സംരക്ഷിത പൈതൃക മേഖലയും വിനോദസഞ്ചാര കേന്ദ്രവുമാണ് ഫോർട്ട് കൊച്ചി. ചരിത്രം മിഴി തുറന്നിരിക്കുന്ന പ്രദേശം. കൊച്ചി നഗരത്തിന്റെ പടിഞ്ഞാറു ഭാഗമായ ഫോർട്ട് കൊച്ചി ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ ടൗൺഷിപ്പാണ്. 1503ൽ പണിത ഇമ്മാനുവേൽ കോട്ടയുടെ ശിഷ്ടഭാഗങ്ങൾ, ഡച്ച് സെമിത്തേരി, താക്കൂർ ഹൗസ് (കുന്നേൽ ബംഗ്ലാവ്), ഡേവിഡ് ഹാൾ, സാന്റാക്രൂസ് ബസിലിക്ക, പുരാതന ക്രിസ്ത്യൻ പള്ളിയായ സെന്റ് ഫ്രാൻസിസ്, വാസ്‌കോഡ ഗാമ ചത്വരം, ചീന വലകൾ തുടങ്ങി ഫോർട്ട് കൊച്ചിക്ക് ധാരാളം സ്മാരകങ്ങൾ ഹാരം ചാർത്തുന്നു.
അഴിമുഖത്തിന് അഭിമുഖമായി പോർച്ചുഗീസുകാർ കോട്ട സ്ഥാപിച്ചതുകൊണ്ട് ഈ പ്രദേശത്തെ നാട്ടുകാർ കോട്ട കൊച്ചി എന്നു വിളിച്ചു. ബ്രിട്ടീഷ് ഭരണകാലത്ത് ബ്രിട്ടീഷ് കൊച്ചി എന്നും അറിയപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം കേരള സംസ്ഥാനം രൂപീകൃതമായ ശേഷമാണ് കോട്ട എന്ന പ്രാദേശിക പ്രയോഗത്തിന്റെ ആംഗലേയമായ ഫോർട്ട് ചേർത്ത് ഫോർട്ട് കൊച്ചി എന്ന് പ്രസിദ്ധമായി.
ആൾപ്പാർപ്പില്ലാത്തിടത്തൊരു പള്ളി
ഭൂരിപക്ഷം ക്രിസ്ത്യാനികളാണെങ്കിലും മുസ്‌ലിംകൾക്കും ഗണ്യമായ സ്വാധീനമുള്ള പ്രദേശമാണ് ഫോർട്ട് കൊച്ചി. ഹനഫികളും ശാഫിഈകളും ഇവിടെ ഇടകലർന്നു ജീവിക്കുന്നു. കൽവത്തി പള്ളിയും പട്ടാളം ഹനഫി ജുമാമസ്ജിദും മുസ്‌ലിം പ്രതാപം അനുസ്മരിപ്പിക്കുന്നു. ശൈഖ് ഫരീദ് ഔലിയയുടെ ആത്മീയ ജാഗരണത്തിനു വേദിയായ പ്രദേശം. ശൈഖ് ഉമർ ശാദുലിയുടെ സദസ്സുകൾ ആത്മീയ സാന്ദ്രമാക്കിയ കേന്ദ്രം. പട്ടാണികളും സേട്ടുമാരും നൈനമാരും ഫോർട്ട് കൊച്ചിയുടെ ഗതിനിർണയിച്ചവരിൽ പ്രധാനികളാണ്. വഹാബികൾ ആഘോഷിക്കാറുള്ള മക്തി തങ്ങളുടെ ഖബറും ഇവിടെ കാണാം.
ഖബർസ്ഥാനോടു കൂടിയുള്ള കൊച്ചിയിലെ പ്രധാനപ്പെട്ട മൂന്നു മസ്ജിദുകളിൽ ഒന്നാണ് കൽവത്തി പള്ളി. ചെമ്പിട്ട പള്ളിയും മുഹിയുദ്ദീൻ പള്ളിയുമാണ് മറ്റു രണ്ടു മസ്ജിദുകൾ. കൊച്ചിയിലെ നവോത്ഥാന മുന്നേറ്റങ്ങൾക്ക് ചുക്കാൻ പിടിച്ച കേന്ദ്രങ്ങളാണിവ. നിരവധി സാമുദായിക നായകന്മാർ ഈ പള്ളികൾക്ക് ചുറ്റും അന്തിയുറങ്ങുന്നു. കൽവത്തി മുസ്‌ലിം ജമാഅത്തിന് രണ്ടായിരത്തോളം അംഗങ്ങളുണ്ട്. ആറോളം സുന്നി മദ്‌റസകളുമുണ്ട്.
പരമ്പരാഗത ശിൽപ മാതൃകയിൽ നിർമിച്ച പൗരാണിക പള്ളിയാണ് ഫോർട്ട് കൊച്ചിയിലെ കൽവത്തി മസ്ജിദ്. വിജന പ്രദേശം എന്നർത്ഥമുള്ള ഖൽവത് എന്ന അറബി ശബ്ദം ലോപിച്ചതാണ് കൽവത്ത്. വാണിജ്യാവശ്യാർത്ഥം കൊച്ചിയിലെത്തിയ അറബികളാണ് ഈ പള്ളി നിർമിച്ചത്. കടലും കായലും കൂടിച്ചേരുന്ന ഭാഗത്ത് കരയിൽ നിസ്‌കാരത്തിനായി സ്ഥാപിച്ചതാണ് പള്ളി. അഞ്ചു നൂറ്റാണ്ടിലേറെ പഴക്കം കണക്കാക്കുന്നു. ഏതാണ്ട് 140 വർഷം മുമ്പ് മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിക്കാരൻ കമ്മുക്കുട്ടി എന്നയാളാണ് ഇന്ന് കാണുന്ന നിലയിൽ പള്ളി പുനരുദ്ധാരണം നടത്തിയത്. ആളൊഴിഞ്ഞ പ്രദേശത്തെ പള്ളിയായതിനാൽ ആരാധനകളിൽ മുഴുകി ഏകാന്ത ജീവിതം നയിക്കാൻ പലരും ഇവിടം തിരഞ്ഞെടുത്തിരുന്നു.
ഏകാന്തതയുടെ തോഴനായ ഫരീദ് ഔലിയ
ഫോർട്ട് കൊച്ചിയുടെ ആത്മീയ വിളക്കാണ് പ്രസിദ്ധ സൂഫിവര്യനും പണ്ഡിതനുമായ ശൈഖ് ഫരീദുദ്ദീൻ(ന.മ). മർഹും ആലുവായി അബൂബക്കർ മുസ്‌ലിയാരുടെ ആത്മീയ ഗുരുവായിരുന്നു ഇദ്ദേഹം. പാലങ്കടവ് എന്ന സ്ഥലത്താണ് ജനിച്ചത്. വിജ്ഞാന സമ്പാദനം ലക്ഷ്യമാക്കി പൊന്നാനിയിൽ താമസമാക്കി. യഥാർത്ഥ മനുഷ്യനാക്കി മരിപ്പിക്കേണമേ എന്നതായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രാർത്ഥനയത്രെ. ഇമാം ഗസ്സാലി(റ)യുടെ മിൻഹാജുൽ ആബിദീൻ എന്ന ഗ്രന്ഥമാണ് ആത്മീയ ജീവിതത്തിലേക്ക് വഴിതിരിച്ചുവിട്ടത്. പൊന്നാനിയിൽ നിന്ന് സ്വദേശത്ത് മടങ്ങിയെത്തിയ അദ്ദേഹം തന്റെ രണ്ട് സഹോദരിമാരോടു കൂടെ കൊച്ചി പള്ളുരുത്തിയിലേക്ക് താമസം മാറ്റി. സഹോദരിമാരെ വിവാഹം ചെയ്തയച്ച ശേഷം താനൂരിലേക്ക് കുടിയേറി.
പരിവ്രാചകരുടെ ജീവിതമായിരുന്നു അദ്ദേഹം നയിച്ചിരുന്നത്. കടൽതീരത്ത് നട്ടുച്ചക്കും തീ കാഞ്ഞിരുന്നു. ജനങ്ങൾ അദ്ദേഹത്തിന് ചിരട്ടകൾ സമ്മാനിച്ചിരുന്നു. ഒരു ദിവസം തന്റെ കൂടെയുള്ളവരോട് ‘സെയ്താലിയുടെ റൂഹ് അതാ പോകുന്നു’ എന്ന് അദ്ദേഹം പറയുകയുണ്ടായി. ആർക്കും അപ്പോൾ അതിന്റെ പൊരുൾ മനസ്സിലായില്ല. മമ്പുറം തങ്ങളുടെ പുത്രൻ ഫസൽ തങ്ങൾ അന്ന് മരണപ്പെട്ട വിവരം പിന്നീടാണ് ജനങ്ങൾ അറിയുന്നത്.
ആത്മീയ പ്രശസ്തി ആരാധനകൾക്കു വിഘ്‌നമായതോടെ അദ്ദേഹം കൊച്ചിയിലെ കൽവത്തിയിലേക്ക് യാത്രയായി. ഇബാദത്തുകളിൽ മുഴുകി ഏകാന്തവാസം നയിച്ചു. ഹി. 1335 റബീഉൽ ആഖർ അഞ്ചിനാണ് വഫാത്ത്. കൽവത്തി ജമാഅത്ത് പള്ളിയുടെ ചാരത്ത് അന്ത്യവിശ്രമം കൊള്ളുന്നു.
ശാദുലി ഹൽഖയിലലിഞ്ഞ്
കൽവത്തി പള്ളിയെ ധന്യമാക്കിയ ആത്മീയ ഗുരുവായിരുന്നു ശൈഖ് ഉമർ ശാദുലി(ന.മ). കണ്ണൂർ തളിപ്പറമ്പാണ് സ്വദേശം. തളിപ്പറമ്പിലെ പ്രസിദ്ധമായ ശാദുലി പള്ളിയുടെ സ്ഥാപകനായ ഇദ്ദേഹം ശാദുലി ത്വരീഖത്തിന്റെ പ്രചാരകനും സൂഫിവര്യനുമായിരുന്നു. കൊച്ചിയിലെത്തിയ ഉമർ ശാദുലി കൽവത്തി പള്ളി കേന്ദ്രമാക്കി ഇസ്‌ലാമിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ ആത്മീയ സദസ്സുകൾ സ്ഥാപിക്കുകയുണ്ടായി. ഹി. 1344 റമളാനിലായിരുന്നു വിയോഗം. ശാദുലി റാതിബിന് നേതൃത്വം നൽകുന്നതിനിടയിലായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ സ്മരണാർത്ഥം സ്ഥാപിക്കപ്പെട്ടതാണ് കൽവത്തി ഉമരിയ്യ ബിൽഡിംഗ്. അതിന് കീഴിൽ സുന്നി വിദ്യാഭ്യാസ ബോർഡിന്റെ മദ്‌റസയും ഹിഫ്‌ളുൽ ഖുർആൻ കോളേജും നടന്നുവരുന്നു.
മക്തി തങ്ങൾ
സമകാലിക മുസ്‌ലിം പൊതുധാരയിൽ നിന്ന് വേറിട്ടു സഞ്ചരിച്ചയാളാണ് സനാഉല്ലാ മക്തി തങ്ങൾ. ജനസമ്മതിയുള്ള സമകാല പണ്ഡിതന്മാരുടെ പിന്തുണ ആർജിക്കാൻ അദ്ദേഹത്തിന് സാധിച്ചില്ല. ബ്രിട്ടീഷുകാരെ മുസ്‌ലിംകൾ പിന്തുണക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബ്രിട്ടീഷ് സർക്കാറിനു കീഴിൽ ഉദ്യേഗസ്ഥനായിരുന്ന അദ്ദേഹത്തെ മലബാറിലുടനീളം അവർ പ്രസംഗിപ്പിച്ചു. എന്നാൽ അധിനിവേശകരുടെ പീഡനങ്ങളേറ്റു പൊറുതിമുട്ടിയ മലബാറിലെ സാധാരണക്കാർക്ക് അദ്ദേഹത്തിന്റെ ബ്രിട്ടീഷനുകൂല പ്രഭാഷണങ്ങൾ ദഹിച്ചില്ല. ബ്രിട്ടീഷ് രാജ്ഞിയെ ആദരിക്കാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ആഴ്ന്നിറങ്ങിയുള്ള മതപഠനം ഉപേക്ഷിച്ച് ഭൗതിക വിദ്യാഭ്യാസം നേടി ബ്രിട്ടീഷുദ്യോഗം വരിക്കാൻ അദ്ദേഹം പ്രേരിപ്പിച്ചു. അറബി മലയാളത്തെ പുച്ഛിച്ചു തള്ളി. പൊന്നാനി പഠനത്തെയും മൗലവി പട്ടത്തെയും വിമർശിച്ചു. മരുമക്കത്തായ സമ്പ്രദായത്തെ എതിർത്തു. തന്റെ ബുദ്ധി അംഗീകരിക്കാത്തതെല്ലാം അദ്ദേഹം കുഫ്‌റാക്കി മുദ്രയടിച്ചു. ഇത്തരം വാദങ്ങൾ കാരണമായിരുന്നു മുസ്‌ലിം മുഖ്യധാരയിൽ അദ്ദേഹത്തിന് ഇടം ലഭിക്കാതിരുന്നത്.
ഗ്രന്ഥകർത്താവ്, പത്രപ്രവർത്തകൻ, പ്രഭാഷകൻ, സാമൂഹ്യ വിമർശകൻ, ബഹുഭാഷാ പണ്ഡിതൻ എന്നീ നിലകളിലെല്ലാം പ്രസിദ്ധി നേടി. 1847ൽ വെളിയങ്കോടായിരുന്നു ജനനം. പിതാവ് സയ്യിദ് അഹമ്മദ്. മാതാവ് ശരീഫ ബീവി. സഖീഫ് കബീല. വെളിയങ്കോട്, മാറഞ്ചേരി, പൊന്നാനി പള്ളിദർസുകളിൽ പഠിച്ചു. അറബി, ഹിന്ദുസ്ഥാനി, പേർഷ്യൻ, തമിഴ് ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു. ബ്രിട്ടീഷ് ഗവൺമെന്റിനു കീഴിൽ കുറച്ചുകാലം എക്‌സൈസ് ഇൻസ്‌പെക്ടറായി. 1912ലായിരുന്നു നിര്യാണം.
ക്രൈസ്തവ മിഷനറിമാരുടെ സാംസ്‌കാരിക അധിനിവേശത്തെ ചെറുക്കുന്നതിൽ മുന്നിൽ നിന്നു. 19ാം നൂറ്റാണ്ടിൽ ബ്രിട്ടന്റെ പിന്തുണയോടെ കേരളത്തിൽ ക്രൈസ്തവർ മിഷനറി പ്രവർത്തനം വ്യാപകമായിരുന്നു. തിരുവിതാംകൂറിൽ ലണ്ടൻ മിഷനും മധ്യകേരളത്തിൽ ചർച്ച് മിഷൻ സൊസൈറ്റിയും മലബാറിൽ സ്വിറ്റ്‌സർലൻഡ് കേന്ദ്രമാക്കിയുള്ള ബാസൽ ഇവാഞ്ചലിക്കൽ മിഷനുമാണ് അക്കാലത്ത് മതപരിവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ്വ)യെയും വിമർശിച്ചും അപകീർത്തിപ്പെടുത്തിയും ധാരാളം പുസ്തകങ്ങളും ലഘുലേഖകളും പ്രസിദ്ധീകരിച്ച് ക്രൈസ്തവർ സൗജന്യമായി വിതരണം നടത്തിയിരുന്നു. പലരെയും മതപരിവർത്തനത്തിന് നിർബന്ധിച്ചു. ഇതിനെതിരെ പ്രതികരിച്ച മക്തി തങ്ങൾ തന്നെ ഖണ്ഡിക്കുന്നവർക്ക് 200 രൂപ ഇനാം പ്രഖ്യാപിച്ചു. വെല്ലുവിളി ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. അദ്ദേഹത്തിന്റെ പുസ്തകങ്ങൾ മൊത്തമായി വിലക്കെടുത്ത് ചുട്ടുകരിക്കുകയാണ് ക്രൈസ്തവ മിഷനറിമാർ ചെയ്തത്.
മുഹമ്മദ് നബി(സ്വ)യെ അവർകൾ, അദ്ദേഹം എന്നൊക്കെ സംബോധന ചെയ്ത വക്കം മൗലവിയുടെ സ്വദേശാഭിമാനിയെ മക്തി തങ്ങൾ എതിർത്തു. മുഹമ്മദ് നബി(സ്വ)യെയും തങ്ങന്മാരെയും ആദരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി രചന നടത്തി. ‘മുഹമ്മദ് നബിയുടെ തിരുപ്പേര് ആശ്രയം കൊണ്ട് ആദം നബി ചെയ്ത പിഴവിനെ പൊറുത്ത രക്ഷിതാവിനോട്’ തവസ്സുൽ ചെയ്ത് പ്രാർത്ഥിക്കുന്ന മക്തി തങ്ങളെ ചരിത്രം പരിചയപ്പെടുത്തുന്നു. മിശ്രവിദ്യാഭ്യാസത്തെ നിശിതമായി വിമർശിച്ച് അദ്ദേഹം രചിച്ച പുസ്തകം അപ്രസക്തമെന്ന് വിശേഷിപ്പിച്ചാണ് സമ്പൂർണ കൃതികളിൽ നിന്ന് പ്രസാധകർ മാറ്റിനിർത്തിയത്.
ഉപ്പുപള്ളിയും മഹ്‌ളറ തക്യാവും
ഫോർട്ട് കൊച്ചിയുടെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ ഇന്നും നിലനിൽക്കുന്ന ചരിത്ര അടരുകളാണ് ഉപ്പുപള്ളിയും മഹ്‌ളറ തൈകാവും. കൽവത്തി പള്ളിയിൽ നിന്ന് അഞ്ഞൂറു മീറ്ററിനുള്ളിലായി സ്ഥിതിചെയ്യുന്ന നൂറ്റാണ്ടുകളുടെ പഴക്കമുള്ള രണ്ടു നിസ്‌കാര പള്ളികളാണ് ഇവ. ശാദുലി ത്വരീഖത്തുകാർ ആത്മീയ സഭകൾക്ക് സൗകര്യപ്പെടുത്തിയ തഖ്യാവാണ് മഹ്‌ളറ. പിന്നീടത് നിസ്‌കാരപ്പള്ളിയായി ഉപയോഗിക്കുകയായിരുന്നു.
പ്രാചീന മാതൃകയിൽ നിലനിൽക്കുന്ന അപൂർവം നിസ്‌കാര പള്ളികളിലൊന്നാണ് ഉപ്പുപള്ളി. ഇരുന്നൂറു വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്നു. കൽവത്തി പള്ളിയിലെയും മഹ്‌ളറ തൈകാവിലെയും കിണറുകളിൽ ശുദ്ധജലം ലഭിക്കുമ്പോൾ ഇവിടെ മാത്രം ഉപ്പ് ജലം ലഭിക്കുന്നു. അതുകൊണ്ടാണ് ഉപ്പുപള്ളി എന്ന പേരു ലഭിച്ചത്.
പട്ടാണികളുടെ പട്ടാളം പള്ളി
ഒന്നേകാൽ നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പൗരാണിക പള്ളിയാണ് ഫോർട്ട് കൊച്ചിയിലെ പട്ടാളം ഹനഫി പള്ളി. ബ്രിട്ടീഷ് സൈന്യം ക്യാമ്പ് ചെയ്തിരുന്ന സ്ഥലമാണ് ‘പട്ടാളം’ എന്നു പ്രസിദ്ധമായത്. അവർ നിർമിച്ച ജലസംഭരണി ഇന്നും പള്ളിയുടെ മുൻവശത്ത് കാണാം. ബീച്ചിനോട് ചേർന്ന് പോലീസ് കോർട്ടേഴ്‌സിന് സമീപത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. മട്ടാഞ്ചേരിയിലെ വ്യാപാരി പ്രമുഖരുടെ പിന്തുണയോടെ ദഖനികൾ നിർമിച്ചതാണ് പള്ളി. ഔദ്യോഗിക രേഖകൾ പ്രകാരം 1900ലാണ് പള്ളിട്രസ്റ്റ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഹനഫി ജമാഅത്തിന്റെ നേതൃത്വത്തിലാണ് പരിപാലനം. ഇരുന്നൂറോളം പട്ടാണി കുടുംബങ്ങൾ ജമാഅത്ത് അംഗങ്ങളാണ്. എങ്കിലും അതിന്റെ ഗുണഭോക്താക്കൾ ഭൂരിപക്ഷവും ശാഫിഈകളാണ്. നിലവിൽ ഷാജഹാൻ സഖാഫിയാണ് മതകർമങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
അലി സഖാഫി പുൽപറ്റ