കേരളക്കരയിൽ ഇസ്‌ലാമിന്റെ പ്രചാരണ പ്രവർത്തനങ്ങൾക്ക് പണ്ഡിത മഹത്തുക്കൾ ചെയ്ത സ്തുത്യർഹ സേവനങ്ങളിൽ അതിപ്രധാനമാണ് ഗ്രന്ഥരചന. പണ്ഡിതർ മരണപ്പെട്ടാലും ഗ്രന്ഥങ്ങൾ നിലനിൽക്കുവോളം അവർ ജനമനസ്സുകളിൽ ജീവിക്കുകയാണ്. മഖ്ദൂമുമാരും ഉമർഖാസിയും വളപ്പിൽ സഹോദരന്മാരും പാങ്ങിൽ അഹമ്മദ്കുട്ടി മുസ്‌ലിയാരും അഹമ്മദ് കോയശ്ശാലിയാത്തിയുമൊക്കെ രചയിതാക്കളായ കേരളീ പണ്ഡിതരാണ്. ആ നിരയിൽ കണ്ണിചേർക്കപ്പെടുന്നു മർഹും വൈലത്തൂർ ബാവ ഉസ്താദും. ഒരു പുരുഷായുസ്സ് മുഴുവൻ ഇൽമിനും പ്രബോധനത്തിനുമായി സമർപ്പിച്ച മഹാത്യാഗി വര്യനും മികച്ചൊരു ഗ്രന്ഥകാരനുമായിരുന്നു അദ്ദേഹം. ദീനിനും സമുദായത്തിനും വിശിഷ്യാ ഇൽമിന്റെ അഹ്‌ലുകാരായ മുദരിസുമാർക്കും മുതഅല്ലിമീങ്ങൾക്കും ഉപകാരപ്രദമായതെല്ലാം അദ്ദേഹമെഴുതി. ദർസും ഇബാദതും ജീവിതാവശ്യങ്ങളും കഴിഞ്ഞാൽ ബാക്കി സമയം മുഴുവൻ ഗ്രന്ഥ രചനയിൽ തളച്ചിട്ടു ഉസ്താദ്.

‘അബൂ മുഹമ്മദിൽ വൈലത്തൂരി’ എന്ന തൂലികാ നാമത്തിലാണ് ഉസ്താദ് എഴുതിയിരുന്നത്. അമ്പതിലേറെ അറബി ഗ്രന്ഥങ്ങളും അഞ്ചിലധികം മലയാള കൃതികളും ആ തൂലികയിൽ നിന്നു വിരചിതമായി. അവയിൽ പദ്യവും ഗദ്യവുമുണ്ട്. ഒട്ടുമിക്ക ജ്ഞാനശാഖകളിലും ഉസ്താദിന്റെ തൂലിക കടന്നു ചെന്നിട്ടുണ്ട്. ഫിഖ്ഹ്, അഖീദ, അറബി വ്യാകരണം, സാഹിത്യം, കാവ്യശാസ്ത്രം, ഭാഷാ ശാസ്ത്രം, മൗലിദുകൾ, മർസിയ്യതുകൾ തുടങ്ങി പതിമൂന്നോളം വിഷയങ്ങളിൽ ഗ്രന്ഥങ്ങളുണ്ട്. മിക്കതും ദർസുകളിൽ പഠിപ്പിക്കപ്പെടുന്ന കിതാബുകൾക്ക് സഹായകരമായ രചനകളാണ്. അത് കൊണ്ട് പണ്ഡിതലോകത്ത് ബാവ ഉസ്താദിന് ഏറെ സ്വീകാര്യത ലഭിച്ചു. എന്നാൽ സമൂഹത്തിൽ മതപരമായ വിഷയങ്ങളിൽ തീർപ്പ് കൽപ്പിക്കാനും ബാവ മുസ്‌ലിയാരെ ആശ്രയിക്കുന്നവരേറെയായിരുന്നു. ഗോള ശാസ്ത്രം, ഖിബ്‌ല ശാസ്ത്രം, അനന്തരാവകാശ നിയമം തുടങ്ങിയവയിൽ പ്രത്യേക അവഗാഹമുണ്ടായിരുന്നു.  സമസ്ത ഫത്‌വാ ബോർഡിൽ പ്രധാന അംഗമായ ഉസ്താദിന്റെ സവിശേഷമായ ശൈലിയും ആശയഗാംഭീരതയോടൊപ്പം ലളിതമായ സമർത്ഥന രീതിയും കാരണമായാണ് ഉസ്താദിന്റെ കൃതികൾ പണ്ഡിത-മുതഅല്ലിം ലോകത്ത് ഇത്രയധികം ശ്രദ്ധിനേടിയത്. പൂർവിക ഇമാമുകളുടെ രചനാ വൈഭവം ബാവ ഉസ്താദിന്റെ കൃതികളെ ഏറെ സ്വാധീനിച്ചുവെന്നത് നേരാണ്. അറബി ഭാഷയുടെ തനിമയും സർഗാത്മകതയും അനുവാചകർക്ക് മനസ്സിലാക്കാൻ വിരസമനുഭവപ്പെടാത്ത രചനാ രീതി സഹായിക്കുന്നു. വ്യാഖ്യാന രചനകളാണ് കൂടുതലും. മൂല ഗ്രന്ഥങ്ങളോട്  സമരസപ്പെട്ടും വിമർശനങ്ങൾക്ക് പഴുതടച്ചും ചുരുങ്ങിയ വാക്യങ്ങളിൽ കാര്യം സമർത്ഥിക്കാനുള്ള പാടവം എടുത്തു പറയണം. മറ്റൊരു സവിശേഷതയാണ് ഉസ്താദിന്റെ ഗ്രന്ഥങ്ങളിലെ ആമുഖ വാചകങ്ങൾ. ഇൽമുൽ ബദീഇൽ(അലങ്കാരിക ശാസ്ത്രം) പ്രധാന ഇനമായ ബറാഅതുൽ ഇസ്തിഹ്‌ലാൽ(ആമുഖത്തിന്റ മികവ്) അഥവാ ഏതൊരു ഫന്നിലുള്ള ഗ്രന്ഥമാണ് ഇതെന്ന് പ്രാരംഭ മുറകളായ ഹംദ്, സ്വലാത് തുടങ്ങിയ വാചകങ്ങളിൽ നിന്ന് തന്നെ മനസ്സിലാക്കാൻ അനുവാചകരെ സജ്ജമാക്കുന്നു.

ഈ രണ്ട് ശൈലികളും കഴിഞ്ഞ കാല ഇമാമുകളായ ഇമാം മഹല്ലി, സുയൂത്വി, ബാജൂരി, കുർദി മുതലായവരുടെ രീതികളാണ്. ഇമാം മഹല്ലിയുടെ രചനാ ശൈലി ഉസ്താദിനെ ഏറെ സ്വാധീനിച്ചിട്ടുണ്ടെന്ന് ഗ്രന്ഥം സസൂക്ഷ്മം പരിശോധിക്കുന്നവർക്ക് ബോധ്യപ്പെടും. ഇമാം മഹല്ലിയുടെ രചനാ സാമർത്ഥ്യം എടുത്ത് പറയാറുണ്ട് ഉസ്താദ്. ഈ വ്യതിരിക്ത രീതി പകർന്നു കിട്ടിയതിൽ പ്രധാന ഉസ്താദുമാരായ കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാരുടെയും തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാരുടെയും സ്വാധിനവുമുണ്ട്. കരിങ്കപ്പാറ ഉസ്താദിന്റെ ഫത്ഹുൽ മുഈൻ നോക്കുന്നവർക്ക് അക്കാര്യം വ്യക്തമാകും. അത്രയും തഹ്ഖീഖായ ഇബാറതുകളാണ് അതിന്റെ തഅ്‌ലീഖാതിൽ സ്വീകരിച്ചിരിക്കുന്നത്. കരിങ്കപ്പാറയുടെ ഗുരുവായ ഇരുമ്പാലശ്ശേരി ഉസ്താദും ഇതേ തഹ്ഖീഖിന്റെ ഉടമയായിരുന്നു. അദ്ദേഹത്തിന്റെ ഫത്ഹുൽ മുഈനാണല്ലോ കരിങ്കപ്പാറ ഉസ്താദിന്റെ അവലംബം. തിരൂരങ്ങാടി ബാപ്പു ഉസ്താദിനും ഇതേ ശൈലിയായിരുന്നു. ബാവ ഉസ്താദിൽ ഒളിഞ്ഞിരുന്ന അറബിക്കവിയെ ഉണർത്തിയത് ഈ ഗുരുവാണ്.

ബാപ്പു ഉസ്താദിൽ നിന്നും ശർഹുൽ അഖാഇദ് ഓതുന്ന കാലം വിശദീകണ ഗ്രന്ഥമായ ഖയാലി അടക്കം ഓതുന്നതാണ് രീതി. ഖയാലിയുടെ തുടക്കത്തിൽ അർത്ഥവത്തും ഗഹനവുമായ ചില കവിതകൾ ഓതിക്കൊടുക്കുമ്പോൾ ഉസ്താദ് പറഞ്ഞുവത്രെ. ‘ഈ ബൈത്തുകൾ ശരിക്ക് പഠിച്ച് വെക്കണം. കവിത രചിക്കുമ്പോൾ ആവശ്യമായിവരും.’ ശിഷ്യൻ ചിരിച്ചു: ഞാൻ കവിത രചിക്കുകയോ? തന്റെ ശിഷ്യനിൽ ഒളിഞ്ഞു കിടക്കുന്ന കവിതാ പ്രതിഭാത്വം അകക്കണ്ണ് കൊണ്ട് ദീർഘദർശനം നടത്തി ഗുരുനാഥർ. ഭാവിയിൽ അതു ഫലം ചെയ്തത് അനുഭവം. ശിഷ്യൻ ഗുരുവിന്റെ പാതയിൽ കാവ്യഭൂമികയിൽ തേരു തെളിച്ചു. ബാവ ഉസ്താദിന്റെ ഗുരുദൂതരിൽ പ്രധാനിയായിരുന്ന ഫഖീഹും ഗോള ശാസ്ത്ര വിദഗ്ധനുമായിരുന്ന പാങ്ങിൽ അബ്ദുല്ല മുസ്‌ലിയാർ വഫാതായപ്പോൾ അദ്ദേഹത്തിന്റെ പേരിൽ ഒരു മർസിയ്യത്ത്(ശോകഗീതം) രചിക്കാൻ ആവശ്യപ്പെട്ടു കൊണ്ട് ബാവ ഉസ്താദും പാങ്ങിലിന്റെ മകനും ബാപ്പു ഉസ്താദിനെ സമീപിച്ചു. ശിഷ്യൻ എഴുതിയാൽ മതി എന്ന് ഉസ്താദ്. ഉസ്താദ് തന്നെ എഴുതണമെന്ന് ശിഷ്യനും! ശിഷ്യനെ ആ വഴിക്ക് നടത്തുകയായിരുന്നു ഗുരു. അവസാനം ശിഷ്യൻ തന്നെ അതേറ്റെടുക്കേണ്ടി വന്നു. 1973-ൽ ബാവ ഉസ്താദിന്റെ ആദ്യ കാവ്യം പിറവിയെടുത്തു. തുടർന്നങ്ങോട്ട് കവിതകൾ എത്രയെഴുതിയെന്നതിന് കണക്കില്ല. മർസിയ്യത്തുകളും മദ്ഹു ഗീതങ്ങളുമാണ് മുഖ്യം. ആദ്യത്തെ ഗദ്യരചന തിരൂർ താലൂക്ക് ജംഇയ്യതുൽ ഉലമ പുറത്തിറക്കിയ ”ഈഖാളുൽ ഇബാദ് ഇലാ സബീലി റശാദ്” എന്ന കൃതിയാണ്. ബാവ ഉസ്താദും തെന്നല ശൈഖലി മുസ്‌ലിയാരും ചേർന്നെഴുതിയതാണ് ഈ അറബിപ്പേരുള്ള മലയാളക്കവിത.

ഉസ്താദിന്റെ ഗ്രന്ഥങ്ങളുടെയെല്ലാം മറ്റൊരു സവിശേഷത ഏത് വർഷം രചിച്ചതാണെന്നത് ഗ്രന്ഥത്തിന്റെ പേരുകളിൽ നിന്നു തന്നെ ഗ്രഹിക്കാമെന്നതാണ്. അബ്ജദ് അറബി അക്ഷര സംഖ്യാ ശാസ്ത്ര പ്രകാരമാണ് ഈ നാമകരണം എന്നതിനാലാണിത്. ഈ മാതൃക ബഹുവന്ദ്യരായ അഹ്മദ് കോയശ്ശാലിയാത്തിയിൽ നിന്ന് സ്വീകരിച്ചതാണ്. ശാലിയാത്തിയുടെ കുതുബുഖാന സന്ദർശിച്ചവർക്കറിയാം, അതിന്റെ നിർമ്മാണം, മസ്ജിദിന്റെ നിർമ്മാണം, ഹൗള് നിർമ്മാണം എന്തിനേറെ അവിടെ സ്ഥാപിച്ച ഘടികാരം അടക്കമുള്ളവയെല്ലാം അബ്ജദീ വാക്കുകൾ കൊണ്ട് അലങ്കൃതമാക്കിയിരിക്കുന്നു. ശാലിയാത്തിയുടെ ഗ്രന്ഥങ്ങൾ ഈ രീതി സ്വീകരിച്ചിട്ടുണ്ടോ എന്ന് തിട്ടമില്ലെങ്കിലും. എന്നാൽ ശാലിയാത്തിയുടെ ഗുരുവും ആഗോള സുന്നത്ത് ജമാഅത്ത് പണ്ഡിതനുമായിരുന്ന അഹ്മദ് റസാഖാൻ(റ)ന്റെ ഗ്രന്ഥങ്ങളുടെ പേരുകൾ അബ്ജദ് ഒപ്പിച്ചു കൊണ്ടായിരുന്നുവത്രെ. ഗ്രന്ഥങ്ങൾക്ക് മാത്രമല്ല ബാവ ഉസ്താദിന്റെ ഈ രീതി സ്വീകരിച്ചിട്ടുള്ളത്, തന്റെ വിവാഹം നടന്ന വർഷം, സന്താനങ്ങളുടെ ജനന വർഷം എന്നിവയൊക്കെ മനോഹരമായ അറബിക്കവിതയിലൂടെയും മറ്റും ഇങ്ങനെ ഉല്ലേഖനം ചെയിതിരിക്കുന്നു.

ഉസ്താദിന്റെ രചനകൾ

തൽമീഹ്: അറബി വ്യാകരണത്തിൽ വിരചിതമായ ശ്രദ്ധേയമായ ഗ്രന്ഥമാണിത്. തൽമീഹുൽ ഫവാഇദുന്നഹ്‌വിയ്യഃ ഫീ ബയാനി ഹവാശിൽ അൽഫിയ്യഃ എന്നാണ് പൂർണ നാമം. ഹി. 1396-ൽ ഇതിന്റെ രചന തുടങ്ങി എന്ന് സൂചിപ്പിക്കുന്നുണ്ട് ഈ പേര്. ലോക പ്രശസ്ത വ്യാകരണ ഗ്രന്ഥമായ ഇമാം മുഹമ്മദ്ബ്‌നു മാലികിന്റെ ഖുലാസ്വത്തുൽ അൽഫിയ്യയുടെ സമഗ്രവും സമ്പൂർണവുമായൊരു വ്യാഖ്യാനമാണിത്. അൽഫിയ്യക്ക് നിരവധി ശർഹുകളും ഹാശിയകളുമുണ്ട്. ഉശ്മൂനി, ഇതിന്റെ ഹാശിയ സ്വബ്ബാൻ, ഇബ്‌നു അഖീൽ അതിന്റെ ഹാശിയ ഖുള്‌രി, മകൂദി, അതിന്റെ ഹാശിയ മുല്ലവി, ഇബ്‌നു മാലികിന് ശേഷം ലോകം കണ്ട വലിയ നഹ്‌വീ പണ്ഡിതനായ ഇബ്‌നു ഹിശാം(റ) അൽഫിയ്യ എന്ന കാവ്യത്തെ ഗദ്യാവിഷ്‌കാരം നടത്തിയ പ്രസിദ്ധമായ ഔളഹുൽ മസാലിക്. അതിന് ശൈഖ് ഖാലിദുൽ അസ്ഹരി എഴുതിയ ശർഹുൽ തസ്വ്‌രീഹ്, അതിന് ഇമാം യാസീൻ എഴുതിയ ഹാശിയ ഇവയെല്ലാം പ്രശസ്തം തന്നെ. എങ്കിലും കേരളത്തിലെ ദർസ്-കോളേജ് പാഠ്യപദ്ധതിയിൽ സ്ഥാനം പിടിച്ചത് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ)വും പുത്രൻ അബ്ദുൽ അസീസ് മഖ്ദൂമും രചിച്ച ശർഹുൽ അൽഫിയ്യയാണ്. ഇതിന് സ്വതന്ത്രവും സമ്പൂർണവുമായൊരു വ്യാഖ്യാനം രചിച്ചു ബാവ ഉസ്താദ്. നാദാപുരത്ത് അന്ത്യ വിശ്രമം കൊള്ളുന്ന ശൈഖ് അഹ്മദ് ശീറാസിയും അഹ്മദ് കോയ ശാലിയാത്തിയും മഖ്ദൂമുമാരുടെ ശർഹിനെ വ്യാഖ്യാനിച്ചിട്ടുണ്ടെന്ന് വിസ്മരിക്കുന്നില്ല. അത് തഖ്‌രീറുകൾ എന്ന പരിധിയിൽ നിന്നു കൊണ്ടുള്ളതാണ്. മുദരിസുമാർക്കും മുതഅല്ലിമീങ്ങൾക്കും വളരെ ഉപകാരപ്രദമായ തൽമീഹ് പണ്ഡിത ലോകത്ത് ബാവ ഉസ്താദിന് ഏറെ അംഗീകാരവും പ്രാമുഖ്യവും നേടിക്കൊടുത്തു. ഉസ്താദിന്റെ ‘മാസ്റ്റർ പീസാ’യി തൽമീഹ് ഗണിക്കപ്പെടുന്നു. തന്റെ അറബി ഭാഷാ പരിജ്ഞാനം വിളിച്ചറിയിക്കുന്നതാണ് നാലു വാള്യങ്ങളിലായുള്ള ഈ ഗ്രന്ഥം. ഹി. 1406-ൽ ഇതിന്റെ രചന പൂർത്തിയായി. പൂർവ വ്യാഖ്യാനങ്ങളായ ഗ്രന്ഥങ്ങളുടെ പിൻബലത്തോടെ പ്രധാന ഗുരുക്കളായ കരിങ്കപ്പാറ ഉസ്താദിന്റെയും തിരൂരങ്ങാടി ബാപ്പു ഉസ്താദിന്റെയും തഹ്ഖീഖാതുകളും ഇടക്ക് കടന്നു വരുന്നുവെന്നതും ഗ്രന്ഥത്തിന്റെ മാറ്റുകൂട്ടുന്നു. ഇതിൽ ശൈഖുനാ എന്ന് നിരുപാധികം ഉദ്ധരിക്കുന്നത് കരിങ്കപ്പാറ ഉസ്താദിനെ സൂചിപ്പിക്കുന്നു. ചേളാരി ക്രസന്റ് പ്രസ്സിൽ അച്ചടിച്ച ആദ്യ വാള്യം ഉത്തരേന്ത്യൻ കിതാബുകളുടെ ശൈലിയായ ഉർദു ലിപിയോട് സാദൃശ്യമുള്ളതായിരുന്നു. ബാക്കി മൂന്ന് വാള്യങ്ങളും സാധാരണ ലിപിയിൽ പിന്നീട് വെളിച്ചം കണ്ടു. ഇപ്പോൽ തൽമീഹ് ആഗോള അറബി ലിപിയിലാണ് പ്രസിദ്ധപ്പെടുത്തുന്നത്. നാലു വാള്യങ്ങളും രണ്ട് ബൈന്റുകളിലായി ബദ്‌രിയ്യഃ ബുക്ക് സ്റ്റാൾ പ്രസിദ്ധീകരിച്ച് കൊണ്ടിരിക്കുന്നു. അഞ്ചിലധികം തവണ ഇതിന്റെ പുനഃപ്രസാധനം നടന്നുവെന്നത് ഇതിന്റെ സ്വീകാര്യത കുറിക്കുന്നു.

ലംഹുശ്ശവാഹിദ്

അൽഫിയ്യയുടെ വ്യാഖ്യാതാക്കളായ മഖ്ദൂമുമാർ ഗ്രാമർ നിയമങ്ങൾക്ക് തെളിവായി ഉദ്ധരിച്ച ശവാഹിദു(ബൈത്തുകൾ)കൾക്ക് സ്വന്തമായി തന്നെയൊരു വ്യാഖ്യാനം തൽമീഹിനു ശേഷം ഉസ്താദ് രചിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ തൽമീഹിന്റെ പൂർത്തീകരണമായിരുന്നു ഇത്. ദൈർഘ്യമേറുന്നതിനെക്കാൾ വിദ്യാർത്ഥികൾക്കും മറ്റും കൂടുതൽ സൗകര്യം ഇതായിരിക്കുമെന്നതു കൊണ്ടാണ് ഇത് സ്വതന്ത്ര രചനയായത്. ഉശ്മൂനിയുടെ ശവാഹിദിന് ഇമാം ഐനിയും ഇബ്‌നു അഖീലിന്റെ ശവാഹിദിന് അബ്ദുൽ മുൻഇമുൽ ജർജാവിയും മുഹമ്മദ് ഖത്തഃ അൽ അദവിയും രണ്ട് വ്യാഖ്യാനങ്ങൾ എഴുതിയിട്ടുണ്ട്. ഇവയുടെ അവലംബത്തോടെയാണ് ലംഹിന്റെ രചന ഹി. 1404ൽ രചിച്ച ഇതിന്റെ ആദ്യ പതിപ്പ് പാങ്ങ് എ.സി.എസ് പ്രസ്സിലാണ് മുദ്രണം ചെയ്തത്. രണ്ടാം പതിപ്പ് കോഴിക്കോട് ഇർശാദ് ബുക്ക്‌സ്റ്റാൾ പുറത്തിറക്കി. ഇപ്പോൾ ബദ്‌രിയ്യയും.

ഇജാസതുൽ ഫറാഇദ്

അൽഫിയ്യയുടെ വ്യാഖ്യാനവും ശവാഹിദിന്റെ വ്യാഖ്യാനവും കഴിഞ്ഞതിന് ശേഷം അറബി വ്യാകരണത്തിലെ പ്രഥമ ഗ്രന്ഥമായ നഹ്‌വ് കിതാബിലെ തഖ്‌വീമുല്ലിസാൻ, ശർഹു തുഹ്ഫതുൽ വർദിയ്യഃ, ശർഹുഖത്വ്‌രിന്നദാ എന്നീ മൂന്ന് ഗ്രന്ഥങ്ങളിലെ ശവാഹിദുകൾക്കും വ്യാഖ്യാനം രചിച്ചു. അതാണ് ഇജാസത്. ഹി. 1407-ലാണ് രചന. ഇതും പണ്ഡിത ലോകത്ത് സ്വീകാര്യത നേടി.

അൽഫുതൂഹാതുൽ അറബിയ്യ

അറബീ വ്യാകരണവുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ മറ്റൊരു കൃതിയാണിത്. ബിസ്മിക്ക് ശൈഖ് സൈനുദ്ദീൻ മഖ്ദൂം അൽഫിയ്യയുടെയും തുഹ്ഫതുൽ വർദിയ്യയുടെയും പ്രാരംഭത്തിലെഴുതിയ ശർഹിനുള്ള വ്യാഖ്യാനമാണിത്. ഈ രീതിയും കഴിഞ്ഞ കാല അഇമ്മതുകളിൽ കാണാവുന്നതാണ്. ഇമാം മുഹമ്മദ് സ്വബ്ബാൻ(റ)ന് വലുതും ചെറുതുമായ രണ്ടു വ്യാഖ്യാനങ്ങൾ ബിസ്മിക്കുണ്ട്. തുഹ്ഫതുൽ വർദിയ്യയുടെ ഹാശിയ എഴുതിയ പൊന്നാനിയിലെ പ്രസിദ്ധ പണ്ഡിതൻ തുന്നം വീട്ടിൽ മുഹമ്മദ് മുസ്‌ലിയാർക്കും ബിസ്മിയുടെ വ്യാഖ്യാനമുണ്ട്. ഇവരുടെ ചുവട് പിടിച്ചാണ് ബാവ ഉസ്താദും ബിസ്മിക്ക് വ്യാഖ്യാനം എഴുതിയത്. ഹി. 1411(ക്രി. 1990)ൽ വൈലത്തൂരിലെ സുന്നി ആസ്ഥാനത്തിന്റെ നിർമാണാശ്യവുമായി ബന്ധപ്പെട്ട് ഉസ്താദ് യു.എ.ഇ സന്ദർശിക്കുകയുണ്ടായി. ഒരു മാസത്തെ ആ വിസിറ്റിംഗിനിടയിലാണ് ഈ ഗ്രന്ഥരചന പൂർത്തിയാക്കിയത്. പ്രധാനമായും അൽ-ഐനിൽ വെച്ചായിരുന്നു എഴുത്ത്. ‘അറേബ്യൻ വിജയം’ എന്നർത്ഥത്തിൽ പേര് വരാനിതാണു കാരണം. ഇതും ബദ്‌രിയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ശേഷം ‘അമ്മാ ബഅ്ദി’നും വ്യാഖ്യാനം രചിച്ചു. ‘അർരിസ്ഖുർറഗ്ദ് ബി ശർഹി അമ്മാ ബഅ്ദ്’ എന്നാണു പേര്. അൽ ഫുതൂഹാതിന്റെ കൂടെ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഹി. 1411-ലാണ് രചന. ശൈഖ് ഇസ്മാഈൽ ജൗഹരിയുടെ ഇൻജാസുൽ വഅ്ദ് ബി വസാഇലി അമ്മാബഅ്ദ് എന്ന കൃതിയുടെ വ്യാഖ്യാനമാണിത്.

അൽ അള്‌വാഉസ്സവാത്വിഅ്

നിദാന ശാസ്ത്രത്തിലെ പ്രധാന റഫൻസായ ജംഉൽ ജവാമിഉം അതിന് ഇമാം മഹല്ലിയുടെതായ ശർഹും ദർസുകളിലും കോളേജുകളിലും പഠിപ്പിക്കുന്നു. ഈ ഗ്രന്ഥത്തിന് കേരളീയ ഭൂമികയിൽ നിന്നിറങ്ങുന്ന അതി വിശിഷ്ടമായൊരു വ്യാഖ്യാന ഗ്രന്ഥമാണ് അൽ അള്‌വാഉസ്സവാത്വിഅ്. ഇതും പണ്ഡിതന്മാരുടെയും വിദ്യാർത്ഥികളുടെയും പ്രശംസ പിടിച്ചു പറ്റി. ഹി. 1412-ലാണ് രചനാ തുടക്കം. ആദ്യ ഭാഗം 1998-ൽ പുറത്തിങ്ങി. രണ്ടാം ഭാഗം തൊട്ടടുത്ത വർഷങ്ങളിലും. പക്ഷേ, അനാരോഗ്യം മൂലം ഈ ഗ്രന്ഥം പൂർത്തീകരിക്കാൻ ഉസ്താദിന് സാധിച്ചില്ലായെന്നത് പണ്ഡിത ലോകത്തിൽ നികത്താനാവാത്ത നഷ്ടമത്രെ.

മൂന്നാം ഭാഗം പ്രസിദ്ധീകരിക്കാനുള്ള ശ്രമത്തിനിടയിലായിരുന്നു അവിടുത്തെ വഫാത്ത്. നിലവിലുള്ള വ്യാഖ്യാനങ്ങളായ ഹാശിയത്തുൽ ബന്നാനിയും അത്ത്വാറും ഇബ്‌നുഖാസിം(റ)വിന്റെ ആയാത്തുൽ ബയ്യിനാത്ത്, ശർഹുമുഖ്തസ്വരിബ്‌നിൽ ഹാജിബ് എന്നിവയും മൂലഗ്രന്ഥകാരൻ ഇമാം സുബ്കിയുടെ ഇബ്ഹാജ് തുടങ്ങിയ ഗ്രന്ഥങ്ങളുടെ പിൻബലത്തോടെയാണ് ഇതിന്റെ രചന. ജംഉൽ ജവാമിഇന്റെയും ശർഹുൽ മഹല്ലിയുടെയും പകർപ്പ് കുറ്റമറ്റ നിലയിൽ പഠിതാക്കളിൽ എത്തിക്കുക എന്ന മഹത്തായ ലക്ഷ്യത്തിനു പുറമെ ഇനിയും വ്യാഖ്യാന വിധേയമാക്കേണ്ട സ്ഥലങ്ങൾ ഉണ്ടെന്ന തിരിച്ചറിവായിരുന്നു രചനാ പ്രചോദനം. കൂടാതെ അതിഗഹനമായ സ്ഥലങ്ങളിൽ ലളിത വൽക്കരിച്ചോ മറ്റോ ആശയം ഗ്രഹിപ്പിക്കുന്ന രീതിയും സ്വീകരിച്ചിരിക്കുന്നു. വിശദീകർത്താക്കളുടെ വിമർശനങ്ങൾക്ക് യുക്തിഭദ്രമായ മറുപടികൾ നൽകി ഗ്രന്ഥത്തെ സമ്പുഷ്ടമാക്കിയിട്ടുമുണ്ട്. പ്രധാന ഹാശിയകളായ ബന്നാനിയെയും അത്ത്വാറിനെയും വിമർശനവിധേയമാക്കുമ്പോൾ ആദരവ് പാലിച്ചു മാത്രമേ അതിന് മുതിർന്നിട്ടുള്ളൂ. കാടുകയറിയ വിമർശനങ്ങൾക്കോ നീട്ടിപ്പരത്തുന്ന വാഗ്വാദങ്ങൾക്കോ അവിടെ ഇടം നൽകിയിട്ടില്ല.

കർമശാസ്ത്രം

കർമശാസ്ത്രത്തിൽ വലിയ പാടവമുണ്ടായിരുന്നു ഉസ്താദിന്. 1981-ൽ തിരൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന അൽ മുബാറക് വാരികയിലെ ചോദ്യോത്തര പംക്തി ഉൽഭവം മുതൽ അഞ്ച് വർഷത്തോളം കൈകാര്യം ചെയ്തത് ബാവ ഉസ്താദായിരുന്നു. മലയാളത്തിലുള്ള ആ ഫത്‌വകൾ പിന്നീട് ഉസ്താദ് തന്നെ അറബിയിലേക്ക് മൊഴിമാറ്റം നടത്തി ഗ്രന്ഥരൂപത്തിലാക്കിയിട്ടുണ്ട്. അവിഭക്ത മുശാവറയിൽ തന്നെ ഫിഖ്ഹ് കൈകാര്യകർത്താക്കളിൽ ഒരാളായിരുന്നു. വിദ്യാഭ്യാസ ബോർഡിനു കീഴിൽ ആറാം തരത്തിൽ പഠിപ്പിച്ചിരുന്ന ഉംദതുസ്സാലികിനു പകരം സ്വതന്ത്രവും ലളിതവുമായൊരു ഗ്രന്ഥം ഉൾപ്പെടുത്തണമെന്ന് തീരുമാനമായപ്പോൾ ബാവ ഉസ്താദിനെയാണ് രചനക്ക് ചുമതലപ്പെടുത്തിയത്. ഉസ്താദ് അത് തയ്യാറാക്കിയപ്പോൾ എല്ലാവർക്കും സമ്മതമായി. പക്ഷേ, ആ പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടില്ല. അതിന്റെ കൈയ്യെഴുത്ത് പ്രതി പോലും തിരിച്ചു കിട്ടാത്തതിൽ ഉസ്താദ് ഏറെ വേദനിച്ചിരുന്നു. സമസ്തയിലെ ഭിന്നിപ്പിനോടടുത്ത കാലത്തായിരുന്നു ഇത്. പിന്നീട് സുന്നീ വിദ്യഭ്യാസ ബോർഡ് നിലവിൽ വന്നപ്പോൾ അഞ്ചാം തരത്തിലേക്കുള്ള ഹനഫീ ഫിഖ്ഹ് ഗ്രന്ഥം തയ്യാറാക്കിയത് ഉസ്താദായിരുന്നു.

ശാഫിഈ കർമസരണിയിൽ ബൃഹത്തായ ഒരു ഗന്ഥം മലയാളത്തിൽ ഉസ്താദ് രചിച്ചു; പൊതുജനങ്ങൾക്കു കൂടി ഉപകരിക്കുന്ന വിധം. ‘കർമശാസ്ത്രം-ശാഫിഈ മദ്ഹബിൽ’ എന്ന 558 പേജുകളുള്ള ഗ്രന്ഥം പണ്ഡിതന്മാർക്കും വിദ്യാർത്ഥികൾക്കും തികഞ്ഞ റഫറൻസ് കൂടിയാണ്. കർമശാത്രത്തിന്റെ സ്ഥാനവും ശുദ്ധീകരണം, നിസ്‌കാരം എന്നിവയുടെയെല്ലാം യുക്തിയും മറ്റും പ്രതിപാദിക്കുന്നതോടൊപ്പം മദ്ഹബിലെ പ്രബലമായ വീക്ഷണങ്ങൾക്കനുസരിച്ച് അഹ്കാമുകൾ വിവരിക്കുകയും ചെയ്യുന്നു. ഖുർആൻ, ഹദീസ് തുടങ്ങിയ പ്രമാണങ്ങൾ തെളിവായി ഉദ്ധരിച്ചിട്ടുണ്ട്. ജനാസ സംസ്‌കരണം വരെയാണ് ഇതിന്റെ ഒന്നാം ഭാഗം. പ്രിയ മാതാവിന്റെ പാവന സ്മരണക്കാണ് ഗ്രന്ഥ സമർപ്പണം. മഹതിയുടെ പേരിൽ തിരൂരങ്ങാടി ബാപ്പു മുസ്‌ലിയാർ ചൊല്ലിയ മർസിയതും അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്. രണ്ടാം ഭാഗത്തിനുള്ള ഏതാനും വിഷയങ്ങൾ എഴുതി തയ്യാറാക്കിയെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ഹി. 1403(ക്രി. 1984)-ലാണ് ഈ ഗ്രന്ഥം ബദ്‌രിയ്യ പുറത്തിറക്കിയത്. പിന്നീട് ഗ്രന്ഥത്തിന്റെ ആവശ്യം കണക്കിലെടുത്തും ഭാഷാ പ്രയോഗങ്ങൾ കാലികമാക്കുക എന്ന ലക്ഷ്യത്തോടെയും മസ്അലകൾക്ക് ഊന്നൽ നൽകി വീണ്ടും ഇത് പ്രസിദ്ധീകരിച്ചു. ഒന്നാം പതിപ്പിന് അവതാരിക എഴുതിയത് കരിങ്കാപ്പാറ ഉസ്താദിന്റെ ശിഷ്യരിൽ പ്രമുഖരായ ഇരിങ്ങല്ലൂർ കുഞ്ഞഹമ്മദ് മുസ്‌ലിയാരും രണ്ടാം പതിപ്പിന് സമസ്ത പ്രസിഡന്റ് ഇ.സുലൈമാൻ മസ്‌ലിയാരുമാണ്.

ഫിഖ്ഹിലെ ഏറ്റവും സങ്കീർണമായ അനന്തരാവകാശ നിയമ സംബന്ധിയായി രണ്ടു സുപ്രധാന ഗ്രന്ഥങ്ങൾ ഉസ്താദിന്റെതായുണ്ട്. ഒന്ന്; ഖത്വ്ഉൽ ഔഹാം ഫീ തൗരീസി ദവിൽ അർഹാം. രണ്ട്; അൽ മഫാതീഹുൽ വഹ്ബിയ്യഃ. ഹി. 1410-ൽ എഴുതി പ്രസിദ്ധീകരിച്ച ഖത്വ്ഉൽ ഔഹാം രചിക്കാൻ പ്രത്യേക കാരണമുണ്ട്. കരിങ്കപ്പാറ ഉസ്താദിന്റെ ശിഷ്യനും അറിയപ്പെട്ട ഫഖീഹുമായ നന്നമ്പ്ര സൈതാലി മുസ്‌ലിയാർ താനൂരിൽ ദർസ് നടത്തുന്ന കാലത്ത് ഒരാൾ വന്ന് പറഞ്ഞു: ”എന്റെ കുടുംബത്തിലൊരാൾ പറവണ്ണയിൽ വെച്ചു മരണപ്പെട്ടിരിക്കുന്നു. ദവുൽ അർഹാം വകുപ്പിലൂടെയാണ് മയ്യിത്തും ഞാനും തമ്മിൽ കുടുംബ ബന്ധമുണ്ടായിരുന്നത്. അപ്പോൾ അദ്ദേഹത്തിന്റെ സ്വത്തിൽ എനിക്ക് അവകാശമുണ്ടോ?” സൈതാലി ഉസ്താദ് സ്വത്തിന് അവകാശമുണ്ടെന്ന് പറഞ്ഞു. അദ്ദേഹം പറവണ്ണയിൽ ചെന്നു. അവിടെയുള്ള പണ്ഡിതൻ ഇതിനെതിരാണു പറഞ്ഞത്. ആശയക്കുഴപ്പത്തിലായ അദ്ദേഹം വീണ്ടും സൈതാലി ഉസ്താദിന്റെ അടുത്ത് വന്നു. ആ സമയത്താണ് കരിങ്കപ്പാറ ഉസ്താദും അവിടെ എത്തുന്നത്. കരിങ്കപ്പാറയോട് ചോദിക്കാൻ സൈതാലി ഉസ്താദ് നിർദേശിച്ചു. അവകാശം ലഭിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. പറവണ്ണയിലെ എതിർ ഫത്‌വ നൽകിയ മുദരിസ് പക്ഷേ സമ്മതിച്ചില്ല. അവസാനം പ്രശ്‌ന പരിഹാരത്തിന് അക്കാലത്തെ പ്രഗൽഭ മുഫ്തിയും സമസ്തയുടെ സമുന്നത നേതാവുമായിരുന്ന പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്മാൻ മുസ്‌ലിയാരുടെ മുന്നിലെത്തി. മഹാനവർകളും കരിങ്കപ്പാറയുടെ ഫത്‌വ ശരി വെച്ചു. എന്നാൽ തനിക്ക് മസ്അല ഫറാഇളുൽ മുഹമ്മദിയ്യയിൽ നിന്നാണ് കിട്ടിയതെന്നായി മുദരിസ്. മേൽ ഗ്രന്ഥത്തിൽ അങ്ങനെ വന്നത് അബദ്ധമാണെന്ന് കരിങ്കപ്പാറ ഉസ്താദ് പറഞ്ഞു. പിന്നീടൊരിക്കൽ ബാവ മുസ്‌ലിയാരോട് കരിങ്കപ്പാറ ഉസ്താദ് ഈ സംഭവം സൂചിപ്പിക്കുകയുണ്ടായി. പിൽക്കാലത്ത് ഇത് വിശദീകരിച്ച് എഴുതിയ ഗ്രന്ഥമാണ് ഖത്വ്ഉൽ ഔഹാം. പിന്നീട് ഫറാഇളുൽ മുഹമ്മദിയ്യക്ക് മുഴുവൻ ഒരു ശർഹ് എഴുതി. അതാണ് അൽ മഫാതിഹുൽ വഹ്ബിയ്യഃ ഹി.1412-ലാണ് ഇതിന്റെ രചന. 1421-ൽ ഇതിന്റെ പ്രസിദ്ധീകരണം കോട്ടക്കൽ അൽഫാ ബുക്‌സ് ഏറ്റെടുത്തു. പൊന്മള ഉസ്താദിന്റെ മുഹ്‌യിസ്സുന്നഃ ദർസ് പാഠ്യപദ്ധതിയിൽ മൂലഗ്രന്ഥം പഠിപ്പിക്കുന്നത് ഈ വ്യാഖ്യാനത്തോടൊപ്പമാണ്.

അൽ അറാഇസുർറളിയ്യ

ഉസ്താദിന്റ കിതാബുകളിൾ ഏറ്റവും ജനകീയമായ ഒന്നാണ് അൽ അറാഇസ്. ഇൽമുൽ ബലാഗയിലെ പ്രഥമഗ്രന്ഥമെന്ന് ഖ്യാതി നേടിയതും പള്ളിദർസുകളിൽ പാഠ്യവിഷയവുമായ നഫാഇസിന്റെ സമഗ്രമായ വ്യാഖ്യാനമാണിത്. ഇതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നതാണ് കൂടുതൽ പതിപ്പുകൾ പുറത്തിറങ്ങി എന്നത്. ഈ ഗ്രന്ഥം 1418-ലാണ് രചിച്ചത്. ഉസ്താദിന് ആത്മീയ ബന്ധമുണ്ടായിരുന്ന മലപ്പുറം ഖാളി സയ്യിദ് ചെറുകോയ തങ്ങളുടെ പാവന സ്മരണക്കാണ് ഈ ഗ്രന്ഥം സമർപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ പേരിലുള്ള മർസിയ്യത് ഈ ഗ്രന്ഥത്തിന്റെ അവസാനത്തിൽ ചേർത്തിരിക്കുന്നു.

ഇൽമുൽ ബയാനിൽ പ്രഥമമായി പഠിപ്പിക്കപ്പെടുന്ന തുഹ്ഫതുൽ ഇഖ്‌വാൻ സുപ്രസിദ്ധമാണ്. അതിന് ഉസ്താദിന്റെ വ്യാഖ്യാനമാണ് ഹദ്‌യുൽ ബയാൻ അലാ തുഹ്ഫതിൽ ഇഖ്‌വാൻ. പല പ്രഗൽഭ പണ്ഡിതരുടെയും പ്രശംസക്ക് പാത്രമായി ഇത്. ഹി. 1405-ലാണ് രചന. എ.സി.എസ് പ്രസ്സിലാണ് ആദ്യ മുദ്രണം. പിന്നീട് പല തവണ ബദ്‌രിയ്യ പുറത്തിറക്കി. ഇതിന്റെ കൂടെ മറ്റൊരു ഗ്രന്ഥം കൂടി ഉസ്താദിന്റേതായി തന്നെ പ്രസിദ്ധീകരിച്ചിട്ടുണ്ട്; ‘അർരിയാളുൽ മജാസിയ്യഃ ബിശർഹിൽ ഉഖുദിസ്സമർഖന്ദിയ്യ. ഇമാം അബുൽ ഖാസിം സമർഖന്ദിയുടെ ഇൽമുൽ ബയാനിലെ ഈ ഗ്രന്ഥവും ദർസുകളിൽ പഠിപ്പിക്കപ്പെട്ടിരുന്നു. തുഹ്ഫതുൽ ഇഖ്‌വാൻ പഠിതാക്കൾക്ക് ഈ ഗ്രന്ഥം ഏറെ സഹായകം. 1407-ൽ രചന പൂർത്തിയാക്കി. ഈ രണ്ട് ഗ്രന്ഥങ്ങളും യഥാക്രമം തന്റെ ഗുരുവര്യരുടെ ഉസ്താദുമാരായ വണ്ടൂർ കെ.കെ. സദഖത്തുള്ള മുസ്‌ലിയാർക്കും കാടേരി അബ്ദുൽകലാം മുഹമ്മദ് മുസ്‌ലിയാർക്കും സമർപ്പിച്ചിരിക്കുന്നു. അവരുടെ പേരിലുള്ള മർസിയ്യതും അവസാന ഭാഗത്ത് കാണാം.

അറബി കവിതകളും അവയുടെ സാഹിത്യ ഭംഗിയും പശ്ചാത്തലങ്ങളും വിവരിക്കുന്നതാണ് ‘കശ്ഫുശ്ശവാഹിദ് ഫിൽ കുത്ബിൽ അവാഇദ്’ എന്ന കാവ്യ സമാഹരങ്ങളുടെ വ്യാഖ്യാനം. തുഹ്ഫതുൽ ഇഖ്‌വാൻ, നഫാഇസ്, മുഖ്തസ്വർ, മുത്വവ്വൽ(ബഹ്‌സ് വരെ), അവയുടെ മൂലഗ്രന്ഥം തൽഖീസ്, ശർഹുൽ അഖാഇദ്, തഫ്‌സീൽ ബൈളാവി(അൽ ബഖറ), ശർഹുൽ ജംഅ്, സ്വന്തം കൃതി തിബ്‌യാനുശ്ശാഫി എന്നീ ദർസ് കിതാബുകളിലെ ശവാഹിദുകൾക്ക് ഇതു വഴി ഒന്നിച്ചു വിശദീകരണം ലഭിക്കുന്നു. ഇസ്‌ലാമിനു മുമ്പും പിമ്പുമുള്ള അറബിക്കവികളുടെ ലഘുവിവരണവും ‘ഇൽമുൽ അദബ്’ എന്ന വിജ്ഞാന സമുച്ചയത്തിലെ ഓരോ ശാഖയെ കുറിച്ചുള്ള വിവരണങ്ങളും കൊണ്ട് ധന്യമാണ് ഇതിന്റെ മുഖവുര. രചന ഹി. 1412-ൽ.

ആദർശരചനകൾ

പുത്തനാശയക്കാരുടെ അബദ്ധവാദങ്ങളെ തൊലിയുരിച്ചു കാണിച്ചുകൊണ്ട് സുന്നത്ത് ജമാഅത്തിന്റെ യഥാർത്ഥ വിശ്വാസാചാരം സമർത്ഥിക്കുന്നതിൽ ഉസ്താദിന് പ്രത്യേക പാടവമുണ്ടായിരുന്നു. ഖണ്ഡന പ്രസംഗ രംഗത്ത് നിരവധി സ്റ്റേജുകളിൽ ഉസ്താദ് പൊതുജനത്തെ അഭിമുഖീകരിച്ചു. അതുപോലെ തൂലികയും അവർക്കെതിരെ വിനിയോഗിച്ചു.

ഹി. 1403-ൽ രചിച്ച ബയാനുൽ ഹഖ് ഫീ ത്വലബിൽ മഊനതി മിനൽ ഖൽഖ് ഈ ശ്രേണിയിൽ പ്രശസ്തമാണ്. വളവന്നൂർ യതീംഖാന പ്രസ്സിലാണ് അച്ചടിച്ചത്. മരിച്ചുപോയ മഹാത്മാക്കളോട് സഹായം തേടൽ അനുവദനീയമാണെന്ന് ഖുർആൻ, ഹദീസ്, പണ്ഡിത ഉദ്ധരണങ്ങൾ തുടങ്ങിയ പ്രമാണങ്ങളുടെ പിൻബലത്തോടെ സമർത്ഥിക്കുന്ന ഉത്തമ ഗ്രന്ഥം. പണ്ഡിതന്മാർക്കും മുതഅല്ലിമുകൾക്കും വളരെ ഉപകാരപ്രദമാണ്. തൗഹീദ്, ശിർക്ക്, ഇബാദത്ത്, ഇത്വാഅത്ത്, ദുആ തുടങ്ങിയ വിഷയങ്ങൾ തെളിവ് നിരത്തി പ്രതിപാദിക്കുന്ന ലളിതവും ഗഹനവുമാണിതിന്റെ ഉള്ളടക്കം. ഈ ഗ്രന്ഥം മുഹ്‌യിസ്സുന്ന ദർസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ധീരശബ്ദമായിരുന്ന മർഹൂം ഇകെ ഹസൻ മുസ്‌ലിയാരുടെ സ്മരണക്കാണ് ഗ്രന്ഥ സമർപ്പണം.

അൽ അദില്ലതുൽ ഖവാത്വിഅ്

ഉസ്താദിന്റെ ആദ്യകാല രചനകളിൽ പെട്ട ഈ ഗ്രന്ഥം പ്രസിദ്ധവും ശ്രദ്ധേയവുമാണ്. ഹി. 1395-ലാണ് രചന. ഖുത്വുബ പരിഭാഷവാദികളുടെ തലതിരിഞ്ഞ വാദമുഖങ്ങളെ ഖണ്ഡിക്കുന്നതോടൊപ്പം അനുബന്ധങ്ങൾ (തവാബിഅ്) പരിഭാഷയാവാം എന്ന വാദഗതിയെയും പൊളിച്ചടക്കുന്നു. അനുബന്ധവും അറബിയിൽ തന്നെ വേണമെന്ന് ഗ്രന്ഥം സമർത്ഥിക്കുന്നുണ്ട്. തുർക്കിയിലെ ഹഖീഖത് കിതാബിയാണ് ഇതു പ്രസിദ്ധീകരിച്ചത് എന്നതിനാൽ ആഗോളാടിസ്ഥാനത്തിൽ ഈ ഗ്രന്ഥം പ്രചാരം നേടി. ഇപ്പോഴും തുർക്കിയിൽ നിന്ന് ഇത് പ്രസിദ്ധീകരിക്കുന്നുണ്ട്.

ഖുത്വുബ പരിഭാഷക്കെതിരെ മറ്റൊരു ഗ്രന്ഥം കൂടി ഉസ്താദ് രചിച്ചിട്ടുണ്ട്. തഹ്ദീറതുത്വലബ അൻ തർജമതിൽ ഖുതുബ. അദില്ലതുൽ ഖവാത്വിഇന്റെ ആശയങ്ങളാണെങ്കിലും കൂടുതൽ വിഷയങ്ങൾ ഉൾപ്പെടുത്തിയും വിഷയ ക്രമീകരണം നടത്തിയും ഗ്രന്ഥത്തെ സമ്പുഷ്ടമാക്കിയിട്ടുണ്ട്. പണ്ഡിതവേദികളിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഈ കൃതി ഹി. 1400-ലാണ് രചിച്ചത്.

തുർക്കിയിൽ നിന്നു തന്നെ പ്രസിദ്ധീകരിച്ച മറ്റൊരു ഗ്രന്ഥമാണ് ഹിദായതുൽ മുവഫ്ഫഖീൻ ഇലാ സ്വിറാതിൽ മുസ്തഖീം. ഹി 1395-ൽ രചിച്ച ഈ കൃതി ആദർശരംഗത്ത് വലിയൊരു മുതൽക്കൂട്ടാണ്. മദ്ഹബ് നിഷേധികളുടെ ജൽപനങ്ങളെ പ്രമാണ പിൻബലത്തോടെ ഖണ്ഡിക്കുകയും നാലിലൊരു മദ്ഹബ് സ്വീകരിക്കലിന്റെ അനിവാര്യത ബോധ്യപ്പെടുത്തുകയും ചെയ്യുന്ന ഇതിന് മമ്പീതി മുഹമ്മദ്കുട്ടി മുസ്‌ലിയാരാണ് അവതാരിക എഴുതിയത് (തിരൂരങ്ങാടി നടുവിലെ പള്ളി മുദർരിസും ഗ്രന്ഥകാരനുമാണദ്ദേഹം). ഈ ഗ്രന്ഥം തുർക്കിയിലെ പ്രസാധകൻ ഹുസൈൻ ഹിൽമിക്ക് അയച്ചുകൊടുത്തപ്പോൾ അറബി കവിതയിലൂടെയാണ് അദ്ദേഹവുമായി ആശയ വിനിമയം നടത്തിയത്. ആ കത്ത് ഗ്രന്ഥത്തിന്റെ അവസാനത്തിൽ ചേർത്തിട്ടുണ്ട്.

ഇബ്തിഗാഉൽ വുസ്വൂൽ

പ്രവാചക പ്രകീർത്തനത്തിന്റെ മഹത്ത്വം, നബി(സ്വ)യുടെ വ്യക്തിപ്രഭാവം, രിസാലത്തിന്റെ വ്യാപ്തി, നബി(സ്വ)യുടെ മാതാപിതാക്കളുടെ പാരത്രിക മോക്ഷം, പിതൃവ്യൻ അബൂത്വാലിബിന്റെ മോക്ഷം, നബിദർശനം തുടങ്ങിയ വിഷയങ്ങളാണ് പ്രതിപാദ്യം. സുന്നത്ത് ജമാഅത്തിന്റെ ആദർശം ആഗോളാടിസ്ഥാനത്തിൽ തന്നെ പ്രചരിപ്പിക്കാൻ ഈ ഗ്രന്ഥം സഹായകമായി.

സുന്നത്ത് ജമാഅത്തിന്റെ അഖീദ വിവരിക്കുന്ന മറ്റൊരു കൃതിയാണ് അൽ ഔജസുൽ മുഖ്തസ്വർ. ഈമാൻ കാര്യങ്ങൾ മുഖ്യ വിഷയമായി പ്രതിപാദിക്കുന്നതോടൊപ്പം കാലിക പ്രസക്തമായ വിവാദങ്ങളെയും കൈകാര്യം ചെയ്യുന്നു ഈ കവിതാ ഗ്രന്ഥം. ഇതിന് പിന്നീട് ശർഹും എഴുതി-അൽ അഖാഇദുസ്സനിയ്യ. ഇ സുലൈമാൻ ഉസ്താദിന്റെ അവതാരിക ഗ്രന്ഥത്തിന് മകുടം ചാർത്തുന്നു. മൂലഗ്രന്ഥം വേറിട്ടുതന്നെ ഗ്രന്ഥത്തിന്റെ അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്. വിഷയക്രമീകരണം ഗ്രന്ഥപാരായണത്തിന് ഏറെ സഹായകം.

പ്രസിദ്ധമായ മൻഖൂസ് മൗലിദിന്റെ ശർഹായ ഇഹ്തിദാഉന്നുസ്വൂബ് എന്ന ഗ്രന്ഥം മൗലിദിന്റെ പദാനുപ വ്യാഖ്യാനത്തോടൊപ്പം മൗലിദ് പാരായണം, മൗലിദ് കഴിക്കൽ എന്നിവയുടെ ആധികാരികത ബോധ്യപ്പെടുത്തുന്നതുമാണ്. പണ്ഡിതന്മാരും വിദ്യാർത്ഥികളും ഉപയോഗപ്പെടുത്തിയ ഈ കൃതി പല തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രസിദ്ധം ചെയ്യാത്ത ചില രചനകളുമുണ്ട് ഉസ്താദിന്. തവസ്സുൽ ഇസ്തിഗാസ തുടങ്ങിയ സുന്നി വിശ്വാസാചാരങ്ങളെ കൂടുതലായി സമർത്ഥിക്കുന്ന ഒരു കൃതി ഇതിൽ പ്രധാനം. പ്രസിദ്ധീകരണം കാത്തിരിക്കുന്ന മറ്റൊരു സുപ്രധാന ഗ്രന്ഥം മീർസാഗുലാം ഖാദിയാനിയുടെ ജൽപനങ്ങളെ ഖണ്ഡിക്കുന്ന അൽഅബ്ഹാസുൽ ഇസ്‌ലാമിയ്യയാണ്.

തത്ത്വശാസ്ത്രം

ദർസുകളിൽ പാഠ്യപദ്ധതിയിൽ മുമ്പേ ഉള്ള തത്ത്വശാസ്ത്ര ഗ്രന്ഥമായ മൈബദിയിൽ സുന്നത്ത് ജമാഅത്തിന്റെ അഖീദക്ക് എതിരായ ചില പരാമർശങ്ങൾ വരെയുണ്ട്. എന്നാൽ പൂർവകാല മുഫസ്സിറുകളായ ഇമാം റാസിയുടെ തഫ്‌സീറുൽ കബീറടക്കമുള്ള വലിയ ഗ്രന്ഥങ്ങളിൽ ഗ്രീക്ക് തത്ത്വശാസ്ത്രം കൂട്ടിക്കലർത്തി മുഅ്തസിലി വിഭാഗത്തിന്റെയും പൂർവകാല ബിദഇകളുടെയും വാദഗതികളെ അപഗ്രഥനം നടത്തുന്നുണ്ട്. അവയിലുള്ള ഫിലോസഫിയും സാങ്കേതിക പ്രയോഗങ്ങളും മറ്റും ഗ്രാഹ്യമാകാൻ നിർവചനങ്ങൾ പഠിക്കുക അനിവാര്യമാണ്. അത് മൈബദി പോലെയുള്ള ഗ്രന്ഥങ്ങളിലൂടെയാണ് ലഭിക്കുക. ആധുനിക ശാസ്ത്ര ഗവേഷണങ്ങളോട് അവയിലെ ആശയങ്ങൾ പലപ്പോഴും പൊരുത്തപ്പെട്ടില്ലെങ്കിൽ പോലും മുകളിൽ പരാമർശിച്ച പഠനത്തിനായി ഈ ഗ്രന്ഥം ദർസ് സിലബസിൽ പഠിപ്പിക്കുന്നു. ഇതിനു സഹായകമായും മൈബദിയിലുള്ള പലതും ഇന്ന് ആവശ്യമുള്ളതല്ലാത്തതിനാലും വിഷയത്തോട് പ്രതിബദ്ധത പുലർത്തുന്നവ പുറത്തുനിന്നു ചേർത്തും ഒരു ബദൽ ഗ്രന്ഥത്തിന്റെ സാധുതയിലേക്ക് പണ്ഡിതന്മാർ നിർബന്ധിതരായപ്പോഴാണ് ബാവ ഉസ്താദിന്റെ തദാറുകുൽ ഗ്വവായതി ഫീ ഖുലാസ്വതിൽ ഹിദായ പിറവിയെടുക്കുന്നത്. പക്ഷേ, ഇതു സംബന്ധമായി കൂടുതൽ ചർച്ചകളൊന്നും പിന്നീടുണ്ടായില്ല. ഇത് ബദ്‌രിയ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൈബദിയും അതിന്റെ മൂലഗ്രന്ഥമായ ഹിദായയും അവലംബിച്ചെഴുതിയ ഈ ഗ്രന്ഥവും മത്‌നും ശർഹുമടങ്ങിയതാണ്. തഹ്‌രീകു റഗ്ബ എന്നാണ് ശർഹിന്റെ നാമം. ഹി. 1417-ലാണ് ഇതിന്റെ രചന.

ഇസ്‌ലാമിക തത്ത്വശാസ്ത്രത്തിലൂന്നി നിസ്‌കാരത്തിന്റെ ആത്മീയവും യുക്തിപരവുമായ ഗുണങ്ങൾ പ്രതിപാദിക്കുന്ന അൽഫൽസഫത്തുൽ ഗരീബ എന്നൊരു ഗ്രന്ഥവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉസ്താദിന്റെ തന്നെ അളമത്വുസ്വലാത്ത് എന്ന കാവ്യകൃതിയുടെ വ്യാഖ്യാനമാണിത്.

തബ്‌യീനുശ്ശാഫി: അറബി കാവ്യശാസ്ത്രത്തിൽ അറിയപ്പെട്ട മത്‌നുൽ കാഫിക്ക് വളരെ അനിവാര്യമായ ഒരു വ്യാഖ്യാനമാണ് അത്തബ്‌യീനുശ്ശാഫി അലാ മത്‌നിൽ കാഫി. സരളവും സംക്ഷിപ്തവുമാണിത്. ഹി. 1412-ൽ രചിച്ചു. അൽ അറാഇബിന്റെ ആദ്യകാല പതിപ്പുകളിൽ ഇത് ചേർത്തിരുന്നു. ഇത് സ്വതന്ത്ര കൃതിയായി ഇന്ന് വിപണിയിലുണ്ട്.

ഭാഷാ ശാസ്ത്രം

വിദ്യാർത്ഥികൾക്ക് അറബി ഭാഷാ പരിചയത്തിനായി ഉസ്താദ് രചിച്ച മലയാളം-അറബി നിഘണ്ടുവാണ് തംരീനുൽ അദബി ബി ഇൻശാഇൽ അറബ്. മലയാള പദങ്ങൾക്കുള്ള അറബി പദങ്ങൾ കണ്ടുപിടിക്കാൻ വളരെ സഹായകമാണിത്. മലയാള അക്ഷരമാലാ ക്രമത്തിലാണ് ക്രോഡീകരണം. മൂന്ന് വർഷത്തെ കഠിന യത്‌നത്തിന്റെ ഫലമാണ് കൃതി. ഹി. 1396-ൽ രചന പൂർത്തിയായി. 1978-ൽ ആദ്യ പതിപ്പ് തിരൂർ അൽഹിന്ദ് ബുക്സ്റ്റാളും 1997-ൽ രണ്ടാം പതിപ്പ് ബദ്‌രിയ്യയും പുറത്തിറക്കി.

വിർദുകൾ

സത്യവിശ്വാസികൾ പതിവായി ചൊല്ലിയിരുന്ന ദലാഇലുൽ ഖൈറാത്തിന് ഇദംപ്രഥമമായി കേരളത്തിൽ ഒരു വ്യാഖ്യാനം രചിച്ചത് ബാവ ഉസ്താദാണ്. തൻവീറുൽ മസർറാത്ത് എന്നാണ് നാമം. വലിയ്യുല്ലാഹി കക്കിടിപ്പുറം അബൂബക്കർ മുസ്‌ലിയാരുടെ ആശീർവാദം ഈ രചനക്ക് പ്രചോദനമായിട്ടുണ്ട്. ഹി. 1398-ലാണ് രചന. മൂലഗ്രന്ഥകർത്താവ് ഇമാം സയ്യിദ് മുഹമ്മദ് അബൂസുലൈമാനുൽ ജസൂലി(റ)യുടെ സംഭവബഹുലമായ ചരിത്രവും സ്വലാത്തിന്റെ അഹ്കാമുകളും വിവരിക്കുന്ന മുഖവുര ജ്ഞാനസമ്പന്നം. സുപ്രധാനമായ ചില സ്വലാത്തുകളും അതിന്റെ മഹത്ത്വങ്ങളും വിവരിക്കുന്ന ഒരു ഖാതിമ(സമാപനം)യോടെയാണ് ഗ്രന്ഥം അവസാനിക്കുന്നത്.

പ്രധാന ഗുരുക്കളിലൊരാളായ പാങ്ങിൽ അബ്ദുല്ല മുസ്‌ലിയാരുടെ സ്മരണക്കാണ് ഈ ഗ്രന്ഥം സമർപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ പേരിലുള്ള മർസിയ്യത്ത് അവസാന ഭാഗത്ത് ചേർത്തിട്ടുണ്ട്. ഒന്നാം പതിപ്പ് വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങി. രണ്ടാം പതിപ്പ് കോഴിക്കോട് ഇർശാദ് ബുക്സ്റ്റാൾ പ്രസിദ്ധീകരിച്ചു. ഇപ്പോൾ കെട്ടിലും മട്ടിലും പരിഷ്‌കാരങ്ങളോടെ ബദ്‌രിയ്യ പ്രസിദ്ധീകരിക്കുന്നു.

വിർദുകളിൽ അതിപ്രധാനമായ ഹദ്ദാദ് റാതീബിന് ഉസ്താദ് രചിച്ച ഉക്കാസതുൽ മആദ് പ്രശസ്തമാണ്. ദിക്‌റിന്റെ അടിസ്ഥാനം, മഹത്ത്വം, പള്ളിയിൽ നിർവഹിക്കൽ, ഉറക്കെയാക്കൽ, തസ്ബീഹ് മാല ഉപയോഗിക്കൽ, ഹദ്ദാദിന്റെ ചരിത്ര പശ്ചാത്തലം, ചൊല്ലേണ്ട രീതി, ഇമാം അബ്ദില്ലാഹിൽ ഹദ്ദാദ്(റ) തങ്ങളുടെ ചരിത്രവിവരണങ്ങൾ, റാതീബിന്റെ സനദ് തുടങ്ങി ഒട്ടനവധി വിഷയങ്ങൾ ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ഹി. 1410-ലാണ് രചന.

ഹദ്ദാദ് പോലെ അതിപ്രശസ്തമായ ശൈഖ് സ്വദഖതുല്ലാഹിൽ ഖാഹിരിയാൽ വിരചിതമായ ഖുതുബിയ്യത്തിനും വ്യാഖ്യാനം എഴുതി. അദ്ദഖീറതുസ്വഫിയ്യ. ഹി. 1410-ൽ തന്നെയാണ് ഇതിന്റെയും രചന.

മൗലിദുകൾ

ബാവ ഉസ്താദിന്റെ രചനകളിൽ ശ്രദ്ധേയമായ മറ്റൊരിനമാണ് മഹാരഥന്മാരെക്കുറിച്ചുള്ള മൗലിദുകൾ. മഹത്തുക്കളുടെ പൊരുത്തവും ബറകത്തും നേടിയെടുക്കുക എന്ന സദുദ്ദേശ്യത്തോടൊപ്പം അവരുടെ മഹദ്ചരിതങ്ങൾ ലോകത്ത് വാഴ്ത്തപ്പെടാനും നിലനിർത്താനും മൗലിദുകൾക്കാകുന്നുണ്ട്. ഹി. 1396-ൽ ഉവൈസുൽ ഖറനി(റ)യുടെ മൗലിദാണ് ഇത്തരത്തിലുള്ള പ്രഥമ രചന. തിദ്കാറുല്ലബീബ് എന്നാണിതിന്റെ പേര്. ഇതും പലതവണ മുദ്രണം ചെയ്തിട്ടുണ്ട്.

മുത്തുപേട്ടയിൽ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് ദാവൂദുൽ ഹകീം(റ)ന്റെ പേരിലുള്ള തിർയാഖുസ്സഖീം മൗലിദ് ഏറ്റവും പ്രചാരമുള്ളതാണ്. ഇത് പല തവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗൗസുൽ അഅ്‌ളം അബ്ദുൽ ഖാദിരിൽ ജീലാനി(റ)നെ കുറിച്ചുള്ള തൻഖിയതുൽ ഖാത്വിർ, മമ്പുറം തങ്ങളുടെ പേരിലുള്ള ഇഖ്തിളാഉൽ അമാൻ, കവരത്തിയിൽ അന്ത്യവിശ്രമം കൊള്ളുന്ന ഖാസിം വലിയ്യുല്ലാഹിയുടെ പേരിലുള്ള അത്തിർയാഖുൽ ഹാസിം, ഉസ്താദുൽ അസാതീദ് ഒകെ സൈനുദ്ദീൻ കുട്ടി മുസ്‌ലിയാരുടെ പേരിലുള്ള അൽ അദബുൽ മഈൻ, ഇമാമുനശ്ശാഫിഈ(റ)യുടെ പേരിലുള്ള തൻവീലുൽ അനാം (മുഹ്‌യിസ്സുന്നയാണ് പ്രസാധകർ) തുടങ്ങിയ മൗലിദുകൾ പ്രസിദ്ധമാണ്. ബർസഞ്ചി മൗലിദ് ഹ്രസ്വമാക്കിയും ഗദ്യപദ്യ രീതിയിലും ആവിഷ്‌കരിക്കുകയുണ്ടായി. അൽ അസ്വ്‌ലുൽ മുസ്ജി എന്നാണു പേര്.

ബദ്ർ ബൈത്തുകൾ

മഹാന്മാരായ ബദ്‌രീങ്ങളുടെ അസ്മാഅ് ചൊല്ലി ഉദ്ദേശ്യ സാഫല്യം നേടുന്നതിനു വേണ്ടി കഴിഞ്ഞകാല മഹത്തുക്കൾ അവരുടെ നാമങ്ങൾ പദ്യ രൂപത്തിൽ കോർത്തിണക്കി ചൊല്ലിവരുന്നു. ബദ്‌രിയ്യതു റാഇയ്യയും ഹംസിയ്യയും പ്രസിദ്ധം. ബാവ ഉസ്താദിന് അസ്മാഉൽ ബദ്‌റിന്റെ നാല് ഖസ്വീദകളുണ്ട്. ആദ്യത്തേത് ഗ്വായ്തുന്നസ്വ്ർ, പിന്നീട് വലിയൊരു പ്രയാസത്തിൽ നിന്നുള്ള മോചനം ലക്ഷ്യമാക്കി രചിച്ച ആയിരത്തൊന്നു ബൈത്തുകളടങ്ങിയ ബദ്‌രിയ്യത്തുൽ അൽഫിയ്യ (മിഫ്താഹുള്ളഫർ എന്നാണ് പേര്). അറബി അക്ഷരക്രമത്തിൽ ക്രമീകരിച്ച ഈ ഖസ്വീദ അശ്‌റതുൽ മുബശ്ശിരീൻ, മുഹാജിറുകൾ, ഖസ്‌റജികൾ, ഔസികൾ എന്ന ക്രമത്തിലാണ് ക്രോഡീകരിച്ചത്. ശേഷം ഇതേ രീതിയിൽ ഉഹുദീങ്ങളുടെ നാമങ്ങളും മറ്റു പ്രവാചകന്മാർ, മഹാന്മാർ എന്നിവരുടെ നാമങ്ങളും തവസ്സുലാക്കി സമാപിക്കുന്നു. പല പ്രശ്‌ന പരിഹാരങ്ങളും ഇത് പാരായണം ചെയ്തു ലഭിച്ചിട്ടുണ്ട്. ഈ കൃതിയുടെ മുഖവുര ബദ്‌രീങ്ങളുടെ നാമങ്ങൾ സംബന്ധമായും മറ്റുമുള്ള വിലപ്പെട്ട വിവരങ്ങളടങ്ങിയതാണ്.

അറുപത് ബൈത്തുകളടങ്ങിയ അൽ ബദ്‌രിയ്യത്തുസ്സിത്തീനിയ്യ എന്നൊരു ഖസ്വീദയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. എളുപ്പത്തിൽ ബദ്‌രീങ്ങളുടെ നാമങ്ങൾ ഓർത്തുവെക്കാനും പെട്ടെന്ന് അസ്മാഉകൾ ഓതിത്തീർക്കാനും ഇതു സഹായകമാണ്. നാലാമത്തേത് സലാലിമു ആലിള്ളഫ്ർ എന്ന പേരിൽ രചിച്ച ഖസ്വീദയാണ്. ഇതിൽ അസ്മാഉൽ ഹുസ്‌ന, ഖുർആനിൽ പരാമർശിക്കപ്പെട്ട നബിമാർ, ബദ്‌രീങ്ങൾ, ഉഹുദീങ്ങൾ എന്നീ ക്രമമാണ് പാലിച്ചിട്ടുള്ളത്. ഇത് ഇർശാദ് ബുക്‌സ്റ്റാൾ പുറത്തിറക്കി തൻവീറുൽ മസാർ(റ) അനുബന്ധമായി ചേർത്തിട്ടുണ്ട്.

മർസിയ്യത്തുകൾ

ബാവ ഉസ്താദിന്റെ രചനകളിൽ വേറിട്ടുനിൽക്കുന്നു കഴിഞ്ഞുപോയ മശാഇഖുമാരെയും ഗുരുവര്യന്മാരെയും വാഴ്ത്തിക്കൊണ്ടുള്ള മർസിയ്യത്തുകൾ (ശോകഗീതം). തന്റെ ഗുരു പാങ്ങിൽ അബ്ദുല്ല മുസ്‌ലിയാരുടെ (മരണം ഹി. 1393) പേരിലുള്ള മർസിയ്യത്താണ് ഈ ഗണത്തിലെ ആദ്യരചന. തുടർന്ന് ഇരുപതോളം മർസിയ്യത്തുകൾ ആ തൂലികയിൽ നിന്ന് വിരചിതമായിട്ടുണ്ട്.

വന്ദ്യഗുരു കരിങ്കപ്പാറ മുഹമ്മദ് മുസ്‌ലിയാർ, മലപ്പുറം ചെറുകോയ തങ്ങൾ, ഇകെ ഹസൻ മുസ്‌ലിയാർ, മൂന്നിയൂർ കുഞ്ഞീൻ മുസ്‌ലിയാർ, കാടേരി മുഹമ്മദ് മുസ്‌ലിയാർ, കെകെ സ്വദഖത്തുല്ല മുസ്‌ലിയാർ, കുറ്റിപ്പുറം അബ്ദുല്ല മുസ്‌ലിയാർ, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ, പുല്ലൂക്കര ഉസ്താദ് (ആർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ), കൈപ്പറ്റ ബീരാൻകുട്ടി മുസ്‌ലിയാർ, ആലുവായി അബൂബക്കർ മുസ്‌ലിയാർ, കുണ്ടൂർ അബ്ദുൽ ഖാദിർ മുസ്‌ലിയാർ, കോട്ടുമല അബൂബക്കർ മുസ്‌ലിയാർ, ഒകെ ഉസ്താദ്, പാനായിക്കുളം ബാപ്പു മുസ്‌ലിയാർ, എടക്കുളം ലത്വീഫ് ഫൈസി, പൂക്കാട്ടിരി ഹസൻ മുസ്‌ലിയാർ, ഒതുക്കുങ്ങൽ ഇഹ്‌യാഉസ്സുന്ന മാനേജറായിരുന്ന ഒകെ മുഹമ്മദ് കുട്ടി മുസ്‌ലിയാർ, തന്റെ ശിഷ്യരിലൊരാളായ സിദ്ദീഖ് അഹ്‌സനി തുടങ്ങിയവരുടെ മർസിയ്യത്തുകളാണ് പ്രധാനപ്പെട്ടവ. ലക്ഷണമൊത്ത സാഹിത്യ സൃഷ്ടികളാണവയെല്ലാം.

അൽമഖാസ്വിദുസ്സനിയ്യ

തജ്‌വീദിലും ഉസ്താദിനു രചനയുണ്ട്. പ്രസിദ്ധമായ മുഖദ്ദിമതുൽ ജസരിക്കും അതിനു സകരിയ്യൽ അൻസ്വാരി(റ) എഴുതിയ ശർഹിനും ലളിതവും സരളവുമായ വ്യാഖ്യാനമാണ് അൽ മഖാസ്വിദുസ്സനിയ്യ എന്ന ഗ്രന്ഥം. ഇത് ഈയിടെ ബദ്‌രിയ്യ പുറത്തിറക്കി.

മുസൽസലാത്, സബത്

അവസാനം ആ കർമയോഗി കൈവെച്ച അതിവിശിഷ്ടമായൊരു മേഖലയാണ് കേരളക്കരയിൽ കൂടുതലാർക്കും അവകാശപ്പെടാനാവാത്ത മുസൽസലാതും സബതും. ഹദീസുകൾ പരമ്പര മുറിയാതെ തന്റെ ശൈഖിൽ നിന്ന് നബി(സ്വ) വരെ പ്രത്യേക വിഷയങ്ങളുടെയും രീതികളുടെയും പാരമ്പര്യം വരച്ചുകാണിക്കുന്നതാണ് മുസൽസലാത്ത്.

അവ്വലിയ്യ, മുശാബക, മഹബ്ബ, അമാമത് തുടങ്ങി ഒട്ടേറെ വകുപ്പുകളിൽ ഇത് ക്രോഡീകരിക്കപ്പെട്ടിട്ടുണ്ട്. ബാവ ഉസ്താദിനും ഈ വിഷയത്തിൽ ഒരു രചനയുണ്ട്. അതാണ് അസ്സബർജദുൽ അഖ്‌ളർ ഫീ മുസൽസലിൽ ഹദീസിൽ അൻവർ. മറ്റേത് സബത് എന്ന ഇനമാണ്. മഹാന്മാരായ ഇമാമുമാരുടെ ഗ്രന്ഥങ്ങൾ, അവരിൽ നിന്ന് ശിഷ്യന്മാർ, തുടർന്ന് ഇവരുടെ ശിഷ്യന്മാരും മുഖേന സനദ് മുറിയാതെ നമ്മിലേക്ക് ആ പ്രത്യേക ഗ്രന്ഥം എത്തിച്ചേരുന്ന രീതിയാണ് ഇത്.

ഈസാറുൽ അസ്ബാത് എന്ന വലിയ സബതും ഹൃസ്വമായ മറ്റൊരു സബതും ഉസ്താദിന്റേതായുണ്ട്. അവ രണ്ടിലും താൻ പഠിച്ച ഓരോ കിതാബുകളും (സബ്തുള്ളത് മാത്രം) അത് ഏതു ഗുരുവിൽ നിന്ന് പഠിച്ചു എന്നും കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നു. കേരളത്തിൽ ഇങ്ങനെ ഒരപൂർവ സംരംഭത്തിന് മുതിർന്ന പണ്ഡിതൻ ശൈഖ് അഹ്മദ് കോയ ശാലിയാത്തിയാണ്. അദ്ദേഹത്തിന്റെ സബത് മുഴുവൻ രിവായത് ചെയ്തത് പാണക്കാട് സയ്യിദ് അബ്ദുൽ ഖഹ്ഹാർ പൂക്കോയ തങ്ങളാണ്. അദ്ദേഹത്തിൽ നിന്ന് ബാവ ഉസ്താദ് ശാലിയാത്തിയുടെ സനദുകൾ നേടിയെടുത്തു.

സയ്യിദ് മുഹമ്മദ് മാലികി, സൈൻ മക്കി തുടങ്ങിയ അറബ് പണ്ഡിതരിൽ നിന്നും അദ്ദേഹത്തിന് സബത് കരസ്ഥമാക്കാൻ ഭാഗ്യം ലഭിച്ചു. ശാലിയാത്തിക്ക് ശേഷം ഈ രംഗത്ത് ഈ രണ്ടു ശാഖകളും സ്വായത്തമാക്കിയത് ശൈഖുനാ കാന്തപുരം ഉസ്താദാണ്. മക്കയിൽ ജീവിച്ചിരുന്ന അതുല്യ പണ്ഡിതൻ മുസ്‌നിദ്ദുൻയാ എന്ന പേരിലറിയപ്പെട്ടിരുന്ന ശൈഖ് അബുൽ ഫള്ൽ മുഹമ്മദ് യാസീനിൽ ഫാദാനിയിൽ നിന്നാണ് കാന്തപുരം ഉസ്താദ് ഇത് കരസ്ഥമാക്കിയത്. ഫൈളാനുൽ മുസൽസല എന്ന സബ്തും മുസൽസലതും (അസ്സബർജദ്, ഈസാറുൽ അസ്ബാത് എന്നീ രണ്ടു ഗ്രന്ഥങ്ങൾ) ഈ അടുത്ത് ബദ്‌രിയ്യ പുറത്തിറക്കി.

ഇനിയും വെളിച്ചം കാണാത്ത വേറെ രചനകളും ഉസ്താദിനുണ്ട്. അതിൽ പെട്ടതാണ് ഇമാം ബൂസ്വീരി(റ)യുടെ ഹംസിയ്യയുടെ വ്യാഖ്യാനം, ഖസ്വീദതുൽ മുൻഫരിജയുടെ വ്യാഖ്യാനം, സബ്ഉൽ മുഅല്ലഖയുടെ വ്യാഖ്യാനം തുടങ്ങിയവ.

രചനയുടെ സിംഹഭാഗവും അറബിയിൽ നിർവഹിച്ച ഉസ്താദ് മലയാളത്തിൽ ഏതാനും കൃതികൾ എഴുതിയിട്ടുണ്ട്. കർമശാസ്ത്രം ശാഫിഈ മദ്ഹബിൽ എന്നതാണ് ഇവയിൽ ബൃഹത്തായത്. ആരാധനാ ക്രമം, നിസ്‌കാരക്രമം, ഇജ്തിഹാദും തഖ്‌ലീദും, മുഅ്ജിസത്തും കറാമത്തും എന്നിയവയാണ് മറ്റു മലയാള രചനകൾ.

വിജ്ഞാന പ്രചാരണത്തിലും ഭാവിതലമുറക്ക് വഴി ഒരുക്കുന്നതിലും പ്രബോധകനായ ഈ പണ്ഡിതൻ കാലം കഴിച്ചു. ദീനിനും സമൂഹത്തിനും അമൂല്യമായ സേവനങ്ങൾ ചെയ്തു ബാവ ഉസ്താദ് മൺമറഞ്ഞെങ്കിലും രചനകളിലൂടെ എന്നെന്നും ജീവിക്കുകയാണ്. അവിടുത്തെ പരലോക ജീവിതം നാഥൻ പ്രകാശപൂരിതമാക്കട്ടെ.

അബ്ദുൽ ഗഫൂർ സഖാഫി കാവനൂർ

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ