പ്രത്യേക ശൈലിയില്‍ മറ്റുള്ളവരിലേക്ക് ആശയങ്ങള്‍ കൈമാറുന്ന കലയാണ് പ്രഭാഷണം. മുപ്പതു ശതമാനം പ്രതിഭാത്വവും എഴുപത് ശതമാനം അധ്വാനവും കൂടിച്ചേരുമ്പോള്‍ ഒരു നല്ല പ്രഭാഷകനുണ്ടാവുന്നു. ആശയവിനിമയത്തില്‍ പ്രസംഗകലക്ക് അത്ഭുതകരമായ സ്വാധീന ശക്തിയുണ്ട്. സദസ്യരെ തന്റെ ആശയ പ്രപഞ്ചത്തിലേക്ക് കൊണ്ടുവരാന്‍ ഒരു നല്ല പ്രസംഗകന് അല്‍പ സമയം മതി.
പ്രഭാഷകന്റെ നോട്ടം, മുഖഭാവം, ആംഗ്യം, പദവിന്യാസം, വിഷയ ക്രമീകരണം, അവതരണ ശൈലി ഇവയെല്ലാം ഹൃദ്യമാവുമ്പോഴാണ് പ്രഭാഷണം ആകര്‍ഷണീയമാവുന്നത്. ആസ്വാദനത്തോടൊപ്പം വിപ്ലവകരമായ മാറ്റത്തിനു പ്രചോദനമേകാനും പ്രഭാഷണത്തിനു സാധിക്കുന്നു. നബി(സ്വ) പറഞ്ഞു: ‘തീര്‍ച്ചയായും സംസാരത്തിന് മാസ്മരശക്തിയുയണ്ട്.’
പത്തുലക്ഷം രൂപ പലരെയും കണ്ട പിരിച്ചെടുക്കണമെങ്കില്‍ ചിലപ്പോള്‍ ആഴ്ചകള്‍ നീണ്ട കഠിനാധ്വാനം വേണ്ടിവരും. എന്നാല്‍ ലക്ഷണമൊത്ത ഒരു പ്രഭാഷകന് അല്‍പ സമയം കൊണ്ട് ഇതു സാധ്യമാവും. സമൂഹത്തില്‍ അശാന്തി പടര്‍ത്തുന്ന കുപ്രചാരണങ്ങളെ തിരുത്താനും, തെറ്റിദ്ധാരണകള്‍ നീക്കാനും പ്രഭാഷണത്തെയാണ് പലപ്പോഴും ആശ്രയിക്കാറുള്ളത്. ഈ കലയുടെ സ്വാധീന ശക്തി തിരിച്ചറിഞ്ഞതുകൊണ്ടാണ് എല്ലാ മതവിഭാഗങ്ങളും രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇതര സംഘടനകളും പ്രഭാഷകര്‍ക്ക് പരിഗണന നല്‍കുന്നത്.
മഹല്ല്ജമാഅത്ത്, മതസ്ഥാപനങ്ങള്‍, മത, സാമൂഹിക, സാംസ്കാരിക സംഘടനകള്‍, രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ തുടങ്ങിയവയുടെയെല്ലാം തലപ്പത്തിരിക്കുന്നവര്‍ക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട നേതൃഗുണങ്ങളിലൊന്നാണ് പ്രഭാഷണകല. പ്രസംഗവൈഭവമില്ലാത്തവര്‍ നേതൃരംഗത്തേക്ക് ഉയര്‍ന്നുവരിക അത്യപൂര്‍വമാണ്.
പ്രഭാഷണത്തികവുള്ള നേതാക്കള്‍ക്ക് വിപ്ലവം സൃഷ്ടിക്കാന്‍ കഴിയുന്നതു പോലെത്തന്നെ വിവാദം സൃഷ്ടിക്കാനും കഴിയും. ഈ വജ്രായുധത്തെ സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ വന്‍ പതനത്തിനു കാരണമാവും. മിക്ക വിവാദ നായകന്മാരും പ്രഭാഷകരായിരിക്കുന്നതിന്റെ കാരണവും ഇതാണ്.
ചരിത്ര പ്രസംഗങ്ങള്‍
ചില പ്രഭാഷണങ്ങള്‍ സൃഷ്ടിക്കുന്ന പ്രചോദനങ്ങള്‍ കാലത്തെ അതിജയിക്കുന്നതായിരിക്കും. അന്ത്യപ്രവാചകര്‍(സ്വ) ഹജ്ജതുല്‍ വദാഇല്‍ അറഫയില്‍ വെച്ചു നടത്തിയ പ്രഭാഷണം ഒരുദാഹരണം. മനുഷ്യാവകാശങ്ങള്‍, സാമ്പത്തിക സമത്വം, സ്ത്രീസംരക്ഷണം, മാനവികത തുടങ്ങിയ വിഷയങ്ങളിലെല്ലാം ചരിത്ര പ്രാധാന്യമുള്ള പ്രഖ്യാപനം നടത്തിയ ഈ പ്രഭാഷണം, സത്യദീന്‍ സന്പൂര്‍ത്തീകരിക്കപ്പെട്ടതായി അറിയിക്കുകയും, ഈ മഹത്തായ സന്ദേശം മറ്റുള്ളവര്‍ക്ക് കൂടി പകര്‍ന്നു നല്‍കാന്‍ ആഹ്വാനം ചെയ്തുകൊണ്ടുമാണ് അവസാനിപ്പിക്കുന്നത്. ഒരു ലക്ഷത്തി പതിനായിരത്തിലധികം സ്വഹാബികള്‍ ആ പ്രസംഗം നേരില്‍ ശ്രവിക്കുകയുണ്ടായി.
ഇവരില്‍ പലരും ഹജ്ജ് കഴിഞ്ഞ് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകാതെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കായി മറ്റു നാടുകളിലേക്ക് നീങ്ങുകയായിരുന്നു. നാട്ടിലേക്ക് തിരിച്ചുപോയവരില്‍ പലരും പിന്നീട് ദഅ്വത്തിനു വേണ്ടി, കുടുംബസമേതവും അല്ലാതെയും ഇതര നാടുകളിലേക്ക് യാത്രപോയി. കേവലം പതിനായിരത്തോളം സ്വഹാബികള്‍ മാത്രമാണ് അറബ് മണ്ണില്‍ അന്ത്യവിശ്രമം കൊള്ളുന്നതെന്ന് ചരിത്രകാരന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഈ പ്രവാചക പ്രഭാഷണത്തിന്റെ പ്രചോദനമുള്‍ക്കൊണ്ട് മതപ്രബോധനത്തിലായി ജീവിതം സമര്‍പ്പിക്കാന്‍ സ്വഹാബത്ത് തയ്യാറായതുകൊണ്ടാണ് ഇതര ദേശങ്ങളില്‍ അവര്‍ക്ക് ഖബറൊരുക്കപ്പെട്ടത്. ആയിരത്തി നാനൂറിലധികം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പ്രബോധനമെന്ന ആഹ്വാനം വിശ്വാസികള്‍ നെഞ്ചേറ്റിയതും ഈ പ്രഭാഷണത്തിന്റെ ശക്തി തെളിയിക്കുന്നതാണ്.
സിദ്ദീഖ്(റ)ന്റെ പ്രഭാഷണം
തിരുനബി(സ്വ)യുടെ വഫാത്ത് ഉള്‍ക്കൊള്ളാനാവാതെ പ്രമുഖ സ്വഹാബികള്‍ വരെ പകച്ചുനില്‍ക്കുന്ന സന്ദര്‍ഭം. തിരുശരീരം മറമാടുന്നതിനു മുന്പ് പുതിയ ഭരണാധികാരിയെ പ്രഖ്യാപിക്കണം. ദുഃഖം തളംകെട്ടി നില്‍ക്കുന്ന അന്തരീക്ഷം. അതിനിടക്കാണ് മദീനയിലെ ഔസും ഖസ്റജും അവര്‍ക്കിടയില്‍ നിന്നും മദീനയുടെ ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ വേണ്ടി ബനൂസാഇദാ പന്തലില്‍ യോഗം ചേര്‍ന്നത്. പ്രമുഖ മുഹാജിറുകളെയും കൂട്ടി അബൂബക്കര്‍(റ) അവിടെ ചെന്നു. അദ്ദേഹം ചെയ്ത ഉജ്ജ്വല പ്രഭാഷണം അനൈക്യത്തിന്റെ വാതിലുകളെല്ലാം അടക്കുന്ന വിധത്തിലായിരുന്നു. ഒറ്റ മനസ്സോടെ നേതാവിനെ തെരഞ്ഞെടുക്കാന്‍ അത് വഴിയൊരുക്കി. ഈ പ്രഭാഷണമാണ് വഴിത്തിരിവായത്. അല്ലെങ്കില്‍ മുസ്ലിം ലോകത്തിന്റെ ചരിത്രം മറ്റൊന്നാകുമായിരുന്നു.
ത്വാരിഖ്ബ്നു സിയാദിന്റെ പ്രഭാഷണം
ചരിത്രത്തില്‍ വിപ്ലവഗാഥകള്‍ എന്പാടും പറയാനുണ്ട് മുസ്ലിം സ്പെയ്നിന്. അന്ധകാരത്തില്‍ കഴിഞ്ഞിരുന്ന യൂറോപ്പിന് വൈജ്ഞാനിക പ്രകാശം പകര്‍ന്നു നല്‍കുകയും ആധുനിക ശാസ്ത്രീയ പുരോഗതികള്‍ക്കെല്ലാം നാന്ദികുറിക്കുകയും ചെയ്തത് മുസ്ലിംകള്‍ സ്പെയ്നില്‍ കാലുകുത്തിയതോടെയാണ്.
ഇതിനു നേതൃത്വം നല്‍കിയ ത്വാരിഖ്ബ്നു സിയാദ് ജിബ്റാള്‍ട്ടര്‍ കടലിടുക്ക് കടന്ന് തന്റെ ചെറിയ സൈന്യത്തെയുമായി സ്പെയിനിലേക്ക് പ്രവേശിച്ചു. ശേഷം തങ്ങളുടെ കപ്പലുകള്‍ക്ക് തീയിട്ടു. അങ്ങനെ വന്ന നാട്ടിലേക്ക് തിരികെ പോകാനുള്ള മോഹം പോലും തന്റെ സേനക്കു ഹൃത്തടത്തില്‍ നിന്നു മായ്ച്ചുകളഞ്ഞു. തുടര്‍ന്നദ്ദേഹം ഐതിഹാസികമായ ആ പ്രഭാഷണം നടത്തി: ‘ജനങ്ങളേ, ഇനി എങ്ങോട്ടാണ് നമുക്ക് ഓടിപ്പോകാനുള്ളത്? നമ്മുടെ മുന്പില്‍ ഒരു ലക്ഷം വരുന്ന സ്പാനിഷ് പടയാണ് അണിനിരന്നിരിക്കുന്നത്. പിന്നില്‍ ആഴമുള്ള കടലുമാണ്. നമുക്കുമുന്പില്‍ രണ്ടു മാര്‍ഗമേയുള്ളൂ. ഒന്നുകില്‍ വിജയം, അല്ലെങ്കില്‍ ധീര രക്തസാക്ഷിത്വം…’
കോരിത്തരിപ്പിക്കുന്ന ആ പ്രസംഗം സൈനികരെ സമര്‍പ്പണ സജ്ജരാക്കി. പിന്നീടു കണ്ടത് ഒരു മഹാത്ഭുതമായിരുന്നു. ഈ കൊച്ചു സേന ലക്ഷം പടയാളികളെ അവരുടെ മണ്ണില്‍ വെച്ചു പരാജയപ്പെടുത്തി. ദൈവിക നീതി എന്നതിനൊപ്പം അദ്ദേഹത്തിന്റെ പ്രഭാഷണം കൂടി അതിനു നിമിത്തമായി.
ഇങ്ങനെ പ്രഭാഷണ കല ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇതിഹാസങ്ങള്‍ തീര്‍ക്കുകയാണ്. സംഘടനാ പ്രവര്‍ത്തനത്തില്‍ നേതാക്കള്‍ക്കു മാത്രമല്ല, സാധാരണ പ്രവര്‍ത്തകര്‍ക്കും അവശ്യം വശത്താക്കേണ്ട ശേഷിയായി ഈ കല മാറിയിരിക്കുന്നു. വേണ്ടവിധം ശ്രദ്ധകൊടുത്താല്‍ ആര്‍ക്കുമൊരു നല്ല പ്രസംഗകനാവാം.

റഹ്മതുല്ലാഹ് സഖാഫി എളമരം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ