താജുല്‍ ഉലമാ എല്ലായ്പ്പോഴും ജനങ്ങളോട് പറയുന്ന വസ്വിയ്യത്ത് ആഖിബത്ത് നന്നായി മരിക്കാന്‍ ദുആ ചെയ്യണമെന്നാണ്. അല്ലാഹുവിനെ ഭയന്ന് ജീവിച്ച തങ്ങള്‍ ദീന്‍ മറന്ന് കളിച്ചില്ല. മുന്‍കാല മഹാരഥന്മാരുടെ ജീവിതവും മരണവും ജനങ്ങള്‍ക്ക് വിവരിച്ച് കൊടുക്കുമ്പോള്‍ താജുല്‍ ഉലമ പലപ്പോഴും വികാരഭരിതനാകാറുണ്ട്. നീണ്ട ആറ് പതിറ്റാണ്ടിലേറെക്കാലം ഉള്ളാള്‍ മുദരിസായി സേവനം ചെയ്ത താജുല്‍ ഉലമ അവസാന ദിവസങ്ങളിലാണ് ശാരീരിക ക്ഷീണം കാരണം വീട്ടില്‍ തങ്ങിടിയത്. വഫാത്തിന്റെ രണ്ടാഴ്ച മുമ്പ് തന്നെ മരിക്കാനുള്ള ഒരുക്കത്തിലായിരുന്നു തങ്ങള്‍. വാര്‍ദ്ധക്യ സഹജമായ ക്ഷീണം ഉണ്ടായിരുന്നുവെങ്കിലും ആരാധനാ കര്‍മങ്ങളില്‍ നിരതനാകുമായിരുന്നു. മുത്ത് നബി(സ്വ)യോട് അദമ്യമായ സ്നേഹവും തങ്ങളുടെ ജീവിതത്തില്‍ എപ്പോഴും നിഴലിച്ചു കണ്ടു. മരണത്തിന് ദിവസങ്ങള്‍ക്ക് മുന്പേ പതിവായി നബി(സ്വ)യുടെ കീര്‍ത്തന കാവ്യങ്ങള്‍ ചൊല്ലിപ്പിക്കുകയും അതില്‍ ലയിക്കുകയും ചെയ്യുമായിരുന്നു. ബുര്‍ദയും മൗലിദും മക്കളും പേരമക്കളും ചുറ്റുമിരുന്ന് ആലപിക്കുമ്പോള്‍ ആ പ്രവാചക സ്നേഹിയുടെ മുഖ പ്രസന്നത കൂടും. കുടുംബക്കാര്‍ മാറിമാറി ബുര്‍ദ ചൊല്ലിക്കേള്‍പ്പിക്കുകയും അതൊരു ഔഷധമായി താജുല്‍ ഉലമ അനുഭവിക്കുകയും ചെയ്തു. 25

മരണത്തിനുള്ള എല്ലാ ഒരുക്കങ്ങളും നേരത്തെ തന്നെ തങ്ങള്‍ ചെയ്തിരുന്നു. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച് മുഴുസമയവും നാവില്‍ നിന്നു നിര്‍ഗളിച്ചത് തഹ്ലീലും തസ്ബീഹും മാത്രം. അവസാന നാളുകളില്‍ സംസം മാത്രമായിരുന്നു കുടിച്ചിരുന്നത്. പ്രസ്ഥാന നേതാക്കളും ശിഷ്യന്മാരും തങ്ങളെ സന്ദര്‍ശിക്കാന്‍ വന്നാല്‍ അവരെ മനസ്സിലാക്കാന്‍ പാടുപെട്ടിരുന്നില്ല. അപാരമായ ഓര്‍മശക്തി തന്നെ കാരണം. മരിക്കുന്നതിന്റെ തലേദിവസം ക്ഷീണം കൂടിവരികയും ആംഗ്യഭാഷയില്‍ കാര്യങ്ങള്‍ ഗ്രഹിപ്പിക്കുകയും ചെയ്തു. തഹ്ലീലില്‍ നിന്ന് ഒരു നിമിഷവും നാവ് വേര്‍പിരിയാന്‍ പാടില്ല എന്ന ചിന്തയായിരിക്കാം ഇതിനുകാരണം. ഏതൊരു വിശ്വാസിയും ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും സന്തോഷത്തോടെ കലിമ ചൊല്ലി മരിക്കാനാണല്ലോ. അവസാനമൊഴി ലാഇലാഹ ഇല്ലല്ലാഹ് എന്നാണെങ്കില്‍ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ചു എന്നാണല്ലോ ഹദീസ് വചനം. റബീഉല്‍ ആഖിര്‍ ഒന്ന് ശനിയാഴ്ച (ഫെബ്രുവരി ആദ്യദിനം) രോഗാവസ്ഥ കൂടുതല്‍ രൂക്ഷമായി. ക്ഷീണം വര്‍ധിച്ചു. തലേന്നുവരെ കണ്ട തെളിച്ചം മാറി. ശോകമൂകമായ അന്തരീക്ഷം. മക്കളും പേരമക്കളും റൂമില്‍ നിന്ന് മാറാതെ നിന്നു. എല്ലാവരുടെയും മുഖത്ത് മ്ലാനത തളംകെട്ടിനില്‍ക്കുന്നു. ഭാരത മുസ്‌ലിംകളുടെ ആത്മീയ സൂര്യനായ താജുല്‍ ഉലമയുടെ സ്ഥിതിവിശേഷങ്ങളിറിയാന്‍ എട്ടിക്കുളം കുറാ തങ്ങളുടെ വീട്ടിലേക്കും മൊബൈലിലേക്കും ഗള്‍ഫില്‍ നിന്നടക്കം നിലക്കാത്ത ഫോണ്‍ കോളുകളുടെ പ്രവാഹമാണ്. രോഗം കലശലാണെന്നറിഞ്ഞതു മുതല്‍ തുടങ്ങിയതാണ് ജനസന്ദര്‍ശനം. അന്ന് കൂടുതല്‍ സന്ദര്‍ശകരുണ്ട്. വന്നവര്‍ മടങ്ങാന്‍ മനസ്സില്ലാതെ അവിടവിടെ തങ്ങി നില്‍ക്കുന്നു. വീടും പരിസരവും ബുര്‍ദയുടെ ഈരടികളാല്‍ പരിമളം, പരിശുദ്ധം…. മരണത്തെ പ്രതീക്ഷിച്ചുനില്‍ക്കുന്ന നേതാവിനെ വിട്ടുപിരിഞ്ഞ് പോകാന്‍ എല്ലാവര്‍ക്കും ഭയം. സമയം ഉച്ച കഴിഞ്ഞു മൂന്ന് മണി. താജുല്‍ ഉലമയുടെ അന്ത്യനിമിഷങ്ങള്‍. മരണം ആസന്നമായിരിക്കുന്നു എന്ന് മനസ്സിലാക്കിയ മക്കള്‍ പിതാവിന് കുറച്ചുകൂടി സംസം വെള്ളം ഇറ്റിച്ചു കൊടുത്തു. താജുല്‍ ഉലമ ബന്ധുവായ അശ്റഫ് തങ്ങളുടെ മടിയില്‍ തലവെച്ച് സംസം പതുക്കെ പതുക്കെ ഇറക്കിക്കൊണ്ടിരുന്നു. അപ്പോഴും നാവ് തഹ്ലീലിനാല്‍ ചലിക്കുകയാണ്.


24സമീപത്തുണ്ടായിരുന്നവര്‍ ബുര്‍ദാ പാരായണം തുടര്‍ന്നു. അവസാനമായി മകന്‍ സയ്യിദ് ഫസല്‍ കോയമ്മ തങ്ങള്‍ സംസം വായില്‍ ഇറ്റിച്ചുകൊടുത്തു. അപ്പോള്‍ 3.15 ആയിരിക്കണം. തങ്ങളുടെ ശബ്ദം നേര്‍ത്തുവരുന്നു. “ലാഇലാഹ ഇല്ലല്ലാഹ്’ വ്യക്തമായി കേള്‍ക്കാനാവും വിധം ആ മധുരമന്ത്രം ഉരുവിട്ട് ആ പുണ്യ റൂഹ് പിരിഞ്ഞു. ഇന്നാലില്ലാഹ് … മക്കള്‍ വിറക്കുന്ന കരങ്ങളോടെ കണ്ണുകള്‍ അടച്ചു. പേരമക്കള്‍ വിതുമ്പലടക്കാന്‍ പാടുപെട്ടു. തങ്ങള്‍ അനാഥരായെന്നു അവര്‍ക്കു തോന്നി ; സുന്നി കൈരളിക്കും. നിമിഷനേരം കൊണ്ടു ശോകാര്‍ദ്രമായ ആ വാര്‍ത്ത പ്രചരിച്ചു. എട്ടിക്കുളത്തേക്കു ജനസമുദ്രമൊഴുകി. ജനനായകനെ അവസാനമായി കാണാന്‍…. എന്‍കെഎം ബെളിഞ്ച

 

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ