റോഡപകടങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളടക്കം എട്ടുപേരാണ് ഈയിടെ മലപ്പുറം ജില്ലയിലെ താനൂരിലുണ്ടായ അത്യാഹിതത്തില്‍ മരണപ്പെട്ടത്. അതിന്റെ ഞെട്ടല്‍ മാറും മുമ്പ് പെരിന്തല് മണ്ണക്കടുത്ത് ബസ്സ് ഇടിച്ചു മറിഞ്ഞ് 13 ജീവനുകള്‍ നഷ്ടപ്പെട്ടു. നിരവധി പ്രതീക്ഷകളും സ്വപ്നങ്ങളുമായി പുറത്തിറങ്ങുന്നവര്‍ തീര്‍ത്തും അപ്രതീക്ഷിതമായി ദുരന്തത്തിലകപ്പെടുന്നത് കുടുംബത്തിന്റേതു മാത്രമല്ല, നാട്ടുകാരുടെ തന്നെ ദുഃഖമാവുകയാണ്. പരിക്കേറ്റ് അര്ധപ്രാണരായും വേദന തിന്നും കഴിയുന്നവര്‍ പതിന്മടങ്ങ് വേറെയും. ഒന്നു ശ്രദ്ധവെച്ചാല് ഇതില്‍ ഒട്ടുമിക്ക കൂട്ടിമുട്ടലുകളും ഇല്ലാതെയാക്കാന്‍ നമുക്കാവുമെന്നതാണ് സത്യം. മാന്യമായൊരു വാഹനസംസ്കാരം അന്യം നില്‍ക്കുന്നതാണ് പ്രശ്നം.
ഒട്ടുമിക്ക അപകടങ്ങളും മദ്യത്തിന്റെ സൃഷ്ടിയാണ്. ലഹരി തലയിലേറി സ്വപ്നലോകത്തില്‍ വാഹനമോടിക്കുന്നവര്‍ക്ക് ട്രാഫിക് നിയമങ്ങളോ ഇതര വാഹനങ്ങളോ ഒന്നും വലിയ സംഗതിയാവാനിടയില്ല. രണ്ടാമതായി തീര്‍ത്തും അക്ഷമരായി കേരളക്കാര് മാറിയതുതന്നെ. നമ്മുടെ സ്വന്തം റോഡുബ്ലോക്കുകളില് പെട്ട് വാഹനങ്ങള്‍ മിനുട്ടുകള്‍ കാത്തിരിക്കുമ്പോള്‍ ഇടയില്‍ തിരുകിക്കയറുന്ന ചിലരെ കണ്ടിട്ടില്ലേ. തടസ്സം മണിക്കൂറുകളിലേക്ക് നീട്ടാന്‍ മാത്രമല്ല, നിരവധി അപകടങ്ങള്‍ക്കും ഇത്തരം എടുത്തുചാട്ടങ്ങള്‍ വഴിവെക്കുന്നു.
ഇങ്ങനെ തലങ്ങും വിലങ്ങുമുള്ള പരക്കംപാച്ചില്‍ അപകടാധിക്യത്തിന് ഏറെ സഹായകമായിത്തീരുന്നു. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാനുള്ളതാണെന്നതാണ് പലരുടെയും ധാരണ. സീബ്രാലൈനില്‍ കൂടി പോലും റോഡു മുറിച്ചുകടക്കാന്‍ കാല്‍നട യാത്രക്കാര്‍ക്കു കഴിയാറില്ല. ഇടിച്ചുകേറ്റക്കാര് ജീവനും കൊണ്ടു പോയേക്കും!
പരമാവധി ലാഭം കൊതിച്ചുള്ള ബസ്, ലോറി പോലുള്ള വാഹനങ്ങളുടെ അത്യാഗ്രഹം, അമിതവേഗത, പാട്ടും സിനിമയും ആസ്വദിച്ചും മൊബൈലില്‍ സംസാരിച്ചുമുള്ള ഡ്രൈവിംഗ് തുടങ്ങിയവയും മത്സര ഓട്ടം അനിവാര്യമാകും വിധം ആവശ്യവും സാഹചര്യങ്ങളും പരിഗണിക്കാതെ ബസ് പെര്‍മിറ്റ് അനുവദിക്കുന്നതും പ്രതിസ്ഥാനത്തുതന്നെ. എന്തായാലും നിരവധി മനുഷ്യജീവന് ഹനിക്കുന്നതും കുടുംബങ്ങളെ വഴിയാധാരങ്ങളാക്കുന്നതുമായ റോഡപകടങ്ങള്‍ക്ക് അറുതിവന്നേ തീരൂ. സൗകര്യപ്രദവും വിശാലവുമായ പാതകളാണ് നമുക്കാവശ്യം. അതിനുനേരെ തടസ്സങ്ങളുമായി നില്ക്കുന്നതിനു മുമ്പ്, പരിഹാരത്തെക്കുറിച്ച് ചിന്തിക്കുക.