പഞ്ചേന്ദ്രിയങ്ങൾക്കും ഹൃദയത്തിനും ഇമ്പം നൽകുന്നതെന്തു ചെയ്യുന്നവർക്കും വല്ലഭ സ്ഥാനം നൽകി ഉയരത്തിൽ വെക്കാൻ ഈ തലമുറ മിടുക്കരാണ്. ഈ വലിയ മനസ്സിനെ അഭിനന്ദിക്കുന്നതോടൊപ്പം ചില പ്രധാന കാര്യങ്ങൾ ശ്രവിക്കുകയും നൊമ്പരപ്പെടുകയും വേണം. ശ്രവിക്കേണ്ട കാര്യങ്ങൾ നേരെചൊവ്വേ നമ്പറിട്ട് പറയുന്നതിന് പകരം ഇനി പറയാൻ പോകുന്ന സ്ത്രീ പുരോഗമന ചിന്തയെക്കുറിച്ചുള്ള കാര്യങ്ങളുടെ വരികളിൽ നിന്ന് വായനക്കാരന് അവ വായിച്ചെടുക്കാനാവും.
‘സ്ത്രീപക്ഷ’ വായന നടത്തുന്നവരിൽ സിംഹഭാഗവും ഇസ്‌ലാം മതത്തെ പഴഞ്ചനായും കാല, കലാ മാറ്റങ്ങളെ ഉൾക്കൊള്ളാത്ത എതിരാളിയായും തെറ്റിദ്ധരിച്ചവരാണ്. സ്ത്രീകളോടുള്ള ഇസ്‌ലാമിന്റെ സമീപനം പ്രാകൃതവും ചിറ്റമ്മയുടേതുമാണെന്ന പ്രചാരണവും ‘സ്വതന്ത്രവാദി’കളും ‘പുരോഗമന’ക്കാരുമായ സ്ത്രീപക്ഷക്കാർ നടത്തിവരുന്നുണ്ട്. സ്വന്തം കുടുംബത്തിലെ പെണ്ണുങ്ങളുടെ കാര്യത്തിൽ ലിബറലിസത്തിന്റെ പരവതാനി മടക്കിപ്പൂട്ടി വെക്കുകയും ജാതിയും ജാതകവും കുലമഹിമയും പാതിവ്രത്യവും ചൂഴ്ന്നന്വേഷിക്കുകയും ആരാന്റെ പെണ്ണിന് ‘സ്വാതന്ത്ര്യ’ത്തിന്റെ ശുദ്ധവായു കിട്ടാൻ ഓടിപ്പാഞ്ഞു കിതക്കുകയും ചെയ്യുന്ന ഒരുതരം ഗവേഷണ സാധ്യതയുള്ള മനോരോഗമാണ് അധിക സ്ത്രീ പുരോഗമന പക്ഷക്കാരെയും ചൂഴ്ന്ന് നിൽക്കുന്നത്!
അവളും ഇവളും വ്യത്യാസമുണ്ട്
ഇസ്‌ലാം വിഭാവന ചെയ്യുന്ന സ്ത്രീ സങ്കൽപ്പമല്ല ലിബറൽ ചിന്താഗതിയിലുള്ളത്. ഇസ്‌ലാമിന്റെ സ്ത്രീക്ക് ആത്മാവും ശരീരവുമുണ്ട് എന്നതാണ് ഒരു വ്യത്യാസം. ലിബറലിസത്തിന്റെ പെണ്ണിന് ശരീരമേയുള്ളൂ. ശരീരത്തെ മിനുക്കിയെടുത്ത് ഭംഗിയാക്കുന്ന സ്ത്രീ ആത്മാവിനെയും ശരീരത്തെയും അലങ്കാരപ്പെടുത്തുന്ന സ്ത്രീയിൽ നിന്ന് ഏറെ വ്യത്യസ്തയാണ്.
പഞ്ചേന്ദ്രിയ സൗന്ദര്യത്തിന്റെ പുറമെ, അതിനപ്പുറം ആത്മാവിന്റെ സൗന്ദര്യത്തിന്റെ അവാച്യമായ അനുഭൂതിയാണ് സ്ത്രീ നേടിയെടുക്കേണ്ടതെന്നും അങ്ങനെയായാലാണ് അത്യുത്തമ സമൂഹ സൃഷ്ടിയുടെ മാതാവായി ഇവൾ മാറുകയുള്ളൂ എന്നുമാണ് ഇസ്‌ലാം സ്ത്രീയെ നിരീക്ഷിക്കുന്നത്.
ആത്മോൽകർഷത്തിന്റെ ഉന്മാദങ്ങൾ ഇല്ലാതാക്കുകയും ശരീരപ്രധാനമായ പണികൾക്ക് നിർബന്ധിപ്പിക്കപ്പെടുകയും ചെയ്യുമ്പോൾ ഇസ്‌ലാമിനെ കൃത്യമായി അറിഞ്ഞു ജീവിക്കുന്ന മഹിള അകത്തിരിക്കും. ഇത് അകത്തിരിക്കുന്നവളുടെ തെറ്റായി കൂട്ടുന്നതിന് പകരം അവളുടെ ആത്മാവിനെ പരിപോഷിപ്പിക്കാൻ ആലോചന നടത്താനാണ് ആഘോഷ വല്ലഭന്മാർ ശ്രദ്ധിക്കേണ്ടത്. ഒരു ഉദാഹരണം പറയാം; ആധുനിക ജനറൽ കാമ്പസുകളുടെ ഗതി എന്താണ്? ഈ എഴുത്ത് വായിക്കുന്നവരുടെ ഇടം വലങ്ങളിലെ കലാലയങ്ങളുടെ അകത്തളങ്ങളിൽ ആത്മാവിനെ പരിപോഷിപ്പിക്കുന്ന അക്ഷരത്തുടിപ്പുകളാണോ അതോ പഞ്ചേന്ദ്രിയങ്ങളിൽ തുടികൊട്ടുന്ന ഹർഷാരവങ്ങളാണോ കുത്തകയായി തീർന്നിട്ടുള്ളത് എന്നു നോക്കുക. ഈ കാമ്പസുകളോട് മോഹപ്പെടാതെ ആത്മസായൂജ്യത്തിന്റെ ഇടം തേടുന്ന പെൺകുട്ടിയെയും രക്ഷിതാവിനെയും എന്തിനു പരിഹസിക്കണം? ഇവിടെ, കാമ്പസുകളിലെ ഹർഷാരവങ്ങളിൽ മുഴുകി ശരീര, മനസ്സുകൾക്ക് ഹരം നൽകുന്നതിലെന്തു തെറ്റ് – എന്ന ചോദ്യത്തിന്റെ സാധ്യത തള്ളിക്കളയരുത്. ഈ സാധ്യതാ ചോദ്യത്തിന്റെ ഉത്തരം ഹർഷാരവങ്ങളിൽ മുഴുകിയ വ്യക്തിയിൽ തുടർന്നുണ്ടാകുന്ന മാറ്റങ്ങൾ (ആലവമ്ശീൗൃമഹ ഇവമിഴല)െ എന്തൊക്കെയാണെന്നതാണ്. ഇന്നലെ വരെയുള്ള സംശുദ്ധ രാത്രികളാണോ ഈ ആരവങ്ങൾക്കു ശേഷമുള്ള കുട്ടിയുടെ രാത്രി ചെയ്തികൾ? ഇന്നലെ വരെ വിചാരിച്ചതും ചെയ്തതുമായ നന്മ ചിന്തകളാണോ ഹർഷാരവാനന്തര വിചാരങ്ങളിലൂടെ പ്രകടമാവുന്നത്? അല്ല എന്നാണുത്തരമെങ്കിൽ, ശരീരേച്ഛകൾക്ക് പൈശാചിക ഇടപെടലിന്റെ കൂടുതൽ അവസരങ്ങളുണ്ടാക്കി കൊടുക്കാൻ ഈ പെണ്ണുടലിനെയും മനസ്സിനെയും പാകപ്പെടുത്താൻ ഈ ഹർഷാരവങ്ങൾ കാരണമായി എന്നു വ്യാഖ്യാനിക്കേണ്ടിവരും.
ഒരു അഭിമുഖത്തിൽ, സ്വാതന്ത്ര്യത്തിന്റെയും ‘പാരതന്ത്ര്യ’ത്തിന്റെയും അർഥ വ്യത്യാസത്തെക്കുറിച്ച് കമല സുരയ്യ പറഞ്ഞു: ”മനുഷ്യന് പാരതന്ത്ര്യമുണ്ടെന്ന് അനുഭവിച്ചു തുടങ്ങിയാൽ പാരതന്ത്ര്യമുണ്ടാകും. പ്രേതമുണ്ടെന്ന് വിചാരിച്ചു തുടങ്ങിയാൽ കരിമ്പനയുടെ ചോട്ടിൽ പ്രേതമുണ്ടാകും. ഇത് നമ്മുടെ മനസ്സ് കാരണമാണ്. എനിക്ക് സ്വാതന്ത്ര്യമില്ലെന്നൊരു തോന്നൽ ഉണ്ടായിട്ടില്ല. എനിക്ക് വേണമെന്ന് തോന്നുന്ന സ്വാതന്ത്ര്യം മറ്റുള്ളവർക്കുള്ള സ്വാതന്ത്ര്യമായിരിക്കണമെന്നില്ല. എന്നും നന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എന്റെ കൈകൾക്ക് ഉണ്ടായിരിക്കണം. കഷ്ടപ്പെടുന്നവർക്ക് സഹായം കൊടുക്കാൻ, കരയുന്നവർക്ക് ഒപ്പമിരുന്ന് കരയാനുള്ള സ്വാതന്ത്ര്യം എനിക്ക് ഉണ്ടായിരിക്കണം. തിന്മ ചെയ്യാനുള്ള സ്വാതന്ത്ര്യം എനിക്കു വേണ്ട. അത് ഉറച്ച തീരുമാനമാണ്. അതുകൊണ്ടായിരിക്കണം ഞാൻ ഏറെയും ഇസ്‌ലാമിനെ ആശ്ലേഷിക്കാൻ ബദ്ധപ്പെട്ടത്.’
ഇസ്‌ലാം മുന്നോട്ടുവെക്കുന്ന സ്വാതന്ത്ര്യത്തിന്റെ ആകാശം ആവോളം ആസ്വദിച്ച അനേകം സ്ത്രീരത്‌നങ്ങളുണ്ട് ചരിത്രത്തിൽ. ഉയർച്ചയുടെ മാനങ്ങൾ തൊട്ടറിഞ്ഞവർ. സ്വർഗസ്ഥകളായ ഹൂറുൽഈൻ സുന്ദരികളോടൊപ്പമോ അവരേക്കാൾ മികച്ചവരോ ആയി അവരോധിതരായവർ. ഖുർആനിൽ, ഹദീസിൽ മഹദ് ലക്ഷ്യത്തോടെ, ബഹുമാനത്തോടെ നാമം പറയപ്പെട്ട ഇവർ ഉടലിനോടൊപ്പം ആത്മാവിനെ വിമലീകരിച്ചവരായിരുന്നു. അങ്ങനെ വിജയംവരിച്ചവരും.
നബി(സ്വ) നിയോഗിതരാകുന്ന കാലം സ്ത്രീകളെ വളരെ അധമരോ ഉപഭോഗവസ്തുക്കളോ മാത്രമായി കാണുന്നവരായിരുന്നു കുറേ വംശങ്ങൾ. അതിനാലാണല്ലോ പെൺകുഞ്ഞ് പിറന്നെന്നറിഞ്ഞാൽ മുഖം കരുവാളിച്ചിരുന്നതും കുഴിച്ചുമൂടിയിരുന്നതും. സാമൂഹ്യദ്രോഹികൾക്ക് വ്യഭിചരിക്കാനുള്ള വസ്തുക്കളായിരുന്നേടത്തു നിന്ന് അസ്തിത്വമുള്ളവരാക്കി മാറ്റി തിരുനബി(സ്വ) ഒതുക്കവും ചിട്ടയും നൽകി, വിജ്ഞാനം പകർന്നു വളർത്തി. മനുഷ്യ ജീവിതത്തിന്റെ പ്രഭയായി പരന്ന ഖുർആനിന്റെ തലവാചകങ്ങൾ വരെ സ്ത്രീനാമങ്ങളായി. സൂറത്തുന്നിസാഅ്, സൂറത്തു മർയം പോലെ ഖുർആൻ വചനങ്ങളിൽ ഇവരെ ഏറെ മഹത്ത്വപ്പെടുത്തി. ലിംഗ വ്യത്യാസത്തിന്റെ അനിവാര്യതക്കൊപ്പം നിന്നുതന്നെ ഖുർആൻ നീതി ഉറപ്പാക്കി.
സ്ത്രീ വളർച്ചയുടെ
വ്യാപ്തിയും സാധ്യതയും
സ്ത്രീയുടെ ശാരീരികമോ മാനസികമോ ആയിട്ടുള്ള ഗുണാത്മക വളർച്ചക്കൊന്നും ഇസ്‌ലാം എതിരായിട്ടില്ല. സ്ത്രീ ശരീരത്തിന്റെ പുരുഷനിൽ നിന്നുള്ള വ്യത്യാസം പരിഗണിച്ച് ഉത്തരവാദിത്ത നിർവഹണത്തിൽ നിയമവ്യത്യാസങ്ങൾ വരുത്തിയിട്ടുണ്ടെന്നത് ശരിയാണ്. അത് തെറ്റാണെന്ന് പറയുന്നവർ സ്ത്രീയുടെ അനാട്ടമി അറിയാത്തവരാണ്. അനുദിനം സാധാരണമാം വിധം റോഡുകളിലൂടെ ഹെവി വാഹനം ചീറിപ്പാഞ്ഞു പോകുന്നവരിൽ അത്ഭുതം കൂറാത്തവർ പെണ്ണൊരുത്തി ടാങ്കർ ലോറിയോടിച്ചാൽ വാർത്തയാക്കാൻ മെനക്കെടുന്നത് ‘പെൺകരുത്തി’ന്റെ നിലവാരമറിയുന്നത് കൊണ്ടാണല്ലോ! scientific studies of male and female differences (സ്ത്രീ-പുരുഷ വൈജാത്യങ്ങളെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ) എന്ന ശീർഷകത്തിൽ Encyclopedia britannica യിൽ പറഞ്ഞതിന്റെ മൊഴിമാറ്റം ഇങ്ങനെയാണ്: ‘വ്യക്തിപരമായ പ്രകൃതം (Traits) വെച്ചു നോക്കുമ്പോൾ പുരുഷന്മാർ ഉയർന്ന തോതിലുള്ള അക്രമണോത്സുകത, മേൽക്കോയ്മ, നേട്ടക്കൊയ്ത്തിനുള്ള ത്വര ഉള്ളവരാണ്. സ്ത്രീകൾ ഏറെയും വലിയ പരാശ്രയത്വവും ഉയർന്ന വിധത്തിലുള്ള സാമൂഹിക പ്രബുദ്ധത, പരാജയങ്ങളിൽ പുരുഷന്മാരേക്കാൾ വളരെ വേഗം മന:സ്ഥൈര്യം കുറവ് കാണിക്കുന്നവരുമാണ്.’
ശരീരശാസ്ത്രവും (Physiology) ശരീരഘടനാശാസ്ത്രവും (Anatomy)
സ്ത്രീ-പുരുഷ ശാരീരികാവസ്ഥയിലെ വ്യക്തമായ വ്യത്യാസം പറയുന്ന കണക്ക് നോക്കൂ. പുരുഷന്റെ മസ്തിഷ്‌ക തൂക്കം 1375 ഗ്രാം, സ്ത്രീയുടേത് 1260 ഗ്രാം. പുരുഷ ഹൃദയത്തിന്റെ ഭാരം 350 ഗ്രാം, സ്ത്രീയുടേത് 250 ഗ്രാം, കരളിന്റേതിൽ 1600, 1500. രക്തത്തിന്റെ അളവ് പുരുഷന് സ്ത്രീയേക്കാൾ 20 ശതമാനം കൂടുതൽ. ഒരു സിസി പുരുഷ രക്തത്തിൽ 52000 ലക്ഷം ചുവന്ന രക്താണുക്കളുണ്ടെന്നാണ് കണക്ക്. ഇത് സ്ത്രീയിൽ അഞ്ച് ലക്ഷത്തിന്റെ കുറവ് കാണിക്കുന്നു. പുരുഷ നാഡി മിടിപ്പ് മിനുട്ടിൽ 72 തവണയാണെങ്കിൽ സ്ത്രീയുടേത് 82 തവണയാണ്.
ഈ ശാരീരിക വ്യതിരിക്തതയുടെ ഇഫക്ട് കൂടിയാണ് നേരത്തെ എൻസൈക്ലോപീഡിയ പറഞ്ഞ സ്ത്രീ-പുരുഷ സ്വഭാവ വൈജാത്യങ്ങൾ എന്നു കൂടി മനസ്സിലാക്കുക. അടിസ്ഥാനപരമായ ഈ വ്യത്യാസങ്ങളെ ഉൾക്കൊണ്ടാണ് സ്ത്രീയുടെ വളർച്ചയുണ്ടാവുക. ശരിയായ അറിവാർജനത്തിന്റെയും അനുഷ്ഠാനത്തിന്റെയും അതുല്യമായ സ്‌നേഹത്തിന്റെയും വഴികൾ ഇസ്‌ലാമിനകത്തു സ്ത്രീകൾക്കുണ്ട്. ആസ്വാദനത്തിന്റെ വിവിധ തലങ്ങളിലൂടെ സഞ്ചരിച്ച് കമലാദാസ് ഒടുക്കം ഇസ്‌ലാമിനകത്തെ ദൈവിക സ്‌നേഹത്തിന്റെ മൗലിക സ്പർശം അനുഭവിക്കുന്നേടത്തെത്തുന്ന നീണ്ട കഥയിൽ ഒരിടത്ത് ഇങ്ങനെ കുറിക്കുന്നുണ്ട്. ‘മരണം വരെ ഒരു നനഞ്ഞ പക്ഷിയെപ്പോലെ ജീവിക്കുന്നതിനേക്കാൾ നല്ലത് പ്രിയപ്പെട്ടവർക്കൊപ്പം സ്‌നേഹത്തോടെ ജീവിക്കുകയാണെന്ന് എനിക്കു തോന്നി’ കമലാദാസിന്റെ ഈ അന്വേഷണ ജീവിതം അവസാനിച്ചത് ഇസ്‌ലാമിനെ കണ്ടെത്തുന്നതിലൂടെയായിരുന്നിേല്ല.
ആത്മാവിൽ സൂര്യൻ പടർന്ന
വിശ്വാസിനികൾ
വിശ്വാസദാർഢ്യതയും അഴകും ആഴവുമുള്ള വിജ്ഞാന സമ്പത്തും കൈവശപ്പെടുത്തി ജീവിതം പരിശുദ്ധമാക്കിയ മഹതികളിൽ പ്രമുഖയാണ് ബീവി നഫീസത്തുൽ മിസ്‌രിയ്യ(റ). ചെറുപ്രായത്തിൽ തന്നെ ഇസ്‌ലാമിക ആരാധനകളുടെയും മതകീയ ചര്യകളുടെ ആനന്ദമറിഞ്ഞവർ. ആറാം വയസ്സിൽ ഖുർആൻ ഹൃദ്യസ്ഥമാക്കി. ഇസ്‌ലാമിക കർമശാസ്ത്രം, ഹദീസ് വിജ്ഞാനീയങ്ങളിൽ അവഗാഹം നേടി. ലോകപ്രശസ്ത ഹദീസ് പണ്ഡിതനും മദ്ഹബിന്റെ ഇമാമുമായ ഇമാം മാലിക്(റ) ജീവിച്ചിരിക്കുന്ന കാലത്ത് മഹാന്റെ വിശ്വവിഖ്യാത ഗ്രന്ഥം ‘മുവത്വ’ പഠിച്ചു മനസ്സിലാക്കി മറ്റുള്ളവർക്ക് വിജ്ഞാനം പകർന്നവർ.
ശരീരത്തെയും ഹൃദയത്തെയും വിശ്വാസ, വിജ്ഞാന, കർമങ്ങൾ കൊണ്ട് ധന്യമാക്കിയതോടെ ജനസാഗരങ്ങൾ നഫീസത്തുൽ മിസ്‌രിയ്യ(റ)യുടെ മഹത്ത്വമറിഞ്ഞു. അവരെ തേടിയെത്തി. പ്രത്യേകിച്ചും, ഹിജ്‌റ 193 റമളാൻ 26ന് ബൈത്തുൽ മുഖദ്ദസിൽ നിന്ന് മിസ്‌റിലെത്തിയതോടെ നാടിന്റെ അഷ്ടദിക്കുകളിൽ നിന്ന് ആളുകളെത്തി. ബീവിയെക്കൊണ്ട് ബറകത്ത് നേടാനും ദുആ ചെയ്യിപ്പിക്കാനും വിജ്ഞാനം സമ്പാദിക്കാനും വേണ്ടിയായിരുന്നു ഈ ഒഴുക്ക്.
ഒട്ടേറെ കറാമത്തുകൾ പ്രകടമായ നഫീസ(റ)യുടെ ചരിത്രം വായിക്കുന്ന ആർക്കുമറിയാം, ഇസ്‌ലാം സ്ത്രീവിരോധം പ്രകടിപ്പിക്കുന്നതായിരുന്നുവെങ്കിൽ ചരിത്രത്തിൽ ‘നഫീസത്തുൽ മിസ്‌രിയ്യ’കളും ‘റാബിയത്തുൽ അദവ്വിയ്യ’കളും ഉണ്ടാകുമായിരുന്നോ? ആർജിച്ചെടുക്കുന്ന വിജ്ഞാനത്തിന്റെയും അനുഷ്ഠിക്കുന്ന കർമങ്ങളുടെയും മൂല്യങ്ങൾ നഷ്ടപ്പെടുന്നിടത്ത് സ്ത്രീയും പുരുഷനും അകത്ത് പ്രഭ കെട്ടവരായി മാറും. പൈശാചികതയുടെ ആഘോഷങ്ങളിൽ ചാടിക്കളിക്കുന്നവരുമാകും.
ഇസ്‌ലാമിക വ്യക്തിചരിത്രങ്ങളിൽ കുറേ ധീര മാതൃകാ വനിതകളെ കുറിച്ചുള്ള കനപ്പെട്ട ഗ്രന്ഥങ്ങൾ കാണാനാവും. തിരുനബി(സ്വ)യുടെ പ്രിയപത്‌നി ബീവി ഖദീജ(റ) നിർണായക നേരങ്ങളിൽ നിറസാന്ത്വനവുമായി നിറഞ്ഞുനിന്ന അതീവ ബുദ്ധിമതിയും സുശീലയുമായ സ്ത്രീരത്‌നമായിരുന്നു. പ്രിയതമനോടൊപ്പം എന്തു ത്യാഗത്തിനും സന്നദ്ധയായി പ്രബോധന നാളുകളിലേറ്റ പീഡനങ്ങളിൽ ഇളക്കമുണ്ടായില്ല. പതർച്ച വന്നില്ല. പച്ചിലയും കാട്ടുപഴങ്ങളും കഴിച്ചുവരെ നബി(സ്വ)യോടൊപ്പം നിന്നു.
ഈ ത്യാഗത്തിന്റെ തുടർച്ചയായിരുന്നു പിൽകാലത്തെ തിരുപത്‌നിമാരെല്ലാവരും നിർവഹിച്ചത്. ബീവി ആഇശ(റ) വിജ്ഞാനത്തിന്റെ വിഹായസ്സ് തേടി; നേടിയെടുത്തു. നബി(സ്വ)യുടെ ജീവിതപ്പകർപ്പായിരുന്നു ആഇശ(റ). റസൂൽ(സ്വ)യുടെ മകൾ ഫാത്വിമ ബീവി(റ)യുടെ ജീവിതവും അങ്ങനെത്തന്നെ. അപ്പുറത്ത് നിന്ന് ശാശ്വത സ്വർഗത്തിന്റെ സുഗന്ധം ആസ്വദിച്ച് സ്വാതന്ത്ര്യത്തോടെ ജീവിച്ച് വെളിച്ചം കാട്ടിയവരായിരുന്നു ഈ വനിതകളൊക്കെ.
ആ കഥകൾ ഇടക്ക് മുറിഞ്ഞുവോ?
ഇസ്‌ലാം ആഗോളത്തിൽ പരന്നപ്പോൾ ആദ്യകാലത്ത് കിട്ടിയിരുന്ന സ്ത്രീ സ്വാതന്ത്ര്യം മുറിഞ്ഞുപോയി എന്ന് ചിലർക്ക് തോന്നിയിട്ടുണ്ട്. കൂടുതൽ കൂടുതൽ വീട്ടിനുള്ളിലേക്ക്, അടുക്കളയിലേക്ക് മുസ്‌ലിം സ്ത്രീകൾ ഒതുങ്ങിപ്പോയത്രെ! മറ്റു സ്ത്രീകളുമായി തട്ടിച്ചുനോക്കുമ്പോൾ മുസ്‌ലിം സ്ത്രീകൾ അടുക്കളയിലും വീടിനുള്ളിലും നിൽക്കേണ്ടിവന്നത് എന്തിനാണെന്ന്, വാദത്തിന് വേണ്ടി ആഴത്തിൽ പഠിക്കുമ്പോൾ കുറേ ഉത്തരങ്ങൾ കണ്ടെത്താനാവുന്നുണ്ട്. ഇറങ്ങേണ്ട അനിവാര്യ സാഹചര്യങ്ങളിൽ മുസ്‌ലിം സ്ത്രീകളാരും പുറത്തിറങ്ങാതിരുന്നിട്ടില്ല എന്ന് ചരിത്രം പറയുന്നുണ്ട് എന്നതാണ് ഒരുത്തരം. ഇതിന്റെ ഉദാഹരണങ്ങൾ ശുദ്ധമനസ്സാലെ ആർക്കും ആലോചിച്ചാൽ കിട്ടാവുന്നതേയുള്ളൂ. ഇറങ്ങേണ്ട അനിവാര്യഘട്ടത്തിലും സ്ത്രീകളാരെങ്കിലും ഇറങ്ങാതിരിക്കുകയോ ഇറക്കാതിരിക്കുകയോ ചെയ്തിട്ടുണ്ടെങ്കിൽ’ അതിന്റെ കാരണം തേടുകയെന്നതാണ് അടുത്ത പടി.
അങ്ങനെ തേടുമ്പോൾ ഇങ്ങനെ ഇത്തരം സ്ത്രീകൾ ജീവിച്ച സാഹചര്യങ്ങൾ, സാമൂഹ്യ പശ്ചാത്തലങ്ങൾ പഠിക്കുകയെന്നുള്ളതാണ്. ‘സ്ത്രീനോട്ട’മെന്ന അശ്ലീലകല വ്യാപകമാവുകയും ശീലമാക്കുകയും ചെയ്ത സമൂഹത്തിൽ മുസ്‌ലിം സ്ത്രീകളെ അതിൽ നിന്ന് വേറിട്ടു നിർത്താൻ അവരുടെ രക്ഷിതാക്കൾ ശ്രദ്ധിച്ചുവെന്നത് നേരാണ്. ഏറെ ചിന്തിക്കുകയും പഠനം നടത്തുകയും ചെയ്ത് പരിഹാരം കാണേണ്ട ഒന്നാണ് വർധിച്ചുവരുന്ന ‘അവിഹിത നോട്ടം’ എന്നത്. മുമ്പ് മാറ് മറക്കാനോ മേനി മറക്കാനോ പാടില്ലായിരുന്നത് മറ്റു ചിലർക്ക് അത് കാണാനായിരുന്നല്ലോ. ഇങ്ങനെയുള്ള സാമൂഹിക ദുരന്തത്തിനെതിരെ നടന്ന ഒരു ലഹളയായിരുന്നു ചാന്നാർ ലഹള. മാറു മറക്കൽ സമരം, ശീലവഴക്ക്, മുലമാറാപ്പ് വഴക്ക്, മേൽശീല കലാപം, നാടാർ ലഹള എന്നീ പേരുകളിലും ഈ സമരം ചരിത്രത്തിലുണ്ട്.
നാടാർ സമുദായത്തിൽ പെട്ട സ്ത്രീകൾ മാറുമറയ്ക്കുന്നതു സംബന്ധിച്ച് തെക്കൻ തിരുവിതാംകൂറിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷമാണിത്. നാടാർ സമുദായത്തിന്റെ മറ്റൊരു പേരാണ് ചാന്നാർ. ഹിന്ദുമതത്തിലെ നാടാർ സമുദായത്തിൽ പെട്ട സ്ത്രീകൾക്ക് മാറു മറക്കാൻ അവകാശം ഉണ്ടാവാത്തതിനെ തുടർന്ന് ക്രിസ്തു മതം സ്വീകരിച്ച ശേഷം മാറു മറക്കാൻ ചില ചാന്നാർ സ്ത്രീകൾ ശ്രമിച്ചു. ഇങ്ങനെ ഇവർ മാറു മറച്ചതിനെ സവർണ ഹിന്ദുക്കൾ അക്രമണം നടത്തുകയുണ്ടായി. ഇതാണ് ചാന്നാർ ലഹള. സ്വാതന്ത്ര്യപൂർവ കേരളത്തിൽ അരങ്ങേറിയ ആദ്യത്തെ മനുഷ്യാവകാശ സമരങ്ങളിലൊന്നായി ഈ ലഹളയെ വിലയിരുത്തപ്പെടുന്നു (ആർ രാധാകൃഷ്ണൻ- കേരളത്തിലെ നവോത്ഥാന സമരങ്ങൾ).
‘അക്കാലഘട്ടത്തിൽ സവർണ സ്ത്രീകൾക്കു മാത്രമേ നന്നായി വസ്ത്രം ധരിക്കുവാനും ആഭരണം ധരിക്കുവാനും അവകാശമുണ്ടായിരുന്നുള്ളൂ. താഴ്ന്ന ജാതിക്കാരായ ഈഴവർ, ചാന്നാർ (നാടാർ), പുലയൻ, കുറവർ, പറയർ തുടങ്ങിയ ജാതിയിൽ പെട്ട സ്ത്രീകൾക്ക് മേൽജാതിക്കാരുടെ മുമ്പിൽ മാറുമറക്കാനുള്ള അവകാശമുണ്ടായിരുന്നില്ല’ (പ്രൊ: കെ രാജൻ-നാടാർ ചരിത്ര രഹസ്യങ്ങൾ, കേരള നാടാർ കോർഡിനേഷൻ കൗൺസിൽ).
ചാന്നാർ സംഭവത്തിനു മുക്കാൽ നൂറ്റാണ്ട് മുമ്പ് മലബാറിൽ ടിപ്പു സുൽത്താൻ, താഴ്ന്ന ജാതിയിലെ സ്ത്രീകൾ മാറ് മറക്കണമെന്ന വിളംബരം പുറപ്പെടുവിച്ചിരുന്നു. തന്റെ പരിഷ്‌കരണം പ്രഖ്യാപനത്തിലൊതുങ്ങരുതെന്ന് കരുതി അതിനാവശ്യമായ ധനസഹായം ചെയ്യാനുള്ള നടപടികളും ടിപ്പു സ്വീകരിച്ചിരുന്നു. ‘മലബാറിലെ ചില സ്ത്രീകൾ മാറ് മറക്കാതെ നടക്കുന്നത് കണ്ടപ്പോൾ എനിക്ക് വേദന തോന്നി, സന്മാർഗചിന്തക്ക് തീർച്ചയായും അതെതിരാണ്’ എന്നാണ് ടിപ്പു ഗവർണർക്കയച്ച കത്തിൽ കുറിച്ചത്.
പറഞ്ഞുവരുന്നത്, സ്ത്രീകളുടെ സുരക്ഷക്കും ഭദ്രതക്കും വേണ്ടി അന്യരുടെ ‘നോട്ട’ത്തിൽ നിന്നും തുടർന്നുണ്ടാകുന്ന ശാരീരിക-മാനസിക പീഡനങ്ങളിൽ നിന്നും രക്ഷപ്പെടുത്താൻ ഏറെക്കുറെ വഴിയൊരുക്കുന്ന ‘ഹിജാബ്’ സംവിധാനത്തിന്റെ ഒന്നാം ഘട്ടമെന്ന നിലയിൽ സ്ത്രീകൾ അനിവാര്യതകൾക്ക് മാത്രം പുറത്തിറങ്ങിയാൽ മതി, പുറത്തിറങ്ങുമ്പോഴൊക്കെ പരിപൂർണ ഹിജാബ് വേണമെന്നതാണ് ഇസ്‌ലാം മുന്നോട്ട് വെച്ചത്. ഇത് ആഭാസ മനസ്സുള്ളവരെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്തുവെന്നത് നേരാണ്. ഈ നേരുൾക്കൊണ്ട് തന്നെ മുസ്‌ലിം സ്ത്രീകൾ പഠിക്കുകയും വളരുകയും ചെയ്തു; ചെയ്യുന്നു. എങ്കിൽ തന്നെയും സ്ത്രീ സ്വാതന്ത്ര്യം സമത്വം എന്നെല്ലാം പറഞ്ഞ് വസ്ത്രാക്ഷേപം നടത്താൻ ഇപ്പോഴും ശ്രമിച്ചുകൊണ്ടിരിക്കുന്നു. പഠിക്കാനൊരുങ്ങുന്ന പെൺകുട്ടിക്കോ അവളുടെ രക്ഷിതാവിനോ ഈ വസ്ത്ര ഭദ്രത ഒരു തടസ്സമാവുന്നില്ലെങ്കിൽ മറ്റുള്ളവർക്ക് ഇവരോടുള്ള കാഴ്ച സ്വാതന്ത്ര്യമില്ലാതാവും എന്നതെല്ലാതെ മറ്റെന്ത് നഷ്ടമാണ് വരുന്നത്!?
വസ്ത്ര സ്വാതന്ത്ര്യമുള്ള നാട്ടിൽ ഹിജാബിട്ടതിന്റെ പേരിൽ ഒരു കുട്ടിയുടെ പഠനം മുടക്കിയിട്ടുണ്ടെങ്കിൽ വിദ്യാഭ്യാസ പിന്നാക്കാവസ്ഥ സൃഷ്ടിച്ചതിന്റെ ഉത്തരവാദികൾ ആരാണ്? സവർണ മനസ്സുള്ളവരല്ലേ? എന്നിട്ട് കാലമേറെ കഴിയുമ്പോൾ പഴി ഇസ്‌ലാമിനും; പെൺകുട്ടികളെ പഠിക്കാൻ വിടില്ലത്രെ! മുമ്പു പറഞ്ഞ ചരിത്ര വനിതകളുടെ സഞ്ചാരപാതകളെ കൃത്യമായി പഠിച്ചുനോക്കുക. അവർക്കീ തടസ്സങ്ങളില്ലായിരുന്നു. ഉണ്ടെങ്കിൽ തന്നെ അവരത് തരണം ചെയ്തു. വിജ്ഞാന വിപ്ലവത്തിൽ പുരുഷന്മാരോടൊപ്പമോ ചിലപ്പോഴെങ്കിലും അവർക്കു മേലെയോ എത്തിച്ചേർന്നു അവർ.
മുസ്‌ലിം സ്ത്രീകളുടെ
വർത്തമാനകാല പുരോഗതി
യൂട്യൂബിൽ തെളിയുന്ന പാചകവിഭവങ്ങൾക്കപ്പുറം ക്യാമറമാനെ പോലെ ക്യാമറയിൽ തെളിയാത്ത ചില നല്ല ത്യാഗിണികളുണ്ടെന്ന ബോധ്യം വർത്തമാനകാല മുസ്‌ലിം സ്ത്രീകളെ പഠിക്കുന്നവർ അറിഞ്ഞിരിക്കേണ്ടതുണ്ട്. തികഞ്ഞ വായനയും ആഴമുള്ള ഗവേഷണ പാടവുമുള്ള, ഇസ്‌ലാമിക ചിട്ടയോടെ ജീവിക്കുന്ന മാതൃകാ മഹതികൾ ഇപ്പോഴുമുണ്ട്.
നവോത്ഥാനത്തിന്റെ വിജയ വിപ്ലവങ്ങളിൽ കേരളത്തിലെ പണ്ഡിതന്മാർ നേതൃത്വം നൽകിയ ഉലമ ആക്ടിവിസത്തിന്റെ തുടർഫലങ്ങളായി ഒട്ടേറെ സുരക്ഷിത വനിതാ കലാലയങ്ങൾ തന്നെ ഉന്നത പഠനത്തിനായി സാധ്യമാക്കാനായി. ദേശ രാഷ്ട്രങ്ങളുടെ സാമൂഹിക-ധാർമിക-സാംസ്‌കാരിക വികസനങ്ങൾക്കനുസരിച്ച് അവിടത്തെ മുഴുവൻ സ്ത്രീ പുരുഷന്മാരുടെയും ജീവിത രീതിയിൽ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കും. പൊതുവായി പ്രസ്തുത രാജ്യങ്ങൾക്ക് ആളോഹരി വരുമാനം നേടിക്കൊടുക്കാവുന്ന പ്രവർത്തനങ്ങൾക്ക് വഴിയൊരുക്കും. നേരത്തെയുള്ള തടസ്സങ്ങൾ സ്ത്രീകൾക്ക് മുന്നിൽ ഉണ്ടാവുമ്പോൾ സുരക്ഷാ പ്രശ്‌നങ്ങൾ വരുമ്പോൾ അവർ രംഗത്തിറങ്ങില്ല. ഇത് മതത്തിന്റെ പ്രശ്‌നമായി കൂട്ടേണ്ടതില്ല. മാത്രമല്ല, വീടുഭരണമെന്ന വലിയൊരു കടമ്പയും സന്താന പരിപാലനമെന്ന ഉത്തരവാദിത്തവും ഇവർ തന്നെ ചെയ്യേണ്ടതും ഇവർക്ക് പുറം ജോലികളിൽ ഭാരമുണ്ടാക്കും. കുടുംബ സങ്കൽപമടക്കമുള്ള മൂല്യവ്യവസ്ഥിതികൾ താറുമാറാവുകയും ചെയ്യും.
നാം ജീവിക്കുന്ന ചുറ്റുപാടുകൾ പരിശോധിക്കുക. വിദ്യാസമ്പന്നകളായിട്ടു പോലും മുസ്‌ലിം സ്ത്രീകളെ വീട്ടിനുള്ളിൽ തളച്ചിടുന്നുവെന്ന് പരാതിപ്പെടുന്നയാളുടെ ഭാര്യയുടെ, മാതാവിന്റെ, മകളുടെ, മരുമകളുടെ സ്ഥാനം എവിടെയാണെന്ന് ആദ്യം വിലയിരുത്തണം. ഇവരനുഭവിക്കുന്ന ജോലി സമ്മർദം കണക്കിലെടുക്കണം. ജോലിക്കിറങ്ങേണ്ടി വന്നത് ഭർത്താവിന്റെ സമ്പാദ്യം മതിയാകാത്തതു കൊണ്ടാണോ എന്ന് പരിശോധിക്കണം. വീട്ടുജോലി കഴിഞ്ഞ് ഒരു നുള്ള് നുറുങ്ങ് പണിയെങ്കിലും കിട്ടിയാൽ തൊട്ടതിനെല്ലാം മൂപ്പരെ ആശ്രയിക്കേണ്ടല്ലോ എന്ന വിചാരത്തിലാണോ എന്ന് നോക്കണം. ഇങ്ങനെയൊക്കെ ചെയ്തുണ്ടാക്കുന്ന വരുമാനത്തിനും അതിനുള്ള അധ്വാനത്തിനും സ്ത്രീയെന്ന നിലയിൽ ഈ അധ്വാന- സമ്പാദന കാലയളവിൽ നൽകിയ ത്യാഗവിലയും വീട്ടിൽ സ്വസ്ഥതയോടെ കഴിഞ്ഞാൽ കിട്ടുന്ന മൂല്യവിലയും തമ്മിലുള്ള വ്യത്യാസവും എല്ലാം പരിശോധിക്കുമ്പോൾ ഒരു വിദ്യാസമ്പന്ന ഒരുപക്ഷേ വീട്ടിലിരുന്നേക്കും. ഇതിന് മതത്തിനെയല്ല കുറ്റം പറയേണ്ടത്. മതമില്ലാത്ത മനസ്സുകളുടെ ദുഷിച്ച പെരുമാറ്റങ്ങളെയാണ്. ദേശത്തിന്റെ ഈ തല മുതൽ ആ തല വരെ ഒരു പെൺകുട്ടി സുരക്ഷിതയായി സഞ്ചരിക്കുമ്പോൾ അവളുടെ ആട്ടിൻകുട്ടികളുടെ മേൽ ചെന്നായയെ മാത്രം പേടിച്ചാൽ മതിയെന്ന വിധമുള്ള ലോകം നബി(സ്വ) സാധിപ്പിച്ചു തന്നിട്ടുണ്ട്.
ഇങ്ങനെയൊരു ലോകത്തിലേക്ക് പെൺ സമൂഹം വിജയിച്ചു കയറണമെങ്കിൽ പ്രൈമറി തലം തൊട്ട് കിട്ടുന്ന മതവിദ്യാഭ്യാസം കാൽ ഭാഗമാകുമ്പോഴേക്ക് മാറ്റിവെച്ച് ഭൗതിക പ്രമത്തതയുടെ ആഘോഷത്തിമർപ്പിലേക്ക് നാമമാത്ര മുസ്‌ലിമത്തായി എടുത്തുചാടാതിരിക്കണം എന്നുകൂടി ഓർക്കണം. ചരിത്രവനിതകളുടെ ധന്യ ജീവിത വെളിച്ചമായിരിക്കണം സഹോദരിമാരുടെ കൈയിൽ മുന്നോട്ട് നടക്കാൻ ഉണ്ടായിരിക്കേണ്ടത്.
നിസാമുദ്ദീൻ അഹ്‌സനി പറപ്പൂർ