സ്‌നേഹവും കാരുണ്യവും വിശാല മനസ്‌കതയും വിട്ടുവീഴ്ചയും മുഹമ്മദ്(സ്വ)യുടെ മുഖമുദ്രയായിരുന്നു. സ്‌നേഹത്തിന്റെ സർവ നിമിത്തങ്ങളും ഒത്തിണങ്ങിയ, പരസ്പരം സ്‌നേഹിക്കാനും സഹിഷ്ണുത പുലർത്താനും സമൂഹത്തെ പഠിപ്പിച്ച നേതാവാണ് അവിടന്ന്. ആർദ്രത വരണ്ടുണങ്ങിയ ആറാം നൂറ്റാണ്ടിൽ സ്‌നേഹത്തിന്റെയും ദയാവായ്പിന്റെയും ഉജ്വല സന്ദേശങ്ങൾ കൈമാറി ആ ജനതയെ പരസ്പര സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും പൂർണതയിലേക്ക് ആനയിക്കാൻ സാധിച്ച വിപ്ലവ നേതാവ്.
ലോകത്തിലെ എല്ലാ മനുഷ്യർക്കും മാനവികതയുടെ പാഠങ്ങളാണ് നബി(സ്വ) പകർന്നു നൽകിയത്. ശത്രുവിനോടും മിത്രത്തോടും അവിടന്ന് സഹിഷ്ണുത പ്രകടിപ്പിച്ചു. മുഴുവൻ ജനങ്ങൾക്കും വിട്ടുവീഴ്ചയുടെ കവാടങ്ങൾ തുറന്നുകൊടുത്തു. തന്നെ ശത്രുക്കൾ നിരന്തരമായി ദ്രോഹിച്ചപ്പോഴും അവരോട് വിട്ടുവീഴ്ചയുടെ നിലപാടാണ് സ്വീകരിച്ചത്. ജന്മനാടായ മക്കയിൽ, തന്നെയും അനുയായികളെയും ഒരുപാട് ഉപദ്രവിച്ച ശത്രുക്കൾ അവസാനം അവരെ വധിക്കാൻ ഏകകണ്ഠമായി തീരുമാനമെടുത്തു. വിവിധ കുടുംബങ്ങളിലെ നൂറു പേർ വീടു വളഞ്ഞു. അവരൊന്നിച്ച് നബി(സ്വ)യെ വെട്ടിക്കൊന്നാൽ അത്രയും കുടുംബങ്ങളോട് പ്രതികാരം വീട്ടാൻ പ്രവാചക കുടുംബത്തിനു കഴിയില്ല എന്നായിരുന്നു അവരുടെ കാഴ്ചപ്പാട്. എന്നാൽ അല്ലാഹുവിന്റെ പ്രത്യേകമായ സംരക്ഷണം മുഖേന അവിടന്ന് രക്ഷപ്പെട്ട് അബൂബക്കർ സിദ്ദീഖ്(റ)ന്റെ കൂടെ അതീവ രഹസ്യമായി മദീനയിലേക്ക് പലായനം ചെയ്തു. തദവസരം തിരുദൂതരുടെ വീട്ടിൽ വിലപിടിച്ച ധാരാളം വസ്തുക്കളുണ്ടായിരുന്നു. അവയെല്ലാം തന്റെ ശത്രുഗണത്തിൽ പെട്ട ഖുറൈശികൾ സൂക്ഷിക്കാനേൽപ്പിച്ചവയായിരുന്നു. മതപരമായ ശത്രുത വെച്ചുപുലർത്തുമ്പോഴും നബി(സ്വ)യെ അവർ അൽഅമീനായി(വിശ്വസ്തൻ)തന്നെ കണ്ടിരുന്നു. ഈ സൂക്ഷിപ്പു സാധനങ്ങൾ മുഴുവനായോ അവയിൽ ഒരംശമോ വേണമെങ്കിൽ റസൂൽ(സ്വ)ക്ക് കടത്തിക്കൊണ്ടുപോകാമായിരുന്നു. അല്ലെങ്കിൽ മുമ്പേ മദീനയിലേക്കു തിരിച്ചവരുടെയോ തന്റെ പിന്നാലെ വരാനിരിക്കുന്ന അലിയ്യുബ്‌നു അബീത്വാലിബി(റ)ന്റെ പക്കലോ ഏൽപ്പിച്ച് അവ മദീനയിലെത്തിക്കാൻ നിർദേശിക്കാമായ ിരുന്നു. തന്റെ ജീവനെടുക്കാൻ കൂട്ടായ തീരുമാനമെടുത്ത ശത്രുക്കളുടെ സമ്പത്ത് കൈയിൽ വെച്ചാൽ അത് തെറ്റാണെന്ന് ആ ശത്രുക്കൾ പോലും പറയില്ല. എന്നിട്ടും, തന്റെ അനുയായിയും പിതൃവ്യപുത്രനും വിശ്വസ്ത കൂട്ടുകാരനുമായ അലി(റ)വിനോട് നബി(സ്വ) പറഞ്ഞു: ‘നീ മക്കയിൽ നിൽക്കണം, ഈ നിക്ഷേപങ്ങളെല്ലാം അതിന്റെ യഥാർത്ഥ അവകാശികൾക്ക് എത്തിച്ചുകൊടുക്കണം. ഒന്നും അവശേഷിക്കാത്ത വിധം മുഴുവൻ കൊടുത്തുവീട്ടിയ ശേഷമേ നീ മദീനയിൽ വരാവൂ.’ കഠിന ശത്രുക്കളോടുപോലും ഏറ്റവും നിർണായകമായ ഘട്ടത്തിലും ഇവ്വിധം സഹിഷ്ണുത കാണിച്ചു നബി(സ്വ).
മദീനാ പലായനത്തിനിടെ നബി(സ്വ) മക്കയുടെ സമീപത്ത് സ്ഥിതി ചെയ്യുന്ന ഖുദൈദ് എന്ന സ്ഥലത്തെത്തി. അപ്പോൾ സുറാഖത്തുബ്‌നു മാലിക് എന്ന ഗോത്രപ്രമുഖൻ നബി(സ്വ)യെ പിടികൂടാൻ തീവ്രശ്രമം നടത്തി. കുന്തം കൈയിലേന്തിയ അദ്ദേഹം കുതിരപ്പുറത്ത് അതിവേഗമെത്തി. പ്രവാചകർ(സ്വ)യെ വധിക്കുകയോ ബന്ദിയാക്കുകയോ ചെയ്യുന്നവർക്ക് ഖുറൈശികൾ പ്രഖ്യാപിച്ച സമ്മാനത്തിന്റെ വലുപ്പവും അതുമൂലം തനിക്ക് ലഭിക്കാനിടയുള്ള പ്രസിദ്ധിയുമാണ് സുറാഖത്തിനെ ഈ സാഹസത്തിന് പ്രേരിപ്പിച്ചത്. പക്ഷേ, സുറാഖത്തിന്റെ കുതിര വഴുതി, അദ്ദേഹം താഴെ വീണു. അസ്ത്രങ്ങളെടുത്ത് ശകുനം നോക്കിയപ്പോൾ ദുസ്സൂചനയാണ് കിട്ടിയത്. അതവഗണിച്ചുകൊണ്ട് ധനമോഹത്തോടെ സുറാഖ വീണ്ടും കുതിച്ചുപായാൻ ശ്രമിച്ചു. എന്നാൽ കുതിരയുടെ മുൻകാലുകൾ മുട്ടു വരെ ഭൂമിയിലാണ്ടു പോയി! കുതിരയെ ഒരുവിധം രക്ഷപ്പെടുത്തി വീണ്ടും അദ്ദേഹം ശകുനം നോക്കി. അപ്പോഴും അപകട സൂചന തന്നെ. ഗത്യന്തരമില്ലാതെ തിരുദൂതരുടെ സഹായം തേടേണ്ടി വന്നു അദ്ദേഹത്തിന്. സുറാഖ നബി(സ്വ)യോട് ക്ഷമ ചോദിച്ചു. അവിടന്ന് നിരുപാധികം മാപ്പേകി. ഞങ്ങളെ കണ്ട വിവരം ആരോടും പറയരുതെന്ന് മാത്രം പറഞ്ഞു. ഇസ്‌ലാം സ്വീകരിക്കാൻ നിർബന്ധിക്കുകയോ പ്രതികാര നടപടി സ്വീകരിക്കുകയോ ചെയ്തില്ല. അധികാരവും സ്വാധീനവും നേടിക്കഴിയുമ്പോൾ തനിക്കെതിരെ പ്രതികാര നടപടിയൊന്നും സ്വീകരിക്കുകയില്ലെന്ന് ഒരു കരാർ പത്രിക എഴുതിക്കൊടുക്കാൻ അദ്ദേഹം ആവശ്യപ്പെടുകയുണ്ടായി. അതുപ്രകാരം ഒരു കരാർ പത്രം തിരുദൂതർ സുറാഖക്ക് നൽകുകയും ചെയ്തു.
തന്റെ തല കൊയ്യാൻ വന്ന ശത്രുപ്രമുഖനോട് പോലും ഇത്രയധികം സഹിഷ്ണുതയോടെയും സ്‌നേഹത്തോടെയും പെരുമാറിയ മറ്റൊരു നേതാവുണ്ടാകില്ല (ബുഖാരി 3906, 3911, ഫത്ഹുൽ ബാരി 7/241-243).
ഹിജ്‌റ നടന്ന് വർഷങ്ങൾ പിന്നിട്ട ശേഷം കഅ്ബാലയമൊന്നു കാണാനുള്ള അതിയായ ആഗ്രഹത്തോടെ മക്ക ലക്ഷ്യമാക്കി അനുയായികളോടൊപ്പം പുറപ്പെട്ട നബി(സ്വ)യെ ശത്രുക്കൾ ഹുദൈബിയ്യയിൽ തടഞ്ഞപ്പോഴും അവരോട് വിട്ടുവീഴ്ച കാണിക്കുകയാണ് അവിടന്ന് ചെയ്തത്. ഹുദൈബിയ്യയിൽ നിൽക്കുമ്പോൾ ഖുറൈശികൾ നിയോഗിച്ച അമ്പതു പേരടങ്ങുന്ന സൈന്യം മുസ്‌ലിംകളെ വലയം ചെയ്തു. അവർ മുസ്‌ലിംകൾക്കു നേരെ കല്ലെറിയാനും അസ്ത്രപ്രയോഗം നടത്താനും തുടങ്ങി. മുസ്‌ലിംകൾ അവർ കാരണമായി ഏറെ ബുദ്ധിമുട്ടി. ഒടുവിൽ, തിരുദൂതരുടെ അംഗരക്ഷകർ അവരെ ബന്ദികളാക്കി. എന്നാൽ മനോവിശാലതയുടെ പാരമ്യമായ റസൂൽ(സ്വ) അവർക്ക് ഉപാധിരഹിതമായി മാപ്പു പ്രഖ്യാപിച്ചു വിട്ടയച്ചു. തിരുദൂതരെ അനുഗമിച്ച ആയിരത്തഞ്ഞൂറോളം വരുന്ന സൈന്യത്തിന് ഈ അമ്പതു പേരടങ്ങുന്ന ശത്രുവ്യൂഹത്തെ നിശ്ശേഷം നശിപ്പിക്കാമായിരുന്നു. പക്ഷേ, ശത്രുക്കളെ പോലും സ്തബ്ധരാക്കുന്ന വിധം അവരെ മോചിപ്പിക്കുകയാണ് ചെയ്തത് (ഫത്ഹുൽ ബാരി 5/342).
ഹുദൈബിയ്യാ സന്ധിയും അവിടത്തെ വിട്ടുവീഴ്ചാ മനോഭാവത്തിന്റെ മകുടോദാഹരണമാണ്. സമാധാനപൂർവം ഉംറക്ക് വന്ന മുസ്‌ലിംകൾ ഈ വർഷം ഉംറ നിർവഹിക്കാതെ തിരിച്ചുപോകണമെന്നത് ഹുദൈബിയ്യാ സന്ധിയിലെ ഒരു വ്യവസ്ഥയായിരുന്നു. സ്വാഭാവികമായും ഈ സന്ധി മുസ്‌ലിംകൾക്ക് പ്രത്യക്ഷത്തിൽ ദുസ്സഹമായും അപമാനമായും തോന്നി. എന്നാൽ തിരുദൂതർ പ്രസ്തുത സന്ധിയിലൂടെ ഭാവിയിൽ ലഭിക്കാനിരിക്കുന്ന സമാധാനാന്തരീക്ഷത്തിനാണ് പ്രാമുഖ്യം നൽകിയത്. സന്ധിക്ക് വിഘ്‌നം വരാതിരിക്കാൻ ശത്രുപക്ഷം മുന്നോട്ടുവെച്ച ഉപാധികളെല്ലാം സ്വീകരിച്ചു തിരുനബി(സ്വ). അതിലൊരു ഉപാധി മുസ്‌ലിംകൾക്ക് കൂടുതൽ മാനസിക പ്രയാസമുണ്ടാക്കി. മക്കയിൽ നിന്ന് ആരെങ്കിലും മുസ്‌ലിമായി മദീനയിലേക്ക് വന്നാൽ അവരെ മക്കയിലേക്ക് തന്നെ തിരിച്ചയക്കണം. മദീനയിൽ നിന്ന് മതപരിത്യാഗം നടത്തി ആരെങ്കിലും മക്കയിലെത്തിയാൽ അവരെ തിരിച്ചയക്കുകയുമില്ല എന്നതായിരുന്നു അത്. തികച്ചും ഏകപക്ഷീയമെന്ന് ഒറ്റനോട്ടത്തിൽ തന്നെ വിലയിരുത്താവുന്ന വ്യവസ്ഥ. എന്നാൽ സമാധാന സംസ്ഥാപനത്തിനു വേണ്ടി ശത്രുപക്ഷത്തിന്റെ പക്ഷപാതപരമായ ഉടമ്പടി പോലും സമാധാനകാംക്ഷിയായ പ്രവാചകർ(സ്വ) അംഗീകരിച്ചു.
ഈ ഉപാധി സംബന്ധമായ ചർച്ച നടന്നുകൊണ്ടിരിക്കുമ്പോൾ ഒരു ബന്ദി ചങ്ങല വലിച്ചുകൊണ്ട് മുസ്‌ലിംകളെ സമീപിച്ചു. തന്നെ പീഡനത്തിൽ നിന്നും ബന്ധനത്തിൽ നിന്നും രക്ഷിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർത്ഥന. ശത്രുപക്ഷത്ത് സന്ധി സംഭാഷണത്തിന് നേതൃത്വം നൽകിക്കൊണ്ടിരിക്കുന്ന സുഹൈലുബ്‌നു അംറിന്റെ മകൻ അബൂജന്തലായിരുന്നു അത്. ഇസ്‌ലാം ആശ്ലേഷിച്ച തന്റെ പുത്രനെ സുഹൈൽ ബന്ധനസ്ഥനാക്കി. തടവിൽ നിന്ന് എങ്ങനെയോ രക്ഷപ്പെട്ട് ചങ്ങലയും വഹിച്ചുകൊണ്ടാണ് അദ്ദേഹം മുസ്‌ലിംകളെ സമീപിച്ചത്. ഉടൻ സുഹൈൽ പറഞ്ഞു: ‘സന്ധിയനുസരിച്ച് ഞാൻ ആദ്യമായി ഇവനെയാണ് ആവശ്യപ്പെടുന്നത്.’ കരാർ പത്രിക എഴുതിക്കഴിയാത്തതുകൊണ്ട് ഇദ്ദേഹത്തെ ഞങ്ങൾക്ക് വിട്ടുതരണമെന്ന് നബി(സ്വ) പറഞ്ഞു. തിരുദൂതരുടെ ആവർത്തിച്ചുള്ള അപേക്ഷ സുഹൈൽ ഓരോ തവണയും തള്ളിക്കളഞ്ഞു. ‘എങ്കിൽ, താങ്കളുമായി ഒരു ഉടമ്പടിക്കും ഞാനില്ല’ എന്നായിരുന്നു സുഹൈലിന്റെ പ്രഖ്യാപനം.
തദവസരം അബൂജന്തൽ ഹൃദയഭേദകമായ തന്റെ സങ്കടത്തിന്റെ ഭാണ്ഡമഴിച്ചു: മുസ്‌ലിംകളേ, ഈ ബഹുദൈവവിശ്വാസികളുടെ കരങ്ങളിലേക്ക് നിങ്ങളെന്നെ തിരിച്ചേൽപ്പിക്കുകയാണോ? ഞാനനുഭവിക്കുന്ന പ്രയാസങ്ങൾ നിങ്ങൾ കാണുന്നില്ലേ?’
സഹിഷ്ണുതയുടെ കേദാരവും സമാധാനപാലനത്തിന്റെ വക്താവുമായ തിരുദൂതർ(സ്വ) പ്രതിവചിച്ചു: അബൂജന്തൽ, ക്ഷമിക്കുക. അല്ലാഹുവിൽ നിന്നുള്ള പ്രതിഫലം കാംക്ഷിക്കുക. നാം കരാർ ലംഘിക്കുന്നവരല്ല. തീർച്ചയായും അല്ലാഹു നിനക്കൊരു ആശ്വാസ മാർഗവും രക്ഷാവഴിയും ഏർപ്പെടുത്തിത്തരും’ (ബുഖാരി 2731, ഫത്ഹുൽ ബാരി 5/345).
തിരുദൂതരുടെ സൗമനസ്യവും വിട്ടുവീഴ്ചയും എപ്പോഴും അനിതര സാധാരണമായിരുന്നു. ഹാതിം ത്വാഈയുടെ പുത്രനായ അദിയ്യ(റ)ൽ നിന്ന് നിവേദനം: മുഹമ്മദ്(സ്വ)യോട് എന്നെക്കാൾ കൂടുതൽ വെറുപ്പു മനസ്സിൽ കൊണ്ടുനടന്ന ഒരാളും അറബികളുടെ കൂട്ടത്തിലുണ്ടായിരുന്നില്ല. ഞാൻ സമൂഹത്തിൽ പ്രതാപിയായിരുന്നു. ക്രിസ്തുമത വിശ്വാസിയുമായിരുന്നു. സമരാർജിത സ്വത്തിന്റെ നാലിലൊന്ന് ജനങ്ങളിൽ നിന്ന് കൈപ്പറ്റുന്ന നേതാവായിരുന്നു ഞാൻ. പിന്നീട് വിവിധ സംഭവങ്ങൾക്ക് ശേഷം ഞാൻ നബി(സ്വ)യെ ലക്ഷ്യമാക്കി പുറപ്പെട്ട് മദീനയിലെത്തി. പള്ളിയിലിരിക്കുന്ന തിരുമേനിയെ വിളിച്ച് സലാം പറഞ്ഞു. ആരാണെന്ന് ചോദിച്ചപ്പോൾ ‘അദിയ്യുബ്‌നു ഹാതിം’ എന്ന് ഞാൻ മറുപടി പറഞ്ഞു. ഉടനെ നബി(സ്വ) എന്നെയും കൂട്ടി വീട്ടിലേക്കു പുറപ്പെട്ടു. വഴിമധ്യേ, ദുർബലയും വൃദ്ധയുമായ ഒരു സ്ത്രീ റസൂലിനെ കണ്ടു. അവർ നബി(സ്വ)യോട് നിൽക്കാനാവശ്യപ്പെട്ടപ്പോൾ വൃദ്ധക്കു വേണ്ടി അവിടെ ദീർഘസമയം നിന്നു. അവർ സ്വന്തം ആവശ്യങ്ങളെല്ലാം സംസാരിച്ചുകൊണ്ടിരുന്നു. ‘സത്യം, ഇത് ഒരു രാജാവല്ല’- ഞാൻ മനസ്സിൽ പറഞ്ഞു. പിന്നീട് അവിടന്ന് എന്നെയുമായി മുന്നോട്ടുപോയി. വീട്ടിലെത്തിയപ്പോൾ ഈന്തപ്പന നാരു നിറച്ച ഒരു തുകൽ തലയണ എനിക്കിട്ടു തന്നു. അതിലിരിക്കാനാവശ്യപ്പെട്ടു. ‘അല്ല, അതിൽ താങ്കൾ ഇരിക്കുക’ എന്നു ഞാൻ പറഞ്ഞു. താങ്കൾ തന്നെ ഇരിക്കൂ എന്ന് തിരുമേനി ശഠിച്ചു. അങ്ങനെ ഞാൻ ആ തലയണയിലിരുന്നു. ‘അല്ലാഹുവാണ് സത്യം, ഇതൊരു രാജാവിന്റെ നിലപാടല്ല’ എന്ന് ഞാൻ മനസ്സിൽ കുറിച്ചു. ഇങ്ങോട്ട് എത്ര വെറുപ്പുള്ളവരോടും നബി(സ്വ)യുടെ സമീപനം സ്‌നേഹമസൃണമായിരുന്നു (അൽബിദായതു വന്നിഹായ 5/76-77).
തന്നോട് ക്രൂരത കാണിച്ച അക്രമികളോട് വിട്ടുവീഴ്ച ചെയ്യുക മാത്രമല്ല, അവരുടെ നന്മക്ക് വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുക കൂടി ചെയ്യുന്ന നബി(സ്വ)യെയാണ് ചരിത്രത്താളുകളിൽ കാണുന്നത്. ഹിജ്‌റ മൂന്നാം വർഷം നടന്ന ഉഹുദ് യുദ്ധം. ശത്രുപക്ഷത്തിന്റെ ആക്രമണം നിമിത്തം പ്രവാചകർ(സ്വ)യുടെ പല്ലു പൊട്ടുകയും മുഖത്ത് മുറിവേൽക്കുകയും ചെയ്തു. അത് മുസ്‌ലിംകൾക്ക് മനോവിഷമം സൃഷ്ടിച്ചു. അങ്ങ് അവർക്കെതിരെ പ്രാർത്ഥിക്കണമെന്ന് സ്വഹാബികൾ ആവശ്യപ്പെട്ടു. ‘ശപിക്കുന്നവനായല്ല, മാർഗദർശകനും കാരുണ്യവുമായാണ് ഞാൻ നിയോഗിക്കപ്പെട്ടത്. അല്ലാഹുവേ, എന്റെ ജനതക്ക് നീ മാർഗദർശനം നൽകേണമേ, അവർ വിവരമില്ലാത്തവരാണ്’- ഇതായിരുന്നു ആ സമയത്തും തിരുദൂതരുടെ പ്രതികരണം (മുസ്‌ലിം 1790).
തനിക്ക് വിഷം നൽകി വധിക്കാൻ ശ്രമിച്ച ജൂതസ്ത്രീയോടും വിട്ടുവീഴ്ചയോടെയാണ് നബി(സ്വ) വർത്തിച്ചത്. ഖൈബറുകാരിയായ യഹൂദ സ്ത്രീ വേവിച്ച ആട്ടിൽ വിഷം ചേർത്ത് നബി(സ)ക്ക് സമ്മാനിക്കുകയായിരുന്നു. തിരുദൂതർ അതിൽ നിന്നൊരു കുറകെടുത്ത് അൽപം തിന്നു. കൂടെ ഏതാനും സ്വഹാബിമാരുമുണ്ടായിരുന്നു. പെട്ടെന്ന് നബി(സ്വ) ഭക്ഷണത്തിൽ നിന്ന് കൈ ഉയർത്താനാവശ്യപ്പെട്ടു. പാകം ചെയ്ത ജൂതസ്ത്രീയെ വരുത്തി. തിരുമേനി അവരോട് ചോദിച്ചു: ‘ഈ മാംസത്തിൽ നീ വിഷം കലർത്തിയിട്ടുണ്ടോ?’ അവൾ ചോദിച്ചു: ‘ആരു പറഞ്ഞു?’
‘എന്റെ കൈയിലുള്ള കുറക് എന്നോട് സംസാരിച്ചു’ എന്ന് അവിടന്ന് മറുപടി നൽകി.
അവൾ തെറ്റു സമ്മതിച്ചു: ‘അതേ, ഞാൻ വിഷം കലർത്തിയിട്ടുണ്ട്.’
‘അദ്ദേഹമൊരു നബിയാണെങ്കിൽ ഈ വിഷലിപ്ത മാംസം അദ്ദേഹത്തിന് ദോഷം ചെയ്യുകയില്ല. മറിച്ച്, അദ്ദേഹം പ്രവാചകനല്ലെങ്കിൽ അദ്ദേഹത്തിന്റെ പിടിയിൽ നിന്നും നമുക്ക് മോചനം നേടാം’- ജൂതസ്ത്രീ വിശദീകരിച്ചു. അപ്പോൾ നബി(സ്വ) അവർക്ക് മാപ്പ് കൊടുത്തു, ശിക്ഷിച്ചില്ല (ബുഖാരി 2617, അബൂദാവൂദ് 4510).
സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ