഭിച്ചിട്ടുള്ളൂ.

ഇമാമിന്റെ പ്രമുഖ ശിഷ്യൻ ഇസ്ഹാഖുബ്‌നു റാഹവൈഹി(റ)യുടെ പുത്രൻ ഇമാം മുഹമ്മദ്(റ) പറയുന്നു: ‘ഞാൻ എന്റെ പിതാവിനോട് ചോദിച്ചു; ഇമാം ശാഫിഈ(റ) ചുരുങ്ങിയ കാലത്തിനുള്ളിൽ ഇത്രയധികം ഗ്രന്ഥങ്ങൾ രചിച്ചത് എങ്ങനെയാണ്, അദ്ദേഹം കൂടുതൽ കാലം ജീവിച്ചിരുന്നിട്ടില്ലല്ലോ? പിതാവ് പറഞ്ഞു: കുറഞ്ഞ ആയുസ്സായിരുന്നെങ്കിലും അല്ലാഹു നല്ല ബുദ്ധിവൈഭവം നൽകിയാളാണദ്ദേഹം.

ഇമാം ശാഫിഈ(റ)യുടെ കഴിവുകൾ നിർണയിക്കാൻ പ്രയാസമാണ്. എല്ലാ നന്മകും അല്ലാഹു വാരിക്കോരി കൊടുത്ത മഹാമനീഷിയായിരുന്നു അദ്ദേഹം. നിരവധി മുജ്തഹിദുകൾ ഇമാം ശാഫിഈ(റ)ന്റെ കാലത്തും അതിനോടടുത്തും ജീവിച്ചിട്ടുണ്ട്. പക്ഷേ, നാലു ഇമാമുമാരല്ലാത്തവരുടെയൊന്നും കർമശാസ്ത്രം ക്രോഡീകൃതമല്ല. എന്നാൽ ഇമാമിന്റെ വീക്ഷണങ്ങൾ ഒന്നൊഴിയാതെ സംരക്ഷിതമായി നിലകൊണ്ടത് അല്ലാഹുവിന്റെ വലിയൊരു അനുഗ്രഹം തന്നെ.

ഇമാമിന്റെ ഗ്രന്ഥങ്ങളുടെ വൈപുല്യം അത്യത്ഭുതകരമാണ്. ഇമാമിന് മുമ്പുള്ള ഒരു പണ്ഡിതനും വിവിധ വിഷയങ്ങളിലായി ഇത്രയധികം ഗ്രന്ഥരചനകൾ നടത്തിയിട്ടില്ല. അമ്പത്തിനാലാം വയസ്സിൽ വഫാതായ ഇമാം ഹിജ്‌റ 195-ൽ രണ്ടാം തവണ ഇറാഖിലെത്തുന്നതിന് തൊട്ടുമുമ്പ് മക്കയിൽ വെച്ചാണ് ഗ്രന്ഥരചന ആരംഭിക്കുന്നത്. ഹി. 199-ൽ ഈജിപ്തിലെത്തി. നാലു വർഷമാണ് അവിടെ താമസിച്ചത്. 204-ലായിരുന്നു വഫാത്ത്. ഈ കാലത്തിനുള്ളിലാണ് ഗ്രന്ഥരചനകളെല്ലാം നടക്കുന്നത്. അവസാനത്തെ പത്തു വർഷമാണ് രചനക്കായി മഹാൻ നീക്കിവെച്ചതെന്നു ചുരുക്കം.

ഈ പത്തു വർഷം മുഴുവനായി രചനക്കു വിനിയോഗിക്കുകയായിരുന്നില്ല. ഗവേഷണവും ചർച്ചകളും അധ്യാപനവും യാത്രകളുമെല്ലാം ഇക്കാലയളവിലും നടത്തി. ഒപ്പം ഗ്രന്ഥമെഴുത്തും.

സാധാരണ ഗ്രന്ഥങ്ങളുടെ പ്രതിപാദന രീതിയിലും ശൈലിയുമല്ല ഇമാമിന്റെ രചനകൾ. ഒരു ഗവേഷകന്റെ ഗ്രന്ഥങ്ങളുടെ രീതി മറ്റു ഗ്രന്ഥങ്ങളെ പോലെയാവില്ലല്ലോ? മറ്റുള്ളവരുടെ അഭിപ്രായങ്ങൾ എടുത്തുദ്ധരിച്ചാൽ പോരാ. ഓരോ പ്രശ്‌നവും അവയുടെ ലക്ഷ്യങ്ങളിൽ നിന്ന് കണ്ടെത്തി പ്രമാണബദ്ധമായി അവതരിപ്പിക്കണം. അതിന് ശേഷമായിരിക്കും വിഷയക്രമവും മറ്റും നടക്കുക.

വിവിധ അഭിപ്രായങ്ങൾ ഇമാം ശാഫിഈ(റ)യുടെ ഗ്രന്ഥങ്ങളുടെ എണ്ണത്തെ കുറിച്ച് കാണാം. 141 ഗ്രന്ഥങ്ങളുടെ പേര് ഇമാം ബൈഹഖി തന്റെ മനാഖിബുശ്ശാഫിഈയിൽ പറയുന്നു. 129 ഗ്രന്ഥങ്ങളുടെ പേരുകൾ പ്രസിദ്ധ ചരിത്രകാരൻ യാഖൂതുൽ ഹമവിയും 150 ഗ്രന്ഥങ്ങളുടെ പേരുകൾ പ്രമുഖ ചരിത്രകാരൻ ഇബ്‌നു കസീറും ഉദ്ധരിക്കുന്നുണ്ട്. ഇബ്‌നു സുഖാഖ് പറയുന്നത് ഇരുനൂറോളം ഗ്രന്ഥങ്ങൾ ഇമാം രചിച്ചിട്ടുണ്ടെന്നാണ് (ശഹാദതുദ്ദഹബ് 2/10).

ഇമാമിന്റെ ഗ്രന്ഥങ്ങളിൽ ധാരാളം പ്രസിദ്ധീകൃതമായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രമുഖ ലൈബ്രറികളിൽ അവ ലഭ്യമാണ്. ഇപ്പോഴും പുനഃപ്രസിദ്ധീകരണം നടക്കുന്ന ഗ്രന്ഥങ്ങളുമുണ്ട്. മദീന യൂണിവേഴ്‌സിറ്റി, കെയ്‌റോ യൂണിവേഴ്‌സിറ്റി തുടങ്ങിയ പ്രമുഖ കലാലയങ്ങളിൽ പ്രത്യേകം കൗണ്ടറുകൾ തിരിച്ച് നാലു മദ്ഹബുകളിലെയും ഗ്രന്ഥങ്ങൾ ലഭ്യമായിട്ടുണ്ട്. ഇമാമിന്റെ രചനകൾ അവകളിൽ പ്രത്യേകം കാണാനാവും. അൽ രിസാല, അൽഹുജ്ജ, ഇഖ്തിലാഫുൽ അഹാദീസ്, ഫളാഇലു ഖുറൈശ്, അൽ മുസ്‌നദ്, കിതാബുൽ ഉമ്മ് തുടങ്ങിയവ ഇമാമിന്റെ പ്രസിദ്ധ ഗ്രന്ഥങ്ങളാണ്. പല ഗ്രന്ഥങ്ങളുടെയും സമാഹാരമാണ് കിതാബുൽ ഉമ്മ്. ഇമാമിന്റെ ഗ്രന്ഥങ്ങളുടെ കൂട്ടത്തിൽ അൽരിഹ്‌ല എന്ന സഞ്ചാര കുറിപ്പുകളും കാണാം. ഹാഫിള് ഇബ്‌നുഹജർ(റ) ഇമാമിലേക്കും ചേർത്തിപ്പറയുന്ന ചില കൃതികളുടെ പിതൃത്വം ചോദ്യം ചെയ്യുകയും അത് ഇമാമിന്റെ പേരിൽ ആരോ കെട്ടിച്ചമച്ചതാണെന്ന് അഭിപ്രായപ്പെടുകയും ചെയ്തിട്ടുള്ളത്. ഇമാം ഗസ്സാലി(റ)യുടെ പേരിലും ഇങ്ങനെ ചില ഗ്രന്ഥങ്ങൾ പ്രത്യക്ഷപ്പെടുകയും ആധികാരിക പണ്ഡിതന്മാർ പലരും അതിനെ പൊളിച്ചടക്കുകയും ചെയ്തിട്ടുണ്ട്.

പ്രഗത്ഭരിലെ അതുല്യൻ

ഒന്നോ രണ്ടോ വിഷയങ്ങളിൽ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള പ്രതിഭാശാലികളെ നമുക്ക് കാണാനാവും. എന്നാൽ അനേകം വിഷയങ്ങളിൽ ഒരേ പോലുള്ള പ്രാഗത്ഭ്യം ഇമാമിനുണ്ട്. ഇമാം ശാഫിഈ(റ)യുടെ വ്യക്തിത്വം അപൂർവതകളിൽ അപൂർവമാണെന്നാണ് ഇസ്‌ലാമിക ചരിത്രകാരന്മാർ വിലയിരുത്തിയത്.

മദ്ഹബിന്റെ ഇമാമുകളെല്ലാം അതുല്യരും പ്രഗത്ഭരുമാണ്. എന്നാൽ എല്ലാവർക്കും പ്രാഗത്ഭ്യം ഒരേ പോലെയായിരുന്നില്ല. ഇമാം മാലിക്(റ) ഹദീസ് ലോകത്തെ അസാമാന്യ പ്രതിഭയായിരുന്നു. ഇമാം അബൂഹനീഫ(റ) അതിബുദ്ധിമാനായിരുന്നു. പ്രമാണ അപഗ്രഥത്തിനും മറ്റും സമർത്ഥനായിരുന്നു. ഇമാം അഹ്മദി(റ)ന്റെ വ്യക്തിത്വവും ഭിന്നമായിരുന്നില്ല. എന്നാൽ ശാഫിഈ(റ) ബുദ്ധിവൈഭവം, സമർത്ഥനം, രചനാപാടവം, വിജ്ഞാന ശേഖരണം തുടങ്ങി എല്ലാറ്റിലും മുന്നിലായിരുന്നു. നിദാനശാസ്ത്രം, കർമശാസ്ത്രം, അറബി സാഹിത്യം, ഖുർആൻ വ്യാഖ്യാനം, ഹദീസ്-ഫിഖ്ഹ് പ്രമാണങ്ങൾ, കവിതകൾ എന്നീ വിഷയങ്ങളിലെല്ലാം ഇമാം ശാഫിഈ(റ) കഴിവുതെളിയിച്ചു. ശിഷ്യനായ ഇമാം അഹ്മദ്ബ്‌നു ഹമ്പൽ(റ), ഇമാം ശാഫിഈ(റ)ന് നൽകിയ സാക്ഷ്യപത്രം ഇങ്ങനെ: പേനയും മഷിക്കുപ്പിയും പിടിച്ച എല്ലാവർക്കും ഇമാം ശാഫിഈ(റ)നോട് അനൽപമായ കടപ്പാടുണ്ട്. കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ ഇമാം ശാഫിഈ(റ)യുടേതല്ലാത്ത ഒന്നും ഞാൻ നോക്കിയിട്ടില്ല (അൽഹിൽയ 9/139).

ഇമാം ശാഫിഈ(റ)യുടെ ഗ്രന്ഥങ്ങൾക്ക് വിജ്ഞാന ലോകത്ത് എന്നും സ്വീകാര്യതയും മഹത്ത്വവുമുണ്ട്. സമകാലികനായ പ്രമുഖ പണ്ഡിതൻ ഇസ്ഹാഖുബ്‌നു റാഹവൈഹി ഇമാമിന്റെ അൽ രിസാല എത്തിച്ചുകൊടുക്കാൻ അഹ്മദുബ്‌നു ഹമ്പൽ(റ)ന് കത്തെഴുതിയതും അയച്ചു കൊടുത്തതും ചരിത്രം സാക്ഷ്യപ്പെടുത്തി. ഇമാമിന്റെ ഗ്രന്ഥങ്ങൾക്കു ലഭിച്ചതു പോലുള്ള അംഗീകാരം വിജ്ഞാന ദാഹികളിൽ നിന്ന് ഇതര പണ്ഡിതർക്കു ലഭിച്ചത് വളരെ കുറവാണ്. അദ്ദേഹത്തെ പഠിക്കാനും പകർത്തിയെഴുതാനും ഓടിയെത്തിയവരുടെ എണ്ണം ചെറുതല്ല. ശാഫിഈ(റ)യിൽ നിന്നു പകർത്തിയവർക്കും വലിയ സ്വീകാര്യത ലഭിച്ചു. പ്രഥമ ശിഷ്യൻ ഇമാം റബീഅ്(റ)ന്റെ സന്നിധിയിൽ പിൽക്കാലത്തു വലിയ തിരക്കനുഭവപ്പെട്ടു. ആയിരക്കണക്കിന് വാഹനങ്ങൾ ഒരേ സമയം ഇമാം റബീഇന്റെ വീട്ടുപടിക്കൽ നിറുത്തിയിട്ടിരുന്നതായി അതിന് സാക്ഷികളായവർ രേഖപ്പെടുത്തിയത് ഇമാം നവവി(റ) തഗ്ദീബുൽ അസ്മാഇ വല്ലുഗാത്തിൽ (1/48) എഴുതിയിട്ടുണ്ട്.

പ്രമുഖ പണ്ഡിതനായ ഇസ്ഹാഖുബ്‌നു റാഹവൈഹി(റ) തന്റെ അനുഭവം പങ്കുവെക്കുന്നു: അദ്ദേഹം ഖുറാസാനിലെ മർവയിൽ നിന്ന് ഒരു പണ്ഡിതന്റെ മകളെ വിവാഹം ചെയ്തു. ആ പണ്ഡിതന്റെയടുത്ത് ഇമാം ശാഫിഈയുടെ നിരവധി ഗ്രന്ഥങ്ങളുണ്ടായിരുന്നു. അത് മോഹിച്ച് മാത്രമായിരുന്നു ആ വിവാഹം നടന്നത് (സിയറു അഅ്‌ലാമിന്നുബലാ, ദഹബി, 160).

ഇമാം ബുഖാരി(റ), ഇമാം മുസ്‌ലിം(റ), അബൂദാവൂദ്(റ), തിർമുദി(റ), നസാഈ(റ) എന്നിവരുടെ ഗുരുനാഥനും ഇമാം മാലിക്(റ), ഇമാം ലൈസ്(റ) എന്നിവരുടെ പ്രധാന ശിഷ്യനുമായ പ്രമുഖ പണ്ഡിതൻ ഇബ്‌നുസഈദ്(റ) പറഞ്ഞു: ഇമാം ശാഫിഈ(റ)യുടെ എല്ലാ രചനകളും എനിക്ക് ലഭിക്കുന്നുവെങ്കിൽ അവയെല്ലാം ഞാൻ പകർത്തി എഴുതുമായിരുന്നു. ഇമാമിന്റെ രചനയേക്കാൾ ഫലപ്രദമായ മറ്റൊന്ന് എന്റെ ശ്രദ്ധയിൽ പെട്ടിട്ടില്ല (തഹ്ദീബ്, ഇമാം നവവി 1/60).

ഒരാളുടെ ഗ്രന്ഥത്തിനും ജ്ഞാനത്തിനും അംഗീകാരം ലഭിക്കുകയെന്നത് മഹാ അനുഗ്രഹമാണ്. അത്തരത്തിൽ വലിയൊരു അനുഗ്രഹമാണ് ഇമാമിന് ലഭിച്ചത്. മഹാന്റെ ത്യാഗത്തിനും വിജ്ഞാന തൃഷ്ണക്കും പ്രതിബദ്ധതയും ആത്മാർത്ഥതയുടെ തിളക്കവുമുണ്ടായിരുന്നതിനാലാണിത്. ഇമാം ശാഫിഈ(റ)യുടെ വിജ്ഞാനങ്ങൾ അന്നുമുതൽ ഇന്നുവരെയും ലോകത്തുടനീളം കൈമാറ്റങ്ങൾ തുടരുകയാണ്. പഠനങ്ങളും ചർച്ചകളും ഇമാമിന്റെ ഫിഖ്ഹീ പ്രമാണങ്ങൾ അവലംബിച്ചുകൊണ്ടുള്ള രചനകളും നടക്കുന്നു. ഇത് ചെറിയൊരു അനുഗ്രഹമല്ലല്ലോ?

രചനാശൈലി

വളരെ കുറഞ്ഞ കാലയളവിനുള്ളിൽ വിവിധ വിജ്ഞാന ശാഖകളിൽ നടത്തിയ രചനകളാണ് ഇമാമിന്റേത്. വേഗത്തിൽ ആശയങ്ങൾ സ്വരൂപിക്കാനും രചന നടത്താനും ഇമാമിന് പ്രത്യേക കഴിവുണ്ടായിരുന്നു. യൂനുസ്ബ്‌നു അബ്ദുൽ അഅ്‌ല പറയുന്നു: ഇമാം ശാഫിഈ(റ) വളരെ പെട്ടെന്ന് ഗ്രന്ഥരചന നടത്തുമായിരുന്നു. രാവിലെ തുടങ്ങി ഉച്ചയാവുമ്പോഴേക്ക് രചന പൂർത്തിയാക്കിയതായി എനിക്കറിയാം.

കഠിനമായ അർശസ്സ് രോഗിയായിരുന്നു ഇമാം. അതിന്റെ ശക്തമായ വേദനയും അസ്വസ്ഥതകളും സഹിച്ചാണ് രചനകൾ നടത്തിയിരുന്നത്. ഇമാം റബീഅ് പറയുന്നു: ‘ഇമാം ശാഫിഈ(റ) ഈജിപ്തിൽ താമസിച്ചത് നാലു വർഷമാണ്. നിരവധി ഗ്രന്ഥങ്ങൾ ഇക്കാലത്ത് വിരചിതമായി. രോഗത്തിന്റെ പ്രയാസം കാരണം വസ്ത്രത്തിലും മറ്റും രക്തം കാണാമായിരുന്നു. സദസ്സിൽ നിന്നെണീറ്റ് പോകുമ്പോൾ പുതപ്പ് കൊണ്ട് മൂടിപ്പുതക്കുന്നത് ഞാൻ പലപ്പോഴും കണ്ടിട്ടുണ്ട്. രക്തസ്രാവം കഠിനമാവുമ്പോഴാണ് ഇങ്ങനെ ചെയ്യുക. രക്തം പള്ളിയിലാകാതിരിക്കാൻ തളിക വെച്ചുകൊടുക്കും. കട്ടിയുള്ള വിരിപ്പും വിരിച്ചുകൊടുക്കും. അങ്ങനെ ദീർഘസമയം ഉസ്താദ് എഴുതും.’

ഇമാം ഹാകിം(റ) പറയുന്നു: ഇമാം ശാഫിഈ(റ) പള്ളിയിലെ ഒരു തൂണിൽ ചാരിയിരുന്നാണ് രചനകൾ നടത്തിയിരുന്നത്. കട്ടിയുള്ള ഒരു വിരിപ്പ് വിരിക്കാറുണ്ട്. അതിൽ മുഖം കുനിച്ചിരുന്നാണ് ചിലപ്പോൾ എഴുതിയിരുന്നത്. അത്രക്ക് അവശതയനുഭവപ്പെട്ടിരുന്നു പലപ്പോഴും ഇമാമിന്.

പ്രമുഖ ശിഷ്യൻ ഹുമൈദി(റ) ഈജിപ്തിലെ അനുഭവം ഇങ്ങനെ കുറിക്കുന്നു: ഇമാം ശാഫിഈയോട് ബന്ധപ്പെടാൻ ഞാൻ ഈജിപ്തിലെത്തി. ഞങ്ങൾ ഒരേ കെട്ടിടത്തിലാണ് താമസിച്ചിരുന്നത്. ഇമാം മുകളിലുമായിരുന്നു. ചില ദിവസങ്ങളിൽ രാത്രി വൈകിയും ഇമാമിന്റെ താമസ സ്ഥലത്ത് നിന്ന് വിളക്ക് പ്രകാശിക്കുന്നത് കാണാം. ഒരു ദിവസം വെളിച്ചം കണ്ടു. ഞാൻ ചെന്നുനോക്കി. എന്നെ കണ്ട ഇമാം അടുത്തേക്ക് വിളിച്ചു കാര്യമന്വേഷിച്ചു. ഞാൻ ചോദിച്ചു; എന്താണീ നട്ടപ്പാതിരാ സമയത്തും വിളക്ക് കത്തിച്ച് കുറിക്കുന്നത്. ഇമാം പറഞ്ഞു: ഞാൻ കിടന്ന് ആലോചിച്ചപ്പോൾ ചില ഹദീസുകളിൽ അടങ്ങിയ മസ്അലകൾ എനിക്ക് വ്യക്തമായി. അത് കുറിച്ചിടാൻ വേണ്ടിയാണ് ഇപ്പോൾ വിളക്ക് കത്തിച്ചത് (അൽഹിൽയ 9/96).

അംഗീകാരങ്ങൾ

ഇമാമിന്റെ ഗ്രന്ഥങ്ങൾക്ക് സമകാലികരും പിൽക്കാല പണ്ഡിതന്മാരും നൽകിപ്പോന്ന പരിഗണന വിശ്രുതമാണ്. അത് ബഹുമുഖ പ്രതിഭകളുടെ സാന്നിധ്യമുള്ള കാലമായിരുന്നു. അവരിലൊരാൾ പോലും ഇമാമിനെ അംഗീകരിക്കാതിരുന്നിട്ടില്ല. പിൽക്കാലത്തും അങ്ങനെതന്നെ. ഇമാം അബൂഫൗർ(റ) പറഞ്ഞു: ശാഫിഈ ഇമാമിനെ പോലെ മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല. എന്തിനധികം, ഇമാം ശാഫിഈ പോലും തന്നെപ്പോലെ വേറെ ഒരാളെ കണ്ടിട്ടുണ്ടാവില്ല (താരീഖ് ഇബ്‌നു അസാകിർ 14/11). ഇമാം അഹ്മദുബ്‌നു ഹമ്പൽ(റ) പറഞ്ഞത് ഇങ്ങനെ: ഹദീസിന്റെ വക്താക്കൾക്ക് ഇമാം ശാഫിഈ(റ)യുടെ ഗ്രന്ഥങ്ങൾ വായിച്ചാൽ ഒരിക്കലും എഴുതിത്തീരില്ല (സിയറു അഅ്‌ലാമിന്നുബലാഅ് 10/52).

ഇമാം റബീഅ് പറഞ്ഞു: ശാഫിഈ(റ) രാത്രിയെ മൂന്നായി ഭാഗിക്കും. ആദ്യ ഭാഗം രചനക്കും രണ്ടാം ഭാഗം വിശ്രമത്തിനും ബാക്കി ഭാഗം നിസ്‌കാരത്തിനും (ഹിൽയതുൽ ഔലിയ 9/135).

ഇമാം ശാഫിഈ(റ)യുടെ കാര്യം മഹാത്ഭുതമാണ്. അദ്ദേഹത്തിന്റെ നാവിന് രചനകളേക്കാൾ മൂർച്ചയുണ്ട്. നിങ്ങൾ അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടിരുന്നുവെങ്കിൽ തീർച്ചയായും നിങ്ങൾ പറയും, ഇതൊന്നും അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങളല്ലെന്ന്. സംവാദത്തിലും പ്രഭാഷണത്തിലും ഇമാം ഉപയോഗിച്ചിരുന്ന ഭാഷയിൽ രചനകൾ നടത്തിയിരുന്നുവെങ്കിൽ ആർക്കും അത് ഉൾക്കൊള്ളാനും ഗ്രഹിക്കാനും കഴിയുമായിരുന്നില്ല (ഇമാം ബൈഹഖി, മനാഖിബുശ്ശാഫിഈ 2/49).

ഇമാം ഹുമൈദി: ഈ കാലത്തെ പണ്ഡിതന്മാരുടെ നേതൃത്വമാണദ്ദേഹം. കർമശാസ്ത്ര വിശാരദന്മാരുടെ നേതാവുമാണ് (ഇമാം നവവി, തഹ്ദീബ് 1/62). ശൈഖ് ജുനൈദ്: മതവിഷയങ്ങളിൽ സൂക്ഷ്മമായി കാര്യങ്ങൾ വിവരിക്കുന്ന ജ്ഞാനികളിൽ പെട്ടയാളാണ് ഇമാം ശാഫിഈ (ഹാഫിള് ഇബ്‌നുഹജർ, തവാലീത്തഅ്‌സീസ്/61). ഇമാം അബൂദാവൂദ്: ഇമാം ശാഫിഈ(റ)ന് ഒരു ഹദീസിലെങ്കിലും വീഴ്ച പിണഞ്ഞതായി എനിക്കറിയില്ല (താരീഖ് ഇബ്‌നു അസാകിർ 3/15).

ഇമാമിന്റെ രചനകളെ കുറിച്ചും അവയുടെ ഗാംഭീര്യതയെയും കുറിച്ച് സംസാരിക്കുന്ന പ്രശസ്തരായ എത്രയോ പണ്ഡിതന്മാരെ ചരിത്രത്തിലുടനീളം നമുക്ക് കണ്ടെത്താനാവും. വിശ്വപ്രശസ്തരായ ഇമാം നവവി, ഇമാം റാഫിഈ, ഇമാം മുഗ്‌നി, ഇമാം മഹല്ലി, ഇമാം സുയൂഥി, ഇമാം ഇബ്‌നുഹജർ, ഇമാം സുബ്കി, ഇമാമുൽ ഹറമൈനി, ഇമാം അബൂ ഇസ്ഹാഖ് ശീറാസി, ഇമാം മാവർദി(റ) തുടങ്ങിയ ആയിരക്കണക്കിന് പണ്ഡിതന്മാർ ജീവിച്ചത് തന്നെ ഇമാം ശാഫിഈ(റ)യുടെ വിജ്ഞാനം പകർത്താനും പ്രചരിപ്പിക്കാനും വ്യഖ്യാനിക്കാനുമാണ്. ഇമാമിന്റെ ജ്ഞാനങ്ങൾ ഒപ്പിയെടുത്ത് രചനകളുടെ എണ്ണം വളരെ വലുതായിരുന്നു. പ്രഗത്ഭരായ പലരും നിസ്‌കാരത്തിലെ സുജൂദിൽ പോലും ഇമാം ശാഫിഈക്ക് വേണ്ടി പ്രാർത്ഥന നടത്തി കടപ്പാടുകൾ നിർവഹിച്ചവരായിരുന്നു. വിജ്ഞാന പ്രചാരണത്തിനും ദീനീ പ്രബോധനത്തിനും മഹാൻ സഹിച്ച ത്യാഗത്തിന്റെയും സേവനത്തിന്റെയും ഗുണഫലമാണ്.

അബ്ദുറഹ്മാൻ ദാരിമി സീഫോർത്ത്‌

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ