മറ്റെല്ലാ മേഖലകളിലുമെന്ന പോലെ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി(റ)യുടെ അധ്യയന-അധ്യാപന രീതിയും ശ്രദ്ധേയവും പുതുതലമുറക്ക് ഏറെ മാതൃകാപരവുമാണ്. വിദ്യാർത്ഥിക്കു വേണ്ട അന്വേഷണതൃഷ്ണ ശൈഖിൽ ചെറുപ്പം മുതലേ ദർശിക്കാമായിരുന്നു. കുടുംബത്തിന് ഫലഭൂയിഷ്ഠമായ കൃഷിഭൂമിയും കാർഷികാവശ്യാർത്ഥമുള്ള മൃഗങ്ങളുമുണ്ടായിരുന്നുവെങ്കിലും കുട്ടിക്കാലത്ത് കാർഷിക വൃത്തിയിൽ ഏർപ്പെടുമ്പോൾ തന്നെ മഹാൻ വിജ്ഞാന സമ്പാദനത്തിന്റെ മഹത്ത്വം മനസ്സിലാക്കി. അദ്ദേഹത്തിന്റെ വിജ്ഞാനദാഹം ശമിപ്പിക്കാനുതകുന്ന വൈജ്ഞാനിക സ്രോതസ്സുകളൊന്നും അന്ന് ജീലാനിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ട് മഹാൻ ബഗ്ദാദിലേക്ക് യാത്ര തിരിച്ചു. കാരണം, ബഗ്ദാദ് അന്ന് പണ്ഡിത ശ്രേഷ്ഠരുടെയും ആത്മജ്ഞാനികളുടെയും പ്രധാന കേന്ദ്രവും അബ്ബാസിയ്യാ ഭരണകൂടത്തിന്റെ തലസ്ഥാനവും ലോകത്തിന്റെ സാംസ്‌കാരിക കേന്ദ്രവുമായിരുന്നു. എന്നാൽ തന്റെ സ്‌നേഹനിധിയായ മാതാവിന്റെ സമ്മതമില്ലാതെ യാത്ര ചെയ്യാനാവില്ലല്ലോ. നിരന്തരമായ അഭ്യർത്ഥനകൾക്കൊടുവിൽ മകന്റെ ആഗ്രഹത്തിന് മാതാവ് വഴങ്ങി. അരുമ സന്താനത്തിന്റെ ഇഹപര വിജയത്തിനു വേണ്ടി തന്റെ ക്ഷണികമായ വേദന അവഗണിക്കാൻ മാതാവ് തയ്യാറായി. അങ്ങനെ ശൈഖ് ജീലാനി(റ) യാത്രക്കൊരുങ്ങി. മാതാവിന്റെ അനുഗ്രഹാശിസ്സുകളോടെ ബഗ്ദാദിലേക്കുള്ള ഒരു ചെറുസംഘത്തിന്റെ കൂടെ യാത്രയാരംഭിച്ചു. ശൈഖിന്റെ ഈ വൈജ്ഞാനിക പര്യടനം ജീവിതത്തിൽ വഴിത്തിരിവായി മാറി.
ഉത്തമനായ വിദ്യാർത്ഥി
ഹിജ്‌റ 488ലാണ് ശൈഖ് ജീലാനി(റ) ബഗ്ദാദിലെത്തുന്നത്. പതിനെട്ടു വയസ്സായിരുന്നു പ്രായം. മുപ്പത്തി മൂന്ന് വർഷക്കാലം മഹാൻ മതവിജ്ഞാനം കരഗതമാക്കാനായി ചെലവഴിച്ചു. ഹിജ്‌റ 521ലാണ് പഠനകാലം അവസാനിക്കുന്നത്. അപ്പോഴേക്കും വിവിധ വിജ്ഞാനശാഖകളിൽ വ്യുൽപത്തി നേടിക്കഴിഞ്ഞിരുന്നു അദ്ദേഹം. ബഗ്ദാദിലെത്തിയ ഉടൻ അബ്ദുൽ ഖാദിർ(റ) ഖുർആൻ പാരായണ പഠനത്തിൽ മുഴുകി. തന്റെ ശരീരവും മനസ്സും പഠനത്തിൽ മാത്രം കേന്ദ്രീകരിച്ചു. പിന്നീട് അബുൽവഫാ അലിയ്യുബ്‌നു അഖീൽ ഹമ്പലി(റ), അബുൽ ഖത്താബ് മഹ്ഫൂസ് കലുദാനി(റ), ഖാളി അബൂസഈദ് മുബാറക് മുഖർരിമി(റ) തുടങ്ങിയ മഹാഗുരുക്കന്മാരുടെ കീഴിൽ പഠനം തുടർന്നു. അബൂസകരിയ്യ യഹ്‌യബ്‌നു അലി തിബ്‌രീസി(റ)യിൽ നിന്നാണ് അറബി സാഹിത്യം പഠിച്ചത്. നിരവധി ഹദീസ് പണ്ഡിതരിൽ നിന്ന് ഹദീസ് പഠിച്ചു. അബൂഗാലിബ് മുഹമ്മദുബ്‌നു ഹസൻ ബാഖില്ലാനി(റ), അബൂസഈദ് മുഹമ്മദുബ്‌നു അബ്ദുൽ കരീം ഖുശൈശാ(റ), അബൂ ഗനാഇം മുഹമ്മദുബ്‌നു മുഹമ്മദ് അൽഫറസി(റ) മുതലായവർ അദ്ദേഹത്തിന്റെ ഹദീസ് ഗുരുക്കന്മാരിൽ പ്രമുഖരാണ്. അബുൽ ഖൈർ ഹമ്മാദുബ്‌നു മുസ്‌ലിം ദബ്ബാസ്(റ)യിൽ നിന്ന് ശിക്ഷണം നേടി ആത്മീയ വഴിയിൽ പ്രവേശിച്ചു (ഖുത്വുബുൽ അഖ്ത്വാബ് പേ. 18-25).
പഠനസമയത്തെ പ്രതിസന്ധികൾ തരണം ചെയ്തും ക്ലേശങ്ങൾ സഹിച്ചും ആത്മീയ പഠന സപര്യയിൽ ലയിച്ചുചേർന്നു മഹാൻ. ബഗ്ദാദിലെത്തുമ്പോൾ ശൈഖിന്റെ ജീവിതച്ചെലവുകൾക്കാവശ്യമായ തുക പോലും കൈയിലുണ്ടായിരുന്നില്ല. യാത്ര പുറപ്പെടുമ്പോൾ ഉമ്മ നൽകിയ നാൽപത് ദീനാറിൽ നിന്നാണ് ചെലവുകൾ മുഴുവൻ നടത്തിയത്. അവശേഷിച്ച തുച്ഛമായ തുക പെട്ടെന്ന് തീർന്നു. അതോടെ നിത്യചെലവുകൾക്കു വേണ്ടി കൈത്തൊഴിലുകളിലേർപ്പെട്ടു. ഹലാലാണെന്ന് ഉറപ്പുള്ള ഭക്ഷണം തന്നെ കഴിക്കണമെന്ന നിർബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. അങ്ങേയറ്റം സൂക്ഷ്മത പാലിച്ചതു മൂലം പലപ്പോഴും പട്ടിണി കിടക്കേണ്ടിവന്നു.
ജീലാനിൽ നിന്ന് ഉമ്മ ഇടക്കിടെ പണം അയച്ചിരുന്നെങ്കിലും മഹാന് ഒരു സ്ഥിര മേൽവിലാസവും താമസസ്ഥലവുമില്ലാത്തതിനാൽ അവ പലപ്പോഴും കിട്ടാതെപോയി. അതികഠിനമായ വിശപ്പുകാരണം ഇലകൾ വരെ ഭക്ഷിക്കേണ്ടി വന്നു. ചിലപ്പോഴൊക്കെ ആളുകൾ വലിച്ചെറിഞ്ഞ ഭക്ഷണാവശിഷ്ടങ്ങൾ പൊറുക്കിയെടുത്ത് കഴിച്ചു. ഒരിക്കൽ ദിവസങ്ങളോളം പട്ടിണിയായി. ആളുകൾ ഉപേക്ഷിച്ച ഭക്ഷ്യപദാർത്ഥങ്ങളായിരുന്നു അക്കാലത്ത് ഏക ആശ്രയം. ഒരു നാൾ അദ്ദേഹം എത്തുന്നതിനു മുമ്പേ മറ്റു ഫഖീറുമാർ ഭക്ഷണാവശിഷ്ടങ്ങൾ എടുത്തുകൊണ്ടുപോയിരുന്നു. ഭക്ഷണം ലഭിക്കാതെ അവശനായി പള്ളിയിൽ ചെന്നു കിടന്നു. മരിച്ചുപോകുമെന്നുറപ്പിച്ച നിമിഷങ്ങളായിരുന്നു അത്. ആ സമയത്ത് പള്ളിയിലെത്തിയ ഒരാൾ ശൈഖിന് ഭക്ഷണം നൽകി. തന്റെ മാതാവ് കൊടുത്തയച്ച പണവുമായി വന്നയാളാണ് ആഗതനെന്ന് മനസ്സിലായി. അദ്ദേഹം ശൈഖിന് പണം കൈമാറി. അങ്ങനെ കുറച്ചു നാളത്തേക്ക് ആശ്വാസം ലഭിച്ചു (സിയറു അഅ്‌ലാമിന്നുബലാഅ് 20/445).
ആദരിക്കേണ്ടവരെ ആദരിച്ചും ബഹുമാനിക്കേണ്ടവരെ ബഹുമാനിച്ചും അബ്ദുൽ ഖാദിർ(റ) മാതൃക കാണിച്ചു. അച്ചടക്കവും വിനയവും അദ്ദേഹത്തിന്റെ കൂടപ്പിറപ്പായിരുന്നു. ചെറുപ്പത്തിൽ തന്നെ ഔലിയാക്കളെ സന്ദർശിക്കുകയും ബറകത്തെടുക്കുകയും ചെയ്യുമായിരുന്നു ശൈഖ് ജീലാനി(റ). അബൂസഈദ് അബ്ദുല്ലാഹിബ്‌നു അബീ ഇസറൂൻ പറയുന്നു: പഠനാവശ്യാർത്ഥം ഞാൻ ബഗ്ദാദിലെത്തി. മദ്‌റസ നിളാമിയ്യയിൽ ചേർന്നു. ഇബ്‌നു സഖയായിരുന്നു എന്റെ സുഹൃത്ത്. ഞങ്ങൾക്ക് മഹാന്മാരെ സന്ദർശിക്കുന്ന പതിവുണ്ടായിരുന്നു. അക്കാലത്ത് ബഗ്ദാദിൽ വിശ്രുതനായ ഒരു വലിയ്യുണ്ടായിരുന്നു. ഞാനും ഇബ്‌നുസഖയും ശൈഖ് അബ്ദുൽ ഖാദിർ(റ)വും കൂടി അദ്ദേഹത്തെ സന്ദർശിക്കാൻ തീരുമാനിച്ചു. യാത്രാമധ്യേ ഇബ്‌നു സഖ പറഞ്ഞു: അദ്ദേഹത്തിന് മറുപടി പറയാൻ കഴിയാത്ത ഒരു ചോദ്യം ചോദിക്കാനാണ് ഞാൻ പോകുന്നത്.
അപ്പോൾ ഞാൻ പറഞ്ഞു: ഞാൻ അദ്ദേഹത്തോട് ഒരു ചോദ്യം ചോദിക്കും. അദ്ദേഹം എന്തു പറയുന്നു എന്ന് നോക്കാമല്ലോ.
ഉടൻ ശൈഖ് ജീലാനി(റ) പറഞ്ഞു: ഞാൻ അദ്ദേഹത്തോട് ഒന്നും ചോദിക്കുന്നില്ല. അദ്ദേഹത്തെ കണ്ട് ബറകത്തെടുക്കാൻ മാത്രമാണ് എന്റെ യാത്ര.
അങ്ങനെ മൂവരും വലിയ്യിന്റെ സവിധത്തിലെത്തി. ഇബ്‌നുസഖയെ അതിരൂക്ഷമായി നോക്കിക്കൊണ്ട് വലിയ്യ് പറഞ്ഞു: ‘ഇബ്‌നുസഖാ, നിനക്കു നാശം! എനിക്ക് ഉത്തരം കിട്ടാത്ത ചോദ്യം ചോദിക്കാൻ വന്നതല്ലേ? നിന്റെ ചോദ്യം ഇതാണ്, അതിന്റെ മറുപടി ഇതാണ്.’
ശേഷം കൂട്ടിച്ചേർത്തു: ‘നിന്റെ മുഖത്ത് ഞാൻ സത്യനിഷേധത്തിന്റെ തീനാളം കാണുന്നു.’
പിന്നെ അദ്ദേഹം എന്റെ നേരെ തിരിഞ്ഞുപറഞ്ഞു: ‘അബ്ദുല്ലാ, നിങ്ങൾ എന്നെ പരീക്ഷിക്കാൻ വന്നതാണല്ലോ! ശേഷം അദ്ദേഹം ഞാൻ ചോദിക്കാനുദ്ദേശിച്ച ചോദ്യവും ഉത്തരവും വിശദീകരിച്ചു. അദ്ദേഹം പറഞ്ഞു: ‘ദുൻയാവിന്റെ സമ്പത്തുകൾ നിനക്ക് കൂടുതൽ കൈകാര്യം ചെയ്യേണ്ടി വരും. അങ്ങനെ നീ പരീക്ഷിക്കപ്പെടും.’
ശേഷം അദ്ദേഹം ശൈഖ് അബ്ദുൽ ഖാദിർ(റ)നെ ചേർത്തുപിടിച്ച് ആദരപുരസ്സരം പറഞ്ഞു: ‘അബ്ദുൽ ഖാദിർ, നിങ്ങളുടെ അദബ് അല്ലാഹുവിനെയും റസൂലിനെയും തൃപ്തിപ്പെടുത്തിയിരിക്കുന്നു. നിങ്ങൾ കസേരയിൽ ഇരുന്നുകൊണ്ട് ബഗ്ദാദ് നിവാസികളോട് സംവദിക്കുന്നൊരു കാലം വരും. എന്റെ കാൽപാദം എല്ലാ ഔലിയാക്കളുടെയും പിരടിക്ക് മേലയാണെന്നു താങ്കൾ പറയുമ്പോൾ ഔലിയാക്കളെല്ലാം താങ്കൾക്കു വേണ്ടി തല താഴ്ത്തിത്തരും.’
ഇബ്‌നു ഇസ്‌റൂൻ(റ) തന്നെ പറയട്ടെ: കാലങ്ങളേറെ ചെന്നപ്പോൾ ശൈഖ് ജീലാനി(റ) പൊതുജന സമ്മതനായി വളർന്നുവന്നു. ഔലിയാക്കളെല്ലാം മഹാന്റെ മഹത്ത്വം അംഗീകരിച്ചു. ഇബ്‌നു സഖയാകട്ടെ മതവിജ്ഞാനങ്ങളിൽ തന്റെ സമപ്രായക്കാരെക്കാൾ മുന്നിലെത്തി. ഉജ്വലവാഗ്മിയായിരുന്ന അവനെ വാദിച്ചു തോൽപ്പിക്കാൻ ആർക്കും കഴിയുമായിരുന്നില്ല. ഖലീഫയുടെ രാജദൂതനായി അദ്ദേഹം റോമിലേക്ക് നിയുക്തനായി. റോമിലെ പാതിരിമാരെല്ലാം അദ്ദേഹത്തിനു മുന്നിൽ മുട്ടുമടക്കി. ആ സമയത്ത് ഇബ്‌നു സഖ, രാജാവിന്റെ അതിസുന്ദരിയായ മകളിൽ അനുരക്തനായി. അദ്ദേഹം വിവാഹാഭ്യർത്ഥന നടത്തിയപ്പോൾ ക്രിസ്ത്യാനിയാകണമെന്ന നിബന്ധന അവൾ മുന്നോട്ടുവെച്ചു. അങ്ങനെ ഇബ്‌നുസഖ ക്രിസ്തുമതം സ്വീകരിച്ചു. രാജകുമാരിയുമായുള്ള വിവാഹത്തിനു ശേഷം മാരകമായൊരു രോഗം പിടിപെട്ട ഇബ്‌നുസഖയെ രാജാവ് കൊട്ടാരത്തിൽ നിന്നു പുറന്തള്ളി. തെരുവിൽ കിടന്ന് അയാൾ മരണപ്പെട്ടു. മുസ്‌ലിമായി ജനിച്ചുവളർന്ന അയാൾ അമുസ്‌ലിമായി മരണപ്പെട്ടു.
ഇബ്‌നു ഉസ്‌റൂൻ പറയുന്നു: ‘ബഗ്ദാദിലെ പഠനത്തിന് ശേഷം ഡമസ്‌കസിലെത്തിയതായിരുന്നു ഞാൻ. അപ്പോൾ സുൽത്താൻ സ്വാലിഹ് നൂറുദ്ദീൻ ശഹീദ് വഖ്ഫ് സ്വത്തുക്കൾ കൈകാര്യം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടു. അതോടെ ഐഹിക ലോകവുമായി നിരന്തരം ബന്ധപ്പെടാൻ ഞാൻ നിർബന്ധിതനായി. അങ്ങനെ ഗൗസിന്റെ പ്രവചനം ഞങ്ങൾ മൂവരിലും സത്യമായി പുലർന്നു (ഫതാവാ ഹദീസിയ്യ 225).
അതീവ ക്ഷമാശീലനും ഗുരുവര്യരോട് അങ്ങേയറ്റം വിനയാന്വിതനുമായിരുന്നു ശൈഖ്. ഒരു വെള്ളിയാഴ്ച ശൈഖ് ഹമ്മാദ് ദബ്ബാസ്(റ) എന്ന ആത്മീയ ഗുരുവിന്റെ കൂടെ മുരീദുമാരുടെ സംഘത്തിലായി അദ്ദേഹം പുറപ്പെട്ടു. അതിശക്തമായ തണുപ്പുള്ള കാലം. യാത്രാമധ്യേ, ശൈഖ് ഹമ്മാദ് ദബ്ബാസ്(റ) ജീലാനി(റ)യെ ഒരു നദിയിലേക്കു തള്ളിയിട്ടു. ആ സമയത്ത് ജീലാനി(റ) ജുമുഅയുടെ കുളിയുടെ നിയ്യത്ത് വെച്ചു. തന്റെ കൈയിലുണ്ടായിരുന്ന ഒരു കമ്പിളി വസ്ത്രം നനയാതെ ഉയർത്തിപ്പിടിച്ചു. ശൈഖും സംഘവും അപ്പോഴും യാത്ര തുടരുന്നുണ്ടായിരുന്നു. ജീലാനി(റ) കരയിലേക്ക് കയറി ജുബ്ബ പിഴിഞ്ഞ് ശൈഖിനെയും സംഘത്തെയും അനുഗമിച്ചു. നനഞ്ഞ വസ്ത്രവും അതിശൈത്യവും കാരണം അബ്ദുൽ ഖാദിർ(റ) വല്ലാതെ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ശൈഖ് ഹമ്മാദ് ദബ്ബാസ്(റ) പലപ്പോഴും തന്റെ ഈ ശിഷ്യനോട് സൗമ്യമല്ലാത്ത രീതിയിലാണ് പെരുമാറിയിരുന്നത്. ജീലാനി(റ)യുടെ ആത്മാവിനെ സ്ഫുടം ചെയ്‌തെടുക്കുകയായിരുന്നു ഗുരുവിന്റെ ലക്ഷ്യം. വിശപ്പു സഹിച്ച് തന്റെ സദസ്സിലേക്കു കടന്നുവരുന്ന അബ്ദുൽ ഖാദിർ(റ)നോട് അദ്ദേഹം പറയും: ഇന്ന് ഞങ്ങൾക്ക് ധാരാളം പത്തിരിയും ഭക്ഷണവും കിട്ടി. ഞങ്ങൾ മുഴുവനും തിന്നു. ഞങ്ങൾക്ക് നിന്നോട് താൽപര്യമില്ലാത്തതുകൊണ്ട് നിനക്ക് ഒന്നും ബാക്കിവെച്ചില്ല.
‘നീ കർമശാസ്ത്ര പണ്ഡിതനല്ലേ, ഞങ്ങൾ സൂഫികളുടെ കൂടെ നിനക്കെന്തു കാര്യം’ എന്നാക്രോശിച്ചുകൊണ്ട് സഹപാഠികൾ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നതു കണ്ടപ്പോൾ ഗുരു പറഞ്ഞു: ‘നിങ്ങളെന്തിന് അബ്ദുൽ ഖാദിറിനെ പ്രയാസപ്പെടുത്തുന്നു? അദ്ദേഹത്തെ പോലുള്ള ഒരാൾ പോലും നിങ്ങളുടെ കൂട്ടത്തിലില്ല. ഞാൻ അദ്ദേഹത്തെ ബുദ്ധിമുട്ടിക്കുന്നത് പരീക്ഷിക്കാൻ വേണ്ടി മാത്രമാണ്. മല പോലെ ഇളകാത്ത മനക്കരുത്തുള്ള ഒരു മഹാനെയാണ് ഞാൻ അദ്ദേഹത്തിൽ കാണുന്നത്.’
അഗാധമായ ജ്ഞാനവും തദനുസൃതമായ ധൈര്യവും മഹാനുണ്ടായിരുന്നു. പഠിച്ചതിനെതിരായി പ്രവർത്തിക്കാനോ വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നവരോടൊപ്പം നിൽക്കാനോ തയ്യാറായില്ല. ഒരിക്കൽ പിശാചിന്റെ കെണിവലയിൽ നിന്ന് രക്ഷപ്പെട്ടതും ഈ അസാമാന്യ മനക്കരുത്തുകൊണ്ടായിരുന്നു. മഹാൻ തന്നെ പറയട്ടെ: ഒരിക്കൽ ഞാനൊരു പ്രകാശം കണ്ടു. ചക്രവാളങ്ങൾ മുഴുവൻ വ്യാപിച്ചുകിടക്കുകയായിരുന്നു അത്. അപ്പോൾ അതിൽ നിന്നൊരാൾ എന്നോട് വിളിച്ചുപറഞ്ഞു: ‘അബ്ദുൽ ഖാദിർ, ഞാൻ നിന്റെ റബ്ബാണ്. എല്ലാ നിഷിദ്ധ കാര്യങ്ങളും നിനക്ക് ഞാൻ അനുവദനീയമാക്കിയിരിക്കുന്നു.’
അപ്പോൾ ഞാൻ പറഞ്ഞു: എടാ, അഭിശപ്തനായ പിശാചേ, നീ നിന്ദ്യനായിത്തീരട്ടെ.
ഉടനെ ആ പ്രകാശം ഇരുളായി മാറി. ഞാൻ നേരത്തെ കണ്ട രൂപം ഒരു പുകച്ചുരുളായി രൂപാന്തരപ്പെട്ടു. ശേഷം അതെന്നോട് സംസാരിച്ചു: അബ്ദുൽ ഖാദിറേ, റബ്ബിന്റെ കൽപനകൾ നിനക്ക് യഥാവിധി അറിയാവുന്നതുകൊണ്ടും വ്യത്യസ്ത സന്ദർഭങ്ങൾ യഥാവിധി കൈകാര്യം ചെയ്യാനുതകുന്ന വിജ്ഞാനമുള്ളതുകൊണ്ടും എന്റെ തന്ത്രത്തിൽ നിന്ന് നീ രക്ഷപ്പെട്ടു. ഇതേ രൂപത്തിൽ, അധ്യാത്മിക മാർഗത്തിൽ പ്രവേശിച്ച എഴുപത് പേരെ ഞാൻ വഴിതെറ്റിച്ചിട്ടുണ്ട്.
ഞാൻ പ്രതിവചിച്ചു: എല്ലാ ഔദാര്യവും അല്ലാഹുവിൽ നിന്നാണ്.
ഇതിനെ കുറിച്ച് മഹാനോട് ചിലർ ചോദിച്ചു: നിങ്ങളെ സമീപിച്ചത് ഇബ്‌ലീസാണെന്ന് എങ്ങനെ മനസ്സിലായി?
ശൈഖിന്റെ മറുപടി: ‘ഞാൻ നിനക്ക് നിഷിദ്ധങ്ങളൊക്കെ അനുവദനീയമാക്കിയിരിക്കുന്നു’ എന്ന വാക്കിൽ നിന്നാണ് ഞാനത് മനസ്സിലാക്കിയെടുത്തത് (ത്വബഖാതുശ്ശഅ്‌റാനി 1:128).
ജീവിതകാലത്ത് ഗുരുവുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നതു പോലെ വഫാത്തിന് ശേഷവും സ്‌നേഹബന്ധം നിലനിർത്തിയിരുന്നു ജീലാനി(റ). ഹിജ്‌റ 529 ദുൽഹിജ്ജ 27 ബുധനാഴ്ച അദ്ദേഹം തന്റെ ആത്മീയ ഗുരുവായ ശൈഖ് ഹമ്മാദ് ദബ്ബാസ്(റ)ന്റെ ഖബ്ർ സന്ദർശിച്ചു. കർമശാസ്ത്ര പണ്ഡിതനും ഖുർആൻ പാരായണ വിശാരദരുമടങ്ങുന്ന വലിയൊരു സംഘം മഹാനെ അനുഗമിച്ചു. അത്യുഷ്ണമുണ്ടായിരുന്നിട്ടും അദ്ദേഹം ഖബറിനരികെ ദീർഘസമയം ചെലവഴിച്ചു. സുദീർഘമായ ആധ്യാത്മിക സംഭാഷണങ്ങൾക്ക് ശേഷം ശൈഖ് സുസ്‌മേരവദനനായി മടങ്ങുന്ന രംഗം സമകാലിക പണ്ഡിതന്മാർ കുറിച്ചിട്ടുണ്ട് (ഖലാഇദുൽ ജൗഹർ 27-28)
മഹാന്മാരുടെ വാക്കുകൾ അക്ഷരംപ്രതി അനുസരിക്കുകയും അവരുടെ പൊരുത്തത്തിന് വേണ്ടി എന്തു ത്യാഗം ചെയ്യാനും അദ്ദേഹം തയ്യാറായിരുന്നു. ശൈഖ് തന്നെ പറയുന്നു: ഒരിക്കൽ ഖളിർ(അ) എന്നോടൊപ്പം കൂടി. ഞാൻ ഇറാഖിൽ പ്രവേശിച്ച ആദ്യ കാലത്തായിരുന്നു ഇത്. എനിക്ക് ഖളിർ(അ)നെ മനസ്സിലായിട്ടുണ്ടായിരുന്നില്ല. തന്നെ പൂർണമായി അനുസരിക്കണമെന്നും അനുസരണക്കേട് കാണിക്കരുതെന്നും അദ്ദേഹം നിബന്ധനവെച്ചു. അങ്ങനെ, യാത്രാമധ്യേ ഖളിർ(അ) പറഞ്ഞു: ‘ താങ്കൾ ഇവിടെ കഴിയുക.’ ഞാൻ അദ്ദേഹം കൽപിച്ച സ്ഥലത്തു തന്നെ കഴിഞ്ഞു. മൂന്നു വർഷം അവിടെ ജീവിക്കാനായിരുന്നു കൽപന. ഓരോ വർഷവും ഖളിർ(അ) എന്റെ അരികിൽ വന്നു പറയുമായിരുന്നു: ‘ഞാൻ വരുന്നതു വരെ ഇവിടെ തുടരുക’ (ത്വബഖാതുശ്ശഅ്‌റാനി 1/129).
നല്ല ഗുരു
മതവിഷയങ്ങളിൽ അഗാധ പാണ്ഡിത്യവും അനിതര സാധാരണ വ്യക്തിവൈശിഷ്ട്യങ്ങളുമുള്ളതുകൊണ്ട് അധ്യാപന രംഗത്തും മഹാന് നല്ല അവസരങ്ങൾ ലഭിച്ചു. അബ്ദുൽ ഖാദിർ(റ)വിന്റെ ആധ്യാത്മിക ഗുരുവായ അല്ലാമാ അബൂസഅ്ദ് മുബാറക് ബ്‌നു അലി അൽമുഖർരിമി(റ)യാണ് അദ്ദേഹത്തെ അധ്യാപന രംഗത്തേക്ക് കൈപിടിച്ചാനയിച്ചത്. അല്ലാമാ മുഖർരിമി(റ) ബഗ്ദാദിലെ ബാബുൽ അസ്ജിൽ ചെറിയൊരു മദ്‌റസ നിർമിച്ചിരുന്നു. അദ്ദേഹം വാർധക്യത്തിലേക്ക് പ്രവേശിച്ചപ്പോൾ ശിഷ്യനും മുരീദുമായ ശൈഖ് ജീലാനി(റ)നോട് തനിക്ക് പകരം അധ്യാപനമേറ്റെടുക്കാൻ നിർദേശിച്ചു. ഹി. 521ലായിരുന്നു ഇത്. ഹി. 528ൽ ശൈഖ് മുഖർരിമി(റ) വഫാത്തായപ്പോൾ മഹാന്റെ ശിഷ്യഗണങ്ങളെല്ലാവരും കൂടി മദ്‌റസയുടെ ചുമതല ശൈഖ് ജീലാനി(റ)യെ ഏൽപ്പിച്ചു. അതോടെ അധ്യാപന രംഗം ഒന്നുകൂടി സജീവമായി.
മഹാന്റെ പ്രസിദ്ധി വ്യാപിച്ചതോടെ മദ്‌റസയിൽ വിജ്ഞാനദാഹികൾ തിങ്ങിനിറഞ്ഞു. അകത്ത് സ്ഥലമില്ലാതിരുന്നതു കൊണ്ട് വഴിയിൽ ഇരുന്നു വരെ ആളുകൾ ശൈഖിന്റെ ക്ലാസ് ശ്രവിക്കാറുണ്ടായിരുന്നു. വൈകാതെ, മദ്‌റസ വിശാലമാക്കാനും അതിനായി ചുറ്റുമുള്ള വീടുകളുടെയും കടകളുടെയും ഭൂമി മദ്‌റസയിലേക്ക് കൂട്ടിച്ചേർക്കാനും തീരുമാനിച്ചു. സമ്പന്നരുടെ ധനസഹായവും ദരിദ്രരുടെ ശ്രമദാനവും കൊണ്ട് പണി പൂർത്തിയായി. അതോടെ അധ്യാപന രംഗത്തും പ്രഭാഷണ വേദികളിലും ശൈഖ് കൂടുതൽ സജീവമായി.
ശിഷ്യരുടെ സംശയങ്ങൾ മുഴുവൻ തീർത്തുകൊടുക്കുകയും മുന്നിലിരിക്കുന്ന പഠിതാക്കളുടെ മനമറിഞ്ഞ് പ്രതികരിക്കുകയും ചെയ്യുന്ന ശൈലിയായിരുന്നു ജീലാനിയുടേത്. ശൈഖ് അബൂബക്കർ (റ)ന്റെ അനുഭവം അതിനുദാഹരണമാണ്. അദ്ദേഹം പറയുന്നു: ‘ഞാൻ വിശ്വാസ ശാസ്ത്ര പഠനത്തിൽ മുഴുകിയിരിക്കുകയായിരുന്നു. അപ്പോൾ എന്റെ മനസ്സിൽ ഒരു സംശയം മുളപൊട്ടി. ആ സംശയം മനസ്സിൽ വെച്ച് ജീലാനി(റ)ന്റെ സദസ്സിലേക്ക് ഞാൻ കടന്നുചെന്നു. അദ്ദേഹം അപരരുടെ മനസ്സ് വായിക്കാൻ കഴിയുന്നയാളാണെന്ന് മുമ്പ് കേട്ടിരുന്നു. ഞാൻ സദസ്സിലെത്തുമ്പോൾ ശൈഖ് സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു: ‘നമ്മുടെ വിശ്വാസം സ്വഹാബത്തിന്റെയും സലഫുകളുടെയും വിശ്വാസമാണ്.’
ശൈഖ് അത് യാദൃച്ഛികമായി പറഞ്ഞതാകുമെന്ന് ഞാൻ വിചാരിച്ചു. അപ്പോൾ മഹാൻ ഞാൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി. അതേ വാക്കുകൾ ആവർത്തിച്ചു. പ്രസംഗകർ സംസാരത്തിനിടെ അങ്ങോട്ടുമിങ്ങോട്ടും തിരിയാറുണ്ടല്ലോ എന്നാണ് അതു കണ്ടപ്പോൾ ഞാൻ ആദ്യം ചിന്തിച്ചത്. എന്നാൽ മൂന്നാമതും എനിക്കു നേരെ തിരിഞ്ഞ് എന്റെ പേര് വിളിച്ചുതന്നെ ശൈഖ് പ്രസ്തുത കാര്യം ആവർത്തിച്ചു. എന്നിട്ടു പറഞ്ഞു: ‘എഴുന്നേറ്റു പോകൂ. നിങ്ങളുടെ പിതാവ് വന്നിട്ടുണ്ട്.’ അതു കേട്ട ഉടനെ ഞാൻ വീട്ടിലേക്കോടി. അപ്പോൾ എന്റെ പിതാവ് അവിടെയുണ്ടായിരുന്നു. കുറേ കാലമായി ഉപ്പയെ കാണാനില്ലായിരുന്നു (സിയറു അഅ്‌ലാമിന്നുബലാഅ് 20/442).
തന്റെയടുക്കൽ വിദ്യയഭ്യസിക്കുന്ന വിദ്യാർത്ഥികളുടെ രക്ഷിതാക്കളോട് സംവദിക്കുകയും മക്കളുടെ ഭാവിയെക്കുറിച്ചുള്ള അവരുടെ ആശങ്കകൾ മാറ്റുന്നവിധം യുക്തിസഹമായ ഇടപെടലുകൾ നടത്തുകയും ചെയ്യുമായിരുന്നു. ഒരിക്കൽ ഒരു സ്ത്രീ തന്റെ മകനെയും കൂട്ടി ജീലാനി(റ)ന്റെ സമീപമെത്തി. സ്ത്രീ പറഞ്ഞു: എന്റെ മകന്റെ ഹൃദയത്തിൽ നിങ്ങളോട് വല്ലാത്ത ആദരവും സ്‌നേഹവുമുള്ളതായി ഞാൻ മനസ്സിലാക്കുന്നു. ഇവനെ താങ്കൾ ഏറ്റെടുത്താലും.’ ശൈഖ് ആ കുട്ടിയെ ഏറ്റെടുക്കുകയും ആത്മീയ വഴിയിൽ പ്രവേശിക്കാൻ നിർദേശിക്കുകയും ചെയ്തു.
പിന്നീടൊരിക്കൽ ആ മാതാവ് മകനെ സന്ദർശിക്കാൻ മദ്‌റസയിലെത്തി. കുട്ടി വളരെ മെലിഞ്ഞുണങ്ങിയതാണ് അവർ കാണുന്നത്. സ്ഥിരമായ പട്ടിണിയും ഉറക്കമില്ലായ്മയും കാരണം ശരീരത്തിന്റെ നിറം മാറിട്ടുണ്ടായിരുന്നു. കൂട്ടാനൊന്നുമില്ലാതെ, യവം കൊണ്ടുണ്ടാക്കിയ റൊട്ടിക്കഷ്ണം മാത്രം അവൻ ഭക്ഷിക്കുന്നതാണ് വന്നപ്പോൾ മാതാവ് കണ്ടത്. പുത്രവത്സലയായ അവർ ശൈഖിന്റെ സവിധത്തിൽ ചെന്നുനോക്കിയപ്പോൾ അദ്ദേഹം മുന്തിയ ഭക്ഷണം കഴിക്കുന്നു! മുന്നിലുള്ള പാത്രത്തിൽ അദ്ദേഹം കഴിച്ച കോഴിയുടെ എല്ലുകളുണ്ടായിരുന്നു. ഇതു കണ്ട് ആ സ്ത്രീ ചോദിച്ചു: ‘ഉസ്താദേ, അങ്ങ് കോഴി മാംസം കഴിക്കുന്നു. എന്റെ മോനാകട്ടെ, വളരെ താഴ്ന്നയിനം യവത്തിന്റെ റൊട്ടിയും!’
അപ്പോൾ ശൈഖ് ആ എല്ലുകൾക്കു മേൽ ഇരുകരവും വെച്ച് ഇങ്ങനെ കൽപിച്ചു: ‘ദ്രവിച്ച എല്ലുകളെ ജീവിപ്പിക്കുന്ന അല്ലാഹുവിന്റെ സമ്മതപ്രകാരം എഴുന്നേൽക്കൂ…’ അതോടെ എല്ലുകൾ ജീവനുള്ള കോഴിയായി രൂപാന്തരപ്പെട്ടു. സ്ത്രീ അന്ധാളിച്ചു നിൽക്കുമ്പോൾ ശൈഖ് പറഞ്ഞു: ‘നിങ്ങളുടെ മകനും ഇപ്രകാരം ചെയ്യാൻ പ്രാപ്തനായാൽ അവന് ഇഷ്ടമുള്ളതെന്തും കഴിക്കാം’. അതോടെ മാതാവിന്റെ ആശങ്കകൾ മാറി (സിയറു അഅ്‌ലാമിന്നുബലാഅ്).
കുട്ടികളിലെ പഠന പിന്നാക്കാവസ്ഥയും വൈകല്യങ്ങളും കണ്ടെത്താനും അവ പരിഹരിക്കാനും വേണ്ട പരിശീലന പദ്ധതിയും ജീലാനി(റ)യുടെ കൈവശമുണ്ടായിരുന്നു. ശൈഖ് അഹ്‌മദുബ്‌നു മുബാറക്(റ) പറഞ്ഞു: ശൈഖിന്റെ ശിഷ്യഗണങ്ങളിൽ പഠന പിന്നാക്കാവസ്ഥയുള്ള ഒരു കുട്ടിയുണ്ടായിരുന്നു. വളരെ പ്രയാസപ്പെട്ട് മാത്രമേ ഏത് കാര്യവും അവന് മനസ്സിലാകുമായിരുന്നുള്ളൂ. അതിനാൽ ആ കുട്ടിയെ മഹാൻ പ്രത്യേകം പരിഗണിച്ചിരുന്നു. ഒരു നാൾ ആ കുട്ടി ശൈഖിന്റെയടുക്കൽ പഠിച്ചുകൊണ്ടിരിക്കുമ്പോൾ ശൈഖ് ഇബ്‌നു സംഹൽ(റ) സന്ദർശനാർത്ഥം മദ്‌റസയിൽ വന്നു. ആ കുട്ടിക്ക് വേണ്ടി ഗുരു ക്ഷമയോടെ കഷ്ടപ്പെടുന്നത് കണ്ട് ഇബ്‌നു സംഹൽ(റ) പറഞ്ഞു: അങ്ങ് ഈ കുട്ടിയെ പഠിപ്പിക്കാൻ കാണിക്കുന്ന ക്ഷമ എന്നെ വല്ലാതെ അത്ഭുതപ്പെടുത്തുന്നു (ഖലാഇദുൽ ജവാഹിർ 8).
സൈനുദ്ദീൻ ശാമിൽ ഇർഫാനി