മരണപ്പെട്ടവര്‍ക്കു വേണ്ടിയും മരണാസന്നരായവരുടെ സമീപത്തുവെച്ചും ഖുര്‍ആന്‍ പാരായണം നടത്തുന്നത് പൂര്‍വകാലം മുതല്‍ തന്നെ മുസ്ലിം ലോകത്ത് നടന്നുവരുന്ന സമ്പ്രദായമാണ്. ഇസ്ലാമിലെ ആത്മീയത ഇല്ലായ്മ ചെയ്യാന്‍വേണ്ടി നവീനവാദികള്‍ ഈ പുണ്യകര്‍മത്തെയും അനിസ്ലാമിക മുദ്രയടിച്ച് വിവാദമാക്കിയിരിക്കുകയാണ്. ഈ പുണ്യാചാരത്തിന് പ്രോത്സാഹനം നല്‍കിയ ഇമാമുമാരെ തന്നെ തങ്ങളുടെ വാദത്തിന് ഇവര്‍ കൂട്ടുപിടിക്കുന്നതാണ് ഏറെ കൗതുകകരം.
ഒരു മൗലവി എഴുതുന്നു: ‘നമ്മുടെ നാട്ടിലെ ശാഫിഈ മദ്ഹബുകാര്‍ എന്നവകാശപ്പെടുന്നവര്‍ വ്യാപകമായി ചെയ്തുവരുന്ന മറ്റൊന്നാണ്, മരണപ്പെട്ടവര്‍ക്ക് പ്രതിഫലം കിട്ടാന്‍ വേണ്ടി ഖുര്‍ആന്‍ പാരായണം ചെയ്ത് അതിന്റെ പ്രതിഫലം അവര്‍ക്ക് ഹദ്യ ചെയ്യല്‍. എന്നാല്‍ ഇത്തരമൊരു സമ്പ്രദായം അല്ലാഹുവും റസൂലും പഠിപ്പിച്ചിട്ടില്ലാത്തത് പോലെതന്നെ ശാഫിഈ മദ്ഹബും അംഗീകരിക്കുന്നില്ല. ശാഫിഈ മദ്ഹബിന്റെ പൊതുവായതും പ്രസിദ്ധമായതുമായ അഭിപ്രായം ആ പ്രതിഫലം മരണപ്പെട്ടവര്‍ക്ക് ലഭിക്കുകയില്ല എന്നു തന്നെയാണ്’ (ശാഫി സ്വലാഹി, സുന്നി ആചാരങ്ങള്‍ ഇമാം നവവിയുടെ വീക്ഷണത്തില്‍, പേ 22).
തികഞ്ഞ വിജ്ഞാന വഞ്ചനയാണിത്. ശാഫിഈ മദ്ഹബ് മാത്രമല്ല, നാലു മദ്ഹബുകളും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട് ഈ പുണ്യകര്‍മം. ഇമാം നവവി(റ) ശര്‍ഹുല്‍ മുഹദ്ദബില്‍ രേഖപ്പെടുത്തുന്നു: ‘ഖബ്ര്‍ സന്ദര്‍ശനം നടത്തുന്നവര്‍ സൗകര്യമുള്ള വിധം ഖുര്‍ആന്‍ പാരായണം നടത്തലും ശേഷം ഖബ്റാളിക്ക് വേണ്ടി പ്രാര്‍ത്ഥന നടത്തലും സുന്നത്താണ്. ഇക്കാര്യം ശാഫിഈ ഇമാം വ്യക്തമാക്കുകയും ശാഫിഈ മദ്ഹബിലെ പണ്ഡിതന്മാര്‍ ഇതിന്റെ മേലില്‍ ഏകോപിക്കുകയും ചെയ്തിട്ടുണ്ട്’ (മജ്മൂഅ് 5/311).
ഇമാമുമാരുടെ ഗ്രന്ഥങ്ങള്‍ ദുര്‍വ്യാഖ്യാനിച്ച് സ്വന്തമാക്കാന്‍ വൈദഗ്ധ്യം തെളിയിക്കുന്ന ഈ മൗലവി തുടര്‍ന്നെഴുതുന്നു: ‘എന്നാല്‍ മരണപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ഖുര്‍ആന്‍ പാരായണം, തീര്‍ച്ചയായും അതിന്റെ പുണ്യം മരണപ്പെട്ട വ്യക്തിക്ക് ലഭിക്കുകയില്ല എന്നതാണ് ഇമാം ശാഫിഈ(റ)യുടെ പ്രസിദ്ധമായ അഭിപ്രായം’ (ശയശറ22,23).
മരണപ്പെട്ടവര്‍ക്ക് ഖുര്‍ആന്‍ പാരായണം നടത്തുന്നതിനെ പാടെ നിഷേധിക്കുന്ന മുജാഹിദുകള്‍ ഇമാം ശാഫിഈ(റ)യെ ഖുര്‍ആന്‍ പാരായണ വിരോധിയാക്കാന്‍ വിഫലശ്രമം നടത്തുകയാണിവിടെ. ഈ വിഷയത്തിലുള്ള ഇമാം ശാഫിഈ(റ)ന്റെ അഭിപ്രായത്തെ വിശകലനം ചെയ്ത് ഇബ്നുഹജര്‍(റ) എഴുതുന്നു:
‘ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിലേക്കെത്തുകയില്ലെന്നതാണ് മദ്ഹബില്‍ പ്രസിദ്ധമായ അഭിപ്രായമെന്ന് ഇമാം നവവി(റ) ശര്‍ഹു മുസ്ലിമില്‍ പറഞ്ഞതിനെ ഒരു കൂട്ടം പണ്ഡിതന്മാര്‍ ഇപ്രകാരം വിലയിരുത്തുന്നു. മയ്യിത്തിന്റെ സമീപത്തുവെച്ച് പാരായം ചെയ്യാതിരിക്കുകയോ ഖുര്‍ആന്‍ പാരായണം ചെയ്തവര്‍ അതിന്റെ പ്രതിഫലം മയ്യിത്തിന് കരുതാതിരിക്കുകയോ കരുതിയ രൂപത്തില്‍ അവന് വേണ്ടി പ്രാര്‍ത്ഥിക്കാതിരിക്കുകയോ ചെയ്യുമ്പോഴാണ് ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം മയ്യിത്തിന് ലഭിക്കുകയില്ലെന്ന് പറയുന്നത്’ (തുഹ്ഫ 7/74).
ഇമാം നവവി(റ) പറയുന്നു: ‘ഖുര്‍ആന്‍ പാരായണത്തിന്റെ അതേ പ്രതിഫലം ചേരുമെന്നതില്‍ പണ്ഡിതന്മാര്‍ക്ക് വ്യത്യസ്ത വീക്ഷണങ്ങളുണ്ട്. ശാഫിഈ മദ്ഹബില്‍ പ്രസിദ്ധി നേടിയതും ഒരു കൂട്ടം പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നതും ഖുര്‍ആന്‍ പാരായണത്തിന്റെ പ്രതിഫലം (നിരുപാധികം) മയ്യിത്തിലേക്ക് ചേരുകയില്ലെന്നാണ്. ഇമാം അഹ്മദ്ബ്നു ഹമ്പലും മറ്റു പണ്ഡിതന്മാരും ശാഫിഈ മദ്ഹബിലെ ഒരു വിഭാഗവും പ്രതിഫലം ലഭിക്കുമെന്നാണ് അഭിപ്രായപ്പെടുന്നത്. അതിനാല്‍ തെരഞ്ഞെടുക്കേണ്ടത് ഖുര്‍ആന്‍ പാരായണം ചെയ്യുന്നവന്‍ പാരായണ ശേഷം അല്ലാഹുവേ, ഞാന്‍ പാരായണം ചെയ്തതിന്റെ പ്രതിഫലം ഇന്ന വ്യക്തിയിലേക്ക് നീ എത്തിക്കേണമേ എന്നു ദുആ ചെയ്യുന്ന രീതിയാണ്’ (അദ്കാര്‍/172). തര്‍ക്കം പാരായണം കൊണ്ടുതന്നെ ലഭിക്കുമോ അതോ ശേഷം പ്രാര്‍ത്ഥന വേണമോ എന്നതില്‍ മാത്രമാണെന്നു സാരം.
ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍ മേല്‍പറഞ്ഞ ക്ഷുദ്രകൃതിയില്‍ ഖിറാഅത്തിന്റെ പ്രതിഫലം, ദുആ ചെയ്താല്‍ മയ്യിത്തിന് ലഭിക്കും എന്നു പറയുന്ന ഭാഗം അര്‍ത്ഥം പറയാതെ മനഃപൂര്‍വം ഒഴിവാക്കി കഠിന വഞ്ചനയൊപ്പിക്കുന്നതു കാണാം. ശിക്ഷ ലഭിക്കുന്ന രണ്ടാളുകളുടെ ഖബ്റിനരികിലൂടെ നബി(സ്വ) നടന്നപ്പോള്‍ ഒരു ഈന്തപ്പനമട്ടല്‍ രണ്ടായി പകുത്ത് ഇരു ഖബ്റിനു പുറത്തും നാട്ടിയ സംഭവം പരാമര്‍ശിക്കുന്ന ഹദീസ് വിവരിച്ച് ഇമാം നവവി(റ) എഴുതുന്നു: ‘ഖബ്റിനരികില്‍ വെച്ച് ഖുര്‍ആനോതല്‍ പുണ്യകരമാണെന്ന് ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പണ്ഡിതന്മാര്‍ രേഖപ്പെടുത്തുന്നു. ഈന്തപ്പന മട്ടലിന്റെ തസ്ബീഹ് കാരണം മയ്യിത്തിന് ആശ്വാസം പ്രതീക്ഷിക്കാമെങ്കില്‍ ഖുര്‍ആന്‍ പാരായണം മുഖേന എന്തായാലും പ്രതീക്ഷിക്കാമല്ലോ’ (ശര്‍ഹുമുസ്ലിം 2/205).
ഈ വിഷയവുമായി ബന്ധപ്പെട്ട് മൗലവി അവസാനമായി പറയുന്നു: ‘നമ്മുടെ നാട്ടില്‍ വ്യാപകമായി നടക്കുന്ന മരിച്ചിടത്തുള്ള ഖുര്‍ആനോത്ത്, ഖബറിങ്കലും മറ്റുമുള്ള ഓത്ത്, മരിച്ചവര്‍ക്ക് പ്രതിഫലം കിട്ടാന്‍വേണ്ടി ഇലാ ഹള്റത്തി ചൊല്ലി ദിക്റുകളും മറ്റും പാര്‍സല്‍ ചെയ്യല്‍, ഇതെല്ലാം തനിച്ച അനാചാരമാണെന്നും അതിന്റെയൊന്നും പ്രതിഫലം അവര്‍ക്ക് ലഭിക്കുകയില്ല എന്നതിന് പരിശുദ്ധ ഖുര്‍ആനിലെ വചനം തന്നെ സാക്ഷിയാണെന്നുമാണ് ഇമാം ശാഫിഈ(റ)യും മദ്ഹബിലെ പ്രബലപക്ഷവും പറയുന്നതെന്നാണ് രണ്ടാം ശാഫിഈ എന്ന പേരിലറിയപ്പെടുന്ന ഇമാം നവവി(റ) ഇവിടെ പ്രഖ്യാപിക്കുന്നത്’ (ശയശറ23).
നവവി ഇമാമിന്റെ ഉദ്ധരണം സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് മഹാനവര്‍കളെ തന്റെ പുത്തന്‍വാദത്തിന് കൂട്ടുപിടിക്കുന്ന മൗലവിയുടെ കുതന്ത്രത്തിന്റെ ഭാഗമാണിത്. എന്നാല്‍ പ്രാര്‍ത്ഥിക്കാതെ തന്നെ ലഭിക്കുമോ എന്നതിലാണ് അഭിപ്രായ വ്യത്യാസമെന്ന വസ്തുത വിശദീകരിച്ചല്ലോ. ‘അവന്‍ അധ്വാനിച്ചതല്ലാതെ മനുഷ്യനുണ്ടോ?’ എന്ന സൂറതുന്നജ്മ് മുപ്പതാം സൂക്തം ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടും മൗലവി തന്റെ ദുര്‍വാദം തെളിയിക്കാന്‍ ശ്രമിക്കുന്നുണ്ട് (സുന്നീ ആചാരങ്ങള്‍ ഇമാം ശാഫിഈയുടെ വീക്ഷത്തില്‍, പേ 48,49) മേല്‍ സൂക്തമനുസരിച്ച് മരിച്ച ആര്‍ക്കും മറ്റൊരാളുടെ പാരായണ പുണ്യം ലഭിക്കില്ലെന്നാണ് സമര്‍ത്ഥനം. ആധികാരിക ഇസ്ലാമിക പണ്ഡിതരൊന്നും ഉപരിസൂചിത സൂക്തത്തില്‍ നിന്ന് ഇങ്ങനെയൊരാശയം നിര്‍ദ്ധാരണം ചെയ്തിട്ടില്ല, അവരാരും ഖുര്‍ആന്‍ പാരായണം ചെയ്തിട്ടു കാര്യമില്ലെന്നതിനുള്ള പ്രമാണമാക്കിയിട്ടുമില്ല. പ്രത്യുത അത് സലക്ഷ്യം സമര്‍ത്ഥിക്കുകയാണു ചെയ്തത്. പുറമെ ബിദ്അത്തുകാര്‍ ഏറെ ആശ്രയിക്കുന്ന ഇബ്നുതൈമിയ്യയെ പോലുള്ളവരും ഇക്കാര്യം തെളിയിച്ചതു കാണാം.
ഇബ്നുതൈമിയ്യയെ ഉദ്ധരിച്ച് ജമല്‍ എഴുതുന്നു: ‘ശൈഖ് തഖിയുദ്ദീന്‍ അബ്ബാസ് അഹ്മദ്ബ്നു തൈമിയ്യ പറയുന്നു: മനുഷ്യന് അവന്റെ കര്‍മം കൊണ്ടല്ലാതെ ഉപകരിക്കുകയില്ലെന്ന് ആരെങ്കിലും വിശ്വസിച്ചാല്‍ അവന്‍ ഈ സമുദായത്തിന്റെ ഏകോപനത്തിന് തുരങ്കം വെച്ചവനാകുന്നു. ഈ വിശ്വാസം പല കാരണങ്ങളാല്‍ നിരര്‍ത്ഥകമാണ്. ഒന്ന്, മനുഷ്യന് പ്രാര്‍ത്ഥന ഉപകരിക്കുന്നു. ഇത് അന്യന്റെ കര്‍മംകൊണ്ട് ഉപകരിക്കലാണല്ലോ’.
ഇങ്ങനെ അന്യന്റെ കര്‍മം മറ്റൊരാള്‍ക്ക് ഉപകാരപ്രദമാവുന്നതിന് ഇബ്നുതീമിയ്യ മുന്നോട്ടുവെച്ച ഇരുപത്തൊന്ന് ന്യായങ്ങള്‍ പറഞ്ഞ ശേഷം ജമല്‍ അദ്ദേഹത്തെ ഉദ്ധരിച്ചെഴുതുന്നു: ‘ചിന്തിക്കുന്ന ഒരു പണ്ഡിതന് തിട്ടപ്പെടുത്താന്‍ കഴിയാത്ത വിധം ചെയ്യാത്ത കര്‍മങ്ങള്‍ കൊണ്ട് മനുഷ്യന് ഉപകരിക്കുന്നതായി കണ്ടെത്താനാവും. വ്യക്മായ വിശുദ്ധ ഖുര്‍ആനികാധ്യാപനത്തിനും സുന്നത്തിനും ഈ സമുദായത്തിന്റെ ഇജ്മാഇനും വിരുദ്ധമായി നാം ഖുര്‍ആന്‍ ആയത്ത് ദുര്‍വ്യാഖ്യാനം ചെയ്യുന്നത് എങ്ങനെ അനുവദനീയമാവും?’
ബിദ്അത്തുകാര്‍ തങ്ങളുടെ നേതാവെന്ന് പ്രകീര്‍ത്തിക്കുന്ന ഇബ്നുഖയ്യിം ഈ ആയത്ത് വിശദീകരിച്ച് പറയുന്നു: ‘അന്യരുടെ കര്‍മം കൊണ്ട് ഉപകരിക്കുമെന്നതിനെ ഈ വാക്യത്തിലൂടെ നിഷേധിക്കുകയല്ല. തന്റെ അധ്വാനമല്ലാത്തതിന്റെ ഉടമാവകാശത്തെ മാത്രമാണ് നിഷേധിക്കുന്നത്. ഇതു രണ്ടിനുമിടയില്‍ ആര്‍ക്കും അവ്യക്തമല്ലാത്ത വ്യത്യാസമുണ്ട്. ഒരാള്‍ക്ക് അദ്ദേഹത്തിന്റെ അധ്വാനത്തിന് മാത്രമേ അവകാശമുണ്ടാവൂ എന്നു മാത്രമാണ് അല്ലാഹു പറഞ്ഞത്. മറ്റുള്ളവരുടെ അധ്വാനത്തിന് അധ്വാനിച്ചവനാണ് ഉടമാവകാശം. അവനുദ്ദേശിക്കുന്നുവെങ്കില്‍ അപരന് നല്‍കാം. സ്വന്തത്തിന് ഉദ്ദേശിക്കുന്നുവെങ്കില്‍ അങ്ങനെയുമാവാം. അവന് അവന്‍ അധ്വാനിച്ചതു കൊണ്ടല്ലാതെ ഉപകരിക്കുകയില്ലെന്ന് അല്ലാഹു പറഞ്ഞിട്ടേയില്ല. ഈ വിശദീകരണ മാര്‍ഗമാണ് നമ്മുടെ ശൈഖ് ഇബ്നുതൈമിയ്യ തെരഞ്ഞെടുത്തതും പ്രബലപ്പെടുത്തിയതും’ (റൂഹ്/158).
ഇബ്നുല്‍ ഖയ്യിം തുടരുന്നു: ‘ഹൃദയത്തില്‍ നിലകൊള്ളുന്ന നിയ്യത്തും ചില കാര്യങ്ങള്‍ ഉപേക്ഷിക്കലുമാണ് നോമ്പ്. അല്ലാഹു മാത്രം അറിയുന്ന നോമ്പിന്റെ പ്രതിഫലം, പ്രത്യക്ഷ അവയവങ്ങളുടെ കര്‍മമല്ലാതിരുന്നിട്ടും മയ്യിത്തിലേക്ക് ചേരുമെന്ന് നബി(സ്വ) ഉണര്‍ത്തിയതിലൂടെ ഖിറാഅത്തിന്റെ പ്രതിഫലം മയ്യിത്തിലേക്ക് ചേരുമെന്ന് അവിടുന്ന് ഉണര്‍ത്തിയിരിക്കുന്നു. ഖിറാഅത്ത് നാവിന്റെ കര്‍മമാണ്. ചെവികൊണ്ട് കേള്‍ക്കാനും കണ്ണുകൊണ്ട് കാണാനും സാധിക്കുന്ന കര്‍മം. ഇത് (മയ്യിത്തിലേക്ക്) ചേരുമെന്ന് പ്രത്യേകം പറയേണ്ടതില്ല.
നോമ്പ് കേവലം കരുതലും അതിനെ നിഷ്ഫലമാക്കുന്ന കാര്യങ്ങളില്‍ നിന്ന് ശരീരത്തെ തടയലുമാണ്. തീര്‍ച്ചയായും നോമ്പിന്റെ പ്രതിഫലം അല്ലാഹു മയ്യിത്തിലേക്ക് ചേര്‍ത്തിയിരിക്കുന്നു. എന്നിരിക്കെ കരുത്തും കര്‍മവുമായ ഖിറാഅത്ത് എങ്ങനെ ചേര്‍ക്കാതിരിക്കും? നിയ്യത്തിലേക്ക് ഖിറാഅത്ത് ആവശ്യമാകുന്നില്ല. നോമ്പിന്റെ പ്രതിഫലവും ചേരുമെന്നതില്‍ മറ്റു കര്‍മങ്ങളുടെ പ്രതിഫലം ചേരുമെന്ന ഉണര്‍ത്തലുമുണ്ട്. കേവലം കരുത്തും ഇംസാക്കും മാത്രമായ നോമ്പിന്റെ പ്രതിഫലം ചേരുന്നതിന്റെയും ഖിറാഅത്തിന്റെയും ദിക്റിന്റെയും പ്രതിഫലം ചേരുന്നതിന്റെയും ഇടയില്‍ എന്തു വ്യത്യാസമാണുള്ളത്?’ (കിതാബുറൂഹ്/150).
മരണപ്പെട്ടവര്‍ക്ക് വേണ്ടി ഖുര്‍ആന്‍ പാരായണം നടത്തുന്നതിന് ഇമാം ശാഫിഈ(റ) എതിരാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൗലവിമാര്‍ നടത്തുന്ന വിഫലശ്രമം നേരത്തെ വിലയിരുത്തി. ഇനി ഇമാം ശാഫിഈ(റ) പറയുന്നതു നമുക്ക് വായിക്കാം:
‘ഖബ്റിനരികില്‍ വെച്ച് ഖുര്‍ആന്‍ പാരായണം നടത്തി മയ്യിത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുന്നതിനെ ഞാനിഷ്ടപ്പെടുന്നു’ (അല്‍ഉമ്മ് 1/322).
ഈ വിഷയവുമായി ബന്ധപ്പെട്ട ശാഫിഈ മദ്ഹബിന്റെ കാഴ്ചപ്പാടാണ് ചര്‍ച്ച ചെയ്തത്. ഇനി മറ്റു മദ്ഹബുകള്‍ എന്തുപറയുന്നു എന്നു പരിശോധിക്കാം.

ഹസന്‍ സഖാഫി മോങ്ങം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ