ഇറാഖില്‍ടൈഗ്രീസ് നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന തിക്രിത് പട്ടണത്തില്‍ഹിജ്റ 532ലാണ് സ്വലാഹുദ്ദീന്‍അയ്യൂബി ജനിക്കുന്നത്. സാത്വികനും ഭക്തനുമായിരുന്ന അയ്യൂബ് ബ്നു ശാദിയാണ് പിതാവ്. ദുവൈനില്‍നിന്നും തിക്രിതിലേക്ക് താമസം മാറിയ കുര്‍ദ് വംശജനായിരുന്നു അദ്ദേഹം. അബ്ബാസിയാ ഖിലാഫത്തിന്റെ പ്രവിശ്യാ ഗവര്‍ണറായിരുന്നു അയ്യൂബ്. പിന്നീട് വടക്കന്‍ഇറാഖിലെ മൗസിലിലേക്ക് (മൊസൂള്‍) താമസം മാറ്റി. സഹോദരനായ അസദുദ്ദീന്‍ശീര്‍കൂഹും കൂടെയുണ്ടായിരുന്നു. നജ്മുദ്ദീന്‍എന്ന അപരനാമത്തിലും അദ്ദേഹമറിയപ്പെട്ടു. മതത്തോടുള്ള പ്രതിപത്തിയുടെ പേരില്‍നല്‍കപ്പെട്ടതായിരുന്നു അത്.

മൊസൂളില്‍അധിക കാലം താമസിച്ചില്ല. സിറിയ ഭരണാധികാരിയായിരുന്ന ഇമാദുദ്ദീന്‍സങ്കിയുടെ ഗവര്‍ണറായി ബഅ്ലബക്കില്‍നിയമിതനായപ്പോള്‍അങ്ങോട്ടുപോയി. ഈ കാലയളവിലാണ് സ്വലാഹുദ്ദീന്‍പ്രാഥമിക വിദ്യാഭ്യാസം നേടുന്നത്. ഔപചാരികമായ വിദ്യാഭ്യാസത്തോടൊപ്പം തന്നെ ഭരണപാഠങ്ങളും നേടാന്‍ആ സാഹചര്യം അനുകൂലമായിരുന്നു. അന്നത്തെ സാമൂഹിക സാഹചര്യത്തിന്റെ സ്വാധീനമേല്‍ക്കാതിരിക്കാന്‍പിതാവും പിതൃവ്യനും ഗുരുനാഥന്മാരും വേണ്ട പരിചരണം നല്‍കി. പിതാവിന്റെ ഔദ്യോഗിക പദവിമൂലം സുല്‍ത്താന്‍ഇമാദുദ്ദീന്‍സങ്കിയുമായി സഹവാസം നേടാനായി. പില്‍ക്കാല ജൈത്രയാത്രയില്‍ഇത് ഏറെ ഉപകാരപ്രദമായി.

ഇമാദുദ്ദീന്‍സങ്കി ഹിജ്റ 541ല്‍വഫാത്തായപ്പോള്‍മകന്‍നൂറുദ്ദീന്‍സങ്കി ഭരണമേറ്റെടുത്തു. സ്വലാഹുദ്ദീന് ചെറുപ്രായത്തില്‍തന്നെ സങ്കിയോട് സഹവാസമുണ്ടായിരുന്നത് ഭരണതലത്തിലും അദ്ദേഹത്തിന് ഉപകാരപ്പെട്ടു. മതകാര്യങ്ങളില്‍തല്‍പരനായ നൂറുദ്ദീന്‍സ്വലാഹുദ്ദീനെ ഒരു ശിഷ്യനെപ്പോലെ പരിചരിച്ചു. അതിനാല്‍ചെറുപ്രായത്തില്‍തന്നെ ഭരണ ജീവിത സൗകര്യങ്ങള്‍ക്ക് നടുവിലും മതചിട്ടയിലും ആത്മീയ കാര്യങ്ങളിലും ഇടപഴകാനും ജീവിതം ക്രമീകരിക്കാനുമായി.

പിതാവിനെപ്പോലെ അദ്ദേഹവും സ്വലാഹുദ്ദീന്‍കുടുംബത്തെ പരിഗണിച്ചു. ഏതു ദൗത്യവും വിശ്വസിച്ചേല്‍പ്പിക്കാന്‍കൊള്ളുന്നവരെന്ന തിരിച്ചറിവാണ് ഹേതുകം. സ്വലാഹുദ്ദീന്റെ പിതാവായ അയ്യൂബിനെ വൈകാതെ ഡമസ്കസിലെ സൈനികച്ചുമതലയേല്‍പ്പിച്ചു. പിതൃവ്യനായ അസദുദ്ദീനെ എലപ്പോയിലും സൈനിക മേധാവിയാക്കി. ഇമാദുദ്ദീന്‍സങ്കിയുടെ കാലത്ത് ഇംഗ്ലീഷുകാരില്‍നിന്നും തിരിച്ചുപിടിച്ചിരുന്ന നഗരമാണ് എലപ്പോ.

പുതിയ സൗഹൃദം

പിതാക്കള്‍തമ്മിലുള്ള ബന്ധത്തിന്റെ പേരിലാണ് നൂറുദ്ദീനും സ്വലാഹുദ്ദീനും അടുത്തത്. പിന്നീട് അവര്‍ഉറ്റ സഹകാരികളായി. അങ്ങനെ ഇസ്‌ലാമിക സമൂഹത്തിന്റെ പ്രതീക്ഷക്കും മേഖലയുടെ താല്‍പര്യത്തിനും അനുസൃതമായി ഒന്നിച്ചു പ്രവര്‍ത്തിക്കുകയും മുന്നേറ്റം നടത്തുന്നതുമാണ് ലോകം കാണുന്നത്. നൂറുദ്ദീന് തന്നേക്കാള്‍വയസ്സ് കൂടുതലായിരുന്നതിനാല്‍ഒരു ഗുരുവിനെപ്പോലെ അദ്ദേഹത്തെ മാതൃകയാകാക്കാന്‍സ്വലാഹുദ്ദീന് സാധിച്ചു. സ്വലാഹുദ്ദീനെ നന്മയും ഊര്‍ജ്ജസ്വലതയും നൂറുദ്ദീനെയും ആകര്‍ഷിച്ചു. ഇരുവരും നിര്‍വഹിച്ച ദൗത്യങ്ങള്‍മുസ്‌ലിം യശസ്സിന്റെ വീണ്ടെടുപ്പിന് നിദാനവുമായി. ഒരു നൂറ്റാണ്ടു കാലത്തോളം പിടിച്ചുനിന്ന അധിനിവേശ ശക്തികളായ യൂറോപ്യരെ മേഖലയില്‍നിന്ന് തുരത്താനവര്‍ക്കു സാധിച്ചു. സ്വതന്ത്രമായി നീങ്ങിയിരുന്ന മുസ്‌ലിം പ്രവിശ്യകളെ ഏകീകരിക്കാനും സ്വാര്‍ത്ഥ താല്‍പര്യക്കാരെയും സമൂഹത്തിനും സംസ്കാരത്തിനും ഭീഷണിയായവരെയും അകറ്റിനിര്‍ത്താനും അവര്‍ക്കായി. അങ്ങനെ വിശാലമായ സിറിയയിലും ഫലസ്തീനിലും നഷ്ടപ്രതാപം അവര്‍പുനഃസ്ഥാപിച്ചു.

സല്‍ജൂഖികളുടെ തുടര്‍ച്ചക്കാരന്‍എന്ന പരിമിതിയില്‍നിന്ന് പുറത്തുകടന്നെങ്കിലേ ദൗത്യങ്ങള്‍പൂര്‍ണമായി വിജയിപ്പിച്ചെടുക്കാനാവൂ എന്ന് തിരിച്ചറിഞ്ഞ നൂറുദ്ദീന്‍തന്റെ പിതാവ് യൂറോപ്യരില്‍നിന്നും തിരിച്ചുപിടിച്ച എലപ്പോ തലസ്ഥാനമാക്കി ഭരണകൂടം സ്ഥാപിച്ചു. ഭരണരംഗത്ത് ധാരാളം പരിഷ്കാരങ്ങള്‍വരുത്തി. സമര്‍ത്ഥരും യോഗ്യരുമായ സേനാനികളെ കണ്ടെത്തി ചുമതലകളേല്‍പ്പിച്ചു. ഖുലഫാഉര്‍റാശിദുകളുടെ കാലത്ത് ഇസ്‌ലാമിനു കീഴില്‍വരുകിയും അടുത്തകാലത്തായി യൂറോപ്യര്‍ആധിപത്യം ഉറപ്പിക്കുകയും ചെയ്ത പ്രദേശങ്ങള്‍പലതും ആ സൈന്യം തിരിച്ചുപിടിച്ചു. കിഴക്കന്‍സിറിയ മുഴുവനായും പടിഞ്ഞാറന്‍സിറിയ ഭാഗികമായും മൗസ്വില്‍, അല്‍ജസീറ, ദിയാര്‍ബക്ര്‍, ഈജിപ്ത്, മൊറോക്കൊയുടെയും യമനിന്റെയും ചില പ്രവിശ്യകള്‍തുടങ്ങിയവ അദ്ദേഹത്തിന്റെ അധീനത്തിലായി. അതിലധികം പട്ടണങ്ങള്‍യൂറോപ്യരില്‍നിന്ന് പിന്നെയും തിരിച്ചുപിടിച്ചു.

സൈനിക സേവനത്തില്‍

സ്വലാഹുദ്ദീന്റെ പിതാവും പിതൃവ്യനും നൂറുദ്ദീന്‍സങ്കിയുടെ അടുത്ത സൈനിക മേധാവികളായി പരിഗണിക്കപ്പെട്ടു. ഈജിപ്തിലെ വിജയം പൂര്‍ത്തീകരിക്കുന്നതിനും അവിടത്തെ ചില മന്ത്രിമാരുടെ വഞ്ചനാപരമായ നിലപാടിനും സ്വാര്‍ത്ഥതക്കുമെതിരെയും അസദുദ്ദീന്റെ നേതൃത്വത്തില്‍ദൗത്യസംഘത്തെ അങ്ങോട്ടയക്കുകയുണ്ടായി. ഫാത്വിമി ഭരണത്തിന്റെ അവസാനത്തെ കണ്ണിയായ ആളിദ് അബ്ദുല്ലയുടെ മന്ത്രിയായ ശാവറിനെതിരെ കലാപം നയിച്ചവരെ തുരത്തി സമാധാനം സ്ഥാപിക്കാനും ദൗത്യസംഘത്തെ അയച്ചു. ശാവര്‍സഹായം തേടിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

പിന്നീട് ശാവര്‍തന്റെ രാഷ്ട്രീയ താല്‍പര്യത്തിനായി യൂറോപ്യന്‍കുരിശു സൈനികരുമായി വലിയ വില കൊടുത്ത് സന്ധിയിലും സഖ്യത്തിലുമായി. അപ്പോള്‍അവരെ തുരത്താന്‍അസദുദ്ദീന്റെ നേതൃത്വത്തില്‍ഈജിപ്തിലേക്ക് നിയോഗിച്ച സംഘത്തിലും സ്വലാഹുദ്ദീന്‍പങ്കെടുത്തു. ശാവര്‍പ്രതീക്ഷിച്ചപോലെ ഇംഗ്ലീഷുകാര്‍സഹായിച്ചില്ല. അവര്‍ഈജിപ്ത് വിട്ടു. അപ്പോള്‍അസദുദ്ദീനുമായി സന്ധിക്കാനദ്ദേഹം ശ്രമിച്ചു. പക്ഷേ, ആളിദ് അബ്ദുല്ലയുടെ നിര്‍ദേശാനുസരണം അയാള്‍വധിക്കപ്പെടുകയുണ്ടായി. തന്ത്രപ്രധാനമായ ഒരു പ്രദേശത്ത് കുരിശു ശക്തികള്‍ക്ക് താവളവും സഹായവും നല്‍കുന്ന രീതി പൊറുപ്പിക്കാവതായിരുന്നില്ല.

ഈജിപ്ത് ഭരണത്തില്‍

അസദുദ്ദീനും സംഘവും നടത്തിയ ദൗത്യനിര്‍വഹണത്തില്‍സന്തുഷ്ടനായ ആളിദ് അബ്ദുല്ല അസദുദ്ദീനെ ഈജിപ്തിന്റെ ഭരണച്ചുമതലയേല്‍പ്പിച്ചു. പക്ഷേ, അധികകാലം പദവിയല്‍തുടരാന്‍അദ്ദേഹത്തിന് സാധിച്ചില്ല. രണ്ടു മാസവും അഞ്ചു ദിവസവും മാത്രമാണ് പിന്നീട് അദ്ദേഹം ജീവിച്ചത്. ശേഷം തങ്ങള്‍ക്കൊരു നേതാവിനെ നിയോഗിക്കണമെന്ന ഈജിപ്ത് പ്രവിശ്യാ ഗവര്‍ണര്‍മാരുടെ ആവശ്യമനുസരിച്ച് നൂറുദ്ദീന്‍സ്വലാഹുദ്ദീനെ തല്‍സ്ഥാനത്ത് നിയമിച്ചു. അല്‍മലികുന്നാസ്വിര്‍എന്ന് അപരനാമവും നല്‍കി. ഫലത്തില്‍മിസ്റിലെ റാഫിളീ ഭരണത്തിന്റെ അന്ത്യവും അയ്യൂബീ ഖിലാഫത്തിന്റെ ആരംഭവുമായി ഇത്. പക്ഷേ, സ്വലാഹുദ്ദീന്‍, നൂറുദ്ദീന്‍സങ്കിയുടെ നേതൃത്വം അംഗീകരിച്ചു തന്നെയാണ് കഴിഞ്ഞത്. ഈജിപ്തിന്റെ പൂര്‍ണമായ അധികാരം അദ്ദേഹം നേടുന്നത് പിന്നീടാണ്.

ഈ വിജയ സന്തോഷ സാഹചര്യത്തില്‍പിതാവുകൂടി തന്നോടൊപ്പം ഉണ്ടാവണമെന്നഭിലഷിച്ച സ്വലാഹുദ്ദീന്‍, അയ്യൂബിനെ ഈജിപ്തിലെത്തിക്കാന്‍നൂറുദ്ദീനെഴുതി. അതുപ്രകാരം പിതാവും കുടുംബവും ഈജിപ്തിലെത്തി. ഭരണകാര്യങ്ങള്‍മുഴുവനായി ഏറ്റെടുക്കാന്‍പിതാവിനോടാവശ്യപ്പെട്ടെങ്കിലും വിസമ്മതിച്ചതിനാല്‍ഖജനാവിന്റെ മേല്‍നോട്ടമേല്‍പ്പിച്ചു.

തുടര്‍ന്ന് കുരിശു പടയാളികള്‍ക്കെതിരെ ശാമിന്റെയും ഫലസ്തീന്റെയും വിവിധ ഭാഗങ്ങളില്‍സഞ്ചരിച്ചു സ്വലാഹുദ്ദീന്‍വിജയം വരിച്ചുകൊണ്ടിരുന്നു. നൂറുദ്ദീന്റെ കാലത്ത് സാധിച്ച വിജയങ്ങളില്‍പലതും നേടിയത് സ്വലാഹുദ്ദീന്റെ നേതൃത്വത്തിലായിരുന്നു. നൂറുദ്ദീനും സ്വലാഹുദ്ദീനും നടത്തിയ മുന്നേറ്റത്തില്‍അടിപതറി കുരിശു സൈന്യങ്ങള്‍ഓരോ പ്രദേശത്തുനിന്നും പിന്തിരിഞ്ഞുകൊണ്ടിരുന്നു.

സുന്നിസത്തിന്റെ പുനസ്ഥാപനം

പടയോട്ടങ്ങള്‍ക്ക് ഇടവേള നല്‍കി ഹിജ്റ 566ല്‍ഈജിപ്തില്‍തിരിച്ചെത്തിയ അദ്ദേഹം തന്റെയും നൂറുദ്ദീന്റെയും അഭിലാഷമായിരുന്ന ഈജിപ്തിന്റെ ആദര്‍ശ ശുദ്ധീകരണ കാര്യങ്ങളില്‍ശ്രദ്ധിച്ചു. റാഫിളികളും ശിയാക്കളുമായിരുന്ന ഫാത്തിമീ നോമിനികളായ ഖാളിമാരെ പിരിച്ചുവിട്ടു. പകരം ശാഫിഈ മദ്ഹബുകാരായ അഹ്ലുസ്സുന്നയുടെ ഖാളിമാരെ നിയമിച്ചു. ഹിജ്റ 560 ജമാദുല്‍ആഖിറിലായിരുന്നു ഇത്. അടുത്ത വര്‍ഷം മുതല്‍ഫാത്വിമീ ഖുതുബകളവസാനിപ്പിച്ച് അബ്ബാസീ ഖുതുബകള്‍(ഖുതുബയിലെ പ്രാര്‍ത്ഥനയില്‍അബ്ബാസീ ഖലീഫമാരെ ഉള്‍പ്പെടുത്തിയുള്ള) നടപ്പിലാക്കി. അങ്ങനെ 270 വര്‍ഷക്കാലം ഈജിപ്തില്‍നിലനിന്ന ഫാത്വിമീ ഭരണം ആളിദ് അബ്ദുല്ലയുടെ അന്ത്യത്തോടെ അവസാനിപ്പിക്കുകയും അയ്യൂബി ഭരണത്തിന് അസ്ഥിവാരമിടുകയും ചെയ്തു. ഈജിപ്തില്‍പാരര്യ ഇസ്‌ലാമിക കിരണങ്ങള്‍വീണ്ടും ഉയര്‍ന്നുതുടങ്ങി.

ഫാത്വിമി ഭരണാധികാരികളിലെ അവസാന പ്രതിനിധി അന്തരിച്ചതോടെ എല്ലാ അര്‍ത്ഥത്തിലും റാഫിളീ ശീഈ സാന്നിധ്യം തുടച്ചുനീക്കപ്പെട്ടു. പക്ഷേ, ആളിദിന്റെ കുടുംബത്തെ സ്വലാഹുദ്ദീന്‍മാന്യമായി സംരക്ഷിച്ചു. അവര്‍ക്കാവശ്യമായ ജീവിത സൗകര്യങ്ങളൊരുക്കിക്കൊടുക്കുകയും കൊട്ടാരത്തിലെ സാദ്യങ്ങള്‍പൊതുഖജനാവിന്റെ ഭാഗമാക്കുകയും ചെയ്തു. ഫാത്വിമികള്‍നടപ്പാക്കിയ അത്യാചാരങ്ങള്‍നിര്‍ത്തലാക്കി. സുന്നി ആദര്‍ശാടിസ്ഥാനത്തില്‍വിദ്യാഭ്യാസ സംവിധാനങ്ങള്‍പുനഃക്രമീകരിച്ചു. ജാമിഉല്‍അസ്ഹറിനെ വിശ്വോത്തര വൈജ്ഞാനിക കേന്ദ്രമാക്കി മാറ്റുന്നതിനാവശ്യമായ പരിഷ്കാരങ്ങള്‍വരുത്തി. അബ്ബാസി ഖിലാഫത്തിന്റെ ഭാഗമായി 270 വര്‍ഷങ്ങള്‍ക്കു ശേഷം ഈജിപ്ത് അടിമുടി മാറി. ഇത് ബഗ്ദാദിലും വലിയ ചലനങ്ങളുണ്ടാക്കി. ഖുദ്സിന്റെ മോചനം അപ്പോഴും അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നു. അത് സാധ്യമാക്കുന്നതിന് തന്ത്രപ്രധാനമായ ഒരു പ്രദേശത്തിന്റെ ആധിപത്യം നേടേണ്ടതുണ്ടായിരുന്നു. ഖുദ്സും മസ്ജിദുല്‍അഖ്സയും മോചിപ്പിക്കുന്നതിന് അത് കടയായി ശേഷിച്ചു.

മേഖലയില്‍പരാജയത്തിന്റെ കൈപുനീര്‍കുടിച്ച് കൊണ്ടിരുന്ന യൂറോപ്യന്‍സൈന്യം നടത്തിയ എല്ലാ സൈനിക സജ്ജീകരണങ്ങള്‍ക്കെതിരെയും മുസ്‌ലിംകള്‍നിലകൊണ്ടു. മറ്റു പ്രദേശങ്ങളില്‍നിന്നുകൂടി അവരെ കുടിയൊഴിപ്പിക്കാന്‍അതീവ ജാഗ്രതയോടെ ഇടപെട്ടു അദ്ദേഹം. ആദ്യമായി, പരസ്പരം കലഹിച്ചിരുന്ന മുസ്‌ലിം നാട്ടുരാജാക്കന്മാരെ സന്ധിയിലും രജ്ഞിപ്പിലുമെത്തിച്ച് മേഖല സമാധാനപൂര്‍ണമാക്കുന്നതിന് പ്രാമുഖ്യം നല്‍കി. ഫലസ്തീന്റെ മോചനം സൂര്‍ണമായി സാധിക്കുന്നതിന് ആഭ്യന്തര രംഗത്ത് അസ്വസ്ഥതകള്‍ഉണ്ടായിക്കൂടാ എന്നതിനാലായിരുന്നു ഈ നീക്കങ്ങള്‍.

അവസാനം ഖുദ്സ് പള്ളിയും നഗരവും മുസ്‌ലിംകള്‍ക്കു കീഴിലായി. അവിടെനിന്നു കുരിശുസേനയെ പുറംതള്ളി. ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പുകളായിരുന്നു ആ മഹല്‍ജീവിതം മുഴുക്കെ. ഓരോ വിജയവും ഉന്നതമായ ലക്ഷ്യത്തിലേക്കുള്ള കാല്‍വെപ്പുമായിരുന്നു.

ഫലസ്തീന്റെ വിജയം

നൂറുദ്ദീന്റെ ജീവിതാഭിലാഷമായിരുന്നു ഖുദ്സിന്റെ സൂര്‍ണ വിമോചനം. അതുപക്ഷേ, നടന്നുകാണാന്‍അദ്ദേഹത്തിനു വിധിയുണ്ടായില്ല. ഹിജ്റ 569ല്‍അദ്ദേഹം ദിവംഗതനായി. അതോടെ സ്വലാഹുദ്ദീന്റെ കരങ്ങളിലായി അധികാരച്ചെങ്കോല്‍. സിറിയയും ഈജിപ്തും സ്വസ്ഥത കൈവരിച്ചുവെങ്കിലും കുരിശുസേനയുടെ സാന്നിധ്യം മേഖലയില്‍അസ്ഥിരത സൃഷ്ടിച്ചു. അവര്‍ക്കെതിരെ തന്ത്രപ്രധാനമായ നീക്കം തന്നെ നടത്തേണ്ടതുണ്ട്. കൃത്യമായ കരുതലോടും ആസൂത്രണത്തോടെയുമാണ് സ്വലാഹുദ്ദീന്‍മുന്നേറിക്കൊണ്ടിരുന്നത്.

ഈജിപ്ത്സിറിയ മേധാവിത്വത്തിനു ശേഷം ഫലസ്തീനിലേക്കുള്ള പ്രവേശനത്തെക്കുറിച്ചായി ആലോചന. ഇതിനിടെ മറജുല്‍ഉയൂനിലും ബാഹിയാസിലും വിജയക്കൊടി പറത്താനായത് നിര്‍ണായകമായ കാല്‍വെപ്പായി. തുടര്‍ന്ന് വിജയങ്ങളുടെ ഘോഷയാത്ര തന്നെ നടന്നു. യൂറോപ്യരുടെ ഓരോ കോട്ടകളും കോളനികളും പിടിച്ചടക്കിക്കൊണ്ടായിരുന്നു ജൈത്രയാത്ര. ജോര്‍ദാനില്‍പെട്ട കറക് പ്രവിശ്യയിലെ കുരിശുമേധാവിയായ അര്‍ബാത്ത് വളരെ ദുഷ്ടനായിരുന്നു. നബി(സ്വ)യെ വൃത്തികെട്ട ഭാഷയില്‍അധിക്ഷേപിക്കുകയും ഹാജിമാരെ തടയുകയും ആക്രമിക്കുകയും ചെയ്തിരുന്നു. ഇസ്‌ലാമിനോടും നബി(സ്വ)യോടുമുള്ള വിരോധം വളര്‍ന്ന അയാള്‍ഒരു കപ്പലില്‍മുന്നൂറിലധികം സൈനികരെ മദീനയിലേക്കയച്ചു. നബി(സ്വ)യുടെ പുണ്യശരീരം കുഴിച്ചെടുത്ത് കൊണ്ടുവരികയും അങ്ങനെ മുസ്‌ലിംകളുടെ സിയാറത്ത് തടയുകയുമാണ് ലക്ഷ്യം. മുസ്‌ലിംകള്‍സിയാറത്ത് മുഖേന ആര്‍ജിക്കുന്ന ആത്മീയപോഷണവും ആത്മധൈര്യവും ഇതുമൂലം നശിപ്പിക്കാമെന്നവന്‍കണക്കുകൂട്ടി. കപ്പല്‍ചെങ്കടലിലൂടെ നീങ്ങുന്നതറിഞ്ഞ സ്വലാഹുദ്ദീന്‍ഈജിപ്തിലെ തന്റെ ഗവര്‍ണര്‍സൈഫുദ്ദൗലയെ വിവരമറിയിച്ചു. അദ്ദേഹം ഹുസാമുദ്ദീന്‍എന്ന സേനാമേധാവിയുടെ നേതൃത്വത്തില്‍ഒരു സൈന്യത്തെ തയ്യാറാക്കി അതിവേഗത്തില്‍അവരെ പിന്തുടര്‍ന്നു. മദീനയില്‍നിന്ന് ഏറെ അകലമില്ലാത്തിടത്തു വെച്ചാണവര്‍ക്ക് ശത്രുക്കളെ കണ്ടുമുട്ടാനായത്. മദീനയിലേക്ക് ഒരു ദിവസത്തെ അകലം മാത്രം. ശത്രുക്കളുടെ വരവറിഞ്ഞ് അറബികളിലെ മുര്‍തദ്ദുകളും അവര്‍ക്കൊപ്പം ചേര്‍ന്നു. നബി(സ്വ)യുടെ പുണ്യശരീരം പുറത്തെടുക്കാനാവുമെന്ന് വ്യാമോഹിച്ചാണവര്‍കൂട്ടത്തില്‍ചേര്‍ന്നത്. എന്നാല്‍ഹുസാമുദ്ദീന്റെ സംഘം പിടികൂടുമെന്നുറപ്പായപ്പോള്‍മുര്‍തദ്ദുകള്‍ഉള്‍വലിഞ്ഞു. ഇതുകണ്ട് ശത്രുസംഘം ഒരു മലയിലേക്കോടിയെങ്കിലും മിക്കവരെയും ബന്ധികളാക്കി കൈറോയിലേക്ക് കൊണ്ടുവന്ന് ശിക്ഷിച്ചു.

ഇതിന് കോപ്പുകൂട്ടിയ അര്‍ബാത്വിനെ താന്‍തന്നെ വധിക്കുമെന്ന് സ്വലാഹുദ്ദീന്‍ശപഥം ചെയ്തിരുന്നു. ഹിത്വീന്‍പോരാട്ടത്തില്‍അവനെ പിടികൂടി സ്വലാഹുദ്ദീന്‍ആ പ്രതിജ്ഞ നിറവേറ്റി. തുടര്‍ച്ചയായ വിജയങ്ങളില്‍അഹങ്കരിക്കാതെയും ലഭിക്കുന്ന തിരിച്ചടികളില്‍നിരാശനാവാതെയും സ്വലാഹുദ്ദീന്‍ദൗത്യപൂര്‍ത്തീകരണത്തോടടുത്തു.

ഹിത്വീന്‍പോര്‍ക്കളം

സ്വലാഹുദ്ദീന്‍പിന്നെയും ചില വിജയങ്ങള്‍നേടി. ക്രൈസ്തവ ലോബികള്‍വലിയൊരു കുരിശു സൈന്യത്തെ തന്നെ സ്വലാഹുദ്ദീനെതിരില്‍സജ്ജീകരിച്ചു. അദ്ദേഹം അന്തിമ പോരാട്ടത്തിനൊരുങ്ങി. ഹിജ്റ 583 റബീഉല്‍അവ്വല്‍പതിനേഴിന് വെള്ളിയാഴ്ച ജുമുഅ നിസ്കാരാനന്തരം സൈന്യത്തെ പോര്‍ക്കളത്തിലേക്ക് നയിച്ചു. യുദ്ധം ദിവസങ്ങള്‍നീണ്ടു. ഒടുവില്‍യൂറോപ്യര്‍അതി ദയനീയമായി പരാജയപ്പെട്ടു. ശത്രുസേന ചിതറിയോടി. ഫലസ്തീനില്‍നിന്നും അവര്‍പൂര്‍ണമായി പുറത്തുപോകേണ്ടി വന്നു. ഒരു ലക്ഷത്തിലധികം വരുന്ന സിവിലിയന്മാരും പട്ടാളക്കാരുമായ യൂറോപ്യര്‍ക്കദ്ദേഹം മാപ്പുനല്‍കി. റബീഉല്‍ആഖിര്‍ഇരുപത്തിയഞ്ചായിരുന്നു ഫലസ്തീന്‍വിജയം. യുദ്ധം ഒരു മാസവും ഒരാഴ്ചയും നീണ്ടുനിന്നുവെന്നര്‍ത്ഥം.

മഹാമനസ്കത

സ്വലാഹുദ്ദീന്റെ ഈ വിജയവും അനന്തരം അദ്ദേഹം കാണിച്ച മഹാമനസ്കതയും യൂറോപ്യര്‍ക്കിടയില്‍മതിപ്പുളവാക്കി. യൂറോപ്യര്‍ഫലസ്തീന്‍കീഴടക്കിയപ്പോഴെല്ലാം വളരെ നിഷ്ഠൂരമായാണ് ഫലസ്തീനികളോട് പെരുമാറിയിരുന്നത്. സ്ത്രീകളെയും കുട്ടികളെയും വീടിനുമുകളില്‍നിന്ന് താഴേക്കെറിഞ്ഞു വധിക്കുകവരെ ചെയ്യുകയുണ്ടായി. പച്ചയായി മനുഷ്യരെ അഗ്നിക്കിരയാക്കി. പള്ളികളിലും വീടുകളിലും വാതിലടച്ചിരുന്നവരെപ്പോലും വലിച്ചിറക്കി നിഷ്ഠൂരമായി കൊലപ്പെടുത്തി. ഫലസ്തീനിലെങ്ങും കരിഞ്ഞ മാംസത്തിന്റെ ഗന്ധവും കുട്ടികളുടെയും മരണാസന്നരുടെയും ആര്‍പ്പുവിളികളും ആര്‍ത്തനാദങ്ങളും കൊണ്ട് ഭീതിതമായിത്തീര്‍ന്നു. ആ ക്രൂരവിളയാട്ടം നടത്തിയവരുടെ പിന്മുറക്കാരാണ് തന്റെ മുന്നിലെന്ന വിചാരം സ്വലാഹുദ്ദീന്‍അയ്യൂബിയെ സ്വാധീനിച്ചില്ല. അദ്ദേഹം സാധ്യമാവുന്നവര്‍ക്കെല്ലാം മാപ്പു നല്‍കുകയാണു ചെയ്തത്.

ഖുദ്സും മസ്ജിദുല്‍അഖ്സയും

ഫലസ്തീനില്‍കടന്ന ശേഷം ഖുദ്സ് നഗരം അധീനപ്പെടുത്തി ബൈതുല്‍മുഖദ്ദസിനെ മോചിപ്പിക്കാനുള്ള ശ്രമത്തിലേര്‍പ്പെട്ടു സ്വലാഹുദ്ദീന്‍. ഖുദ്സിലും മസ്ജിദിലും അനര്‍ത്ഥങ്ങള്‍പാടില്ലെന്ന നിര്‍ബന്ധം അദ്ദേഹത്തിനുണ്ടായിരുന്നു. കുരിശുമേധാവികള്‍ക്കും ഭരണാധികാരികള്‍ക്കും തന്റെ നിലപാടറിയിച്ച് സന്ദേശങ്ങള്‍കൈമാറി. അദ്ദേഹമെഴുതി: “ഖുദ്സും മസ്ജിദും നിങ്ങളെപ്പോലെ നാമും ആദരിക്കുന്നു. അതിനാല്‍ഒരു പോരാട്ടവും ഉപരോധവും ഞാന്‍ആഗ്രഹിക്കുന്നില്ല.’ പക്ഷേ, അവര്‍അത് നിരസിക്കുകയായിരുന്നു. നിര്‍വാഹമില്ലാതെ സ്വലാഹുദ്ദീന്‍യുദ്ധത്തിന് തയ്യാറെടുത്തു. ഇതറിഞ്ഞ യൂറോപ്യര്‍സന്ധിക്ക് തയ്യാറായി. അതടിസ്ഥാനത്തില്‍ദാറുസ്സലാം മോചിതമായി. മോചന ദ്രവ്യം നല്‍കാനും പട്ടണം വിടാനും അവര്‍സമ്മതിച്ചു. പണം നല്‍കാന്‍സാധിക്കാത്തവരുടെ മോചനദ്രവ്യം സ്വന്തമായി വഹിക്കുകയാണ് അദ്ദേഹം ചെയ്തത്. സന്ന ക്രിസ്ത്യാനികള്‍പണമടക്കുകയോ അവരില്‍നിന്ന് പിടിച്ചെടുക്കുകയോ ചെയ്തില്ല. എങ്കിലും അവരെയും മോചിപ്പിച്ചു.

ഹിജ്റ 583 റജബ് 27 മിഅ്റാജ് ദിനത്തില്‍ഫലസ്തീനില്‍നിന്നും കുരിശുസൈന്യം പലായനം തുടങ്ങി. അന്നു ഒരു വെള്ളിയാഴ്ചയായിരുന്നു. ബൈതുല്‍മുഖദ്ദസിന്റെ മോചനം സ്വലാഹുദ്ദീന്‍മുഖേന നടക്കുമെന്ന് വര്‍ഷങ്ങള്‍ക്കുമു് പ്രവചിച്ചിരുന്ന ഡമസ്കസിലെ ഖാളിയും തന്റെ മാര്‍ഗദര്‍ശകനുമായ മുഹ്യിദ്ദീനുസുബ്കി മസ്ജിദുല്‍അഖ്സ്വയില്‍ഖുതുബ നടത്തി. സുല്‍ത്വാന്‍നേടിയ ഈ വിജയം നാടെങ്ങും സന്തോഷപുരസ്സരം ആഘോഷിച്ചു. കവികളും സാഹിത്യകാരന്മാരും മനോഹരമായി അതിനെ വര്‍ണിച്ചു. ഒത് ദശാബ്ദത്തോളം അന്യാധീനപ്പെട്ട് കിടന്നിരുന്ന ബൈതുല്‍മുഖദ്ദസിലേക്ക് വിശ്വാസികള്‍പ്രവേശിച്ചു. ജനം സ്വലാഹുദ്ദീനെ അഭിനന്ദിക്കുകയും ഗുണത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടിരുന്നു.

ദീനദയാലു

പലായനം ചെയ്യുന്ന ക്രിസ്ത്യാനികളില്‍ചിലര്‍വാഹനമില്ലാത്തതിനാല്‍വൃദ്ധരായ മാതാപിതാക്കളെ ചുമലിലേറ്റി നടക്കുന്നത് കണ്ടപ്പോള്‍അദ്ദേഹത്തിന്റെ മനസ്സലിഞ്ഞു. വാഹനവും പണവും നല്‍കി. സന്നയായ ഒരു വനിത ബൈതുല്‍മുഖദ്ദസിനകത്ത് പേടിച്ചരണ്ട് തന്റെ പരിചാരകരോടൊപ്പം കഴിയുന്നത് അദ്ദേഹം കണ്ടു. അദ്ദേഹമവള്‍ക്ക് സുരക്ഷിതമായ യാത്രാ സാഹചര്യമൊരുക്കി. തടവിലാക്കപ്പെട്ടവരുടെ ഭാര്യമാരും കുട്ടികളും മുന്നില്‍വന്ന് കരഞ്ഞപ്പോള്‍അവരുടെ കുടുംബനാഥരെ മോചിപ്പിച്ചു. വിജയത്തിന് നന്ദിസൂചകമായി അദ്ദേഹം ഒരു ദിവസം മുഴുവനും നിര്‍ദ്ധനരും നിരാലംബരുമായ ആളുകള്‍ക്ക് സഹായം നല്‍കാനായി കാത്തിരുന്നു നല്‍കി. ചരിത്രത്തില്‍സമാനതയില്ലാത്ത വിട്ടുവീഴ്ചയിലൂടെ ജനമനസ്സുകളില്‍സ്വലാഹുദ്ദീന്‍ചിരപ്രതിഷ്ഠ നേടി. യൂറോപ്യരായ ചരിത്രകാരന്മാര്‍വരെ ആ ദൃശ്യങ്ങള്‍വര്‍ണിച്ചെഴുതിയത് കാണാം.

അവിശ്രമ പരിശ്രമം

ഖുദ്സിന്റെ മോചനാനന്തരവും വിശ്രമമില്ലാത്ത ജീവിതമായിരുന്നു സ്വലാഹുദ്ദീന്‍റേത്. ഹിജ്റ 589 സ്വഫറില്‍ഈ ലോകത്തോട് യാത്രയാവുന്നതിനു മു് മുസ്‌ലിംകള്‍ക്കും ആ മേഖലയുടെ സംരക്ഷണത്തിനും സമാധാനത്തിനുമായി ധാരാളം പോരാട്ടങ്ങള്‍തുടര്‍ന്നും അദ്ദേഹം നടത്തി. 570 മുതല്‍വരെ മാത്രം 74 സൈനിക നീക്കങ്ങള്‍നടത്തിയിട്ടുണ്ടെന്നാണ് ചരിത്രകാരന്മാര്‍രേഖപ്പെടുത്തിയത്.

വേറിട്ട വ്യക്തിത്വം

അദ്ദേഹത്തിന്റെ ആത്മീയ ജീവിതം ഏറെ പരാമര്‍ശമര്‍ഹിക്കുന്നു. ജീവിതത്തിലും പോരാട്ടത്തിലും ഇസ്‌ലാമിന്റെ സാമൂഹിക ധാര്‍മിക പാഠങ്ങളെ അദ്ദേഹം എങ്ങനെ സമീപിച്ചു എന്ന് മനസ്സിലാക്കാന്‍ഇതെല്ലാം മതി. ഇസ്‌ലാമിനെ സ്വജീവിതത്തില്‍അക്ഷരാര്‍ത്ഥത്തില്‍പ്രയോഗവത്കരിക്കാനും പൈതൃകത്തെ സംരക്ഷിക്കാനും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കാനും അദ്ദേഹം തയ്യാറായി. ഒരു ഭരണാധികാരിക്ക് ഇത്രമാത്രം ധര്‍മനിഷ്ഠയും ആത്മീയമായ പാകപ്പെടലും സാധ്യമാണോ എന്ന് ആശ്ചര്യപ്പെടും വിധം ത്യാഗോജ്ജ്വലമാണ് ആ ധന്യജീവിതം.

അലവിക്കുട്ടി ഫൈസി എടക്കര

You May Also Like
sunnath niskaram-malayalam

സുന്നത്ത് നിസ്‌കാരങ്ങള്‍ നിര്‍ബന്ധ പൂരണത്തിന്

നിര്‍ബന്ധ നിസ്‌കാരങ്ങളുടെ കുറവുകളും ന്യൂനതകളും പരിഹരിക്കാന്‍ നിര്‍ദേശിക്കപ്പെട്ടതാണ് സുന്നത്ത് നിസ്‌കാരങ്ങള്‍ അഥവാ ഐച്ഛിക നിസ്‌കാരങ്ങള്‍. ഇബ്‌നുഉമര്‍(റ)വില്‍…

● അബ്ദുറഹ്മാന്‍ ദാരിമി സീഫോര്‍ത്ത്

ഉംറ രീതിയും നിര്‍വഹണവും

പരലോക സമാധാനവും സൗഭാഗ്യവും സമ്മാനിക്കുന്ന മഹാപുണ്യമാണ് ഉംറ. ഹജ്ജ് പോലെ ജീവിതത്തില്‍ ഒരിക്കല്‍ ഉംറ നിര്‍വഹിക്കല്‍…

natural calamity-malayalam

പ്രകൃതി ക്ഷോഭങ്ങളും അതിജീവനവും

ഭൂമുഖത്ത് പ്രകൃതി ദുരന്തങ്ങൾ ഏറിവരികയാണ്. മനുഷ്യന്റെ പല പ്രവർത്തനങ്ങളും  പ്രകൃതി ദുരന്തങ്ങൾക്ക് ആക്കം കൂട്ടുന്നതായി  മാറുന്നു.…

● സൈനുദ്ദീൻ ശാമിൽ ഇർഫാനി മാണൂർ