സുന്നി കേരളത്തിന് മഹാനഷ്ടമായി പടനിലം ഹുസൈന് മുസ്ലിയാര് വഫാതായി. ആള്‍കൂട്ടത്തില്‍ നിന്നകന്ന് ജീവിക്കാനാണ് ഉസ്താദ് എപ്പോഴും ഇഷ്ടപ്പെട്ടത്. സ്റ്റേജുകളിലോ പേജുകളിലോ അദ്ദേഹം നിറഞ്ഞു നിന്നില്ല. നിശ്ശബ്ദനായി ഉസ്താദ് ജീവിച്ചു. പക്ഷേ ആ നിശ്ശബ്ദതയില്‍ നിന്നു മഹാവിപ്ലവം സാധ്യമായി.
വ്യക്തി ജീവിതത്തെ ചിട്ടപ്പെടുത്തുന്നതില്‍ വിജയിച്ചയാളാണ് ഉസ്താദ്. ഒരു സത്യ വിശ്വാസിയില്‍ പ്രതിഫലിക്കേണ്ട ഗുണങ്ങളെല്ലാം ഉസ്താദില്‍ കാണാം. വിനയം, ലാളിത്യം, കരുണ, ശിഷ്യസ്നേഹം തുടങ്ങിയ വ്യക്തിഗുണങ്ങള്‍ ഉസ്താദിനെ വ്യതിരിക്തനാക്കി. ഗുണ വിശേഷണങ്ങളൊത്ത സത്യവിശ്വാസി ശിഖിരങ്ങള്‍ തളിര്‍ത്ത് ഭൂമിയിലേക്ക് താഴ്ന്ന വൃക്ഷത്തെപ്പോലെയാണെന്നാണല്ലോ തിരുമൊഴി. അതത്രയും ഉസ്താദില്‍ നിഴലിച്ചു.
ദീനി വിജ്ഞാന ശാഖകളില്‍ അഗാധ പാണ്ഡിത്യം കൈവരിക്കാന്‍ ഉസ്താദിനു കഴിഞ്ഞു. തഫ്സീര്‍, ഹദീസ്, കര്‍മ ശാസ്ത്രം, നിദാന ശാസ്ത്രം, അറബി സാഹിത്യം തുടങ്ങിയ വിജ്ഞാന ശാഖകളിലെല്ലാം ആഴമുള്ള ജ്ഞാനം സമ്പാദിക്കാനും ജ്ഞാന കുതുകികളായ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നു കൊടുക്കാനും ഉസ്താദിന് ഭാഗ്യം ലഭിച്ചു. അര നൂറ്റാണ്ടു കാലം മുതഅല്ലിമുകള്‍ക്ക് ദീനി വിജ്ഞാനം പകര്‍ന്നു നല്കാന് കഴിഞ്ഞുവെന്നത് മഹാഭാഗ്യം തന്നെ.
ദീനി വിജ്ഞാനം ശേഖരിക്കുന്നതിലും അത് മറ്റുള്ളവര്‍ക്ക് പകര്‍ന്നു കൊടുക്കുന്നതിലും ആനന്ദം കണ്ടെത്തി ഈ മഹാഗുരു. 1966 ലാണ് ഉപരി പഠനത്തിനായി അണ്ടോണ അബ്ദുല്ല മുസ്ലിയാരുടെ ദര്സില് നിന്നു പട്ടിക്കാട്ടേക്ക് പുറപ്പെട്ടത്. സെലക്ഷന് പരീക്ഷ നടത്തിയ കോട്ടുമല അബൂബക്കര്‍ മുസ്ലിയാര് മുത്വവ്വലില് ചേരാന്‍ അനുമതി നല്‍കിയെങ്കിലും മുഖ്തസറില്‍ ചേര്‍ന്നു പഠിക്കാനാണ് ഹുസൈന് മുസ്ലിയാര് താല്പര്യപ്പെട്ടത്. കാരണം താന്‍ ഓതാത്ത ‘മുല്ലാ ഹസന്’ സബ്ഖ് കിട്ടണമെങ്കില്‍ മുഖ്തസര്‍ ക്ലാസില്‍ ചേരണമായിരുന്നു.
പറമ്പത്ത് കാവിന്റെ പ്രകാശം
1969-ല്‍ പട്ടിക്കാട് നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഹുസൈന് മുസ്ലിയാര് കര്‍മ ഗോഥയിലിറങ്ങിയത് ഒന്നാം റാങ്ക് നേടിക്കൊണ്ടാണ്. കോളേജില്‍ നിന്ന് ഇറങ്ങിയ ഉടനെത്തന്നെ കൊടുവള്ളിക്കടുത്ത പറമ്പത്തുകാവില്‍ ജോലി തരപ്പെട്ടു. ദാഇയായ ഒരു പണ്ഡിതന് ഈ നാടിന് അത്യാവശ്യമായിരുന്നു. വഹാബി വല്കരണത്തിന്റെ വിഷവിത്തുകള്‍ ഈ മഹല്ലിനെ കാര്‍ന്നു തിന്നുന്നുണ്ടായിരുന്നു. വഹാബിസത്തിലേക്ക് പതിയെ നീങ്ങിയിരുന്നവരെ ഉസ്താദ് രക്ഷപ്പെടുത്തി. മഹല്ല് പ്രധാനികളില്‍ പോലും വഹാബി ആശയക്കാരുണ്ടായിരുന്നു. ഘട്ടം ഘട്ടമായുള്ള ഇടപെടലിലൂടെ വഹാബിസത്തിന്റെ പിടിയില്‍ നിന്ന് മഹല്ല് കമ്മറ്റിയെയും നിവാസികളെയും ഉസ്താദ് മോചിതമാക്കി. മഹല്ല് നിവാസികളോടുള്ള ഉസ്താദിന്റെ സൗമ്യ സമീപനവും ഇടപെടലും മൂലം അവര്‍ക്ക് അദ്ദേഹം വേണ്ടപ്പെട്ടയാളായി. രണ്ട് പതിറ്റാണ്ട് കാലമാണ് ആ സേവനം തുടര്‍ന്നത്.
പറമ്പത്ത് കാവിലെ ഉസ്താദിന്റെ ദര്‍സ് പ്രസിദ്ധിയാര്‍ജ്ജിച്ചതായിരുന്നു. നിരവധി വിദ്യാര്‍ത്ഥികളാണ് ഉസ്താദിനെ തേടി അവിടെയെത്തിയത്. ജ്ഞാനകുതുകികളുടെ ആധിക്യം കാരണം പരിധിക്കപ്പുറം വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ കഴിയാത്ത സന്ദര്‍ഭം വരെയുണ്ടായി. 1989-ല്‍ സമസ്തയിലുണ്ടായ പുനഃസംഘടനയുടെ അലയൊലികള്‍ പറമ്പത്തുകാവിലും അനുഭവപ്പെട്ടു. സമസ്ത ചരിത്രത്തിലെ വഴിത്തിരിവായ എറണാകുളം സമ്മേളനത്തില്‍ മഹല്ലിലെ മുദരിസ് പങ്കെടുത്ത കാരണം പറഞ്ഞ് മഹല്ലിലെ ചില രാഷ്ട്രീയ ശക്തികള്‍ വിവാദം അഴിച്ചു വിട്ടു. കാന്തപുരത്തിനൊപ്പമാണ് പള്ളിയിലെ ഉസ്താദെന്ന് പറഞ്ഞ് അവര്‍ ഫിത്നക്ക് തിരി കൊളുത്തി. രണ്ടു പതിറ്റാണ്ടു കാലം നാടിന്റെ ചൈതന്യമായി മാറിയ ഉസ്താദിനും ദര്‍സിനും നോവനുഭവപ്പെട്ട നാളുകളായിരുന്നു അത്.
മര്കസിലേക്ക്
ജ്ഞാന നിറകുടമായ ഹുസൈന് മുസ്ലിയാരുടെ ശിഷ്യത്വത്തിന് വേണ്ടി മുതഅല്ലിമുകള്‍ ആഗ്രഹിക്കുമ്പോഴാണ് കാന്തപുരം ഉസ്താദ് അദ്ദേഹത്തെ മര്കസിലേക്ക് ക്ഷണിക്കുന്നത്. ഇതേ ഘട്ടത്തില്‍ തന്നെയാണ് ഇകെ അബൂബക്കര്‍ മുസ്ലിയാര് നന്തി ദാറുസ്സലാമിലേക്കു സേവനത്തിനായി ക്ഷണിക്കുന്നതും. ഈ രണ്ടു ക്ഷണങ്ങളെ കുറിച്ച് സി. എം വലിയ്യുല്ലാഹിയോടു പറഞ്ഞപ്പോള്‍ പറമ്പത്തു കാവില്‍ തന്നെ തുടരാനാണ് മഹാന് നിര്‍ദേശിച്ചത്.എന്നാല്‍, പറമ്പത്തുകാവില്‍ നിന്ന് 1989-ലെ റമളാനില്‍ ഉസ്താദിന് പിരിയേണ്ടി വന്നു. ഇതേ അവസരത്തില്‍ തന്നെ കാന്തപുരം ഉസ്താദ് ഹുസൈന് മുസ്ലിയാരെ വീണ്ടും മര്കസിലേക്ക് ക്ഷണിച്ചു. തന്റെ ഉസ്താദായ അണ്ടോണ അബ്ദുല്ല മുസ്ലിയാരോട് എ.പി ഉസ്താദിന്റെ ക്ഷണത്തെ കുറിച്ചു പറഞ്ഞപ്പോള്‍ അണ്ടോണ ഉസ്താദ് പെട്ടെന്ന് മര്‍കസില്‍ ചാര്‍ജെടുക്കാന്‍ കല്പിച്ചു.
തൊള്ളായിരത്തി എണ്‍പത്തൊമ്പത് ജൂണ്‍ മുതലാണ് ഹുസൈന് മുസ്ലിയാര് മര്‍കസ് ശരീഅത്ത് കോളേജില്‍ മുദരിസായി സേവനമാരംഭിക്കുന്നത്. വഫാത്താകുന്നതു വരെ അത് തുടര്‍ന്നു. ആയിരക്കണക്കിന് മത പണ്ഡിതര്‍ക്ക് അറിവിന്റെ കിരണങ്ങള്‍ പകര്‍ന്നു നല്കാന് ഉസ്താദിന് ഭാഗ്യം ലഭിച്ചു. അന്നു മുതല്‍ ആത്മീയാനന്ദത്തിന്റെ വര്‍ഷങ്ങളാണ് കൈവന്നത്.
മര്‍കസ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രിയപ്പെട്ട ഗുരുനാഥനായി ഉസ്താദ് വര്‍ത്തിച്ചു. തഫ്സീര്‍, ഹദീസ്, കര്‍മ ശാസ്ത്രം, അറബി സാഹിത്യം എന്നീ വിജ്ഞാന ശാഖകളിലുള്ള അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യം വിദ്യാര്‍ത്ഥികള്‍ക്ക് ആസ്വദിക്കാനായി.
ഉസ്താദിന്റെ വ്യക്തിത്വം പോലെ ലളിതവും വിനയാന്വിതവുമായിരുന്നു ക്ലാസുകള്‍. സാവകാശത്തോടെയാണ് സബ്ഖെടുക്കുക. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ പാഠഭാഗങ്ങള്‍ ഓതിയിരിക്കും. ഏതു സബ്ഖ് ഓതുകയാണെങ്കിലും എല്ലാ വിജ്ഞാന ശാഖകളെ കുറിച്ചുമുള്ള പരാമര്‍ശങ്ങള്‍ കടന്നു വരും. പദാനുപദാര്‍ത്ഥം വെച്ചുകൊണ്ടുള്ള ക്ലാസായിരിക്കും. നഹ്വും സ്വര്‍ഫും വിശദീകരിക്കും. അല്ഫിയ്യയില് നിന്ന് ബൈത്ത് ഓതിക്കൊണ്ടായിരിക്കും വിശദീകരണം. അറബി സാഹിത്യത്തില്‍ ഉസ്താദിന് നല്ല പ്രാവീണ്യമുണ്ടായിരുന്നു. ക്ലാസുകള്‍ക്കിടയില്‍ ചൊല്ലുന്ന ബൈത്തുകളിലധികവും സ്വന്തം നിര്മിതിയായിരുന്നത്രെ! ആ ബൈത്തുകള്‍ ഉസ്താദു തന്നെ ഉണ്ടാക്കിയതാണെന്ന് പലര്‍ക്കും അറിയുമായിരുന്നില്ല.
ഹദീസുകള്‍ ജംഅ് ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും ഉസ്താദിനു പ്രത്യേക കഴിവുണ്ട്. ഒരു ഹദീസിനെ ചൊല്ലി വന്ന വ്യത്യസ്താഭിപ്രായങ്ങള്‍ വിശദീകരിക്കുന്നതോടൊപ്പം ശാഫിഈ മദ്ഹബിന്റെ വീക്ഷണം പ്രബലപ്പെടുത്താന്‍ ഉസ്താദൊരിക്കലും മറക്കില്ല. വിശദീകരണങ്ങളില്‍ ബുദ്ധിപരമായ സമര്‍ത്ഥനങ്ങളും കടന്നുവരും. വിദ്യാര്‍ത്ഥികളുടെ ചോദ്യങ്ങള്‍ക്കു തൃപ്തികരമായ മറുപടി നല്‍കും.
ദര്‍സ് നടത്തുന്നതില്‍ ആനന്ദം കണ്ടെത്തിയയാളായിരുന്നു ഈ മഹാഗുരു. ജീവിതാവസാനം വരെ കിതാബോത്തിന്റെ ലഹരിയാസ്വദിക്കാന് ഉസ്താദിനായി. ക്ലാസുകളെല്ലാം ചിട്ടയോടെ മുന്നോട്ടു കൊണ്ടുപോയി. പല പ്രതിസന്ധികളും വലയം ചെയ്തെങ്കിലും തോറ്റു കൊടുക്കാന്‍ തയ്യാറായില്ല. വഫാത്തിന്റെ അടുത്ത നാളുകളില്‍ 17 ഗുളികകളാണ് ഉസ്താദ് ദിനേനെ കഴിച്ചിരുന്നത്. വീട്ടില്‍ ഭാര്യ മാത്രമായതിനാല്‍ നിത്യവും ഉസ്താദ് വീട്ടില്‍ പോകുമായിരുന്നു. എന്നിട്ടും മുടങ്ങാതെ സബ്ഖുകള്ക്കെല്ലാം കൃത്യമായെത്തി. സുബ്ഹി നിസ്കാരം കഴിഞ്ഞാല്‍ വീട്ടില്‍ നിന്നിറങ്ങും. ബസ് മാര്‍ഗമായിരുന്നു വന്നിരുന്നത്. ദിവസവും ഒരേ ബസിലാണ് കയറാറ്. സ്റ്റോപ്പില്‍ ഉസ്താദിനെ കണ്ടില്ലെങ്കില്‍ ഈ ബസ് ജീവനക്കാര്‍ അല്പ നേരം കാത്തു നില്ക്കുമായിരുന്നു.
സബ്ഖിന് വിഘ്നം വരുന്നതിനെ തൊട്ട് സൂക്ഷിക്കാന്‍ ഉസ്താദ് കണിശത പാലിച്ചു. ക്ഷീണം വല്ലാതെയായപ്പോള്‍ സബ്ഖെടുക്കാന് വേണ്ടി ഭക്ഷണ സമയത്തില്‍ ക്രമീകരണമേര്‍പ്പെടുത്തി. ഭക്ഷണം കഴിച്ചാല്‍ ക്ഷീണം വരുന്നതിനാല്‍ രാവിലത്തെ ഭക്ഷണം 11.30നും ഉച്ച ഭക്ഷണം വൈകുന്നേരവുമാണ് കഴിച്ചിരുന്നത്. ശ്വാസംമുട്ട് കൂടിയപ്പോള്‍ സബ്ഖുകളുടെ എണ്ണം ചുരുക്കണമെന്ന് കാന്തപുരം ഉസ്താദ് ഒരിക്കല്‍ ആവശ്യപ്പെട്ടു. എന്നാല്‍ അദ്ദേഹം അതിനു തയ്യാറായില്ല. ഇല്‍മിനോടുള്ള താല്പര്യം കൊണ്ടായിരുന്നു അത്.
രണ്ടു മാസം മുമ്പാണ് ഉസ്താദിന്റെ കണ്ണിന് ഓപ്പറേഷന് നടന്നത്. പ്രമേഹം കാരണം കാഴ്ച കുറഞ്ഞിരുന്നു. കാഴ്ച കുറഞ്ഞുവരുമ്പോഴെല്ലാം ഉസ്താദിന് ആധിയായിരുന്നു. സബ്ഖ് മുടങ്ങുമോ എന്നായിരുന്നു ആധി. ഓപ്പറേഷന് കഴിഞ്ഞ ശേഷം ഉസ്താദ് വിദ്യാര്‍ത്ഥികളോട് പറഞ്ഞതിങ്ങനെ: ‘നിങ്ങള്‍ ദുആ ചെയ്യണം. കണ്ണിന് കാഴ്ച കുറവാണ്. കൂടാന്‍ വേണ്ടി ദുആ ചെയ്യണമെന്ന് ഞാന്‍ പറയുന്നില്ല. ഉള്ള കാഴ്ച നഷ്ടപ്പെടാതിരുന്നാല്‍ മതി.’
മുതഅല്ലിമുകളെ കൂടുതല്‍ സ്നേഹിച്ചു. ഏതു ചെറിയ മുതഅല്ലിമിനോടും സ്വന്തം പേരക്കുട്ടിയോടെന്നപോലെ പെരുമാറി. ഉസ്താദിന്റെ മുമ്പില്‍ വിദ്യാര്‍ത്ഥികളെല്ലാം തുല്യരായിരുന്നു. പഠിക്കുന്നവനും പഠിക്കാത്തവനുമെന്ന വേര്‍തിരിവു കാണിച്ചില്ല. തന്റെ കൂടെ മുതഅല്ലിമുകള്‍ കൂടുന്നത് സന്തോഷമായി കണ്ടു. ഉസ്താദ് സബ്ഖിന് വരുമ്പോഴും കഴിഞ്ഞ് റൂമിലേക്ക് മടങ്ങുമ്പോഴും ഒരു കൂട്ടം മുതഅല്ലിമുകള്‍ ഒപ്പമുണ്ടാകും. സബ്ഖിനിടെ ഉസ്താദിന് കൊണ്ടു വരുന്ന ചായ കുട്ടികള്‍ കുടിക്കാന്‍ അദ്ദേഹം ഇഷ്ടപ്പെട്ടു. ഒരു ഇറക്ക് കുടിച്ച് ബാക്കി വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി നീക്കിവെക്കും. ചായക്കൊപ്പമുള്ള ലഘു കടി ഉസ്താദ് തൊട്ടിട്ടുപോലുമുണ്ടാകില്ല. കടിയും ചായയും മുതഅല്ലിമുകള്‍ കഴിക്കുന്നതില്‍ അദ്ദേഹം മധുരമാസ്വദിച്ചു.
സമസ്തയിലും പ്രാസ്ഥാനിക രംഗങ്ങളിലും ഉസ്താദ് ആകുംവിധം പ്രവര്‍ത്തിച്ചു. 1994ലാണ് ഉസ്താദിനെ കേന്ദ്ര മുശാവറ അംഗമായി തിരഞ്ഞെടുത്തത്. വഫാത്തിന്റെ ഏതാനും ദിവസം മുമ്പ് ചേര്‍ന്ന സമസ്ത മുശാവറയില്‍ വെച്ച് താമരശ്ശേരി താലൂക്ക് ജംഇയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനായി അദ്ദേഹത്തെ തിരഞ്ഞെടുത്തിരുന്നു.
ഉസ്താദിന്റെ വിയോഗം പെട്ടെന്നായിരുന്നു. വഫാത്തിന്റെ തലേ ദിവസവും മര്‍കസില്‍ ക്ലാസെടുത്തിട്ടുണ്ട്. അവസാന ക്ലാസ് ജനുവരി 26 (റിപ്പബ്ലിക് ദിനം) വ്യാഴാഴ്ചയായിരുന്നു. മര്‍കസിന് അവധിയാണെങ്കിലും അല്പം ഓതാമെന്നായി അദ്ദേഹം. സബ്ഖിന് റൂമില്‍ നിന്ന് വരുമ്പോള്‍ കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികളോട് പറഞ്ഞു: ‘നമുക്ക് ഓതീട്ട് റിപ്പബ്ലിക്കാകാം’. ക്ലാസ് അവസാനിപ്പിക്കുമ്പോള്‍ ഉസ്താദ് പറഞ്ഞ വാക്കുകള്‍ ഇന്നും വിദ്യാര്‍ത്ഥികളുടെ ഓര്മ പുസ്തകത്തില്‍ തങ്ങി നില്ക്കുന്നു: ‘ഇനിയവിടെ നില്ക്കട്ടെ, ബാക്കി വിധിയുണ്ടെങ്കില്‍ അടുത്തയാഴ്ച ഓതാം’. പക്ഷേ വിധി മറ്റൊന്നായിരുന്നു.
നിഷ്കാമകര്‍മിയായ ആ പണ്ഡിതന് നാഥന്റെ വിളിക്കുത്തരം നല്കി മുമ്പേ കടന്നുപോയി. അദ്ദേഹം പകര്‍ന്ന ഇല്മും സംസ്കരണ പാഠങ്ങളുമാണിനി ശേഷിക്കുന്നത്. ഓരോ പണ്ഡിത വിയോഗ വേളയിലും ആലിമിന്റെ മരണം ലോകത്തിന്റെ മരണമാണെന്ന ഹദീസ് നാം വീണ്ടുമോര്‍ക്കുന്നു. ഓര്‍മിപ്പിക്കുന്നു. അല്ലാഹു അദ്ദേഹത്തിന്റെ പരലോക പദവി ഉന്നതമാക്കട്ടെ.