ശൈഖ് ജീലാനി(റ) പറഞ്ഞു: ‘വിശപ്പടക്കാനാവുന്നത്ര ഭക്ഷണം അടുത്തുണ്ടായിരിക്കെ സ്വന്തം ജീവിത പ്രയാസത്തെക്കുറിച്ച് ആവലാതിപറയുന്നത് നീ സൂക്ഷിക്കണം. കാരണം നിന്റെ ഈ നിഷേധത്തിനുള്ള ശിക്ഷയെന്നോണം നിനക്കുള്ള ഭക്ഷണമാര്‍ഗങ്ങള്‍ പ്രയാസകരമാകാനിടയുണ്ട്.’
അന്നവും വെള്ളവും മറ്റെന്തും നല്‍കുന്നവന്‍ അല്ലാഹുവാണ്. അവന്‍ നല്‍കുന്നവനും നാം ഉപഭോക്താക്കളുമാണ്. അല്ലാഹുവിന്റെ ഔദാര്യമായി ലഭിക്കുന്ന ഒന്നിനെക്കുറിച്ച് നമുക്ക് സദ്വിചാരമേ പാടുള്ളു.അവന്‍ നല്‍കിയ ഒന്നിനെയും നിഷേധിക്കരുത്. നാം ആവശ്യപ്പെടാതെത്തന്നെ ലഭ്യമായിട്ടുള്ള അനേകം അനുഗ്രഹങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ മോഹങ്ങള്‍ നമുക്കുണ്ടാവുന്നത്. ആഗ്രഹിക്കും വിധത്തിലായാലുമില്ലെങ്കിലും തുടര്‍ അനുഗ്രഹങ്ങള്‍ ലഭിക്കുന്നുമുണ്ട്. എല്ലാം അല്ലാഹുവിന്റെ അതിരറ്റ ദയാവായ്പിന്റെയും കാരുണ്യത്തിന്റെയും ഫലമാണ്.
നമുക്കര്‍ഹതയുണ്ടായാലും ഇല്ലെങ്കിലും അനുഗ്രഹങ്ങളനവധി ചെയ്തുതന്ന പ്രപഞ്ച നാഥന്‍ അത്യുന്നതമായ നന്ദിക്കും കൃതജ്ഞതക്കും അര്‍ഹനാണ്. അഥവാ അനുഗ്രഹം പറ്റുന്നവര്‍ അല്ലാഹുവിന് നന്ദി ചെയ്യേണ്ടത് അനിവാര്യമാണ്. ഉപകാരത്തിന് പ്രത്യുപകാരം അല്ലെങ്കില്‍ നന്ദി ചെയ്യുക സാമാന്യമര്യാദയാണല്ലോ. അല്ലാഹുവിനെ സംബന്ധിച്ചിടത്തോളം പ്രത്യുപകാരത്തിന്റെ ആവശ്യമില്ല. പക്ഷേ തന്റെ അനുഗ്രഹം പറ്റുന്നവര്‍ നന്ദിയുള്ളവരായിരിക്കണമെന്ന് അവന്‍ നിശ്ചയിച്ചിരിക്കുന്നു. നന്ദിചെയ്യുന്നവനെ അതിന്റെ പേരില്‍ കൂടുതല്‍ കടാക്ഷിക്കുമെന്ന് വാഗ്ദത്തം ചെയ്യുകയും ചെയ്തിട്ടുണ്ട്.
എല്ലാറ്റിനെയും സൃഷ്ടിച്ച അല്ലാഹു അവയുടെയെല്ലാം ഗുണത്തെ മനുഷ്യന് വേണ്ടി എന്നരീതിയില്‍ ക്രമീകരിച്ചിരിക്കുകയാണ്. അത്കൊണ്ട് തന്നെ അതിനു കൃതജ്ഞത നടത്താന്‍ മനുഷ്യന്‍ തയ്യാറാവണം. നമ്മുടെ പരിധിയിലും സ്വാധീനത്തിലുമുള്ള ഒന്നും നമുക്ക് സ്വന്തമായി സാധിക്കുന്നതല്ല. ഒരു പക്ഷേ, ചിലതിന്റെ ഉപയുക്തതകള്‍ പോലും മറ്റു പലതിനെയുമോ പലരെയുമോ ആശ്രയിച്ചുമായിരിക്കും. പങ്കാളിത്തം വേണ്ടിവരുന്നവയുമുണ്ട്. ഏതര്‍ത്ഥത്തിലായാലും നന്ദി ചെയ്യാന്‍ ബാധ്യസ്ഥരാണു നാം. ഒരു അനുഗ്രഹത്തിന് നന്ദി ചെയ്യാനവസരമുണ്ടാവുന്നത് മറ്റൊരനുഗ്രഹമാണെന്നാണ് ശൈഖ് ജീലാനി(റ) അടക്കമുള്ള ആത്മജ്ഞാനികള്‍ പഠിപ്പിക്കുന്നത്.
മനസ്സായുള്ള നന്ദി അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരമാണ്. ഒരു സൗകര്യം അതെത്ര ചെറുതായാലും അതിന്റെ ക്രമീകരണങ്ങള്‍, അതിലടങ്ങിയിട്ടുള്ള ഘടകങ്ങള്‍ തുടങ്ങിയവയിലുള്ള ആലോചന എന്ന പോലെ, ആ ഒരവസ്ഥയുടെ അഭാവത്തില്‍ താനെങ്ങനെ എന്ന വിചാരം മനസ്സിനെ മഥിക്കണം. കണ്ണില്ലാത്തവന്റെ അവസ്ഥയെന്തെന്നറിയാന്‍ കണ്ണുചിമ്മിയതു കൊണ്ടാവില്ലല്ലോ. ഇത്തരത്തില്‍ ഓരോ അനുഗ്രഹത്തെയും കുറിച്ചുള്ള ആലോചനയാണ് മാനസികമായ നന്ദി രേഖപ്പെടുത്തല്‍. പ്രത്യുത കണ്ണില്ലാത്തവനു കണ്ണു നല്‍കാന്‍ വ്യൈശാസ്ത്രത്തിനു കഴിയുമെന്ന തരത്തിലുള്ള വിചാരങ്ങള്‍ പരീക്ഷണത്തിന്റെ മൂല്യം നിരസിക്കുകയാണ്. ഇത് കൃതഘ്നതയും. കൃതജ്ഞതാവിചാരം വര്‍ധിപ്പിക്കാനുപകരിക്കേണ്ട അവസ്ഥയെ വിരുദ്ധ ദിശയില്‍ തിരിച്ചുവിടുകയാണിവിടെ. ചില ശാരീരിക ന്യൂനതകള്‍ക്ക് പരിഹാരമായി വ്യൈശാസ്ത്ര രംഗത്ത് പുത്തന്‍ അറിവുകള്‍ നല്‍കിയവനാണ് തന്റെ നാഥന്‍ എന്ന ചിന്തയാണുണ്ടാവേണ്ടിയിരുന്നത്.
നാവുകൊണ്ടുള്ള നന്ദി അനുഗ്രഹത്തെക്കുറിച്ച് പറയലാണെന്ന് ശൈഖ് പഠിപ്പിച്ചു. ഉള്ളിലംഗീകരിക്കുന്ന ഒന്ന് പുറമെ പറയാന്‍ മനുഷ്യപ്രകൃതം നിര്‍ബന്ധിക്കും. നല്ലതോ ചീത്തയോ ആയാലും ഗുണമോ ദോഷമോ വന്നാലും അതുണ്ടായേക്കാം. ലക്ഷ്യമെന്തായാലും യാഥാര്‍ത്ഥ്യത്തിന് വിരുദ്ധമായതൊന്ന് പ്രഖ്യാപിക്കണമെന്നതിലാണ് കളവുപറയുന്നവന്റെ മനസ്സില്‍ ഉടക്കിയിരിക്കുക. സുഹൃത്തുക്കള്‍ തമ്മില്‍ പിണക്കണമെന്ന വിചാരമാണ് ഏഷണികൂട്ടലിന്റെ അടിസ്ഥാനം. ഒരാളെ ഇകഴ്ത്തണമെന്നോ അവഹേളിക്കണമെന്നോയുള്ള വിചാരം മനസ്സിലുടലെടുത്തതിന്റെ പ്രതിഫലമാണ് പരദൂഷണം. ഒരു അനുഗ്രഹത്തെക്കുറിച്ച് നല്ലവിചാരമാണ് മനസ്സിലുള്ളതെങ്കില്‍ അത് പറയാതിരിക്കില്ല. അനുഗ്രഹത്തെക്കുറിച്ചുള്ള വിചാരത്തിനനുസരിച്ചുണ്ടാവുന്ന പ്രസ്താവനയും വിളംബരവും നാവുകൊണ്ടുള്ള നന്ദിരേഖപ്പെടുത്തലാണ്.
നബി(സ്വ) ക്ക് ലഭ്യമായിട്ടുള്ള അനുഗ്രഹങ്ങള്‍ മഹത്തായതും ധാരാളവുമാണ്. അവയെക്കുറിച്ച് വിവരിക്കാന്‍ അല്ലാഹു നിര്‍ദേശിക്കുന്നു. ചില പ്രധാന അനുഗ്രഹങ്ങള്‍ പരാമര്‍ശിച്ച ശേഷം അല്ലാഹു പറയുന്നു: ‘അങ്ങയുടെ നാഥന്‍ ചെയ്തുതന്നിട്ടുള്ള അനുഗ്രഹങ്ങളെ വിവരിക്കുക’ (വള്ളുഹ/11). ഇതിന്റെ വിശദീകരണത്തില്‍ വ്യാഖ്യാതാക്കള്‍ പറയുന്നു: ‘ഈ നിര്‍ദേശം വിശ്വാസികള്‍ക്കു പൊതുവെ ബാധകമാണ് (തഫ്സ്സീറു സആലിബി).അല്ലാഹു അങ്ങേക്ക് ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തെ നന്ദി ചെയ്തും പ്രശംസിച്ചും പ്രസിദ്ധപ്പെടുത്തുക അവന്‍ ചെയ്ത അനുഗ്രഹത്തെക്കുറിച്ച് പറയലും അത് സമ്മതിക്കലും ശുക്റ് (നന്ദി) ആണ്. സംബോധന നബി(സ്വ)യോടാണെങ്കിലും അതിലെ വിധി എല്ലാവര്‍ക്കും ബാധകമാണ്.
ഈ നിര്‍ദേശം സ്വീകരിച്ചുകൊണ്ട് ലോകമാന്യം ലക്ഷ്യമാക്കാതെ തങ്ങള്‍ക്ക് ചെയ്യാനവസരം കിട്ടിയ പുണ്യകര്‍മങ്ങളെക്കുറിച്ചു പറഞ്ഞിരുന്നു മഹാന്‍മാര്‍. ഈ പറച്ചിലിനെക്കുറിച്ചു ആശങ്കപ്പെടുന്നവരോട് അവര്‍ പറയും: അല്ലാഹു അനുഗ്രഹങ്ങള്‍ എടുത്തുപറയാന്‍ നിര്‍ദേശിക്കുന്നു. നിങ്ങള്‍ പറയുന്നു ആ നിഅ്മത്തിനെ പറയരുതെന്ന്. അബൂറജാഇല്‍ അത്വാരിദി, അയ്യൂബു സ്സഖ്തിയാനി, അബൂഫറാസ് അബ്ദുല്ലാഹിബ്നു ഗാലിബ് തുടങ്ങിയവരൊക്കെ ഇങ്ങനെ പറയാറുണ്ടായിരുന്നു (തഫ്സീര്‍ ഖുര്‍ത്വുബി).
അല്ലാമാ മുനാവി(റ) ആത്മജ്ഞാനികളെ ഉദ്ധരിച്ചെഴുതുന്നു: അനുഗ്രഹം എടുത്തു പറയല്‍ അല്ലാഹുവിലുള്ള സ്നേഹം ഉണ്ടാക്കിത്തീര്‍ക്കുന്നതാണെന്ന് ആത്മജ്ഞാനികള്‍ പറഞ്ഞിട്ടുണ്ട് (ഫൈളുല്‍ ഖദീര്‍).
അനുഗ്രഹത്തെ മനഃപ്പൂര്‍വം മറച്ചുവെക്കുന്നതില്‍ നന്ദി കേടിന്റെ ലാഞ്ചനയുണ്ടെന്ന് ശൈഖ് ജീലാനി(റ) പഠിപ്പിച്ചു. മനസ്സില്‍ അതൊരുകാര്യമായി അംഗീകരിക്കപ്പെടാത്തതിന്റെയും, അതിന്റെ ദാതാവിനെക്കുറിച്ച് വിചാരപരമായ അപചയത്തിന്റെയും അടയാളമായിരിക്കും അത്. യഥാര്‍ത്ഥത്തില്‍ അനുഗ്രഹത്തെ ശരിയാംവണ്ണം മനസ്സിലാക്കുന്നത് തന്നെ ശുക്റാണ്.
നന്ദിയില്ലായ്മയുടെ അടയാളമാണ് പറയാനുള്ള സങ്കോചവും താല്‍പര്യമില്ലായ്മയും. ഇമാം ജുഹൈരി(റ) എഴുതുന്നു: ‘മൂസാനബി(അ) മുനാജാത്ത് വേളയില്‍ അല്ലാഹുവിനോട് ചോദിച്ചു: നീ ആദം(അ)നെ സൃഷ്ടിക്കുകയും ഇന്നയിന്നകാര്യങ്ങളൊക്കെ ചെയ്യുകയുമുണ്ടായല്ലോ. അതിനെങ്ങനെയാണ് ആദം(അ) നന്ദി ചെയ്തത്? അല്ലാഹു പറഞ്ഞു: ഞാനാണ് അതെല്ലാം ചെയ്തത്. അത് എന്‍റേതാണ് എന്ന് ആദം അറിഞ്ഞിട്ടുണ്ട്. ആ അറിവ് ആദമില്‍ നിന്ന് എന്നോടുള്ള ശുക്റ് ആണ് (രിസാലത്തുല്‍ ഖുശൈരിയ്യ).
ഇമാം ഗസ്സാലി (റ) അല്ലാഹു ചെയ്ത അനുഗ്രഹം മറച്ചുവെക്കുന്നതിന്റെ ഗൗരവം വ്യക്തമാക്കിക്കൊണ്ട് എഴുതുന്നു: അനുഗ്രഹങ്ങള്‍ മറച്ചുവെക്കുന്നതു നിഅ്മത്തിന് നന്ദികേട് പ്രവര്‍ത്തിക്കലാണ്, അല്ലാഹു നല്‍കിയതിനെ മറച്ചുവെക്കുന്നതിനെ അവന്‍ ആക്ഷേപിക്കുകയും പിശുക്കിനോട് ചേര്‍ത്തിപ്പറയുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു: പിശുക്കു കാണിക്കുന്നവരും ജനങ്ങളോട് പിശുക്ക് കാണിക്കാന്‍ നിര്‍ദേശിക്കുന്നവരും അല്ലാഹുവിന്റെ ഔദാര്യത്തില്‍ നിന്ന് നല്‍കിയതിനെ മറച്ചുവെക്കുന്നവരാണ് (നിസാഅ്/37). ദുര്‍ഗുണങ്ങളില്‍ പെട്ട പിശുക്കിന് സമാനമായ അവസ്ഥ തന്നെയാണ് നിഅ്മത്ത് മറച്ചു വെക്കുന്നത്.
തുടക്കത്തിലുദ്ധരിച്ച ശൈഖ് ജീലാനി(റ)ന്റെ വചനത്തില്‍ നമുക്കിതെല്ലാം കാണാന്‍ സാധിക്കും. നമുക്ക് ലഭ്യമായ വലിയ ഒരനുഗ്രഹത്തെ വിലകുറച്ച് കാണിക്കുകയും നിഷേധിക്കുകയും ചെയ്യുന്നത് വര്‍ജിക്കേണ്ടതാണ്. സുഖവിവരമോ സാമ്പത്തിക സ്ഥിതിയോ അന്വേഷിച്ചാല്‍ ആ മേഖലയില്‍ താനനുഭവിക്കുന്ന മെച്ചപ്പെട്ട അവസ്ഥയോട് യോജിക്കാത്തവിധം നിഷേധാത്മകമായ മറുപടി പറയുന്നവരുണ്ട്. എന്താണ് വിശേഷം എന്ന് ചോദിച്ചാല്‍ അല്‍ഹംദുലില്ലാഹ് എന്ന് പറയാന്‍ നമുക്ക് സാധിക്കണം. കാരണം ആ വിഷയത്തില്‍ നമ്മുടെതിനെക്കാള്‍ താഴ്ന്ന വിധത്തിലും പ്രതികൂലാവസ്ഥയിലും കഴിയുന്നവരേറെയാണ്. അവരെക്കാള്‍ ഉയരത്തില്‍ നാഥന്‍ നമ്മെ എത്തിച്ചുവല്ലോ എന്നുള്‍ക്കൊണ്ട് മറുപടി പറയാന്‍ ശ്രമിക്കണം. നിഷേധാത്മക പദപ്രയോഗങ്ങള്‍ ചിലപ്പോഴൊക്കെ അറം പറ്റിപ്പോയിട്ടുണ്ട് എന്നത് നാമോര്‍ക്കണം. ജീലാനി സ്മരണ ഉണരുന്ന ഈ കാലത്ത് ഒരു പാഠമായി ഇതു നാം സ്വീകരിക്കുക.
ആത്മജ്ഞാനികളിലൊരാളോട് ഒരു ദരിദ്രന്‍ തന്റെ ദുരവസ്ഥയെക്കുറിച്ച് ആവലാതി ബോധപ്പിച്ചു. താന്‍ വലിയ മനഃപ്രയാസത്തിലാണെന്നും അറിയിച്ചു. അപ്പോള്‍ ആത്മജ്ഞാനി അവനോട് ചോദിച്ചു: നീ അന്ധനായി പതിനായിരം ദിര്‍ഹം ലഭിക്കുന്നത് നിനക്ക് സന്തോഷമാണോ?
ആവലാതിക്കാരന്‍ പറഞ്ഞു: ‘ഇല്ല’
നീ മൂകനായി നിനക്ക് പതിനായിരം ലഭിച്ചാലോ?
‘ഇല്ല’
നീ കൈകാലുകള്‍ ഛേദിക്കപ്പെട്ടവനായി ഇരുപതിനായിരം ലഭിച്ചാലോ?
‘ഇല്ല’
നീ ഭ്രാന്തനായി പതിനായിരം ലഭിച്ചാലോ?
‘ഇല്ലേയില്ല’
അപ്പോള്‍ ആത്മ ജ്ഞാനി പറഞ്ഞു: അമ്പതിനായിരം ദിര്‍ഹമിനുള്ള സാധനങ്ങള്‍ നിന്റെ അടുത്തുണ്ടായിരിക്കെ (നാഥന്‍ അത് നിനക്ക് സൗജന്യമായി തന്നിരിക്കെ) യജമാനനോട് ആവലാതി ബോധിപ്പിക്കാന്‍ നിനക്കു നാണമില്ലേ? (ഇഹ്യാഅ്).

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ