ചരിത്രവിചാരം
റമളാന്‍ രാവുകള്‍ക്ക് പകലിനെക്കാള്‍ പ്രഭയുണ്ട്. അവയിലേറ്റവും പ്രധാനം വിധിനിര്‍ണയ രാത്രിയായ ലൈലതുല്‍ ഖദ്റാണ്. 1998 ഡിസംബര്‍ 15ലക്കം സുന്നിവോയ്സില്‍ റമളാനിനെക്കുറിച്ചുള്ള ഹംസ ബാഖവി ചേരിക്കല്ലിന്റെ ദീര്‍ഘലേഖനം കാണാം. അതിലെ ലൈലതുല്‍ ഖദ്ര്‍ എന്ന ഉപശീര്‍ഷകത്തിനു താഴെ ഇങ്ങനെ വായിക്കാം:
റമളാനിന്റെ ആദ്യത്തെ പത്തിനും നടുവിലെ പത്തിനും ഇല്ലാത്ത വളരെ ശ്രേഷ്ഠതകള്‍ അടങ്ങിയതാണ് അവസാനത്തെ പത്ത് ദിനങ്ങള്‍. ഇതിലാണ് ശ്രേഷ്ഠമായ ലൈലതുല്‍ ഖദ്ര്‍. ഈ പുണ്യ രാത്രിയിലാണ് വിശുദ്ധ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്.
ഖുര്‍ആനിനെ ലൈലതുല്‍ ഖദ്റില്‍ നാം ഇറക്കി. അതിനെ സംബന്ധിച്ച് തങ്ങളുടെ അറിവെന്താണ്. ലൈലതുല്‍ ഖദ്ര്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമാണ്. ജിബ്രീലും മറ്റു മാലഖകളും ഇറങ്ങിവരും. എല്ലാ കാര്യത്തിന്റെയും നിര്‍ണയം അന്നാണ്. ആ രാത്രി പ്രഭാതം വരെയും രക്ഷയാണ് (സൂറതുല്‍ ഖദ്ര്‍).
ഇലാഹീ ഗ്രന്ഥങ്ങള്‍ മുഴുവനും അവതീര്‍ണമായത് റമളാന്‍ മാസത്തിലാണെന്ന് ഹദീസുകളില്‍ കാണാം. ഇബ്റാഹിം(അ)ന് ഏടുകള്‍ അവതരിപ്പിക്കപ്പെട്ടത് റമളാനിന്റെ ആദ്യ രാത്രിയിലാണ്. ഇതിന് ശേഷം എഴുനൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് റമളാന്‍ ആറിന്റെ രാത്രിയില്‍ മൂസാ(അ)ന് തൗറാത്ത് അവതരിക്കപ്പെട്ടത്. തൗറാത്തിന് ശേഷം അഞ്ഞൂറ് വര്‍ഷം പിന്നിട്ട റമളാന്‍ പന്ത്രണ്ടിന്റെ രാത്രിയിലാണ് ദാവൂദ്(അ)ന് സബൂര്‍ എന്ന ഗ്രന്ഥം ഇറക്കപ്പെട്ടത്. ഇന്‍ജീലിനെ ഇറക്കപ്പെട്ടത് റമളാന്‍ പതിനെട്ടിന്റെ രാത്രിയിലാണ്. ഇവ രണ്ടിന്റെയും ഇടയില്‍ ആയിരത്തി ഒരുനൂറ് വര്‍ഷമുണ്ട്. പിന്നീട് അറുനൂറ്റി ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം റമളാന്‍ ഇരുപത്തി ഏഴിനാണ് വിശുദ്ധ ഖുര്‍ആന്‍ അവതീര്‍ണമായത്.
ഈ പുണ്യരാത്രിക്ക് ഇപ്രകാരം നാമകരണം ചെയ്യാനുള്ള കാരണം വ്യക്തമാക്കുന്നതില്‍ പണ്ഡിതന്മാര്‍ ഭിന്ന വീക്ഷണക്കാരാണ്. അടുത്ത ഒരു വര്‍ഷത്തേക്കുള്ള കാര്യങ്ങളിലഖിലവും തീരുമാനിക്കുന്ന രാത്രിയായതിനാലാണ് ഇപ്രകാരം നാമകരണം ചെയ്തത് എന്നാണ് പ്രബലാഭിപ്രായം.
നമുക്ക് ലൈലതുല്‍ ഖദ്ര്‍ എന്നാണെന്നതിന് ഖണ്ഡിതമായ ഒരു തീരുമാനം കുറിക്കല്‍ പ്രയാസമാണ്. നാല്‍പതില്‍പരം അഭിപ്രായങ്ങള്‍ ഇതില്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും റമളാന്‍ അവസാനത്തെ പത്ത് ദിവസങ്ങളില്‍ ഒറ്റയായ ഏതെങ്കിലും ഒരു ദിവസത്തിലാകും എന്നതാണ് ഏറ്റവും പ്രബലം. ഉമറുബ്നുല്‍ ഖത്വാബ്(റ), ഇബ്നു അബ്ബാസ്(റ), ഉബയ്യ്ബ്നു കഅബ്(റ) എന്നീ സ്വഹാബികളും കൂടുതല്‍ പണ്ഡിതന്മാരും ഇരുപത്തി ഏഴിന്റെ രാത്രിയിലാണ് എന്ന പക്ഷക്കാരാണ്. ഇതിന്റെ മാനദണ്ഡമായി അവര്‍ പറയുന്നു: ലൈലതുല്‍ ഖദ്ര്‍ എന്ന പദം മേല്‍ പറഞ്ഞ സൂറത്തില്‍ മൂന്ന് പ്രാവശ്യമാണ് പറഞ്ഞിട്ടുള്ളത്. ലൈലതുല്‍ ഖദ്ര്‍ എന്ന പദത്തില്‍ ഒമ്പത് അക്ഷരങ്ങളാണുള്ളത്. അതിനാല്‍ മൂന്ന് പ്രാവശ്യം പറഞ്ഞതിന്റെ ആകെ അക്ഷരങ്ങള്‍ ഇരുപത്തിയേഴാണ്.
പ്രശസ്ത സ്വൂഫിവര്യന്‍ അബൂയസീദുല്‍ ബിസ്ത്വാമി(റ) മൂന്ന് പ്രാവശ്യം ലൈലതുല്‍ ഖദ്റിനെ നേരിട്ടിട്ടുണ്ട്. ഇത് മൂന്നും ഇരുപത്തി ഏഴിനാണ്.
ഇമാം മുസ്നി, ഇബ്നു ഖുസൈമ, ഇമാം നവവി(റ) തുടങ്ങിയവര്‍ ഓരോ വര്‍ഷവും മാറിമാറി വരും എന്ന അഭിപ്രായക്കാരാണ്. ലൈലതുല്‍ ഖദ്ര്‍ സംഭവിച്ചതിന്റെ ലക്ഷണങ്ങള്‍ എന്താണെന്ന് പരിശോധിക്കാം. ആ രാത്രിക്ക് ശക്തിയായ ഉഷ്ണവും ശ്യൈവും അനുഭവപ്പെടുകയില്ല. നക്ഷത്രങ്ങള്‍ വീഴുന്നത് കാണുകയില്ല. പിറ്റെ ദിവസം സൂര്യനുദിക്കുമ്പോള്‍ സാധാരണ കിരണങ്ങള്‍ ഉണ്ടാവുകയില്ല. മാലാഖകളുടെ സാന്നിധ്യത്തിനാല്‍ സൂര്യപ്രഭ ഭൂമിയിലേക്ക് നല്ലവണ്ണം പതിക്കുകയില്ല.
ഇത്രയും മഹത്ത്വങ്ങളടങ്ങിയ പ്രസ്തുത രാത്രിയെ വ്യക്തമാക്കാത്തതെന്താണ് എന്ന സംശയം സ്വാഭാവികമായി ഉണ്ടായേക്കാം. ആയിരം മാസത്തേക്കാള്‍ പുണ്യമായ ഈ രാത്രിയെ കാംക്ഷിച്ച് എന്നും സൂക്ഷ്മതയോടെ ജീവിക്കാനും ആരാധനകള്‍ വര്‍ധിപ്പിക്കാനും പ്രചോദനം ഉണ്ടാവാന്‍ വേണ്ടിയാണ് ഈ രാത്രിയെ വ്യക്തമാക്കാത്തതെന്നാണ് പണ്ഡിതരുടെ പ്രധാന മറുപടി.
ലൈലതുല്‍ ഖദ്റിനെ നിശ്ചയിച്ചതിന്റെ പിന്നിലുള്ള രഹസ്യം അന്വേഷിക്കുമ്പോള്‍ നാം എത്തിച്ചേരുന്നത് അത്ഭുതകരമായ ഒരു സംഭവത്തിലേക്കാണ്.
ഇബ്നു അബ്ബാസ്(റ)നെ തൊട്ട് നിവേദനം. ജിബ്രീല്‍ നബി സന്നിധിയില്‍ വന്ന് ഒരു ദാസനെ സംബന്ധിച്ച് ഉണര്‍ത്തി. ശംഊനുല്‍ ഗാസി എന്നാണ് അദ്ദേഹത്തിന്റെ നാമം. സംഭവം ഇപ്രകാരമാണ്. ഒരു ഒട്ടകത്തിന്റെ താടിയെല്ലുമായി മാത്രം ആയിരം മാസത്തോളം ദീനിന്റെ വിരോധികളുമായി ഏറ്റുമുട്ടി. ശത്രുപക്ഷം പല ഗൂഢ തന്ത്രങ്ങളും മെനഞ്ഞെങ്കിലും അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ കഴിഞ്ഞില്ല. ഇതിന് പോംവഴി ആരാഞ്ഞ ശത്രുക്കള്‍ അദ്ദേഹത്തിന്റെ ഭാര്യയെ സമീപിച്ചു. ആ സ്ത്രീയോട് പറഞ്ഞു: നിന്റെ ഭര്‍ത്താവിനെ കൊന്നാല്‍ ആകര്‍ഷകമായ സമ്മാനങ്ങള്‍ നിനക്ക് നല്‍കാം. പാരിതോഷികത്തില്‍ അവള്‍ക്ക് ആഗ്രഹം ഉണ്ടെങ്കിലും തന്റെ നിസ്സഹായത വെളിവാക്കി. അദ്ദേഹത്തെ കീഴ്പ്പെടുത്താന്‍ എനിക്ക് സാധ്യമാവുകയില്ല.
എങ്കില്‍ നീ ഞങ്ങളെ സഹായിക്കണം. ശരി. ഇതാ ഈ കയറ് കൊണ്ട് ശംഊന്‍ ഉറങ്ങുമ്പോള്‍ അദ്ദേഹത്തിന്റെ കൈകാലുകള്‍ ബന്ധിച്ച് തരണം. ഞങ്ങള്‍ കൊന്നുകൊള്ളാം. അപ്രകാരം അവള്‍ തീരുമാനിച്ചു. ഉറങ്ങിക്കൊണ്ടിരിക്കുന്ന ശംഊനിന്റെ കൈകാലുകള്‍ കെട്ടിമുറുക്കി കൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം ഉണര്‍ന്നു.
ആരാണ് എന്നെ ബന്ധനസ്ഥനാക്കുന്നത്?
കാപട്യം നിറഞ്ഞ പുഞ്ചിരിയുമായി അവള്‍ പറഞ്ഞു: ഞാന്‍ നിങ്ങളുടെ ആരോഗ്യം പരിശോധിക്കുകയാണ് തുടര്‍ന്ന് ശംഊന്‍ തന്റെ രണ്ടു കൈകള്‍ വീശിയപ്പോള്‍ ആ വടം കഷ്ണങ്ങളായി മുറിഞ്ഞു. ശത്രുക്കള്‍ അവള്‍ക്ക് പിന്നീട് നല്‍കിയത് ചങ്ങലയായിരുന്നു. അത് ഉപയോഗിച്ച് ശംഊനിനെ ബന്ധനസ്ഥനാക്കി കൊണ്ടിരിക്കെ അദ്ദേഹം ഉണര്‍ന്നു. ഈ അവസരത്തിലും വഞ്ചന ഉള്ളിലൊതുക്കി അവള്‍ പഴയ മറുപടി തന്നെ പറഞ്ഞു. ശംഊന്‍ ഒന്ന് നിവര്‍ന്നപ്പോള്‍ ചങ്ങലയും പൊട്ടിത്തെറിച്ചുപോയി. എന്നിട്ട് ആ സ്ത്രീയോട് പറഞ്ഞു. ഞാന്‍ അല്ലാഹുവിന്റെ ഇഷ്ട ദാസന്മാരില്‍ പെട്ടവനാണ്. എന്നെ പരാജയപ്പെടുത്താന്‍ എന്റെ ശിരസ്സിലുള്ള മുടികള്‍ക്കല്ലാതെ ഭൂമിയിലുള്ള മറ്റൊരു വസ്തുവിനും കഴിവില്ല. ഇത് മനസ്സിലാക്കിയ അവള്‍ ഉറങ്ങിക്കൊണ്ടിരിക്കുന്ന ശംഊനിന്റെ ശിരസ്സില്‍ നിന്ന് ഏതാനും മുടികള്‍ കരസ്ഥമാക്കി. പിന്നീട് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്ന ശംഊന്‍ കണ്ടത് തന്റെ കൈകാലുകള്‍ മുടികളുപയോഗിച്ച് കെട്ടിയ കാഴ്ചയാണ്.
ആരാണ് എന്നെ കെട്ടിയത്?
അവളുടെ മറുപടി പഴയതില്‍ നിന്നും വ്യത്യാസമില്ല. നിങ്ങളുടെ ശക്തി പരിശോധിക്കാന്‍ ഞാനാണ് കെട്ടിയത്. ഉടനെ കെട്ട് പൊട്ടിക്കാന്‍ ശ്രമിച്ചെങ്കിലും സാധ്യമായില്ല. അവസരം നഷ്ടപ്പെടുത്താതെ അവള്‍ ശത്രുക്കള്‍ക്ക് വിവരം നല്‍കി. ശംഊനിനെ വകവരുത്താന്‍ തീരുമാനിച്ചു. ആവേശത്തോടെ അവര്‍ ഓടിയടുത്തു. അദ്ദേഹത്തെ കൊണ്ട് പോയി കെട്ടിടത്തിന്റെ തൂണുമായി ചേര്‍ത്തുകെട്ടി. ശംഊനിന്റെ ചെവി, കണ്ണ്, ചുണ്ട്, നാവ്, കൈകാലുകള്‍ മുതലായവയെല്ലാം ഛേദിക്കപ്പെട്ടു. ശത്രുക്കള്‍ കെട്ടിടത്തിലിരുന്ന് സന്തോഷം പങ്കുവെക്കുകയാണ്. വേദനയില്‍ പുളയുന്ന ശംഊനിന് നാഥന്റെ സന്ദേശം ലഭിച്ചു: “നിങ്ങള്‍ ഉദ്ദേശിക്കുന്നത് ആവശ്യപ്പെടാം.’
ശംഊന്‍ നാഥനോട് പ്രാര്‍ത്ഥിച്ചു: നാഥാ! ഈ കെട്ടിടത്തിന്റെ തൂണ് ചലിപ്പിക്കാനുള്ള ആരോഗ്യം നല്‍കിയാലും. അല്ലാഹു പ്രാര്‍ത്ഥന സ്വീകരിച്ചു. സന്തോഷം പങ്കിട്ടുകൊണ്ടിരിക്കുന്ന ശത്രുക്കളുടെ തലക്ക് മീതെ കെട്ടിടം പൊളിഞ്ഞുവീണു. അതില്‍ പെട്ട് ശംഊനിന്റെ ഭാര്യയടക്കം എല്ലാവരും നശിച്ചു. അത്ഭുതകരമാം വിധം ശംഊനിനെ നാഥന്‍ രക്ഷിച്ചു. മാത്രമല്ല, ശത്രുക്കള്‍ മുറിച്ചുമാറ്റിയ അവയവങ്ങളെല്ലാം അദ്ദേഹത്തിന് തിരിച്ചുനല്‍കി. വീണ്ടും ആയിരം മാസം കൂടി അദ്ദേഹം ജീവിച്ചു. രാത്രിയില്‍ നിസ്കാരവും പകല്‍ മുഴുവന്‍ വ്രതാനുഷ്ഠാനത്തിലുമായാണ് ജീവിച്ചത്.
ചരിത്രം ശ്രവിച്ച സ്വഹാബികളുടെ നയനങ്ങളില്‍ നിന്ന് കണ്ണുനീര്‍ ഒലിക്കാന്‍ തുടങ്ങി. ആയുസ്സിന്റെ ദൈര്‍ഘ്യം കുറഞ്ഞ ഞങ്ങള്‍ക്ക് ഇതുപോലോത്ത പ്രതിഫലം കരസ്ഥമാക്കാന്‍ കഴിവില്ലല്ലോ എന്ന വിഷമമാണ് അവരെ പിടികൂടിയത്. ഇതിന് ഒരു പരിഹാരമെന്നോണമാണ് ഈ പുണ്യരാത്രിയെ ഈ സമുദായത്തിന് നാഥന്‍ നല്‍കിയത്.v