ആലപ്പുഴ ജില്ലയിലെ പാനൂരിൽ പ്രസിദ്ധ കുടുംബമായ വൈലിത്തറയിൽ മഹാപണ്ഡിതനും സൂഫിവര്യനുമായ മുഹമ്മദ് മുസ്ലിയാരുടെ മകനായാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി ജനിക്കുന്നത്. ശംസുൽ ഉലമാ ഖുതുബി മുഹമ്മദ് മുസ്‌ലിയാരു(ന.മ)ടെയും പതി അബ്ദുൽ ഖാദിർ മുസ്‌ലിയാരു(ന.മ)ടെയും ഉസ്താദും ഓച്ചിറയിൽ അന്ത്യവിശ്രമം കൊള്ളുന്നവരുമായ വാഴക്കാട് ഉസ്താദി(ന.മ)ന്റെ ശിഷ്യനായിരുന്നു പിതാവ്. ഓച്ചിറയിലും തൃശൂർ ജില്ലയിലെ വെന്മേനാടും മറ്റുമായിരുന്നു വൈലിത്തറ ഉസ്താദിന്റെ ദർസ് പഠനം. പഠിക്കുന്ന കാലത്തുതന്നെ പ്രസംഗകലയിൽ കഴിവുതെളിയിച്ച അദ്ദേഹം പിന്നീട് പ്രസംഗം ദീനീ സേവന മാർഗമായി സ്വീകരിച്ചു. പതിറ്റാണ്ടുകളോളം കേരളത്തിലെ ഇസ്‌ലാമിക പ്രഭാഷണരംഗത്തെ കുലപതിയായി അദ്ദേഹം വിരാജിച്ചു. കേരളത്തിൽ അദ്ദേഹം പ്രസംഗിക്കാത്ത സ്ഥലങ്ങൾ വിരളമാണെന്നു പറയാം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും ഗൾഫ് രാജ്യങ്ങളിലും പലതവണ പ്രസംഗിച്ചിട്ടുണ്ട്.
മൺമറഞ്ഞവരും ജീവിച്ചിരിക്കുന്നവരുമായ സുന്നത്ത് ജമാഅത്തിന്റെ സമുന്നത നേതൃത്വവുമായി ഇടപഴകിയായിരുന്നു വൈലിത്തറ ഉസ്താദിന്റെ സേവനങ്ങൾ. വിശിഷ്യാ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദുമായി അഭേദ്യമായ ബന്ധം പുലർത്തിയിരുന്നു. ഉസ്താദിന്റെ നാടായ കാന്തപുരത്ത് പ്രസംഗിക്കുന്ന സമയത്ത് തുടങ്ങിയ ബന്ധം മരണംവരെയും ഊഷ്മളമായി തുടർന്നു കൊണ്ടുപോകാനും ശക്തിപ്പെടുത്താനും വൈലിത്തറക്ക് സാധിച്ചു. കാന്തപുരം ഉസ്താദ് തെക്കൻ കേരളത്തിൽ വരുന്ന മിക്ക സന്ദർഭങ്ങളിലും വൈലിത്തറയെ സന്ദർശിക്കാറുണ്ടായിരുന്നു. ഏതാനും വർഷങ്ങൾക്കു മുമ്പ് ഹരിപ്പാട് നടന്ന ഹുബ്ബുറസൂൽ സമ്മേളനത്തിൽ കാന്തപുരം ഉസ്താദ് അദ്ദേഹത്തിന് ‘അമീറുൽ ഖുത്വബാഅ്’ (പ്രസംഗകരുടെ നേതാവ്) എന്ന സ്ഥാനപ്പേര് നൽകി ആദരിച്ചു. പ്രായാധിക്യവും ശാരീരിക അവശതകളും കാരണം വീട്ടിൽ വിശ്രമജീവിതം നയിക്കുന്ന സമയത്തും സുൽത്വാനുൽ ഉലമയുടെ ക്ഷണം സ്വീകരിച്ച് ക്ഷീണം വകവെക്കാതെ നോളജ് സിറ്റിയിൽ നടന്ന സമ്മേളനത്തിൽ പങ്കെടുക്കുകയുണ്ടായി. ആ പ്രസംഗത്തിൽ ഇമാം അബുൽ ഖാസിം(റ)യുടെ ‘അർരിസാലത്തുൽ ഖുശൈരിയ്യ’ ഉദ്ധരിച്ചു കൊണ്ട് സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് റബ്ബിന്റെ യഥാർത്ഥ വലിയ്യ് അല്ലെങ്കിൽ ഇക്കാലത്ത് അല്ലാഹുവിന് ഔലിയാക്കളില്ലെന്ന് സലക്ഷ്യം സമർത്ഥിച്ചത് ഓർക്കുന്നു. വ്യവസായ പ്രമുഖനായ എംഎ യൂസുഫലി സാഹിബുമായും അദ്ദേഹം നല്ല അടുപ്പം പുലർത്തിയിരുന്നു. ആദ്യകാലങ്ങളിൽ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങൾ തന്നെയാണ് ഈ ബന്ധങ്ങൾക്കെല്ലാം നിദാനമായത്.
ദീനീവിഷയങ്ങൾ ശാസ്ത്രീയമായും പ്രായോഗികമായും ഏവർക്കും ഉൾക്കൊള്ളാൻ പര്യാപ്തമായ വിധം അവതരിപ്പിക്കാൻ വൈലിത്തറ ഉസ്താദിനുള്ള കഴിവ് അപാരമായിരുന്നു. സുന്നത്ത് ജമാഅത്തിന്റെ ആദർശങ്ങൾ കാലോചിതമായി അവതരിപ്പിക്കുന്നതിൽ അദ്ദേഹത്തോളം വൈദഗ്ധ്യം പുലർത്തിയവർ അധികമാരുമുണ്ടായിരുന്നില്ല. അടിയുറച്ച ആദർശബോധമായിരുന്നു വൈലിത്തറയുടെ ഏറ്റവും വലിയ സവിശേഷത. അൽപം ഭൗതിക വിദ്യാഭ്യാസം നേടുമ്പോഴേക്കും സുന്നി ആദർശങ്ങളോട് പുച്ഛമനോഭാവം പുലർത്തുകയും സുന്നിയാണെന്നു പറയാൻ വൈമുഖ്യം തോന്നുകയും പുത്തൻവാദം ഒരു ഫാഷനായി കൊണ്ടുനടക്കുകയും ചെയ്തിരുന്ന കാലഘട്ടത്തിലാണ് കാഴ്ചയിൽ പരിഷ്‌കാരിയായ ഒരു മനുഷ്യൻ ഇംഗ്ലീഷ് ഉദ്ധരണങ്ങളുടെയും മലയാളം കവിതകളുടെയും ഇതരമത വേദങ്ങളുടെയും അകമ്പടിയോടെ സുന്നത്ത് ജമാഅത്തിന്റെ ആശയങ്ങൾ സമർത്ഥിച്ചുകൊണ്ട് സ്റ്റേജുകളിൽ മിന്നൽപിണറായത്. പണ്ഡിതരും പാമരരും അഭ്യസ്തവിദ്യരുമെല്ലാം വിസ്മയത്തോടെ ആ വാഗ്‌ധോരണിക്കായി കാതോർത്തു. സുന്നി സ്വത്വബോധത്തെ അഭിമാനകരമായ വിതാനത്തിലേക്കുയർത്തിയ ആ വചനവിസ്മയത്തിന്റെ പേരാണ് വൈലിത്തറ മുഹമ്മദ് കുഞ്ഞ് മൗലവി. സുന്നി പറയാൻ എന്നും അദ്ദേഹത്തിന് ആവേശമായിരുന്നു. മർഹൂം പതി അബ്ദുൽ ഖാദിർ മുസ്‌ലിയാർക്കു ശേഷം മലബാറിൽ വൈലിത്തറ നടത്തിയ തേരോട്ടം സുന്നീ സമൂഹത്തിന് പകർന്ന ആവേശവും ഊർജവും വിവരണാതീതമാണ്. സമസ്തയുടെ ഉന്നതശീർഷരായ പണ്ഡിത കേസരികളുടെയെല്ലാം അനുഗ്രഹവും ആശീർവാദവും അദ്ദേഹത്തിനുണ്ടായിരുന്നു.
അഭ്യസ്തവിദ്യരുടെയും യുവാക്കളുടെയും ഹരമായിരുന്നു വൈലിത്തറയുടെ വഅ്ളുകൾ. സ്വതസിദ്ധമായ ശൈലിയിൽ നിന്നും കസേരയിലും മേശപ്പുറത്തുമൊക്കെ ഇരുന്നും നടത്തുന്ന പ്രഭാഷണങ്ങൾ വേറിട്ട അനുഭവമായി ഇന്നും പഴയ തലമുറ മനസ്സിൽ സൂക്ഷിക്കുന്നു. കേവലം ഒരു പ്രഭാഷണം നടത്തിപ്പോവുക എന്നതിനപ്പുറം തന്റെ വഅ്ളുകൾ സാധാരണക്കാർക്ക് മതവിദ്യാഭ്യാസം നൽകുന്നതിനുള്ള മികച്ച അവസരമായി അദ്ദേഹം കണ്ടു. പ്രസംഗം ശ്രോതാക്കൾ വളരെ ശ്രദ്ധയോടെ കേൾക്കണമെന്ന് അദ്ദേഹത്തിനു നിർബന്ധമായിരുന്നു. താൻ പറയുന്ന കാര്യങ്ങൾ എല്ലാവരും പഠിച്ചു മനസ്സിലാക്കണമെന്ന ആഗ്രഹമായിരുന്നു ഈ ശാഠ്യത്തിനു പിന്നിൽ. പഴയ കാലത്ത് പുകവലിക്കുന്നവർ ഇടയ്ക്ക് സദസ്സിൽ നിന്നു പുറത്തുപോകുമായിരുന്നു. ഇതു മനസ്സിലാക്കി പലപ്പോഴും അദ്ദേഹം പറയും: ‘പുകവലിക്കണമെന്നു നിർബന്ധമുള്ളവർക്ക് അവിടെത്തന്നെ കുനിഞ്ഞിരുന്നു വലിക്കാം; പുറത്തു പോകരുത്.’
അപാരമായ ഓർമശക്തി വൈലിത്തറ ഉസ്താദിന്റെ ഒരനുഗൃഹീത സിദ്ധിയായിരുന്നു. ഓച്ചിറയിൽ വാഴക്കാട് ഉസ്താദിന്റെ അടുക്കൽ നിന്ന് ഓതിപ്പഠിച്ച പത്തുകിതാബിലെ ഇബാറത്തുകൾ മുതൽ അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലുമുള്ള ബൃഹദ് ഗ്രന്ഥങ്ങളിൽ നിന്നുള്ള ഉദ്ധരണങ്ങളും കവിതകളും ജീവിതാനുഭവങ്ങളുമൊക്കെ സമം ചേർത്ത് നർമത്തിന്റെ അകമ്പടിയോടെ അദ്ദേഹം അവതരിപ്പിക്കുമ്പോൾ സമയ ദൈർഘ്യത്തെക്കുറിച്ച് ശ്രോതാക്കൾ ചിന്തിക്കാറില്ല എന്നതാണനുഭവം. പുലർച്ചെ രണ്ടുമണി വരെ പ്രസംഗം നീണ്ടാലും മടുപ്പും മുഷിപ്പുമില്ലാതെ സദസ്യർ ഇരിപ്പിടത്തിലിരിക്കുന്ന അത്യപൂർവ കാഴ്ച വൈലിത്തറയുടെ മാത്രം പ്രത്യേകതയായിരുന്നു.
ഭക്ഷണം, താമസം, ഉച്ചഭാഷിണി തുടങ്ങി എല്ലാറ്റിലും തന്റേതായ ചില കണിശതകൾ അദ്ദേഹം പാലിച്ചിരുന്നു. അതെല്ലാം പ്രസംഗകലയുടെ അനിവാര്യ ഘടകങ്ങളാണെന്ന് സംഘാടകരെ ബോധ്യപ്പെടുത്തുകയും ചെയ്യും. ഭക്ഷണ കാര്യങ്ങളും ആരോഗ്യവുമെല്ലാം ശ്രദ്ധിക്കണമെന്ന് പുതുതലമുറ പ്രഭാഷകരോട് എപ്പോഴും സ്‌നേഹബുദ്ധ്യാ ഉണർത്തുമായിരുന്നു. മുപ്പതിലധികം വർഷങ്ങൾക്കു മുമ്പ് കായംകുളം ശഹീദാർ പള്ളിയിൽ മുദരിസായിരിക്കെ മദ്‌റസ നിർമാണവുമായി ബന്ധപ്പെട്ട് ഞങ്ങളൊരു പ്രസംഗ പരമ്പര സംഘടിപ്പിച്ചു. മർഹൂം തഴവ മുഹമ്മദ് കുഞ്ഞ് മൗലവി, മർഹൂം കരുനാഗപ്പള്ളി അബ്ദുസ്സലീം മൗലവി, കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ഷൊർണൂർ സൈനുദ്ദീൻ മൗലവി, പട്ടാമ്പി മുഹമ്മദ് മൗലവി തുടങ്ങിയവരായിരുന്നു പ്രസംഗകർ. വൈലിത്തറ ഉസ്താദിനെയും രണ്ടു ദിവസത്തേക്ക് ക്ഷണിച്ചു. ഒന്നാം ദിവസം പ്രസംഗിച്ചപ്പോൾ ഉച്ചഭാഷിണി ശരിയല്ല, അഹൂജയുടെ ഷുവർ മൈക്ക് തന്നെ വേണമെന്നു ശാഠ്യം പിടിച്ചു. ഇന്നിങ്ങനെ പോകട്ടെ നാളെ ശരിയാക്കാമെന്നായി സംഘാടകർ. അദ്ദേഹം സമ്മതിച്ചു. പിറ്റേന്ന് ഉസ്താദ് സ്റ്റേജിലേക്കു വന്നപ്പോൾ മൈക്ക് മാറ്റിയിട്ടില്ല. ദേഷ്യം പിടിച്ച അദ്ദേഹം മടങ്ങിപ്പോകാൻ തീരുമാനിച്ചു. സംഘാടകർ പരിഭ്രാന്തരായി. ഒടുവിൽ മറ്റൊരു ഓപ്പറേറ്ററുടെ പക്കൽനിന്ന് ഉസ്താദ് പറഞ്ഞ തരത്തിലുള്ള മൈക്ക് സംഘടിപ്പിച്ചതിനു ശേഷമാണ് പ്രസംഗിച്ചത്. അത്തരം ചിട്ടകളും ആരോഗ്യ സംരക്ഷണവും കർശനമായി പാലിച്ചതുകൊണ്ട് മാത്രമാണ് ആറു പതിറ്റാണ്ട് പ്രസംഗവേദികളിൽ നിറഞ്ഞുനിൽക്കാൻ ഉസ്താദിന് സാധിച്ചത്.
പതിറ്റാണ്ടുകൾക്ക് മുമ്പ് പരിചയപ്പെട്ട കാലം മുതൽ വാത്സല്യം കലർന്ന സ്‌നേഹമാണ് ഉസ്താദ് പ്രകടിപ്പിച്ചിരുന്നത്. സയ്യിദുമാരെയും പണ്ഡിതന്മാരെയും അത്യധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിരുന്ന അദ്ദേഹം അവരെ സൽക്കരിക്കാൻ വലിയ ഉത്സാഹം കാണിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രിയപത്‌നി ഈ അഭീഷ്ടം ഉൾക്കൊണ്ട് ധാരാളം മഹത്തുക്കൾക്ക് വിരുന്നൊരുക്കി.
വിനയാന്വിതനായി പെരുമാറിയ, ശുദ്ധമനസ്സിന്റെ ഉടമയായിരുന്ന വൈലിത്തറ ഉസ്താദ് അവസാന കാലങ്ങളിൽ സമയം മുഴുക്കെ ഇബാദത്തിലും ഔറാദുകളിലുമായാണ് കഴിച്ചുകൂട്ടിയത്. ഇശാ മഗ്രിബിനിടയിൽ ആരെയും കാണാനോ സംസാരിക്കാനോ മുതിർന്നില്ല.
രചനയിലും ശ്രദ്ധ പതിപ്പിച്ചിരുന്നു. ‘ഖുർആനുള്ളപ്പോൾ പിന്നെന്തിന് മദ്ഹബ്?’ എന്ന ഉസ്താദിന്റെ ഗ്രന്ഥം മദ്ഹബ് നിഷേധികളുടെ സകല കുയുക്തികളും വേരോടെ പിഴുതെറിഞ്ഞ് സുന്നത്ത് ജമാഅത്തിന് കരുത്തുപകർന്നു.
വൈലിത്തറ ഉസ്താദിന്റെ വേർപാട് കേരളത്തിലെ ഇസ്‌ലാമിക പ്രബോധന മേഖലക്ക് പൊതുവിലും ആലപ്പുഴ ജില്ലക്ക് പ്രത്യേകിച്ചും നികത്താനാവാത്ത നഷ്ടമാണ്. പ്രഭാഷകരുടെ കാരണവരായി പ്രോജ്വലിച്ചുനിന്ന അതികായനെയാണ് നഷ്ടമായിരിക്കുന്നത്. അല്ലാഹു അദ്ദേഹത്തിന്റെ സേവനങ്ങളെല്ലാം സ്വീകരിച്ച് പാരത്രിക ദറജ വർധിപ്പിക്കട്ടെ.

 

എ ത്വാഹാ മുസ്ലിയാർ കായംകുളം

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ