ഏകദൈവം എന്ന വിമോചന ദൈവശാസ്ത്രം പ്രപഞ്ചനാഥനില്‍ നിന്ന് ഉള്‍ക്കൊണ്ട് ഭൂമിയിലെ മനുഷ്യജീവിതവും ജീവിത സമരവും ചിട്ടപ്പെടുത്തിയിരിക്കുന്ന ദൈവദൂതനാണല്ലോ മുഹമ്മദ് നബി. ആത്മീയതയും ഭൗതികതയും സമജ്ഞസമായി സമ്മേളിക്കുന്ന ഖുര്ആ`ന് സാഹിത്യത്തിന്റെയും മാനവികതയുടെയും മഹാസാഗരമാണ്. ഈ വിമോചന സാഹിത്യത്തിലെ ജീവിത ദര്‍ശനം സ്വയം ജീവിതത്തില്‍ പകര്‍ത്തി മനുഷ്യ സമൂഹത്തിന് വെളിച്ചവും വഴികാട്ടിയുമായ പുണ്യപുരുഷനാണ് മുഹമ്മദ് നബി. പുണ്യം വില്പനച്ചരക്കായിരിക്കുന്ന ഇന്ത്യയില്‍ ഈ പുണ്യപുരുഷനെ പലരും തിരിച്ചറിയാതിരിക്കുന്നുവെന്നത് ഖേദകരമാണ്.
മരുഭൂമിയിലെ മനുഷ്യരെ ഉദ്ധരിക്കാ`ന് മാത്രം ഉദ്ഘോഷിക്കപ്പെട്ടതാണ് ഇസ്ലാം മതം എന്ന ധാരണ ചരിത്രപരമായി ശരിയല്ല. ഇസ്ലാം ഒരു നവീന മതമല്ല. നബിക്കു മുന്‍പും അതുണ്ടായിരുന്നു. മനുഷ്യരെ നേരായ വഴിയിലേക്ക് നയിക്കുവാ`ന് കാലാകാലങ്ങളില്‍ പ്രവാചകന്മാര് മുഖേന ദൈവം നല്‍കിയിരിക്കുന്ന ദര്‍ശനമാലയാണ് ഇസ്ലാം. ദൈവഹിതത്തിന് വിരുദ്ധമായി മനുഷ്യ`ന് പ്രവര്‍ത്തിക്കുന്പോള്‍ ദൈവമതത്തിനല്ല, അങ്ങനെ ചരിക്കുന്നവര്‍ക്കാണ് അപചയം സംഭവിക്കുന്നത്. ഈ അപചയത്തില്‍ നിന്ന് മനുഷ്യരാശിയെ രക്ഷിക്കാനാണ് കാലാകാലങ്ങളില്‍ പ്രവാചകന്മാര് അവതരിച്ചത് എന്ന കാഴ്ചപ്പാട് തന്നെ, ഇസ്ലാം കേവലമായ അര്‍ത്ഥത്തിലുള്ള ഒരു മതമല്ല, മറിച്ച് ഒരു ജീവിത പദ്ധതിയാണെന്ന് വെളിപ്പെടുത്തുന്നു.
ഇസ്ലാം മത തത്ത്വത്തെ പറ്റി എകെ ഭാസ്കര്‍ പറയുന്നത് ശ്രദ്ധേയമാണ്: “അന്യമതാനുസാരികള്ക്ക് വിശ്വസിക്കാ`ന് പാടില്ലാത്തതായ യാതൊരു തത്ത്വങ്ങളും ഇസ്ലാമിലില്ലെന്നുള്ളതും ഈ മതത്തിന്റെ വൈശിഷ്ട്യങ്ങളില്‍ ഒന്നാണ്. അതായത്, ഇസ്ലാം മതത്തിന്റെ മൂലപ്രമാണങ്ങള്‍ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു പ്രകാരത്തില്‍ സകല മതങ്ങളിലും കാണപ്പെടുന്നവ മാത്രമാണ്. അതിനാല്‍ ഒരുവ`ന് മുസ്ലിമാകുന്പോള്, കൂടുതലായി അധികമൊന്നും വിശ്വസിക്കേണ്ടതായി വരുന്നില്ല. കുറേ അന്ധവിശ്വാസങ്ങള്‍ വര്‍ജിക്കണമെന്നേയുള്ളൂ. മറ്റൊരു പ്രത്യേകത, ഇസ്ലാം മതത്തിന്റെ പ്രമാണഗ്രന്ഥം ഇന്നും വള്ളിപുള്ളി വ്യത്യാസമില്ലാതെ പൂര്വപരിശുദ്ധിയില് തന്നെ സ്ഥിതിചെയ്യുന്നുവെന്നുള്ളതാണ്. ഖുര്‍ആനത്രെ ഇസ്ലാം മതത്തിന്റെ പ്രമാണഗ്രന്ഥം’ (അസവര്‍ണര്‍ക്ക് നല്ലത് ഇസ്ലാം, പേ 51).
പ്രവാചകനു ലഭിച്ച നിയമസംഹിതയാണല്ലോ ഖുര്ആ`ന്. അതിനാല്‍ അത് കേവല മതഗ്രന്ഥമല്ല, വിമോചന സാഹിത്യ കൃതി കൂടിയാണ്. ഒരു മാനിഫെസ്റ്റോ ആണത്, ഗ്രീ`ന് മാനിഫെസ്റ്റോ. എവര്‍ഗ്രീ`ന് എന്നു പറഞ്ഞാലും അതിശയോക്തിയാകുമെന്നു തോന്നുന്നില്ല. ജീവനകലയുടെ ഈ മാനിഫെസ്റ്റോ വായിക്കുന്നതു കൊണ്ട് എന്താണ് പ്രയോജനം എന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം ചിന്തിച്ചു പറയേണ്ടിവരും. സാഹിത്യകൃതികള്‍ക്ക് പൊതുവെ ചില പ്രയോജനങ്ങളുണ്ട്. അവ വായനക്കാര്‍ക്ക് ആനന്ദം നല്കുന്നു. ചിലത് അവരെ സദാചാര നിരതരാക്കുന്നു. അവര്‍ക്ക് ധാര്‍മികബോധം നല്കുന്നു, ജ്ഞാനം നല്കുന്നു എന്നിങ്ങനെയുള്ള പ്രയോജനങ്ങളുണ്ട്. എന്നാല്‍ ഖുര്ആ`ന് സാഹിത്യം മനുഷ്യരുടെ വൈകാരികവും മാനസികവും ആത്മീയവും ഭൗതികവുമായ മണ്ഡലങ്ങളില്‍ സമൂല മാറ്റങ്ങള്‍ ഉണ്ടാക്കുന്നു. പ്രകൃതിയെയും മനുഷ്യരെയും സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെയും പറ്റിയുള്ള മനുഷ്യബോധം ഉണര്‍ത്തുന്നു. അവരുടെ വിവേചന ശക്തിയെ മൂര്‍ച്ഛിപ്പിക്കുന്നു. ചുരുക്കത്തില്‍ മനുഷ്യന്റെ സാമൂഹിക ബോധത്തില്‍ അത് മാറ്റമുണ്ടാക്കുന്നു. അതാകട്ടെ വ്യക്തി ജീവിതത്തെയും സാമൂഹിക ജീവിതത്തെയും ശുദ്ധീകരിക്കുന്നു, പരിപോഷിപ്പിക്കുന്നു.
വിമോചന ദൈവശാസ്ത്രത്തെ ഇസ്ലാം അവതരിപ്പിക്കുന്നത് നാനാത്വത്തിലെ ഏകത്വം സാക്ഷാത്കരിച്ചു കൊണ്ടാണ്. ബഹുത്വത്തെ ഏകത്വത്തിലേക്ക് സംക്രമിപ്പിക്കുന്പോള് ദൈവികത്വം ഒരു മഹാ പ്രവാഹവും മാന്ത്രിക ശക്തിയുമായിത്തീരുന്നു. പ്രവാചക സന്ദേശത്തിലെ ഏകദൈവം ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തിയ ചരിത്ര പുരുഷനാണ് ശ്രീ നാരായണ ഗുരു. നബിയെ മുത്തുനബിയെന്ന് അദ്ദേഹം സംബോധന ചെയ്യുന്നതും അതുകൊണ്ടു തന്നെയാവണം. മുപ്പത്തിമുക്കോടി ദൈവങ്ങളെ അവതരിപ്പിച്ച് ഉദരനിമിത്തം ബഹുകൃത വേഷം കെട്ടിയ നാട്ടില്‍ ഏകദൈവ വിശ്വാസത്തിന്റെ അലകള്‍ ഗുരു ഉയര്‍ത്തുകയുണ്ടായി.
മുപ്പത്തിമുക്കോടി ദൈവങ്ങളുണ്ടെങ്കിലും അവര്ണന് ക്ഷേത്രപ്രവേശം നല്‍കാതിരുന്ന യാഥാസ്ഥിതിക കേന്ദ്രങ്ങളുടെ ദൈവസങ്കല്പത്തെ അട്ടിമറിച്ച് മാനവിക ദൈവസങ്കല്പമാണ് നാരായണഗുരു അവതരിപ്പിച്ചിരിക്കുന്നത്. ഇതു പ്രവാചക വചനങ്ങളില്‍ തെളിഞ്ഞുനില്ക്കുന്ന ഏകദൈവം തന്നെയാണെന്നു കാണാം. ഈ ഏകദൈവത്തെ ചൂണ്ടിക്കാണിച്ച ഗുരുവിനെ ചില അനുയായികള്‍ ദൈവമാക്കി കൊണ്ടുനടക്കുന്ന ദയനീയമായ കാഴ്ചക്ക് നാം സാക്ഷ്യം വഹിക്കുന്നതില്‍ ദുഃഖമുണ്ട്. അതിനെ ന്യായീകരിക്കാ`ന് ഈ വിഡ്ഢികള്‍ പറഞ്ഞത് നബിയും യേശുക്രിസ്തുവും ദൈവങ്ങളാണെന്നാണ്! പ്രവാചകന്മാരെയും ദൈവത്തെയും തിരിച്ചറിയാത്ത പാമരചിത്തമുള്ളവരുടെ പമ്പര വിഡ്ഢിത്തമാണിതെന്ന് പറയേണ്ടതില്ലല്ലോ. ഗുരോ ഇവരോട് പൊറുക്കരുതേ!
സ്രഷ്ടാവിന് മുന്നില്‍ എല്ലാവരും സമന്മാരാണെന്ന ധാരണ എല്ലാ സങ്കുചിത ചിന്തകളില്‍ നിന്നും മനുഷ്യനെ അകറ്റി നിറുത്തുന്നു. നാരായണ ഗുരു ഇതിനെ കാണുന്നത് “എല്ലാവരും ആത്മസഹോദരങ്ങള്’ എന്ന തലത്തിലാണ്. ഇവിടെയും ഗുരുവിലുള്ള ഇസ്ലാമിക സ്വാധീനം കാണാം. ദൈവത്തിനും പ്രവാചക പ്രമാണങ്ങള്‍ക്കുമപ്പുറം പൗരോഹിത്യത്തിന്റെ ദൂഷിതവലയം ഇസ്ലാമില്‍ ഇല്ല എന്നത് ഏകദൈവത്തിന്റെ സാമൂഹികവല്കരണത്തെയും ജനാധിപത്യവല്കരണത്തെയുമാണ് കാണിക്കുന്നത്. “ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്’ എന്ന ഗുരുവചനത്തിലും ഇസ്ലാമിക ദൈവശാസ്ത്രം പൂര്‍ണചന്ദ്രനെ പോലെ തിളങ്ങിനില്‍ക്കുന്നുണ്ട്.
സംശുദ്ധ രാഷ്ട്രീയം എന്നത് പലപ്പോഴും നമുക്കൊരു സ്വപ്നം മാത്രമാണല്ലോ. എന്നാല്‍ ഇസ്ലാമിക രാഷ്ട്രീയ ദര്‍ശനങ്ങള്‍ സംശുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ മാതൃക കാട്ടിത്തരുന്നുണ്ട്. സമ്പന്നവര്‍ഗത്തിന്റെ കൈയില്‍ അധികാരം നിലനിറുത്തുന്ന ഫ്യൂഡല്‍ മുതലാളിത്ത സന്പ്രദായത്തെ എതിര്‍ക്കുന്ന ഇസ്ലാം ജനാധിപത്യ മൂല്യങ്ങള്‍ക്കാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. ഭരണാധികാരികളുടെ ഇഷ്ടത്തിനനുസരിച്ച് നിയമം നിര്‍മിക്കാ`ന് ഇസ്ലാമിക രാഷ്ട്രത്തില്‍ ആര്‍ക്കും അധികാരമില്ല. പ്രവാചക മാതൃകയില്‍ നിന്ന് വ്യതിചലിക്കാത്തതാവണം അത്.
മതം രാഷ്ട്രീയത്തില്‍ ഇടപെടരുതെന്ന് പറയുന്നവര്‍ക്ക്, ഇസ്ലാമിനെ സംബന്ധിച്ചിടത്തോളം, അത് രാഷ്ട്രീയ വ്യവസ്ഥ കൂടിയാണെന്ന് അറിയില്ല. രാഷ്ട്രീയക്കാര്‍ ധാര്‍മിക മൂല്യങ്ങള്‍ കൈവെടിയുന്നവരാകരുതെന്ന് ഇസ്ലാം ഉദ്ഘോഷിക്കുന്നു. മുതലാളിയും തൊഴിലാളിയുമെന്ന വര്‍ഗങ്ങളെ ഇസ്ലാം അംഗീകരിക്കുന്നു. എന്നാല്‍ തൊഴിലാളിയെ ചൂഷണം ചെയ്യുന്ന വ്യവസ്ഥിതിയെ എതിര്‍ക്കുന്നു. തൊഴിലാളി ക്ഷേമത്തിന്റെ ആധുനിക തത്ത്വങ്ങളും പരിപാടികളും നബിയുടെ തത്ത്വങ്ങളിലും പരിപാടികളിലുമുണ്ട്.
“തൊഴിലാളിയുടെ കൈകള്‍ കൊണ്ടുള്ള സന്പാദ്യമാണ് ഏറ്റവും നല്ല വിഭവ’മെന്നു പറയാ`ന് കാള്‍മാര്‍ക്സിന്റെ വര്‍ഗസമരം ആവശ്യമില്ലായിരുന്നു. തൊഴിലാളിക്ക് അര്‍ഹമായ കൂലിക്ക് ഏതെങ്കിലും നിയമനിര്‍മാണം ആവശ്യമില്ല. അത് ഇസ്ലാമിന്റെ പ്രായോഗികതയില്‍ തന്നെ അന്തര്‍ലീനമാണ്. തൊഴിലാളിയെ ചൂഷണം ചെയ്യുന്നവര്‍ അന്ത്യനാളില്‍ അല്ലാഹുവിന്റെ ശത്രുവായിരിക്കുമെന്ന പ്രഖ്യാപനത്തിന്റെ പ്രസക്തി ഒരു ട്രേഡ് യൂണിയ`ന് നിയമത്തിലും ഉണ്ടാകാനിടയില്ല.
മാര്‍ക്കറ്റ്, മാര്‍ക്കറ്റിംഗ്, ലാഭം, കരാര്‍, ബാങ്കിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ഇന്നത്തെ എംബിഎക്കാര്‍ പഠിക്കുന്ന തത്ത്വങ്ങള്‍ അതിന്റെ പൂര്‍ണതയിലും ശാസ്ത്രീയതയിലും നബിവചനങ്ങളില്‍ തെളിഞ്ഞുകാണാം. ഒരു സാമ്പത്തികശാസ്ത്ര വിദഗ്ധനും വാണിജ്യകാര്യ നിപുണനും അദ്ദേഹത്തില്‍ തന്നെ കുടികൊണ്ടിരുന്നു, സ്രഷ്ടാവിന്റെ കാരുണ്യത്താല്‍. അറബ് ലോകത്തിലെ വാണിജ്യ വിപ്ലവവും ഇന്നത്തെ വാണിഭ വിപ്ലവവും തമ്മിലുള്ള അന്തരം പഠനാര്‍ഹമാണ്.
യോദ്ധാവ്, യുദ്ധതന്ത്രം, യുദ്ധമുഖത്തെ ധാര്‍മികത എന്നീ തലങ്ങളില്‍ നബിയുടെ മാതൃകകളും സംഭാവനകളും ആധുനിക രാഷ്ട്ര തന്ത്രജ്ഞതയെ വെല്ലുന്നതാണ്. “ഒരുത്ത`ന് തെറ്റായി വധിക്കപ്പെട്ടാല്‍ ശിക്ഷ തീരുമാനിക്കാനുള്ള അവകാശം അയാളുടെ അടുത്ത ബന്ധുവിനായിരിക്കും’ എന്ന നിലപാടും നീതിബോധത്തിന്റെ ഉത്തമ മാതൃക തന്നെയാണ് കാണിക്കുന്നത്.
വിധവകളോടും അനാഥകളോടും അടിമകളോടും അനുവര്‍ത്തിക്കേണ്ട മനുഷ്യത്വപരമായ കാര്യങ്ങള്‍ പരിഷ്കൃത സമൂഹത്തില്‍ പോലും കാണാത്ത ഉത്തമ മാതൃകയായി ഇസ്ലാമില്‍ നിലനില്ക്കുന്നു. തന്റെ ജീവിതം തന്നെയാണ് തന്റെ സന്ദേശം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം പറയാ`ന് കഴിയുന്ന ഒരു ചരിത്രപുരുഷനെ അന്വേഷിച്ചാല്‍ ചെന്നെത്തുക പ്രവാചകനില്‍ തന്നെയായിരിക്കും. മൂല്യങ്ങളെ പ്രയോഗവല്‍കരിക്കാനും സാമൂഹികവല്ക്കരിക്കാനുമുള്ള ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഇവിടെയാണ് അദ്ദേഹത്തിന്റെ മഹത്ത്വം നാം കാണുന്നതും. ഒരിക്കല്‍ മാതൃരാജ്യത്തുനിന്നും പുറത്താക്കപ്പെട്ട പ്രവാചകര്‍ രക്ഷകനും പരിഷ്കര്‍ത്താവും ഭരണകര്‍ത്താവുമായി. അധികാരി വര്ഗത്തോടൊപ്പമായിരുന്നില്ല അദ്ദേഹം. ഒരു അസാധാരണക്കാരനായിരിക്കെ എക്കാലവും ഒരു സാധാരണ മനുഷ്യനായിട്ടാണദ്ദേഹം ജീവിച്ചിരുന്നത്. അതേസമയം ആത്മീയഭൗതിക കാര്യങ്ങളില്‍ സഞ്ചരിക്കുന്ന സര്‍വ വിജ്ഞാന കോശവുമായിരുന്നു. സര്‍വ ലോകര്‍ക്കും അദ്ദേഹം വഴിവിളക്കും വഴികാട്ടിയുമായി വിളങ്ങുന്നു.
മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്ന് മാര്‍ക്സ് പറഞ്ഞത് അദ്ദേഹം ജീവിച്ചിരുന്ന ഫ്യൂഡല്മുതലാളിത്ത കാലഘട്ടത്തിലെ ക്രിസ്തു മതത്തിലെ അപചയം കണ്ടിട്ടായിരുന്നു. ഖുര്ആ`ന് വചനങ്ങളും നബിചര്യകളും മാര്‍ക്സ് കണ്ടിരുന്നെങ്കില്‍ തന്റെ മതമാണ് (മാര്‍ക്സിസം) മനുഷ്യനെ മയക്കുന്ന കറുപ്പെന്ന് അദ്ദേഹം വിളിച്ചുപറയുമായിരുന്നു. റഷ്യയും ചൈനയും അതു തെളിയിച്ചിരിക്കുന്നു. സോഷ്യലിസം ഇന്ന് ചൈനയില്‍ മാര്‍ക്കറ്റിംഗ് സോഷ്യലിസമാണ്. ഇസ്ലാമാകട്ടെ, മാര്‍ക്കറ്റിംഗിന് അന്യമായ വിലമതിക്കാനാവാത്ത വിഭവമായിത്തീര്ന്നിരിക്കുന്നു; ഇഹലോകത്തിലും പരലോകത്തിലും. ഇതു കാണാ`ന് കാള്‍മാര്‍ക്സ് ജീവിച്ചിരിപ്പുണ്ടെങ്കില്‍ ഹൃദയാഘാതം ഉറപ്പായിരുന്നു. ഹൃദയമില്ലാത്ത നമ്മുടെ കാലത്തെ നബിവിരോധികള്‍ രക്ഷപ്പെട്ടു.
ഡോ. എംഎസ് ജയപ്രകാശ്