തിരുനബി(സ്വ) പറയുന്നു: നിശ്ചയം ഇസ്ലാം വൃത്തിയുള്ളതാണ്, നിർമലമാണ്. നിങ്ങളും വൃത്തിയുള്ളവരാവുക. കാരണം വൃത്തിയുള്ളവനല്ലാതെ സ്വർഗത്തിൽ പ്രവേശിക്കുകയില്ല (അൽഖത്വീബ്).

വിശുദ്ധ ഇസ്‌ലാം വൃത്തിക്കും ശുചിത്വത്തിനും മുന്തിയ പരിഗണനയാണ് നൽകിയിട്ടുള്ളത്. വൃത്തി വിശ്വാസിയുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. ഈ ഹദീസിൽ നബി(സ്വ) വൃത്തിയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നുണ്ട്. ഇസ്‌ലാമിന്റെ പരിശുദ്ധി പോലെത്തന്നെ വിശ്വാസിയിലും വിശുദ്ധിയുണ്ടാവണം. അവന്റെ അകവും പുറവും വൃത്തിയുള്ളതാവണം. അകം വൃത്തിയാകുന്നതിന്റെ അടിസ്ഥാനം സത്യവിശ്വാസമുണ്ടാവുകയെന്നതാണ്. വിശ്വാസപരമായ വൈകല്യങ്ങളും അബദ്ധ ധാരണകളും അകത്തെ ബാധിക്കുന്ന മാലിന്യങ്ങളത്രെ. വിശ്വാസത്തെ എത്ര കൃത്യതയോടെ ഉൾകൊണ്ട് സംരക്ഷിക്കുന്നുണ്ടോ അതിനനുസരിച്ച് മനസ്സിന്റെ വൃത്തിയുടെയും ശുദ്ധിയുടെയും മാറ്റ് കൂടിക്കൊണ്ടിരിക്കും. ഒപ്പം നന്മകൾ ഉണ്ടായിത്തീരുകയും ആത്മപ്രഭാവം വർധിക്കുകയും ചെയ്യും. ചിന്തയിലും വിചാരത്തിലും മാത്രമല്ല വാക്കിലും കർമത്തിലും പരിശുദ്ധിയുടെ പരിമളമുണ്ടാകും. സത്യവിശ്വാസത്തിന്റെ സവിശേഷതയാണിത്. മനസാ വാചാ കർമണാ വിശുദ്ധനാവാൻ കാരണമാകും വിധത്തിൽ വിശ്വാസത്തെ പരിപാലിച്ചും പരിരക്ഷിച്ചും ജീവിക്കുക എന്നതാണ് ഇസ്‌ലാമിക പാഠങ്ങളുടെ ലക്ഷ്യം.
ബാഹ്യമായ വൃത്തിയിലേക്കുള്ള പ്രചോദനം സത്യവിശ്വാസത്തിന്റെ സ്വാഭാവിക ഗുണമാണ്. ഇസ്‌ലാം വൃത്തിയുള്ളതായതിനാൽ മുസ്‌ലിമിന്റെ അകം ശുദ്ധമായിരിക്കണമെന്നതിന് പുറമെ ബാഹ്യമായ ശുദ്ധിയും വൃത്തിയും അവൻ സൂക്ഷിക്കണമെന്ന് കൂടി അർത്ഥമുണ്ട്. ഇസ്‌ലാം കൊണ്ട് സാധിക്കേണ്ട വിശ്വാസ, കർമ, വചന പരിശുദ്ധിയും ബാഹ്യമായ വിശുദ്ധിയും പരിരക്ഷിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണെന്ന് ചുരുക്കം.
അശുദ്ധിയും വൃത്തികേടും അകത്തായാലും പുറത്തായാലും അവയുടെ കെടുതികളും സാംക്രമികതയും പരിമിതമായ വൃത്തത്തിലൊതുങ്ങുകയില്ല. ദൂഷ്യങ്ങൾ പരിസരങ്ങളിലേക്ക് പരന്നുകൊണ്ടിരിക്കും. ക്രമേണ നന്മകളും ഗുണങ്ങളും വൃത്തിയും ശുദ്ധിയും ഇല്ലാതാകും. അതുകൊണ്ട്, പുറത്തെയും അകത്തെയും വൃത്തികേടുകൾ നീക്കിക്കളയേണ്ടത് സത്യവിശ്വാസത്തിന്റെ താൽപര്യമാണ്.
വൃത്തിയും ശുദ്ധിയുമെല്ലാം മനുഷ്യന്റെ ആരോഗ്യത്തിന്റെയും ജീവിതസന്തോഷത്തിന്റെയും അനിവാര്യതയാണ്. എന്നാൽ ഇസ്‌ലാമിക വൃത്തിയുടെ ഉദ്ദേശ്യം സൗന്ദര്യവൽകരണമോ അലങ്കാരമോ അല്ല, ജീവിതത്തിന് ഗുണകരമായ സാഹചര്യം രൂപപ്പെടുത്തുകയാണ്. മനുഷ്യന്റെ സാർവത്രികമായ സുഖൈശ്വര്യങ്ങളെ പരിഗണിച്ചിട്ടുള്ള മതമായതിനാൽ ഇസ്‌ലാം സമർപിക്കുന്ന നിർദേശങ്ങളും വ്യവസ്ഥകളുമെല്ലാം മനുഷ്യന് ഗുണപരമായനുഭവപ്പെടും. വിശ്വാസി അത്തരം നിർദേശങ്ങൾക്ക് വിധേയപ്പെടുമ്പോൾ അതൊരു സൽകർമമാവുകയും പ്രതിഫലാർഹമായിത്തീരുകയും ചെയ്യും.
ഭൗതിക ജീവിതത്തിലും വ്യവഹാരങ്ങളിലും പ്രവർത്തനങ്ങളിലും നിഷ്‌കളങ്കതയും വൃത്തിയും സംരക്ഷിക്കുന്നതിന്റെ നേട്ടം വ്യക്തമാണ്. ശരീരം, വസ്ത്രം, വീട്, പരിസരം, ജോലിയിടം, പാഠശാല, വഴികൾ, ജലാശയങ്ങൾ, വിശ്രമ സ്ഥലങ്ങൾ, പരിസ്ഥിതി തുടങ്ങി എല്ലാറ്റിലും വൃത്തി ഉറപ്പാക്കാൻ വിശ്വാസികൾ ശ്രദ്ധിക്കണം. നിങ്ങൾ വൃത്തിയുള്ളവരാകൂ എന്ന ഉപരി ഹദീസിലെ കൽപന ഈ തലം കൂടി ഉറപ്പാക്കുന്നു. വൃത്തിയായിരിക്കേണ്ടതിന്റെ പ്രാധാന്യവും അനിവാര്യതയും നമ്മുടെ ആത്യന്തിക വിജയവുമായി ബന്ധപ്പെട്ടതാണെന്നാണ് ഹദീസിന്റെ അവസാന ഭാഗം സൂചിപ്പിക്കുന്നത്. വൃത്തിയുണ്ടെങ്കിലേ സ്വർഗമുള്ളൂവെന്നത് വിശ്വാസിയെ ഏതായാലും സ്വാധീനിക്കുമല്ലോ.
മനുഷ്യന് അനുകൂലമായ ഒരു ആവാസ വ്യവസ്ഥയുണ്ടായിരിക്കണം. സംവിധാനിച്ചതോടൊപ്പം നിർദേശങ്ങൾ കൊണ്ട് പ്രപഞ്ചനാഥൻ സംരക്ഷിക്കുകയും ചെയ്തിട്ടുള്ളതാണത്. ഓരോ വ്യക്തിക്കും സ്വന്തം ആവാസ വ്യവസ്ഥയോട് മാന്യമായി ഇടപെടാൻ ബാധ്യതയുണ്ട്. പരിസര വൃത്തിയും ശുദ്ധിയും സംരക്ഷിക്കാൻ ഇസ്‌ലാം നിർദേശിക്കുന്നത് അതത്രയേറെ പ്രധാനപ്പെട്ടതായതുകൊണ്ടാണ്. നബി(സ്വ) പറഞ്ഞു: നിശ്ചയം അല്ലാഹു പരിശുദ്ധനാണ്, വൃത്തിയെ അവനിഷ്ടപ്പെടുന്നു. വീടുകളുടെ പരിസരങ്ങളെ നിങ്ങൾ വൃത്തിയായി സൂക്ഷിക്കുക (തുർമുദി).
വൃത്തി വീട്ടുപരിസത്തു മാത്രം പോരാ. എവിടെയും വൃത്തികേടാക്കാൻ ഒരാൾക്കും അവകാശമില്ല. വൃത്തിഹീനതയുടെയും മലിനീകരണത്തിന്റെയും സാഹചര്യങ്ങൾ ഉപേക്ഷിക്കാനും വൃത്തി ഉറപ്പാക്കാനും നിർദേശിക്കുന്ന മഹദ്വചനങ്ങൾ ധാരാളമുണ്ട്. മനുഷ്യ ജീവിതത്തിൽ വൃത്തിക്കുള്ള പങ്ക് വലുതായതുകൊണ്ടാണിത്.
വൈകാതെ മഴക്കാലം ആരംഭിക്കും. ഒറ്റപ്പെട്ട മഴകൾ ലഭിച്ചുതുടങ്ങി. വർഷക്കാലത്ത് പരിസരങ്ങൾ വൃത്തികേടാകാനും വായുവും ജലവും മലിനപ്പെടാനും രോഗാണുക്കൾ പരക്കാനുമുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടു തന്നെ നല്ല ജാഗ്രത വേണം. വീടും പരിസരവും രോഗങ്ങൾ സമ്മാനിക്കാൻ കാരണമാകുന്ന രൂപത്തിലല്ലെന്നുറപ്പ് വരുത്തണം. പോയ വർഷങ്ങളെ അപേക്ഷിച്ച് പകർച്ചവ്യാധികൾ പടർന്നു പിടിക്കാൻ സാധ്യത കൂടുതലുള്ള കാലമാണിത്. പ്രതിരോധ ശേഷി കുറഞ്ഞ ശരീരവുമായാണ് നാമൊക്കെ ജീവിക്കുന്നത്. വൃത്തിഹീനമായ പരിസരങ്ങളും അശ്രദ്ധയും രോഗം പരത്താനും ദുരിതം വിതക്കാനും എളുപ്പമാണ്.
പരിസര ശുചിത്വമെന്നത് ഒരലങ്കാര വാക്കല്ല. നമ്മുടെ ജീവിതത്തിന്റെ സന്തോഷത്തിനും ആരോഗ്യത്തിനും അനിവാര്യമാണത്. നാടും സമൂഹവും മുഴുവൻ മാറട്ടെ, എന്നിട്ട് നമുക്കും മാറാമെന്ന വിചാരത്തിലല്ല നമ്മുടെ പരിസര ശുചിത്വ ബോധം രൂപപ്പെടേണ്ടത്. ഞാൻ എന്റെ ദൗത്യം നിർവഹിക്കുന്നുവെന്ന നിശ്ചയത്തോടു കൂടി, മലിനപ്പെടാത്ത, ജീവയോഗ്യമായ പരിസരം സൃഷ്ടിച്ചെടുക്കാൻ ഓരോരുത്തരും പ്രതിജ്ഞാബദ്ധരാവുകയും ഉത്തരവാദിത്വം നിർവഹിക്കുകയും വേണം.
ഇമാം ത്വീബീ(റ) എഴുതി: വീടുകളുടെ മുറ്റമടക്കം വൃത്തിയാക്കാൻ സാധിക്കുന്ന എല്ലായിടവും നിങ്ങൾ വൃത്തിയാക്കുക (അൽകാശിഫ്). വീടുകൾക്കകത്ത് വൃത്തികേടില്ലാതെയും വസ്തുവഹകൾ അലങ്കോലപ്പെടാതെയും ക്രമീകരിക്കുകയും സൂക്ഷിക്കുകയും ചെയ്യണം. ചില ക്രമക്കേടുകൾ വൃത്തിഹീനതക്കപ്പുറം ചില ദൂഷ്യങ്ങൾക്കും കാരണമാകുമെന്ന് ഇമാമുകൾ പഠിപ്പിച്ചിട്ടുണ്ട്. സ്വന്തം ശരീരത്തിലും പരിസരങ്ങളിലും വൃത്തിയും ശുചിത്വവും ഉറപ്പാക്കൽ വ്യക്തിപരമായ ബാധ്യതയെന്ന നിലയിൽ സുകൃതം കൂടിയാണ്.
മഴക്കാലത്ത് മാത്രമല്ല, ഏതു നാട്ടിലും ഏതു കാലാവസ്ഥയിലും സാഹചര്യത്തിലും ഇതായിരിക്കണം വിശ്വാസിയുടെ നിലപാട്. നാം കാരണം മറ്റൊരാൾ രോഗിയായിത്തീരുന്നത് ദു:ഖകരമാണ്. നമ്മെ സാംക്രമിക രോഗം ബാധിച്ചിട്ടുണ്ടെങ്കിൽ കൂടുതൽ ജാഗ്രത പാലിക്കണം. രോഗങ്ങൾ പടരുന്ന കാലത്ത് നല്ല ജാഗ്രത അനിവാര്യം. പരിസര ശുചീകരണം കൊണ്ട് രോഗങ്ങളുടെ ഉറവിടത്തെ നശിപ്പിക്കാൻ ഒരു പരിധിവരെ നമുക്കാവും. ഉറവിടത്തിൽ നിന്ന് രോഗം മറ്റുള്ളവർക്കെത്തിക്കുന്ന ഇടനിലക്കാരനാവാതിരിക്കാനും നമുക്ക് സാധിക്കും. ആരോഗ്യപ്രവർത്തകരും സാമൂഹിക സേവകരും നൽകുന്ന നിർദേശങ്ങൾ പാലിക്കുകയും നാം മൂലം ആരും പ്രയാസപ്പെടരുതെന്ന നിശ്ചയം കൈക്കൊള്ളുകയും വേണം.
വീടും ചുറ്റുപാടും വൃത്തിയായി കൊണ്ടുനടക്കുന്ന ശീലം ഇന്ന് പൊതുവെയുണ്ടെങ്കിലും പ്രകൃതിയോടും പരിസരത്തോടും അതിക്രമം കാണിക്കുന്ന പ്രവണത വർധിക്കുന്നു. പ്ലാസ്റ്റിക്കുകളും പാഴ്‌വസ്തുക്കളും ഭക്ഷണ വേസ്റ്റും അലക്ഷ്യമായി വലിച്ചെറിയുകയും പൊതുഇടങ്ങളും വഴികളും ജലാശയങ്ങളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളാക്കുകയും ചെയ്യുന്നവർ സത്യത്തിൽ സ്വന്തം മനസ്സിന്റെ വൃത്തികേടാണ് വെളിപ്പെടുത്തുന്നത്.
സത്യവിശ്വാസത്തിന്റെ ശാഖകൾ പഠിപ്പിച്ച റസൂൽ(സ്വ) വഴിയിലെ മാലിന്യങ്ങൾ നീക്കുന്നത് ഈമാനിന്റെ ഭാഗമാണെന്ന് പഠിപ്പിച്ചിട്ടുണ്ട്. വഴി വൃത്തിയാക്കുന്നവരെല്ലാം വിശ്വാസിയാണെന്നല്ല ഇതിനർത്ഥം. മറിച്ച്, വിശ്വാസിക്ക് വഴി വൃത്തികേടാക്കാൻ കഴിയില്ല എന്നാണ്. ചുരുക്കത്തിൽ വൃത്തി, മാലിന്യ സംസ്‌കരണം തുടങ്ങിയവ വിശ്വാസത്തിന്റെ ഭാഗമാണ്. ആരോഗ്യകരമായ വിധത്തിൽ അത് പാലിക്കണമെന്ന് മാത്രം.

 

അലവിക്കുട്ടി ഫൈസി എടക്കര

Leave a Reply

Your email address will not be published. Required fields are marked *

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ