വിശുദ്ധ ഇസ്ലാമിന്റെ സന്ദേശമറിയിച്ചുകൊണ്ടും സത്യദീനിലേക്ക് ക്ഷണിച്ചുകൊണ്ടും നബി(സ്വ) റോമന്‍ ചക്രവര്‍ത്തി ഹെറാക്ലിയസിന് സന്ദേശമയച്ചിരുന്നു. അദ്ദേഹം ഇസ്ലാം വിശ്വസിക്കാന്‍ തയ്യാറായെങ്കിലും മത പുരോഹിതന്മാരുടെ എതിര്‍പ്പു കാരണം പിന്തിരിയുകയായിരുന്നു.
ബസ്വറയിലേക്ക് നബി(സ്വ)യുടെ ഭൃത്യനായിപ്പോയ ഹാരിസ്(റ)നെ റോമന്‍ ഗവര്‍ണറായ ശുറഹ്ബീല് കൊലപ്പെടുത്തുകയുണ്ടായി. അങ്ങനെയാണ് മുഅ്തദ് യുദ്ധത്തിന് സാഹചര്യമൊരുങ്ങിയത്. സന്ദേശവാഹകനെ വകവരുത്തുക എന്നത് അക്കാലത്തും വലിയ പാതകമായിരുന്നു. അധികാരത്തിന്റെയും ആള്‍ബലത്തിന്റെയും ഹുങ്കില്‍ അക്രമത്തിനിറങ്ങിയ റോമന്‍ സൈന്യത്തിന് മുഅ്തദില്‍ വലിയ ആഘാതമേറ്റു.
മുസ്ലിംകളെ സംബന്ധിച്ച് ഹിജാസിന് പുറത്തും അറബ് വംശജരല്ലാത്തവരോടുമുള്ള ആദ്യത്തെ ഈ ഏറ്റുമുട്ടല്‍ ധാരാളം പുതിയ അനുഭവങ്ങള്‍ പകര്‍ന്നു. റോമില്‍ ഇസ്ലാമിന്റെ മുന്നേറ്റത്തിന് വളമേകിയതിനോടൊപ്പം എതിരാളികളുടെ ശക്തിയും ആള്‍ബലവും മുസ്ലിംകളെ നിര്വീര്യാക്കില്ല എന്ന പാഠം പരിസരത്തെ അക്രമി ഭരണാധികാരികള്‍ക്ക് നല്കാനുമായി.
മൂവായിരം വരുന്ന മുസ്ലിം സൈനികര്‍ ഒരു സാമ്രാജ്യത്തോടു പൊരുതിനേടിയ വിജയമെന്ന നിലക്കുകൂടി ശ്രദ്ധേയമായി ഈ പോരാട്ടം. 12 മുസ്ലിംകളേ രക്തസാക്ഷിയാകേണ്ടി വന്നുള്ളൂ. ഇതില്‍ രക്തസാക്ഷിത്വം വരിച്ച സൈദ്(റ)ന്റെ പുത്രന് ഉസാമ(റ) എന്ന, 20ല്‍ താഴെ മാത്രം പ്രായമുള്ള യുവാവിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ റോമിലയക്കാന് നബി(സ്വ) തയ്യാറാക്കുകയുണ്ടായി. അവര്‍ മദീന വിടും മുമ്പ് നബി(സ്വ)യുടെ വഫാത്ത് സംഭവിച്ചതിനാല്‍ യാത്ര മാറ്റിവെക്കുകയായിരുന്നു.
അബൂബക്കര്‍(റ) ഖലീഫയായതിനു ശേഷം, നബി(സ്വ)യുടെ ആഗ്രഹം പോലെത്തന്നെ ഉസാമയുടെ നേതൃത്വത്തിലുള്ള ഈ സംഘത്തെ ശാമിലേക്ക് അയച്ചു. അറബികളുടെ ധീരതയും സ്ഥ്യൈവും അയല്‍ സാമ്രാജ്യങ്ങളെ അറിയിക്കാനിത് ഫലപ്രദമായി. റോമിനെതിരെ ഒരു ചെറുപ്പക്കാരന്റെ നേതൃത്വത്തില്‍ സൈന്യത്തെ അയക്കാന്‍ മാത്രം മദീന സജ്ജമാണെന്ന സന്ദേശം അന്നത്തെ പ്രത്യേക സാഹചര്യത്തില്‍ സാമ്രാജ്യത്വത്തെ കിടിലം കൊള്ളിച്ചു.
റോമധീന ഫലസ്തീനിലും സിറിയയിലും അടിച്ചേല്‍പ്പിക്കപ്പെട്ട അധികഭാരവും കിരാത നിയമങ്ങളും ദുഷ്ട സാമ്രാജ്യത്തോടുള്ള വെറുപ്പ് വര്‍ധിപ്പിച്ചു. അന്നത്തെ നികുതി ഭാരത്തിന്റെയും ചൂഷണത്തിന്റെയും അടിമ വേലയുടെയും വിവരണങ്ങള്‍ ഡോ. ആല്‍ഫ്രഡ് ബട്ലര്, കുര്‍ദ് അലി തുടങ്ങിയവര്‍ രേഖപ്പെടുത്തിക്കാണാം. സ്വാഭാവികമായും സാമ്രാജ്യത്വത്തോടുള്ള നീരസം മേഖലയില്‍ ഘനീഭവിച്ചുനിന്നു. അഭിപ്രായവിശ്വാസ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുന്നതിനാല്‍ സത്യമാര്ഗമവലംബിക്കാന് സാധിക്കുകയുമില്ല. ചുരുക്കത്തില്‍ സാമ്പത്തികവും സാംസ്കാരികവും ശാരീരികവുമായ അടിമത്തം പേറുന്നവരുടെ സ്വാതന്ത്ര്യ ദാഹം അവിടെ കത്തിനിന്നു.
അതേ സമയം, സിറിയയിലും ഫലസ്തീനിലുമുള്ള അറബ് വംശജര്‍ക്ക് ഇസ്ലാമിന്റെ സൗന്ദര്യം മനസ്സിലാക്കാനായി. പീഡകരായ സ്വന്തം യജമാനന്മാരോട് പ്രതിഷേധവും അതിനെതിരായ വ്യവസ്ഥിതി എന്ന നിലക്ക് ഇസ്ലാമിനോട് അനുഭാവവുമുള്ളവരായിരുന്നു റോമധീന പ്രദേശങ്ങളിലെ സാധാരണക്കാര്‍. പേര്‍ഷ്യയിലെ സിവിലിയന്മാരും മറിച്ചായിരുന്നില്ല. അതിനാല്‍ വടക്ക് റോമിലേക്കും തെക്ക് പേര്‍ഷ്യയിലേക്കും അബൂബക്കര്‍(റ) സൈന്യത്തെ നിയോഗിച്ചു.
ഖാലിദ്ബ്നു സഈദ്(റ)ന്റെ നേതൃത്വത്തില്‍ ശാമിലേക്കയച്ച സൈന്യം റോമിന്റെ രണ്ടു സൈനിക ഗ്രൂപ്പുകളെ പരാജയപ്പെടുത്തി മുന്നേറി. തുടര്‍ മുന്നേറ്റത്തിനായി ഖലീഫയോട് പോഷക സൈന്യത്തെ ആവശ്യപ്പെട്ടപ്പോള്‍ ഇക്രിമ(റ)ന്റെ നേതൃത്വത്തില്‍ ഒരു സംഘത്തെ അദ്ദേഹം അയച്ചുകൊടുത്തു. ചില ക്രമീകരണ വൈകല്യം കൊണ്ട്, ബാഹാന് എന്ന ജനറലിന്റെ നേതൃത്വത്തില്‍ നടത്തിയ മിന്നലാക്രണമത്തില് നാശനഷ്ടങ്ങളേറ്റ് ഖാലിദ്(റ) പിന്‍വാങ്ങിയപ്പോള്‍ ഇക്രിമ(റ)ന്റെ നേതൃത്വത്തിലുള്ള സംഘം അവിടെതന്നെ കഴിഞ്ഞു.
റോമിന്റെ വിവിധ ഭാഗങ്ങളിലൂടെ മുന്നേറ്റം നടത്തുന്നതിനായി പ്രമുഖരടങ്ങുന്ന സംഘത്തെ തുടര്‍ന്നും സിദ്ദീഖ്(റ) ശാമിലേക്കയക്കുകയുണ്ടായി. യസീദുബ്നു അബീസുഫ്യാന്(റ)നെ ദമസ്കസിലേക്കും, ശുറഹ്ബീലുബ്നു ഹസന്(റ)നെ ജോര്‍ദാനിലേക്കും, അംറുബ്നു ആസ്(റ)നെ ഫലസ്തീനിലേക്കും, അബൂ ഉബൈദതുല്‍ ജര്‍റാഹ്(റ)നെ ഹിംസിലേക്കും നിയോഗിച്ചു. സൈന്യത്തെ അയക്കുമ്പോള്‍ നായകന്മാരെ അഭിമുഖീകരിച്ച് അബൂബക്കര്‍(റ) നടത്താറുള്ള പ്രസംഗം ചരിത്രപ്രസിദ്ധമാണ്. പോരാട്ടത്തിന്റെ ഗതി നിയന്ത്രിക്കുന്നതില്‍ അതിന് വലിയ പങ്കുണ്ടായിരുന്നു. ഇസ്ലാമിക സമരത്തിന്റെ ലക്ഷ്യമെന്തെന്നു അതിന്റെ മനുഷ്യാവകാശ നിലപാടെന്തെന്നും അറിയിക്കുന്നതായിരുന്നുവത്.
റോമിലേക്കുള്ള നബി(സ്വ)യുടെ കത്ത് മുതല്‍ എല്ലാം സമാധാനപരമായ സന്ദേശ കൈമാറ്റങ്ങളായിരുന്നു. എന്നാല്‍ അതിനോടുള്ള സാമ്രാജ്യത്വത്തിന്റെ സമീപന രീതിയാണ് പ്രശ്നം സൃഷ്ടിച്ചത്. നബി(സ്വ)യുടെ സന്ദേശം സ്വീകരിക്കാനൊരുങ്ങിയ ഹെറാക്ലിയസ് മുസ്ലിം സൈന്യത്തിന്റെ വരവിനെ ഗുണപരമാക്കാന്‍ ആലോചിച്ചു. അദ്ദേഹം അറേബ്യന്‍ സൈന്യത്തിന്റെ സാന്നിധ്യം അറിഞ്ഞപ്പോള്‍ തന്റെ സേനാനികളോട് അതിനെക്കുറിച്ച് സംസാരിച്ചു. മുസ്ലിംകളുമായി സന്ധിയാകണമെന്നാണെന്റെ ആഗ്രഹം. റോമിന്റെ ആധിപത്യം നിലനിര്‍ത്തി ശാമിലെ വരുമാനത്തിന്റെ അര്‍ധഭാഗം അവര്‍ക്ക് നല്‍കാം. ബാക്കി നമുക്കും ഉപയോഗപ്പെടുത്താം. യുദ്ധമുണ്ടായി ശാമില്‍ അവര്‍ ജയിക്കുകയും റോമിന്റെ പതാക നഷ്ടമാവുകയും ചെയ്യുന്നതിനേക്കാള്‍ നമുക്ക് നല്ലതതാണ്. ഇതുകേട്ട സേനാധിപന്മാര് ഹെറാക്ലിയസിനോട് വിയോജിച്ച് പിരിഞ്ഞുപോയി. സൈനിക അട്ടിമറിയും കൊട്ടാര വിപ്ലവവും ഭയന്ന് അദ്ദേഹം കാര്യം പന്തിയല്ലെന്ന് മനസ്സിലാക്കി അവരെയെല്ലാം സംഘടിപ്പിച്ച് ഹിംസിലേക്കു ചെന്ന് സൈനിക തന്ത്രങ്ങളാവിഷ്കരിച്ചു.
റോമക്കാര്‍ സൈന്യത്തെ നാലായി വിഭജിച്ചു. ഓരോ മുസ്ലിം സംഘത്തെയും വെവ്വേറെ നേരിട്ട് പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തിലാണ് പതിനായിരങ്ങളടങ്ങുന്ന നാല് സംഘങ്ങളെ നിശ്ചയിച്ചത്. എന്നാല്‍ മുസ്ലിം സേനാ നായകര്‍ ഖലീഫയുമായി ബന്ധപ്പെട്ട് സൈന്യങ്ങളെ ഏകോപിക്കുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമാക്കി. ഇതറിഞ്ഞ റോമമ്പക്ഷം തിയോഡറിന്റെ സര്‍വ സൈന്യാധിപത്യത്തില്‍ ഏകീകരിച്ചു. അധികാരത്തിന്റെയും സൗകര്യത്തിന്റെയും പ്രൗഢിയില്‍ രണ്ടര ലക്ഷത്തോളം വരുന്ന റോമന്‍ സൈന്യങ്ങള്‍ ശബ്ദാരവങ്ങളും താളമേളങ്ങളുമായി കേമ്പില്‍ സദാ തിമര്ത്താടിക്കൊണ്ടിരുന്നു. പോര്മുന്നണിയിലും ക്യാമ്പിലും പ്രത്യേക ക്രമീകരണങ്ങള്‍ നടത്തിയ അവര്‍ യര്മൂകിനടുത്ത് വാകൂസ്വിലാണ് കേന്ദ്രീകരിച്ചത്.
ഈ സമയത്ത് ഇറാഖില്‍ വിജയം വരിച്ച ഖാലിദ്ബ്നുല്‍ വലീദ്(റ)നെ അബൂബക്കര്‍(റ) ശാമിലേക്ക് അയച്ചു. സര്‍വസൈന്യാധിപത്യം ഏറ്റെടുത്ത ഖാലിദ്(റ)ന്റെ നേതൃത്വത്തില്‍ മുസ്ലിം പട യര്മൂകിലെത്തി. ഹൗറാന്‍ പര്‍വതത്തില്‍ നിന്നും ഉദ്ഭവിക്കുന്ന ഒരു നദിയാണ് യര്മൂക്. വാകൂസ് എന്നറിയപ്പെടുന്ന ഇതിന്റെ അര്‍ധവൃത്താകൃതിയിലുള്ള മുനന്പാണ് പോരാട്ട ഭൂമിക. അതിലേക്ക് പ്രവേശിക്കാന്‍ ഇടുങ്ങിയ ഒരു വഴി മാത്രമാണുള്ളത്. വലിയ സൈന്യത്തിന് താവളമാക്കാവുന്നത്ര വിശാലമായ സ്ഥലജല സൗകര്യമാണ് റോമന്‍ സൈന്യം പരിഗണിച്ചത്. യഥാര്‍ത്ഥത്തില്‍ ഒരു വന്‍ സൈന്യത്തിന്റെ സ്വതന്ത്രമായ സഞ്ചാരത്തിന് ആ വഴി അനുകൂലമായിരുന്നില്ല. യുദ്ധഭൂമി നിര്‍ണയിക്കുമ്പോള്‍ അവര്‍ ഇതു ശ്രദ്ധിക്കാതിരുന്നത് ചെറു സൈന്യമായ മുസ്ലിംകള്ക്ക് പോരാട്ടത്തില്‍ ഏറെ അനുഗ്രഹമായി.
ഖാലിദ്(റ)ന്റെ നേതൃത്വത്തില്‍ യുദ്ധമുന്നണിയില്‍ ശ്രദ്ധേയവും ഫലപ്രദവുമായ പല ക്രമീകരണങ്ങളും നടന്നു. നാല്പത്തിനാലായിരം വരുന്ന സൈന്യത്തെ അദ്ദേഹം നാല്പത് ബറ്റാലിയനുകളാക്കി. ഓരോന്നിനും ഒരു കമാന്ററെ നിയമിച്ചു. ശേഷം ഇവരെ അഞ്ചു ഗ്രൂപ്പുകളാക്കി ഏകീകരിച്ചു. അതിലൊന്നായ ഫിര്ഖത്തുല് ഖല്‍ബ് ഇത്തരം 18 ബറ്റാലിയന് ഉള്‍ക്കൊള്ളുന്നതാണ്. ഫിര്ഖതുല് മൈമനയിലും ഫിര്ഖതുല് യസാറിലും പത്തുവീതം ബറ്റാലിയനുകളും നാലും അഞ്ചും ഗ്രൂപ്പുകള്‍ മുന്നണിയും പിന്നണിയുമായി പ്രവര്‍ത്തിച്ചു. ഓരോ നായകനും തങ്ങളെ സംഘത്തിന് യുദ്ധമുഖത്ത് ആവേശവും പ്രതീക്ഷയും ആത്മവിശ്വാസവും വര്‍ധിപ്പിച്ചുകൊണ്ടിരുന്നു.
നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും നേടാനുള്ളത് സ്വര്‍ഗവും ശഹാദത്തുമാണെന്നും ആ സൈനികര്‍ ഓര്‍മിപ്പിച്ചു.
ആയിടക്ക് ഒരു അറബ് ക്രിസ്ത്യാനി ഖാലിദ്(റ)നോട് ഇങ്ങനെ പറഞ്ഞു: “റോമക്കാര്‍ വലിയ സൈന്യമാണ് മുസ്ലിംകള് വളരെ കുറവും.’
ഇതുകേട്ട് ഖാലിദ്(റ) പറഞ്ഞു: “ഛെ, നശിച്ചവനേ, റോമക്കാരുടെ എണ്ണം പറഞ്ഞ് നീ ഞങ്ങളെ പേടിപ്പിക്കുന്നോ? എണ്ണത്തിലല്ല, വിജയത്തിലും സഹായത്തിലുമാണ് കാര്യം.’
റോമന്‍ പക്ഷത്ത് മതപുരോഹിതന്മാരുടെ ആവേശപ്പകര്ച്ചയും പ്രവര്‍ത്തനങ്ങളും നടന്നുകൊണ്ടിരുന്നു. വലിയ സൈനിക വ്യൂഹമായതിനാല് വിജയം ഉറപ്പിച്ചു കൊണ്ടാണവര്‍ നിലകൊണ്ടത്. അതിനനുസരിച്ച ആവേശപ്രകടനവും അമിത വിശ്വാസവും അവരുടെ കേമ്പില്‍ കണ്ടു. ജോര്‍ജ്, മാഹാന്, ദറാഖിസ് എന്നിവര്‍ മുന്നണിയില്‍ വ്യത്യസ്ത വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്കാന് നിയമിതരായി. എന്നാല്‍ മുസ്ലിം കേമ്പിലെ ക്രമീകരണങ്ങളും അച്ചടക്കവും പ്രാര്‍ത്ഥനയും റോമന്‍ പാളയത്തില്‍ ആശങ്കയുണര്‍ത്തി. കാതങ്ങള്‍ താണ്ടി ഒരന്യ നാട്ടില്‍ യാതൊരാശങ്കയുമില്ലാതെ നിലകൊള്ളുന്നതിന്റെ പ്രചോദനവും അവരെ സംബന്ധിച്ച് അജ്ഞാതമായിരുന്നു.
പോരാട്ടം കൊണ്ടുണ്ടാവുന്ന കെടുതികളില്‍ നിന്നും രക്ഷനേടാനും ഖലീഫയുടെ നിര്‍ദേശം പാലിക്കാനും സേനാനായകര്‍ മുന്നോട്ടുവന്നു. അബൂ ഉബൈദ(റ)വും യസീദ്(റ)വും ഉള്‍പ്പെടുന്ന ഒരു ദൗത്യസംഘം റോമക്കാരെ ഇങ്ങനെ അറിയിച്ചു: “ഞങ്ങള്‍ക്ക് നിങ്ങളുടെ നേതാവുമായി ചര്‍ച്ച നടത്തണം.’
ത്യോദറിന്റെ അടുത്തേക്ക് ചെല്ലാന്‍ സമ്മതമായി. അദ്ദേഹമപ്പോള്‍ പട്ടുകൊണ്ട് നിര്‍മിച്ച ടെന്റിലിരിക്കുകയായിരുന്നു. ഇതുകണ്ട സ്വഹാബികള്‍ പറഞ്ഞു. പട്ട് നിര്‍മിത ടെന്റില്‍ കയറാന്‍ ഞങ്ങള്‍ക്ക് പാടില്ല. അതുമാനിച്ച് അദ്ദേഹം പുറത്തിറങ്ങി. ഒരു പട്ടിന്റെ വിരിപ്പ് കാണിച്ച് അതിലിരിക്കാനാവശ്യപ്പെട്ടു. സ്വഹാബികള്‍ പറഞ്ഞു: “ഞങ്ങള്‍ക്ക് അതു നിഷിദ്ധമാണ്.’
അങ്ങനെ സ്വഹാബികള്‍ ഇഷ്ടപ്പെട്ടിടത്ത് റോമന്‍ സേനാധിപന് ഇരുന്നു. അപ്പോള്‍ അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുക എന്ന കര്‍ത്തവ്യം നിര്‍വഹിച്ച് സ്വഹാബികള്‍ പിരിഞ്ഞു. പക്ഷേ, ഈ സന്ധി സംഭാഷണം തുടരാന്‍ റോമന്‍ പക്ഷത്തെ യുദ്ധക്കൊതിയന്മാര് സമ്മതിച്ചില്ല.
സഹസേനാ നായകനായ മാഹാന് അനുരജ്ഞനത്തെ പരിഹസിക്കുകയാണുണ്ടായത്. അദ്ദേഹം ഖാലിദ്(റ)നെ വിളിച്ചുപറഞ്ഞു: “നിങ്ങള്‍ സ്വന്തം നാട്ടില്‍ നിന്നും പുറപ്പെടാന്‍ കാരണം വിശപ്പും ജീവിത പ്രയാസങ്ങളുമാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് നിങ്ങള്‍ക്കോരോരുത്തര്‍ക്കും പത്ത് ദീനാറും വസ്ത്രവും ഭക്ഷണവും ഞങ്ങള്‍ നല്‍കാം. അതു വാങ്ങി നിങ്ങള്‍ നാട്ടിലേക്ക് പൊയ്ക്കോളൂ. അടുത്ത വര്‍ഷവും ഞങ്ങളിതുപോലെ കൊടുത്തുവിടാം.’
അപ്പോള്‍ ഖാലിദ്(റ) തിരിച്ചടിച്ചു: “നീ പറഞ്ഞതിനല്ല ഞങ്ങള്‍ നാട്ടില്‍ നിന്നും പുറപ്പെട്ടത്. പിന്നെയോ, ഞങ്ങള്‍ രക്തം കുടിക്കുന്നവരാണ്. റോമക്കാരുടെതിനേക്കാള് രുചിയുള്ള രക്തമില്ല എന്നറിഞ്ഞു വന്നതാണു ഞങ്ങള്‍.’ ശത്രുക്കളുടെ പരിഹാസത്തിനൊത്തും വിധം പ്രതികരിക്കുകയായിരുന്നു ഖാലിദ്(റ).
യര്മൂകില് നടന്ന ഈ സമരത്തിന്റെ വിവിധ ഘട്ടങ്ങള്‍ ഉള്‍ക്കിടിലം കൊള്ളിക്കുന്നതാണ്. റോമന്‍ യുവാക്കളും കുട്ടികളും സ്ത്രീകളും പങ്കാളികളായ സമരമായിരുന്നുവത്. യുദ്ധമുന്നണി സജീവമാകുന്നതിനു മുന്നോടിയായി ദ്വന്ദയുദ്ധം നടന്നു. ഇരുപതില്‍ താഴെ മാത്രം പ്രായം വരുന്ന അസദ് ഖബീലക്കാരനായ ഒരു ചെറുപ്പക്കാരന് സേനാനായകരില്‍ പെട്ട അബൂഉബൈദത്(റ)ന്റെ മുന്നില്‍ വന്നിട്ട് പറഞ്ഞു: “എനിക്കെന്റെ ഹൃദയത്തെ ശാന്തമാക്കണം, ശരീരത്തെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ സമര്‍പ്പിക്കണം. ഞാനതില്‍ രക്തസാക്ഷിയായേക്കാം. അപ്പോള്‍ ഞാന്‍ റസൂലിനെ കണ്ടുമുട്ടും. അങ്ങേക്കു നബി(സ്വ)യോട് വല്ലതും പറയാനുണ്ടെങ്കില്‍ എന്നെ ഏല്‍പ്പിക്കുക.’
ഇതുകേട്ട് അബൂഉബൈദ(റ) കരഞ്ഞുപോയി. സമ്മതം നല്കാതിരിക്കാന് അദ്ദേഹത്തിന് കഴിഞ്ഞില്ല. അദ്ദേഹം പറഞ്ഞു: “റസൂല്‍(സ്വ)ക്ക് എന്റെ സലാം പറയുക. നാഥന് വാഗ്ദാനം ചെയ്തത് സത്യമായും ഞങ്ങളെത്തിച്ചുവെന്ന് അറിയിക്കുകയും ചെയ്യുക.’ എന്നിട്ട് ആ യുവാവിന് ഒരു പടക്കുതിരയെ നല്കി. തന്നെ നേരിട്ട നാലു റോമക്കാരെ വധിച്ച ആ ധീര യോദ്ധാവ് അഞ്ചാമത്തെയാളുമായുള്ള പോരാട്ടത്തിനിടെ ശഹീദായി. ഇതോടെ യുദ്ധരംഗം സജീവമായി. അസദ് ഗോത്രക്കാര്‍ സമരമുഖത്ത് നിറഞ്ഞുനിന്നു.
അല്ലാഹുവിന്റെ നിശ്ചയം പോലെ റോമക്കാരുടെ ഒരു സേനാധിപനായ ജോര്‍ജ് ഖാലിദ്(റ)ന്റെ അടുക്കല്‍ വന്ന് അഭയം ആവശ്യപ്പെട്ടു. ഖാലിദ്(റ) സുരക്ഷ വാഗ്ദാനം ചെയ്തപ്പോള്‍ ജോര്‍ജ് പറഞ്ഞു: ഖാലിദ്, എന്നോട് സത്യം പറയണം, കളവ് പറയരുത്. കാരണം സ്വതന്ത്രനായ ഒരാള്‍ കളവ് പറയില്ലല്ലോ. നിങ്ങളെന്നെ വഞ്ചിക്കരുത്. കാരണം അല്ലാഹുവിന്റെ പേരില്‍ അഭിമുഖീകരിക്കുന്ന ഒരാളെ മാന്യന് വഞ്ചിക്കുകയില്ലല്ലോ.
അദ്ദേഹം തുടര്‍ന്നു:
“അല്ലാഹു നിങ്ങളുടെ പ്രവാചകന് ഒരു വാള് ഇറക്കിക്കൊടുക്കുകയും നബി അത് നിങ്ങള്‍ക്ക് നല്‍കുകയും നിങ്ങള്‍ അതുപയോഗിക്കുന്നിടത്തെല്ലാം പ്രതിയോഗികള്‍ പരാജയപ്പെടുകയും ചെയ്യുകയാണോ?
ഖാലിദ്(റ) പറഞ്ഞു: “അല്ല.’
“പിന്നെ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് സൈഫുല്ലാഹി (അല്ലാഹുവിന്റെ വാള്) എന്ന് പേരു നല്കപ്പെട്ടത്?’
ഖാലിദ്(റ) വിശദീകരിച്ചു: അല്ലാഹു നബി(സ്വ)യെ ഞങ്ങളിലേക്ക് അയച്ചു. അവിടുന്ന് ഞങ്ങളില്‍ പ്രബോധനം നടത്തി. പക്ഷേ, തുടക്കത്തില്‍ ഞങ്ങള്‍ അംഗീകരിച്ചില്ല. പിന്നീട് ചിലര്‍ വിശ്വസിച്ചംഗീകരിച്ചു. മറ്റു ചിലര്‍ കളവാക്കുകയും ചെയ്തു. ഞാന്‍ ആദ്യം അവിശ്വാസികളുടെ കൂട്ടത്തിലായിരുന്നു. പിന്നീട് ഞാനും വിശ്വാസിയായി. അപ്പോള്‍ നബി(സ്വ) എന്നോട് “നീ അല്ലാഹുവിന്റെ ഖഡ്ഗമാകണമെന്ന് പറഞ്ഞു. അങ്ങനെയാണാ പേര് ലഭിക്കുന്നത്.
നീണ്ട ചര്‍ച്ചയുടെ അവസാനം ജോര്‍ജ് ചോദിച്ചു: “ഇന്ന് വിശ്വസിക്കുന്നവര്‍ക്ക് നിങ്ങളുടെ മഹത്ത്വവും പ്രതിഫലവും പാരത്രിക മോക്ഷവുമുണ്ടാകുമോ?
ഖാലിദ്(റ) പറഞ്ഞു: “അതിനേക്കാള്‍ ശ്രേഷ്ഠമായതു ലഭിക്കും.’
ജോര്‍ജ്: “നിങ്ങള്‍ നേരത്തെത്തന്നെ വിശ്വസിച്ചിരിക്കെ എങ്ങനെയാണ് വൈകി വിശ്വാസികളാവുന്നവര് സമന്മാരാവുക?
ഖാലിദ്(റ)ന്റെ പ്രതികരണമിങ്ങനെ: ഞങ്ങള്‍ നബി(സ്വ)യെ കണ്ടും കേട്ടും അനുഭവിച്ചും വിശ്വസിച്ചവരാണ്. എന്നാല്‍ നിങ്ങള്‍ അതൊന്നുമില്ലാതിരുന്നിട്ടും വിശ്വസിക്കുന്നു. അതിനാല്‍ ആത്മാര്‍ത്ഥമായ പ്രവേശനമാണെങ്കില്‍ അവര്‍ ഞങ്ങളെക്കാള്‍ സ്ഥാനീയരായിരിക്കും.’ അങ്ങനെ ജോര്‍ജ് വിശ്വാസിയായി. യര്മൂകില് ശഹീദാവുകയും ചെയ്തു.
ഈ സമരത്തിന്റെ പ്രത്യേകതകള്‍ പലതാണ്. പലതുകൊണ്ടും മുസ്ലിംകള് വിജയത്തിന്റെ അനുകൂല സാഹചര്യത്തിലേക്കടുക്കുകയായിരുന്നു. റോമന്‍ സൈന്യം തമ്പടിച്ച മുനമ്പിലേക്കുള്ള പ്രവേശനകവാടം ഇടുങ്ങിയതായിരുന്നുവല്ലോ. അതിനാല്‍ തന്നെ അവരെ ഉപരോധിക്കാന്‍ എളുപ്പമായിരുന്നു. റോമന്‍ സൈന്യത്തില്‍ നിന്ന് ആരെങ്കിലും പിന്തിരിഞ്ഞോടുന്നത് തടയാനായി ആറു വീതമാളുകളെ അവര്‍ പരസ്പരം ബന്ധിച്ചിരുന്നു. പുഴയുടെ തീരത്ത് യുദ്ധം രൂക്ഷമായപ്പോള്‍ നെട്ടോട്ടമോടുന്നതിനിടെ ആയിരങ്ങള്‍ നദിയില്‍ വീണ് മരിച്ചു. പോര്‍മുഖത്ത് ധാരാളം റോമക്കാര്‍ കോല്ലപ്പെട്ടു. മുസ്ലിം പക്ഷത്തുനിന്നും മൂവായിരം പേരാണ് ശഹീദായത്.
ചക്രവര്‍ത്തി ഹെറാക്ലിയസ് യുദ്ധം ആഗ്രഹിച്ചതല്ലെങ്കിലും അതിന്റെ കെടുതികളും നഷ്ടവും അദ്ദേഹത്തെയാണ് ബാധിച്ചത്. ഹിംസിലായിരുന്ന അദ്ദേഹം ബൈസാന്റിയന്‍ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. യാത്ര പുറപ്പെടും മുമ്പ് ഒരു ഉയര്‍ന്ന സ്ഥലത്ത് കയറി ഇങ്ങനെ പറഞ്ഞു: “അസ്സലാമു അലൈക യാ സിറിയ. സലാമുന്‍. ലാ ഇജ്തിമാഅ ബഅ്ദഹു. സിറിയാ രാജ്യമേ, നിനക്കു ക്ഷേമമായിരിക്കട്ടെ. വിടചൊല്ലുകയാണ്. നാമിനി സന്ധിച്ചില്ലെന്നു വന്നേക്കാം. ഇനി ഒരു കാലത്തും ഭയപ്പാടോടെയല്ലാതെ നിന്നിലേക്ക് മടങ്ങിവരുകയുമില്ല.’
ഹെറാക്ലിയസ് തന്റെ വേദപരിജ്ഞാനത്തിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാക്കിയ പരാജയം മൂലമായിരിക്കാം ഈ പരാമര്‍ശം നടത്തിയത്. നേരത്തെ ഇസ്ലാം സ്വീകരിക്കാനൊരുങ്ങിയതും യുദ്ധം തടയാന്‍ ശ്രമിച്ചതുമെല്ലാം ഇതിന്റെ ഭാഗം തന്നെയാവാം.
അബൂബക്കര്‍(റ)ന്റെ ഭരണകാലത്താണ് യര്മൂക് യുദ്ധം ആരംഭിക്കുന്നതെങ്കിലും യുദ്ധം മൂര്ധന്യ ഘട്ടത്തിലായിരിക്കെ മദീനയില്‍ വെച്ച് ഖലീഫ വഫാത്തായി. ഉമര്‍(റ) രണ്ടാം ഖലീഫയായി ചുമതലയേറ്റു. മദീനയില്‍ നിന്നുമെത്തിയ സന്ദേശം സൈനികരില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാതിരിക്കാനായി ഖാലിദ്(റ) സൂക്ഷിക്കുകയും യുദ്ധാനന്തരം നിര്‍ദേശം പോലെ പ്രവര്‍ത്തിക്കുകയും ചെയ്തു.
ഇസ്ലാമിക ചരിത്രത്തില്‍ മുസ്ലിം മുന്നേറ്റത്തിന്റെ ഗതിവേഗം അടയാളപ്പെടുത്തി യര്‍ മൂക്കിലെ വിജയം. ആള്‍ബലം കുറവെങ്കിലും ആത്മവിശ്വാസം കൊണ്ട് മുസ്ലിംകള് പ്രബലരാണെന്ന് സാമ്രാജ്യത്വ ശക്തികള്‍ക്കും ബോധ്യമായി. സമരത്തിന് ധീരവും തന്ത്രപ്രധാനവുമായ നേതൃത്വം നല്‍കിയതില്‍ ഖാലിദ്(റ)ന്റെ പങ്ക് നിസ്തുലമാണ്.
തന്റെ തൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ച തിരുകേശത്തിന്റെ തണലിലാണ് വിജയങ്ങളെല്ലാം നേടിയത് എന്ന് ഖാലിദ്(റ) പറഞ്ഞിട്ടുണ്ട്. യര്മൂകില് വെച്ച് ആ തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ വളരെ ജാഗ്രതയോടെ അന്വേഷിക്കുകയും കണ്ടുകിട്ടിയപ്പോള്‍, ദ്രവിച്ചുകൊണ്ടിരിക്കുന്ന ഇതാണോ ഇത്ര പ്രാധാന്യത്തോടെ യുദ്ധക്കളത്തില്‍ വെച്ചു തിരഞ്ഞതെന്ന് പറഞ്ഞവരോട് ഖാലിദ്(റ)ന്റെ മറുപടി ഇതായിരുന്നു: “നബി(സ്വ) ഉംറ നിര്വഹിച്ചപ്പോള് തലമുടി നീക്കി. ജനങ്ങള്‍ തിരുകേശം ലഭിക്കാനായി ആവേശം കാണിച്ചു. എനിക്ക് അവിടുത്തെ മൂര്‍ദ്ദാവിലെ മുടിയാണ് ലഭിച്ചത്. അതു ഞാന്‍ എന്റെ തൊപ്പിയില്‍ തുന്നിപ്പിടിപ്പിച്ചു. അതു ധരിച്ചു ഞാന്‍ പങ്കെടുത്ത ഒരു യുദ്ധത്തിലും വിജയം വരിക്കാതിരുന്നിട്ടില്ല.’
ഹിജ്റ 15 റജബ് 5ന് അവസാനിച്ച യര്മൂക് യുദ്ധം ഇസ്ലാമിക വിജയമെന്ന പരിപ്രേക്ഷ്യത്തില്‍ മാത്രമല്ല, സാമ്രാജ്യത്വ വിരുദ്ധ സമരമെന്ന നിലയില്‍ കൂടി വിശ്വമാനവ ചരിത്രത്തില്‍ സുപ്രധാനമാണ്.
അലവിക്കുട്ടി ഫൈസി എടക്കര