ഒരു തെരഞ്ഞെടുപ്പ് മാമാങ്കം കൂടി അവസാനിച്ചു. കാലുവാരിയും കാലുപിടിച്ചും തോളിൽ കൈയിട്ടു നടന്നവനെ വാരിക്കുഴിയിൽ വീഴ്ത്തിയുമൊക്കെ രാഷ്ട്രീയക്കാർ ആഘോഷിച്ചു തീർക്കുകയായിരുന്നു ഈ തെരഞ്ഞെടുപ്പുത്സവ സീസൺ. രാഷ്ട്രീയത്തിൽ സ്ഥിരമായ ശത്രുക്കളില്ലെന്നത് പണ്ടേ പറയുന്നതാണ്. അവിടെ നിഷിദ്ധമായതൊന്നുമില്ലെന്ന് ഇപ്പോൾ തെളിഞ്ഞുകൊണ്ടിരിക്കുന്നു. എതിർ പാർട്ടിക്കാരെ മാത്രമല്ല; സ്വന്തം ആളുകളെയും കൊല്ലാനും കൊല്ലിക്കാനും അവർ മത്സരിക്കുന്നു. ഗ്രൂപ്പ് വൈര്യത്തിന്റെ പേരിൽ ഒരു പച്ചമനുഷ്യനെ വെട്ടി നുറുക്കുമ്പോൾ അതിനു ദൃക്സാക്ഷികളാവേണ്ടി വരുന്ന മാതാവിന്റെയും ഭാര്യാസന്താനങ്ങളുടെയും മനസ്സിലെ നൊമ്പരം കാണാൻ പോലും പലർക്കുമാവുന്നില്ല. കൊല്ലപ്പെട്ടവന്റെ ബന്ധുക്കൾക്ക് അന്ത്യചുടംബനത്തിനുള്ള അവകാശം നിഷേധിച്ചുകൊണ്ട് മുഖം തന്നെയും വെട്ടിനുറുക്കുന്നു. എല്ലാം രാഷ്ട്രസേവനത്തിന്റെ പേരിൽ!
മുസ്ലിം സമുദായത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന ചില രാഷ്ട്രീയ മേലാളൻമാരുണ്ടിവിടെ. മുസ്ലിം ആണിനും പെണ്ണിനും അല്ലാഹുവും റസൂലും തീരുമാനിച്ചതിനപ്പുറത്ത് മറ്റൊന്ന് തിരഞ്ഞെടുക്കാൻ അവകാശമില്ലെന്ന് ഖുർആൻ വ്യക്തമാക്കിയതാണ്. രാഷ്ട്രീയത്തിൽ പക്ഷേ ഈ സൂക്തത്തിന് ആത്മീയതയുടെ മൂടുപടമിട്ടവർ തന്നെയും ഒരു പ്രസക്തിയും നൽകാറില്ല. എന്ത് ഖുർആൻ എന്നതാണ് പതിവു രീതി. മതവിരുദ്ധമായി സ്ത്രീകൾക്കൊപ്പമിരിക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോൾ പണ്ടൊരു രാഷ്ട്രീയ മൗലവി പ്രതികരിച്ചതിങ്ങനെയായിരുന്നു: ‘അത് ശരീഅത്ത് ആക്റ്റ്. ഇത് പഞ്ചായത്ത് ആക്റ്റ്!’ ഇവിടെ മതത്തിന് റോളില്ലെന്നു ചുരുക്കം. ഇങ്ങനെയൊക്കെ ‘സമുദായസേവനം’ ചെയ്യുന്നവർ ‘വെറുതെ വിടുമെന്നാണോ മനുഷ്യരുടെ വിചാരമെന്ന’ ഖുർആന്റെ ചോദ്യം ആവർത്തിച്ചു കേൾക്കണം.
ഏതു മത്സരത്തിലും ഒരാളേ ജയിക്കൂ. പരാജയപ്പെടുന്നവർ അത് അംഗീകരിക്കുകയും തന്റെയും പാർട്ടിയുടെയും കയ്യിലിരിപ്പുകൊണ്ടാണെന്നു തിരിച്ചറിയുകയുമാണ് വേണ്ടത്. പ്രാദേശിക തെരഞ്ഞെടുപ്പു ഫലവുമായി ബന്ധപ്പെട്ടു പക്ഷേ, നാം കേരളക്കാർ എന്തൊക്കെയാണ് സഹിക്കേണ്ടി വന്നത്. തെറിവിളികൾ, വീടുകേറിയുള്ള ഭത്സനങ്ങൾ, ചെറിയ മക്കളെ പോലും പരിഗണിക്കാതെ എതിരാളിയെ കുറിച്ച് അശ്ലീല പദവർഷങ്ങൾ. സ്വന്തം നേതാവിന്റെ വീട്ടുപടിക്കൽ ഒരുമിച്ചു കൂടി പടക്കം പൊട്ടിച്ചെറിഞ്ഞ് വിളിച്ചു കൂവിയ വൃത്തികേടുകൾ എത്ര ഭീകരമായിരുന്നു. ഒടുവിൽ അദ്ദേഹത്തെയും മരണപ്പെട്ടപിതാവിനെയും പച്ചക്ക് ശുനകവിളിയും നടത്തി. കണ്ണൂരിൽ ചിലയിടങ്ങളിൽ എതിർ സ്ഥാനാർത്ഥിയായ വനിതയുടെ വേഷം ധരിച്ച് ആഭാസകരമായ ലൈംഗിക ചേഷ്ടകൾക്കും സ്തനമർദ്ദനത്തിനും രാഷ്ട്രീയ ഭ്രാന്ത് പിടിച്ചവർ തയ്യാറായി. പണ്ഡിതവരേണ്യർക്കെതിരെ മാല-മൗലിദ് രീതിയിൽ ഭരണിപ്പാട്ട് പള്ളിമുറ്റത്തിരുന്നു പോലും ആലപിക്കുകയും ചെയ്തു.
മതവും രാഷ്ട്രീയവും ഒന്നിച്ച് കൊണ്ടുപോകുന്ന ‘സമുദായ’നേതാക്കൾ ഇതേകുറിച്ചൊന്നും പ്രതികരിച്ചില്ലെന്നു മാത്രമല്ല, വിനീതവിധേയദാസനായിരിക്കാനും സീറ്റും ചോറുമുറപ്പിക്കാനും ചില പണ്ഡിതകോലക്കാർ, ഈ തോന്നിവാസങ്ങൾ സ്വർഗം നേടാനുള്ള ഇബാദത്തുകളാണെന്ന് ഫത്വ കൊടുക്കുകയും ചെയ്തു. ഇതൊക്കെ കാണുമ്പോൾ ധ്രുവചരിതത്തിൽ കുഞ്ചൻനമ്പ്യാർ പറഞ്ഞതാണ് ഓർമവരുന്നത്:
രാജാവിനെച്ചെന്നു സേവിച്ചു നിൽക്കയും/വ്യാജം പറഞ്ഞു പലരെച്ചതിക്കയും/കൈക്കൂലിമെല്ലെപ്പിടുങ്ങുവാനല്ലാതെ/ഇക്കാരിയക്കാരൻമാർക്കില്ല വാഞ്ഛിതം.