ഞാന്‍ ഇസ്ലാം മതമാശ്ലേഷിച്ചപ്പോള്‍ മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ)യുടെ കൂടെ കേവലം ആറു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. വലിയ കഷ്ടപ്പാടും ദുരിതങ്ങളുമായിരുന്നു അന്ന് കൂട്ട്. വിശപ്പടക്കാന്‍ ഒന്നും കിട്ടാതെ നിരവധി ദിവസങ്ങള്‍ പട്ടിണിയായിരുന്നു. പാവങ്ങളെ പരിഗണിക്കുകയില്ലെന്ന് മാത്രമല്ല അവരോട് പകയായിരുന്നു പണക്കാര്‍ക്ക്. എല്ലുമുറിയെ പണിയെടുപ്പിച്ച് വേതനം നല്‍കാതെ വെറും കയ്യോടെ മടക്കിവിടും. പണമുള്ളവരായിരുന്നു കാര്യക്കാര്‍. ഇല്ലാത്തവര്‍ സര്‍വവിധേനയും അവഗണിക്കപ്പെട്ടു. ഞങ്ങള്‍ക്ക് പച്ചിലയല്ലാതെ മറ്റൊന്നും ഭക്ഷിക്കാന്‍ ലഭിക്കാത്ത കാലമായിരുന്നു അത്. പച്ചിലകള്‍ തിന്നു വിശപ്പടക്കുന്നതു കാരണം ഞങ്ങളുടെ വായ മുഴുവനും വ്രണമായിരുന്നു. അസഹ്യമായ വേദനമൂലം വാ തുറക്കാമ്പോലും പ്രയാസപ്പെട്ടു. എനിക്കന്ന് ഒരു പുതപ്പ് ലഭിക്കുകയുണ്ടായി. ഞാനത് രണ്ടായി മുറിച്ച് ഒരു കഷ്ണം ഞാന്‍ ധരിച്ചു. മറ്റേത് സഅദുബ്നു മാലിക്കിനു നല്കി….
മുസ്ലിംകളുടെ അംഗസംഖ്യ വളരെ പരിമിതമായിരുന്ന ആദ്യകാലത്തെ ദുരിതപൂര്‍ണമായ നേര്‍കാഴ്ച അയവിറക്കുന്ന ഈ സുകൃതന്‍ ഉത്ബത്ബ്നു ഗസ്വാന്‍(റ) ആണ്. “മാസനി” ഗോത്രക്കാരനായ ഇദ്ദേഹം ഖുറൈശി കിങ്കരന്മാരുടെ കിരാത മര്‍ദനങ്ങള്‍ക്ക് വിധേയനായി. എല്ലാം തൃണവല്‍ഗണിച്ച് തിരുദൂതരെ നിഴല്‍പോലെ പിന്തുടര്ന്നു. ബദ്ര് തുടങ്ങി എല്ലാ രണാങ്കണങ്ങളിലും തിരുദൂതരുടെ കൂടെ നിലകൊണ്ടു. മതപ്രചാരണത്തിനായി അദ്ദേഹം വരിച്ച ത്യാഗങ്ങള്‍ അതിരറ്റതായിരുന്നു.
അക്രമങ്ങളില്‍ വീര്‍പ്പുമുട്ടിക്കഴിയുന്ന അനുചരന്മാര്ക്ക് എത്യോപ്യയില്‍ അഭയം തേടാന്‍ തിരുനബി(സ്വ) അനുമതി നല്കിയപ്പോള് ഉത്ബതും പുറപ്പെട്ടു. തിരുറസൂലിനെ പിരിഞ്ഞുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന് ശത്രുപീഡനങ്ങളേക്കാള് അസഹ്യമായി തോന്നിയത്. കാതങ്ങള്‍ താണ്ടി അബ്സീനിയയിലെത്തി. ദിനങ്ങള്‍ തള്ളിനീക്കി. നബി(സ്വ)യുടെ അഭാവം അദ്ദേഹത്തെ ഏറെ വേദനിപ്പിച്ചു. അവിടെ നില്ക്കാന് കഴിയാതെ മക്കയിലേക്കു തന്നെ തിരിച്ചുപോന്നു ആ പ്രവാചകപ്രേമി.
തിരുദൂതര്‍ യസ്രിബിലേക്ക് ഹിജ്റ പോകുന്നതു വരെ മക്കയില്‍ ദുരിതങ്ങളേറ്റു കഴിഞ്ഞു അദ്ദേഹം. പിന്നെ മറ്റു സത്യസാക്ഷികളോടൊപ്പം അദ്ദേഹവും യസ്രിബിലേക്ക് പുറപ്പെട്ടു. അനാചാരങ്ങളുടെയും അന്ധവിശ്വാസത്തിന്റെയും നിര്‍മാര്‍ജനത്തിനും ഇസ്ലാമിക പ്രബോധനത്തിനുമായി ഉത്ബത്(റ) ഊര്‍ജം വിനിയോഗിച്ചു.
പ്രവാചകവിയോഗത്തിനു ശേഷം ഖലീഫമാരുടെ ഭരണകാലം. പേര്‍ഷ്യന്‍ സാമ്രാജ്യത്വത്തിന്റെ ഉരുക്കുമുഷ്ടിയില്‍ കിടന്നു പിടയുന്ന പ്രദേശമായിരുന്നു അന്ന് ഉബല്ല. ആ നാടിന്റെ മോചനത്തിനായി രണ്ടാം ഖലീഫാ ഉമര്‍(റ) നിയോഗിച്ചത് ഉത്ബതിനെയായിരുന്നു.
“റബ്ബിന്റെ നാമത്തില്‍ അവനില്‍ പ്രതീക്ഷയര്‍പ്പിച്ച് അവിടെ സൈനികസമേതം പ്രവേശിക്കുക. ആ ജനസമൂഹത്തെ ഇസ്ലാമിലേക്കു ക്ഷണിക്കുക. സത്യമതം അവര്‍ക്കു വിശദീകരിക്കുക. അവിശ്വാസികള്‍ക്ക് ജിസ്യ ഏര്‍പ്പെടുത്തുക. അക്രമികളോട് വിട്ടുവീഴ്ച വേണ്ടതില്ല.”
ഖലീഫയുടെ നിര്‍ദേശം നെഞ്ചിലേറ്റി ഉത്ബയും കൂട്ടരും ഉബെല്ലയില് കടന്നു. പേര്‍ഷ്യന്‍ സൈന്യം വലിയ സന്നാഹത്തോടു കൂടി നില്‍ക്കുകയായിരുന്നു.
ഉത്ബത്(റ) ആയുധമണിഞ്ഞു. സൈനികരുടെ മുമ്പന്തിയില്‍ തന്നെ നിലയുറപ്പിച്ചു. അവരോട് ഹ്രസ്വമായി സംസാരിച്ചു:
“അല്ലാഹു മഹാനാണ്. അവന് നല്കിയ വാഗ്ദത്തം ഇതാ നിറവേറാന്‍ പോകുന്നു. അതേ, സത്യസാക്ഷികള്‍ക്ക് വിജയം നല്‍കുക തന്നെ ചെയ്യുമെന്ന റബ്ബിന്റെ അജയ്യമായ വാഗ്ദാനം മറികടക്കാന്‍ ഒരു ശത്രുസന്നാഹത്തിനും സാധ്യമല്ല. നാമത് നിഷ്പ്രയാസം കൈവരിക്കുക തന്നെ ചെയ്യും….”
തക്ബീര്‍ ധ്വനികളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍ യുദ്ധമാരംഭിച്ചു. ഏറെ വൈകാതെ തന്നെ പേര്‍ഷ്യക്കാരുടെ അധീനതയില്‍ നിന്ന് ഉബല്ലാ മോചിപ്പിച്ചു. ആ പ്രദേശം ഇസ്ലാമിക കൊടിക്കു കീഴില്‍ പരിലസിച്ചു.
നാളുകള്‍ക്കുശേഷം മദീനയിലേക്ക് മടങ്ങാനും ഭരണാധികാരം കൈയൊഴിയാനും ഉത്ബ(റ) തീരുമാനിച്ചു. ഖലീഫയെ വിവരമറിയിച്ചു. പക്ഷേ, ഉമര്‍(റ) അതിന് സമ്മതിച്ചില്ല. ജനങ്ങള്‍ക്ക് മതം പഠിപ്പിച്ചും നീതി നിര്‍വഹണം നടത്തിയും നിസ്കാരത്തിന് നേതൃത്വം നല്‍കിയും സേവനം തുടരാനായിരുന്നു കല്പന. നേതാവിന് വഴങ്ങി അദ്ദേഹം പ്രപഞ്ചത്യാഗത്തിലും ദൈവഭക്തിയിലും അവിടെതന്നെ കഴിഞ്ഞുകൂടി. കടന്നുപോന്ന വഴികളെക്കുറിച്ചും വരാനിരിക്കുന്ന കടമ്പകള്‍ ഓര്‍ത്തും ആഢംബരവും അമിതവ്യയവും അദ്ദേഹം അന്യം നിറുത്തി ജീവിച്ചു. അവയെല്ലാം തന്റെ മതത്തിന് ആപത്തായി പരിണമിക്കുമെന്ന് ഉറച്ചുവിശ്വസിച്ചു. ലാളിത്യവും മിതത്വവും മുഖമുദ്രയാക്കി.
ഏകാധിപത്യ ഭരണവും സുഖാഢംബര ജീവിത രീതികളും മാത്രം ഭരണാധികാരികളില്‍ നിന്ന് കണ്ടും കേട്ടും പരിചയിച്ച തദ്ദേശീയര്‍ക്ക് ഇസ്ലാമിക ഭരണാധികാരിയായ ഉത്ബത്(റ)ന്റെ ലാളിത്യ ജീവിതം ആശ്ചര്യകരമായിരുന്നു.
“നിങ്ങള്‍ ഐഹിക ജീവിതത്തില്‍ ഉന്നതസ്ഥാനീയരും പാരത്രിക ജീവിതത്തില്‍ നിസ്സാരരുമായിത്തീരുന്നതിനെ ഭയക്കുക.” പേര്‍ഷ്യന്‍ ഭരണാധികാരികളെപ്പോലെ സുഖലോലുപത പുണരണമെന്നു നിര്‍ദേശിച്ചവരോടും തന്റെ ലാളിത്യ ജീവിതം വിമര്‍ശിച്ചവരോടും ഉത്ബ(റ) ഉപദേശിച്ചു.
ഭരണാധികാരി എന്ന നിലയില്‍ താന്‍ അനുവര്‍ത്തിക്കുന്ന രീതി ഇഷ്ടപ്പെടാത്തവരോട് മറ്റൊരിക്കല്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: “എനിക്കു ശേഷം യഥാര്‍ത്ഥ ഭരണാധികാരികളെ നിങ്ങള്‍ക്ക് കാണാന്‍ കഴിഞ്ഞേക്കാം…”
ഹിജ്റ പതിനാലാം വര്‍ഷം ഹജ്ജ് കാലത്ത് തന്റെ ഒരു സുഹൃത്തിനെ ഭരണമേല്പിച്ച് ഉത്ബതുബ്നു ഗസ്വാന്‍(റ) അല്ലാഹുവിന്റെ അതിഥിയായി മക്കയിലെത്തി. ഹജ്ജ് നിര്‍വഹിച്ചു. ശേഷം മദീനയില്‍ ചെന്ന് ഉമര്‍(റ)നെ കണ്ടു. ബസ്വറയുടെ ഭരണസാരഥ്യത്തില്‍ നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്നപേക്ഷിച്ചു. പക്ഷേ, ഖലീഫ ഉത്ബ(റ)യുടെ ആവശ്യം നിരസിച്ചുകൊണ്ടു പറഞ്ഞു:
“നിങ്ങളെല്ലാവരും ചേര്‍ന്ന് ഭരണഭാരങ്ങള്‍ എന്റെ ചുമലില്‍ അര്‍പ്പിച്ച് ഒഴിഞ്ഞുമാറുകയാണ്. ഇല്ല, ഞാനൊരിക്കലും അതിന് സമ്മതം തരില്ല. ബസ്വറയിലെ ഭരണസാരഥ്യം താങ്കള്‍തന്നെ തുടരുക.”
ഖലീഫയുടെ ഉറച്ച നിലപാടില്‍ നിന്നും തലയൂരാന്‍ പഴുതു കാണായ്കയാല്‍ ഉത്ബ(റ) ബസ്വറയിലേക്കു തിരിച്ചുപോകാന്‍ തീരുമാനിച്ചു. വാഹനപ്പുറത്ത് കയറുന്നതിനു മുമ്പ് അദ്ദേഹം ഖിബ്ലയിലേക്ക് തിരിഞ്ഞു മനമുരുകിത്തേടി:
“ദയാപരനായ രക്ഷിതാവേ, എന്റെ മനസ്സ് നിനക്കറിയാമല്ലോ, എന്നിട്ടും നീ എന്നെ ബസ്വറയിലേക്ക് മടക്കുകയാണോ? ഭരണാധികാരത്തിന്റെ അമിതഭാരം എന്റെ ചുമലില്‍ വീണ്ടും നീ അര്‍പ്പിക്കുകയാണോ?”
ആ തേട്ടം രക്ഷിതാവ് കേട്ടു. ബസ്വറയിലേക്കുള്ള മാര്‍ഗമധ്യേ ഉത്ബത്(റ) രോഗാതുരനായി. ഭരണജീവിതത്തിന്റെ തിരക്കില്‍ നിന്നും മരണത്തിലേക്കും തുടര്‍ന്ന് ശാശ്വത ജീവിതത്തിലേക്കുമായി ആ യാത്ര. അന്ന് മഹാന് അമ്പത്തിയേഴ് വയസ്സായിരുന്നു.
(സുവറുമിന്‍ ഹയാതി സ്വഹാബ, ശറഹുമുസ്ലിം).
ടിടിഎ ഫൈസി പൊഴുതന