റജബ് ഹിജ്റ വർഷത്തിലെ ഏഴാമത്തെ മാസവും വിശുദ്ധമായ നാലു മാസങ്ങളിലൊന്നുമാണ്. വിശുദ്ധ ഖുർആൻ പറയുന്നു: ‘വാന ഭൂമികൾ സൃഷ്ടിച്ചതു മുതൽ മാസങ്ങളുടെ എണ്ണം പന്ത്രണ്ടാണ്. അവയിൽ നാലു മാസം വിശുദ്ധവും. അതാണു നേരായ മതം. അതിനാൽ അവയിൽ നിങ്ങൾ സ്വയം അക്രമികളാകരുത്'(9/36). ഇമാം ഖുർത്വുബി(റ) എഴുതുന്നു: ‘അതിക്രമങ്ങൾ ഏതു കാലത്തും നിരോധിതമാണെങ്കിലും നാലു മാസങ്ങൾ വിശുദ്ധമാണെന്ന് പ്രത്യേകം പരാമർശിച്ചതും അവയിലുള്ള അതിക്രമങ്ങൾ നിരോധിച്ചുവെന്ന് വ്യക്തമായി പറഞ്ഞതും അല്ലാഹു അവക്കു നൽകിയ മഹത്ത്വം കൊണ്ടാണ്’ (തഫ്സീറുൽ ഖുർത്വുബി).
അബൂബക്കർ(റ)വിൽ നിന്ന് നിവേദനമുള്ള ഒരു ഹദീസിൽ കാണാം: നബി(സ്വ) പ്രസംഗത്തിനിടെ ഇങ്ങനെ പറഞ്ഞു: ‘വാന ഭൂമികളെ അല്ലാഹു സൃഷ്ടിച്ച അതേ രൂപത്തിൽ കാലം കറങ്ങിക്കൊണ്ടിരിക്കുകയാണ്. പന്ത്രണ്ട് മാസങ്ങളാണ് ഒരു വർഷം. അവയിൽ നാലെണ്ണം വിശുദ്ധ മാസങ്ങളാണ്. ദുൽഖഅദ,് ദുൽഹിജ്ജ, മുഹർറം എന്നീ തുടർച്ചയായ മൂന്ന് മാസങ്ങളും ജുമാദയുടേയും ശഅ്ബാനിന്റേയും ഇടയിലുള്ള റജബു മുളർ മാസവുമാണവ’ (ബുഖാരി, മുസ്ലിം). ഹാഫിള് ഇബ്നു കസീർ എഴുതുന്നു: ‘ജുമാദയുടേയും ശഅ്ബാനിന്റെയും ഇടയിലുള്ള മാസമാണ് റജബ് എന്ന മുളർ ഗോത്രക്കാരുടെ അഭിപ്രായമാണ് ശരിയെന്ന് സ്പഷ്ടമാക്കുന്നതിനാണ് റജബിനെ അവിടുന്ന് മുളർ ഗോത്രത്തിലേക്ക് ചേർത്തു പറഞ്ഞത്. ശഅ്ബാനിന്റെയും ശവ്വാലിന്റെയും ഇടയിലുള്ള മാസമാണ് (ഇന്നത്തെ റമളാൻ) റജബ് എന്ന റബീഅ ഗോത്രക്കാരുടെ ധാരണ ശരിയല്ലെന്നാണ് തിരുനബി(സ്വ) ഇവിടെ വ്യക്തമാക്കുന്നത്. യുദ്ധം നിഷിദ്ധമായ മാസങ്ങളിൽ മൂന്നെണ്ണം തുടർച്ചയായുള്ളവയും ഒന്നു മാത്രം ഒറ്റക്കു നിൽക്കുന്നതുമാണ്. ഹജ്ജ്-ഉംറ കർമങ്ങൾ നിർഭയത്വത്തോടെ നിർവഹിക്കാൻ വേണ്ടിയാണ് ഹജ്ജു മാസമായ ദുൽഹജ്ജിനു മുമ്പുള്ള ദുൽഖഅ്ദിനെയും ശേഷമുള്ള മുഹർറമിനെയും യുദ്ധം നിഷിദ്ധമായ മാസങ്ങളാക്കിയത്. വർഷത്തിന്റെ മധ്യത്തിലുള്ള റജബിനെ വിശുദ്ധമാക്കിയത് പരിശുദ്ധ ഗേഹത്തെ സന്ദർശിക്കാൻ വേണ്ടി വിദൂര പ്രദേശങ്ങളിൽ നിന്ന് വരുന്നവർക്ക് നിർഭയത്വത്തോടെ വന്ന് സന്ദർശനം നടത്തി തിരിച്ചു പോകാൻ വേണ്ടിയുമാണ്’ (തഫ്സീറുൽ ഖുർആനിൽ അളീം 4/148).
റജബ് എന്ന പദത്തിനർത്ഥം ആദരണീയമായത് എന്നാണ്. ജാഹിലിയ്യാ കാലത്ത് അറബികൾ ഈ മാസത്തിൽ യുദ്ധം ഒഴിവാക്കിക്കൊണ്ട് അതിനെ ആദരിച്ചതു മൂലമാണ് പ്രസ്തുത മാസത്തിന് റജബ് എന്നു നാമകരണം ചെയ്യപ്പെട്ടത് (അൽ ഖാമൂസുൽ മുഹീത്വ് 1/74).
ശഹ്റുല്ലാഹി, റജബ്, റജബു മുളർ, അസ്വമ്മ്, മുനഫ്ഫസ്, മുത്വഹ്ഹർ, മുഖീമ്, ഹരിം, ഫർദ്, അസ്വബ്ബ്, മുഅല്ലാ, മുഖശ്ഖശ്, മുബ്രിഅ്, മൻസ്വലുൽ അസിന്ന എന്നീ പതിനാലു പേരുകൾ ഈ മാസത്തിന്റേതായി പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. റജ്മ്, മൻസ്വലുൽ ആല്, മൻസഉൽ അസിന്ന എന്നിവ കൂടി ചിലർ ചേർത്തിട്ടുണ്ട് (ലത്വാഇഫുൽ മആരിഫ് – 5/281)
ഈ പേരുകളിൽ ചിലതിന്റെ നാമകരണ നിദാനവും ചില പണ്ഡിതന്മാർ വ്യക്തമാക്കിയതുകാണാം. യുദ്ധം നിഷിദ്ധമാക്കിയതു മൂലം ആയുധങ്ങളുടെ ശബ്ദം കേൾക്കാത്തതു കൊണ്ട് അസ്വമ്മ് (ബധിരൻ) എന്നും അല്ലാഹുവിന്റെ കാരുണ്യം കുത്തിച്ചൊരിയുന്ന കാലമായതുകൊണ്ട് അസ്വബ്ബ് (കൂടുതൽ ചൊരിയുന്നത്) എന്നും പിശാച് ആട്ടിയോടിക്കപ്പെടുന്ന മാസമായതു കൊണ്ട് റജ്മ് (കല്ലെറിഞ്ഞോടിക്കുന്നത്)എന്നും മുള്വർബ്നു നിസാറിന്റെ കാലം മുതൽ തന്നെ പവിത്രതയുള്ള മാസമായതു കൊണ്ട് ഹരിം (കൂടുതൽ പ്രായമുള്ളത്) എന്നും അറബികൾക്കിടയിൽ ഇതര മാസങ്ങളേക്കാൾ ഉയർന്ന സ്ഥാനമുള്ളതായതു കൊണ്ട് മുഅല്ലാ (ഉയർന്നു നിൽക്കുന്നത്) എന്നും യുദ്ധം നിഷിദ്ധമായതു നിമിത്തം അതിക്രമങ്ങളിൽ നിന്ന് മുക്തമായതു കൊണ്ട് മുബ്രിഅ് (മോചിപ്പിക്കുന്നത്)എന്നുമെല്ലാം വിളിക്കപ്പെട്ടുവെന്നാണ് പണ്ഡിതാഭിപ്രായം (ശഹ്റു റജബ്/9,10).
സയ്യിദ് ബക്രി(റ) എഴുതുന്നു: ‘റജബ് എന്ന പദം ബഹുമാനിക്കൽ എന്നർത്ഥം വരുന്ന തർജീബ് എന്ന പദത്തിൽ നിന്ന് എടുത്തതാണ്. കാരണം അറബികൾ മറ്റുമാസങ്ങളേക്കാൾ കൂടുതൽ റജബിനെ ആദരിച്ചിരുന്നു. നന്മകൾ ചൊരിയുന്നതു കൊണ്ട് ‘അസ്വബ്ബ്’ എന്നും ആയുധ ശബ്ദങ്ങൾ കേൾക്കാത്തതു കൊണ്ട് ‘അസ്വമ്മ്’ എന്നും ശത്രുക്കളെയും പിശാചുക്കളേയും ഓടിക്കുന്നതു കൊണ്ട് ‘റജ്മ്’ എന്നും ഇതിനു പേരുണ്ട് (ഇആനത്ത് 2/307). നാമങ്ങളുടെ ആധിക്യം വസ്തുവിന്റെ സ്ഥാനത്തിന്റെയും മഹത്ത്വത്തി ന്റെയും വർധനവിനെ അറിയിക്കുമെന്നതു ഭാഷാ ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങളിൽപെട്ടതാണ്.
റജബ് എന്ന പദത്തിലെ ആദ്യാക്ഷരം അല്ലാഹുവിന്റെ കാരുണ്യത്തിലേക്കും മധ്യാക്ഷരം അവന്റെ ഔദാര്യത്തിലേക്കും അവസാനാക്ഷരം അവന്റെ ഗുണത്തിലേക്കുമുള്ള സൂചനയാണെന്നും പണ്ഡിതന്മാർ പ്രസ്താവിച്ചിട്ടുണ്ട്. ആഇശാ(റ)യിൽ നിന്നു നിവേദനം. നബി(സ്വ) പറയുന്നു: ‘നിശ്ചയം റജബ് അല്ലാഹുവിന്റെ മാസമാണ്'(ബൈഹഖി / ശുഅ്ബുൽ ഈമാൻ). മറ്റൊരു ഹദീസിൽ അവിടുന്ന് പറഞ്ഞു: ‘റജബ് അല്ലാഹുവിന്റെ മാസമാണ്. ശഅ്ബാൻ എന്റെ മാസവും റമളാൻ എന്റെ സമുദായത്തിന്റെ മാസവുമാണ്’ (അൽ മഖാസ്വിദുൽ ഹസന). മാസത്തെ അല്ലാഹുവിലേക്ക് ചേർത്തിപ്പറഞ്ഞതിനെക്കുറിച്ച് ഇമാം മുനാവി(റ) വിവരിക്കുന്നതിങ്ങനെ: ‘മാസത്തെ അല്ലാഹുവിലേക്ക് ചേർത്തിപ്പറയുന്നത് അതിന്റെ ശ്രേഷ്ഠതക്കും ബഹുമാനത്തിനുമുള്ള തെളിവാണ്. അതിനെ യുദ്ധം നിഷിദ്ധമായ മാസമായി പ്രഖ്യാപിച്ചത് അല്ലാഹുവാണെന്നും അതിൽ മാറ്റം വരുത്താൻ ആർക്കും അധികാരമില്ലെന്നുമാണ് അതിന്റെ അർത്ഥം(ഫൈളുൽ ഖദീർ 4/24).
റജബിൽ നോമ്പനുഷ്ഠിക്കുന്നതിനു പ്രത്യേക പുണ്യമുണ്ടെന്ന് കർമശാസ്ത്ര ഗ്രന്ഥങ്ങളിൽ കാണാവുന്നതാണ്. വിശുദ്ധ റമളാനിനു ശേഷം നോമ്പനുഷ്ഠിക്കാൻ പറ്റിയ ഏറ്റവും നല്ല മാസത്തെ കുറിച്ച് ശൈഖ് സൈനുദ്ദീൻ മഖ്ദൂം(റ) രേഖപ്പെടുത്തുന്നു: ‘റമളാൻ കഴിഞ്ഞാൽ നോമ്പെടുക്കാൻ ഏറ്റവും ശ്രേഷ്ഠമായത് യുദ്ധം നിഷിദ്ധമായ നാലു മാസങ്ങളാണ്. അവയിൽ ഏറ്റവും ശ്രേഷ്ഠമായത് മുഹർറം മാസമാണ്. പിന്നെ റജബും ശേഷം ദുൽഹിജ്ജയും പിന്നെ ദുൽഖഅ്ദുമാണ്. അതിനു ശേഷം ശഅ്ബാനും’ (ഫത്ഹുൽ മുഈൻ/204). മുസ്ലിം സമൂഹത്തിന് അഭിമാനകരമായ വിധത്തിൽ തിരുനബി(സ്വ)ക്കുണ്ടായ ഇസ്റാഅ്-മിഅ്റാജിന്റെ പേരിൽ അല്ലാഹുവിനോട് നന്ദി പ്രകടിപ്പിക്കുന്നതിന്റെ ഭാഗമായി റജബ് ഇരുപത്തിയേഴിന് നോമ്പനുഷ്ഠിക്കൽ പ്രത്യേകം സുന്നത്താണെന്ന് കർമശാസ്ത്ര വിശാരദന്മാർ രേഖപ്പെടുത്തിയിട്ടുണ്ട് (ബാജൂരി 1/314). അതേസമയം റജബിലെ ആദ്യ വെള്ളിയാഴ്ച രാവിൽ ഇശാ-മഗ്രിബിന്റെ ഇടയിലെ പന്ത്രണ്ട് റക്അത്ത് നിസ്കാരം പോലോത്തവ മോശമായ ബിദ്അത്താണെന്ന് പണ്ഡിതർ രേഖപ്പെടുത്തുന്നുമുണ്ട്.
അനസ്(റ)വിൽ നിന്നുള്ള ഒരു നിവേദനത്തിൽ റജബ് മാസം സമാഗതമായാൽ നബി(സ്വ) ‘അല്ലാഹുവേ, റജബിലും ശഅ്ബാനിലും ഞങ്ങൾക്ക് നീ ബറകത്തു നൽകേണമേ. റമളാൻ മാസത്തെ ഞങ്ങൾക്കു നീ എത്തിക്കുകയും ചെയ്യേണമേ’ (ശുഅ്ബുൽ ഈമാൻ 3665) എന്നു പ്രാർത്ഥിക്കാറുണ്ടായിരുന്നുവെന്നു കാണാം. ഈ ഹദീസിൽ വന്നതു പോലെ ബല്ലിഗ്നാ റമളാൻ എന്നു പ്രാർത്ഥിക്കലാണ് അഭികാമ്യം. ശഹ്റ റമളാൻ എന്നോ പ്രസ്തുത ദുആഇനു ശേഷം സാധാരണ പ്രാർത്ഥനയിൽ ഉൾപ്പെടുത്താറു
ള്ള വ വഫ്ഫിഖ്നാ ഫീഹി ലിസ്സ്വിയാമി…. എന്നതോ ഹദീസിൽ വന്നതായി കണ്ടിട്ടില്ല. ഹദീസിൽ വന്ന ഈ പ്രാർത്ഥന ശഅ്ബാനിൽ നടത്തുകയാണെങ്കിലും ഫീ റജബിൻ എന്ന പദം ഉപേക്ഷിക്കേണ്ടതുമില്ല. ഹദീസിൽ വന്നത് അതേ പടി പകർത്തണമെന്നാണല്ലോ ഇമാമുമാർ നമ്മെ പഠിപ്പിച്ചത്.
ചുരുക്കത്തിൽ, മാസങ്ങളുടെ നേതാവായ വിശുദ്ധ റമളാനിനെ വരവേൽക്കാൻ വേണ്ടി വിശ്വാസികൾ കാത്തിരിപ്പ് തുടങ്ങുന്ന മാസമാണ് റജബ്. രണ്ട് മാസത്തെ രാപ്പകൽ പ്രാർത്ഥന കൊണ്ടും മാനസികമായ തയ്യാറെടുപ്പുകൾ കൊണ്ടും വിശ്വാസികൾ പ്രതീക്ഷിച്ചിരിക്കുന്ന റമളാൻ അവരുടെ മനസ്സിനെ അഴിച്ചു പണിയുന്ന കാലം കൂടിയാണ്. അബ്ദുറഹ്മാനിസ്സുഫൂരി(റ) പറയുന്നു: ‘റജബ് സൽക്കർമങ്ങളുടെ വിത്ത് കുഴിച്ചിടേണ്ട മാസമാണ്. ശഅ്ബാൻ വിത്തിനു വെള്ളമൊഴിക്കേണ്ട മാസവും റമളാൻ കൃഷി കൊയ്തെടുക്കാനുള്ള മാസവുമാണ്. റജബിൽ വിത്ത് കുഴിച്ചിടാതെയും ശഅ്ബാനിൽ വെള്ളം നൽകാതെയും എങ്ങനെയാണ് റമളാനിൽ കാരുണ്യക്കൃഷി കൊയ്തെടുക്കാൻ സാധിക്കുക?’ (നുസ്ഹതുൽ മജാലിസ്).