ആധുനിക കേരളത്തിലെ രാഷ്ട്രീയ ജീവിതത്തെ, പ്രത്യേകിച്ചും മലബാറിന്റെ ചരിത്ര ജീവിതവുമായി മുൻനിർത്തി മലബാർ സമരത്തെ കുറിച്ച് ആലോചിക്കുമ്പോൾ അത് ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായുണ്ടായി വന്നതാണ് എന്ന് കാണാനാവും. അതിന്റെ ചരിത്രപരമായ രൂപീകരണ പ്രക്രിയയെക്കുറിച്ചും അത് ബ്രിട്ടീഷ് അധിനിവേശത്തിനെതിരായ ഒരു സ്വാതന്ത്ര്യ പ്രക്ഷോഭമായി മാറിയതിന്റെ വൈവിധ്യങ്ങളായ കാരണങ്ങളെ സംബന്ധിച്ചും സാമാന്യം ധാരണ അനിവാര്യമാണ്. 1920കളിൽ ദേശീയമായി ഇന്ത്യയിലുണ്ടായിവന്ന ബ്രിട്ടീഷ് വിരുദ്ധ രാഷ്ട്രീയാശയങ്ങൾ മലബാർ സമരങ്ങളെയും സ്വാധീനിച്ചിട്ടുണ്ട്. ഖിലാഫത്ത് ആശയങ്ങളെ മുൻനിർത്തിയും ജന്മിത്വവിരുദ്ധമായ കുടിയാൻ സമരങ്ങളുമായി ബന്ധപ്പെട്ടും ഉണ്ടായിവന്ന സാമൂഹ്യവും രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങൾ അതിന്റെ പ്രധാനപ്പെട്ട അടിത്തറയായി മാറിയിട്ടുണ്ട്. അതോടൊപ്പം തന്നെ മലബാറിലെ ഈ മാപ്പിള ജീവിതത്തെ ദാർശനികമായി, വൈജ്ഞാനികമായി, വിശ്വാസപരമായി സ്വാധീനിച്ച ഇസ്‌ലാമിക പാരമ്പര്യധാരയും സജീവമായി അതിൽ ഇടപെട്ടിട്ടുണ്ട്. അങ്ങനെ വൈവിധ്യങ്ങളായ, പഴമയുടെ സ്വഭാവമുള്ള ആശയങ്ങളും രാഷ്ട്രീയബോധ്യങ്ങളും സാംസ്‌കാരികവും സാമൂഹ്യവുമായ ജീവിതത്തിന്റെ നിർണായകമായ പല സന്ദർഭങ്ങളുമെല്ലാം കൂടിച്ചേർന്ന വൈപുല്യം നിറഞ്ഞുനിൽക്കുന്ന ഒരു ചരിത്ര പ്രക്രിയയാണ് യഥാർഥത്തിൽ 1921ലെ സമരത്തിലേക്കെത്തിച്ച ഘടകം. അതിനെക്കുറിച്ച് ഇതിനകം തന്നെ ഒട്ടനവധി പഠനങ്ങളും അക്കാദമിക ചരിത്ര സംവാദങ്ങളും, അക്കാദമിക ചരിത്രത്തിനു വെളിയിലുള്ള ഇതുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഒട്ടനവധി പുസ്തകങ്ങളും ലേഖനങ്ങളും ചർച്ചകളും സജീവമായി വന്നുകൊണ്ടിരിക്കുകയാണ്. നൂറു വർഷം പൂർത്തിയാകുന്ന ഈ സന്ദർഭത്തിൽ മലബാർ സമരങ്ങളെ മുൻനിർത്തിയുള്ള പുതിയ രീതിയിലുള്ള ഒട്ടനവധി അന്വേഷണങ്ങളും തെളിവുകളും വൈവിധ്യങ്ങളായ മാനങ്ങളിലൂടെ നമുക്ക് ലഭ്യമാണ്.
മലബാർ സമരങ്ങളെല്ലാം രൂപപ്പെടുന്നത് ഇന്ത്യൻ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായിട്ടാണ്. ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ഉണ്ടായിവന്ന ഒട്ടനവധി ആശയങ്ങൾ; അതിൽ ജന്മിത്വവിരുദ്ധമായ ആശയങ്ങളുണ്ടാവാം, ബ്രിട്ടീഷ് വിരുദ്ധമായ ആശയങ്ങളുണ്ടാവാം. മനുഷ്യരുടെ നീതിയും തുല്യതയും സ്വാതന്ത്ര്യവുമൊക്കെ മുന്നോട്ടുവെക്കുന്ന ഒട്ടനവധി ആശയങ്ങൾ കൂടിച്ചേർന്ന് സൃഷ്ടിച്ച പ്രക്ഷുബ്ധമായ ഒരു രാഷ്ട്രീയ ബോധ്യമാണ് സമരങ്ങളൊക്കെയും മുന്നോട്ടു കൊണ്ടുവന്നത്. അതിന്റെ ഭാഗമായാണ് ദേശീയ സ്വാതന്ത്ര്യ സമരം കുറെയൊക്കെ ഉൾകൊള്ളൽ സ്വഭാവമുള്ള ഒരു രാഷ്ട്രീയ പ്രക്ഷോഭമായി മാറുകയും സ്വാതന്ത്ര്യം കിട്ടുകയും സ്വാതന്ത്ര്യാനന്തര ഇന്ത്യ എഴുപത് വർഷക്കാലം ഒരു രാഷ്ട്രീയാധിപത്യം നിർമിക്കാൻ ശേഷിയുള്ള മതേതര ജനാധിപത്യ രാജ്യമായി, ഒരു റിപ്പബ്ലിക്കൻ സമൂഹമായി മാറിത്തീരുകയും ചെയ്തത്. പക്ഷേ നമ്മുടെ രാഷ്ട്രീയ ജനാധിപത്യം സമകാലികമായി നിരവധി കാരണങ്ങളാൽ വെല്ലുവിളിക്കപ്പെടുന്നു. നമ്മുടെ ഭരണഘടനാ സങ്കൽപങ്ങൾ വളരെ സങ്കീർണമായ രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു.
മതപരവും മതാധിപത്യസ്വഭാവവുമുള്ള ഒരു കേന്ദ്രീകൃത സമഗ്രാധിപത്യ വ്യവസ്ഥ വേണമെന്ന് ആഗ്രഹിക്കുകയോ, അല്ലെങ്കിൽ അങ്ങനെ പ്രചരിപ്പിക്കുന്നതോ ആയ പ്രസ്ഥാനങ്ങൾ വലിയ രീതിയിൽ രാഷ്ട്രീയാധിപത്യം നേടിക്കൊണ്ടിരിക്കുന്ന സന്ദർഭത്തിലാണ് നമ്മൾ മലബാർ സമരങ്ങളെ സംബന്ധിച്ച് സമകാലികമായി ആലോചിക്കുന്നത്. സ്വാഭാവികമായും മലബാർ സമരങ്ങൾ പോലെയുള്ള ഒട്ടനവധി ചെറുതും വലുതുമായ പ്രക്ഷോഭങ്ങളെ ഉൾകൊള്ളുന്ന നമ്മുടെ ദേശീയ രാഷ്ട്രീയ സ്വാതന്ത്ര്യവും അതിനുശേഷം ഉണ്ടായിത്തീർന്ന ജനാധിപത്യ ഭരണ സംവിധാനങ്ങളുമൊക്കെ ഈ രീതിയിൽ വെല്ലുവിളിക്കപ്പെടുകയോ അല്ലെങ്കിൽ അതിനെ സംബന്ധിച്ചുള്ള ഉൽകണ്ഠകൾ നിലനിൽക്കുകയോ ചെയ്യുന്ന സമകാലിക അന്തരീക്ഷത്തിൽ ഇതിനെ പറ്റി ആലോചിക്കുന്നത് ഏറെ പ്രസക്തമാണ്.
ചരിത്രപരമായ സംഭവങ്ങളെ പുതിയ കാലഘട്ടത്തിൽ വിലയിരുത്തുമ്പോൾ നമ്മൾ ഇന്ന് ജീവിക്കുന്ന രാഷ്ട്രീയ കാലാവസ്ഥയെ മുൻനിർത്തിയായിരിക്കും സ്വാഭാവികമായും സമീപിക്കുക. ഒട്ടനവധി സമരങ്ങളിലൂടെയാണല്ലോ നമുക്ക് സ്വാതന്ത്ര്യം ലഭിച്ചത്. അനേകം ജീവത്യാഗങ്ങളും രക്തസാക്ഷിത്വവും എണ്ണിയാലൊടുങ്ങാത്ത അടിച്ചമർത്തലിന് വിധേയമാക്കപ്പെട്ട ഒരു ജനതയുടെ സ്വാതന്ത്ര്യ ഇച്ഛകളും അവരുടെ രാഷ്ട്രീയമായ ഉണർവുകളുമെല്ലാം കൂടിച്ചേർന്നതാണ് നമ്മുടെ സ്വാതന്ത്ര്യം. ആ സ്വാതന്ത്ര്യം സ്വാഭാവികമായും മറ്റൊരു രീതിയിൽ നമുക്ക് നഷ്ടപ്പെടുമ്പോൾ, സ്വതന്ത്ര രാഷ്ട്രീയ സങ്കൽപം നമ്മളിൽ നിന്നും കവർന്നെടുക്കപ്പെടുമ്പോൾ ഇതുപോലെയുള്ള സമരങ്ങളെ ഓർക്കുന്നത് സ്വാതന്ത്ര്യത്തെ പിടിച്ചുനിർത്താനും അത് കുറച്ചുകൂടി നീതിയുടെയും ജനാധിപത്യത്തിന്റെയും ഉള്ളടക്കമുള്ളതാക്കി നിലനിർത്തുവാനും സഹായകമാകും. അങ്ങനെയുള്ള ഒരു രാഷ്ട്രീയജാഗ്രതയും ഇതുപോലെയുള്ള സന്ദർഭങ്ങൾ ആവശ്യപ്പെടുന്നുണ്ടെന്ന് കരുതുന്നു.
മലബാറിലെ സാമൂഹിക ജീവിതത്തെ സ്വാധീനിച്ച സാംസ്‌കാരികവും വൈജ്ഞാനികവും വിശ്വാസപരവും ധാർമികവുമായ ഒട്ടനവധി മുന്നേറ്റങ്ങളും ആശയങ്ങളും ചരിത്രപരമായി രൂപപ്പെട്ടുവന്നതിന്റെ ഭാഗമായാണ് മലബാറിലെ ജനത/മലബാർ സമൂഹം ഒരുപക്ഷേ ചരിത്രപരമായി രൂപപ്പെട്ടത്. ആ രൂപപ്പെടലിന്റെ പ്രക്രിയയിലാണ് ഒട്ടനവധി രാഷ്ട്രീയ പരിവർത്തനങ്ങളുണ്ടായത്. മലബാറിനെ ആധുനികവൽകരിച്ച പ്രവർത്തനങ്ങളാണ് അവയിൽ പലതും. അത് കൊളോണിയൽ ഇടപെടലുകളാണ്. പാശ്ചാത്യ അധിനിവേശത്തിന്റെ ഒരു സ്വഭാവം അതിനുണ്ട്. കൊളോണിയൽ അധിനിവേശത്തിന്റെ ഭാഗമായി ഉണ്ടായ രാഷ്ട്രീയം, പരമാധികാരം, ബ്രിട്ടീഷുകാർ സ്ഥാപിച്ചെടുത്ത പ്രക്രിയയോട് മലബാർ സമൂഹം എങ്ങനെയാണ് ഇടപെട്ടത്, എങ്ങനെയാണ് പ്രക്ഷോഭകരമായി അതിനെ സമീപിച്ചത് തുടങ്ങിയ കാര്യങ്ങളൊക്കെയാണ് മലബാർ സമരങ്ങളിലേക്ക് വളർന്നുവന്ന ചരിത്രപ്രക്രിയയിലുള്ളത്. പക്ഷേ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ മലബാർ സമൂഹം സാമൂഹിക-സാമ്പത്തിക-സാംസ്‌കാരിക സങ്കീർണാവസ്ഥകളിൽ നിലനിന്നിരുന്ന സമൂഹമായിരുന്നു. കേരളത്തിന്റെ മധ്യതിരുവിതാംകൂർ, കൊച്ചി ഉൾപെടെയുള്ള വലിയൊരു ഭൂപ്രദേശത്തിൽ നിന്നും ഭൂമിശാസ്ത്രപരമായും ചരിത്ര ജീവിതത്തിന്റെ ഭാഗമായും വ്യത്യസ്തമായൊരു ഭൂപ്രദേശമാണ് മലബാർ. പശ്ചിമേഷ്യ, അറേബ്യ തുടങ്ങിയ പ്രദേശങ്ങളുമായി നേരിട്ട് ബന്ധമുള്ള പ്രദേശമാണിത്. ദക്ഷിണേന്ത്യയിൽ ഏറ്റവും കൂടുതൽ സാംസ്‌കാരികവും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ ഘടകങ്ങൾ സങ്കീർണമായി ഇടപെട്ട ഒരു ഭൂപ്രദേശം കൂടിയാണ് പൊതുവേ മലബാർ എന്നു വിളിക്കപ്പെടുന്ന ഈ ദേശം. ചരിത്രസംഭവങ്ങളെ മാറ്റിയെടുക്കുന്നതിൽ ഇക്കാര്യങ്ങളൊക്കെ വളരെ പ്രധാനപ്പെട്ട സ്വാധീനങ്ങളായിട്ടുണ്ട്. സാംസ്‌കാരികമായി ആലോചിക്കുമ്പോൾ പരമ്പരാഗതമായി മലബാർ സമൂഹം ഒരു ജന്മിത്വ സാമൂഹിക വ്യവസ്ഥയിൽ ജീവിച്ചിരുന്നവരാണ്. ജന്മിമാരുടെ അടുക്കൽ നിന്നും കാണം വ്യവസ്ഥയിൽ ഭൂമി വാങ്ങുകയോ നിയന്ത്രിക്കുകയോ ചെയ്ത്, അത് പാട്ടകുടിയാന്മാർക്ക് വീണ്ടും പാട്ടവ്യവസ്ഥയിൽ കൊടുത്ത് അധ്വാനിച്ച് നിൽക്കുന്ന സാമൂഹിക ഘടനയായിരുന്നു അവരുടേത്. സമൂഹത്തിന്റെ അടിത്തട്ടിൽ പണിയെടുക്കുന്നവർ കൂടുതലും ആളടിമകൾ എന്ന് പറയുന്ന സമൂഹമായിരുന്നു (ചെറുമർ, പുലയർ, കണക്കർ…). അങ്ങനെയുള്ള ശ്രേണീബദ്ധമായ സമൂഹമായിരുന്നു മലബാറിൽ പൊതുവെ. കേരളത്തിലെ മറ്റു പ്രദേശങ്ങളെ പോലെതന്നെ നെൽകൃഷിയെ വളരെ പ്രാധാന്യത്തോടെ ഇവിടത്തുകാരും കണ്ടു. പക്ഷേ തെക്കേ മലബാറിൽ മാത്രമേ നീർനില നെൽകൃഷി ഗൗരവമായെടുത്തുള്ളൂ. അതുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ ജന്മിത്വ വ്യവസ്ഥ അത്രമേൽ പ്രാധാന്യം കൈവരിക്കാൻ കാരണം. അത് അവരുടെ സാമൂഹിക ജീവിതത്തിലും സാമ്പത്തിക ജീവിതത്തിലും വെറും പാട്ടകുടിയാന്മാർ എന്ന് പറയുന്ന സവിശേഷമായ ഒരു വർഗത്തെ അധ്വാന പ്രക്രിയയിൽ പ്രധാനപ്പെട്ട ഒരു സാമൂഹിക വിഭാഗമാക്കി തീർത്തിരുന്നു. ചരിത്രപരമായി ചിന്തിക്കുമ്പോൾ ഇവർ ഭൂരിപക്ഷവും പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യത്തിൽ തെക്കേമലബാറിൽ മാപ്പിളമാർ എന്ന് വിളിക്കപ്പെടുന്ന സമൂഹമാണ്. എല്ലാ മാപ്പിളമാരും ഈ പറയുന്ന രീതിയിലുള്ള പാട്ട കുടിയാന്മാരായിരുന്നില്ല. പക്ഷേ കൂടുതലും അവർ തന്നെയായിരുന്നു. സമൂഹത്തിലെ ഉൽപാദന പ്രക്രിയകൾ നടന്നിരുന്നത് പ്രഥമമായും നീർനില നെൽകൃഷിയിലൂടെയും പിന്നെ പറമ്പ് ഭൂമി ജീവിതത്തിലൂടെയുമായിരുന്നു. പറമ്പ് ഭൂമിയും നീർനില നെൽകൃഷി പുരയിടവുമായിട്ടുള്ള പ്രദേശങ്ങളിൽ അധ്വാനിക്കുന്ന സമൂഹം എന്ന് പറയുന്നത് വെറും പാട്ടകുടിയാന്മാരും അതിൽ കായികാധ്വാനം നടത്തിയിരുന്നത് ഭൂരിപക്ഷവും ആളടിമകൾ എന്ന് പറയുന്ന സാമൂഹ്യ വിഭാഗമായിരുന്നു. അപ്പോൾ സ്വാഭാവികമായി സാമൂഹിക, സാമ്പത്തിക ഘടനയിലും സാംസ്‌കാരികമായ ജീവിതാവസ്ഥയിലും ഈ രണ്ടു വിഭാഗങ്ങളാണ് അടിത്തട്ടിൽ കിടക്കുന്ന മനുഷ്യരെന്നു പറയുന്നത്. ഈ അടിത്തട്ട് സമൂഹങ്ങളിൽ ഉണ്ടായ പരിവർത്തനങ്ങൾ പ്രധാനമായും സാമൂഹിക-സാംസ്‌കാരിക ജീവിതത്തിൽ സ്വാധീനം ചെലുത്തും. ഈ വിഭാഗങ്ങളുടെ സാമൂഹിക നില വളരെ പ്രധാനമാണ്.
കാർഷികമായ അടിച്ചമർത്തലുകൾക്ക് വിധേയമായ ഒരു സമൂഹം മാപ്പിളമാരായി മാറിയ ഒരു പ്രക്രിയയുണ്ട്. അത് വേണ്ടത്ര രീതിയിൽ അന്വേഷിക്കപ്പെട്ടിട്ടില്ല. അതിനു കാരണം മലബാറിലെ സാമൂഹിക ചരിത്രം വേണ്ടത്ര പഠവിധേയമാക്കപ്പെട്ടിട്ടില്ല എന്നതാണ്. ഇവിടെ മധ്യകാലഘട്ടം മുതൽ അറേബ്യയുമായിട്ടുള്ള ബന്ധത്തിന്റെ ഭാഗമായി ഇസ്‌ലാം മതം എന്ന രീതിയിൽ ഒരു ധാർമിക മതപ്രബോധന വ്യവസ്ഥയായി രൂപപ്പെടുന്നതിന് മുമ്പുതന്നെ അറബികളുമായി ബന്ധമുണ്ടായിരുന്നല്ലോ. അപ്പോൾ ഇസ്‌ലാമിക മത വ്യവസ്ഥയുണ്ടായി വരുമ്പോൾ സ്വഭാവികമായും തീരദേശവുമായി ബന്ധപ്പെട്ടുകിടക്കുന്ന പ്രദേശമെന്ന രീതിയിൽ കടൽ സമൂഹവുമായും കടൽക്കരയുമായും ബന്ധപ്പെട്ടാണ് കൂടുതലായും ഇസ്‌ലാമിക സമൂഹം രൂപപ്പെടുന്നത്. കേരളത്തിൽ കിഴക്കൻ പ്രദേശങ്ങളിലും ഉൾനാടൻ പ്രദേശങ്ങളിലുമൊക്കെ മാപ്പിളമാർ എന്ന് പറയുന്ന സവിശേഷമായ ഒരു മുസ്‌ലിം സമൂഹം ഉണ്ടായി വന്നതിനെ സംബന്ധിച്ച് വേണ്ടത്ര രീതിയിൽ അന്വേഷണം നടന്നിട്ടില്ല. വെറുംപാട്ടക്കാരായിട്ടും ജന്മിമാരായിട്ടും കുടിയാന്മാരായിട്ടുമൊക്കെ നിന്ന മനുഷ്യർ ഇസ്‌ലാം മതാരോഹണം ചെയ്ത് മാപ്പിളമാരായി മാറിയ പ്രക്രിയ എങ്ങനെയായിരുന്നുവെന്നും വേണ്ടത്ര രീതിയിൽ പഠിക്കപ്പെട്ടിട്ടില്ല. അതിനു പകരമായി ഇവിടെ മധ്യകാലഘട്ടം മുതൽ ഒരു മുസ്‌ലിം സമൂഹമുണ്ട്. മധ്യ കാലഘട്ടം മുതൽ ഒരു ഹിന്ദു സമൂഹവുമുണ്ട്. ഹിന്ദു-മുസ്‌ലിം സമൂഹത്തെ മുൻനിർത്തിയാണ് മധ്യകാലം മുതൽ ഏതു ഘട്ടം വരെയും സാമൂഹിക ജീവിതത്തെ നമ്മൾ സാധാരണ അടയാളപ്പെടുത്തുവാനും വിശദീകരിക്കുവാനും അന്വേഷിക്കുവാനും ശ്രമിക്കുന്നത്. എന്നാൽ മധ്യകാലത്തിലോ അതിന് മുന്നെയോ തുടങ്ങി ആധുനിക കാലഘട്ടം വരെ, ഇന്ന് വിളിക്കപ്പെടുന്ന ഒരു ഹിന്ദു അല്ലെങ്കിൽ മുസ്‌ലിം ഉണ്ടോ എന്നത് ചരിത്രപരമായ ഒരു ചോദ്യമാണ്. യോജിപ്പും വിയോജിപ്പും പലർക്കുമുണ്ടാകാം. ജന്മിമാർ, കാണകുടിയാന്മാർ, പാട്ടകുടിയാന്മാർ, വെറും പാട്ടക്കാർ, ആളടിമകൾ ഇങ്ങനെ കിടക്കുന്ന ശ്രേണീബദ്ധമായ മനുഷ്യരായിരുന്നു ഇവിടെ. ഈ ശ്രേണിക്കനുസരിച്ച് തന്നെ ജാതിഘടനയിൽ വിവിധ തട്ടുകളായിട്ടാണ് നിന്നിരുന്നത്. ബ്രാഹ്‌മണർ, നമ്പൂതിരിമാർ, അമ്പലവാസികൾ, മേനോൻ, കുറുപ്പ്, നായർ എന്നൊക്കെ പറയുന്ന ജാതി വിഭാഗങ്ങൾ, അതിനു തൊട്ടുതാഴെയുള്ള ഈഴയവർ, പറയർ, പുലയർ തുടങ്ങുന്നവയൊക്കെ ജാതിഘടന കൂടിയാണ്. അപ്പോൾ പതിനെട്ട്, പത്തൊമ്പത് നൂറ്റാണ്ടുകളിൽ ജാതിവ്യവസ്ഥക്ക് അനുസൃതമായി നിലനിന്ന ഒരു സാമൂഹിക ഘടന കൂടിയാണ് മലബാറിലേത്. മാത്രമല്ല ഈ പറയുന്ന വെറും പാട്ടക്കാരായ മനുഷ്യരിൽ നിന്നാണ് മാപ്പിളമാരുണ്ടായത്.
ഇവിടെയുള്ള മനുഷ്യർ മുസ്‌ലിം കമ്യൂണിറ്റിയായി മാറിയ ഒരു ചരിത്ര പ്രക്രിയയുണ്ട്. ഈ സാമൂഹിക ചരിത്രത്തെ നമ്മൾ അന്വേഷിക്കേണ്ടിയിരിക്കുന്നു. മലബാർ സമരങ്ങളെ മതപരമായ വീക്ഷണത്തിൽ മാത്രം കാണുകയും വിശകലനം നടത്തുകയും ചെയ്യുന്ന ഒരു രീതി വന്നുകൊണ്ടിരിക്കുന്നുണ്ട്. ബന്ധുക്കളെ വംശഹത്യ നടത്തി അവരെ മതപരിവർത്തനം ചെയ്യിച്ച് ഇസ്‌ലാമിക രാഷ്ട്രം സ്ഥാപിക്കാൻ വേണ്ടിയായിരുന്നു ഈ സമരം എന്നാണല്ലോ ഇപ്പോൾ വലിയ ആരോപണം വരുന്നത്. ഏതു ഹിന്ദുവിനെയാണ് മതപരിവർത്തനം നടത്തിയതെന്ന് എന്ന ഒരു ചോദ്യമുണ്ട്.
പരമ്പരാഗതമായ ജാതി സമൂഹങ്ങളിൽ നിന്ന് എങ്ങനെയാണൊരു മാപ്പിള മുസ്‌ലിമുണ്ടായതെന്ന് ചരിത്രപരമായി അന്വേഷിച്ച് കണ്ടെത്തേണ്ട സന്ദർഭമാണിത്. എങ്ങനെയാണ് തീരദേശങ്ങളിൽ നിന്ന് ഉൾപ്രദേശങ്ങളിലുള്ള സമൂഹത്തിലേക്ക് മുസ്‌ലിം കമ്യൂണിറ്റി വ്യാപിച്ചത്? പലയാളുകളും പല അഭിപ്രായങ്ങളും പറയുന്നുണ്ട്. യഥാർഥത്തിൽ മധ്യകാലഘട്ടം മുതൽ അറേബ്യയിൽ നിന്നും പശ്ചിമേഷ്യയിൽ നിന്നും ബാൾക്കൺ പ്രദേശങ്ങളിൽ നിന്നുമൊക്കെ അനവധി സൂഫിവര്യന്മാരും ഇസ്‌ലാമിക ധാരകളും അത് പ്രചരിപ്പിക്കുന്ന മതപ്രബോധന സംഘങ്ങളും ഇടപെട്ട ഒരു പ്രദേശം കൂടിയാണ് മലബാർ. അന്ന് മലബാറിലെ മനുഷ്യരെ സ്വാധീനിക്കുന്ന രീതിയിൽ ഈ മത പ്രബോധകർ എങ്ങനെയാണ് ഇടപെട്ടതെന്നതിനെക്കുറിച്ച് പഠിക്കേണ്ടിയിരിക്കുന്നു. ഈ മതപ്രബോധകരുടെ സ്വാധീനം കാരണം ക്രമേണയാണ് മലബാറിൽ ഇസ്‌ലാമികാന്തരീക്ഷം ഉടലെടുക്കുന്നത്. അങ്ങനെ വരുമ്പോൾ മലബാറിലെ ഇസ്‌ലാമിക കമ്മ്യൂണിറ്റി എന്ന് പറയുന്നത് തദ്ദേശീയമായി നിലനിന്ന പുലയരും നായന്മാരും മേനോന്മാരും നമ്പൂതിരിമാരുമടങ്ങുന്ന എല്ലാ ഗോത്രസമൂഹങ്ങളും ഉൾപെട്ടതാണ്. തദ്ദേശീയമായ ജനത സാംസ്‌കാരികമായ പാരമ്പര്യങ്ങൾ നിലനിർത്തിക്കൊണ്ട്, അല്ലെങ്കിൽ അതിന്റെ ഭാഗമായിക്കൊണ്ട് തന്നെ ഒരു മതാരോഹണ പ്രക്രിയയുടെ ഭാഗമായി ഉണ്ടായിത്തീർന്ന ഒരു ജനത തന്നെയാണിവർ. അപ്പോൾ ആ ജനതയിൽ വിശ്വാസപരവും ജൈവപരവുമായ വൈവിധ്യങ്ങളുണ്ട്.
മലബാർ സമരങ്ങളിൽ മുസ്‌ലിം ജന്മിമാർ പങ്കെടുത്തിരുന്നില്ല. പങ്കെടുത്തവരിൽ ഏറ്റവും കൂടുതൽ തെക്കേ മലബാറിലെ നീർനില കൃഷിയിടങ്ങളിൽ പാട്ടകുടിയാന്മാരായി മാറിയ സമൂഹമാണ്. ബ്രിട്ടീഷ് ഗവൺമെന്റിന്റെ പരമാധികാര സ്വഭാവത്തിലുള്ള ജാതിവ്യവസ്ഥയായിരുന്നു അവർക്കു മേൽ ചുമത്തപ്പെട്ടത്. ബ്രിട്ടീഷുകാർ അവരുടെ ഭൂവുടമസ്ഥ വ്യവസ്ഥ (Landanuerial system) ഇവിടെ നടപ്പാക്കുകയാണ് ചെയ്തത്. ഇതിൽ ജന്മിമാരെ പരമ്പരാഗതമായി ഭൂമിയുടെ ഉടമസ്ഥരായി കാണുകയും തദ്വാരാ ബ്രിട്ടീഷ് നിയമത്തിന്റെ സംരക്ഷണമുള്ള ഭൂവുടമകളായി ജന്മിമാർ മാറുകയും ചെയ്തു. ടാക്‌സ് പിരിക്കുന്നതും അതിന്റെ നിരക്ക് നിശ്ചയിക്കുന്നതും ബ്രിട്ടീഷുകാരാണ്. അങ്ങനെ ജന്മിമാരെയും ബ്രിട്ടീഷുകാരെയും പിന്തുണക്കുന്ന ഒരു സാമൂഹിക വർഗമുണ്ടായിവന്നു. മാപ്പിളമാരും നായന്മാരും പരമ്പരാഗതമായ ജന്മിമാരും കാണക്കാരുമെല്ലാം അതിന്റെ ഭാഗമായിരുന്നു. സ്വാഭാവികമായും ആ വ്യവസ്ഥയിൽ അടിത്തട്ടിലായിപ്പോയ മനുഷ്യർ ഈ ഭൂരിപക്ഷം വരുന്ന പാട്ടകുടിയാന്മാരാണ്. അവർ ഭൂരിഭാഗവും തെക്കേ മലബാറിനെ സംബന്ധിച്ച് മാപ്പിളമാരും ആളടിമകളുമായിരുന്നു. ഈ സാമൂഹിക വിഭാഗങ്ങളുടെ ഇടയിലാണ് യഥാർഥത്തിൽ ബ്രിട്ടീഷ് വിരുദ്ധ മനസ്ഥിതിയുണ്ടായത്.
അത് എങ്ങനെയുണ്ടായി എന്നതാണ് പ്രധാനപ്പെട്ട കാര്യം. അതിന് രണ്ട് ഘടകങ്ങൾ സ്വാഭാവികമായുമുണ്ടാകും. ഒന്ന് ഭൂബന്ധങ്ങളുടെയും രാഷ്ട്രീയ കോയ്മയുടെയും ഭാഗമായി ചൂഷണം ചെയ്യപ്പെടുന്ന സമൂഹത്തിന് സ്വാഭാവികമായും ജന്മിയോടും ജന്മിത്വത്തെ സംരക്ഷിക്കുന്ന ബ്രിട്ടീഷ് കോയ്മയോടുമുണ്ടാകുന്നതാണ്. ആ മനസ്ഥിതിയിൽ രാഷ്ട്രീയ ബോധ്യമായ രണ്ട് ഘടകങ്ങൾ ഇടപെട്ടിട്ടുണ്ട്. അതിൽ പ്രധാനമാണ് മധ്യ കാലഘട്ടം മുതൽ പോർച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടുകയും അതിനെതിരെ ഒരു ഓപ്പോസിഷൻ കൾച്ചർ ഉണ്ടാക്കിയെടുക്കുകയും ചെയ്ത മലബാറിലെ ഇസ്‌ലാമിക പാരമ്പര്യത്തിൽപെട്ട തങ്ങന്മാരും സൂഫികളും എഴുതിയ ബ്രിട്ടീഷ് വിരുദ്ധമായ ഒട്ടനവധി ദാർശനികവും രാഷ്ട്രീയവും ചരിത്രപരവുമായ ഗ്രന്ഥങ്ങളും സൈനുദ്ദീൻ മഖ്ദൂം ഉൾപ്പെടെയുള്ളവർ ഉയർത്തിപ്പിടിച്ച പോർച്ചുഗീസ് വിരുദ്ധ രാഷ്ട്രീയ പാരമ്പര്യവും. അത് ഈ ബ്രിട്ടീഷ് ഭരണ കാലത്ത് ജന്മിത്വ വിരുദ്ധവും ബ്രിട്ടീഷ് വിരുദ്ധവുമായ മനസ്ഥിതി സൃഷ്ടിക്കാൻ അടിസ്ഥാനപരമായ കാരണമായി. അതിനെ പിന്നീട് ദേശീയവും അന്തർദേശീയവുമായ രാഷ്ട്രീയബോധ്യത്തിലേക്ക് നയിച്ച രണ്ട് ഘടകങ്ങളുണ്ട്. ഒന്നാമത്തേത് 1920കളിൽ ദേശീയമായി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടായിവന്ന നിസ്സഹകരണ പ്രസ്ഥാനമാണ്. ഗാന്ധിജി നേതൃത്വം കൊടുത്ത നിസ്സഹകരണ പ്രസ്ഥാനം ബ്രിട്ടീഷ് നിയമങ്ങളെയും ബ്രിട്ടീഷുകാരുടെ വ്യവസ്ഥയെയും നിഷേധിക്കുകയും നിരോധിക്കുകയും ചെയ്യുന്നു. അതിനോട് സമരസപ്പെടാത്ത ഒരു രാഷ്ട്രീയ പദ്ധതി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി വികസിപ്പിക്കുകയും ഹിന്ദു-മുസ്‌ലിം ഐക്യം കൂടുതൽ ശക്തിപ്പെടുകയും ചെയ്തു.
മലബാറിൽ 1910 മുതൽ കോൺഗ്രസ് സജീവമായി പ്രവർത്തിക്കാൻ തുടങ്ങിയിരുന്നു. 1921 അന്ത്യത്തിലും 1921 ആദ്യത്തിലും ജന്മി-കുടിയാൻ പ്രശ്‌നം ഏറ്റെടുത്തുകൊണ്ട് ഖിലാഫത്തുമായി ബന്ധപ്പെട്ട് ഇത് കുറച്ചുകൂടി സാധാരണ ജനങ്ങളെ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമാക്കി. അപ്പോഴാണ് ഈ ജന്മി-കുടിയാൻ പ്രശ്‌നം കോൺഗ്രസ് ഒരു ദേശീയ പ്രശ്‌നമായി ഉന്നയിക്കുകയും ഏറ്റെടുക്കുകയും ചെയ്യുന്നതും സാധാരണക്കാരായ പാട്ടകുടിയാന്മാർ, സാധാരണ മാപ്പിളമാർ തുടങ്ങിയ സമൂഹങ്ങൾ കോൺഗ്രസിന്റെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായി മാറുന്നതും. ഈ ബ്രിട്ടീഷ് വിരുദ്ധ മനസ്ഥിതി ദേശീയ രാഷ്ട്രീയത്തിന്റെ ഭാഗമായി/ രാഷ്ട്രീയ ബോധ്യമായി മാറുന്ന ഒരു പ്രക്രിയ മലബാറിൽ രൂപപ്പെടുകയും ജന്മിത്വവിരുദ്ധവും കൊളോണിയൽ വിരുദ്ധവുമായ രാഷ്ട്രീയത്തിന്റെ പ്രധാനപ്പെട്ട ഭൂമിയായി മലബാർ മാറുകയും ചെയ്തു.
1921 ഓഗസ്റ്റ് മുതലാണ് പ്രധാന സംഭവങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അതുപോലെ പ്രധാനപ്പെട്ട ഒട്ടനവധി രാഷ്ട്രീയമായ ഇടപെടലുകളുമുണ്ടായി. ബ്രിട്ടീഷ് വിരുദ്ധമായ ഈയൊരു മനസ്ഥിതി നേരിട്ടുള്ള ബ്രിട്ടീഷ് ഓപ്പൺ ഫൈറ്റായി മാറി. ബ്രിട്ടീഷുകാരുടെ അടിച്ചമർത്തലുകൾക്കുള്ള പ്രതിരോധമാണ് യുദ്ധമായി വികസിച്ചത്. സ്വാഭാവികമായും മലബാറിലെ ബ്രിട്ടീഷ് അടിച്ചമർത്തലുകൾ ബാധിച്ചത് രണ്ട് സാമൂഹിക ശ്രേണികളെയാണ്. ഇതിന്റെ ഭാഗമായി ഏറ്റവും കൂടുതൽ സാമൂഹിക ദുരിതങ്ങളനുഭവിച്ച ജനത അടിത്തട്ടിലെ മനുഷ്യർ തന്നെയാണ്. സാധാരണക്കാരായ മാപ്പിളമാരും ദളിതർ എന്ന് വിളിക്കപ്പെടുന്ന അടിത്തട്ടിലെ അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുമാണ് കൂടുതൽ സാമൂഹിക ദുരിതങ്ങളിലേക്ക് വലിച്ചെറിയപ്പെട്ടവർ. ആയിരക്കണക്കിനാളുകൾ കൊല്ലപ്പെടുകയും അതിലേറെ പേർ ജയിലിലാവുകയും നാടുകടത്തപ്പെടുകയും ചെയ്തു. അതിഭീകരമായ മർദനരീതികളും അടിച്ചമർത്തലുകളും ഇവർ നേരിട്ടിരുന്നു. ആ തലത്തെ വേണ്ടത്ര രീതിയിൽ അന്വേഷിക്കപ്പെട്ടിട്ടില്ല.
അതിനു പകരമായി മലബാർ സമൂഹം ഈ ലഹളയുടെ കാലഘട്ടത്തിൽ രണ്ടു മതവിഭാഗമായി നിലകൊണ്ടിരുന്നു എന്നുള്ളതാണ് ഇപ്പോഴത്തെ സമീപനം. ഒന്ന് ഹിന്ദു, മറ്റൊന്ന് മുസ്‌ലിം. 1920-21ലെ ഹിന്ദു എന്ന സങ്കൽപം ചരിത്രപരമായി പറയുകയാണെങ്കിൽ പ്രശ്‌ന സങ്കീർണമാണ്. 1921ന് ശേഷമാണ് മലബാർ ലഹളയെ ഒരു മതലഹളയായി ചിത്രീകരിക്കുന്ന പ്രചാരണങ്ങൾ വ്യാപകമായി നോർത്തിന്ത്യയിലൊക്കെ ഉണ്ടായിവന്നതും അതിനെ മുൻനിർത്തി വടക്കേ ഇന്ത്യയിലും മലബാറിലും മലബാറിന് പുറത്തും ഹിന്ദു നവീകരണ സംഘങ്ങൾ ഉടലെടുക്കുകയും ചെയ്യുന്നതും. ഇന്ന് ചിലർ പ്രചരിപ്പിക്കുന്നത് പോലെ, സംഘടിതമായൊരു മതപരിവർത്തനം ലക്ഷ്യമാക്കിയുള്ളതോ മലബാറിലെ ഹിന്ദുക്കളെ വംശഹത്യ നടത്തുന്നതോ ആയ ലഹളയായിരുന്നു അതെന്ന് മുദ്രയടിക്കുന്നത് തികച്ചും തെറ്റാണ്. ഇങ്ങനെയുള്ള കാര്യങ്ങൾക്ക് കൃത്യമായ മറുപടിയും വിശദീകരണവും ലഭിക്കണമെങ്കിൽ മലബാറിലെ സമരങ്ങളുമായി ബന്ധപ്പെട്ട ചരിത്ര സന്ദർഭങ്ങൾ ഉൾക്കൊള്ളുന്ന സാമൂഹിക പശ്ചാത്തലത്തെ ഗൗരവമായി പഠിക്കേണ്ടതുണ്ട്. സാമൂഹിക-സാഹോദര്യ ജീവിതത്തിന്റെ തലങ്ങൾ വളരെ സൂക്ഷ്മമായി നമ്മുടെ ദൈനംദിന ജീവിതത്തിലും ഭൂതകാല ചരിത്രത്തിലും നിലനിൽക്കുന്നുണ്ട്. ആ സാമൂഹിക-സാംസ്‌കാരിക ജീവിതം എങ്ങനെയായിരുന്നുവെന്ന് കണ്ടെടുക്കുകയും ഇന്നത്തെ സന്ദർഭത്തിൽ ആ സാമൂഹിക സാഹോദര്യത്തെയും ജീവിതത്തെയും നമ്മൾ തിരിച്ചുപിടിക്കുകയും ചെയ്യേണ്ടതുണ്ട്. മലബാർ സമരങ്ങൾ വലിയ വർഗീയ ലഹളയാണെന്നും ഹിന്ദു വംശഹത്യയാണെന്നുമൊക്കെ പറയുന്ന പശ്ചാത്തലത്തിൽ മലബാറിലെ സാമൂഹിക- സാംസ്‌കാരിക ചരിത്രത്തെ വീണ്ടെടുത്ത് കൊണ്ടേ അതിനെ പ്രതിരോധിക്കാൻ കഴിയൂ.

ഡോ. കെഎസ് മാധവൻ

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ